തീയില്ലാത്ത പുക
ദി ഇൻസൈഡർ എന്ന ഒരു സുപ്രസിദ്ധ ഹോളിവുഡ് ചലച്ചിത്രമുണ്ട്. അമേരിക്കൻ പുകയിലക്കുത്തകയായ ബ്രൗൺ&വില്യംസൺ അവരുടെ ഉപഭോക്താക്കളെ സിഗരറ്റിന് അടിമകളാക്കാൻ അവയിൽ ചേർക്കുന്ന രാസവസ്തുക്കളെ കുറിച്ച് ആ കമ്പനിയുടെ ഒരു ജീവനക്കാരൻ തന്നെ ഒരു മാധ്യമത്തിന് വിവരം ചോർത്തി നൽകിയ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് ഇത്. ഈ സിനിമയിൽ പ്രശസ്ത നടൻ റസ്സൽ ക്രോ യുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഏതാണ്ട് ഇങ്ങനെയാണ്. “നിക്കോട്ടിൻ ശരീരത്തിൽ എത്തിക്കാനുള്ള ഒരു ഉപകരണമാണ് സിഗരറ്റ്. അത് കത്തിച്ച് ചുണ്ടിൽ വച്ചു വലിക്കുമ്പോൾ നിങ്ങൾക്ക് വേണ്ടുന്ന ലഹരി കിട്ടുന്നു.”
ഉപയോഗിക്കുന്നവരെ അടിമയാക്കാൻ വളരെയധികം കഴിവുള്ള ഒരു രാസവസ്തുവാണ് നിക്കോട്ടിൻ. ഇത് ശരീരത്തിൽ എത്തിക്കാൻ എളുപ്പമുള്ളതും സ്വീകാര്യത നേടിയതുമായ രീതിയാണ് നിക്കോട്ടിൻ അടങ്ങിയ പുകയില വിവിധ രീതികളിൽ കത്തിച്ചു വലിക്കുന്നത്. പുകവലി കൊണ്ടുള്ള പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ശ്വാസകോശ ക്യാൻസറിന് ഒരു പ്രധാന കാരണം പുകവലിയാണുതാനും. എന്നാൽ പുകവലി കൊണ്ടുള്ള പ്രധാന ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നത് പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ അല്ല എന്നതാണു രസം. പുകയിൽ അടങ്ങിയിരിക്കുന്ന ടാറും അഞ്ഞൂറോളം മറ്റു രാസവസ്തുക്കളുമാണ് ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണം. ഈ പാർശ്വഫലങ്ങൾക്കു കാരണമാകുന്ന പുക ഒഴിവാക്കുകയും അതേസമയത്ത് ലഹരി നൽകുന്ന നിക്കോട്ടിൻ ശരീരത്തിൽ എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇലക്ട്രോണിക് സിഗരറ്റുകൾ നിറവേറ്റുന്നത്. അതുകൊണ്ടുതന്നെ Electronic nicotine delivery system (ENDS)എന്നതാണ് ഇലക്ട്രോണിക് സിഗരറ്റിന്റെ കൃത്യമായ പേര്.
2003 മുതൽ വിപണിയിൽ ലഭ്യമായിത്തുടങ്ങിയ ഇലക്ട്രോണിക് സിഗററ്റുകൾ ഏറ്റവുമധികം വിപണി പിടിച്ചടക്കിയത് ചൈനയിലാണ്. ഇന്നും ലോകത്ത് ഉപയോഗിക്കപ്പെടുന്ന ഇലക്ട്രോണിക് സിഗരറ്റുകളുടെ 95 ശതമാനവും വിറ്റുപോകുന്നത് ചൈനയിലാണ്. ചെറുപ്പക്കാർക്കും സ്ത്രീകൾക്കുമിടയിലാണ് ഇലക്ട്രോണിക് സിഗരറ്റിന് കൂടുതൽ സ്വീകാര്യത ലഭിച്ചു പോന്നിരുന്നത്. സിഗരറ്റുവലി നിർത്താൻ ഒരു സഹായം എന്ന നിലയിൽ ഇവ ഉപയോഗിച്ചുവരുന്നുണ്ട് എങ്കിലും ഭൂരിഭാഗം പേരും ഒരു വിനോദോപാധിയായിത്തന്നെയാണ് ഇലക്ട്രോണിക് സിഗരറ്റുകൾ ഉപയോഗിക്കുന്നത്. ഒരു കോടി ആളുകളെങ്കിലും ലോകത്താകമാനം ഇലക്ട്രോണിക് സിഗരറ്റുകൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്.
