നവജാതശിശുവിന് മുലപ്പാൽ നിഷേധിക്കപ്പെടുമ്പോൾ
ജനിച്ചു വീണു അഞ്ചു ബാങ്ക് വിളിക്കുന്നത് വരെ കുഞ്ഞിനു മുലപ്പാല്‍ നിഷേധിച്ചു തേന്‍ വെള്ളം നല്‍കിയ പിതാവ് ഇവിടെ മുക്കത്ത് വിരലില്‍ എണ്ണാവുന്ന കിലോമീറ്ററുകള്‍ക്കപ്പുറം ഉണ്ട്. ആ മനുഷ്യന്‍റെ വാക്ക് കേട്ട് കുഞ്ഞിന് പാല് കൊടുക്കാന്‍ ഭയന്ന് നില്‍ക്കുന്ന അമ്മയും അമ്മിഞ്ഞപ്പാലെന്ന സൗഭാഗ്യം നിഷേധിക്കപ്പെട്ട പൈതലും അയാളുടെ വീട്ടിലുണ്ട്. ‘ഇങ്ങനെയും മനുഷ്യരോ’ എന്ന് ആശ്ചര്യചിഹ്നം ഫിറ്റ് ചെയ്തു നെടുവീര്‍പ്പിടാന്‍ എളുപ്പമാണ്.പക്ഷെ, ഇത് സംഭവിച്ചിരിക്കുന്നത് അന്ധവിശ്വാസങ്ങളുടെ ഘോഷയാത്ര നടക്കുന്ന വിദ്യാഭ്യാസനിലവാരം കുറഞ്ഞ വടക്കന്‍ സംസ്ഥാനങ്ങളില്‍ അല്ല. മറിച്ച്, ഈ മുക്കത്തെ മണ്ണിലാണ്.
പിറന്നു വീണ കുഞ്ഞിന് മറുപിള്ള വേര്‍പെടുന്നതിന് മുന്‍പ് പാല് കൊടുത്താല്‍ അമ്മയുടെ പ്രസവാനന്തര രക്തസ്രാവം കുറയുമെന്ന് പോലും ആധുനിക വൈദ്യശാസ്ത്രം പഠിപ്പിക്കുന്നുണ്ട്.(പൊക്കിള്‍കൊടി അത്രയും നീളമുള്ളതാണ് എന്നതല്ല കഥയുടെ ഗുണപാഠം, എത്രയും നേരത്തെ മുലപ്പാല് കൊടുത്താല്‍ അത്രയും അമ്മയ്ക്കും കുഞ്ഞിനും നല്ലത് എന്നാണ്..എഴുതാപ്പുറം വായിച്ചു വൈവക്ക് തയ്യാറെടുക്കല്‍ പ്രബുദ്ധ മലയാളി സമൂഹത്തിന്‍റെ പ്രത്യേകതയാണല്ലോ)
വാര്‍ത്തകള്‍ മനസ്സിലാക്കിയാല്‍, ആ കുഞ്ഞിനു അഞ്ചു നേരത്തെ(ഏകദേശം 24 മണിക്കൂര്‍) ബാങ്ക് വിളിക്കാതെ മുലപ്പാല്‍ കൊടുക്കില്ല എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞതായി അറിയുന്നു. ഇങ്ങനെയൊരു നിയമം ഇന്ന് വരെ കേട്ടിട്ടില്ലാത്ത അന്ധവിശ്വാസം മാത്രമാണെന്ന് നിസ്സംശയം പറയാനാകും.
