· 4 മിനിറ്റ് വായന

ഷിമോഗക്ക് വണ്ടികേറുമ്പോൾ

Genericകിംവദന്തികൾ

ഷിമോഗ ഫാൻസ് അസോസിയേഷൻ്റെ അദ്‌ഭുതാവഹമായ രോഗശാന്തി പ്രചരണത്തിൽ കടുത്ത ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട്‌ അതെക്കുറിച്ച് അല്പം കൂടി സേർച്ച് ചെയ്തു, അൽപം റിസേർച്ചും. ഏത്‌ പൂട്ടിനും ഒരു താക്കോലെന്നോണം ശരീരത്തിലുള്ള എണ്ണമറ്റ കാൻസറുകൾക്ക്‌ ഒരേ മരുന്ന്‌ എന്ന ‘കണ്ടുപിടിത്തം’ എന്തു കൊണ്ടായിരിക്കാം അന്താരാഷ്ട്ര വൈദ്യശാസ്‌ത്ര നാഴികക്കല്ലുകളിൽ ചേരാതെ, ആരും മുഖവിലക്ക്‌ എടുക്കാതെ ഒരിടത്ത്‌ ഒതുങ്ങിപ്പോകുന്നത്‌ എന്ന്‌ ആർക്കായാലും തോന്നിപ്പോകും.

ഷിമോഗ രോഗസൗഖ്യം നേടിയവരെന്ന് ഫോൺ നമ്പർ പരസ്യപ്പെടുത്തിയ ചില നമ്പരുകളിലേക്ക് വിളിച്ചുനോക്കിയിട്ടുണ്ട് മുൻപ്. ഇതുവരെ ഒരാൾ പോലും ഷിമോഗയിലെ മരുന്ന് മാത്രം കഴിച്ച് പൂർണ രോഗസൗഖ്യം ഉണ്ടായതായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല.

ആദ്യകാലത്ത് വിളിച്ച ഒരാളുടെ അനുഭവം ഇങ്ങനെയായിരുന്നു. കാൻസർ കരളിലേക്ക് പടർന്നതിനെത്തുടർന്നാണ് അവർ ഷിമോഗയിലേക്ക് പോകുന്നത്. അതിനു മുൻപ് കീമോതെറാപ്പി എടുത്തിരുന്നു. പിന്നീട് ഷിമോഗയിലെ മരുന്ന് കഴിക്കാൻ തുടങ്ങിയതിൽ പിന്നെ കീമോതെറാപ്പി നിർത്തി. ഇവിടുന്ന്‌ വിളിച്ചപ്പോൾ പ്രൈമറി (ആദ്യം കാൻസർ വന്ന സ്ഥലം) അതുപോലെ തന്നെ ഉണ്ട്. കരളിലെ പടർന്ന ഭാഗത്തിൻ്റെ വലിപ്പം കുറഞ്ഞതായി പറയുന്നു. പക്ഷേ അത് കീമോതെറാപ്പിയുടെ എഫക്റ്റാണോ അതോ കാൻസർ മരുന്നിൻ്റെ ഫലമാണോ എന്ന് ഉറപ്പ് പറയാനാവുന്ന സമയമായിരുന്നില്ല. പിന്നീട് ആ നമ്പർ വിളിച്ചിട്ട് കിട്ടുന്നുമുണ്ടായിരുന്നില്ല.

മിക്കവാറും ഉള്ളവരുടെ കഥ ഇങ്ങനെയായിരുന്നു. മറ്റെവിടെയെങ്കിലും രോഗനിർണയം നടത്തുക (100% മോഡേൺ മെഡിസിനിൽ) . ചികിൽസ പൂർണമായോ ഭാഗികമായോ എടുക്കുക. അതിനു ശേഷം ഷിമോഗയിലേക്കെന്ന് പറഞ്ഞ് പോവുക. നാരായണമൂർത്തി കാൻസർ കണ്ടെത്തിയതായി ഒരാളും പറഞ്ഞ് കേട്ടില്ല എന്നതാണ്‌ വിരോധാഭാസം. ഇത്ര വലിയ വിദഗ്‌ധൻ എന്ന്‌ വാഴ്‌ത്തപ്പെടുന്ന വ്യക്‌തിയെന്തേ കേവലമൊരു രോഗിയിൽ പോലും രോഗം കണ്ടെത്താതെ ‘മരുന്നുവിതരണക്കാരൻ’ മാത്രമാകുന്നു? രോഗമറിയാതെ വൈദ്യന്‌ ചികിത്സിക്കാനാകുമെന്ന ബാലിശമായ വിശ്വാസത്തിന്‌ മുന്നിൽ ക്യൂ നിൽക്കുന്നത്‌ വിവരവും വിദ്യാഭ്യാസവും വിവേകവും അതിശയപരമായി സമന്വയിക്കുന്നു എന്ന്‌ സ്വയം അഹങ്കരിക്കുന്ന മലയാളി കൂടിയാണെന്നറിയുമ്പോഴാണ്‌ ദുരന്തചിത്രം കൂടുതൽ ഭീകരമാകുന്നത്‌.

