വേർപെട്ടവ കൂട്ടി ചേർക്കുമ്പോൾ
ഈയിടെ ‘ഈട’ എന്ന സിനിമ കണ്ടപ്പോൾ ഞാൻ വടക്കൻ കേരളത്തിലെ ഒരാശുപത്രിയിൽ 2005 – 2006 കാലത്ത് രണ്ടു വർഷത്തോളം ജോലി ചെയ്തത് ഓർത്തു പോയി.
അങ്ങ് വടക്കൂന്നു കണ്ണൂർ ഭാഗത്തു നിന്ന്, വെട്ട് , കുത്ത്, വെടി, പിന്നെ ബോംബ് – ഒക്കെ വന്നിരുന്നത് ഈ ആശുപത്രിയിലേക്കാണ്. കൂടാതെ സാധാരണ സംഭവിക്കാറുള്ള വാഹനാപകടങ്ങൾ, ഫർണിച്ചർ മുതലായ ഫാക്ടറി അപകടങ്ങൾ, വീടുകളിൽ കത്തി, മിക്സി എന്നിവ മൂലം ഉണ്ടാകുന്ന അപകടങ്ങളും മുതൽ കുഞ്ഞു പിള്ളേർ വിരലിന്റെ ഏറ്റവും മറ്റും വാതിലിനിടയിൽ പെടുന്ന അപകടങ്ങൾ വരെ നല്ലൊരു ശതമാനം ഉത്തര കേരളത്തിൽ നിന്ന് മൊത്തം പ്രവഹിച്ചിരുന്നത് ഈ ആശുപത്രിയിലേക്കായിരുന്നു .
പറഞ്ഞ ഈ സിനിമയിൽ, ഒരാളെ വെട്ടിയിട്ട് , വെട്ടിയ മുറിവുകളിൽ മണ്ണ് വാരി ഇടുന്ന ഒരു രംഗമുണ്ട്. ഇങ്ങനെ അണുബാധ ഉണ്ടാക്കാൻ മന:പൂർവം ചെയ്യുന്നത് അവിശ്വസനീയമായി തോന്നിയേക്കാം. എന്നാൽ ഇങ്ങനെ ഉള്ള അനേകം മുറിവുകൾ ഞാൻ നേരിട്ട് കണ്ടിട്ടും ചികിൽസിച്ചിട്ടുമുണ്ട്. എത്ര കഴുകിയാലും പലപ്പോഴും പഴുക്കാറുണ്ട് ഇത്തരം മുറിവുകൾ.
ഒരിക്കൽ ദേഹമാസകലം വെട്ടുകളുമായി ഒരു രോഗിയെ കൊണ്ട് വന്നിരുന്നു. ഒരു കൈപ്പത്തി പൂർണ്ണമായും അറ്റു പോയിരുന്നു. അറ്റുപോയ ഭാഗവും കൊണ്ടുവന്നിരുന്നു. ആ കൈ തിരിച്ചു പിടിപ്പിക്കാൻ സാധിച്ചു. എന്നാൽ കൈകളിലും കാലുകളിലും മൊത്തം വെട്ടായിരുന്നു. ആൾ മരിക്കരുത് – എന്നാൽ ആജീവനാന്തം കിടപ്പാവണം എന്ന ഉദ്ദേശത്തോടെ ഉള്ള ആക്രമണമാവണം.
കൈയിലും കാലിലും അഞ്ചു പത്തു സെന്റിമീറ്റർ ഇടവിട്ട് എല്ലു വരെ ആഴത്തിൽ ഉള്ള വെട്ടുകളാണ്. ഇങ്ങനെ മുറിവേല്പിച്ചാൽ ഞരമ്പുകൾ, വള്ളികൾ, പേശികൾ, രക്ത കുഴലുകൾ ഒന്നും തന്നെ നേരാം വണ്ണം കൂട്ടി യോജിപ്പിക്കാൻ കഴിയില്ല. ഒരു മുറി റിപ്പയർ ചെയ്യുമ്പോൾ ലേശം നീളം നഷ്ടമാവും. ഒരേ ഞരമ്പ് അല്ലെങ്കിൽ വള്ളി പല ലെവലുകളിലായി മുറിഞ്ഞിരിക്കുമ്പോൾ എല്ലാം തുന്നുമ്പോൾ നീളം തികയാതെ വരും. ഈ വസ്തുത അറിഞ്ഞിട്ടുള്ള ഒരു അഭ്യാസം ആണ് ഇത്.
