· 6 മിനിറ്റ് വായന

തലയിലിരിക്കേണ്ടത് തലയിലിരുന്നില്ലെങ്കിൽ

Disaster ManagementEmergency MedicineFirst Aidആരോഗ്യ അവബോധം

വിവാഹിതനായിട്ട് അധികനാളാവാത്ത യുവാവാണ്. ഒരു സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥൻ. എല്ലാരീതിയിലും ഉത്തരവാദിത്വത്തോടെ ജീവിക്കുന്ന ഒരു പൗരൻ എന്നേ വിശേഷിപ്പിക്കാനാവുകയുള്ളൂ. നിയമങ്ങൾ എല്ലാം വ്യക്തമായി പാലിക്കുന്നയാൾ. ബൈക്ക് ഓടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഹെൽമറ്റ് ധരിക്കാതെ ഒരു കിലോമീറ്റർ പോലും സഞ്ചരിക്കില്ലായിരുന്നു. അമിതവേഗതയിൽ ബൈക്കോടിക്കുകയുമില്ല. അന്നും അങ്ങനെ തന്നെയായിരുന്നു യാത്ര. ഒരേയൊരു കുഴപ്പം മാത്രം, ചിൻസ്ട്രാപ്പ് ധരിക്കുന്ന ശീലമില്ലാത്ത ആളാണ്.

സ്വന്തം തെറ്റ് കൊണ്ടല്ലാതെ ഉണ്ടായ അപകടമാണ്. എതിർ വശത്ത് നിന്നും വന്ന ബസ്സിനെ മറ്റൊരു വണ്ടി ഓവർടേക്ക് ചെയ്ത് വന്നപ്പോൾ ബൈക്ക് റോഡിൽ നിന്നും വെട്ടിച്ചു മാറ്റേണ്ടിവന്നു. റോഡിലെ കട്ടിങ്ങിൽ ബൈക്ക് മറിഞ്ഞു. അതിനൊപ്പം തന്നെ ഹെൽമറ്റ് തെറിച്ചുപോവുകയും ചെയ്തു.

റോഡിന് സൈഡിൽ ഉള്ള കല്ലിൽ തലയിടിച്ചാണ് വീണത്. മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗം ഐസിയുവിൽ 4 ദിവസം കിടന്നു. തലയോട്ടി തുളച്ച് ഉള്ളിൽ കെട്ടിക്കിടന്ന കട്ടപിടിച്ച രക്തം പുറത്തെടുക്കുകയും ചെയ്തു. പക്ഷേ തലച്ചോറിനേറ്റ പരിക്ക് ഗുരുതരമായിരുന്നു. തലയോട്ടിയുടെ ഇടതുവശത്തും അടിവശത്തും പൊട്ടല്ലുണ്ടിയിരുന്നു. മസ്തിഷ്ക്കത്തിന്റെ വലതുഭാഗത്ത് രക്തസ്രാവവും ചതവും ഉണ്ടായിരുന്നു. പരിക്കുകളുടെ കാഠിന്യത്താൽ അഞ്ചാംദിവസം ആൾ മരിച്ചു.

ഇത് കേരളത്തിൽ ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിൽ ഒരു വർഷം ശരാശരി നാലായിരത്തോളം പേർ റോഡപകടങ്ങളിൽ മരണമടയുന്നുണ്ട്. അതിൽ 1300 ലധികം പേരും മരണപ്പെടുന്നത് ഇരുചക്രവാഹന അപകടങ്ങളിലാണ്. കേരളത്തിൽ ഓരോ വർഷവും റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കുപറ്റുന്നവരുടെ എണ്ണം 42000 വരും. ഇതിൽ 11000 പേർക്കും ഗുരുതരമായ പരിക്കുകൾ പറ്റുന്നത് ഇരുചക്രവാഹന അപകടങ്ങളിലാണ്.

