· 7 മിനിറ്റ് വായന

തന്മാത്രകൾ ചാർത്തുന്ന കയ്യൊപ്പുകൾ

Pathologyഗവേഷണം

ജിഷ്ണു കേസ്: DNA വേർതിരിക്കാനായില്ല .

ഇന്നത്തെ പത്രത്തിലെ പ്രധാന തലക്കെട്ടാണ്‌. രണ്ടു ദിവസം മുമ്പാകട്ടെ, ബസ്സിൽ ക്രൂരമായി പീഡിക്കപ്പെട്ട് പെൺകുട്ടി കൊല ചെയ്യപ്പെട്ട, നാടിനെ നടുക്കിയ ഡൽഹി കൊലക്കേസിൽ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചത് നാം വായിച്ചു. ആ ബസ്സിൽ മേൽപ്പറഞ്ഞ പ്രതികൾ ഉണ്ടായിരുന്നുവെന്നും അവർ ഈ ഹീനകൃത്യം ചെയ്തു എന്നും സംശയത്തിന്റെ തലനാരിഴ പോലും ആനുകൂല്യമില്ലാതെ ശാസ്ത്രീയമായി കോടതിക്ക് ഉറപ്പു വരുത്താൻ സാധിച്ചത് DNA പരിശോധനയിലൂടെയാണ്.

വസ്ത്രങ്ങളിൽ നിന്നും, പരിസരത്തെ ഇലകളിൽ നിന്നും, നശിപ്പിക്കാൻ ശ്രമിച്ച തെളിവുകളിൽ നിന്നും, പീഡനോപകരണങ്ങളിൽ നിന്നും ശേഖരിച്ച രക്തത്തിലെയും സ്രവങ്ങളിലെയും DNA, കുറ്റാരോപിതരായ പ്രതികളുടെ DNA യുമായി ചേരുന്നുവെന്നതാണ് എന്നാൽ ഏറ്റവും പ്രധാനമായത്. ദന്തക്ഷതം പോലുള്ള തെളിവുകളുടെ വിശ്വാസ്യതയിൽ ഏറ്റക്കുറിച്ചിലുണ്ടാകാമെങ്കിലും DNA പഠനത്തിലൂടെ പ്രതിയെ തിരിച്ചറിയുന്നത് കുറ്റമറ്റ രീതിയാണ് എന്ന് കോടതി വിധി പ്രസ്താവത്തിൽ എടുത്ത് പറയുന്നു. “സരൂപ” ഇരട്ടകളിലൊഴികെ സംശയാസ്പദമായി ശേഖരിക്കപ്പെട്ട DNA ഒരു വ്യക്തിയുടെ DNA യുമായി ചേരുന്നുണ്ടങ്കിൽ അതയാളുടേതല്ലതാവാനുള്ള സാധ്യത മുപ്പത് ബില്യണിൽ ഒന്നു മാത്രമാണെന്ന് കോടതി മുൻ പഠനങ്ങളെ ഉദ്ധരിച്ചു പറഞ്ഞു . ഇന്നിപ്പോൾ പെരുമ്പാവൂർ കൊലക്കേസിലും മാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്നു DNA ഫിംഗർ പ്രിന്റിങ്ങ്.

*അൽപ്പം ചരിത്രം*

DNA ടൈപ്പിംഗ്, ജനറ്റിക് ടൈപ്പിംഗ് എന്നൊക്കെ വിളിക്കാറുള്ള ഈ സങ്കേതം ബ്രിട്ടീഷ് ജനിതക ശാസ്ത്രജ്ഞനായ Professor Sir Alec John Jeffreys 1985-ൽ ആണ് കണ്ടുപിടിച്ചത്. Leicestershire-ൽ വച്ച് രണ്ട് പെൺകുട്ടികളെ റേപ്പ് ചെയ്തു കൊന്ന കേസിലെ പ്രതിയായ Colin Pitchfork ആണ് ഈ സാങ്കേതിക വിദ്യയിലൂടെ കുറ്റവാളിയാണെന്ന് തെളിയക്കപ്പെട്ട് ശിക്ഷിക്കപ്പെട്ട ആദ്യത്തെ വ്യക്തി. മരണപ്പെട്ട പെൺകുട്ടികളുടെ യോനിയിൽ നിന്നും ശേഖരിച്ച ശുക്ല (Semen) സാമ്പിളിൽ നിന്നും പ്രതിയുടെ DNA വേർതിരിക്കുകയും സംശയമുള്ളവരുടെ രക്തത്തിൽ നിന്നും വേർതിരിച്ച DNA-യുമായി താരതമ്യം ചെയ്യുകയുമാണുണ്ടായത്. പ്രതിയെന്നു സംശയിച്ചിരുന്ന Richard Buckland-യുടെ DNA-യുമായി ആദ്യം താരതമ്യം ചെയ്യുകയും ആളുടെ DNA അല്ല എന്ന് തെളിയുകയും ചെയ്തു. DNA പരിശോധനയിലൂടെ ഒരു കേസിൽ നിരപരാധിയാണ് എന്ന് തെളിയിച്ച ആദ്യ വ്യക്തിയാണ് Richard Buckland.

1996-ലെ ന്യൂ ഡൽഹി തന്തൂരി കൊലക്കേസിലാണ് ഇന്ത്യയിൽ ആദ്യമായി DNA ടൈപ്പിംഗ് തെളിവായി കോടതി സ്വീകരിച്ചത്. രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളെ തിരിച്ചറിയുവാനും പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിൽ വെന്തും കരിഞ്ഞും ബാക്കിയായ ശരീരഭാഗങ്ങളിൽ നിന്നും പരേതരെ തിരിച്ചറിയാനും ഒക്കെ DNA സാങ്കേതിക വിദ്യകൾ ഉപയോഗിക്കപ്പെട്ടു.

*പിരിയൻ കോവണി കാണിച്ചു തരുന്നത് … *

23 ജോഡി ക്രോമസോമുകളാണ് മനുഷ്യ കോശത്തിന്റെ ന്യൂക്ലിയസിലുള്ളത്. ഈ ക്രോമസോമുകളാണ് മനുഷ്യന്റെ ജനിതക ഘടന നിർണ്ണയിക്കുന്നത്. പിരിയൻ കോവണിയുടെ ആകൃതിയുള്ള DNA-കൾ ചേർന്നാണ് ക്രോമസോം ഉണ്ടാവുന്നത്.

Adenine, Thymine, Guanine, Cytosine എന്നീ ന്യൂക്ലിയോറ്റൈഡുകളും ഡിഓക്സിറൈബോസ് ഷുഗറും ഫോസ്‌ഫേറ്റ് ഗ്രൂപ്പും ചേർന്നാണ് DNA-യുടെ രണ്ടിഴകളും രൂപപ്പെടുക. Adenine എപ്പോഴും Thymine-ടും Guanine എപ്പോഴും Cytosine-ടും കൂടെ മാത്രമേ ജോഡി ചേരുകയുള്ളൂ.

ഓരോ മനുഷ്യകോശത്തിലും മനുഷ്യന്റെ ഏതാണ്ടെല്ലാ ജീനുകളും ഉൾപ്പെട്ടിരിക്കുന്നു. DNA-യിൽ ജനിതക കോഡിങ് ഭാഗവും നോൺകോഡിങ് ഭാഗവുമുണ്ടായിരിക്കും. ഒരു DNA-യിൽ ഏതാണ്ട് 3% ഭാഗം മാത്രമാണ് ജീനുകളുണ്ടാവുക. DNA-യുടെ ബാക്കി ഭാഗമെല്ലാം നോൺകോഡിങ്ങ് ഭാഗമാണ്. ഈ നോൺകോഡിങ് ഭാഗത്തെ VTNR അല്ലെങ്കിൽ Minisatellites എന്ന് വിളിക്കുന്നു. സരൂപ ഇരട്ടകൾ (Identical Twins) ഒഴികെ എല്ലാവരിലും ഈ ഭാഗം വ്യത്യസ്തമായിരിക്കും . എന്ന് വെച്ചാൽ ഒരു വ്യക്തിക്ക് മാത്രം അവകാശപ്പെടുന്നത്. വേണ്ടി വന്നാൽ വ്യക്തിയെ വെളിപ്പെടുത്താൻ തന്മാത്രകളുടെ തിരിച്ചറിയൽ രേഖയായി ഉപയോഗപ്പെടുത്താമെന്ന് സാരം.

*അൽപ്പം സാങ്കേതികത്വം… *

ചില സാങ്കേതിക പദങ്ങൾ ഉപയോഗിക്കാതെ ഇനി നമുക്ക് മുന്നോട്ട് പോവാനാകില്ല.

പലതരം DNA പഠന സങ്കേതങ്ങൾ (DNA Typing techniques) ഇന്ന് നിലവിലുണ്ട്. RFLP (Restriction Fragment Length Polymorphism), PCR (Polymerase Chain Reaction), STR (Short Tandem Repeats), Mitochondrial DNA Analysis, Rapid DNA ID Microchip-Based Genetic Detectors തുടങ്ങിയവയാണവ.

RFLP – Alec Jeffreys കണ്ടുപിടിച്ച രീതിയാണിത്. ശരീരകോശങ്ങളിലെ ന്യൂക്ലിയസിൽ നിന്നും DNA ശേഖരിക്കുന്നു. ഈ DNA തന്തുക്കൾ ചില എൻസൈമുകൾ (Restriction Enzymes) ഉപയോഗിച്ചു് വിവിധ അളവുകളിൽ മുറിക്കുന്നു. Gel Electrophoresis-ലൂടെ ഇവയുടെ നീളം അനുസരിച്ചു തരം തിരിക്കുന്നു. ഇങ്ങനെ തരം തിരിക്കപ്പെട്ടവ തമ്മിൽ താരതമ്യം ചെയ്യുന്നു. ഒരു മാസമൊക്കെ കാലതാമസമെടുക്കുന്ന ഒരു പ്രക്രിയ ആയിരുന്നു ഇത്. മാത്രമല്ല ഫലത്തിൽ വളരെയധികം തെറ്റുകളും ഉണ്ടായിരുന്നു.

PCR- ഒരു മരത്തിൽ ചിരപുരാതന കാലത്ത് ഉറച്ചു പോയ പശയിലെ കൊതുകിൽ നിന്നും ദിനോസർ DNA വേർതിരിച്ച് ദിനോസറിനെ പുന:സൃഷ്ടിക്കുന്ന ഭാവനയാണ് പ്രശസ്തമായ ജ്യൂറാസിക്‌ പാർക്ക്. ഇത്തരം DNA amplification തന്ത്രങ്ങളിൽ പ്രധാനമാണ് Polymerase Chain Reaction .

DNA ടൈപ്പിംഗിലെ വിപ്ലവാത്മകമായ കണ്ടുപിടിത്തമാണ് PCR. 1983-ൽ അമേരിക്കൻ ബയോക്കെമിസ്റ്റായ Kary B. Mullis ആണിത് കണ്ടുപിടിച്ചത്. DNA-യും എൻസൈമുകളും ആവശ്യം വേണ്ട ജനിതക ഭാഗങ്ങളും അടങ്ങിയ മിശ്രിതം ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യുകയാണ്. ഓരോ സൈക്കിൾ കഴിയുമ്പോഴും DNA ഇഴകൾ പിരിയുകയും പിരിഞ്ഞ ഓരോ ഇഴക്കും അതിന്റെ പൂരകഭാഗം രൂപപ്പെടുകയും അങ്ങിനെ പുതിയ DNA ഭാഗങ്ങൾ ഉണ്ടാവുകളും ചെയ്യുന്നു. ഈ പ്രക്രിയ വീണ്ടും വീണ്ടും ആവർത്തിച്ചാൽ ലക്ഷക്കണക്കിന് DNA ഇഴകൾ നിർമ്മിച്ചെടുക്കുവാൻ സാധിക്കുന്നു.

ഫ്ലൂറസെന്റ് ഇലക്ട്രോഫോറസിസ് നടത്തി ഇങ്ങനെ നിർമ്മിച്ചെടുക്കുന്ന DNA-യെ ക്രോഢീകരിക്കുന്നു. വ്യതസ്ത വ്യക്തികളുടെ ഇങ്ങനെയുള്ള പ്ലേറ്റുകൾ താരതമ്യം ചെയ്യുന്നു.

*DNA ടൈപ്പിംഗ് – ഉപയോഗങ്ങൾ: *

  1. മാതൃത്വം-പിതൃത്വം എന്നിവ സംബന്ധിച്ച തർക്കം:

മനുഷ്യ ശരീരത്തിലെ മൈറ്റോകോൺഡ്രിയൽ DNA മാതാവിൽ നിന്ന് മാത്രം ലഭിക്കുന്നതാണ്. മാതൃത്വത്തെ കുറിച്ചുള്ള തർക്കങ്ങൾക്ക് ഏറ്റവും നല്ല പരിഹാരം മൈറ്റോകോൺഡ്രിയൽ DNA ടൈപ്പ് ചെയ്യുന്നതാണ്.

ആൺ കുട്ടിയുടെ പിതൃത്വത്തെ കുറിച്ചാണ് തർക്കമെങ്കിൽ Y-ക്രോമസോം മാത്രം താരതമ്യം ചെയ്‌താൽ മതിയാകും, കാരണം പിതാവിൽ നിന്ന് മാത്രമേ Y-ക്രോമസോം കുട്ടിക്ക് ലഭിക്കുകയുള്ളൂ.

ഇത് രണ്ടുമല്ല സാഹചര്യമെങ്കിൽ കുട്ടിയുടെ DNA ബാൻഡുകൾ തർക്കമുള്ളവരുടേതുമായി താരതമ്യം ചെയ്യുക. മാതാവിന്റെയും പിതാവിന്റെയും ബാൻഡുകൾ (DNA) കുട്ടിക്ക് പാരമ്പര്യമായി ലഭിക്കുന്നതാണ്.

  1. റേപ്പ് കേസുകൾ:

ലൈംഗിക പീഡന കേസുകളിൽ ശേഖരിക്കുന്ന ശുക്ലത്തിൽ നിന്നും വേർതിരിക്കുന്ന Y-ക്രോമസോം താരതമ്യ പഠനത്തിന് വിധേയമാക്കുന്നു.

  1. വിവിധ കേസുകളിൽ പ്രതിയെ കണ്ടെത്താൻ:

കുറ്റകൃത്യം നടന്ന റൂമിൽ നിന്നോ മരണപ്പെട്ടിരിക്കുന്ന വ്യക്തിയുടെ ശരീരം വസ്ത്രം എന്നിവിടങ്ങളിൽ നിന്നോ കുറ്റവാളിയുടെ രക്തക്കറ, ശുക്ലം, തലമുടി, നഖങ്ങൾക്കിടയിൽ നിന്നും ത്വക്കിന്റെ ഭാഗങ്ങൾ തുടങ്ങിയവ ലഭിക്കാറുണ്ട്. ആ ഭാഗങ്ങളിൽ എല്ലാം നിന്ന് DNA ശേഖരിക്കാറുണ്ട്.

  1. മനുഷ്യാവശിഷ്ടങ്ങളിൽ നിന്നും തിരിച്ചറിയാൻ:

ബോംബ് പൊട്ടുക, സ്‌ഫോടനങ്ങളിലൂടെയോ മറ്റോ ഒന്നിൽ കൂടുതൽ വ്യക്തികൾ മരിക്കുകയും മൃതദേഹം വികൃതമാക്കപ്പെടുകയും ചെയ്യപ്പെടുക തുടങ്ങിയ അവസ്ഥകളിൽ ഈ പരിശോധന വളരെയേറെ ഗുണപ്രദമാണ്. അതുപോലെ തന്നെ പ്രധാനമാണ് വർഷങ്ങൾക്ക് മറവു ചെയ്യപ്പെട്ട ജീർണ്ണിച്ച മൃതദേഹങ്ങൾ തിരിച്ചറിയുക എന്നതും.

  1. കുറ്റവാളികളുടെ DNA പ്രൊഫൈൽ സൂക്ഷിച്ച് വെക്കുന്ന DNA data ബാങ്ക് ദേശീയ തലത്തിൽ തന്നെ സൂക്ഷിക്കുന്ന രീതി ചില രാജ്യങ്ങളിലുണ്ട്. UK National database ൽ ഇത്തരം 6 മില്യനോളം പ്രൊഫൈലുകൾ സൂക്ഷിച്ചുട്ടുണ്ടെന്നാണ് കണക്കുകൾ. കുറ്റകൃതങ്ങളുണ്ടാകുമ്പോൾ സ്ഥിരം നടപടിയെന്നോണം ആരോപിതരായവരുടെ DNA സാംപിൾ ശേഖരിക്കുകയും അവരുടെ കുറ്റം സ്ഥിരീകരിക്കപ്പെട്ടാൽ പ്രൊഫൈൽ സൂക്ഷിക്കുകയും അല്ലാത്ത പക്ഷം രേഖകളിