· 10 മിനിറ്റ് വായന

വൈറ്റമിൻ C കഥകൾ

Life Styleആരോഗ്യ അവബോധംപൊതുജനാരോഗ്യം
വൈറ്റമിൻ C-യുടെ ജീവചരിത്രം
കൊവിഡ് കാലത്തെ വാട്സാപ്പിലെ അപദാന കഥകളിലെ സൂപ്പർസ്റ്റാറാണ് വൈറ്റമിൻ സി. സർവ്വരോഗ സംഹാരിയും, കോവിഡ് മർദ്ദകനും, ഇമ്മ്യൂണിറ്റിദായകനുമായി വാട്സാപ്പ് ഫോർവേഡുകളിൽ വാഴ്ത്തിപ്പാടപ്പെടുന്ന ആളാണ്, അസ്കോർബിക്ക് ആസിഡ് എന്ന് ആധാർ കാർഡിൽ പേരുള്ള വിറ്റമിൻ C. ആ സന്ദേശങ്ങൾ വാട്സാപ്പ് യൂണിവേഴ്സിറ്റി പ്രോഡക്റ്റാണെങ്കിലും വൈറ്റമിൻ C-യുടെ ഈ ഗുണഗണങ്ങൾ മുഴുവനും കള്ളമൊന്നുമല്ല കേട്ടോ.
വരൂ, അൽപ്പം ഫ്ലാഷ്ബാക്ക് ആകാമാദ്യം.
കച്ചവടത്തിനും മറ്റുമായി വളരെക്കാലം കടലിൽ കഴിയേണ്ടിവന്ന നാവികരെയും അവരെ കൊള്ളയടിക്കാൻ നിലയുറപ്പിച്ചിരുന്ന കടൽകൊള്ളക്കാരെയും ഒരുപോലെ ഒരു മാരക രോഗം പിടിപെടുന്നു. ശാരീരികമായ ബലക്ഷയം, തളർച്ച, കൈ കാലുകളിൽ ചെറിയ പുണ്ണുകൾ, മോണരോഗം എന്നിങ്ങനെ തുടങ്ങി അവസാനം ത്വക്കിൽ നിന്നും രക്തം വാർന്നോ പനി കൂടിയോ മരണം സംഭവിക്കുന്ന ഒരു വിചിത്രമായ രോഗം.
എല്ലാ യാത്രയിലും ഏകദേശം പകുതി നാവികർക്കു ഈ രോഗം പിടിപെടുകയും അവരിൽ തന്നെ നല്ലൊരു ശതമാനം മരണപ്പെടുകയും ചെയ്തു പോന്നു. പ്രാചീന ഈജിപ്റ്റിൽ BC 1500-ൽ തന്നെ ഇത്തരത്തിലൊരു രോഗം രേഖപ്പെടുത്തിയിട്ടുണ്ട്. ലാറ്റിനിൽ സ്‌കോർബറ്റസ് (scorbutus) എന്നും പിന്നീട് ഇൻഗ്ലീഷിൽ സ്കർവി (scurvy) എന്നും ഈ രോഗം അറിയപ്പെടാൻ തുടങ്ങി.
AD 18-ആം നൂറ്റാണ്ടിൻ്റെ പകുതി. ബ്രിട്ടനും അന്നത്തെ മറ്റൊരു സാമ്രാജ്യ ശക്തിയായിരുന്ന സ്പെയിനും തമ്മിലുള്ള യുദ്ധം നടക്കുന്ന സമയം. 1740-ൽ ബ്രിട്ടീഷ് കമാണ്ടർ ജോർജ് ആന്സൺ എട്ടു കപ്പലുകളടങ്ങുന്ന ഒരു പടയുമായി പസിഫിക് സമുദ്രത്തിലെ എല്ലാ സ്പെയിൻ താവളങ്ങളും നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു. 1800-ൽ പരം നാവികരുമായി പുറപ്പെട്ട സംഘം തിരിച്ചു ബ്രിട്ടനിൽ എത്തുമ്പോൾ വെറും 188 പേരാണ് ജീവനോടെ ഉണ്ടായിരുന്നത്. മരിച്ചവരിൽ 1400-ഓളം പേർക്ക് സ്കർവി ബാധിച്ചിരുന്നു.
ഈ സഖ്യത്തിനെയും മറ്റു പല നാവികരെയും നിരീക്ഷിച്ചതിന്റെ വെളിച്ചത്തിൽ നാവിക സേനയിലെ സർജനായ ജെയിംസ് ലിൻഡ്, ചിലതരം ഭക്ഷണ സാധനങ്ങളുടെ ലഭ്യതക്കുറവാണ് സ്കർവിക്കു കാരണം എന്ന് അനുമാനിച്ചു. ഓറഞ്ച്, നാരങ്ങ മുതലായ പഴങ്ങൾ ഈ രോഗത്തെ തടുക്കുമെന്ന നിരീക്ഷണത്തിലദ്ദേഹമെത്തി. അങ്ങനെ ചരിത്രത്തിലെ തന്നെ ആദ്യത്തെ “ക്ലിനിക്കൽ ട്രയൽ” വഴി ഓറഞ്ചും നാരങ്ങയും കൊണ്ട് വെറും 6 ദിവസത്തിനുള്ളിൽ സ്കർവി ബാധിച്ച നാവികനെ ജോലിക്കു പ്രാപ്തനാക്കാം എന്ന് കണ്ടുപിടിക്കുകയും ചെയ്തു, 1753-ൽ.
സ്‌കോർബാറ്റസ് എന്ന രോഗത്തെ സുഖപ്പെടുത്തുന്നത് എന്നെ അർഥത്തിൽ സിട്രസ് പഴങ്ങളിലുള്ള ആ പ്രത്യേക ഘടകത്തിന് “അസ്കോർബിക്” എന്ന പേര് ഉപയോഗിക്കാറുണ്ടായിരുന്നെങ്കിലും ശരിക്കും എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ ആർക്കും വലിയ ഐഡിയ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെയും നാളുകൾ കഴിഞ്ഞ്, ഹങ്കേറിയൻ ശാസ്ത്രകാരനായ ആൽബർട്ട് സെന്റ് ഗൈറോജി (Albert Szent-Györgyi) 1920 -ൽ സിട്രസ് പഴങ്ങളിൽ നിന്നും അമ്ല സ്വഭാവമുള്ള ഒരു തന്മാത്ര വേർതിരിച്ചെടുക്കുകയും അവയ്ക്ക് പന്നികളിൽ സ്കർവി പോലുള്ള രോഗ ലക്ഷണങ്ങളെ ഗുണപ്പെടുത്താൻ കഴിവുണ്ടെന്ന് തെളിയിക്കുകയും ചെയ്തു. അന്നദ്ദേഹം അതിനെ അസ്കോർബിക് ആസിഡ് എന്ന് വിളിച്ചു.
കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും പോലെ പരസ്പരം ബന്ധമുള്ളതോ ഒരേ രാസഗണത്തിൽ പെടുന്ന തന്മാത്രകളോ അല്ല വിറ്റാമിനുകൾ. ചില പദാർഥങ്ങളുടെ ലഭ്യതക്കുറവ് പ്രത്യേക രോഗങ്ങൾക്ക് കാരണമാകുന്നു എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ “essential micronutrient” ആയി വർഗീകരിച്ച ഒരു കൂട്ടം തന്മാത്രകളാണിവ. അങ്ങനെ വിറ്റാമിൻ “സി” എന്ന് വിളിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം യഥാർത്ഥത്തിൽ അസ്കോർബിക് ആസിഡ് ആണെന്ന് Albert Szent-Györgyi യുടെ പരീക്ഷണ ഫലങ്ങളിൽ നിന്നും മനസിലായി. 1938-ൽ ഈ കണ്ടുപിടിത്തം അദ്ദേഹത്തെ നോബൽ സമ്മാനത്തിന് അർഹനാക്കുകയുണ്ടായി.
