· 6 മിനിറ്റ് വായന

വെറുക്കാൻ തുടങ്ങുമ്പോൾ

Current Affairs

1968 ൽ മാർട്ടിൻ ലൂതർ കിംഗിന്റെ കൊലപാതകത്തിനു ശേഷം വളരെ കലുഷിതമായിരുന്ന യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ഒരു സ്കൂളിൽ ജയ്ൻ ഏലിയറ്റ് എന്ന് പേരുള്ള ഒരു ടീച്ചർ ഒരു കൊച്ച് കുസൃതി കാണിച്ചു. ആദ്യം തന്റെ ക്ലാസ്സിലെ കുട്ടികളെ നീല കണ്ണുള്ളവരും ബ്രൗൺ കണ്ണുള്ളവരും ആയി തരം തിരിച്ചു. ശേഷം ചെറിയ ചില ശാസ്ത്രീയ വിശദീകരണങ്ങളിലൂടെ ബ്രൗൺ കണ്ണുള്ളവർ നീലക്കണ്ണുള്ളവരേക്കാൾ ബുദ്ധിയുള്ളവരും മികച്ചവരും ആണെന്ന് സ്ഥാപിച്ചു. വേർതിരിച്ച് കാണാൻ നീലക്കണ്ണുള്ളവരുടെ കയ്യിൽ ഒരു ചരട് കെട്ടി കൊടുക്കാൻ ബ്രൗൺ കണ്ണൻമാരോട് ആവശ്യപ്പെട്ടു.
മണിക്കൂറുകൾ കൊണ്ട് ക്ലാസ്സിൽ രണ്ട് ഗ്രൂപ്പ് രൂപപ്പെട്ടു. നീലക്കണ്ണുള്ളവർ എല്ലാ കാര്യത്തിലും തരംതാഴ്ത്തപ്പെട്ടു. നേരത്തേ നല്ല പ്രകടനം കാഴ്ച്ചവെച്ച നീലക്കണ്ണുള്ള കുട്ടികൾ പോലും ഉത്തരങ്ങളും കണക്കുകളും തെറ്റിച്ചു തുടങ്ങി. ‘നീലക്കണ്ണൻ’ എന്ന വിളിപോലും ഒരു അപമാനമായി. ജൻമനാ കിട്ടിയ കഴിവുകളും അധികാരത്തിന്റെ പിന്തുണയും (ടീച്ചർ) തങ്ങളുടെ കൂടെയാണെന്ന അഹങ്കാരം ബ്രൗൺ കണ്ണൻമാർ പ്രകടിപ്പിച്ചു. എന്തിലുമേതിലും ബ്രൗൺ കണ്ണൻമാർ നീലക്കണ്ണൻമാരെ കുറ്റപ്പെടുത്തിത്തുടങ്ങി. ഏറെ താമസിയാതെ ശാരീരിക ആക്രമണങ്ങളും തുടങ്ങി. എണ്ണത്തിൽ കുറവുള്ള നീലക്കണ്ണുള്ള കുട്ടികൾ ബ്രൗൺ കുട്ടികളുടെ അടിയും തൊഴിയും വാങ്ങാൻ തുടങ്ങി.

ഒരു ദിവസത്തിനു ശേഷം ടീച്ചർ രണ്ട് ഗ്രൂപ്പിന്റേയും റോളുകൾ നേരെ തിരിക്കുകയും ചെയ്തു.
സാമൂഹിക മനശ്ശാസ്ത്ര പഠനത്തിൽ നാഴികക്കല്ലായ ഒരു പരീക്ഷണമായി ഈ “കുസൃതി” പിന്നീട് മാറി. ഒരു സമൂഹത്തിൽ എത്ര എളുപ്പത്തിൽ വേർതിരിവ് ഉണ്ടാക്കാൻ കഴിയുമെന്നും, ഈ വേർതിരിവ് എത്ര കണ്ട് വിവേചനത്തിന് വഴിവെക്കുമെന്നും, എത്ര കണ്ട് വെറുപ്പെന്ന വികാരം വളർത്താൻ കഴിയുമെന്നും ഇതിനാൽ തെളിയിക്കപ്പെട്ടു.