അതൊരു ശാസ്ത്രീയലേഖനത്തിന്‍റെ പരിധിയില്‍ വരുന്നതല്ല,കൂടുതല്‍ വിശദീകരണങ്ങളിലേക്ക് കടക്കുന്നുമില്ല. പക്ഷെ, ആ നേരം വരെ കുഞ്ഞിനു ‘ചൊല്ലി ഊതിയ വെള്ളത്തില്‍ തേന്‍ കലക്കിയത്’ മാത്രമാണ് ഭക്ഷണം എന്ന് വാര്‍ത്തയില്‍ ആ വിവരദോഷിയായ പിതാവ് പറയുന്നുണ്ട്. അനേകം സൂക്ഷ്മാണുക്കള്‍ നിറഞ്ഞ വെള്ളത്തില്‍ ഒരു വ്യക്തിയുടെ ഉമിനീരിന്‍റെ അംശവും തേനീച്ച അതിന്‍റെയും പിള്ളേരുടെയും വിശപ്പ് മാറ്റാന്‍ കൊണ്ട് വന്നു വെച്ച തേനും ചേര്‍ത്ത് കലക്കിയത് ആ ദിവസം മാത്രം പുറത്ത് വന്ന കുഞ്ഞുവാവയുടെ പക്വതയും പ്രതിരോധശേഷിയുമില്ലാത്ത ദഹനവ്യവസ്ഥയിലേക്ക് ഒഴിച്ച് കൊടുക്കുന്ന ദുരാചാരം ! ഏത് അന്ധവിശ്വാസത്തിന്‍റെ പിന്‍ബലത്തില്‍ ആയാലും ജനിച്ച ദിവസം കുഞ്ഞിനു കിട്ടേണ്ട മഞ്ഞപ്പാല്‍ (കൊളസ്ട്രം) നല്കാതിരിക്കുന്ന അവസ്ഥ, അതും യാതൊരു അടിസ്ഥാനവുമില്ലാത്ത വിശ്വാസത്തിന്‍റെ പേരില്‍. ഏത് കാലത്താണ് നമ്മള്‍ ജീവിക്കുന്നത് !
അമ്മയുടെ ശരീരത്തിനകത്തെ 37 ഡിഗ്രി ചൂടിനകത്ത് പതുപതുത്ത മെത്തയില്‍ എന്ന പോലെ കിടന്നിരുന്ന കുഞ്ഞ് പെട്ടെന്ന് താപനില കുറഞ്ഞ അവസ്ഥയിലേക്ക് എത്തിച്ചേരുന്നത് പ്രസവമെന്ന ഭഗീരഥപ്രയത്നം കഴിഞ്ഞാണ്. ഒരു തവണയെങ്കിലും പ്രസവിക്കുകയോ സാക്ഷ്യം വഹിക്കുകയോ ചെയ്തവര്‍ക്ക് അതിന്‍റെ കഷ്ടപ്പാടിനെ കുറിച്ച് കൂടുതല്‍ വിശദീകരണം ഒന്നും വേണ്ടി വരുമെന്ന് തോന്നുന്നില്ല. ഞെങ്ങി ഞെരുങ്ങി അധ്വാനിച്ചു വരുന്ന കുഞ്ഞിന് അതിന്‍റെ യാതൊരു ആവശ്യങ്ങളും നിറവേറ്റാന്‍ കെല്‍പ്പില്ലാത്ത അണുബാധക്ക് എല്ലാ സാധ്യതകളും നിലനില്‍ക്കുന്ന ഒരു പാനീയം നല്‍കുന്നതിനെ കാടത്തമെന്നോ ക്രൂരത എന്നോ വിളിക്കേണ്ടത് എന്നുമറിയില്ല.