ശരീരവും വിറ്റാമിൻ സി യും
മനുഷ്യ ശരീരത്തിന് വിറ്റാമിൻ സി ഉൽപ്പാദിപ്പിക്കാനുള്ള കഴിവില്ല. അതുകൊണ്ടു തന്നെ ആവശ്യമുള്ളത്ര വിറ്റാമിനുകൾ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടുന്നത് അത്യാവശ്യമാണ്.
ശരീരത്തിലെ നിരവധി ജെവരാസപ്രവർത്തനങ്ങളിൽ വിറ്റാമിൻ സി പങ്കാളിയാണ്. അവയിൽ പ്രധാനപ്പെട്ട ചിലവ താഴെ കൊടുത്തിരിക്കുന്നു.
അസ്ഥികൾ, രക്തക്കുഴലുകൾ, മോണ, ലിഗമെന്റ് എന്നിങ്ങനെ ശരീരത്തിലെ അടിസ്ഥാന ഘടകങ്ങളുടെ നിർമാണം.
അന്നജം, കൊഴുപ്പ്, മാംസ്യങ്ങൾ എന്നിവയുടെ ശരിയായ ദഹനം, ഇവയിൽ നിന്നുള്ള ഊർജ്ജം ആഗിരണം ചെയ്യാൻ ശരീരത്തിലെ എൻസൈമുകളെ സഹായിക്കൽ.
ആന്റി-ഓക്സിഡന്റ്സ് പ്രവർത്തനങ്ങൾ (ശരീരത്തിന് ഹാനികരമായേക്കാവുന്ന ഫ്രീ റാഡിക്കലുകളെ പുറന്തള്ളാൻ സഹായിക്കുക)
വിറ്റാമിന് സി ഈ കാര്യങ്ങളൊക്കെ ഒറ്റക്കല്ല ചെയ്യുന്നത്, മറിച്ചു ജൈവരാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന എൻസൈമുകളുടെ സഹായി (കോ-ഫാക്റ്റർ) ആയി പ്രവർത്തിക്കുകയാണവ ചെയ്യുന്നത്. അതുകൊണ്ടുതന്നെ വിറ്റാമിൻ സിയുടെ അളവ് വളരെ കുറച്ചു മതി. എന്നാൽ ഇതിന്റെ അപര്യാപ്തത എൻസൈമുകളുടെ പ്രവർത്തനം തകരാറിലാക്കുകയും ചെയ്യും.
നാവികർക്കെന്താണ് പറ്റിയതെന്ന് ഇപ്പോൾ മനസിലായല്ലോ അല്ലെ.
വിറ്റാമിൻ സി-യും കെട്ടുകഥകളും
തുടക്കത്തിൽ പറഞ്ഞത് പോലെ, ഉള്ളതും ഇല്ലാത്തതുമാണ് നിരവധി ഗുണഗണങ്ങൾ വിറ്റാമിൻ സി യുടെ മേലെ ചാർത്തപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ വളരെ പ്രധാനപ്പെട്ട പല രാസപ്രവർത്തനങ്ങളിൽ പങ്കാളി ആയതു കൊണ്ടുതന്നെ വിറ്റാമിൻ സിയുടെ കുറവ് പല രോഗങ്ങൾക്കും കാരണമാകും. ഈ രോഗങ്ങളെല്ലാം തന്നെ വിറ്റാമിന് സി സപ്ലിമെന്റ് ചെയ്യുന്നതിലൂടെ ചികിത്സിക്കാനുമാവും. പക്ഷെ ആവശ്യത്തിൽ കൂടുതൽ വിറ്റാമിൻ സി കഴിക്കുന്നതിലൂടെ പല രോഗങ്ങളെയും തടഞ്ഞു നിർത്താം എന്നത് ഒരു തെറ്റിദ്ധാരണയാണ്.
അല്ല, ഇത്ര ഗുണങ്ങളുള്ള വിറ്റാമിൻ സി കഴിക്കുന്നത് നല്ലതല്ലേ? അതെങ്ങനെ തെറ്റിദ്ധാരണയാകും.
അസംഖ്യം രാസപ്രവർത്തനങ്ങൾ ഒരുമിച്ചു നടക്കുന്ന ഒരു വലിയ ഫാക്ടറി ആണ് നമ്മുടെ ശരീരം (അതെ, രാസ പ്രവർത്തനം തന്നേയാണ്, തെറ്റിപ്പോയതല്ല.)
അവയിൽ പലതും ഒന്നിനോടൊന്നു ബന്ധപ്പെട്ടു കിടക്കുന്നു. നമ്മൾ സ്‌കൂളിൽ ഗ്ലൈക്കോലിസിസും ക്രെബ് സൈക്കിളും ഒക്കെ പഠിച്ചിട്ടില്ലേ, അതുപോലെ തന്നെ. അപ്പോൾ ഇതിൽ ഏതെങ്കിലും ഒരു ചെറിയ സ്ക്രൂ മുറുകിയിട്ടില്ല എങ്കിൽ മുഴുവൻ ഫാക്ടറിയുടെ പ്രവർത്തനം തന്നെ അവതാളത്തിലാകാം.
ഒരു ലളിതമായ ഉദാഹരണം നോക്കാം. നമ്മൾ ഒരു വീട് വയ്ക്കുകയാണ് എന്ന് സങ്കൽപ്പിക്കുക. അതിനായി സിമന്റ്, മണൽ, കല്ല്, വെള്ളം അങ്ങനെ പല ഘടകങ്ങളും വേണം. ഒരു ദിവസം മണലിന്റെ ലഭ്യതക്കുറവ് മൂലം നിർമ്മാണം മുടങ്ങി എന്ന് വിചാരിക്കുക. അപ്പോൾ നമുക്ക് എന്ത് മനസിലായി, വീട് വയ്ക്കാൻ മണൽ ഒഴിച്ചുകൂട്ടാനാവാത്തതാണ്.
ശരി, അടുത്ത ദിവസം തന്നെ 10 ടിപ്പർ ലോറി നിറയെ മണൽ കൊണ്ടുവന്നാൽ നമ്മുടെ വീടുപണി വേഗത്തിൽ കഴിയുമോ? അതോ സാധാരണ ഉള്ളതിലും വളരെ വലിയ വീട് നിർമിക്കാൻ സാധിക്കുമോ? രണ്ടുമില്ല, കാരണം മണൽ ഒരു വലിയ പ്രവർത്തനത്തിലെ ഒരു ചെറിയ (എന്നാൽ പ്രധാനപ്പെട്ട) ഒരു കണ്ണി മാത്രമാണ്.
ഇവിടെ മണലും വിറ്റാമിൻ സിയുമായി ഒരു വ്യത്യാസം ഉണ്ട്. മണൽ സൂക്ഷിച്ചു വച്ചാൽ പിന്നീട് ഉപയോഗിക്കാം. എന്നാൽ വിറ്റാമിൻ സി സൂക്ഷിച്ചു വയ്ക്കാൻ ശരീരത്തിൽ സംവിധാനങ്ങൾ ഇല്ല. വെള്ളത്തിൽ അലിയുന്ന സംയുക്തം ആയതിനാൽ ആവിശ്യത്തിൽ കൂടുതൽ ഉള്ളത് മൂത്രത്തിൽ കൂടി പുറന്തള്ളപ്പെടും.
അതായതു, അപര്യാപ്തത കൊണ്ടുണ്ടാകുന്ന രോഗങ്ങൾക്കു മാത്രമാണ് വിറ്റാമിൻ സി മരുന്നായി ഉപയോഗിക്കാൻ കഴിയുന്നത്. കൂടുതൽ വിറ്റാമിൻ സി കഴിക്കുന്നതുകൊണ്ടു യാതൊരു പ്രയോജനവും ഉണ്ടാകാൻ സാധ്യത ഇല്ല.