സമാനമായ മറ്റൊരു സാമൂഹിക പരീക്ഷണം കൂടി ചരിത്രത്തിലിടം നേടിയിട്ടുണ്ടായിരുന്നു,

1967 ൽ കാലിഫോർണിയ ഹൈസ്കൂൾ ചരിത്ര അധ്യാപകൻ റോൺ ജോൺസ് സൃഷ്ടിച്ച ഒരു പരീക്ഷണാത്മക സാമൂഹിക പ്രസ്ഥാനമാണ് “തേർഡ് വേവ് ”
നാസി ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ ജർമ്മൻ ജനതയ്ക്ക് എങ്ങനെ അംഗീകരിക്കാൻ കഴിഞ്ഞു എന്ന് വിശ്വസിക്കാൻ കുട്ടികൾക്ക് കഴിയാതിരുന്നപ്പോൾ, വിശദീകരിക്കാൻ ജോൺസിന് ബുദ്ധിമുട്ടായി.
അത് വിശദീകരിക്കാനും ഫാസിസത്തോടുള്ള ആകർഷണം പ്രത്യക്ഷത്തിൽ കൊണ്ടുവരാനും കുട്ടികൾക്കിടയിൽ ഒരു ”തേർഡ് വേവ്” എന്ന സാമൂഹിക പ്രസ്ഥാനം സൃഷ്ടിക്കാൻ അദ്ദേഹം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി ജോൺസ് തന്റെ ക്ലാസ് മുറിയിൽ നാസി പ്രസ്ഥാനത്തിന്റെ ചില പ്രത്യേകതകളെ അനുകരിക്കുന്ന അച്ചടക്കത്തിനും സമൂഹത്തിനും പ്രാധാന്യം നൽകിക്കൊണ്ട് നിരവധി വ്യായാമങ്ങൾ നടത്തി.

ജനാധിപത്യം വ്യക്തിത്വത്തിന് പ്രാധാന്യം നൽകുന്നു എന്ന ആശയം ഒരു പോരായ്മയായി കണക്കാക്കപ്പെട്ടു, അത് ഉന്മൂലനം ചെയ്യേണ്ട ദൗർബല്യമാണെന്നു പറഞ്ഞു. “അച്ചടക്കത്തിലൂടെ ശക്തി, അംഗങ്ങളുടെഒത്തൊരുമയിലൂടെ ശക്തി, പ്രവർത്തനത്തിലൂടെ ശക്തി, അഭിമാനത്തിലൂടെ ശക്തി.” എന്നിങ്ങനെ മുദ്രാവാക്യങ്ങൾ കൊണ്ടു വന്നു.

പ്രസ്ഥാനം തന്റെ ക്ലാസിന് പുറത്തേക്ക് വളരുകയും ആളുകളുടെ എണ്ണം നൂറുകണക്കിന് വർദ്ധിക്കുകയും ചെയ്തപ്പോൾ, കാര്യങ്ങൾ നിയന്ത്രണാതീതമായി എന്ന് ജോൺസിന് തോന്നിത്തുടങ്ങി. ക്ലാസ് റൂം പദ്ധതി രാജ്യവ്യാപകമായി നടക്കുന്ന പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും തേർഡ് വേവ് പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുമെന്നും അവകാശപ്പെടുന്ന ഒരു റാലിയിൽ പങ്കെടുക്കാൻ അദ്ദേഹം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി.

അവിടെയെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് ഒരു ശൂന്യമായ ചാനൽ സമ്മാനിച്ചു. ഫാസിസത്തിലെ ഒരു പരീക്ഷണമെന്ന നിലയിൽ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ച് ജോൺസ് തന്റെ വിദ്യാർത്ഥികളോട് പറഞ്ഞു, നാസി ജർമ്മനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു ഹ്രസ്വചിത്രം അവർക്ക് സമ്മാനിച്ചു.

ഇതിനെ ആസ്പദമാക്കി നിർമ്മിച്ച Die Welle (The Wave) എന്ന സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ സിനിമ എറെ ജനശ്രദ്ധ ആകർഷിച്ചതാണ്.

എന്തൊക്കെയാണ് വെറുപ്പിന്റെ മന:ശാസ്ത്രം?

