· 2 മിനിറ്റ് വായന
രണ്ടു തരം വാക്‌സിൻ സ്വീകരിച്ചാൽ
കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ശാസ്ത്രത്തിന്റെ ഏറ്റവും വലിയ കുതിച്ചു ചാട്ടം ആയിരുന്നു വാക്‌സിൻ നിർമാണം. കോവിഡ് വാക്‌സിന്റെ കാര്യത്തിലാവട്ടെ നാളുകൾ കഴിയുംതോറും പുതിയ പഠനങ്ങളും കണ്ടെത്തലുകളും വന്നു കൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും പുതിയ ഒന്നാണ് രണ്ടു തരം വാക്‌സിനുകൾ ഒരാൾക്ക് നൽകിയുള്ള പഠനം. ജർമനി പോലുള്ള പല രാജ്യങ്ങളും ഇത്തരത്തിൽ വാക്സിൻ വിതരണം നടത്താൻ ആലോചിക്കുന്നു എന്ന വാർത്തകളും വന്നുകൊണ്ടിരിക്കുന്നു. രണ്ട് വ്യത്യസ്തമായ തരം വാക്സിനുകൾ ഓരോ ഡോസ് സ്വീകരിക്കുന്നതിനെ കുറിച്ചുള്ള സംശയങ്ങൾ വന്നുതുടങ്ങി.
വാക്‌സിന്റെ വരവ് മുതൽ നമ്മൾ വിശ്വസിച്ചിരുന്നത് ഒരാൾക്ക് ഒരേ തരം വാക്‌സിൻ തന്നെ കൊടുക്കേണ്ടി വരുമെന്നായിരുന്നല്ലോ. എല്ലാ വാക്‌സിൻ നിർമാണ കമ്പനികളും ആ രീതിയിൽ തന്നെയാണ് അവരുടെ നിർദ്ദേശങ്ങളിൽ പറഞ്ഞിരുന്നതും. എന്നാൽ ആദ്യ ഡോസ് ഒരു തരം വാക്‌സിൻ എടുത്തവർക്ക് രണ്ടാമത്തെ ഡോസ് മറ്റൊരു തരം വാക്‌സിൻ കൊടുത്തു കൊണ്ടുള്ള പഠനങ്ങൾ ഈയിടെ ആയി നടത്തപ്പെട്ടു. ഈ പഠനങ്ങളിൽ വളരെ നല്ല രീതിയിൽ ഉള്ള ഫലങ്ങൾ ആണു റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ആൽബർട്ട ബോറോബിയയും കൂട്ടരും നടത്തിയ ഇത്തരത്തിൽ ഒരു പഠനം ലാൻസറ്റ് ജേർണലിൽ ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ടു. സ്പെയിനിലെ അഞ്ചു യൂണിവേഴ്സിറ്റി ആശുപത്രികളിലായി നടത്തിയ പഠനത്തിന്റെ ഫെയ്‌സ് ടു ട്രയൽ ഫലങ്ങളാണ് ഇങ്ങനെ പ്രസിദ്ധീകരിച്ചത്. ആദ്യ ഡോസ് ആസ്ട്രാ സെനിക വാക്‌സിൻ (ChAdOx1-S) ലഭിച്ച 676 ആളുകളിൽ രണ്ടാമത്തെ ഡോസ് ഫൈസർ വാക്‌സിൻ (BNT162b2) നൽകിയാണ് ഈ പഠനം നടത്തിയത്. ഇങ്ങനെ “വാക്‌സിൻ മിശ്രിതം” ലഭിച്ച ആളുകളെ രണ്ടാഴ്ച നിരീക്ഷിച്ചപ്പോൾ അവർക്ക് നല്ല രീതിയിൽ ഉള്ള രോഗ പ്രതിരോധശക്തി കൈ വരിക്കാൻ കഴിയുന്നതായി കണ്ടു. ഓക്സ്ഫോർഡ്-ആസ്ട്രസെനക്ക വാക്സിൻ ഒരു വൈറൽ വെക്ടർ വാക്സിനാണ് എന്ന് ഏവർക്കും അറിയാമല്ലോ. ഫൈസർ വാക്സിൻ mRNA വാക്സിനാണ്.
