· 6 മിനിറ്റ് വായന

കാൻസർ രോഗം എന്ത്? എങ്ങനെ കണ്ടത്താം?

Radiotherapyആരോഗ്യ അവബോധം

“Cancer cells are cells that have forgotten how to die”

അനിയന്ത്രിതമായി പെരുകയും മരണവിളികളിൽ നിന്ന് മുക്തി നേടുകയും ചെയ്യുന്ന കോശങ്ങൾ ശരീരത്തെ കീഴടക്കി പതിയെ ജീവനു മുകളിൽ പിടി മുറുക്കുകയും ചെയ്യുന്ന രോഗമാണ് കാൻസർ. ജീവിത ശൈലിയിലെ മാറ്റങ്ങൾ കൊണ്ടും ആധുനിക ചികിൽസാ സൗകര്യങ്ങളുടെ ഫലമായി ആയുർദൈർഘ്യം വർധിച്ചതിൻറെയും മെച്ചപ്പെട്ട ചികിത്സാ നിർണ്ണയ സംവിധാനങ്ങൾ നിലവിൽ വന്നതോടെ കാൻസർ നിർണ്ണയം പണ്ടത്തേക്കാൾ കാര്യക്ഷമമായതിന്റെയും പ്രഭാവത്താലും കാൻസർ രോഗം സമൂഹത്തിൽ കൂടിയതായി കാണപ്പെടുന്നു. നേരത്തേയുള്ള രോഗനിർണ്ണയമാണ് പ്രതിരോധം കഴിഞ്ഞാൽ ഏറ്റവും നല്ല കാൻസർ രക്ഷാ മാർഗം

***********************************

–കുറുംബിയമ്മ ഡപ്പി തുറന്നു സായിവിന്റെ ഉള്ളംകൈയിൽ പൊടി കുടഞ്ഞിട്ടു.പൊടിയുടെ ലഹരിയിൽ സായ്വിന്റെ കണ്ണുകൾ വീണ്ടും അടഞ്ഞു .

“സായിവേ ,ആ വാഴേലെ കോരെന്റെ സൂക്കേട് മാറ്വോ സായിവേ ?”

“ഓന് കവിളരശ്യാ ..”

“അത് മാറുന്ന സൂക്കേടല്ലേ സായിവേ ?”

“കവിളരശി വന്നാൽ മാറ്വോ കോറംബീ “

“എന്റീശ്വരാ ! ഓന്റോളും കുട്ട്യോളും വഴിയാധരായല്ലോ ——-“

* * * (മയ്യഴിപുഴയുടെ തീരങ്ങളിൽ…)

തലമുറകള്ക്ക് മുന്പെയുള്ള ഈ സാഹചര്യം ആണ് ഇന്നും നിലനില്കുന്നത് എന്നും കവിളരശി എന്ന് നോവലിൽ വിശേഷിപിക്കുനതിനു കുറച്ചു കൂടെ അന്തസ്സിൽ കാൻസർ എന്നൊക്കെ വിളിക്കുന്നുണ്ട് എന്നല്ലാതെരോഗിയുടെ കാര്യത്തിൽ ഇപ്പറഞ്ഞതിൽ വലിയ മാറ്റമൊന്നും ഇല്ല എന്നൊരു ധാരണ സമൂഹത്തിൽ നിലനില്കുന്നുണ്ട്

പാഠം 1 – കൃത്യ സമയത്ത് രോഗനിർണയം കാൻസർ ചികിൽസയിൽ നിർണായകം

കാൻസർ എന്നത് ഒറ്റ തലക്കെട്ടിൽ വിവരിക്കാവുന്ന ഒരു രോഗമല്ല. പല അവയവങ്ങളിലും പല തരം കോശങ്ങളുടെ കാൻസറുകൾ. .ഒരു സാമാന്യവൽക്കരണം ബുദ്ധിമുട്ടാണെങ്കിലും പൊതുവെ അപായസൂചനകളായി പ്രത്യക്ഷമാകുന്ന, മുഴകൾ ,പണ്ടേ ഉള്ള മുഴകളിൽ മാറ്റം കാണുക ( നിറവ്യത്യാസം ,വേദന ,വലുപ്പം കൂടുക ), രക്തസ്രാവം, തൂക്കം കുറയുക,നീണ്ടുനിൽകുന്ന പനി, പെട്ടെന്നുണ്ടാവുന്ന ശബ്ദ നഷ്ടം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കാതിരിക്കുക.