അപ്പോഴാണ് ഫേസ്ബുക്കിൽ നിന്ന് ഒരു എക്സ് റേ കിട്ടുന്നത്..

മലങ്കര മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ രണ്ട് മാസത്തിൻ്റെ ഇടവേളകളിൽ എടുത്ത രണ്ട് എക്സ് റേകളെക്കുറിച്ച് ഒരു ഡോക്ടർ പോസ്റ്റ് ചെയ്തിരുന്നത് Dr. Madhava Bhadran കോപ്പി പേസ്റ്റ് ചെയ്തതാണ്. അതിൽ നിന്നുളള ഏതാനും വരികൾ കുറിക്കുന്നു.

“62 വയസുള്ള രോഗിക്ക് കാൻസർ കണ്ടെത്തുന്നത് ശ്വാസകോശത്തിലാണ്. മറ്റ് സങ്കീർണതകളൊന്നുമില്ല. അത്യാവശ്യം ആരോഗ്യവാൻ. കുറച്ചു വലിയ ഒരു ലീഷന്‍ പോലെ തോന്നിയതിനാല്‍ ഒരു പാലിയേറ്റീവ് റേഡിയോ തെറാപ്പിയാകും അഭികാമ്യം എന്ന്‍ മനസ്സില്‍ കരുതി. അതാകുമ്പോള്‍ ലീഷന്‍ ദ്രുതഗതിയില്‍ വളരുന്നത് ഒഴിവാക്കാം. രോഗികൾക്ക് ചികിത്സ കൊണ്ടുള്ള ബുദ്ധിമുട്ടുകളും കുറവാണ്.

വിദഗ്ധ അഭിപ്രായവും ചികിൽസയും തേടുന്നതിനായി മെഡിക്കൽ കോളേജോ അതുപോലെ ഉയർന്ന കേന്ദ്രങ്ങളെയോ സമീപിക്കാൻ ഉപദേശിച്ച് ഡോക്ടർ റഫർ ചെയ്തു. പക്ഷെ രോഗിയുടെ ബന്ധുക്കള്‍ വാട്സപ്പിലെ സൂചനകള്‍ നോക്കി ഷിമോഗയില്‍ പോയി മരുന്ന്‍ വാങ്ങിക്കൊണ്ട് വന്ന്‍ ചികിത്സ തുടങ്ങി. നല്ല സുഖമുണ്ട്, വേദന ഒട്ടുമില്ല എന്നൊക്കെ കരുതി സമാധാനിച്ചു.

പിന്നീട് രോഗി വരുന്നത് വളരെയധികം ബുദ്ധിമുട്ടുമായാണ്.

രാത്രിയിൽ കാഷ്വൽറ്റിയിൽ വളരെയധികം വേദനയും ശ്വാസതടസവും ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് മൂലം ഓക്സിജൻ ലഭ്യമാകാത്തതിനാലുള്ള അസ്വസ്ഥതകളും, ഉറക്കമില്ലായ്മ, ഭക്ഷണം കഴിക്കാൻ സാധിക്കായ്‌ക എന്നിവയെല്ലാമുണ്ട്‌. പഴയതും പുതിയതുമായ രണ്ട്‌ എക്സ് റേകൾ തമ്മിൽ താരതമ്യം ചെയ്യാൻ അധികം സാങ്കേതിക പരിജ്ഞാനമൊന്നും വേണമെന്നില്ല.