എങ്ങനെയാണ് ഇലക്ട്രോണിക് സിഗരറ്റ് പ്രവർത്തിക്കുന്നത് ?
ബാറ്ററിയിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച് ആവി ഉണ്ടാക്കുന്ന ഒരു മെഷീൻ ആണ് ഇലക്ട്രോണിക് സിഗരറ്റ്. സിഗരറ്റിന് അകത്തുള്ള ഒരു കാട്രിജിൽ നിറച്ചിട്ടുള്ള നിക്കോട്ടിൻ ലായനി എയറോസോൾ രൂപത്തിലാക്കി ആവിപോലെ പുറത്തു വിടുകയാണ് ഈ ഉപകരണം ചെയ്യുന്നത്. ഊർജം സംഭരിക്കാൻ ഉപയോഗിക്കുന്ന ബാറ്ററി, നിക്കോട്ടിൻ ലായനി നിറച്ച കാട്രിജ്, ലായനിയെ ചൂടാക്കാനുള്ള ഹീറ്റിംഗ് എലമെൻറ്, എയ്റൊസോൾ പരുവത്തിലാക്കുന്ന ആറ്റമൈസർ, ഇവയെയെല്ലാം നിയന്ത്രിക്കുന്ന ഇലക്ട്രോണിക് ഭാഗങ്ങൾ എന്നിവയാണ് ഈ-സിഗരറ്റിന് അകത്തുള്ളത്. സാധാരണ സിഗരറ്റിന്റെ രൂപത്തിലുള്ളതും തികച്ചും വ്യത്യസ്തമായ രൂപങ്ങളിലുള്ളതുമായ ഈ-സിഗരറ്റുകൾ നിലവിലുണ്ട്. റീഫിൽ ചെയ്യാവുന്ന കാട്രിജിലെ ലായനിയിൽ നിക്കോട്ടിന് പുറമേ രുചി നൽകാനുള്ള രാസവസ്തുക്കൾ, പ്രൊപ്പിലീൻ ഗ്ലൈക്കോൾ, ഗ്ലിസറിൻ എന്നിവയും സാധാരണയായി അടങ്ങിയിരിക്കുന്നു. ഇതിനു പുറമെ വ്യത്യസ്ത നിർമാതാക്കൾ ഉപയോഗിക്കുന്ന പലതരം നിർമ്മാണ രീതികൾ അനുസരിച്ച് എൺപതോളം മറ്റു രാസവസ്തുക്കളും ലോഹ നാനോ-പദാർത്ഥങ്ങളും ഓരോ കമ്പനിയുടെയും ഇലക്ട്രോണിക് സിഗരറ്റ് ആവിയിൽ നിന്ന് വേർതിരിച്ചെടുക്കപ്പെട്ടിട്ടുണ്ട്.
പുകവലിക്കുന്നതിന് സ്മോക്കിങ് എന്നുപറയുന്നതുപോലെ ഇലക്ട്രോണിക് സിഗററ്റുകളോ മറ്റ് സമാന ഉപകരണങ്ങളോ ഉപയോഗിച്ച് ലഹരി അകത്ത് എത്തിക്കുന്നതിന് വേപ്പിംഗ്(vaping) എന്നാണ് പറയുന്നത്. ലഹരി ലായനിയുടെ ആവി(vapour)യാണ് ഇത്തരം ഉപകരണങ്ങളിൽ നിന്നും പുറത്തു വരുന്നത് എന്ന ധാരണയാണ് ഈ പേരിനു പിന്നിൽ.( സാങ്കേതികമായി പറഞ്ഞാൽ ഇലക്ട്രോണിക് സിഗരറ്റ് ഉപകരണങ്ങളിൽ നിന്ന് പുറത്തുവരുന്നത് ആവിയല്ല. ബോഡി സ്പ്രേയിൽ നിന്നും മറ്റും പുറത്തുവരുന്ന തരം ഒരു എയ്റോസോളാണ്.)
എന്തുകൊണ്ട് ആളുകൾ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നു ?
നിക്കോട്ടിൻ അഡിക്ഷൻ ഉണ്ടാക്കുന്ന രാസവസ്തുവാണ് എന്ന് പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ സിഗരറ്റു വലി ഉപേക്ഷിക്കുന്നവർക്ക് മറ്റേതെങ്കിലും തരത്തിൽ നിക്കോട്ടിൻ ശരീരത്തിൽ എത്തിക്കാൻ താല്പര്യമുണ്ടാകും. നിക്കോട്ടിൻ ചൂവിങ് ഗം പോലെയുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും പുകവലിയുമായി ബന്ധപ്പെട്ട മറ്റു ശീലങ്ങൾ- അതായത് പുക അകത്തേക്കു വലിക്കുക, വിരലുകൾക്കിടയിൽ സിഗരറ്റ് പിടിച്ച് കൈ വായിലേക്ക് കൊണ്ടുപോവുക തുടങ്ങിയവ പുകവലിശീലത്തിന്റെ ഭാഗമായതിനാൽ സ്ഥിരം പുകവലിക്കാർക്ക് മെച്ചപ്പെട്ട തൃപ്തി നൽകാൻ ഇലക്ട്രോണിക് സിഗരറ്റിന് സാധിക്കും.
വിനോദോപാധിയായി ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്ന ആളുകളെ സ്വാധീനിക്കുന്നത് പുകവലിയുമായി താരതമ്യം ചെയ്താൽ ഇതിന് ആരോഗ്യപ്രശ്നങ്ങൾ കുറവാണ് എന്നതും സമൂഹത്തിൽ ഇലക്ട്രോണിക് സിഗരറ്റ് കൂടുതൽ സ്വീകാര്യമാണ് എന്നതുമാണ്.
സാധാരണ സിഗരറ്റിനോളം അപകടകാരിയാണോ ഇലക്ട്രോണിക് സിഗരറ്റ് ? സിഗരറ്റ് വലി നിർത്താൻ ഇലക്ട്രോണിക് സിഗരറ്റ് സഹായിക്കുമോ ?
സാധാരണ സിഗരറ്റുകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്കു മിക്കതിനും കാരണം അവരിൽ നിന്ന് ഉയരുന്ന പുകയാണ് എന്നു പറഞ്ഞല്ലോ. സ്വാഭാവികമായും ഇലക്ട്രോണിക് സിഗരറ്റ് സാധാരണ സിഗരറ്റ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ മിക്കതും ഉണ്ടാക്കുന്നില്ല. വലിച്ച പുക പുറത്തുവിടുന്നതുമൂലം മറ്റുള്ളവർക്കുണ്ടാകുന്ന സെക്കൻഡറി സ്മോക്കിങ് മൂലമുള്ള പ്രശ്നങ്ങളും ഇലക്ട്രോണിക് സിഗരറ്റിന് കുറവാണ് എന്നുപറയാം. എന്നാൽ ഇലക്ട്രോണിക് സിഗരറ്റിൻറെ ദീർഘകാല ഉപയോഗം മനുഷ്യ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാക്കും എന്നതിന് കൃത്യമായ തെളിവുകൾ തരാൻ തക്ക പഠനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. കൂടാതെ ഇലക്ട്രോണിക് സിഗരറ്റ് പുകവലി നിർത്താൻ സഹായിക്കും എന്നുപറയാൻ വേണ്ടത്ര തെളിവുകളും നമുക്ക് ഇന്നില്ല.
ഇലക്ട്രോണിക് സിഗരറ്റ് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉയർത്തുന്നുണ്ടോ ? ഉണ്ടെങ്കിൽ എന്തൊക്കെയാണ് അവ ?
തീർച്ചയായും ഇലക്ട്രോണിക് സിഗരറ്റ് പല ആശങ്കകളും ഉയർത്തുന്നുണ്ട്. പുകവലി നിർത്താനല്ല വലി തുടങ്ങാനാണ് പലരും ഇലക്ട്രോണിക് സിഗരറ്റുകൾ ഉപയോഗിക്കുന്നത് എന്നതാണ് പ്രധാന പ്രശ്നം. കൗമാരക്കാർ നിക്കോട്ടിനുമായി ആദ്യം പരിചയപ്പെടുന്നതും അടിമയാകുന്നതും ഇലക്ട്രോണിക് സിഗററ്റുകൾ ഉപയോഗിച്ചാണ് എന്നുവന്നാൽ അത് ആശങ്കയ്ക്ക് വക നൽകുന്നുണ്ടല്ലോ. കൂടാതെ ഇലക്ട്രോണിക് സിഗരറ്റുകൾ ഉപയോഗിക്കുന്നവർ മറ്റു കൂടിയ ലഹരിവസ്തുക്കളിലേക്ക് തിരിയാനുള്ള സാധ്യത അധികമാണെന്നും ഗവേഷകർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പുകവലിയേക്കാൾ ആരോഗ്യപ്രശ്നങ്ങൾ കുറവാണ് ഇലക്ട്രോണിക് സിഗരറ്റിന് എന്ന ധാരണ മൂലം പുകവലി ഉപേക്ഷിച്ച/ ഇതുവരെ തുടങ്ങാത്ത പലരും ഇലക്ട്രോണിക് സിഗരറ്റുവലിയിൽ ആകൃഷ്ടരാവുകയും പിന്നീട് പുകവലിയിൽ എത്തിച്ചേരുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമേ ഇലക്ട്രോണിക് സിഗരറ്റ് ഉണ്ടാക്കുന്ന ദീർഘകാല ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നമുക്ക് ഇന്നില്ലാത്തതും ഇലക്ട്രോണിക് സിഗരറ്റിൽ അടങ്ങിയിരിക്കുന്ന പല രാസവസ്തുക്കളും ശരീരത്തിന് ദോഷം ചെയ്യാവുന്നതാണ് എന്നതും ഈ ഉപകരണത്തെ കുറിച്ച് നാം മനസ്സിലാക്കിയിരിക്കേണ്ട കുഴപ്പങ്ങളാണ്.