സ്തനങ്ങളിലും മറ്റുമുള്ള മുഴകൾ സ്വയം പരിശോധനയിലൂടെ കണ്ടെത്താൻ മിക്കപ്പോഴും കഴിയും. ഇത്തരം സൂചനകൾ ലഭിച്ചാൽ താമസം കൂടാതെ വൈദ്യസഹായം തേടുക എന്നത് പരമപ്രധാനം ആണ് .കാൻസർ രോഗനിർണയം എങ്ങനെ നടത്തുന്നു എന്നതാണ് ഈ ചെറു ലേഖനത്തിൽ പറയാൻ ഉദ്ദേശിക്കുന്നതെങ്കിലും ഇതിനെക്കുറിച്ച് ഓർമ്മപ്പെടുത്താതെ അതിനു മുതിരുന്നത് വ്യർത്ഥമാണ്.

കാൻസർ നിർണയം എങ്ങനെ

വിദഗ്ദനായ ഒരു ചികിൽസകന് രോഗിയുടെ ലക്ഷണങ്ങളുടെ വർണനയിൽ നിന്നും വിശദമായ ശരീരപരിശോധനയിൽ നിന്നും കാൻസറിന്റെ സാധ്യതയെ കുറിച്ചും മറിച്ചാവാനുള്ള സാധ്യതയെക്കുറിച്ചും സൂചനകൾ ലഭിക്കുന്നു. തുടർ പരിശോധനകൾ ആരംഭിക്കുന്നു.

  1. രക്ത പരിശോധനകൾ

സാധാരണ രക്ത പരിശോധനയിൽ നിന്നു പരിശോധനകൾ ആരംഭിക്കുന്നു. രക്താർബുദങ്ങളെ ക്കുറിച്ച് മിക്കപ്പോഴും ഇതിലൂടെ സൂചനകൾ ലഭിക്കുന്നു. രക്തം ലേപനം ചെയ്ത (smear) ചില്ലുകൾ ഒരു പത്തോളജിസ്റ്റ് മൈക്രോസ് കോപ്പിനു കീഴിൽ പഠിച്ചു ഇത് സ്ഥിരീകരിക്കുന്നു. ഇത്തരം അവസരങ്ങളിൽ കൃതമായി തരം തിരിക്കാൻ മാർക്കർ പoനങ്ങൾ, കോശങ്ങളുടെ സ്വഭാവം മനസ്സിലാക്കാനുള്ള ജനിതകവ്യതിയാനങ്ങൾ കണ്ടെത്താനുള്ള ക്രോമോസോം പഠനങ്ങൾ എന്നിവയും നിർദ്ദേശിക്കപ്പെടുന്നു. ചികിത്സയിലും ഇത് നിർണ്ണായകമായേക്കാം. ഇത്തരം മിക്ക അവസരങ്ങളിലും രകത കോശങ്ങളുടെ നിർമാണശാലയായ മജ്ജ പഠനവിധേയമാക്കാൻ ആവശ്യപ്പെടാറുണ്ട്.

മറ്റ് അവയവങ്ങളിൽ പലപ്പോളും അർബുദ കോശങ്ങൾ ഉയർന്ന അളവിൽ ഉൽപ്പാദിപ്പിക്കുന്ന ചില രാസപദാർത്ഥങ്ങളുടെ പതിവിൽ കവിഞ്ഞ സാന്നിധ്യം രക്ത പരിശോധനയിൽ കണ്ടെത്തുന്നത് രോഗനിർണയത്തിന് സഹായമാകും. ഇവയെ ട്യൂമർ മാർക്കറുകൾ (tumour markers) എന്നു വിളിക്കുന്നു. ഉദാഹരണത്തിന് പ്രോസ്റ്ററ്റ് ഗ്രന്ഥിയിലെ അർബുദ ബാധിതർക്ക് രക്തത്തിൽ പി.എസ്.എ(P.S.A-Prostate Specific Antigen) യുടെ അളവ് അമിതമായി കാണപ്പെടുകയും രോഗം പുരോഗമിക്കുന്നതിനൊപ്പം അളവ് വർദ്ധിക്കുകയും ചെയ്യുന്നു.

  1. ഇമേജിംഗ് പഠനങ്ങൾ

ശരീരത്തിനകത്തുള്ള ദൃശ്യങ്ങൾ കാണുവാനുള്ള സങ്കേതങ്ങളാണ് imageing എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് .പരിചിതമായ ഭാഷയിൽ xray ,മമ്മോഗ്രഫി,ct scan,mri തുടങ്ങിയവ ഇതിൽ ഉൾപെടും ..വിവിധ തരം തരംഗങ്ങൾ ശരീരത്തിൽ (ഉദാ..Xray ,ശബ്ദ തരംഗങ്ങൾ ,മാഗ്നെറ്റിക് ഫീൽഡുകൾ )പ്രവേശിപിക്കുമ്പോൾ അവക്ക് മാറ്റം സംഭവിക്കുകയും തല്ഫലമായി അവയവങ്ങൾ അനുസരിച്ച് അവ രൂപവിന്യാസം നടത്തിയുമുണ്ടാവുന്ന ചിത്രങ്ങളാണ് ഇവയുടെ എല്ലാം അടിസ്ഥാനം . നെഞ്ചിന്റെ xray ,സ്തനാർബുദ നിർണയത്തിൽ മമ്മോഗ്രഫി എന്നിവ ഇപ്രകാരം സർവസാധാരണമായി ഉപയോഗപെടുതുന്നുണ്ട് .ആന്തരികാവയവങ്ങളിലെ മുഴകളുടെ സ്വഭാവം നിർണയിക്കുവാൻ CT ,MRI എന്നിവയും വ്യാപകമായി ആശ്രയിക്കപെടുന്നു .

ഇത് കൂടാതെ രോഗനിർണയം നടന്നു കഴിഞ്ഞതിന്റെ കാൻസർ പരന്നതിന്റെ വ്യാപ്തി മനസ്സിലാക്കി ചികിത്സ ആസൂത്രണം ചെയുന്ന STAGING നും മറ്റും പലപ്പോഴും ഇത്തരം പരിശോധനകൾ ആവശ്യമായി വരും

  1. കോശാധിഷ്ടിത രോഗ നിർണയം (TISSUE DIAGNOSIS)

ഏകദേശം എല്ലായ്പ്പോഴും ,മുഴയിലെ കോശങ്ങൾ പഠിച്ചു എന്ത് തരം മാറ്റങ്ങൾ ആണ് അവയ്ക്ക് സംഭവിക്കുന്നത് എന്ന് മനസ്സിലാകാനുള്ള tissue diagnosis പഠനങ്ങൾ കാൻസർ സ്ഥിരീകരണത്തിനും ചികിൽസാ നിർണയത്തിനും അത്യന്താപേക്ഷിതമായി തീരുന്നു .ഇതിനു മുഴയുടെ ഒരു ഭാഗമോ ചിലപ്പോഴൊക്കെ മുഴുവനോ ശസ്ത്രക്രിയയിലൂടെ മുറിച്ചെടുത്തു മൈക്രോസ്കോപിലൂടെയുള്ള പഠനങ്ങൾക്ക് വിധേയമാക്കുന്നു .ഇതിനെയാണ് biopsy എന്ന് പറയുന്നത് .എന്നാൽ ഇപ്പോൾ ഓപറേഷൻ ഒഴിവാക്കി ഇതിലും ലളിതമായി ഒരു സൂചി ഉപയോഗിച്ച് മുഴയിലുള്ള കോശങ്ങളെ വലിച്ചെടുത് അവയെ പഠിക്കുന്ന രീതിയാണ് മുഴകളുടെ സ്വഭാവം നിർണയിക്കാൻ മിക്ക അവസരങ്ങളിലും പ്രാഥമികമായി ഉപയോഗപെടുതുന്നത് . ഇതിനെ FNAC എന്നു വിളിക്കുന്നു.

FNAC

Fine Needle Aspiration Cytology എന്നതിന്റെ ചുരുക്ക രൂപമാണ് FNAC . (നീരുകുത്തി പരിശോധിക്കുക)

ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന മുഴകളിൽ നിന്ന് ഒരു സൂചി ഉപയോഗിച്ച് കോശങ്ങൾ വലിച്ചെടുത് ആ കോശങ്ങളെ ഒരു പത്തോളജിസ്റ്റ് പഠിക്കുന്ന രീതി യാണ് FNAC

.1930 കളിൽ സ്കാന്റിനേവിയൻ രാജ്യങ്ങളിൽ ഉപയോഗിച്ച് തുടങ്ങിയ ഈ രീതി ഇന്ന് വികസിച്ചു രോഗ നിര്ണയ വിദ്യകളിൽ പ്രധാനപെട്ട സ്ഥാനത് നില്കുന്നു . ശരീരത്തിൽ പ്രത്യക്ഷമായി കാണാവുന്ന മുഴകളിൽ ,ഡോക്ടറുടെ നിർദേശ പ്രകാരം FNAC ചെയ്യപ്പെടുന്നു . THYROID ഗ്രന്ഥി ,സ്തനങ്ങൾ എന്നിവയിലെ മുഴകൾ , കഴല വീക്കം ,തൊലിപ്പുറത്ത് കാണുന്ന വിവിധ തരം തടിപ്പുകൾ എന്നിവയിൽ ഈ പരിശോധന വ്യാപകമായി ഉപയോഗിക്കപെടുന്നുണ്ട് കാൻസർ സ്ഥിരീകരിക്കപെടുകയോ സംശയിക്കപെടുകയോ ചെയ്യുന്ന ഒരു വ്യക്തിക്ക് മറ്റു അവയവങ്ങളിൽ പ്രത്യേകിച്ച് കഴലയിൽ തടിപ്പ് കാണുമ്പോൾ അത് കാൻസർ പടർന്നതാണോ എന്നറിയാനും ഈ പരിശോധനയെ ആശ്രയികുന്നുണ്ട് .

ഇത് കൂടാതെ ശ്വാസകോശം , കരൾ തുടങ്ങിയ അന്തരികാവയവങ്ങളിൽ വീക്കമോ മുഴയോ സ്കാന്നിംഗ് വേളയിൽ കാണുമ്പോൾ സ്കാൻ സഹായത്തോടെ മുഴയിലേക്ക് സൂചി കിടത്തി സ്കാൻ നിയന്ത്രിത FNAC(GUIDED FNAC) ഇന്ന് കൂടുതൽ ചെയ്തു വരുന്നുണ്ട് .

ഒരു OP പരിശോധന പോലെ ഏകദേശം പതിനഞ്ചു മിനിറ്റു കൊണ്ട് ഈ പരിശോധന അവസാനിക്കുന്ന ഈ പരിശോധനയിൽ രോഗിയെ മയക്കെണ്ടേ ആവശ്യം വരുന്നില്ല .

ബയോപ്സി

ബയോപ്സി എന്താണെന്ന് പറഞ്ഞു കഴിഞ്ഞുവല്ലോ . കാൻസർ സംശയിക്കുന്ന

ഭാഗത്തു നിന്ന് കോശങ്ങൾ പഠനതിനെടുക്കുന്ന രീതി അനുസരിച് ബയോപ്സി പലതരം ആയി കണക്കാക്കാം.

ഇന്സിഷൻ ബയോപ്സി(INCISION BIOPSY)

മുഴയുടെ ഒരു ഭാഗം, അല്ലെങ്കിൽ സംശയാസ്പദമായ മാറ്റങ്ങൾ ഉള്ള ,അല്ലെങ്കിൽ ക്ഷതമുള്ള ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ മുറിച്ചെടുത്തു മൈക്രോസ്കോപിലൂടെയുള്ള പഠനങ്ങൾക്ക് വിധേയമാക്കുന്നു

എക്സിഷൻ ബയോപ്സി

മുഴ മുഴുവനായി (excision) ശസ്ത്രക്രിയയിലൂടെ മുറിച്ചെടുത്തു പഠനവിധേയമാക്കുന്നു

കോർ ബയോപ്സി

പ്രത്യേക തരം സൂചി ഉപയോഗിച്ച് സംശയാസ്പദമായ ഭാഗത്തു നിന്ന് സൂചി വട്ടത്തിൽ ചെറിയ സിലിന്ഡർ രൂപത്തിൽ വലിച്ചെടുത്ത് പഠനാർത്ഥം സമർപികുന്നതിനെയാണ് കോർ ബയോപ്സി ,ട്രൂ കട്ട് ബയോപ്സി എന്നിവ കൊണ്ട് വിവക്ഷികുന്നത് .സ്തനാർബുദം ,പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ കാൻസർ എന്നിവയിൽ ഇവ വ്യാപകമായി ഉപയോഗപെടുതുന്നു

എന്റോസ്കോപ്പി ബയോപ്സി(ENDOSCOPIC BIOPSY)

പെൻസിൽ വണ്ണമുള്ള യഥേഷ്ടം വളയുന്ന അറ്റത്ത് പ്രകാശസ്രോതസ്സും ക്യാമറയും ഉള്ള ട്യൂബുകൾ ആണ് ENDOSCOPY ക്ക് ഉപയോഗിക്കുന്നത്

വായിലൂടെ ഈ ട്യൂബ് കടത്തിയാൽ അന്നന്നാളം ,ആമാശയം ചെറുകുടൽ എന്നിവയുടെ ഭിത്തിയിലുള്ള സംശയാസ്പദമായ മുറിവുകളും വളർച്ചകളും (polyps) എന്ന് തുടങ്ങി സൂക്ഷ്മമായ മാറ്റങ്ങൾ പോലും സ്ക്രീനിൽ കാണുകയും അവിടുന്ന് ബയോപ്പ്സി നടത്തുകയും ചെയ്യാം. വൻകുടൽ, ചെറു കുടലിന്റെ അവസാന ഭാഗം എന്നിവടങ്ങളിലെ കുടൽഭിത്തിയിലെ ബയോപ്സിക്ക് മലദ്വാരം വഴിയാണ് (COLONOSCOPY) ട്യൂബ് കടത്തുക.

ലളിതവും സുരക്ഷിതവുമായ ഈ രോഗനിർണയ മാർഗം കുടൽ കാൻസറിന്റെ രോഗനിർണയത്തിൽ ഗണ്യമായ മാറ്റം വരുത്തി (ഇത്തരം പരിശോധനകൾക്ക് പൊതുവേ സകോപി എന്നാണ് പറയുക .ശ്വാസനാളത്തിൽ ആണ് ഇത്തരം സ്കോപ് പരിശോധനയിലൂടെ ബയോപ്സി നടത്തുന്നതെങ്കിൽ BRONCHOSCOPY എന്ന് വിളിക്കുന്നു)