അര്‍ബുദം വലതുഭാഗത്ത്‌ മുഴുവന്‍ പടര്‍ന്നല്ലോ എന്ന്‍ പറഞ്ഞപ്പോള്‍ രോഗിയുടെ ബന്ധുവിന് നിഷ്കളങ്കമായ അവിശ്വാസം.. “അപ്പൊ വേദനയൊക്കെ നന്നായി കുറഞ്ഞിരുന്നല്ലോ?പിന്നെ എങ്ങിനെ ക്യാന്‍സര്‍ വലുതായി എന്ന്‍ പറയും? “

ചില സസ്യങ്ങളില്‍ നിന്നുള്ള ആല്‍കലോയിഡുകള്‍ നല്ല വേദനാസംഹാരികളാണ്‌‍. ചിലതില്‍ ഒരു പാട് ആന്റി ഓക്സിഡന്റുകള്‍ ഉണ്ട്, ചിലതില്‍ ഫൈറ്റോ സ്റ്റിറോയിഡകള്‍ ഉണ്ട്. അതൊക്കെ മനുഷ്യ ശരീരത്തില്‍ ഒരു സൗഖ്യ അനുഭൂതി (Feeling of Wellness) തരുന്ന തന്മാത്രകളാണ്. പല തന്മാത്രകള്‍ക്കും മരുന്നിന്റെ ഗുണങ്ങളും ഉണ്ട്. അത് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് മോഡേൺ മെഡിസിനാണ് – ഒരു പക്ഷെ ആയുര്‍വേദത്തിനേക്കാള്‍കൂടുതല്‍. ഒന്ന്‌ കൂടി വ്യക്‌തമാക്കിയാൽ, ആയുർവേദത്തിൽ ഒരു രോഗത്തിന്റെ ചികിത്സക്കായി ഒരു ചെടി ഉപയോഗിക്കുന്നുണ്ടെങ്കിൽ, ആധുനിക വൈദ്യശാസ്‌ത്രം അതേ ചെടിയിൽ രോഗം മാറ്റുന്ന തൻമാത്ര മാത്രം വേർതിരിച്ചെടുത്ത്‌ മരുന്നായി ഉപയോഗിക്കുന്നു. രോഗത്തിലേക്കും മരുന്നിലേക്കുമുള്ള ഈ ഫോക്കസ്‌ ആണ്‌ മോഡേൺ മെഡിസിനെ വ്യത്യസ്‌തമാക്കുന്നതും.

ആധുനിക വൈദ്യശാസ്ത്രത്തിലെ ബഹുഭൂരിഭാഗം മരുന്നുകളും ഇങ്ങനെയുള്ള സസ്യസ്രോതസുകളില്‍ നിന്നുള്ളവയോ അല്ലെങ്കില്‍ അവയുടെ കെമിക്കല്‍ അനലോഗുകളോ ആണ്. എന്നാല്‍ ഇവയൊക്കെ ശരിയായ രോഗിക്ക് ശരിയായ രോഗത്തിന് ശരിയായ മാത്രയില്‍ ശരിയായ സ്ഥലത്ത് വെച്ച് കൊടുക്കുമ്പോഴേ അത് ഔഷധമാകുന്നോള്ളൂ. അല്ലെങ്കില്‍ പലപ്പോഴും വിപരീത ഫലങ്ങള്‍ തന്നെ ഉണ്ടാകാം.

തക്കസമയത്ത് വിദഗ്ധ ചികിത്സ കിട്ടിയിരുന്നെങ്കില്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നൊന്നും അവകാശപ്പെടുന്നില്ല. ചുരുങ്ങിയ പക്ഷം കുറച്ചു കൂടി ഗുണമേന്മയുള്ള ജീവിതവുമായി കുറച്ചു കൂടി കാലം അദ്ദേഹത്തിന് ജീവിതം ആസ്വദിക്കാമായിരുന്നു എന്ന്‍ ഉറപ്പുണ്ട്. അയാള്‍ അത് അര്‍ഹിക്കുന്നുണ്ടായിരുന്നു . “