തലയ്ക്കും മസ്തിഷ്കത്തിനും ഏൽക്കുന്ന പരിക്കുമൂലമാണ് ഇരുചക്രവാഹനാപകടങ്ങളിൽ പെടുന്ന ബഹുഭൂരിപക്ഷം പേരും മരണമടയുന്നത്. ഇതിന് ഒരു പരിധി വരെ തടയിടാൻ സാധിക്കുന്ന സംവിധാനമാണ് ഹെൽമറ്റ് ഉപയോഗം.

ഇരുചക്ര വാഹനം ഓടിക്കുന്നവര് ഹെല്മെറ്റ്‌ ധരിക്കണം എന്ന നിയമം കൂടുതല്കര്ശനമാക്കി നടപ്പാക്കിയപ്പോള് മാത്രം ഹെല്മെറ്റ്‌ എന്ന ശിരോ ആവരണം ധരിച്ചവര് ആണ് നമ്മളിൽ പലരും. ഇന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കിയോ സ്വയരക്ഷയെ കരുതിയോ അല്ല, പകരം പോലീസ് പിഴ അടയ്ക്കാന് നിര്ദ്ദേശിക്കുന്നത് ഒഴിവാക്കാന് ആണ്പലരും ഹെല്മെറ്റ്‌ ധരിക്കുന്നത്!

പലരും വാഹനത്തിന്റെ പല ഭാഗങ്ങളില് ഹെല്മെറ്റ്‌ തൂക്കി ഇടുകയോ കൂടെ ഇരിക്കുന്നവരുടെ കയ്യില് ഏല്പ്പിക്കുകയോ ചെയ്തിട്ട് നഗരപരിധി എത്തുമ്പോള്“കിരീട ധാരണം” നടത്തുകയും ചെയ്യുന്നത് കാണാറുണ്ട്. ചിലര് വാഹനം നിര്ത്താന് പോലും സമയം കണ്ടെത്താതെ ഓടുന്ന വാഹനത്തില് ഇരുന്നു ഈ പ്രക്രിയയ്ക്ക് വിധേയമാവുന്ന വിചിത്ര കാഴ്ചയും വിരളമല്ല.

?️ ഇരുചക്ര വാഹനയാത്രയില് ഹെല്മെറ്റിന്റെ പ്രാധാന്യം ?

? ഇരുചക്ര വാഹന യാത്രികര് മാരകമായ വാഹന അപകടങ്ങളില്പെടുന്നതിനുള്ള സാധ്യത ഏറെയാണ്. ഇരുചക്ര അപകടങ്ങളില് ഏറ്റവും സാധാരണമായ പരിക്ക് തലയ്ക്കു ഏല്ക്കുന്ന പരിക്ക് (Head Injury) ആണ്. മരണകാരണമാവുന്ന പരിക്കുകളില് അമ്പതു ശതമാനത്തിലധികവും ഹെഡ് ഇഞ്ച്വറി മൂലം ഉള്ളതാണ്. മനുഷ്യ ശരീരത്തിന്റെ ജൈവീക പ്രവര്ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രമായ തലച്ചോര് ഉള്പ്പെടെ ഉള്ള പ്രധാന അവയവങ്ങള് പേറുന്ന ഭാഗം ആണ് ശിരസ്സ്‌. തലയ്ക്കും കഴുത്തിനും മുഖത്തിനും ഉണ്ടാവുന്ന പരുക്കുകള്മരണത്തിനും രോഗാതുരതയ്ക്കും കാരണമാവാന് സാധ്യതയേറെയാണ്. ഇത്തരം അപകടങ്ങളില് ഹെല്മെറ്റ് ശരിയായ രീതിയില് ധരിച്ചാല് തലയ്ക്കു ഉണ്ടാവുന്ന പരുക്ക് 69% കണ്ടും മരണ സാധ്യത 42% ത്തോളവും കുറയും എന്നാണ് പഠനങ്ങള് സൂചിപ്പിക്കുന്നത്.

⛑️ എന്താണ് ഹെല്മെറ്റ്‌ ?

✔️ഹെല്മെറ്റ്‌ പല വിധം ഉണ്ടെങ്കിലും (ഉദാ: പോലീസുകാര്, റേസിംഗ് വാഹനങ്ങളില്, സ്പോര്ട്സില്, അപകട സാധ്യത ഉള്ള ജോലികള് ചെയ്യുന്നവര്തുടങ്ങിയവര് ഉപയോഗിക്കുന്ന വിവിധയിനം) ഇരുചക്ര മോട്ടോര് വാഹന യാത്രികര് ശിരസ്സില് ധരിക്കേണ്ട സുരക്ഷാ ആവരണം അഥവാ മോട്ടോര്സൈക്കിള് ഹെല്മെറ്റ്‌ ആണ് ഇവിടെ പ്രതിപാദ്യ വിഷയം.

⛑️ ഹെല്മെറ്റിന്റെ പ്രാഥമികമായ ഉപയോഗം ?

✔️ഏതെങ്കിലും വസ്തുവുമായി കൂട്ടിമുട്ടുന്ന സമയത്ത് വാഹനത്തില് സഞ്ചരിക്കുന്ന ആളുടെ ശിരസ്സിനു ഉണ്ടായേക്കാവുന്ന ക്ഷതം തടയുകയോ/കുറയ്ക്കുകയോ ചെയ്യുന്ന സുരക്ഷാ ആവരണം ആയി പ്രവര്ത്തിക്കുകയും അതിലൂടെ വാഹനത്തില്സഞ്ചരിക്കുന്ന ആളുടെ പരുക്കുകള് കുറയ്ക്കുകയും അതിലൂടെ രോഗാതുരത കുറയ്ക്കുകയും ജീവന് തന്നെ സംരക്ഷിക്കുകയോ ആണ് ഹെല്മെറ്റിന്റെ പ്രാഥമികമായ ധര്മ്മം.

⛑️ ഹെല്മെറ്റ്‌ കൊണ്ടുള്ള മറ്റു പ്രയോജനങ്ങള് ?

✔️മുഖാവരണം ഉള്ള ഹെല്മെറ്റ്‌ മുഖ ഭാഗങ്ങള്ക്ക് കൂടി സംരക്ഷണം നല്കുന്നു. മുഖത്തും പ്രത്യേകിച്ച് കണ്ണിലും മഴ വെള്ളം, കാറ്റ്, പൊടിപടലങ്ങള്, പ്രാണികള്എന്നിവ നേരിട്ട് പതിക്കുന്നത് പ്രതിരോധിക്കുന്നു.

✔️ഗ്ലെയര് അടിക്കുന്നതില് നിന്ന് സംരക്ഷിക്കുന്നു.

✔️ചെവികളെ മൂടി ചെവിക്കുള്ളില് കാറ്റ് കടക്കുന്നതില് നിന്നും തടയുന്നു.

✔️ചില ഹെല്മറ്റുകള് അതിനുള്ളിലെ വായൂ സഞ്ചാരം കൃത്യമായി ക്രമീകരിക്കുന്നു.

✔️വെയിലടിക്കുന്നതും ത്വക്കില് സൂര്യാഘതത്തിന്റെ പ്രഭാവം ഉണ്ടാവുന്നതും കുറയ്ക്കുന്നു.

⛑️ഹെല്മെറ്റ്‌ ധരിക്കുന്നതും ആയി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളും അറിവുകളും:

✔️സാധാരണ ആരോഗ്യമുള്ള ഒരാളില് ഹെല്മെറ്റ്‌ ധരിക്കുന്നത് പ്രത്യേകിച്ച് ഒരു ആരോഗ്യ പ്രശ്നങ്ങള്ക്കും കാരണമാവില്ല.

✔️ഹെല്മെറ്റിന്റെ ഭാരം മൂലം അപകടത്തില് കൂടുതല് പരുക്കുകള് ഉണ്ടാവാം എന്നത് അബദ്ധ ധാരണയാണ്.

✔️തലച്ചോറിന്റെ പരുക്കുകള് മാത്രമല്ല, നട്ടെല്ലിനും അതിനുള്ളിലെ സുഷുമ്ന നാഡിക്കുള്ള പരിക്കുകളും കുറയ്ക്കാന് ഹെല്മെറ്റ്‌ ഉതകുന്നു.

✔️ഹെല്മെറ്റ്‌ ധരിക്കുന്നത് കാഴ്ച്ചയെ തടസ്സപ്പെടുത്തും എന്നത് തെറ്റായ ധാരണയാണ്. വാഹനം ഓടിക്കുന്നതിനാവശ്യമായ വിഷ്വല് ഫീല്ഡ് ഹെല്മെറ്റ്‌ മൂലം തടസ്സപ്പെടുന്നില്ല എന്നതാണ് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുത.

✔️ഹെല്മെറ്റ്‌ ധരിക്കുന്നത് കേള്വിയെ ബാധിക്കും എന്നതും തെറ്റായ ധാരണയാണ്.

✔️ഹെല്മെറ്റ്‌ ധരിക്കുന്നത് ശബ്ദ കോലാഹലം കുറയ്ക്കും. എന്നാല് സ്വരഭേദങ്ങള്വേര് തിരിച്ചു അറിയാനുള്ള ചെവിയുടെ പ്രവര്ത്തനത്തെ ഹെല്മെറ്റ്‌ തടസ്സപ്പെടുത്തുന്നില്ല, ആയതിനാല് വാഹനം ഓടിക്കുന്ന ആള് കേള്ക്കേണ്ട ശബ്ദങ്ങള് കേള്ക്കാനും തിരിച്ചറിയാനും ഹെല്മെറ്റ്‌ തടസ്സമാവുന്നില്ല.

✔️ചെറിയ ദൂരം സഞ്ചരിക്കുമ്പോള് ഹെല്മെറ്റ്‌ ഉപയോഗിക്കേണ്ടതില്ല എന്ന് ചിലര് കരുതുന്നത് അബദ്ധമാണ്. വാഹനം ഉപയോഗിക്കുന്ന ഏതൊരു അവസരത്തിലും അപകടം ഉണ്ടായേക്കാം ആയതിനാല് മുന്കരുതല്എല്ലായ്പ്പോഴും ആവശ്യമാണ്.

✔️ഹെൽമറ്റ് ധരിക്കുന്നവരിൽ മുടികൊഴിച്ചിൽ കൂടും എന്നുള്ളതും തെറ്റായ ധാരണയാണ്. മുടികൊഴിച്ചിൽ ഉള്ളവർ ഇറുകിയ ഹെൽമെറ്റ് ധരിച്ചാൽ ചിലപ്പോളത് കൂടാം എന്നുള്ളതല്ലാതെ ഹെൽമറ്റ് ധരിക്കുന്നത് കൊണ്ട് ഒരിക്കലും മുടികൊഴിച്ചിൽ ആരംഭിക്കുകയില്ല.

⛑️ ഹെല്മെറ്റ്‌ തിരഞ്ഞെടുക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്:

ശരിയായ ഹെല്മെറ്റ്‌ തിരഞ്ഞെടുക്കുക ആണ് പ്രാഥമിക നടപടി. ഭൂരിഭാഗം പേരും ഹെൽമെറ്റ് ധരിക്കുന്നത് പോലീസ് നടപടി ഒഴിവാക്കാൻ വേണ്ടി മാത്രമാണ്. എന്നാല് ശരിയായ ഹെല്മെറ്റ്‌ ധരിക്കാതിരിക്കുന്നതും അത് പോലെ തന്നെ ശരിയായ രീതിയില് ഹെല്മെറ്റ്‌ ധരിക്കാതിരിക്കുന്നതും പരുക്കുകള് പറ്റാന്ഉള്ള സാധ്യത കൂട്ടുന്നു.

ഗുണ നിലവാരം ഉള്ള ഹെല്മെറ്റ്‌ തന്നെ വാങ്ങുന്നതില് പ്രത്യേക നിഷ്കര്ഷ പുലര്ത്തണം. ഐ എസ് ഐ -IS 4151 ആണ് ഇന്ത്യയിലെ നിശ്ചിത സ്റ്റാന്ഡേര്ഡ്.

വഴിയരികിലും മറ്റും വില്ക്കുന്ന വില കുറഞ്ഞ തരം ഹെല്മെറ്റുകള് വാങ്ങി ഉപയോഗിക്കുന്നത് പ്രയോജനകരമല്ല. മോശമായ ഹെല്മെറ്റ്‌ പരുക്കുകളെ തടയുന്നതില് പരാജയപ്പെടുക മാത്രമല്ല ചിലപ്പോള് ഇവയുടെ ഭാഗങ്ങള് പൊട്ടി കണ്ണിലോ മുഖത്തോ ഒക്കെ തുളച്ചു കയറുകയും ചെയ്യാം.

യാതൊരു കാരണവശാലും സെക്കന്റ് ഹാന്ഡ് ഹെല്മറ്റ് വാങ്ങരുത്. കാരണം അത് മുന്പ് അപകടത്തിനു ഇടയാവുകയോ, Ultra Violet degradation സംഭവിക്കുകയോ ഒക്കെ ചെയ്ത ഗുണ നിലവാരം കുറഞ്ഞ ഒന്നാവാം. അപകടത്തിനിടയായ ഹെല്മെറ്റ്‌ ചിലപ്പോള് പുറമേ നിന്ന് കണ്ടാല്തിരിച്ചറിയാനാവണം എന്നില്ല, എന്നാല് ഉള്ളിലെ ലൈനര് സംരക്ഷണം കേടു പറ്റി ഉപയോഗശൂന്യമാകാൻ സാധ്യതയുണ്ട്.

⛑️ ആകൃതി അനുസരിച്ച് പല തരം ഹെല്മെറ്റ്‌ ഉള്ളതില് ഏതു തിരഞ്ഞെടുക്കണം?

പൂര്ണ്ണ മുഖാവരണം ഉള്ള ഹെല്മെറ്റ്‌ ആണ് ഏറ്റവും സുരക്ഷിതം. അതോടൊപ്പം ശബ്ദകോലാഹലം കുറയ്ക്കാനും വായു പ്രതിരോധം കുറയ്ക്കാനും ഉള്ളിലെ വായു സഞ്ചാരം ക്രമീകരിക്കാനും ഉള്ള പ്രത്യേകതകള് ഇവയുടെ അധിക യോഗ്യതകളായി കണക്കാക്കാം.

35% ത്തോളം അപകടങ്ങളിൽ താടി ഭാഗത്തിന് ക്ഷതം ഉണ്ടാക്കുന്നു എന്നാണ് കണക്കുകള്. മുന്വശം കവര് ചെയ്യാത്ത Open face ഹെല്മെറ്റ്‌ സ്വാഭാവികമായും താരതമ്യേന കുറഞ്ഞ സംരക്ഷണം ആണ് പ്രദാനം ചെയ്യുന്നത്.

പലരും ഉപയോഗിക്കുന്ന ഹാഫ് ഹെല്മെറ്റ്‌ യഥാര്ഥത്തില് മോട്ടോര് വാഹന യാത്രയില് സുരക്ഷ പ്രദാനം ചെയ്യാന് ഉദ്ദേശിച്ചുള്ളതല്ല. നിയമത്തില് നിന്ന് പരിരക്ഷ കിട്ടാന് വേണ്ടി ചിലര് വഴിപാടു പോലെ ഉപയോഗിക്കുന്ന ചട്ടി കമിഴ്ത്തിയത് പോലുള്ള ആകൃതിയുള്ള ഇത്തരം ഹെല്മെറ്റുകള് തലയോടിനെ വെയില് അടിക്കുന്നതില് നിന്ന് സംരക്ഷിക്കുക മാത്രമാണ് ചെയ്യുക. കൂടിപ്പോയാല്പുറമേ ഉരസല് മൂലമുള്ള പരുക്ക് തടഞ്ഞേക്കാം, എന്നാല് തലയോടിനും മസ്തിഷ്കത്തിനും ഒക്കെ ഉണ്ടായേക്കാവുന്ന ഗുരുതരമായ ആഘാതം തടയാനുള്ള ശേഷിയുണ്ടാവില്ല.

⛑️ ഹെല്മെറ്റിന്റെ നിറം ?

ഇരുണ്ട നിറങ്ങളെക്കാള് ഇളം നിറമുള്ള ഹെല്മെറ്റ്‌ ധരിക്കുന്നത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്മാര്ക്ക് കൂടുതൽ ദൃശ്യ ഗോചരമാക്കുന്നു. ആയതിനാല്തന്നെ അത് അപകട സാധ്യത തന്നെ കുറയ്ക്കുന്നു. (high visibility clothing ഉം ഇത്തരത്തില് ഉപകാരപ്പെടും)

ഹെല്മെറ്റിന്റെ വലിപ്പം ഒരു വ്യക്തിയുടെ തലയുടെ വലിപ്പത്തിനനുസരിച്ച് വെച്ച് നോക്കി തിരഞ്ഞെടുക്കേണ്ടതാണ്. അമിതമായി അയഞ്ഞിരിക്കുന്ന ഹെല്മെറ്റ്‌ ആഘാതം ഉണ്ടാവുന്ന സമയത്ത് ചലിക്കും എന്നതിനാല്ഉദ്ദേശിക്കുന്ന സംരക്ഷണം നല്കാതെ പോയേക്കാം. ആയതിനാല്അനുയോജ്യമായ സൈസ് നോക്കി തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്.

⛑️ ഹെല്മെറ്റ്‌ ഉപയോഗിക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്:

✴️ഹെല്മെറ്റ്‌ന്റെ സ്ട്രാപ് ധരിക്കാതെ ഉപയോഗിച്ചാല് അപകടം നടക്കുന്ന സമയത്ത് ഹെല്മെറ്റ്‌ ഊരി തെറിച്ചു പോവുകയും അത് കൊണ്ട് തന്നെ ഉദ്ദേശിച്ച ഫലം ഉണ്ടാവാതെ പോവുകയും ചെയ്യാം. സ്ട്രാപ് കൃത്യമായി മുറുക്കി ഹെല്മെറ്റിന് സ്ഥാനഭ്രംശം ഉണ്ടാക്കാത്ത രീതിയില് ധരിക്കേണ്ടത് വളരെ പ്രധാനമാണ്.

✴️ഒരിക്കല് കാര്യമായ ഒരു ക്ഷതമേറ്റാല് ഹെൽമെറ്റിന്റെ പ്രവര്ത്തന ക്ഷമത കുറയും. അതിനാല് അങ്ങനെ ഉള്ള അവസരങ്ങളില് പുതിയത് ഉപയോഗിച്ച് തുടങ്ങണം. വലിയ ക്ഷതം ഉണ്ടാകുന്ന ചില അവസരങ്ങളിൽ എങ്കിലും ഹെല്മെറ്റിനു പുറമേ ലക്ഷണങ്ങള് ഉണ്ടാവില്ല, എന്നാല് അകമേ പ്രതിരോധ സംവിധാനങ്ങളുടെ പ്രവര്ത്തന ക്ഷമത കുറഞ്ഞിട്ടുണ്ടാവാം.

✴️ഒരു ഹെല്മെറ്റ്‌ പലര് മാറി മാറി ഉപയോഗിക്കുന്നത് നല്ലതല്ല. തലയുടെ വലിപ്പ വത്യാസത്തിനനുസരിച്ച് ഹെല്മെറ്റ്‌ വികസിക്കുകയും/അകമേ ഉള്ള സംരക്ഷണ ഫോം ചുരുങ്ങുകയും ചെയ്ത്, ചിലരില് എളുപ്പം ഊരിപ്പോവുന്ന അവസ്ഥയില് ആവുകയും ചെയ്യാം.

✴️സാധാരണഗതിയില് ഒരു ഹെല്മെറ്റിന് ഏകദേശം അഞ്ചു വർഷം ആണ് ആയുസ്സ്. എന്നാല് നിരന്തരം ഉപയോഗിക്കുന്നു എങ്കില് മൂന്നു വർഷം കഴിയുമ്പോള്മാറ്റുന്നതാണ് നന്ന്‌.

✴️കൃത്യമായ വലിപ്പം – അതായത് അമിത മുറുക്കമോ അയവോ ഇല്ലാത്ത രീതിയില് ഉചിതമായ വലിപ്പത്തില് ഉള്ള ഹെല്മെറ്റ്‌ ധരിക്കണം. അല്ലെങ്കില്അപകട സമയത്തുള്ള അമിത വേഗതയില് ഹെല്മെറ്റിന് സ്ഥാന ഭ്രംശം സംഭവിക്കാം.

⛑️ ഹെല്മെറ്റ്‌ പ്രവര്ത്തിക്കുന്നത് എങ്ങനെ?

ആധുനിക ഹെല്മെറ്റുകള്ക്ക് പൊതുവില് രണ്ടു സംരക്ഷണ ഘടകങ്ങള്ആണുള്ളത്. കട്ടിയുള്ളതും എന്നാല് അധികം കനം ഇല്ലാത്തതും ആയ പുറമേ ഉള്ള ഷെല് (സാധാരണ ഗതിയില് ഇത് പോളികാര്ബൊണറ്റ് /ഫൈബര് ഗ്ലാസ്‌ അല്ലെങ്കിൽ കെവ്ലാര് കൊണ്ടായിരിക്കും നിര്മ്മിക്കപ്പെട്ടിരിക്കുക). അകമേ ഉള്ള ഇന്നര് ലൈനിംഗ് അല്പം മൃദുവായ എക്സ്പാന്റഡ് പോളിസ്റ്റെറിന് അല്ലെങ്കില്പോളി പ്രോപ്പെലിന് (Expanded Polystyrene foam), ഇ പി എസ് ഫോം ആയിരിക്കും.

തലയോട്ടി പൊട്ടുന്നത് തടയാനാണ് ഹെല്മെറ്റ്‌ എന്നൊരു ധാരണയായിരിക്കും പലരുടെയും മനസ്സിലേക്ക് വരുക. എന്നാല് തലയോട്ടിയിൽ പൊട്ടല് മാത്രമാണ് ഉണ്ടാവുന്നതെങ്കില് അതത്ര ഗുരുതരമല്ല. മസ്തിഷ്കത്തിനുണ്ടാവുന്ന പരുക്കാണ് ഗുരുതരാവസ്ഥ സൃഷ്ടിക്കുക. ആയതിനാല് ഹെല്മെറ്റിന്റെ പ്രാഥമിക ധര്മ്മം തലച്ചോറിന് ഉണ്ടാവുന്ന പരുക്കുകള് കുറയ്ക്കുക എന്നതാണ് തലയോടിനും മുഖത്തിനും ഉണ്ടാവുന്ന പരുക്കുകള് രണ്ടാമത്തെ പരിഗണനാ വിഷയം മാത്രമാണ്.

പ്രാഥമിക ക്ഷതം എൽക്കുന്നിടത്ത് ആഘാതം സ്വീകരിച്ചു അപഭ്രംശം സംഭവിക്കുന്നതിലൂടെ ആഘാതം ശിരസ്സിലേക്ക് എത്തുന്നത് കുറയ്ക്കുന്നു.

പുറമേ ഉള്ള ഷെല് കൂര്ത്ത വസ്തുക്കള് ഉള്ളിലേക്ക് തുളച്ചു കയറുന്നതിനെ പരമാവധി പ്രതിരോധിക്കുകയും, അകമേ ഉള്ള ഇന്നര് ലൈനര് ആഘാതത്തിന്റെ ഭാഗമായി വിഘടിച്ചു പോവുന്നത് തടയുകയും ചെയ്യുന്നു.

ഇന്നര് ലൈനറിന്റെ ഉപയോഗം – ആഘാതത്തിന്റെ സമയത്ത് സ്വയം ഞെരുങ്ങി ഹെല്മെറ്റ്‌ നുള്ളില് ശിരസ്സിനുള്ള ആഘാതം കുറയ്ക്കുക.

സാധാരണ ആയി ഇത്തരം അപകടങ്ങളില് ക്ലോസ്ഡ് ബ്രെയിന് ഇഞ്ച്വറി ആണുണ്ടാവുക. ഇതിനു കാരണമാവുന്നത് അമിത വേഗതയില് ഉലച്ചില്ഉണ്ടാവുന്ന തലയോട്ടിക്കുള്ളില് തലച്ചോറിനുണ്ടാവുന്ന ക്ഷതമാണ്. ഇതോടൊപ്പം തലച്ചോറിലെ വിവിധ ഭാഗങ്ങള്ക്ക് ഇടയിലുള്ള രക്തക്കുഴലുകള് പൊട്ടാന്സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല് മാരകമായ ആന്തരിക രക്ത സ്രാവം ഉണ്ടാവനിടയുണ്ട്.

മാതൃകാപരമായ രീതിയില് നിര്മ്മിച്ച ഹെല്മെറ്റിന്റെ ഇന്നര് ലൈനര് മുന്നോട്ടു ചലിക്കുന്ന ശിരസ്സിന്റെ വേഗത സുഗമമായി ക്രമാനുഗതമായി കുറയ്ക്കാന്ഉതകുന്നതായിരിക്കണം.

നിശ്ചിത സ്പീഡ് അനുസരിച്ച് പ്രവര്ത്തിക്കാന് ഉതകുന്ന രീതിയില് ആണ് ഹെല്മെറ്റുകള് നിര്മ്മിച്ചിരിക്കുന്നത്. അതിനാല് അമിത വേഗതയില് ഉണ്ടാവുന്ന ആഘാതത്തില് ഹെല്മെറ്റിന്റെ പ്രവര്ത്തന ക്ഷമതയും കുറഞ്ഞേക്കാം.

ഹൈക്കോടതിയുടെ നിര്ദ്ദേശപ്രകാരം ഹെല്മെറ്റ്‌ ധരിക്കുന്നത് കര്ശനമായി നടപ്പിലാക്കാന് പോലീസ് എടുത്ത നടപടികളെ തുടര്ന്ന് ആശുപത്രികളിൽ തലയ്ക്കു പരുക്കുമായി എത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

എങ്കിലും നിലവിലും വലിയൊരു ശതമാനം ആളുകളും ശരിയായ രീതിയില്ഹെല്മെറ്റ്‌ ഉപയോഗിക്കുന്നില്ല എന്നതും ഒരു യാഥാര്ത്ഥ്യമാണ്.

ഹെല്മെറ്റിനെ കുറിച്ച് പലവിധ ആവലാതികളും പറയുന്നവരുണ്ട്. എന്നാല്ഇതില് ഭൂരിഭാഗവും പ്രത്യേകിച്ച് കഴമ്പില്ലാത്ത വ്യക്തിഗത നിരീക്ഷണങ്ങള്മാത്രമാണ്. ഹെല്മെറ്റ്‌ ഉപയോഗിക്കാതിരുന്നാല് ഉണ്ടാവുന്ന അപകട സാധ്യതകളുമായി തുലനം ചെയ്യുമ്പോള് അത് ഉപയോഗിക്കുമ്പോള് ചിലര്ക്ക് ഉണ്ടാവുന്ന അസ്വസ്ഥകള് നിസ്സാരമാണ്.

ഒരു കാര്യം കൂടി ഓർക്കേണ്ടതുണ്ട്. മുകളിലെഴുതിയ കാര്യങ്ങളെല്ലാം ബൈക്ക് ഓടിക്കുന്നവർക്ക് മാത്രമല്ല പിന്നിലിരിക്കുന്നവർക്കും ബാധകമാണ്. ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവരും ഹെൽമറ്റ് ധരിക്കണം.

ജീവനോളം/ആരോഗ്യത്തോളം വില മറ്റൊന്നിനും ഇല്ലെന്നത് മനസ്സിലാക്കി സ്വമേധയാ ഹെല്മെറ്റ്‌ ശീലമാക്കാന് ഓരോ ഇരുചക്രവാഹന യാത്രികരും തീരുമാനം എടുക്കണം.

ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