ഈ പഠനം നൽകുന്ന പ്രതീക്ഷകൾ:
രണ്ടു തരം വാക്‌സിൻ ലഭിച്ച ആളുകളിൽ മികച്ച രോഗപ്രതിരോധ ശക്തി ആർജിക്കുന്നതായാണ് കണ്ടത്.
ഇത് വാക്‌സിനേഷൻ പദ്ധതികളെ ഒന്നു കൂടി സുഗമമാക്കാൻ സാധ്യതയുണ്ട്. ഒരേ വാക്‌സിൻ തന്നെ കിട്ടാൻ കാത്തിരിക്കുന്നതിനു പകരം വാക്‌സിൻ ലഭ്യതക്ക് അനുസരിച്ച് പൊതുജനങ്ങൾക്ക് നൽകാൻ കഴിഞ്ഞേക്കും.
പുതിയ ജനിതക വ്യതിയാനം വരുന്ന വൈറസുകളെ നേരിടാൻ യാഥാസ്ഥിതിക വാക്‌സിനുകളെക്കാൾ കൂടുതൽ ശക്തി ഉണ്ടാകാൻ സാധ്യതയുണ്ട്.
പരിമിതികൾ:
ഇത് വളരെ കുറച്ച് ആളുകളിൽ നടത്തിയ ഒരു പഠനമാണ്. വാക്‌സിൻ പോലെ സാർവ്വദേശീയമായി നടപ്പാക്കപ്പെടുന്ന പദ്ധതികൾക്ക് വലിയ എണ്ണം ആളുകളിൽ നടത്തിയ പഠനങ്ങൾ ആവശ്യമാണ്.
ഇങ്ങനെ മിക്സ് ചെയ്ത് വാക്‌സിൻ കൊടുത്ത ശേഷം ഉണ്ടാകുന്ന പാർശ്വ ഫലങ്ങളെ കുറിച്ച് കൂടുതൽ കാലം നിരീക്ഷണം നടത്തി, കൂടുതൽ ഫലം പുറത്തു വരേണ്ടതാണ്.
ഒരേ തരം വാക്‌സിനുകൾ ലഭിച്ചവരും രണ്ടു തരം വാക്‌സിൻ ലഭിച്ചവരും തമ്മിൽ രോഗപ്രതിരോധ ശക്തിയിൽ ഉള്ള വ്യത്യാസങ്ങൾ നേരിട്ട് താരതമ്യം ചെയ്തു കൊണ്ടുള്ള പഠനങ്ങൾ വേണം.
വൈറൽ വെക്ടർ വാക്സിൻ ആയ ആസ്ട്രസെനക്കയും mRNA വാക്സിൻ ആയ ഫൈസറും നൽകുന്നതിനെ കുറിച്ചുള്ള പഠനങ്ങൾ ആണ് നമ്മൾ അവലോകനം ചെയ്തത്. ഇന്ത്യയിൽ പ്രധാനമായും ലഭ്യമായത് രണ്ടു വാക്സിനുകളാണ്. വൈറൽ വെക്ടർ വാക്സിൻ ആയ കോവിഷീൽഡും (ആസ്ട്രസെനക്ക – സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ) ഇൻആക്ടിവേറ്റഡ് വാക്സിൻ ആയ കോവാക്സിനും (ഭാരത് ബയോടെക്). ഇവ സംബന്ധിച്ച പഠനങ്ങളും വിവരങ്ങളും വരുന്നതനുസരിച്ച് നമുക്ക് കൂടുതൽ വ്യക്തത ലഭിക്കും എന്ന് പ്രതീക്ഷിക്കാം. നിലവിൽ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കുക.