അപ്പോള് പിന്നെ ഈ വൈറസിന് വിറ്റാമിന് സി ഫലപ്രദമാണ് എന്നൊക്കെ പറയുന്നതോ?
വൈറ്റമിൻ സി-ക്ക് അർഹിക്കാത്ത അമിത പ്രാധാന്യം നൽകുന്ന ശീലത്തിന് തുടക്കമിട്ടത് 1970-ൽ ലിനസ് പോളിംഗ് എന്നൊരു ശാസ്ത്രജ്ഞനാണ്. കെമിക്കൽ ബോണ്ടിങ്ങിനെ കുറിച്ചുള്ള പഠനങ്ങൾക്കു 1954-ലെ കെമിസ്ട്രി നോബൽ സമ്മാനവും, യുദ്ധവിരുദ്ധ പ്രവർത്തനങ്ങൾക്കായി 1962-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനവും വാങ്ങിയ ഒരു ആദരണീയനായ വ്യക്തിത്യം ആയിരുന്നു ലിനസ് പോളിംഗ്. ക്വാണ്ടം കെമിസ്ട്രിയുടെയും മോളിക്കുലാർ ബയോളജിയുടെയും സ്ഥാപകരിൽ ഒരാൾ. ലിനസ് പോളിംഗിന്റെ സംഭാവനകൾ ശാസ്ത്രലോകത്തിനു വിലമതിക്കാനാവാത്തതാണ്. ലോകത്തിലെ ഏറ്റവും മികച്ച 20 ശാസ്ത്രജ്ഞരിൽ ഒരാളായി അദ്ദേഹത്തെ New Scientist മാഗസിൻ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങൾ എണ്ണമിട്ടെഴുതാൻ ഒരു പോസ്റ്റ് മതിയാവില്ല.
പക്ഷെ, തികച്ചും വ്യക്തിപരമായ ചില നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം ചില മൈക്രോ ന്യൂട്രിയന്റ്കൾക്ക് പല രോഗങ്ങളും തടയാനോ ഗുണപ്പെടുത്താനോ കഴിവുണ്ടെന്ന് വിശ്വസിച്ചു തുടങ്ങി. 1970-ൽ വിറ്റാമിന് സി യും ജലദോഷവും (Vitamin C and the Common Cold ) എന്ന പേരിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ദിവസേന 3 ഗ്രാം വിറ്റാമിൻ സി കഴിക്കുന്നതു ജലദോഷവും മറ്റു ചില വൈറസ് രോഗങ്ങളും ഇല്ലാതാക്കാൻ ഉപകരിക്കും എന്ന് അവകാശപ്പെട്ടു. പിറ്റേ ദിവസം തന്നെ അമേരിക്കയിലെ എല്ലാ മെഡിക്കൽ ഷോപ്പുകളിലും വിറ്റാമിന് സി ഗുളികകൾ ചൂടപ്പം പോലെ വിറ്റു തീർന്നു.
ലിനസ് പോളിംഗ് അവിടം കൊണ്ട് നിർത്തിയില്ല, Cancer and Vitamin C എന്ന അദ്ദേഹത്തിന്റെ മറ്റൊരു പുസ്‌തകത്തിൽ വിറ്റാമിന് സി യുടെ സ്ഥിരമായുള്ള ഉപയോഗം മരണാസന്നനായ കാൻസർ രോഗികളുടെ ആയുർദൈർഘ്യം കൂട്ടുമെന്ന് അദ്ദേഹത്തിന്റെ തന്നെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ അവകാശപ്പെട്ടു.