മറ്റ് ഏത് മാനസിക പ്രശ്നങ്ങളും പോലെ വെറുപ്പിനും മനുഷ്യ മനസ്സിന്റെ വികാസവുമായി ബന്ധപ്പെടുത്തി പല തിയറികളും നിലവിലുണ്ട്.

1. മറ്റുള്ളവരോടുള്ള ഭയം –
ഇൻ ഗ്രൂപ്പ് ഔട്ട് ഗ്രൂപ്പ് തിയറി (ഹെൻറി ടാജ്ഫെൽ)

പുറത്ത് നിന്നുള്ള ഒരു സമൂഹത്തെ നമ്മൾ ഭയത്തോടെ വീക്ഷിക്കുമ്പോൾ, അവർ നമുക്ക് ഭീഷണി ആണെന്ന തോന്നൽ വരുമ്പോൾ, നമ്മൾ സ്വന്തമായി നമുക്ക് സമക്കാർ എന്ന് തോന്നുന്നവരുമായി ഐക്യത്തിലെത്തുകയും അവിടെ ഒരു കൂട്ടായ്മ വളർത്തിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ തിയറി പ്രകാരം വെറുപ്പിന് രണ്ട് ഘടകങ്ങൾ ആവശ്യമാണ്, ഒന്ന് സ്വന്തം സംഘത്തിനോടുള്ള സ്നേഹം, രണ്ട് പുറത്ത് എന്ന് വിശ്വസിക്കുന്ന സംഘത്തോടുള്ള ദേഷ്യം.

2. സ്വയം പേടി:

ഡാന ഷാരൺ എന്ന സൈകോളജിസ്റ്റിന്റെ അഭിപ്രായത്തിൽ മറ്റുള്ളവരോടുള്ള ഭയം യഥാർത്ഥത്തിൽ ഒരാൾക്ക് അവനവനോട് തന്നെ ഉള്ളതാണ്. ഫ്രോയ്ഡ് സിദ്ധാന്തങ്ങളിൽ ഊന്നിയുള്ള ഒരു ഡിഫൻസ് മെക്കാനിസത്തിൽ പെടും ഇത്. നമുക്ക് താൽപ്പര്യമില്ലാത്ത നമ്മുടെ തന്നെ സ്വഭാവരീതികൾ നമ്മൾ അംഗീകരിക്കാതിരിക്കുകയും ആ രീതി മറ്റുള്ളവരുടെ മേൽ ആരോപിക്കുകയും ചെയ്യുന്നതിനെ പ്രൊജക്ഷൻ എന്നാണ് ഫ്രോയ്ഡ് വിളിച്ചത്. അതായത് നമ്മുടെ ഉള്ളിലെ ചീത്ത ഭാവങ്ങളെ ഒരു സിനിമാസ്ക്രീനിൽ എന്ന പോലെ മറ്റുള്ളവരിൽ കാണുന്നു.
പരിണാമത്തിന്റെ ഭാഗമായി, നമ്മുടെ വളർച്ചക്കിടയിൽ നമുക്ക് അഭിമതമല്ലാതിരുന്ന സ്വഭാവസവിശേഷതകൾ നമ്മുടെ ഉള്ളിലേക്ക് ഒതുക്കുകയും അത് മറ്റുള്ളവരിൽ കാണാൻ ശ്രമിക്കുകയും ചെയ്യുന്നു.

3. സ്വയം സഹാനുഭൂതിയുടെ അഭാവം:

വെറുപ്പിന്റെ മരുന്ന് സഹാനുഭൂതി ആണല്ലോ. അത് മറ്റുള്ളവരോട് മാത്രമല്ല, സ്വയവും തോന്നേണ്ട ഒരു വികാരമാണ്. ഇതിന് നമുക്ക് നമ്മെ മൊത്തമായി അംഗീകരിക്കാൻ കഴിയണം. നമ്മുടെ ഏതെങ്കിലും ഒരു ഭാഗം നമുക്ക് തന്നെ അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു അരക്ഷിതാവസ്ഥ സംജാതമാവുകയും ആ ഭീഷണിയെ നേരിടാൻ നാം പുറത്തുള്ളവരെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്യുന്നു. നമ്മുടെ സ്വഭാവസവിശേഷതകളിൽ നമുക്ക് പൂർണ്ണ ആത്മവിശ്വാസം ഉണ്ടെങ്കിൽ മറ്റുള്ളവരേയും നമുക്ക് അവരായി തന്നെ കാണാൻ കഴിയുകയും അവരോട് സഹാനുഭൂതിയോടെ പെരുമാറാൻ കഴിയുകയും ചെയ്യുന്നു. റീഡിയുടെ അഭിപ്രായത്തിൽ നമുക്ക് നമ്മോട് തന്നെ തോന്നുന്ന വെറുപ്പാണ് പലപ്പോഴും മറ്റുള്ളവരോടുള്ള വെറുപ്പായി പരിണമിക്കുന്നത്.

4. സിൽവിയ ഡറ്റ്ചവിസിയുടെ സിദ്ധാന്തപ്രകാരം വെറുപ്പിന്റെ ഉത്ഭവം ഒരാളുടെ സ്വന്തം മനസ്സിലോ അയാളുടെ കുടുംബത്തിലോ മാത്രമല്ല അയാളുടെ സാമൂഹിക പരിതസ്ഥിതിയിലും രാഷ്ട്രീയ പശ്ചാത്തലിലും കൂടിയാണ്. എന്നും മത്സരാധിഷ്ഠിതവും യുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ആയ ഒരു സാമൂഹ്യ അന്തരീക്ഷത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. ശത്രു നമ്മുടെ കൂടെയുള്ളവർ ആണെങ്കിലും പുറത്തുള്ളവരാണെങ്കിലും അവരെ എതിർക്കാനാണ് നമ്മുടെ സമൂഹം പഠിപ്പിക്കുന്നത്. ശത്രുവിനെ മനസ്സിലാക്കി അവരോട് സന്ധി ചെയ്യുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് ശത്രുവിനെ എതിർത്തു തോൽപ്പിക്കുന്നത് ?!!

Hate എന്ന് ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന വെറുപ്പ് എന്നതുകൊണ്ട് വളരെ കടുത്ത ഇഷ്ടക്കുറവ്, ദേഷ്യം, അവജ്ഞ തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്.

വെറുപ്പിന്റെ അനാട്ടമി:

മറ്റേത് വികാരങ്ങളും പോലെ വെറുപ്പിന്റെ സമയത്തും മസ്തിഷ്കത്തിലെ ചില ഭാഗങ്ങൾ ഉത്തേജിതമാകുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അത്ഭുതകരമായ കാര്യം സ്നേഹത്തിലും വെറുപ്പിലും തലച്ചോറിൽ ഏതാണ്ട് ഒരേ ഭാഗങ്ങളാണ് ഉത്തേജിതമാകുന്നത്. പക്ഷേ വെറുപ്പിൽ തലച്ചോറിലെ ഫ്രോണ്ടൽ കോർട്ടക്സ് കൂടുതൽ ഉത്തേജിതമാകുന്നതായി കാണുന്നു. ഈ ഭാഗങ്ങൾ സ്നേഹത്തിൽ ഒട്ടും ഉത്തേജിതമല്ല താനും. ഫ്രോണ്ടൽ കോർട്ടക്സ് പൊതുവേ കാര്യങ്ങൾ ആസൂത്രണം ചെയ്യാനും ആസൂത്രണം ചെയ്തവ പ്രാവർത്തികമാക്കാനുമാണ് ഉപയോഗിക്കപ്പെടുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. അതിൽ നിന്ന് മനസ്സിലാവുന്നത് വെറുപ്പ് എന്നത് ഒരു നൈമിഷികമായ പ്രതികരണമല്ല മറിച്ച് നേരത്തേ മസ്തിഷ്കത്തിൽ നടത്തിവെച്ച കണക്കുകൂട്ടലുകളുടെ ആകെത്തുകയുടെ പ്രതിഫലനമാണ്. എന്നാൽ സ്നേഹം ക്ഷണികവും കണ്ടീഷനുകളില്ലാത്തതുമാകുന്നു.