അറിവ് എന്ത് രാക്ഷസീയം ആയ വിധത്തിൽ ഉപയോഗിക്കാം എന്ന് നോക്കൂ.
മറ്റൊരു അവസരത്തിൽ ഒരാളുടെ പത്തു വിരലുകളും വെട്ടി മാറ്റപ്പെട്ട നിലയിൽ കൊണ്ടുവന്നു. ഞങ്ങൾ മൂന്നു പ്ലാസ്റ്റിക് സർജൻമാർ ഇരുപത്തിനാലു മണിക്കൂറോളം ശസ്ത്രക്രിയ ചെയ്തിട്ടാണ് വിരലുകൾ തിരിച്ചു പിടിപ്പിച്ചത്. ഒരു വിരൽ മാത്രം പിന്നീട് നീക്കം ചെയ്യേണ്ടി വന്നു.
പ്ലാസ്റ്റിക് സർജറി എന്ന് പറയുമ്പോൾ സൗന്ദര്യ വർധക ശസ്ത്രക്രിയകൾ അടങ്ങുന്ന കോസ്മെറ്റിക് സർജറി മാത്രമേ ആളുകൾക്ക് ഓർമ്മ വരൂ. എന്നാൽ മിക്ക പ്ലാസ്റ്റിക് സർജന്മാരുടെയും എൺപതു തൊണ്ണൂറു ശതമാനം രോഗികളും കോസ്മെറ്റിക് സർജറിക്കായി വരുന്നവർ അല്ല.
അതീവ ചെറു രക്തക്കുഴലുകൾ, ഞരമ്പുകൾ തുടങ്ങിയ അവയവങ്ങൾ, അതി സൂക്ഷ്മ ഉപകരണങ്ങളുടെയും ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പിന്റെയും, തലമുടി നാരിനെക്കാൾ അനേകം മടങ്ങു ചെറിയ സൂചി നൂലുകളും ഉപയോഗിച്ച് റിപ്പയർ ചെയ്യുന്ന ശസ്ത്ര ക്രിയക്കാണ് മൈക്രോ സർജറി എന്ന് പറയുന്നത്. പ്ലാസ്റ്റിക് സർജൻമാർ ആണ് മൈക്രോസർജറി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മൈക്രോ സർജൻമാർ.
മൈക്രോ സർജറി പ്രധാനമായും ഉപയോഗിക്കുന്നത്:
✔️ ഹാൻഡ് സർജറി: അതായത് കൈ സംബന്ധമായ ശാസ്ത്ര ക്രിയകൾ. അപകടങ്ങൾ മാത്രം ആവണം എന്നില്ല . അതി സൂക്ഷ്മ ഞരമ്പുകൾ, വള്ളികൾ, രക്ത കുഴലുകൾ എന്നിവ തിങ്ങി നിറഞ്ഞിരിക്കുന്ന ഒരു അവയവം ആണ് കൈ. പ്ലാസ്റ്റിക് സർജൻമാർ കൂടാതെ രണ്ടോ അതിലധികമോ വര്ഷം പ്രത്യേക പരിശീലനം സിദ്ധിച്ച ഓർത്തോപീഡിക് സർജന്മാരും ചിലർ ഹാൻഡ് സർജൻ ആയി സേവനം അനുഷ്ഠിക്കാറുണ്ട്. അപകടങ്ങളിൽ മുറിഞ്ഞ കൈ ഞരമ്പുകൾ, വള്ളികൾ മുതലായവ തുന്നുകയും, കൈയിലെ തൊലി നഷ്ടമാകുന്ന അവസരങ്ങളിൽ തൊലിയും ദശയും പ്രദാനം ചെയ്യുകയും ചെയ്യാനായി പ്രത്യേക പരിശീലനവും മൈക്രോ സർജറിയും അത്യാവശ്യം ആണ്.
✔️ കൈ കാലുകളിലെ ഞരമ്പുകൾ, വള്ളികൾ എന്നിവ മുറിയുന്നത്, രക്ത കുഴലുകൾ എന്നിവക്കുണ്ടാകുന്ന ക്ഷതം മൂലം രക്ത ഓട്ടം തീരെ ഇല്ലാതെ വരുന്നത്, ഇതൊക്കെ മൈക്രോ സർജറി വേണ്ടി വരാൻ സാധ്യത ഉള്ള സന്ദർഭങ്ങൾ ആണ്. വലിയ രക്ത കുഴലുകൾ പരിശീലനം സിദ്ധിച്ച വാസ്കുലാർ സർജന്മാരും പ്ലാസ്റ്റിക് മൈക്രോ സർജന്മാരും ഓപ്പറേറ്റ് ചെയ്യാറുണ്ട്.