ലിനസ് പോളിങ്ങിനെ പോലൊരു പ്രതിഭാധനനായ ശാസ്ത്രജ്ഞന്റെ അവകാശവാദങ്ങൾ സാധാരണ ജനങ്ങളെയും മാധ്യമങ്ങളെയും വളരെയധികം സ്വാധീനിച്ചു. പക്ഷെ, ശാസ്ത്രലോകത്തിനു അത് പോരായിരുന്നു. ആരു പറയുന്നു എന്നതിലല്ല, ഏതു തെളിവുകളുടെ അടിസ്ഥാനത്തിൽ പറയുന്നു എന്നതാണ് സയൻസിൽ കാര്യം. അത് ലിനസ് പോളിങ്ങിന്റെ പുസ്തകം ആണെങ്കിലും വാട്സാപ് ഫോർവേർഡ് ആണെങ്കിലും ഒരേ പോലെ ഇഴകീറി പരിശോധിക്കപ്പെടും.
അങ്ങനെ ഈ അവകാശവാദങ്ങളും പരിശോധിക്കപ്പെട്ടു.
ആദ്യത്തെ പ്രശ്നം ലിനസ് പോളിംഗ് പഠനങ്ങൾ തിരഞ്ഞെടുത്ത രീതിയാണ്. അപ്പോൾ ഉള്ള എല്ലാ വാദഗതികളെയും പരിശോധിച്ച് ഒരു തീരുമാനത്തിൽ എത്തുക എന്ന രീതിക്കു പകരം തന്റെ അഭിപ്രായത്തോട് ചേർന്ന് നിൽക്കുന്ന പഠനങ്ങൾ മാത്രം ഉദ്ധരിച്ചു അഭിപ്രായത്തെ സാധൂകരിക്കുക എന്ന രീതിയാണ് അദ്ദേഹം ഉപയോഗിച്ചത്. ഈ രീതി പിന്നീട് ‘ചെറി പിക്കിങ്’ എന്നറിയപ്പെട്ടു. ശാസ്ത്രീയ പഠനങ്ങളിൽ അസാന്മാർഗിക രീതിയായാണ് ഇന്ന് ചെറി പിക്കിങ് കണക്കാക്കപ്പെടുന്നത്.
ജലദോഷം തടയുന്നതിൽ വിറ്റാമിൻ സി യുടെ ഫലപ്രാപ്തി പല പ്രാവിശ്യം പഠനവിധേയമാക്കിയെങ്കിലും യാതൊരു ഗുണങ്ങളും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ചില പഠനങ്ങൾ വിറ്റാമിൻ സി കൊണ്ട് ജലദോഷത്തിൻ്റെ ദൈർഘ്യം ഏകദേശം 10% കുറക്കാൻ പറ്റും എന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. (അതായതു 7 ദിവസം കൊണ്ട് മാറുന്ന അസുഖം 16 മണിക്കൂർ മുമ്പേ മാറാൻ സാധ്യത ഉണ്ട്)
മയോ ക്ലിനിക് നടത്തിയ ക്ലിനിക്കൽ പഠനങ്ങളിൽ ദിവസേന 10 ഗ്രാം വിറ്റാമിന് സി പോലും കാൻസർ രോഗികളിൽ ഒരു ഗുണവും ഉണ്ടാക്കുന്നില്ല എന്ന് നിരീക്ഷിച്ചു.
1980-കളിൽ തന്നെ ലിനസ് പോളിങ്ങിന്റെ എല്ലാ വാദങ്ങളും തെറ്റാണെന്നു തെളിഞ്ഞിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ പിന്തുണ മൈക്രോ നുട്രിഷൻ ഇൻഡസ്ട്രിക്ക്‌ വലിയ കുതിപ്പും സ്വീകാര്യതയും ഉണ്ടാക്കിക്കൊടുത്തു.
