· 5 മിനിറ്റ് വായന

സ്വവര്‍ഗാനുരാഗത്തിന് ആധുനിക വൈദ്യശാസ്ത്രത്തിലുള്ള സ്ഥാനം എവിടെ

Hoaxകിംവദന്തികൾ

കഴിഞ്ഞ ദിവസമാണ് സ്വവര്‍ഗാനുരാഗികളെ ചികിത്സിച്ചു സുഖമാക്കും എന്ന് അവകാശപ്പെടുന്ന ഒരാളുടെ വീഡിയോ കണ്ടത്. ഈ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ആവശ്യമായ പരിശീലനമോ മറ്റോ അദ്ദേഹത്തിന് ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ അദ്ദേഹം പഠിച്ച സിലബസ് ഒന്നുകൂടി നോക്കുന്നത് നല്ലതായിരിക്കും. വിദ്യാഭ്യാസ പരമായി മുന്നിട്ടു നില്‍ക്കുന്ന പരിഷ്കൃത സമൂഹമെന്നു നാം കരുതുന്ന കേരളത്തിലെ ആളുകള്‍ക്ക് സ്വവര്‍ഗാനുരാഗത്തെ കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകളുടെ പ്രതിഫലനമാണ് ആ വാക്കുകളില്‍ കണ്ടത്. ഇത് മാത്രമല്ല, ആധുനിക വൈദ്യശാസ്ത്രം പഠിച്ച/പഠിക്കുന്ന പലര്‍ക്കും സ്വവര്‍ഗാനുരാഗത്തെ കുറിച്ചുള്ള അറിവ് പരിമിതമാണ് എന്നും കാഴ്ചപ്പാടുകള്‍ ഇടുങ്ങിയതാണ് എന്നും തോന്നിയിട്ടുണ്ട്.

വൈദ്യശാസ്ത്രത്തിൽ സ്വവര്‍ഗാനുരാഗത്തെ കുറിച്ച് കൂടുതല്‍ പഠിക്കുന്നത് മാനസികാരോഗ്യ വിദഗ്‌ദ്ധരും മനശാസ്ത്രജ്ഞരുമാണ്. ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ കൃത്യമായി അറിയാവുന്നവരാണ് ഇതില്‍ ഭൂരിഭാഗവും, എങ്കിലും ഈ അറിവ് പുറത്തു പറയാന്‍ പലര്‍ക്കും മടിയാണ്. സമൂഹത്തിന്‍റെ പോതുബോധ്യത്തിനൊപ്പം നിൽക്കാനാണ് പലപ്പോഴും ഇതില്‍ പലരും ആഗ്രഹിക്കുക. സ്വവര്‍ഗാനുരഗത്തെ കുറിച്ച് സംസാരിച്ചാല്‍ തങ്ങളും പൊതുസമൂഹത്തിൽ ഒറ്റപ്പെടുമോ എന്ന് പേടിയാകം കാരണം.

സ്വവര്‍ഗാനുരാഗം ഒരു മാനസിക രോഗമാണെന്നും , ചികിത്സയിലൂടെ അത് മാറ്റിയെടുക്കാം എന്നും അവകാശപ്പെടുന്ന ചിലരുണ്ട്. ആളുകളെ പറ്റിച്ച് ജീവിക്കുന്നവര്‍. അവര്‍ കൂടി വായിക്കാൻ വേണ്ടിയാണ് ഈ ലേഖനം.

ചരിത്രം പരിശോധിച്ചാല്‍ സ്വവര്‍ഗാനുരഗികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പണ്ട് തൊട്ടേ കാണാം . പ്രധാനമായും മൂന്നു തലത്തില്‍ ഈ വിഷയം ചരിത്രത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

