· 5 മിനിറ്റ് വായന

നെഞ്ച് വേദനിക്കുമ്പോൾ

CardiologyEmergency MedicineFirst Aidആരോഗ്യ അവബോധംസുരക്ഷ

നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം എന്നൊക്കെയാണ് പാട്ടിലെങ്കിലും നെഞ്ചിൽ വേദന വന്നാൽ ആകെ കുഴപ്പം പിടിച്ച സംഭവമാകും. അത്യാഹിത വിഭാഗത്തിലൊക്കെ അസമയത്ത് എത്തുന്ന രോഗികളിൽ നല്ലൊരു ശതമാനവും നെഞ്ച് വേദനക്കാരാണ്. ജീവിതത്തിലെപ്പോഴെങ്കിലും നെഞ്ചുവേദന വരാത്തവർ വിരളമാണ്. മിക്കപ്പോഴും ഭയപ്പെടേണ്ടതല്ലാത്ത കാരണങ്ങൾ കൊണ്ടാണ് ഇത് ഉണ്ടാവുന്നതെങ്കിലും അവഗണിക്കാനാൻ പാടില്ലാത്ത ഒന്നാണ് നെഞ്ചുവേദന.

*എന്തു കൊണ്ട് നെഞ്ച് വേദന *

നെഞ്ച് വേദന അസ്വസ്ഥപ്പെടുത്തുന്നതെങ്കിലും മിക്കപ്പോഴും ഗുരുതരമോ ജീവഹാനികരമോ ആയ കാരണം കൊണ്ടാവില്ല. അപകടം പിടിച്ചവയെ പരിചയപ്പെടും മുമ്പ് നമുക്ക് അവയെ പരിചയപ്പെടാം. ഓർത്തിരിക്കാൻ എളുപ്പത്തിന് ‘പ’ എന്ന അക്ഷരത്തിലൂടെ ഈ ‘പെയ്നെ’ നമുക്ക് പരിചയപ്പെടാം .

  1. പേശി സംബന്ധമായവ- നെഞ്ചിൻ കൂടിലെയും പുറകിലെയും, പേശികളുടെയും അസ്ഥി, ആവരണങ്ങളുടെയും വേദന. സാധാരണമായ ഒന്നാണിത്. പേശി എന്ന് ഓർക്കാൻ എളുപ്പത്തിന് തലക്കെട്ടിട്ടെങ്കിലും നെഞ്ചിൻ കൂടിലെ വാരിയെല്ലുകൾ, തരുണാസ്ഥി (കാർട്ടിലേജ് ) മുതലായവയിൽ ഉണ്ടാവുന്ന നീർക്കെട്ട് -Costochondritis (അഴിച്ചെടുത്ത് നോക്കിയാൽ Costa എന്നത് മെഡിക്കൽ വ്യവഹാരത്തിൽ വാരിയെല്ലിനെ സംബന്ധിച്ചത്, chondra എന്നത് തരുണാസ്ഥി, itis എന്നത് വീക്കം), മുലയൂട്ടുന്ന സ്ത്രീകളിൽ പലപ്പോഴും സ്തനങ്ങളിൽ ഉണ്ടാവുന്ന വീക്കവും ഈ പട്ടികയിൽ പെടുത്താം.
  2. ‘പശി ‘ സംബന്ധമായവ ! – കുറച്ച് അതിലളിത വത്ക്കരണം ആവാം .. ദഹിക്കായ്ക , പുളിച്ച് തികട്ടൽ, ഗ്യാസ്, അസിഡിറ്റി, എന്നൊക്കെ നിത്യ വ്യവഹാരത്തിൽ പറയുന്നവ പലപ്പോഴും അലട്ടലുണ്ടാക്കും, സർവ്വസാധാരണം .. അമ്ലവീര്യമുള്ള വയറിലെ ഭക്ഷണ പദാർത്ഥങ്ങൾ തിരിച്ച് അന്നനാളത്തിലേക്ക് തിരയടിച്ച് കയറുന്നത് മൂലമുള്ള അസ്വസ്ഥത, വയറിലെ പുണ്ണ് (Ulcer) തുടങ്ങിയവയൊക്കെ ഇതിൽ പെടുത്താം.
  3. പ്ലൂറ സംബന്ധമായവ- ശ്വാസകോശത്തിന്റെ ആവരണമാണ് പ്ലൂറ. മിക്കപ്പോഴും ശ്വാസകോശ സംബന്ധിയായ അണുബാധകളിലാണ് ഇത് കാണുന്നത്. അത് കൊണ്ട് തന്നെ പനി, ചുമ മുതലായ ലക്ഷണങ്ങൾ പലപ്പോഴും കൂടെ ഉണ്ടാകാറുണ്ട്. ചുമയ്ക്കുമ്പോഴും ശ്വാസമെടുക്കുമ്പോഴും ഒക്കെ പ്ലൂറയുടെ രണ്ട് പാളികൾ തമ്മിലുരഞ്ഞ് ഇത്തരം വേദന കൂടും
  4. പ്രതിഫലിത വേദന – പാൻക്രിയാസ്, പിത്തസഞ്ചി തുടങ്ങിയ ആന്തരിക അവയവങ്ങളിലെ രോഗ ഫലമായുള്ള വേദന. ഞരമ്പുകളിലൂടെ വഴി ചോദിച്ച് ചോദിച്ചെത്തുന്ന ഇത്തരം വേദനകളെ Referred Pain എന്നു പറയുന്നു. നെഞ്ചിനേക്കാൾ ഇത്തരം വേദനകൾ വയറിന്റെ മുകൾഭാഗത്തായും, അവിടെ നിന്ന് പുറകിലേക്ക് പരക്കുന്ന രീതിയിലുമാണ് പ്രത്യക്ഷപ്പെടാറ്.
  5. പാനിക് അറ്റാക്ക് – നെഞ്ചിടിപ്പ്, വിയർക്കൽ, ശ്വാസതടസ്സം, തളർച്ച ഇതൊക്കെ അനുഭവസ്ഥർ വിവരിക്കുന്ന അവസ്ഥ. അമിതമായ ഉത്ക്കണ്ഠ (Anxiety) എന്ന മാനസികാവസ്ഥയുടെ ഭാഗമായ് വരുന്ന പാനിക് അറ്റാക്കുകൾ അസാധാരണമല്ല.

