പോസ്റ്റ്മോർട്ടം പരിശോധന നടത്താതിരുന്നാൽ
ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന കൂടത്തായിയിൽ സംഭവിച്ച ആറ് മരണങ്ങളിൽ ഒന്നിൽ മാത്രമേ പോസ്റ്റ്മോർട്ടം പരിശോധന നടന്നിട്ടുള്ളൂ. മൃതദേഹം പരിശോധിച്ച് മരണകാരണം കണ്ടുപിടിക്കുന്നത് പോസ്റ്റ്മോർട്ടം പരിശോധന എന്ന പേരിൽ അറിയപ്പെടുന്ന ഓട്ടോപ്സിയിലൂടെയാണ്. ഓട്ടോപ്സി പരിശോധന നടന്നിരുന്നെങ്കിൽ കാര്യങ്ങളിങ്ങനെയാവുമായിരുന്നില്ല എന്ന് ഇപ്പോൾ പൊതു സമൂഹത്തിൽ പലരും ചിന്തിക്കുകയും പറയുകയും ചെയ്യുന്നുണ്ട്.
എന്നാൽ നടക്കാതിരുന്നതിന്റെ കാരണങ്ങൾ ഈ പ്രത്യേക കേസിൽ വിലയിരുത്തുന്നതോടൊപ്പം, ഓട്ടോപ്സി പരിശോധന ഒഴിവാക്കാനുള്ള ഒരു സാമൂഹിക പ്രവണത ഇവിടെ നില നിൽക്കുന്നു, അതിലേക്ക് നയിക്കുന്ന ഘടകങ്ങളെന്തൊക്കെ എന്നു കൂടി പൊതു സമൂഹം വിമർശനാത്മകമായി അപഗ്രഥിക്കേണ്ടതുണ്ട്.
ഈ പരിശോധന നടന്നില്ലെങ്കിൽ എന്താണ് പ്രശ്നം എന്നു കൂടി ചിന്തിക്കേണ്ടതുണ്ട്.
മരണം സംഭവിച്ച് മണിക്കൂറുകൾക്കകം തന്നെ ശരീരത്തിൽ അഴുകൽ പ്രക്രിയ ആരംഭിക്കുന്നു. ശരീരമാസകലം സംഭവിക്കുന്ന പ്രവൃത്തിയാണിത്. ബാഹ്യ-ആന്തര അവയവങ്ങളെല്ലാം ജീർണ്ണിക്കുന്നു. ഹൃദയവും ശ്വാസകോശവും തലച്ചോറും എല്ലാം അഴുകി ദ്രവിക്കുന്നു. ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ ഇതൊക്കെ സംഭവിക്കുന്നു.
ഒരു ശരീരം ജീർണ്ണിച്ച് എല്ലു മാത്രമാവാൻ ഒരു വർഷം മതിയാവും. ഈ എല്ലുകളും പല്ലുകളും ദ്രവിക്കും. തുറസ്സായ പരിസ്ഥിതിയിൽ ജീർണ്ണിക്കൽ പ്രക്രിയ വളരെ വേഗത്തിൽ നടക്കും. ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന, പെട്ടിയിൽ അടക്കം ചെയ്തിരിക്കുന്ന ശരീരങ്ങളിൽ ഒരു വർഷം ഏകദേശം എടുക്കും.
അല്ലെങ്കിൽ ശരീരത്തിൽ മമ്മിഫിക്കേഷൻ നടന്നിരിക്കണം. ഈജിപ്ഷ്യൻ മമ്മികളെ കുറിച്ച് കേൾക്കാത്തവർ ഉണ്ടാവില്ലല്ലോ! മമ്മിഫിക്കേഷനും അഡിപ്പോസിയറും ജീർണിക്കൽ പ്രക്രിയയിൽ തടസ്സങ്ങൾ ഉണ്ടാക്കുന്നു. അതായത് ശരീരം ജീർണ്ണിക്കാതെ, മമ്മി അവസ്ഥയിലേക്കോ അഡിപോസിയർ അവസ്ഥയിലേക്കോ മാറുന്നു.
ഇതല്ലാതെ എല്ലാ സാഹചര്യത്തിലും ശരീരം എല്ലുകൾ മാത്രമായി മാറുന്നു. അവയും ദ്രവിച്ച് പൊടിയുന്നു. 3 മുതൽ 10 വർഷം വരെ മതി ഇതിന്.
അങ്ങനെയുള്ള അവസരങ്ങളിൽ വർഷങ്ങൾക്കുശേഷം എക്സ്യുമേഷൻ നടത്തിയാൽ പരിമിതമായ കാര്യങ്ങൾ മാത്രമാണ് കണ്ടു പിടിക്കാൻ സാധിക്കുന്നത് !