✔️ വിരലുകൾ, കൈപ്പത്തി, കാൽപത്തി, ചെവി, മൂക്ക്, ലിംഗം എന്ന് വേണ്ട, ഏതു ശരീര ഭാഗവും പൂർണമായി മുറിഞ്ഞു പോയാൽ, സൂക്ഷ്മ രക്ത കുഴലുകൾ തുന്നി ചേർക്കുന്ന മൈക്രോസർജറി തന്നെ വേണം അവയവം തിരിച്ചു പിടിപ്പിക്കാൻ. റീ പ്ളാന്റ്റേഷൻ എന്നാണു ഈ ശസ്ത്രക്രിയക്ക് പറയുന്ന പേര് .
✔️ പിന്നെ മൈക്രോസർജറി ഉപയോഗിക്കുന്നത് അപകടങ്ങൾ, കാൻസർ എന്നിവ മൂലം നഷ്ടപ്പെട്ടു പോയ, തൊലി, ദശ, പേശികൾ, എല്ല് തുടങ്ങിയവ ശരീരത്തിൻറെ ചില ഭാഗങ്ങളിൽ നിന്ന് എടുത്ത് നഷ്ടപ്പെട്ട ഭാഗത്തു പിടിപ്പിച്ചു ചെയ്യുന്ന പുനർനിർമാണ ശാസ്ത്ര ക്രിയകളിലാണ്. ഉദാഹരണത്തിന്, താടിയെല്ല് കാൻസർ ബാധിച്ചതിനാൽ എടുത്തു കളയേണ്ടി വന്നാൽ, കാലിന്റെ ഫിബുല എന്ന എല്ല് പെറോണിയൽ എന്ന രക്ത കുഴലുകൾ (ആർട്ടറിയും വെയ്നും) ചേർത്ത് എടുത്ത് മുഖത്തുള്ള രക്തക്കുഴലുകളുമായി യോജിപ്പിച്ചു, ആകൃതി ഏകദേശം താടിയെല്ല് പോലെ കൊത്തുപണി ചെയ്തു പുനർനിർമിക്കാൻ സാധിക്കും.
✔️ പലപ്പോഴും ചതഞ്ഞു പോയ ശരീര ഭാഗങ്ങൾ, അറ്റു തൂങ്ങിയ ശരീര ഭാഗങ്ങൾ, പെട്ടന്ന് കാലിലേക്കോ കയിലേക്കോ രക്ത ഓട്ടം പെട്ടന്ന് നിന്നതിന്റെ ലക്ഷണം ആയ മുഴുവനായ മരവിപ്പ് (കാലിനോ കൈയ്യിനോ ) എന്നിവ ഉള്ള രോഗികൾക്ക് മൈക്രോ സർജറി ആവശ്യമായി വന്നേക്കാം.
❓അറ്റുപോയ ശരീരഭാഗങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
? പൂർണമായും അറ്റ ഭാഗങ്ങൾ, ഒരു നനഞ്ഞ തുണിയിലോ പഞ്ഞിയിലോ പൊതിഞ്ഞു, ഒരു പ്ലാസ്റ്റിക് കവറിൽ ഇടണം. ഈ പ്ലാസ്റ്റിക് കവർ ഐസ് നിറച്ച ഒരു പാത്രത്തിൽ ഇട്ട് അടക്കണം. ഇങ്ങനെ ആണ് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ട് വരുന്ന കൂടെ കൊണ്ട് വരേണ്ടത്. ഐസ് നേരിട്ട് അവയവങ്ങളിൽ സ്പർശിക്കരുത്.
? ഇങ്ങനെ സൂക്ഷിച്ച വിരലുകൾ ഇരുപതു മണിക്കൂറുകൾക്ക് ശേഷം വരെ തിരിച്ചു പിടിപ്പിക്കാൻ ശ്രമിക്കാം. എന്നാൽ ഐസിൽ ഇങ്ങനെ സൂക്ഷിച്ചില്ലെങ്കിൽ, ഏതാനും മണിക്കൂറുകൾ കൊണ്ട് അവയവങ്ങൾ ഉപയോഗ ശൂന്യം ആകും. കൈപ്പത്തി, മുതലായ വലിയ ഭാഗങ്ങൾ ഇത്രയും നേരം ഇരിക്കില്ല. ഐസിൽ വച്ചാൽ പോലും ഒന്ന് രണ്ടു മണിക്കൂറിനുള്ളിൽ തന്നെ സൗകര്യം ഉള്ള ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കണം.
? എന്തായാലും എത്രയും പെട്ടന്ന് വേണ്ട സ്ഥലത്തു എത്തിക്കണം എന്ന് ചുരുക്കം.
? മൈക്രോസർജറി സൗകര്യം ഉള്ള ആശുപത്രി തൊട്ടടുത്ത് ഉണ്ടെങ്കിൽ ഐസ് ഒക്കെ നോക്കാൻ മിനക്കെടാതെ വെറും തുണിയിൽ പൊതിഞ്ഞും അവയവം ആശുപത്രിയിൽ എത്തിക്കാം. ഒരു അര മണിക്കൂറിനുള്ളിൽ തന്നെ ആശുപത്രിയിൽ എത്തിയിരിക്കണം എന്ന് മാത്രം.
❓വിജയ സാധ്യത
✔️ കത്തി, ചില കട്ടിങ് മെഷീനുകൾ എന്നിവ മൂലം മുറിഞ്ഞ ഭാഗങ്ങൾ തിരിച്ചു പിടിപ്പിച്ചാൽ എൺപതു ശതമാനത്തിനു മേലെ വിജയ സാധ്യത ഉണ്ട്.
✔️ ചതഞ്ഞു മുറിഞ്ഞാൽ വിജയ സാധ്യത കുറയും. ചിലപ്പോൾ തീരെ സാധ്യത ഇല്ലാതെ വരാനും മതി.
✔️ അവയവം, മുറിവ് എന്നിവ നോക്കി, പരിശീലനം സിദ്ധിച്ച ഒരു മൈക്രോ സർജന് ഏകദേശ സാധ്യത പറയാൻ പറ്റും.
❓എന്താണ് റീ പ്ലാന്റേഷൻ
✔️ മുറിഞ്ഞു പോയ അവയവം അങ്ങനെ തന്നെ തിരിച്ചു പിടിപ്പിക്കുന്നത് റീ പ്ലാൻറ്റേഷൻ. ഇത് 1980 കൾ മുതൽ ഇന്ത്യയിൽ പല സ്ഥലത്തും ധാരാളം ചെയ്തു തുടങ്ങിയത് ആണ്.
❓എന്താണ് ഹാൻഡ് ട്രാൻസ്പ്ലാൻ
മസ്തിഷ്ക മരണം സംഭവിച്ച ഒരു മൃത ശരീരത്തിൽ നിന്നും കൈകൾ നഷ്ടപ്പെട്ടു പല നാൾ ആയ ഒരു രോഗിക്ക് കൈകൾ എടുത്തു മാറ്റി വച്ച് കൊടുക്കുന്നതിനു ആണ് ട്രാൻസ്പ്ലാനറ്റേഷൻ എന്ന് പറയുന്നത്. രണ്ടു കൈകളും നഷ്ടപ്പെട്ട ആളുകൾക്കേ സാധാരണ ഇത് ചെയ്യാറുള്ളൂ.
ആകെ നാല് ഹാന്റ് ട്രാൻസ്പ്ലാന്റേഷൻ സർജറികളേ ഇന്ത്യയിൽ ആകെ ചെയ്തിട്ടുള്ളു. കൈ ഇല്ലാത്ത എല്ലാവർക്കും ചെയ്യാവുന്ന ഒന്നല്ല ഇത്. പൊയ്കൈകൾ നന്നായി വികസിച്ച ഇക്കാലത്താ സൂക്ഷിച്ചു, വളരെ ആലോചിച്ചു മാത്രമേ ചെയ്യാൻ പാടുള്ളു.
മറ്റുള്ള ഒരാളുടെ അവയവങ്ങൾ പുറം തള്ളാൻ ശരീരം ശ്രമിക്കും. ഇത് തടയാൻ ജീവിതം മൊത്തം വലിയ അളവിൽ, വലിയ പാർശ്വ ഫല സാധ്യത ഉള്ള മരുന്നുകൾ കഴിക്കേണ്ടി വരും. എങ്കിലും വളരെ സൂക്ഷിച്ചും വരും വരായ്കകൾ മനസ്സിലാക്കിയും തിരഞ്ഞെടുത്ത ചില രോഗികളിൽ ഈ ശസ്ത്രക്രിയ ചെയ്യാവുന്നതാണെന്നാണ് ലോകം എങ്ങും വിദഗ്ധ അഭിപ്രായം.