  1. പാപം – THE SIN

പത്തൊന്‍പതാം നൂറ്റാണ്ട് വരെ പാശ്ചാത്യ രാജ്യങ്ങളില്‍ ക്രിസ്തു മതത്തിനുള്ള സ്വാധീനം വലുതായിരുന്നു. പല സാമൂഹിക നിയമങ്ങളും മറ്റും ആ മത വിശ്വാസവുമായി ബന്ധപെട്ടാണ് വളര്‍ന്നത്‌. അതുകൊണ്ട് തന്നെ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു പാപമായാണ് സ്വവര്‍ഗാനുരഗതത്തെ അന്ന് കണ്ടിരുന്നത്‌. അതുകൊണ്ട് തന്നെ sodomy എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇത്തരത്തില്‍ ആരെയെങ്കിലും കണ്ടെത്തിയാല്‍ അവരെ സഭയിലും സമൂഹത്തിലും നിന്ന് പുറത്താക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. അതോടൊപ്പം നിയമപരമായി തന്നെ സ്വവര്‍ഗ വിവാഹങ്ങള്‍ ശിക്ഷയര്‍ഹിക്കുന്ന കുറ്റമാക്കി മാറ്റുകയും ചെയ്തു.

  1. മാനസികരോഗം: THE MENTAL ILLNESS

പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ പകുതിയോടെ മതത്തിനുള്ള സ്വാധീനം കുറയുകയും, പല രാജ്യങ്ങളിലും ജനാധിപത്യ സര്‍ക്കാരുകള്‍ അധികാരത്തിൽ വരികയും ചെയ്തു. ഒപ്പം ശാസ്ത്രവും വൈദ്യ ശാസ്ത്രവും വളര്‍ന്നു. സാധാരണയില്‍ നിന്ന് വ്യത്യസ്തമായ സ്വഭാവങ്ങളും പെരുമാറ്റവും മാനസിക രോഗമായി ശാസ്ത്രലോകം കരുതി. gender ബൈനറി എന്ന പൊതു ബോധ്യത്തിനു വിരുദ്ധമായ എല്ലാ കാര്യങ്ങളും മാനസിക രോഗങ്ങളുടെ പട്ടികയില്‍ വന്നു.

ഇത്തരത്തില്‍ രോഗമായി ചിത്രീകരിക്കുന്നത് ഇത്തരക്കാര്‍ക്ക് നേരെയുള്ള അവഗണന കുറയ്ക്കുമെന്നും, ചികിത്സ വഴി ഇവരെ സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കും എന്നും അന്നത്തെ ആളുകള്‍ കരുതി. ഇത് പ്രകാരം പല സ്വവര്‍ഗാനുരഗികളെയും പല തരത്തിലുള്ള ചികിത്സകള്‍ക്കും വിധേയരാക്കി. പലരും മാനസികരോഗ കേന്ദ്രങ്ങളില്‍ അടക്കപ്പെട്ടു. ചികിത്സക്കായി തങ്ങളുടെ അടുത്ത് എത്തുന്ന പലരും വിഷാദം പോലെയുള്ള രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നു എന്ന കണ്ടെത്തെലും ഇത് രോഗാവസ്ഥയാണ് എന്നുള്ള ചിന്തിക്ക് ആക്കം കൂട്ടി.

  1. സാധാരണ വളര്‍ച്ചയുടെ ഭാഗം – NORMAL VARIATION

1950-കള്‍ ആയപ്പോള്‍ വീണ്ടും കാഴ്ചപാടുകള്‍ മാറി. Alfred Kinsey ചികിത്സക്കായി ആരെയും സമീപിക്കാത്ത സ്വവര്‍ഗാനുരഗികളില്‍ നടത്തിയ പഠനങ്ങളും, ഒപ്പം മനുഷ്യര്‍ക്ക് ഇടയില്‍ നമ്മള്‍ കരുതയതിലും കൂടുതല്‍ ആളുകള്‍ക്ക് സ്വവര്‍ഗാനുരാഗ താല്‍പര്യങ്ങള്‍ ഉണ്ടെന്നുള്ള കണ്ടെത്തെലും ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് വഴി തെളിച്ചു. മാനസികാരോഗ്യ വിദഗ്ധരുടെ അടുത്ത് ചികിത്സക്ക് പോകുന്ന ആളുകളില്‍ മാത്രം നടത്തിയ പഠനങ്ങളാണ് തെറ്റായ നിരീക്ഷണങ്ങള്‍ക്ക് കാരണമായത് എന്ന് തെളിയിക്കപെട്ടു. സാധാരണ നിലയില്‍ ജീവിക്കുന്ന സ്വവര്‍ഗാനുരഗികളുടെ ഇടയില്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നു. ഇതില്‍ പ്രധാനമാണ് Evelyn Hooker നടത്തിയ പഠനം.