ഈ വർഷം അമേരിക്കയിലുണ്ടായ ചില അപകടങ്ങളാണ് ഇലക്ട്രോണിക് സിഗരറ്റ് നിരോധിക്കുന്നതിൽ എത്തിച്ചേർന്നത് എന്നു പറഞ്ഞു കേട്ടു. എന്താണ് സംഭവിച്ചത് ?
ഇലക്ട്രോണിക് സിഗരറ്റും മറ്റു സമാനമായ ഉപകരണങ്ങളും ഉപയോഗിച്ച അനേകം പേർക്ക് കഠിനമായ ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് ഇന്ത്യയിലെ ഇലക്ട്രോണിക് സിഗരറ്റ് നിരോധനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വാർത്തയാക്കിയിട്ടുള്ളത് . 2019ൽ ഏതാണ്ട് 380 ഓളം ഇത്തരം കേസുകളാണ് അമേരിക്കയിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. ഇവയിൽ മിക്കതും വൈറ്റമിൻ ഇ , കഞ്ചാവ് എന്നിവ ഉൾക്കൊള്ളുന്ന ദ്രാവകങ്ങൾ ഇലക്ട്രോണിക് സിഗററ്റുകളിൽ ഉപയോഗിച്ചതിനെ തുടർന്ന് ഉണ്ടായവയാണ്. ( അമേരിക്കൻ ഐക്യനാടുകളിലെ ചില സംസ്ഥാനങ്ങളിൽ കഞ്ചാവ് നിയമവിധേയമാണ്). ഏതെങ്കിലും ഒരു പ്രത്യേക കമ്പനിയുടെ ഉപകരണമോ ഏതെങ്കിലും ഒരു പ്രത്യേക രാസവസ്തുവോ ഉപയോഗിച്ചതുകൊണ്ടാണ് ഈ അപകടങ്ങൾ ഉണ്ടായത് എന്നു തെളിയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ ഈ അപകടങ്ങളുമായി ബന്ധപ്പെട്ട് ആറു മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
പുകവലി നിർത്തണം എന്നുള്ളവർ ഇനി എന്ത് ചെയ്യണം ?
പുകവലി നിർത്താൻ ആശ്രയിക്കാവുന്ന വഴിയല്ല ഇലക്ട്രോണിക് സിഗരറ്റ്.
പുകവലി, മദ്യപാനം എന്നിവ അടക്കമുള്ള ലഹരി ഉപയോഗം നിർത്താൻ ആളുകളെ സഹായിക്കുന്നതിന് കേരളസർക്കാർ ആരോഗ്യവകുപ്പും എക്സൈസ് വകുപ്പും ചേർന്ന് സംസ്ഥാനമാകെ വിമുക്തി ക്ലിനിക്കുകൾ നടത്തുന്നുണ്ട്. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും മരുന്നുകളും വഴി സുരക്ഷിതമായും ഫലപ്രദമായും ലഹരി ഉപയോഗം നിർത്താനുള്ള സഹായം ഈ ക്ലിനിക്കുകളിൽ നിന്ന് ലഭിക്കും. നിങ്ങളുടെ അടുത്തുള്ള വിമുക്തി ക്ലിനിക് എവിടെയാണ് എന്നറിയാൻ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ബന്ധപ്പെടുക.