കാൻസർ എന്ന ഒറ്റ വാക്കുകൊണ്ട് തരം തിരിക്കാവുന്നതല്ല അർബുദം. ഏത് അവയവത്തിൽ വരുന്നെന്നനുസരിച്ചും ഏത് തരത്തിലുള്ളവയാണെന്നതനുസരിച്ചും വിദഗ്ധ രോഗനിർണയവും ഓരോന്നിനും വെവ്വേറെ രീതികളിലുള്ള ചികിൽസയും ആവശ്യമുള്ള രോഗമാണത്. ശ്വാസകോശത്തിലെ അർബുദത്തിനുള്ള ചികിൽസയാവില്ല ആമാശയത്തിലേതിന്. എല്ലാ കാൻസറുകൾക്കും ചികിൽസ കീമോതെറാപ്പിയുമാകണമെന്നില്ല. ചിലതിനു സർജറിയാവാം. ചിലതിനു റേഡിയേഷനാവാം. ചിലതിന് ഇവയിലേതിൻ്റെയെങ്കിലും കോമ്പിനേഷനുകളുമാവാം.

അല്ലാതെ, രോഗിയെ കാണുകപോലും ചെയ്യാതെ ഒരു കിഴിക്കുള്ളിലെ മരുന്നുകളെടുത്തുകൊടുത്ത് അർബുദം സുഖപ്പെടുത്തുന്നെന്നൊക്കെ അവകാശപ്പെടുന്നതിലെ വിഡ്ഢിത്തം സ്വയം തിരിച്ചറിയണം… അതുപോലെ തുടങ്ങിയിട്ടുള്ള ഏറ്റവും പുതിയ സംഗതിയാണ് ഷിമോഗയുടെ ഫ്രാഞ്ചൈസികൾ. അവിടെനിന്ന് മരുന്ന് വാങ്ങിക്കൊണ്ടുവന്ന് വിതരണം ചെയ്യുന്ന പ്രവണത. അങ്ങനെ ആരെങ്കിലുമൊക്കെ പെരുവഴിയേ നടന്ന് വിൽക്കാമായിരുന്ന ഒരു മരുന്നുണ്ടായിരുന്നെങ്കിൽ എന്നേ കാൻസർ ഇന്ത്യയിൽ നിന്നേ വേരോടെ പിഴുതെറിയാമായിരുന്നു!

ഇതിൽ പണമില്ല, വെറും സേവനം മാത്രമെന്ന് അവകാശപ്പെടുന്നവർ ഒരു ഓൺ ലൈൻ സൈറ്റിൽ ഷിമോഗ മാഹാത്മ്യത്തെക്കുറിച്ച് വന്ന ഏതാനും വരികളിലേക്ക് ശ്രദ്ധിച്ചാൽ മതി.

ഒരു ദിവസം ഷിമോഗയിൽ വരുന്നത് 400-600 ആളുകളാണെന്ന് അതിൽ പറയുന്നു. നമുക്കൊരു അഞ്ഞൂറിൽ റൗണ്ട് ചെയ്യാം. ആഴ്ചയിൽ രണ്ട് ദിവസമേ ഉള്ളു “ചികിൽസ” എന്ന് വച്ചോളൂ. ഒരു വർഷം 52 ആഴ്ചയാണുള്ളത്. നമുക്ക് 50 മതി. അപ്പൊ ഒരു വർഷം അവിടെ ചെല്ലുന്നവരുടെ എണ്ണം 500 x 50 x 2 = 50,000

ഒരാൾക്ക് നാനൂറ് രൂപ വച്ച് അൻപതിനായിരം പേർക്ക് – 2 കോടി രൂപ. പാർക്കിങ്ങ് ഫീ അൻപത് രൂപയാണെന്ന് പറയുന്നു. നൂറ് പേര് വണ്ടി പാർക്ക് ചെയ്താൽ ആ വകുപ്പിൽ മാത്രം അഞ്ച് ലക്ഷമാണ്. അതുപോലെ അതെ ചുറ്റിപ്പറ്റി കച്ചവടങ്ങൾ പൊടിപൊടിക്കും.

ഈ ‘മരുന്ന് ‘ യഥാർഥത്തിൽ ഫലം ചെയ്യുന്നതായിരുന്നെങ്കിൽ ചെയ്യേണ്ടിയിരുന്നത് അതെക്കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തി ലോകത്ത് മുഴുവൻ വിതരണം ചെയ്ത് കാൻസറിനെ ഉന്മൂലനം ചെയ്യുകയായിരുന്നു. കുറഞ്ഞപക്ഷം ഒരു പത്മശ്രീയോ (അതിനിയാണേലും കിട്ടാനിടയുണ്ട്) നോബൽ പ്രൈസ് വരെയോ ലഭിക്കാനിടയുള്ള സംഗതിയാണ് കാൻസറിൻ്റെ ഒരേയൊരു മരുന്ന്‌ എന്നത്‌.

മറ്റേതോ രാജ്യത്തിൻ്റെ എവിടെയോ ഇരുന്ന് ഒരാൾ കണ്ടെത്തിയ പോളിയോ – വസൂരി വാക്സിനുകളും ആൻ്റിബയോട്ടിക്കുകളും ഒക്കെ ഉപയോഗിച്ച് ഗുണഫലങ്ങൾ അനുഭവിച്ചുകൊണ്ടിരുന്നിട്ട് ഈ മരുന്ന് കിട്ടണേൽ ഷിമോഗ വരെ വരണമെന്ന് പറയുന്നതിൽത്തന്നെ സ്വാർഥതയില്ലേ? വേറൊന്നും കൊണ്ടല്ല. ശാസ്ത്രീയതയുടെ ആദ്യത്തെ പടിയിൽത്തന്നെ മൂക്കുകുത്തി വീഴും ഇത്.

രോഗിയെ കൊണ്ട് പോകേണ്ട എന്നതാണ് ഏറവും വലിയ ആകര്‍ഷണീയത, കീമോതെറാപ്പി, റേഡിയോ തെറാപ്പി, സര്‍ജറി തുടങ്ങിയവയെ കുറിച്ചുള്ള ഭയം മറ്റൊന്ന്. യഥാര്‍ത്ഥ ശാസ്ത്രീയചികിത്സകര്‍ സാധ്യമായ അനന്തരഫലങ്ങളെ കുറിച്ചും ചികിത്സയുടെ പരിമിതികളെകുറിച്ചും പറഞ്ഞ് തരുമ്പോള്‍ ഇത്തരക്കാര്‍ ഇതൊന്നും ഒന്നുമല്ല, ഇതിലും വലുത് മാറിയിട്ടുണ്ട് എന്ന്‍ പ്രതീക്ഷ കൊടുക്കുന്നു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ സ്വതവേ ആശയക്കുഴപ്പത്തിലായ ഒരാള്‍ക്ക് ഒട്ടൊരു സമാധാനം തോന്നും. പിന്നെ നേരെ വെച്ച് പിടിക്കും.

ഒരു ചികിത്സയും ചെയ്തില്ലെങ്കിലും വലിയ കുഴപ്പമൊന്നുമില്ലാതെ ഇരിക്കുന്ന അവസ്ഥ രോഗങ്ങള്‍ക്ക് ഉണ്ടാകാം. അപ്പോൾ മരുന്നൊന്നും ഇല്ലാതെയും രോഗിക്ക് കുഴപ്പമൊന്നുമില്ല, രോഗം മാറി എന്ന രീതിയില്‍ പ്രചരിക്കും. പക്ഷെ രോഗം അവിടെ പതിന്മടങ്ങ് ശക്തി പ്രാപിചിട്ടുണ്ടാകും. പിന്നെ കുറച് കഴിഞ്ഞ് രോഗം മൂര്‍ച്‌ഛിച്ച് രോഗി അത്യാസന്നനിലയില്‍ ആകുമ്പോള്‍ തന്റെ വിധി എന്ന്‍ കരുതി സമാധാനിക്കും.

മറ്റൊന്നും ചെയ്യാൻ കഴിയില്ലെങ്കിലും നല്ല ഒരു ജീവിതാന്ത്യമെങ്കിലും രോഗികൾ അർഹിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾ ചിലരുടെ അന്ത്യം നേരത്തെയാക്കുന്നു…ചിലരുടേത് ദുരിതപൂർണവും..

ലേഖകർ
Dr.Shimna Azeez. General practitioner. Graduate in BA.Communicative English from CMS College, Kottayam. Completed MBBS from KMCT Medical College, Mukkom, Kozhikode. Currently works as Tutor in Community Medicine at Government Medical College, Manjeri. Her first book 'Pirannavarkum Parannavarkumidayil' was recently published by DC books.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