30 സ്വവര്‍ഗാനുരഗികളെയും 30 heterosexual ആളുകളെയും അവര്‍ നിരീക്ഷിച്ചു. ഇതില്‍ സ്വവര്‍ഗാനുരാഗികൾക്കു കൂടുതല്‍ എന്തെങ്കിലും മാനസിക സംഘര്‍ഷങ്ങള്‍ ഉള്ളതായി തെളിയിക്കപെട്ടില്ല. ഈ പഠനങ്ങള്‍ ഒക്കെ വിരല്‍ ചൂണ്ടിയത് സ്വവര്‍ഗാനുരാഗം സാധാരണ വളര്‍ച്ചയുടെ ഭാഗമാണ് എന്ന കാഴ്ചപാടിലേക്കാണ്. ഒരാളുടെ ലൈംഗിക തല്പരതുടെ (SEXUAL ORIENTATION) വിവിദ ഭാവങ്ങളാണ് സ്വവര്‍ഗനുരാഗവും, heterosexyality, bisexuality, asexuality എന്നിവയെന്നും കരുതപ്പെട്ടു. എങ്ങനെയാണു ഒരാള്‍ക്ക് ഇത്തരത്തില്‍ ലൈംഗിക തല്‍പരത ഉണ്ടാകുന്നതു എന്ന് നിലവില്‍ വ്യക്തമല്ല. ജനിത പ്രത്യേകതകള്‍ തൊട്ടു പല കാരണങ്ങള്‍ കൊണ്ടാകാം ഇതെന്ന് കരുതപ്പെടുന്നു. ഒരാള്‍ക്ക് വലതും ഇടതും കൈകള്‍ക്ക് കൂടുതല്‍ സ്വാധീനം എങ്ങനെ ഉണ്ടാകുന്നോ അത്തരത്തില്‍ സാധാരണ വളര്‍ച്ചയുടെ ഒരു പ്രതിഫലനം മാത്രമാണ് ലൈംഗിക തല്‍പരതയുടെ വിവിധ ഭാവങ്ങള്‍ എന്നതാണ് ആധുനിക വൈദ്യശാസ്ത്രത്തിനു സ്വവര്‍ഗാനുരാഗത്തെ കുറിച്ചുള്ള നിലവിലെ കാഴ്ചപ്പാട്.

മാനസിക രോഗത്തില്‍ നിന്നും പുറത്തേക്ക്:

മാനസികാരോഗ്യ ശാസ്ത്രത്തില്‍ രോഗങ്ങള്‍ കണ്ടെത്തുന്നതിനും തരംതിരിക്കുന്നതിനും ഉപയോഗിക്കുന്ന സൂചികകള്‍ ഉണ്ട്. പ്രധാനമായും അമേരിക്കന്‍ സൈക്യാട്രി അസോസിയേഷന്‍ പുറത്തിറക്കുന്ന DSM- diagnostic and statistical manual, ലോകാരോഗ്യസംഘടന പുറത്തിറക്കുന്ന ICD –international classification of diseases എന്നിവയാണ് ഉപയോഗിക്കുക.

1952 ല്‍ പുറത്തിറങ്ങിയ DSM ഒന്നാം എഡിഷനില്‍ -sociopathic personality disturbance എന്ന തലക്കെട്ടിനു കീഴിലായിരുന്നു സ്വവര്‍ഗാനുരാഗത്തിന്‍റെ സ്ഥാനം. രണ്ടാം എഡിഷനില്‍ ഇത് sexual deviation എന്ന ഭാഗത്തായി.

മെഡിക്കല്‍ മോഡല്‍ നിലവിലുള്ള stigma കുറക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മറിച്ചാണ് സംഭവിച്ചത്. മാനസിക രോഗത്തോടും രോഗികളോടും സമൂഹം പുലര്‍ത്തിയിരുന്ന അവജ്ഞ ഇവരും അനുഭവിക്കേണ്ടി വന്നു. സമൂഹം ഇവരെ മനസികരോഗികള്‍ ആയി മുദ്രകുത്തി പലവിധത്തിലുള്ള ക്രൂര ചികിത്സകള്‍ക്കും വിധേയരാക്കി. ഇതേ കാലഘട്ടത്തിലാണ് normality തിയറി കൂടുതല്‍ പ്രചാരം നേടിയതും.

1969ല്‍ ന്യൂയോര്‍ക്കില്‍ നടന്ന stonewall വിപ്ലവത്തോടെ ഗേ activism കൂടുതല്‍ ശക്തമായി. സ്വവര്‍ഗാനുരാഗത്തെ മാനസികരോഗമായി ചിത്രീകരിക്കുന്നതാണ് കൂടുതല്‍ അവജ്ഞക്ക് കാരണം എന്ന് അവര്‍ വാദിച്ചു. അതുകൊണ്ട് മാനസികരോഗങ്ങുടെ പട്ടികയില്‍ നിന്നും ഇത് നീക്കം ചെയ്യണം എന്ന് അവര്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ചു 1970 ലും 1971ലും അമേരിക്കന്‍ സൈക്യാട്രി അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തിന് മുന്നില്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഫലം കണ്ടു. സ്വവര്‍ഗാനുരാഗത്തെ കുറിച്ച് APA സമ്മേളനത്തില്‍ വിഷയം അവതരിപ്പിക്കാന്‍ അനുവാദം ലഭിച്ചു.

1971 ല്‍ ഫ്രാങ്ക് കാമെനി, ബാര്‍ബര ഗിട്ടിംഗ് എന്നീ രണ്ടു ഗേ activist കള്‍ വിഷയം അവതരിപ്പിച്ചു. അടുത്ത വര്ഷം ഇവരോടൊപ്പം Judd Marmor, John Fryer എന്നിവരും സംസാരിച്ചു . ഒരു ഗേ മാനസികാരോഗ്യ വിദഗ്‌ധൻ ആയ John മാസ്ക് ധരിച്ചാണ് മീറ്റിങ്ങില്‍ പങ്കെടുത്തത്. സമൂഹത്തിലും സഹപ്രവര്‍ത്തകര്‍ക്ക് ഇടയിലും നേരിടുന്ന അവഗണനെയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇതേ തുടര്‍ന്നു APA ഒരു വിദഗ്ത സമതിയെ വിഷയം പഠിക്കാന്‍ ഏല്‍പ്പിക്കുകയും അവര്‍ സ്വവര്‍ഗാനുരാഗം DSM ല്‍ നിന്നും നീക്കം ചെയ്യണം എന്ന് നിര്‍ദേശിച്ചു. ഈ നിര്‍ദേശം വോട്ടിനിടുകയും അന്ന് ഉണ്ടായിരുന്നവരില്‍ 58 ശതമാനം ആളുകളുടെ പിന്തുണ തീരുമാനത്തിന് ലഭിക്കുകയും ചെയ്തു. എന്നാല്‍ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചു.

1987 വരെ ego dystonic homosexuality എന്ന പേരില്‍ ഇത് ബുക്കില്‍ തുടര്‍ന്നു. തന്‍റെ ലൈംഗിക തല്‍പരത കണ്ടെത്തിയതിനു ശേഷം അതില്‍ അസ്വസ്ഥത ഉള്ളവരെ ഉള്‍പ്പെടുത്താനാണ് ഇത് ഉപയോഗിച്ചത്‌. അത്തരക്കാരെ കൃത്യമായ തീരുമാനത്തില്‍ എത്തിക്കാന്‍ സഹായിക്കുക എന്നതായിരുന്നു ഉദ്ദേശം.

1990 ല്‍ ലോകാരോഗ്യസംഘടന ICD പത്താം എഡിഷനില്‍ നിന്നും സ്വവര്‍ഗാനുരാഗതത്തെ ഒഴിവാക്കി. എന്നാല്‍ ego dystonic sexual orientation എന്ന പേരില്‍ ഒരു ഭാഗം ഇപ്പോളും ICD യില്‍ ഉണ്ട്. മുകളില്‍ സൂചിപ്പിച്ചപോലെ തന്‍റെ sexual orientation അംഗീകരിക്കാന്‍ പറ്റാതെ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരെ ഉള്‍പ്പെടുത്താനാണ് ഈ ഭാഗം. ഈ വർഷം അവസാനം ഇറങ്ങുന്ന ICD-11ല്‍ ഈ ഭാഗവും ഉണ്ടാവില്ല.

ഇത്തരത്തില്‍ മാനസികാരോഗ്യ ശാസ്ത്രത്തില്‍ ഒരു രോഗമായി നിലവില്‍ പരിഗണിക്കാത്ത ഒരു അവസ്ഥയെ ചികിത്സിക്കാന്‍ നടക്കുന്നവരോട് ഒരു ചോദ്യമേയുള്ളൂ. നിങ്ങള്‍ക്ക് heterosexual ആയ ഒരാളെ ചികിത്സിച്ചു homosexual ആക്കാന്‍ സാധിക്കുമോ ? ഇല്ല എന്നാണ് ഉത്തരം എങ്കില്‍ സ്വവര്‍ഗാനുരാഗത്തിന്‍റെ കാര്യവും അങ്ങനെ തന്നെയാണ്.

സമൂഹത്തില്‍ നിന്ന് നേരിടുന്ന എതിര്‍പ്പുകളും ഒറ്റപെടുത്തലുകളും അവജ്ഞയുമാണ് ഇവരിലെ മാനസിക സംഘര്‍ഷങ്ങള്‍ക്കും, കൂടിയ ആത്മഹത്യ നിരക്കുകള്‍ക്കും കാരണം എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് നമ്മളെ പോലെ തന്നെ എല്ലാ കാര്യങ്ങളിലും തുല്യരായ ഇവരെ തുറന്ന മനസോടെ നമുക്ക് സ്വീകരിക്കാം. അവരോടൊപ്പം തന്നെ ഒരുമിച്ചു ഈ ലോകവും അതിന്‍റെ ഭംഗിയും ആസ്വദിക്കാം. ഇന്നോ നാളെയോ നമ്മളുടെയും ലൈംഗിക തല്‍പരത മാറാം എന്ന കാര്യം ഒര്‍മ്മയില്‍ ഇരിക്കട്ടെ .

American Psychiatric Association 2013 ല്‍ സ്വവര്‍ഗാനുരാഗത്തെ സംബന്ധിച്ച് പുറത്തിറക്കിയ പൊസിഷന്‍ സ്റ്റെമെന്റ്റ്‌

It is the American Psychiatric Association’s position that same-sex attraction, whether expressed in action, fantasy, or identity, implies no impairment per se in judgment, stability, reliability, or general social or vocational capabilities. The American Psychiatric Association believes that the causes of sexual orientation (whether homosexual or heterosexual) are not known at this time and likely are multifactorial including biological and behavioral root which may vary between different individuals and may even vary over time. The American Psychiatric Association does not believe that same-sex orientation should or needs to be changed, and efforts to do so represent a significant risk of harm by subjecting individuals to forms of treatment which have not been scientifically validated and by undermining self-esteem when sexual orientation fails to change

ഇത്തരത്തിൽ ആധുനിക വൈദ്യശാസ്ത്രം സാധരണ അവസ്ഥയായി കാണുന്ന സ്വവർഗാനുരാഗത്തെ ചികിൽസിച്ചു ഭേദമാക്കാം എന്ന് പറഞ്ഞു ആളുകളെ പറ്റിക്കുന്നവർ ആരായാലും നടപടി എടുക്കണം. ടൈറ്റസ് വർഗീസിനെ പോലെ കൃത്യമായ യോഗ്യതയില്ലാതെ ഈ വിഷയം വികലമായി ചിത്രീകരിക്കുന്നവർക്കു എതിരെ ശബ്‌ദിക്കുവാൻ കേരളത്തിലെ മെഡിക്കൽ സമൂഹം തയ്യാറാവണം. അതോടൊപ്പം വ്യത്യസ്‍ത ലൈംഗിക തല്പരതകളെ കുറിച്ച് മെഡിക്കൽ മേഖലയിൽ ഉള്ളവർക്ക് കാലോചിതമായ പരിശീലനം നൽകണം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പോലെയുള്ള സംഘടനകളും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും ഒക്കെ തങ്ങളുടെ LGB നയം തുറന്നു പറയണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ചരിത്രത്തെ കുറിച്ച് കൂടുതല്‍ അടുത്ത കുറിപ്പില്‍…

ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