(ഇതിനെ ക്കുറിച്ച് info clinicന്റെ സജീവ പ്രവർത്തകൻ കൂടിയായ ഡോക്ടർ ജമാൽ അദ്ദേഹത്തിന്റെ വാളിൽ ലളിതമായെഴുതിയ കുറിപ്പ് വായിച്ചാൽ കൃത്യമായ ഒരു ചിത്രം കിട്ടും)

*ഇതൊരു ചക്കയല്ല *

ഒരു മത്തങ്ങ കയ്യിൽ പിടിച്ച് ഇത് ചക്കയല്ല എന്ന് പറഞ്ഞ് തനിക്ക് യാതൊരു ബുദ്ധിഭ്രമവുമില്ലെന്ന് തെളിയിക്കുന്ന ഒരു സിനിമാ കഥാപാത്രം ഓർമ്മ കാണുമല്ലോ. നെഞ്ചു വേദനയുമായി ഒരു രോഗി വരുമ്പോൾ മേൽ പറഞ്ഞ കൂടുതൽ സാധാരണമായി കാണുന്ന പഞ്ച പാതകികളെ തിരയുന്നതിലും ചികിൽസകൻ മുൻഗണന നൽകുക ജീവഹാനി വരെ ഉണ്ടാകാവുന്ന ഹൃദ്രോഗം പോലുള്ള രോഗമല്ല വേദനയ്ക്ക് കാരണമെന്ന് ഉറപ്പു വരുത്തുന്നതിനാകും. [ശ്വാസകോശത്തിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞു പോകുന്ന പൾമണറി എംബോളിസം, മഹാധമനി ( Aorta) യുടെ ഭിത്തി വിണ്ടു കീറുന്ന Aortic dissection എന്ന ഗുരുതരമായ അവസ്ഥ തുടങ്ങി ജീവഹാനികരമായ കാരണങ്ങൾ വേറെയുമുണ്ട്. ഇതിൽ പൾമണറി എംബോളിസം താരതമ്യേന ശയ്യാവലംബികളായ രോഗികളിലും ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നവരിലുമാണ് കൂടുതൽ എന്നത് കൊണ്ടും ഡിസക്ഷൻ അത്ര സാധാരണമായ ഒരു രോഗാവസ്ഥയല്ലാത്തതു കൊണ്ടും നമുക്ക് ഹൃദ്യോഗത്തിന്റെ നെഞ്ചു വേദനയെ ഒന്നു കൂടി അടുത്ത് നോക്കാം