ഇന്ന് നമ്മൾ വിറ്റാമിന് സി-യുടേതായി കേൾക്കുന്ന എല്ലാ ഗുണങ്ങളും ലിനസ് പോളിംഗ് അവകാശപ്പെട്ടതല്ല. ഹൃദ്രോഗ സംരക്ഷണം, രോഗ പ്രതിരോധ വർദ്ധനവ്, മാനസികാരോഗ്യ സൗഖ്യം എന്നിങ്ങനെ പലതും പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടവയാണ്. ഇവക്കൊന്നും യാതൊരു ശാസ്ത്രീയ അടിസ്ഥാനവും അവകാശപ്പെടാനില്ല. ഇവയിൽ മിക്കതും വിശദമായ പഠനങ്ങളിലൂടെ ഗുണകരമല്ല എന്ന് തെളിയിക്കപ്പെട്ടതുമാണ്. ഇപ്പോൾ കോവിഡ്19-ന്റെ പശ്ചാത്തലത്തിൽ വുഹാനിൽ ഒരു ക്ലിനിക്കൽ ട്രയൽ നടത്തുന്നുണ്ട്. 2020 സെപ്റ്റംബറിൽ ആണ് ട്രയൽ പൂർത്തിയാകുന്നത്.
അല്ല വിറ്റാമിനല്ലേ സാധനം, കൊറേ അങ്ങ് കഴിച്ചാലും കൊഴപ്പമില്ലല്ലോ ?
അല്ല, അമിതമായ അളവിലുള്ള വിറ്റാമിൻ സി ദോഷകരമാണ്. 40 മില്ലിഗ്രാം മുതൽ 100 മിലിഗ്രാം വരെയാണ് വിറ്റാമിൻ സി സാധാരണ ഒരാൾക്ക് ആവശ്യമുള്ളത്. ഇത്രയും അളവിലുള്ള വിറ്റാമിൻ സി, പഴങ്ങളും മറ്റു പോഷകാഹാരങ്ങളും കഴിക്കുന്നതിലൂടെ ലഭിക്കും. ദിവസേന ഒരു ഗ്രാം വരെ സാധാരണ ദോഷഫലങ്ങൾ ഉണ്ടാക്കാറുമില്ല. അതിൽ കൂടുതൽ വിറ്റാമിൻ സി ദഹന സംബന്ധമായ പ്രശ്നങ്ങൾ, വയറുവേദന, ചർദ്ദി, വയറ്റിളക്കം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം . വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് വിറ്റാമിൻ സി യുടെ അമിത ഉപയോഗം കിഡ്നി സ്റ്റോണുകൾ രൂപപ്പെടാൻ കാരണമായേക്കാം .
ഇതൊക്കെയാണെങ്കിലും വിറ്റാമിന് സിക്കു ഏറ്റവും വലിയ പേരുദോഷം ഉണ്ടാക്കി കൊടുത്തത് മാത്തിയാസ് റാത്ത് എന്നൊരു മെഡിക്കൽ ബിരുദധാരിയായ കച്ചവടക്കാരനാണ്. ലിനസ് പോളിങ്ങിന്റെ വാദങ്ങളെ മാത്തിയാസ് റാത്ത് ഒരു പടി കൂടി ഉയർത്തി അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തു. ഇത്തവണ കാൻസറിന് പകരം AIDS ആയിരുന്നു ഇര എന്ന് മാത്രം.
HIV-AIDS നു വിറ്റാമിൻ സി ഫലപ്രദമാണെന്ന് മാത്തിയാസ് റാത്ത് വാദിക്കുക മാത്രമല്ല സൗത്ത് ആഫ്രിക്കയുടെ അപ്പോഴത്തെ പ്രസിഡന്റ് ആയിരുന്ന എംബാക്കിയെയും പുള്ളിയുടെ ആരോഗ്യ മന്ത്രിയെയും സ്വാധീനിച്ചു ആ രാജ്യത്ത് മുഴുവൻ HIV-AIDS നു WHO നിഷ്കർഷിച്ച ആന്റി വൈറൽ തെറാപ്പിക്ക് പകരം വിറ്റാമിൻ സി ചികിത്സയായി നൽകാൻ പ്രേരിപ്പിക്കുകയും ചെയ്തു.
