· 4 മിനിറ്റ് വായന

വെരിക്കോസ് വെയിൻസ്

GenericSurgeryആരോഗ്യ അവബോധം

വെരിക്കോസ് വെയിൻസ് (varicose veins) എന്നാൽ എന്താണ്?

കാലിലെ വെയ്‌നുകൾ (ഞരമ്പ് എന്നു നമ്മൾ തെറ്റായി വിളിക്കുന്ന രക്തകുഴലുകൾ) വീർത്ത്, തടിച്ച്, കെട്ട് പിണഞ്ഞ പാമ്പുകൾ പോലെ കാണപ്പെടുന്ന ഒരു അവസ്‌ഥ ആണ് വെരിക്കോസ് വെയ്‌നുകൾ എന്നു പറയുന്നത്.

വളരെ അധികം ആളുകളിൽ കാണുന്ന ഒരവസ്ഥയാണ് ഇത്. മിക്കവരിലും ഇത് വെറും ഒരു സൗന്ദര്യ പ്രശ്നമായി ജീവിത കാലം നിലനിൽക്കും. പതിയെ വലുതാവുകയും ചെയ്യും.

എന്നാൽ ചെറുതല്ലാത്ത ഒരു വിഭാഗം ആളുകളിൽ, കാൽ വേദന, തൊലിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, വൃണങ്ങൾ എന്നിവ ഉണ്ടാവാം.

എപ്പോഴും കഴപ്പ്, കാലിലെ തൊലി കറുത്ത്, കട്ടിയായി വരിക, മുറിവുകൾ ഉണ്ടായാൽ ഉണങ്ങാൻ കാല താമസം വരിക, വൃണങ്ങൾ ഉണ്ടാവുക, അവ വലുതായി ഉണങ്ങാത്ത സ്ഥിര മുറിവുകൾ ആവുക എന്നീ പ്രശ്നങ്ങൾ ആണ് സാധാരണ കാണപ്പെടുക.

ചിലപ്പോൾ ഇവ പൊട്ടി രക്ത സ്രാവവും ഉണ്ടാവാം.

ശരീര ഭാഗങ്ങളിലേക്ക് ഹൃദയത്തിൽ നിന്നും എത്തുന്ന രക്തത്തിലെ ഓക്സിജൻ സ്വീകരിച്ച ശേഷം തിരികെ ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകളാണ് veins അഥവാ സിരകൾ. ഇവയിലെ രക്തപ്രവാഹം എപ്പോഴും ഹൃദയത്തിന്റെ ഭാഗത്തേക്കായിരിക്കും. പക്ഷെ തിരികെ ഹൃദയത്തിലോട്ട് ഇങ്ങനെ രക്തം പ്രവഹിപ്പിക്കാൻ പമ്പുകൾ ഇല്ലല്ലോ. തലയിൽ നിന്നുള്ള രക്തം തിരികെ ഗ്രാവിറ്റി മൂലം ഹൃദയത്തിൽ എത്തും. എന്നാൽ കൈകാലുകളിൽ നിന്നുള്ള രക്തം തിരികെ എത്തുന്നത് മസിൽ പമ്പിങ്ങ് ആക്ഷൻ മൂലം veins-ലെ രക്തം മുകളിലേക്ക് കയറുന്നത് കൊണ്ടാണ്. ഇങ്ങനെ കയറുന്ന രക്തം താഴേക്ക് വരാതിരിക്കാൻ വെയിനുകളിൽ വാൽവുകൾ ഉണ്ട്. ഇവ രക്തം താഴേക്ക് വീഴാതെ പിടിച്ചു നിർത്തുന്നു. ഈ വാൽവുകൾക്ക് തകരാറ് സംഭവിക്കുമ്പോഴാണ് varicose veins ഉണ്ടാകുന്നത്.

ആഹാരപ്രശ്നം കൊണ്ടൊന്നുമല്ല ഈ വാൽവുകൾ തകരാറിൽ ആകുന്നത്. പാരമ്പര്യം, സ്ഥിരമായ നിൽപ്പ് വേണ്ടി വരുന്ന ജോലികൾ, അമിതവണ്ണം ഒക്കെ ഇതിന് കാരണമാകാം. ഒരിക്കൽ ഈ വാൽവുകൾ തകരാറിൽ ആയാൽ പിന്നെ മരുന്ന് കൊണ്ട് അവയെ നേരെയാക്കി എടുക്കാൻ കഴിയില്ല.