(നെഞ്ച് വേദനയുടെ കാരണങ്ങളുടെ പൂർണ്ണമായ ലിസ്റ്റോ പഠനമോ ,അല്ല ഇത്. കൂടുതൽ കാണപ്പെടുന്നവ എടുത്ത് പറയുന്നു എന്ന് മാത്രം) ]

*പാവം, മാനവഹൃദയം *

ശരീരത്തിനു മുഴുവൻ രക്തമെത്തിക്കുക എന്ന ജോലി ചെയ്യുന്ന ഒരു പമ്പാണ് ഹൃദയം. ആ ഹൃദയത്തിനു സ്വന്തം നിലനില്പിന് രക്തം ആവശ്യത്തിന് ലഭിക്കാതിരിക്കുമ്പോഴാണ് ഹൃദ്രോഗമുണ്ടാവുന്നത്. നിരന്തരം ജോലി ചെയ്യുന്ന ഹൃദയത്തിലെ കോശങ്ങൾക്ക് ഇതോടെ ഓക്സിജൻ ലഭിക്കാതെ വരുന്നു. ഹൃദയ ഭിത്തിയിലെ രക്തക്കുഴലുകൾ (Coronary artery ) കൊഴുപ്പ് – കൊളസ്ട്രോൾ പാളികൾ (Plaque) എന്നിവ അടിഞ്ഞ് അടഞ്ഞു പോകുന്നതാണ് ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കാനുള്ള പ്രധാന കാരണം.

കഠിനാധ്വാനവും സമമർദവും വരുമ്പോൾ ആവശ്യത്തിന് രക്തം ലഭിക്കാതെ ഹൃദയത്തിലെ പേശികൾ ഓക്സിജൻ പട്ടിണി അനുഭവിക്കുന്നതാണ് ഇതിന്റെ ആദ്യ പരിണിത ഫലം. ഓക്സിജൻ പട്ടിണി അനുഭവിക്കുന്ന പേശികളുടെ കരച്ചിലാണ് Angina എന്ന വേദന എന്ന് ശൈലീപരമായി പറയാം. പേശികൾക്ക് ആവശ്യം വർദ്ധിക്കുമ്പോൾ അതിനനുസരിച്ച് ലഭ്യത വർദ്ധിക്കാത്ത സാഹചര്യങ്ങളിൽ (നേരത്തെ പറഞ്ഞ പോലെ അധ്വാനം ഒരുദാഹരണം) ഈ വേദന പ്രത്യക്ഷപ്പെടുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്യുന്നു. രക്തത്തിന്റെ അഭാവത്തിൽ പേശീ കോശങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ ഹാനികരമായ മാറ്റങ്ങൾ സംഭവിക്കുന്നു. ഓക്സിജന്റെ അഭാവത്തിൽ ഏകദേശം 20 മിനിറ്റ് കൊണ്ട് അടഞ്ഞു പോയ രക്തക്കുഴലിലൂടെ രക്തം ലഭിക്കേണ്ട ഭാഗത്തെ കോശങ്ങൾ നിർജീവമായി പേശികൾക്ക് സ്ഥായിയായ നാശം സംഭവിക്കുന്നു. നേരത്തെയുള്ള പാളിയിൽ (Plaque) ഉണ്ടാവുന്ന വിള്ളൽ, പൊട്ടൽ പോലുള്ള ഘടകങ്ങൾ ഇതിൽ പങ്കു വഹിക്കുന്നു. ഇതിനെ MI (Myocardial Infarction), Heart attack എന്നു വിളിക്കുന്നു.

ഇത്തരം ഒരു വ്യക്തിയുടെ രക്ഷാ സാധ്യതകൾ പേശി നാശത്തിന്റെ വ്യാപ്തിയനുസരിച്ചും എത്ര പെട്ടെന്ന് ചികിൽസ ലഭ്യമാകുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. പെട്ടെന്ന് ചികിൽസ ലഭിക്കുന്നതിന് ഹൃദ്രോഗ സംബന്ധിയായ നെഞ്ചു വേദന തിരിച്ചറിയുന്നത് സഹായകമാണ്.