‘ഹൈപ്പോതെര്‍മിയ’ എന്ന ശരീരത്തിന്‍റെ താപനില കുറയുന്ന അവസ്ഥക്കുള്ള സാധ്യത ഏതൊരു കുഞ്ഞിനുമുണ്ട്. കാരണം, ഗര്‍ഭപാത്രത്തിനകത്ത് അമ്മയുടെ ശരീരതാപനിലയായ 37 ഡിഗ്രിയില്‍ കഴിഞ്ഞിരുന്ന കുഞ്ഞ് ഇറങ്ങി വരുന്നത് അതിലേറെ ചൂട് കുറഞ്ഞൊരു അന്തരീക്ഷത്തിലേക്കാണ്. ഭാരം കുറഞ്ഞ കുട്ടികള്‍ക്കും മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭത്തില്‍ പ്രമേഹം ഉണ്ടായിരുന്ന അമ്മമാരുടെ നവജാതശിശുക്കള്‍ക്കും ഈ അപകടാവസ്ഥക്കുള്ള സാധ്യത ഇരട്ടിയാണ്. അത് കൊണ്ട് തന്നെയാണ് നവജാതശിശുക്കളെ നന്നായി കോട്ടന്‍ തുണിയില്‍ പൊതിഞ്ഞു കിടത്തുന്നതും അവരുടെ ദേഹത്ത് നിന്ന് തുണി മാറി കിടക്കുന്നത് ഡോക്റ്റര്‍ കാണുമ്പോള്‍ വയറു നിറയെ വീട്ടുകാര്‍ക്ക് വഴക്ക് കേള്‍ക്കുന്നതും. ശരീരത്തിന്‍റെ ചൂട് കുറയുന്നത് മാത്രമാണ് ഹൈപ്പോതെര്‍മിയ കൊണ്ടുണ്ടാകുന്ന പ്രശ്നം എന്ന് കരുതുന്നുണ്ടോ?
തെറ്റാണ്. ഹൈപ്പോതെര്‍മിയ ഉണ്ടായ കുട്ടിയുടെ ശരീരത്തില്‍ കുഞ്ഞിന്‍റെ അനക്കവും പാല് കുടിക്കാനുള്ള ശ്രമവും കുറവായിരിക്കും,ഫലത്തില്‍ ആവശ്യത്തിനു പാല് കുടിക്കാത്ത കുട്ടിക്ക് ‘ഹൈപ്പോഗ്ലൈസീമിയ’ ഉണ്ടാകും. ഹൈപ്പോഗ്ലൈസീമിയ വീണ്ടും ശരീരത്തിലെ ചൂട് കുറയ്ക്കും. ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കും. മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ ശരീരത്തിലെ താപനില കുറയുമ്പോള്‍ ഷുഗര്‍ കുറയും. ഇപ്പോള്‍ ജനിച്ച കുട്ടിക്ക് ഷുഗര്‍ കുറയുകയോ എന്നൊക്കെയുള്ള സന്ദേഹം ചിലര്‍ക്കെങ്കിലും തോന്നാം. ഷുഗര്‍ കുറയുക എന്നത് പ്രമേഹമെന്ന അസുഖവുമായി കൂട്ടി യോജിപ്പിച്ച് മാത്രം മനസ്സിലാക്കുന്നതിന്‍റെ കുഴപ്പമാണ് ഇത്. കോശങ്ങളുടെ ആഹാരമാണ് ഗ്ലുക്കോസ് എന്നത് കൊണ്ട് തന്നെ ആവശ്യത്തിനു ഭക്ഷണം കിട്ടാതിരിക്കുമ്പോള്‍ സകല കോശങ്ങളും പട്ടിണിയാകുന്നു. മസ്തിഷ്കകോശങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് ഭക്ഷണം കിട്ടാതാകുമ്പോള്‍ ഉള്ള പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും, പ്രത്യേകിച്ചു ജനിച്ചു അധികസമയം പിന്നിട്ടില്ലാത്ത ചോരക്കുഞ്ഞിന്.
എന്നാല്‍ പിന്നെ മുക്കത്തെ പിതാശ്രീ കാണിച്ച പോലെ കുറച്ചു ഗുളുക്കൂസ് വെള്ളം കലക്കി വായില്‍ കോരി ഒഴിച്ച് കൊടുത്താല്‍ മതിയല്ലോ എന്നാകും. തേനില്‍ മുഴുവന്‍ അതും വേറെന്തൊക്കെയോയും ആണല്ലോ. ഏതൊരു ജീവിക്കും എളുപ്പത്തില്‍ ദഹിക്കുന്ന, അതിനു ആവശ്യമുള്ള ഒരു ഭക്ഷ്യവ്യവസ്ഥ പ്രകൃതി തന്നെ തയ്യാറാക്കി വെച്ചിട്ടുണ്ട്.(‘സ്നേഹത്തോടെ ഇച്ചിരെ ആട്ടിന്‍കാട്ടം എടുത്തു ഉണക്കമുന്തിരി ആണെന്ന് പറഞ്ഞു തന്നാല്‍ താന്‍ തിന്നുമോ’ എന്ന് Mr.പോഞ്ഞിക്കര പണ്ടേ ചോദിച്ചിട്ടുണ്ടല്ലോ). എന്ത് കൊണ്ട് മറ്റു ഭക്ഷണങ്ങള്‍ കുഞ്ഞിനു കൊടുത്തു കൂടാ എന്നറിയാമോ?
*ആദ്യത്തെ കാരണം നേരത്തെ പറഞ്ഞത് തന്നെ- പൂര്‍ണവളര്‍ച്ച എത്തിയിട്ടില്ലാത്ത, അന്ന് വരെ ആമ്നിയോട്ടിക് ദ്രവം മാത്രം കയറി ഇറങ്ങിയ (പൂര്‍ണമായും അണുവിമുക്തമായ ഗര്‍ഭാശയത്തിലെ ‘വെള്ളം’) ആമാശയത്തിലേക്കും കുടലിലേക്കുമൊക്കെയാണ് അപരിചിതമായ പുതിയ ദ്രവങ്ങള്‍ ഇറങ്ങിച്ചെല്ലുന്നത്. നിങ്ങള്‍ക്ക് കുറച്ചു പച്ചപ്പുല്ലോ വേവിക്കാത്ത മാംസമോ തന്നാല്‍ എന്തുണ്ടാകും?
*കുഞ്ഞിന്‍റെ ആദ്യവാക്സിന്‍ ആണ് മുലപ്പാല്‍. കുഞ്ഞിന്‍റെ രോഗപ്രതിരോധശേഷിക്കു ആവശ്യമായതെല്ലാം ജനനം മുതല്‍ ഉടന്‍ തന്നെ അതില്‍ ലഭ്യമായിട്ടുണ്ട്. കൊളസ്ട്രം മുതല്‍ രണ്ടു വയസ്സ് വരെ ഓരോ നേരത്തും കുഞ്ഞിന്‍റെ ആവശ്യങ്ങള്‍ അനുസരിച്ച് അതിലെ ഘടകങ്ങള്‍ മാറിയും ഏറിയുമിരിക്കുന്നു.
*അണുബാധക്കുള്ള കടുത്ത സാധ്യത. മുതിര്‍ന്നവര്‍ക്ക് കൊടുക്കുന്നതു പോലെ കുറച്ചു ആന്‍റിബയോട്ടിക് കലക്കി കൊടുത്താല്‍ കുഞ്ഞിനെ രക്ഷപ്പെടുത്താം എന്നായിരിക്കും.അല്ല, ചെറിയ അണുബാധ പോലും കുഞ്ഞിന്‍റെ കാര്യത്തില്‍ മരണത്തില്‍ കലാശിക്കാം.
*ആദ്യം കിട്ടേണ്ട മഞ്ഞപ്പാലിലൂടെ കിട്ടേണ്ട പ്രോട്ടീനുകള്‍(അമ്മക്ക് മാത്രം നല്‍കാനാവുന്നവ), പ്രതിരോധഘടകങ്ങള്‍ (പുതിയൊരു വ്യവസ്ഥയിലേക്ക് ജനിച്ചു വീണ കുഞ്ഞിനു അത്യന്താപേക്ഷിതം) തുടങ്ങിയവ നിഷേധിക്കപ്പെടുന്നു…ഇതിനു പകരം വെക്കാന്‍ മറ്റൊന്നില്ല.
*എന്ത് മധുരം നല്‍കിയാലും അമ്മയുടെ പാലില്‍ ഉള്ള ഗ്ലുക്കോസും പ്രോട്ടീനും ദഹിക്കുന്ന ക്ഷമതയോടെ അവയൊന്നും ദഹിക്കുകയോ കുഞ്ഞിന്‍റെ ആവശ്യത്തിനു ലഭ്യമാകുകയോ ഇല്ല.
*അളവോ കണക്കോ ഇല്ലാതെ കൊടുക്കുന്ന ഭക്ഷണം പേരിനു മാത്രം കുടിച്ചു ഉറങ്ങുന്ന ശീലമുള്ള കുഞ്ഞിനു എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടു തന്നെ അറിയേണ്ടി വരും.