രാജ്യത്തെയും പുറത്തെയും എല്ലാ എതിർപ്പുകളെയും മറികടന്നുകൊണ്ടു എംബാക്കി സൗത്ത് ആഫ്രിക്കയിൽ വിറ്റാമിൻ സി മാത്രമായിരിക്കും ചികിത്സ എന്ന് പ്രഖ്യാപിച്ചു. HIV വൈറസ് എന്നൊന്നില്ലെന്നും AIDS ഉണ്ടാകുന്നതു പോഷകാഹാരക്കുറവ് മൂലമാണ് എന്നുമായിരുന്നു പ്രസിഡന്റിന്റെ വിശ്വാസം. എരിതീയിൽ എണ്ണ എന്നപോലെ മാത്തിയാസിന്റെ വക “മരുന്ന് മാഫിയക്കെതിരായുള്ള” പരസ്യങ്ങളും ഉണ്ടായിരുന്നു. രാജ്യം മുഴുവൻ വിറ്റമിൻ സി സപ്ലൈ ചെയ്തത് മാത്തിയാസിന്റെ കമ്പിനിയാണ് എന്ന് പ്രത്യേകം പറയണ്ടല്ലോ. മാത്രമല്ല WHO ആൻഡ് UNICEF അപ്പ്രൂവ്ഡ് ട്രീറ്റ്മെന്റ് എന്ന നമ്പർ ആദ്യം ഇറക്കിയതും മാത്തിയാസ് റാത്ത് തന്നെ.
2008-ൽ എംബാക്കി സ്ഥാനഭ്രഷ്‌ട്ടനാക്കപ്പെട്ട ശേഷമാണ് ആന്റി വൈറൽ തെറാപ്പി സൗത്ത് ആഫ്രിക്കയിൽ വീണ്ടും പുനസ്ഥാപിച്ചത്. പക്ഷെ അപ്പോഴേക്കും 3,30,000 മൂതൽ 3,65,000 വരെ അനാവശ്യ AIDS മരണങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് കണക്ക്. സൗത്ത് ആഫ്രിക്കയിൽ 2006 വരെ പ്രതിവർഷം 2,31,000 പേരാണ് HIV-AIDS പിടിപെട്ടു മരിച്ചുകൊണ്ടിരുന്നത്. ആന്റി വൈറൽ തെറാപ്പി കൊണ്ട് 2014 ആകുമ്പോഴേക്കും അത് പ്രതിവർഷം 95,000 ആയി കുറഞ്ഞു. അതുപോലെ തന്നെ അമ്മയിൽ നിന്നും കുഞ്ഞിലേക്കുള്ള HIV പകർച്ചനിരക്ക് കുറക്കാനും അശാസ്ത്രീയ ചികിത്സാരീതിയിൽ നിന്നുള്ള പിന്മാറ്റം കാരണമായി.
ഇപ്പോൾ റഷ്യയിൽ HIV കേസുകളുടെ എണ്ണം കൂടിയതോടെ മാത്തിയാസ് റാത്ത് ആ രാജ്യത്തേക്ക് ചേക്കേറിയിട്ടുണ്ട്.
എന്തായാലും വിറ്റാമിൻ സി-യുടെ ജീവചരിത്രം നമുക്ക് വളരെയധികം പാഠങ്ങൾ പകർന്നു നൽകുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ്
ശാസ്ത്രവിഷയങ്ങൾ ആര് പറഞ്ഞാലും, പരീക്ഷണവിധേയമാക്കണം. തെറ്റാണെങ്കാൽ ചോദ്യം ചെയ്യപ്പെടണം. തിരുത്തണം. സയൻസിൽ തലതൊട്ടപ്പൻമാരില്ല. സയൻസ് Evidence based ആണ്, Eminence based അല്ല.
ഭരണാധികാരികളുടെ ശാസ്ത്രവിരുദ്ധതയും അജ്ഞതയും മണ്ടത്തരങ്ങളും പൗരന്മാരുടെ ജീവനു പോലും ആപത്താകാം.

 

ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