ഇങ്ങനെ സമഗ്രമായി ഇതു വിശദീകരിക്കുവാൻ സ്ഥല പരിമിതി അനുവദികില്ലെങ്കിലും കാൻസർ ബാധിതമെന്നു സംശയികുന്ന അവയവത്തിൽ നിന്ന് കോശങ്ങൾ എടുത്തു രോഗനിർണയം നടത്തുന്ന ബയോപ്സി പഠനങ്ങൾ പരമപ്രധാനം ആണെന്ന് ചുരുക്കം

ചില പ്രധാന തുടർപരിശോധനകൾ

ഇമ്മുണോഹിസ്റ്റോകെമിസ്ട്രി (IMMUNOHISTO CHEMISTRY )

ചില അവസരങ്ങളിൽ സാധാരണ MICROSCOPY പഠനങ്ങളിൽ കാൻസർ ആണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചു എന്ന് വന്നാലും എന്ത് തരം കാൻസർ ആണ് എന്ന് നിർവചികുന്നത് ദുഷ്കരമായി വരുന്നു.ചികിത്സക്ക് ഇത് അത്യന്താപേക്ഷിതം ആണ് എന്നത് പറയേണ്ടതില്ലല്ലോ. കാൻസർ കോശങ്ങൾ പലപ്പോഴും അവയ്ക്ക് കാരണമായ കോശങ്ങളിൽ നിന്ന് രൂപത്തിലും പെരുമാറ്റത്തിലും തീർത്തും വ്യത്യസ്തമായി തോന്നിപിക്കുന്നതാണ് ഇതിനു പ്രധാന കാരണം .ഇത്തരം അവസരങ്ങളിൽ കാഴ്ചയെക്കാൾ കോശങ്ങളുടെ സ്വഭാവം വിളിച്ചു പറയുന്ന രാസപദാർത്ഥങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിലൂടെ അവയെ തിരിച്ചറിയാൻ ശ്രമിക്കുക എന്നതാണ് ചെയ്യുന്നത് . “കാൻസർവല്കരിക്കപെട്ട ” കോശങ്ങളിൽ ഉണ്ട് എന്ന് ശാസ്ത്രീയമായി തെളിയികപെട്ട രാസവസ്തുക്കൾ (പലപ്പോഴും പ്രോട്ടീനുകൾ _) അവയുടെ അടയാളവസ്തു (MARKER ) ആയി കണ്ടു രാസപ്രക്രിയകളിലൂടെ അവയെ നമ്മൾ തിരിച്ചറിയുന്നു .ഇതിനെ ഇമ്മുണോഹിസ്റ്റോകെമിസ്ട്രി (IMMUNOHISTO CHEMISTRY ),ചുരുക്കത്തിൽ IHCഎന്ന് വിളിക്കുന്നു. ചിലവല്പം ഏറുമെങ്കിലും യുക്തിപരമായി ഒരു വിദഗ്ദ ഡോക്ടർ നിർദേശിക്കുമ്പോൾ ൾ കൃത്യമായ രോഗനിർണയത്തിനു വഴി തെളിക്കുന്ന ചിലവിനൊത്ത മൂല്യം തരുന്ന ഒരു cost -effective പരിശോധന തന്നെയാണ് ഇത്.

FLOW CYTOMETRY

കോശങ്ങളെ അതിനായി സജ്ജീകരിക്കപെട്ട ടൂബിലൂടെ ഒഴുക്കിവിടുകയും അതിലേക്കു laser രശ്മി പോലുള്ള പ്രകാശം കടത്തി വിടുകയും കോശങ്ങളുടെ വലുപ്പവും പ്രകൃതവും അനുസരിച്ച് പ്രകാശം ചിതറുന്നത് കണക്കാക്കി അവയുടെ സ്വഭാവത്തെകുറിച്ചുള്ള തീരുമാനതിലെത്തുന്ന പരിശോധന .പ്രധാനമായും രക്തകോശങ്ങളിൽ നിന്നുണ്ടാകുന്ന അർബുദങ്ങളിൽ ഉപയോഗിക്കുന്നു