*മറുവശത്ത്, കുഞ്ഞിനു ആവശ്യത്തിനു പാല് കിട്ടാതെ വന്നാല്‍ dehydration അഥവാ നിര്‍ജലീകരണം ഉണ്ടായി കുഞ്ഞിനു മരണം പോലും സംഭവിക്കാം.
എന്ത് കാരണം തന്നെ ഉണ്ടായാലും അമ്മ ജീവിച്ചിരിക്കുന്ന കുട്ടിക്ക് പാല് കൊടുക്കാതിരിക്കുന്നതിന് ‘കൊടുംക്രൂരത’ എന്നല്ലാതെ മറ്റൊരു പേരില്ല.അമ്മയുടെ പാലിന്‍റെ ഗുണങ്ങള്‍ വീണ്ടും വിശദീകരിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല. കാരണം, ഇനിയൊരു കുഞ്ഞിനും ഇത്തരം അബദ്ധജഡിലമായ കാരണങ്ങള്‍ കൊണ്ട് അമ്മിഞ്ഞപ്പാല്‍ നിഷേധിക്കപ്പെട്ടു കൂടാ..
*മറ്റൊരു ഭക്ഷണത്തിനും അവകാശപ്പെടാന്‍ ഇല്ലാത്ത വിധം പോഷകപ്രദമാണ് മുലപ്പാല്‍. കുഞ്ഞിന്‍റെ വളര്‍ച്ചക്കും ബൗദ്ധികവികസനത്തിനും ഉതകുന്ന രീതിയിലുള്ള മറ്റൊരു പദാര്‍ത്ഥമില്ല.
*മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ട്ടോസ് എന്ന പഞ്ചസാര കുഞ്ഞിന്‍റെ മസ്തിഷ്കവളര്‍ച്ചക്ക് ഒഴിച്ച് കൂടാനാവാത്തതാണ്. ശരീരത്തിനു കാത്സ്യം ആഗിരണം ചെയ്യാനും ദഹനത്തിന് ആവശ്യമുള്ള ‘ലാക്ടോബാസിലസ്’ ബാക്റ്റീരിയയെ കുടലില്‍ സജ്ജീകരിക്കാനും ലാക്ട്ടോസിന് സാധിക്കും.
*മൃഗപ്പാലുകളെ അപേക്ഷിച്ച് മുലപ്പാലിലെ പ്രോട്ടീന്‍ അളവ് കുറവാണ്. ഇത് ദഹനം സുഗമമാക്കുന്നു.
*ഹോര്‍മോണ്‍ വ്യവസ്ഥക്കും ഞരമ്പുകളും മസ്തിഷ്കവും പക്വമാകുന്നതിനും മുലപ്പാലിലെ കൊഴുപ്പ് കൂടിയേ തീരൂ.
*വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രതിരോധജന്യഘടകങ്ങള്‍ എന്നിവയുടെ അളവ് കൂടുതലും അവ തന്നെ മറ്റേതൊരു ഭക്ഷണത്തെക്കാള്‍ കുഞ്ഞിനു ലഭ്യമായ രീതിയിലുമാണ് ഉള്ളത്(bioavailability)
*നന്നായി മുലയൂട്ടി വളര്‍ത്തപ്പെട്ട കുഞ്ഞിനു അണുബാധക്കുള്ള സാധ്യത വളരെ കുറവാണ്. മുലപ്പാലൂട്ടി വളര്‍ത്തപ്പെട്ട കുഞ്ഞിനെ അപേക്ഷിച്ച് ആവശ്യത്തിനു മുലപ്പാല്‍ കിട്ടാതെ വളര്‍ന്ന കുട്ടി വയറിളക്കം വന്നു മരിക്കാനുള്ള സാധ്യത പതിനാലിരട്ടിയും ശ്വാസകോശസംബന്ധമായ അസുഖം വന്നു മരിക്കാനുള്ള സാധ്യത നാലിരട്ടിയുമാണ്.
*മുലപ്പാലൂട്ടി വളര്‍ത്തപ്പെട്ട കുട്ടിക്ക് അലര്‍ജി, ചെവിയിലെ അണുബാധ, ഭാവിയില്‍ പല്ല് പൊങ്ങാനുള്ള സാധ്യത എന്നിവ വളരെ കുറവാണ്.
*അമ്മമാരോട് പറ്റിച്ചേര്‍ന്നു വളരാനുള്ള ഭാഗ്യം മുലയൂട്ടപ്പെട്ട കുഞ്ഞിനു കൂടുതലാണ്. അവര്‍ക്ക് IQ കൂടുതലാണെന്നും അവര്‍ കൂടുതല്‍ ബുദ്ധിയുള്ളവര്‍ ആണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
*അമ്മക്ക് പ്രസവശേഷമുള്ള രക്തസ്രാവത്തിനുള്ള സാധ്യത കുറയുന്നു, കുഞ്ഞുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നു, സ്തനാര്‍ബുദവും അണ്‌ഡാശയാർബുദവും വരാനുള്ള സാധ്യത കുറക്കുന്നു, ഗര്‍ഭാവസ്ഥയില്‍ ഉണ്ടായ ഭാരം പെട്ടെന്ന് കൊഴിഞ്ഞു പോകാന്‍ സാധ്യമാകുന്നു, ഒരുപരിധി വരെ ഗര്‍ഭധാരണവും തടയുന്നു.
കവികള്‍ വാഴ്ത്തിപ്പാടുന്ന അമ്മിഞ്ഞപ്പാലിന്‍റെ ഗുണഗണങ്ങള്‍ ഇനിയുമേറെ എഴുതിക്കൂട്ടാനുണ്ട്. മറ്റു ഭക്ഷണങ്ങള്‍ ആരുടെ വിവരക്കേട് കൊണ്ടായാലും നവജാതശിശുവിന് നല്‍കുന്നത് അപകടം തന്നെയാണ്. ഏറെ ഞെട്ടിക്കുന്നത് അന്ധവിശ്വാസം മൂത്ത ആ പിതാവ് കുഞ്ഞിനു നിര്‍ജലീകരണം തടയാനുള്ള ഐവി ഫ്ലൂയിഡുകള്‍ പോലും നിഷേധിച്ചു എന്നതാണ്. സ്വന്തം കുഞ്ഞാവുക എന്നത് കുഞ്ഞിന്‍റെ അവകാശം നിഷേധിക്കപ്പെടാന്‍ ഉള്ളൊരു കാരണമേയല്ല. മുതിര്‍ന്ന മനുഷ്യനെ പട്ടിണിക്ക് ഇടുന്നത് പോലെ ക്രൂരമാണ് ഇത്.
കാലം 2017ലേക്ക് നീങ്ങുകയാണ്, ചിലരെങ്കിലും ഇരുട്ടില്‍ നിന്ന് കൂരിരുട്ടിലേക്ക് ഓടി മറയുകയും. വിവരക്കേട് ഒരിക്കലുമൊരു തെറ്റല്ല, എന്നാല്‍ വ്യാജവൈദ്യരെ പോലെ, വ്യാജപണ്ഡിതരെപ്പോലെ ജീവനെടുക്കുന്ന വിഭാഗം അനുദിനമെന്നോണം ഏറി വരികയാണ്..പ്രബുദ്ധരായ സാക്ഷരകേരളീയര്‍ തന്നെ ഇതിനെല്ലാം കീഴടങ്ങുന്നതിനെ അപമാനകരം എന്നതിലുമപ്പുറം വേദനാജനകം എന്ന് വിളിക്കേണ്ടിയിരിക്കുന്നു…
അഞ്ചു ബാങ്ക് വിളിക്കപ്പെട്ടിട്ടില്ല..ഇപ്പോഴും..
ഒരു കുഞ്ഞിപ്പൈതലിന്‍റെ നിലവിളി കാതില്‍ മുഴങ്ങുന്നില്ലേ..നാമിത് എങ്ങോട്ടാണ്… !!