*ഹൃദ്രോഗ സംബന്ധിയായ വേദന *

നെഞ്ചിന്റെ നടുഭാഗത്ത്, പലപ്പോഴും വിരലു കൊണ്ട് ചൂണ്ടി കാണിക്കാൻ പറ്റാത്ത രീതിയിൽ പടർന്ന വേദന, അല്ലെങ്കിൽ ഭാരമിറക്കി വെച്ച പോലെയുള്ള അനുഭവം, എരിച്ചിൽ.. പലപ്പോഴും കൈയുടെ, പ്രത്യേകിച്ച് ഇടത്

കൈയ്യുടെ ഉൾവശത്തേക്കോ ഇടത് തോളിലേക്കോ പടരുന്ന വേദന. കഴുത്തിലേക്കും താടിയെല്ലിലേക്കും പലപ്പോഴും ഇത് പടരും. അധ്വാനവുമായും മാനസിക സമ്മർദവുമായും ബന്ധപ്പെട്ടും അല്ലാതെയും ഇത് ആരംഭിക്കാം. വേദനയോടൊപ്പം വിയർപ്പു പൊടിയുന്നതും മനം പുരട്ടലും ഛർദിയുമുണ്ടാകുന്നതും പലപ്പോഴും ഹൃദയസംബന്ധിയായ വേദനയുടെ സൂചകങ്ങളാണ്. നിമിഷങ്ങൾ കൊണ്ട് മിന്നിമായാതെ ഏതാനും മിനിറ്റ് കൊണ്ട് മൂർദ്ധന്യത്തിലെത്തി കുറച്ച് സമയത്തേക്ക് നീണ്ടു നിൽക്കുന്ന വേദനയാണ് സാധാരണ കാണാറ്. ശ്വാസം മുട്ടൽ, കിതപ്പ് ഒക്കെ പ്രധാനമാണ്. (താഴെ വായിക്കുക)

ചുമയ്ക്കുമ്പോഴും ശ്വാസം വിടുമ്പോഴും കൂടുന്ന വേദന, ഒരു വിരൽ കൊണ്ട് ഇതാ ഇവിടെ എന്നു തൊട്ടു കാണിക്കാവുന്ന വേദന, പ്രധാനമായും വയറിലുണ്ടാകുന്ന വേദന, ചില പൊസിഷനുകളിലും ചലനങ്ങളിലും ഉണ്ടാകുന്ന വേദന ( ദാ ഇങ്ങനെ കുനിഞ്ഞ് തിരിയുമ്പോൾ ഇവിടം വേദനിക്കുന്നു. ), നിമിഷങ്ങൾ കൊണ്ട് മിന്നി മായുന്ന വേദന , കാലുകളിലേക്ക് പടരുന്ന വേദന എന്നിവ മിക്കപ്പോഴും ഹൃദയസംബന്ധിയാവാറില്ല.

*ഏട്ടിലെ വേദന ഏട്ടന് വരാറില്ല! *

ഇവിടെ വിവരിച്ചത് പോലെ കൃത്യമായി നാടകീയമായി തന്നെ എപ്പോഴും ഇത് അവതരിക്കണമെന്നില്ല. പ്രത്യേകിച്ച് സ്ത്രീകളിലും, പ്രമേഹ രോഗികളിലും പ്രായമേറിയവർക്കും വേദനയും ശ്രദ്ധ പിടിച്ചു പറ്റുന്ന അനുബന്ധ ലക്ഷണങ്ങളും പലപ്പോഴും ഉണ്ടാവാറില്ല. ഇങ്ങനെ നിശബ്ദം സംഭവിക്കുന്ന ഹൃദ്രോഗങ്ങളുടെ മരണനിരക്ക് സ്വാഭാവികമായും ഉയർന്നതാണ്. നെഞ്ച് വേദനയുടെ അഭാവത്തിൽ പോലും ഉണ്ടാകാവുന്ന കഴുത്ത് , താടിയെല്ല് വേദന, ശ്വാസം മുട്ട്, തളർച്ച, ചുമ തുടങ്ങിയ കൃത്യതയില്ലാത്ത ലക്ഷണങ്ങളാണ് പലപ്പോഴും ഇവർക്കുണ്ടാവാറ്.

*സമയം പ്രധാനം *

നെഞ്ചുവേദന, പ്രത്യേകിച്ച് മേൽ പറഞ്ഞ പോലുള്ള നെഞ്ച് വേദന അവഗണിക്കരുത്‌. ചികിൽസ ലഭിക്കാനുള്ള കാലതാമസം നിർണായകമാകാറുണ്ട്, പലപ്പോഴും. വിദേശ രാജ്യങ്ങളിൽ ഇത്തരം സന്ദർഭങ്ങളിൽ 911 പോലുള്ള ഫോൺ നമ്പർ വിളിച്ചാൽ വൈദ്യ സഹായ സജ്ജമായ ആംബുലൻസിൽ അവരെ ആശുപത്രിയിൽ കൊണ്ടു പോകുന്ന രീതിയാണുള്ളത്. കേരളത്തിൽ ഇത്തരം എമർജൻസി വാഹനങ്ങൾ പരീക്ഷണം പിന്നിട്ട് വ്യാപകമാവുന്നുണ്ട് . ഇന്ത്യയൊട്ടാകെ 112 എന്ന എമർജൻസി നമ്പർ നിലവിൽ വരുമെന്ന് വാർത്ത വന്നിരുന്നു.

അതിനു മുമ്പ് വീട്ടിൽ ചെയ്യാവുന്നവയിൽ പ്രധാനമായത്, ഹൃദയസംബന്ധമായ വേദന മുമ്പ് വന്നവരാണെങ്കിൽ ഡോക്ടർ നിർദേശിച്ചിട്ടുള്ള നാവിനടിയിൽ വെയ്ക്കുന്നത് പോലുള്ള ഗുളികകൾ ഉപയോഗിക്കാം എന്നതാണ്. ആസ്പിരിൻ അലർജി ഇല്ലാത്തവർ ആസ്പിരിൻ ഗുളിക കഴിക്കുന്നതും ഗുണപ്രദമാകാം.

മുമ്പ് അൻജൈന വന്നിട്ടുള്ളവർ .. വേദനയുടെ പ്രകൃതത്തിൽ ഉണ്ടാവുന്ന മാറ്റം, പ്രത്യേകിച്ചും വെറുതെയിരിക്കുമ്പോൾ വേദന വരിക, വേദനയുടെ ദൈർഘ്യം വർദ്ധിക്കുക എന്നത് വൈദ്യ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

വളരെ പ്രധാനമായ കാര്യം ആശുപത്രിയിൽ താമസം കൂടാതെ എത്തുക എന്നതാണ്. പരിമിതികളില്ലാത്ത ശേഷികളുള്ള ദിവ്യാൽഭുത പ്രവർത്തകർ അല്ല ഡോക്ടർമാർ എന്നെടുത്തു പറയേണ്ടതില്ലല്ലോ. അതിനാൽ ഡോക്ടറുടെ വീട്ടിൽ പോകുന്നതിനേക്കാൾ ആശുപത്രിയിൽ പോകുന്നതാണ് ബുദ്ധി. അവിടെ ECG, രക്‌തത്തിലെ ഹൃദയപേശികളുടെ ക്ഷത സൂചകങ്ങളുടെ അളവ് തുടങ്ങിയവ അടിയന്തിരമായി അവർ ചെയ്യും. അതിലേക്ക് കടക്കുന്നില്ല..

*വാൽക്കഷ്ണം: (തലയേക്കാൾ പ്രധാനം!) *

ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്ന ജീവിത രീതി സ്വീകരിക്കുക എന്ന പരമപ്രധാനമായ കാര്യം കൂടി, പ്രത്യേകിച്ച് ചെറുപ്പക്കാരെ ഓർമിപ്പിക്കട്ടെ.

പുകവലി ഉപേക്ഷിക്കേണ്ടി വരരുത് എന്നതാണ് മികച്ച തീരുമാനം . ഒരിക്കലും സ്വീകരിക്കാതിരിക്കുക – അത് തന്നെ..

നടക്കുക തുടങ്ങിയ വ്യായാമങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക, കൊഴുപ്പ് കുറഞ്ഞ പോഷക ഗുണമുള്ള മിത ഭക്ഷണം ശീലമാക്കുക.

പ്രമേഹം, രക്തസമ്മർദം പോലുള്ള ഹൃദ്രോഗത്തിന്റെ കൂട്ടുപ്രതികളെ ജീവിത ശൈലി പരിഷ്ക്കരണത്തിലൂടെയും ആവശ്യമെങ്കിൽ മരുന്നുകൾ കഴിച്ചും നിയന്ത്രണ വിധേയമാക്കുകയും വേണം.

ലേഖകർ
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