Genetic,Molecular പഠനങ്ങൾ –

കാൻസർ കോശങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിർണയികുന്നത് രോഗനിർണയത്തിനു എന്നതിലുപരി ചികിത്സയിൽ പ്രാധാന്യം വര്ദ്ധിച്ചു വരുന്നത് കാൻസർ ചികിത്സയിൽ പുതിയ പ്രതീക്ഷ തരുന്ന മുന്നേറ്റം ആണ് .ഏറ്റവും മികച്ച ഉദാഹരണം സ്തനാർബുദം ആണ് .കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് നിർണായകമായ Her -2 Neu എന്ന പ്രോട്ടീന്റെ അളവ് പലപ്പോഴും സ്തനർബുദ കോശങ്ങളുടെ പ്രതലത്തിൽ കൂടുതലാണ് .അത് കണ്ടെത്തുന്ന ടെസ്റ്റുകൾ നടത്തുവാൻ കഴിഞ്ഞാൽ ആ തന്മാത്രയെ ലക്ഷ്യം വച്ച് ആക്രമിക്കുക എന്ന ചികിത്സാ രീതി അവലംബിക്കാം .ഇങ്ങനെ സാധാരണ കോശങ്ങളിൽ നിന്ന് കാൻസർ കോശങ്ങളെ വ്യത്യസ്തമാക്കുന്ന തന്മാത്രാപരമായതും (molecular ) ജനിതകമായതും (genetic)ആയ ഘടകങ്ങൾ തിരിച്ചറിഞ്ഞാൽ രോഗനിർണയത്തിനു സഹായിക്കുനതിനു ഉപരിയായി അവയെ ലക്ഷ്യമിട്ടുള്ള ( targetted therapy )ചികിത്സ നടത്താം . ചികിത്സയിൽ ക്രുത്യതയേറുന്നു എന്ന് മാത്രമല്ല കാൻസർ കോശങ്ങളെ മാത്രം അക്രമിക്കുന്നതിനാൽ പാര്ശ്വ ഫലങ്ങൾ കുറവായിരിക്കുകയും ചെയ്യും

പലതരം കാന്സറുകളെ ഒരു തലക്കെട്ടിനു താഴെ അണിനിരത്തി സമഗ്രമായി രോഗ നിർണയരീതികൾ വിശദീകരിക്കുക ദുഷ്കരമാണെങ്കിലും കാൻസർ രോഗ നിർണയതിനെ കുറിച്ച് സാമാന്യമായ അവബോധം പകരുവാനും കൂടുതൽ അറിയുവാൻ പ്രേരിപിക്കുവാനും ഉള്ള ശ്രമമാണ് ഈ ലേഖനം .കാന്സെറിനു ആധുനിക വൈദ്യശാസ്ത്രത്തിൽ മരുന്നില്ല എന്നും മോഡേൺ മെഡിസിൻ ഡോക്ടർമാർ കാൻസർ രോഗികളെ വെറുതെ പറ്റിക്കുന്ന നിക്രുഷ്ടനമാരെന്നുമൊക്കെ പ്രചാരണങ്ങൾ നടക്കുന്ന ഈ കാലത്ത് അവ എത്ര മാത്രം സത്യവിരുദ്ധവും സാമൂഹ്യ വിരുദ്ധവും ആണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്

ശരീരത്തിൽ കൊന്നും വെന്നും പടർന്നും ഒരു സമാന്തര സാമ്രാജ്യം സൃഷ്ടിക്കുക എന്ന ധർമം ആണ് അർബുദ

കോശങ്ങളുടെത് .സമയം നല്കാതെ ജീവനെ ഇറുക്കാൻ വരുന്ന ആ ഞണ്ടിനെ തിരിച്ചറിയുക .ആവർത്തിക്കട്ടെ .കൃത്യ സമയത്ത് രോഗ നിർണയം കാൻസർ ചികിത്സയിൽ നിർണായകം.

ലേഖകർ
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