സമൂഹത്തിന്റെ വെറുപ്പിന്റെ മന:ശാസ്ത്രം:

ഒരു സമൂഹത്തിന്റെ അരക്ഷിതാവസ്ഥ, ഭാവിയെ കുറിച്ചുള്ള ആശങ്ക, ഭയം, പരാജയഭീതി, മോഹഭംഗം തുടങ്ങിയവ ചൂഷണം ചെയ്യപ്പെടുന്നതാണ് സാധാരണ വെറുപ്പിന്റെ വിത്തുപാകുന്നത്. അവരുടെ പ്രശ്നങ്ങളുടെ കാരണങ്ങളായി മറ്റൊരു സമൂഹത്തെ ചൂണ്ടി കാണിക്കപ്പെടുന്നു. തങ്ങളുടെ സൗകര്യങ്ങൾ, ആനുകൂല്യങ്ങൾ അല്ലെങ്കിൽ മൂലധനം വേറൊരു കൂട്ടരാൽ അപഹരിക്കപ്പെടുന്നു എന്ന് ഒരു സമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ സാധിക്കുന്നു. പ്രത്യേകിച്ചും ഒരു സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട കൂട്ടരെ. അനുദിനം മാറിക്കൊണ്ടിരിക്കുന്ന, അസ്ഥിരമായ ഈ ലോകത്തിൽ തങ്ങളുടെ രക്ഷ മറ്റൊരു സമൂഹത്തിന്റെ ഉൻമൂലനത്തിലാണെന്ന് വിശ്വസിപ്പിക്കുക എന്നതാണ് ഒരു സമൂഹത്തിൽ വെറുപ്പ് വളർത്താൻ ഏറ്റവും എളുപ്പം എന്നു കാണാൻ കഴിയുന്നു.

പുരോഗമിച്ച ലോകവും വർദ്ധിച്ചു വരുന്ന വെറുപ്പും:

ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രയും വികസിച്ചു, രാജ്യങ്ങൾ തമ്മിൽ, ആളുകൾ തമ്മിലുള്ള അകലം കുറഞ്ഞു, ലോകം ഒരു വിരൽ തുമ്പിലേക്കൊതുങ്ങി. പക്ഷേ ഇതൊന്നും ജനങ്ങളുടെ ഇടയിൽ ഉണ്ടാകുന്ന വെറുപ്പെന്ന വികാരത്തെ കുറക്കാൻ സഹായിച്ചില്ല. മാത്രമല്ല വെറുപ്പിനെ സമൂഹത്തിൽ നിലനിർത്താനോ അല്ലെങ്കിൽ വർദ്ധിപ്പിക്കാനോ സഹായിക്കുകയും ചെയ്തു. വെറുപ്പെന്ന വികാരം ഒരു സമൂഹത്തിൽ വേരുറപ്പിക്കാൻ ഏറ്റവും നല്ലത് കഥകളാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ തെളിഞ്ഞതായിരുന്നു. ശത്രുവിന്റെ ദോഷങ്ങൾ അക്കമിട്ടു നിരത്താതെ പരോക്ഷമായി പറഞ്ഞു പോകുന്ന കഥകളും പാട്ടുകളും പല കുടിപ്പകകളിലും യുദ്ധങ്ങളിലും എത്ര പങ്കു വഹിച്ചിട്ടുണ്ടെന്ന് ചരിത്രം തെളിയിച്ചതാണ്. ശാസ്ത്രം വികസിച്ചപ്പോൾ ഈ സാദ്ധ്യതയുടെ വൈവിദ്ധ്യങ്ങളായ ചൂഷണങ്ങളും കാണാൻ തുടങ്ങി. ആദ്യം പുസ്തക രൂപത്തിൽ വന്ന വെറുപ്പ് പിന്നീട് നാടകങ്ങളും സിനിമകളും ആയി മാറി. ഇൻറർനെറ്റിന്റെ സാർവ്വത്രികമായ ലഭ്യതയോടെ ഇതിന്റെ എല്ലാ പരിധികളും ഇല്ലാതായി. ചാറ്റ്റൂമുകൾ വെറുപ്പ് പടർത്തുന്ന കേന്ദ്രങ്ങളായി ഉപയോഗിച്ചു. സോഷ്യൽ മീഡിയയുടെ കടന്നുകയറ്റം വെറുപ്പ് വ്യാപിപ്പിക്കാനുള്ള ഏറ്റവും എളുപ്പമുള്ള ഉപാധിയായി. ഉപയോഗിക്കുന്നവർ അറിയാതെ തന്നെ അവരുടെ മനസ്സുകൾ വെറുപ്പിന്റെ വിളനിലങ്ങളായി.