ഇതല്ലാതെ മറ്റു കാരണങ്ങൾ കൊണ്ടും വെരിക്കോസ് വെയിൻ വരാം. ഈ വികസിക്കുന്ന സിരകളുടേത് അല്ലാത്ത മറ്റ് ഏതെങ്കിലും കാരണം കൊണ്ടുണ്ടാകുന്ന വാരിക്കോസ് വെയിനിനെ secondary varicose vein എന്നു വിളിക്കാം.

ഗർഭാവസ്ഥയിൽ വലുതാകുന്ന ഗർഭപാത്രം ഇൻഫീരിയർ വീനകാവ എന്ന ഹൃദയത്തിലേക്ക് രക്തം മടക്കുന്ന വലിയ കുഴലിനെ അമർത്തുന്നു. അധികമാവുന്ന ഈ സമ്മർദ്ദം താഴേക്കു നീങ്ങുന്നു, ചെറിയ സിരകളിലെത്തുന്നു. കാലിലെ സിരകൾ കെട്ടുപിണയുന്നു. ഗർഭാവസ്ഥയിലെ ഹോർമോൺ വ്യതിയാനങ്ങൾ സിരകളെ അയച്ചിടുന്നതിന് കാരണമാകുന്നത് ഈ പ്രക്രിയയെ വേഗത്തിലാക്കുന്നു. കാലുകളിൽ മാത്രമല്ല യോനീ മുഖത്തും (Vulva) വെരിക്കോസിറ്റി ഗർഭകാലത്ത് അസാധാരണമല്ല.

വയറ്റിലുണ്ടാകുന്ന മുഴകൾ, വളർച്ചകൾ മുതലായവയും ഇതേ രീതിയിൽ വയറിലെയും ഇടുപ്പിലെയും സിരകളെ അമർത്തി വെരിക്കോസിറ്റി ഉണ്ടാക്കാം.

മറ്റൊരു കാരണം കാലിന്റെ ഏറ്റവും ഉള്ളിലെ വെയ്നുകളിൽ (deep veins) ക്കുള്ളിൽ രക്ത കട്ട പിടിക്കുന്ന അവസ്ഥയാണ് (deep vein thrombosis). ഇവയിൽ കൂടി രക്തസംക്രമണം നടക്കാത്തതിനാൽ പുറമേയുമുള്ള വെയിനുകളിൽ കൂടി കൂടുതൽ രക്തം ഒഴുകുകയും അവ തടിച്ചു വീർത്ത് വെരിക്കോസ് വെയിൻ ആകുകയും ചെയ്യും. മാത്രമല്ല, കാലക്രമേണ ഇവയിലെ രക്തയോട്ടം പുനഃസ്ഥാപിക്കപ്പെടുന്നുമ്പോളേക്കും ഈ രക്തക്കുഴലുകളിലെ വാൽവുകൾക്കും കേടു പറ്റിയിട്ടുണ്ടാകും. അപ്രകാരം മുകളിലേക്കുള്ള രക്തപ്രവാഹത്തിന്റെ വേഗത കുറഞ്ഞ്, വാരിക്കോസ് വെയിനിന് കാരണമാകാം.

വെരിക്കോസ് വെയിൻ ചികില്സിക്കുന്നതിനു മുന്നേ എന്ത് കൊണ്ടാണ് ഇതുണ്ടാകുന്നതെന്ന് കണ്ടുപിടിക്കണം, അതനുസരിച്ചു വേണം ചികിത്സ ചെയ്യാൻ. നേരത്തെ പറഞ്ഞത് പോലെ ഈ വെയ്നുകളുടെ പുറത്തുള്ള കാരണം കൊണ്ടുണ്ടാകുന്ന secondary varicose vein ആണെങ്കിൽ ആ കാരണം മാറ്റിയാൽ മതി.

ഏറ്റവും സാധാരണമായി കണ്ടു വരുന്നത് വാൽവുകൾ തകരാറിലാകുന്നത് മൂലമുള്ള വെരിക്കോസ് വെയിൻ ആയതിനാൽ അതിനെ പറ്റി ആണ് പ്രധാനമായും പറയാൻ ഉദ്ദേശിക്കുന്നത്.

എല്ലാ വെരിക്കോസ് വെയിനിനും ചികിത്സ വേണ്ട. ഇടക്കിടക്ക് ഇവ പൊട്ടി ധാരാളം രക്തനഷ്ടം സംഭവിക്കുക, ഇത് കാരണം കാലിൽ നീരും വേദനയും ഉണ്ടാകുക, കാലിന്റെ വണ്ണയിൽ നിറവ്യത്യാസവും ചൊറിച്ചിലും ഉണ്ടായി വൃണങ്ങൾ ഉണ്ടാകുക (varicose ulcer), കോസ്‌മെറ്റിക് കാരണങ്ങൾ എന്നിവ മൂലമാണ് പലപ്പോഴും ചികിത്സ വേണ്ടിവരുന്നത്.

ചെറിയ തോതിലുള്ള വെരിക്കോസ് വെയിനുകൾ ആണെങ്കിൽ അവയിൽ ഒരു മരുന്ന് കുത്തിവെച്ചു ആ വെയിനുകളെ അടച്ചു കളയാം (sclerosant injection treatment). ചെറിയ സെഗ്മെന്റുകളിൽ മാത്രം ബാധിക്കുന്നതാണെങ്കിലേ ഇത് ഫലവത്താകൂ. വലിയ നീളത്തിൽ കാലിന്റെ മുഴുവൻ നീളത്തിൽ പാമ്പ് പിടച്ച പോലെ കിടക്കുന്ന അവസ്ഥകളിൽ ആ വെയിൻ മൊത്തം എടുത്തു കളയേണ്ടി വരാം. ഈ വെയ്‌നുകളും ആഴത്തിൽ ഉള്ള മറ്റു വെയ്‌നുകളും തമ്മിൽ ഉള്ള ബന്ധം വിച്ഛേദിക്കുന്ന സർജറിയും സാധാരണ ചെയ്യാറുണ്ട്.

വെരികോസ് വെയ്‌നിനെ പറ്റി ഏറ്റവും അറിയേണ്ട കാര്യങ്ങളാണ് ഇനി താഴെ പറയുന്നത്:

വെരികോസ് വെയ്ൻ ഉണ്ടെങ്കിൽ ഒരു ജനറൽ സർജനെയോ ഒരു വാസ്കുലാർ സർജനെയോ ആണ് കാണിക്കേണ്ടത് .

വയറ്റിൽ ട്യൂമറുകൾ, ഡീപ് വെയ്‌നുകളുടെ പ്രശ്നം എന്നിവ – ഇവ രണ്ടും മൂലം ഉണ്ടായത് അല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കാരണം ഇവ മൂലം ഉണ്ടാകുന്നതിന്റെ ചികിത്സ തികച്ചും വ്യത്യസ്തമാണ്.

എപ്പോഴും ശസ്ത്രക്രിയ ചെയ്യേണ്ട ഒരു അവസ്ഥ ആണ് ഇതെന്നും ശസ്ത്രക്രിയ ചെയ്തത് കൊണ്ട് ഇത് പൂർണമായും മാറും എന്നുമുള്ള തെറ്റിദ്ധാരണ പൊതുവേ ഉണ്ട് ഉണ്ട്. കാഴ്ചക്ക് അഭംഗി തോന്നുന്നതിൽ മനപ്രയാസം ഉള്ളവരാണ് ചെറിയ രീതിയിൽ ഉള്ള വെരികോസ് വെയ്‌നിനു ചികിത്സ തേടുന്നത്. ഇൻജെക്ഷൻ സ്ക്ളീറോ തെറാപ്പി എന്ന ചികിത്സ ഈ രീതിയിൽ ഉള്ള ചെറിയ തോതിൽ ഉള്ള അസുഖത്തിന് സാധാരണ ഉപയോഗിക്കുന്നു.

വലിയ രീതിയിൽ ഉള്ള അസുഖത്തിന് ശസ്ത്രക്രിയകൾ വേണ്ടി വരാം. എന്തിനാണ് ശസ്ത്രക്രിയ എന്ന് സർജനോട് ചോദിച്ചു മനസ്സിലാക്കണം. വെരികോസ് വെയ്ൻ തിരിച്ചു വരാൻ സാധ്യതകൾ എപ്പോഴും ഉണ്ട് എന്നും കൂടി മനസിലാക്കിയിരിക്കണം.

‘കമ്പ്രെഷൻ ഗാർമെന്റ്സ്’ എന്ന് പറയുന്ന ഇറുകി കിടക്കുന്ന സോക്സ് പോലെ ഉള്ള കാൽ ഉറകൾ ഒരു പ്രധാന ചികിത്സയാണ്. പല ഗ്രേഡിൽ ഉള്ള സോക്സുകൾ ഉണ്ട്. ഇവ സ്ഥിരമായും തുടക്കത്തിൽ തന്നെയും ഉപയോഗിക്കുന്നത് വഴി അസുഖം കൂടുന്നത് തടയാനും സങ്കീർണതകൾ ഒരു പരിധി വരെ തടയാനും പറ്റും.

കാലിൽ ഉണ്ടാവുന്ന ഉണങ്ങാത്ത വൃണങ്ങൾ ആണ് ഒരു കോംപ്ലിക്കേഷൻ. ചുരുക്കം ആളുകളിലേ ഇവ ഉണ്ടാവുകയുള്ളൂ. ഡ്രസിങ്, കാൽ പൊക്കി വച്ച് വിശ്രമിക്കൽ, പിന്നെ ഇറുകിയ ബാൻഡേജിങ് എന്നിവ ആണ് പ്രധാന ചികിത്സ.

വെരികോസ് വെയ്‌നിന്റെ സർജറി മൂലം ഈ സങ്കീർണതകൾ ഒരു പരിധി വരെ നിയന്ത്രിക്കാം എന്ന് ചില പഠനങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും അത് ഫലപ്രദം അല്ല. എൻഡോവാസ്കുലാർ തെർമൽ അബ്ലേഷൻ, എൻഡോവാസ്കുലാർ ലേസർ തെറാപ്പി തുടങ്ങിയ അസുഖം ബാധിച്ച രക്തക്കുഴലിനകത്തു ചെന്ന് ചെറിയ രീതിയിൽ കരിക്കുന്ന ചികിത്സയും ഇപ്പോൾ ലഭ്യമാണ്. ഒരു ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റിന്റെ കൂടി സഹായത്തോടെയാണത് ചെയ്യുന്നത്.

ഇതൊക്കെ ചെയ്താലും മുറിവുകൾ തീരെ ഉണങ്ങുന്നില്ലെങ്കിൽ തൊലി വക്കുക തുടങ്ങിയ പ്ലാസ്റ്റിക് സർജിക്കൽ ഓപ്പറേഷനുകൾ നോക്കേണ്ടി വരാം. എന്നാൽ പോലും പരാജയപ്പെടാനോ, പിന്നെയും വൃണങ്ങൾ വരാനോ സാധ്യത ഉണ്ട്.

കംപ്രഷൻ ഗാർമെന്റ്സ് തുടക്കത്തിലേ ഉപയോഗിക്കുക വഴി സങ്കീർണ്ണതകൾഒരു പരിധി വരെ തടയാൻ സാധിക്കും.

ലേഖകർ
Mohamed Abdullatheef T K. Did MBBS from govt medical college, Thrissur, MS general surgery from Calicut medical college and DNB surgical gastroenterology from Amrita Institute of medical Sciences. Also holds MRCS from Royal College of surgeons of England. Have worked in Govt TD medical college, alleppey, Calicut medical college, MES medical college and KIMS Hospital Trivandrum. Now working as Consultant in surgical gastroenterology at Amala Institute of medical Sciences, Thrissur. Interested in Health awarness and spreading of scientific temper.
Jimmy Mathew, MBBS, MS, MCh, completed his studies in Medical college, Thrissur, JIPMER and Medical college, Kozhikode respectively. He has worked in Sree Chithra Institute, Baby Memorial hospital, St. John's Institute of medical sciences, Bangalore, and Amrita Institute at Kochi. He is a Reconstructive Microsurgeon and Clinical Professor. He has over 25 academic publications. He has published four books in the popular press. Loves to write.He blogs at Healthylifehappylife. in.
Kunjali Kuty is a pen name. A doctor trained in India and abroad now working in a foreign country. No specific interests.
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