വർഷങ്ങൾക്കു ശേഷം നടക്കുന്ന മൃതശരീര പരിശോധനയിൽ സ്വാഭാവിക മരണ കാരണങ്ങൾ കണ്ടുപിടിക്കാൻ പറ്റില്ല എന്നു തന്നെ പറയാം. വെടിയുണ്ടയേറ്റുള്ള മരണങ്ങൾ കണ്ടു പിടിക്കാൻ സാധ്യതയുണ്ട്. ഏതെങ്കിലും ആയുധംകൊണ്ട് എല്ലുകളിൽ പരിക്കേറ്റിട്ടുണ്ടെങ്കിൽ അതും തിരിച്ചറിയാൻ സാധിച്ചേക്കും, അതും എല്ലുകൾ ദ്രവിച്ച് പോയില്ലെങ്കിൽ മാത്രം. എല്ലുകളുടെ രാസപരിശോധനയിൽ നിന്ന് വിഷം ഉപയോഗിച്ചുള്ള ചില മരണങ്ങൾ കണ്ടുപിടിക്കാൻ സാധിച്ചേക്കാം. എല്ലാ വിഷങ്ങളും ഇങ്ങനെ കണ്ടുപിടിക്കാൻ സാധിക്കുകയുമില്ല. ആഴ്സെനിക് പോലുള്ള ഹെവി മെറ്റലുകൾ കണ്ടുപിടിക്കാൻ സാധ്യത ഉണ്ട്. ഒതളങ്ങ, സയനൈഡ് തുടങ്ങിയ വിഷങ്ങൾ ആണെങ്കിൽ പ്രായോഗികമായി കണ്ടുപിടിക്കാൻ ഒട്ടും എളുപ്പമല്ല.
എല്ലാ അസ്വാഭാവിക മരണങ്ങളിലും പോസ്റ്റ്മോർട്ടം പരിശോധന നടത്തണമെന്നാണ് ഇന്ത്യയിലെ നിയമം. എന്നുവച്ചാൽ മരണകാരണം സ്വാഭാവികമാണ് (Natural death) എന്ന് ഉറപ്പില്ലാത്ത എല്ലാ മരണങ്ങളിലും. അസുഖങ്ങൾ മൂലം ഉള്ള മരണങ്ങളെ സ്വാഭാവിക മരണം എന്ന് പറയാം. ഉദാഹരണമായി ഹൃദയസ്തംഭനം മൂലമുള്ള മരണം സ്വാഭാവിക മരണമാണ്. ന്യുമോണിയ മൂലമുള്ള മരണം സ്വാഭാവിക മരണമാണ്.
സൈക്കിളിൽ നിന്ന് വീണ് പരിക്കുപറ്റി മരിച്ചാൽ സ്വാഭാവിക മരണം അല്ല. പോസ്റ്റ്മോർട്ടം പരിശോധന ചെയ്യണം.
മരത്തിൽ നിന്നും വീണ് പരിക്കുപറ്റി മരിച്ചാൽ സ്വാഭാവിക മരണം അല്ല. പോസ്റ്റ്മോർട്ടം പരിശോധന ചെയ്യണം.
ട്രെയിനിൽ നിന്നും വീണ് മരിച്ചാൽ സ്വാഭാവിക മരണം അല്ല. പോസ്റ്റ്മോർട്ടം പരിശോധന ചെയ്യണം.
തൂങ്ങിമരണം സ്വാഭാവിക മരണം അല്ല. പോസ്റ്റ്മോർട്ടം പരിശോധന ചെയ്യണം.
വിഷം ഉള്ളിൽ ചെന്ന് ഉള്ള മരണം സ്വാഭാവിക മരണം അല്ല. പോസ്റ്റ്മോർട്ടം പരിശോധന ചെയ്യണം.
തീപ്പൊള്ളലേറ്റ് മരിച്ചാൽ സ്വാഭാവിക മരണം അല്ല. പോസ്റ്റ്മോർട്ടം പരിശോധന ചെയ്യണം.
നിന്ന നിൽപ്പിൽ തലകറങ്ങി വീണു മരിക്കുന്നു. മരണകാരണം കണ്ടെത്താൻ സാധിക്കുന്നില്ല. പോസ്റ്റ്മോർട്ടം പരിശോധന ചെയ്യണം.
മരിച്ച ശേഷം ആശുപത്രിയിൽ കൊണ്ടു വരുന്നു. മരണ കാരണം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നില്ല. പോസ്റ്റ്മോർട്ടം പരിശോധന ചെയ്യണം.
ആശുപത്രിയിൽ എത്തിയ ശേഷം മരിക്കുന്നു. പക്ഷേ, മരണ കാരണം കൃത്യമായി നിശ്ചയിക്കപ്പെടുന്നതിന് മുൻപ് മരണപ്പെടുന്നു. ഈ സാഹചര്യത്തിലും പോസ്റ്റ്മോർട്ടം പരിശോധന നടത്തണം.
വീട്ടിൽ വച്ച് മരിക്കുന്നു. മരണ കാരണം കൃത്യമായി മനസിലാക്കി സർട്ടിഫൈ ചെയ്യാൻ സാധിക്കുന്നില്ല. പോസ്റ്റ്മോർട്ടം പരിശോധന ചെയ്യണം.
അതായത് മരണ കാരണം കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്ത എല്ലാ കേസുകളിലും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ചുരുക്കം.
ലിംഗഭേദമോ, പ്രായമോ ഒന്നും ബാധകമല്ല. ഒരു ദിവസം പ്രായം തികയാത്ത കുട്ടിയാണെങ്കിലും പോസ്റ്റ്മോർട്ടം പരിശോധന നടത്തണം. 90 വയസ്സിന് മുകളിലുള്ള ആളാണെങ്കിലും പോസ്റ്റ്മോർട്ടം പരിശോധന നടത്തണം.
പോസ്റ്റുമോർട്ടം പരിശോധന ചെയ്യണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് പൊലീസിന്റ കടമയാണ്. സ്വാഭാവിക മരണം അല്ല എന്ന അറിയിപ്പ് പൊലീസിന് നൽകേണ്ടത് ഡോക്ടർ ആണ്. ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടെ ചികിത്സിച്ച ഡോക്ടർ. മരിച്ച ആളെ അത്യാഹിത വിഭാഗത്തിൽ കൊണ്ടുവരികയാണെങ്കിൽ അത്യാഹിത വിഭാഗത്തിലെ ഡോക്ടറാണ് പോലീസിൽ അറിയിക്കേണ്ടത്. ആശുപത്രിയിൽ കൊണ്ടുവരാത്ത മരണങ്ങൾ ആണെങ്കിലും പൊലീസിൽ വിവരം ലഭിച്ചിരിക്കണം.
സ്വാഭാവിക മരണമാണ്, അതുകൊണ്ട് പോസ്റ്റ്മോർട്ടം പരിശോധന ഒഴിവാക്കണമെന്ന് മരിച്ച ആളുടെ ബന്ധുക്കളോ, സുഹൃത്തുക്കളോ, രാഷ്ട്രീയ നേതാക്കളോ, സമൂഹത്തിൽ സ്വാധീനമുള്ള ഉന്നതർ ആരെങ്കിലുമോ അഭിപ്രായപ്പെട്ടു എന്ന് കരുതി പോസ്റ്റ്മോർട്ടം പരിശോധന ഒഴിവാക്കരുത്.
പോസ്റ്റ്മോർട്ടം പരിശോധന എന്നാൽ ശരീരം വെട്ടിക്കീറുകയാണ് എന്നാണ് പലരുടെയും ധാരണ. എന്നാൽ അങ്ങനെയല്ല സംഭവിക്കുന്നത്. ശസ്ത്രക്രിയകൾ എങ്ങനെയാണോ നടക്കുന്നത് അതിന് സമാനമായ കാര്യങ്ങളാണ് പോസ്റ്റ്മോർട്ടം പരിശോധനയിലും നടക്കുന്നത്. ചെയ്തു എന്നതുകൊണ്ട് ശരീരത്തിൽ മോശമായി ഒന്നും സംഭവിക്കാൻ പോകുന്നില്ല. അത് മൃതദേഹത്തോടുള്ള അനാദരവോ വികൃതമാക്കലോ അല്ല. പല സന്ദർഭങ്ങളിലും ശാസ്ത്രീയ ഉപാധികളിലൂടെ ഡോക്ടർ ചുരുളഴിക്കുന്ന വസ്തുതകൾ മരണകാരണങ്ങളിലേക്ക് വിരൽ ചൂണ്ടുകയും, അത്തരം വസ്തുതകൾ ബന്ധുമിത്രാദികൾക്കും, സമൂഹത്തിനാകപ്പാടെയും ഗുണകരമാവുകയും ചെയ്യുകയാണ് പതിവ്.
ഓട്ടോപ്സി ഒഴിവാക്കുന്നെങ്കിൽ മറ്റു പല രാജ്യങ്ങളിലും നടക്കുന്നതുപോലെ വിർട്ടോപ്സി ചെയ്യാനുള്ള സജ്ജീകരണങ്ങൾ ഉണ്ടാവണം. അതായത് ശരീരം തുറന്ന് പരിശോധന നടത്താതെ സ്കാനിംഗിലൂടെ കാര്യങ്ങൾ മനസ്സിലാക്കുന്ന രീതി.
ഹെൽത്ത് സർവീസിൽ മെഡിക്കൽ കോളേജുകളിൽ ഉള്ളത്ര സൗകര്യങ്ങളില്ലാത്ത ആശുപത്രികളിൽ ഫോറൻസിക് മെഡിസിൻ സ്പെഷ്യലിസ്റ്റുകൾ അല്ലാത്ത ഡോക്ടർമാർ പോസ്റ്റ്മോർട്ടം ചെയ്യാൻ നിർബന്ധിതരാവുന്ന സാഹചര്യം കേരളത്തിലുണ്ടാവാറുണ്ട്. ഒരു ഹാർട്ട് അറ്റാക്ക് ചികിത്സിക്കാൻ കാർഡിയോളജിസ്റ്റിന്റെ വൈദഗ്ദ്ധ്യം എത്ര മാത്രം ആവശ്യമാണോ, ഒരു പോസ്റ്റ്മോർട്ടം പരിശോധന നടത്താൻ ഒരു ഫോറൻസിക് മെഡിസിൻ സ്പെഷലിസ്റ്റ് അത്രയുമോ അല്ലെങ്കിൽ അതിലധികമോ ആവശ്യമാണ്. അല്ലെങ്കിൽ തലക്കകത്ത് സർജറി ചെയ്യാൻ ന്യൂറോസർജൻ എത്രമാത്രം ആവശ്യമാണോ, അതുപോലുള്ള പ്രാധാന്യം ഫോറൻസിക് മെഡിസിൻ സ്പെഷലിസ്റ്റ് ഡോക്ടർക്കും ഉണ്ട്, പോസ്റ്റ്മോർട്ടം പരിശോധനയിൽ.
തൂങ്ങി മരിച്ചതാണ് എന്ന് ആരോപിക്കപ്പെട്ട ചില കേസുകളിൽ പോസ്റ്റ്മോർട്ടം പരിശോധനയിലൂടെ കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വാഭാവിക മരണമാണ് എന്ന് സംശയിക്കപ്പെട്ട ചില കേസുകൾ പോസ്റ്റ്മോർട്ടം പരിശോധനയിലൂടെ കൊലപാതകമാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. അതായത് പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്ന കേസുകളിൽ പ്രാധാന്യമുള്ളത് ഇല്ലാത്തത് എന്ന ഒരു വേർതിരിവില്ല. അത്തരം അനുമാനങ്ങൾ / മുൻ വിധികൾ ചിലപ്പോൾ വിപരീതഫലം ഉണ്ടാക്കിയേക്കും. പോസ്റ്റ്മോർട്ടം പരിശോധനയിലൂടെയാണ് മരണകാരണം വ്യക്തമാകുന്നത്.
ബന്ധുമിത്രാദികൾ മരിക്കുമ്പോൾ മൃതദേഹപരിശോധനകൾ ഒഴിവാക്കാൻ നിർഭാഗ്യവശാൽ പലർക്കും പ്രവണതയുണ്ട്. കാരണങ്ങൾ പലതാവാം സാമൂഹികം, മതപരം, വൈകാരികം etc.
മൃതദേഹ പരിശോധന വേണമെന്ന് നിർദ്ദേശിക്കുമ്പോൾ, നീരസം പ്രകടിപ്പിക്കലിൽ തുടങ്ങി പലവിധ സമ്മർദ്ദ തന്ത്രങ്ങൾ കൂടെയുള്ളവർ നടത്തുക പതിവാണ്.
ഇത് ചർച്ചയാവുന്ന അവസ്ഥയിലെങ്കിലും നാം അമിത വൈകാരികത മാറ്റി വെച്ച്, മൃതദേഹ പരിശോധനയുടെ ശാസ്ത്രീയതയും അതിന്റെ പ്രാധാന്യവും മനസ്സിലാക്കി ഓട്ടോപ്സിയോടുള്ള വിമുഖത ഒഴിവാക്കാൻ തയ്യാറാകണം.
കൃത്യമായ നിയമ പരിപാലനം നടക്കുന്ന സ്ഥലങ്ങളിൽ പോസ്റ്റ്മോർട്ടം പരിശോധന ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. നിയമപരമായ കർത്തവ്യം എന്നതിലുപരി അതൊരു പ്രതിരോധ പ്രവർത്തനം കൂടിയാണ്. പിന്നീട് നടക്കാൻ സാധ്യതയുള്ള പല മരണങ്ങളും ഒഴിവാക്കാനുള്ള ഒരു പ്രതിരോധ പ്രവർത്തനം.