വെറുപ്പിന്റെ ചികിത്സ ?

ഒന്നാം ഘട്ടമായി തങ്ങളുടെ മനസ്സിലുള്ളിലെ വെറുപ്പെന്ന വികാരത്തെ കുറിച്ചും വെറുപ്പ് കൊണ്ട് സ്വയവും സമൂഹത്തിനും ദേശത്തിനും ഉണ്ടാവുന്ന നാശനഷ്ടങ്ങളെ കുറിച്ചും സ്വയം ബോദ്ധ്യം വരണം.

രണ്ടാം ഘട്ടം നമ്മുടെ മനസ്സിൽ, വാക്കുകളിൽ, പ്രവർത്തനങ്ങളിൽ ആവർത്തിച്ചു വരുന്ന വെറുപ്പിന്റെ പ്രതിരൂപങ്ങളെ സ്വമേധയാ ചെറുത്തു തോൽപ്പിക്കാൻ ശ്രമിക്കണം. ഒരാളെ അല്ലെങ്കിൽ ഒരു സംഘത്തെ കുറ്റപ്പെടുത്തുമ്പോൾ, അതിനെ വെറും ഒരു തോന്നൽ എന്നതിന് ഉപരിയായി വസ്തുനിഷ്ഠമായി ചിന്തിക്കുക. എന്ത് തെളിവുകളാണ് അവർക്കെതിരെ നമ്മുടെ കൈവശം ഉള്ളത്. ഇവരുമായി നമ്മുടെ വ്യക്തിപരമായ അനുഭവങ്ങൾ നമ്മുടെ ചിന്തകളെ ന്യായീകരിക്കുന്നുണ്ടോ? ന്യൂനപക്ഷത്തിന്റെ പ്രവർത്തനങ്ങൾ നമ്മൾ ഭൂരിപക്ഷത്തെ കുറ്റപ്പെടുത്താൻ കാരണമാക്കുന്നുണ്ടോ?
എന്നു മുതൽ ആയിരിക്കാം ഈ ചിന്തകൾക്ക് മനസ്സിൽ പ്രതിഷ്ഠ ലഭിച്ചത്? എന്തായിരുന്നിരിക്കാം കാരണം? സ്വന്തം അനുഭവങ്ങൾ? കേട്ടുകേൾവി? പുസ്തകം? ഇൻറർനെറ്റ്? സോഷ്യൽ മീഡിയ ?
ഈ വ്യക്തി അല്ലെങ്കിൽ സംഘവുമായി നമുക്ക് നേരിട്ടുണ്ടായ അനുഭവങ്ങളെ പോസിറ്റീവും നെഗറ്റീവുമായി ഒന്ന് അക്കമിട്ട് നിരത്തി നോക്കുക. ഇതിൽ എത്രമാത്രം വെറുപ്പ് അവർ അർഹിക്കുന്നു എന്ന് ശാസ്ത്രീയമായി വിശകലനം ചെയ്യുക. വ്യക്തിപരമായ അനുഭവങ്ങൾക്കപ്പുറം വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നും യാഥാർത്ഥ്യങ്ങൾ വായിക്കുക. പക്ഷപാതപരം എന്നു സംശയം തോന്നുന്നതോ, നമ്മുടെ സ്വന്തം വിശ്വാസങ്ങൾ വളർത്തുന്നതോ ആയത് മാത്രം വായിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനോടൊപ്പം എതിർ ഗ്രൂപ്പിൽ പെട്ട ആളുകൾക്ക് സംസാരിക്കാനുള്ളത് ക്ഷമയോടെ കേൾക്കാൻ ശ്രമിക്കണം. ഒരു തർക്കത്തിന് വേണ്ടി ശ്രമിക്കരുത്. തന്റെ അഭിമാനത്തിന് ക്ഷതമേൽക്കുന്നു എന്ന തോന്നലിന് പകരം കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശ്രമം മാത്രമായി ഇതിനെ കാണണം.

സമൂഹത്തിലെ മാറ്റങ്ങൾ സ്വന്തം മനസ്സിലേ തുടങ്ങൂ എന്ന തിരിച്ചറിവുണ്ടാകണം. പല കാര്യങ്ങളിലും നമുക്ക് യോജിക്കാൻ കഴിയുന്നില്ലെന്ന് വരാം. നമുക്ക് നമ്മുടെ, അവർക്ക് അവരുടെ വിശ്വാസം എന്ന തീരുമാനത്തിലെത്താൻ എളുപ്പം സാധിക്കും. ഇതു വരെ മനസ്സിൽ സൂക്ഷിച്ച വെറുപ്പ് അശാസ്ത്രീയവും അസ്ഥാനത്തും ആയിരുന്നു എന്നും ബോദ്ധ്യപ്പെടും.

Homo erectus, Homo luzonensis, Homo floresiensis ഇത്യാദി പല ആദിമ മനുഷ്യ സ്പീഷീസുകളുണ്ടായിരുന്നിട്ടും, 300,000 ത്തോളം വർഷമായി ഹോമോ സാപ്പിയൻ എന്ന നമ്മുടെ മനുഷ്യ വർഗ്ഗം അതിജീവിക്കുകയും ഭൂമി അടക്കി ഭരിക്കുന്ന നിലയിലെത്തുകയും ചെയ്തതിന്റെ മൂല കാരണങ്ങളിലൊന്ന് ഒരു കൂട്ടമായി സഹവസിക്കാനുള്ള സഹകരണ ശേഷിയാണ്.

പ്രപഞ്ച വ്യാപ്തിയുമായി തുലനം ചെയ്താൽ പൊട്ടു പോലുള്ള ഭൂമിയിൽ സൂക്ഷ്മജീവി സമാനമാണ് മനുഷ്യർ…

നോക്കൂ നാം ശാസ്ത്ര വിപ്ലവത്തിലൂടെ മനുഷ്യജീവിതങ്ങൾ മെച്ചപ്പെടുത്തിയത് താരതമ്യേന ചുരുങ്ങിയ കാലയളവിലൂടെയാണ്. ഇലക്ട്രിസിറ്റി ഇല്ലായെങ്കിൽ ഇന്ന് നമ്മൾ രാവിലെ തൊട്ട് ഉപയോഗിച്ച എത്ര സംവിധാനങ്ങൾ ഈ ഫോണും, ഇൻറർനെറ്റും ഉൾപ്പെടെ ഉപയോഗയുക്തമാക്കാൻ കഴിയുമായിരുന്നു. ഇതെല്ലാം സാധ്യമായതും അഭംഗുരം തുടരുന്നതും ശാസ്ത്രത്തിന്റെ അറിവുകളും നേട്ടങ്ങളും വിശ്വമാനവികതയ്ക്ക് ഉതകുന്ന പോലെ രാജ്യാതിർത്തികൾ ഭേദിച്ച് കൈമാറ്റം ചെയ്യുന്നതിനാലാണ്.

വീണ്ടു വിചാരമില്ലാത്ത വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾ മനുഷ്യകുലത്തിന്റെ തന്നെ പിന്നോട്ടടിക്കലിനും, ഒരു വേള ഉന്മൂലനത്തിനും വരെ കാരണമായേക്കാം. വെറുപ്പ് നാടിൻെറയും മനുഷ്യരുടെയും നാശത്തിലേ അവസാനിച്ചിട്ടുള്ളൂ എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. ചരിത്രത്തിൽ നിന്ന് പാഠം പഠിക്കാത്തവർ സ്വയം നാശത്തിന്റെ പാത തിരഞ്ഞെടുക്കുകയാണ് എന്ന് മറന്നു കൂടാ.

ലേഖകർ
Shameer V K completed MBBS from Pariyaram Medical College and MD General Medicine from Govt Medical College, Thrissur. He has worked at Malabar Medical College, KMCT Med College, and Thrissur Medical College. Presently Assistant Professor, Kozhikode Medical College. Special interest - Infectious Diseases, Diabetes and Geriatrics.
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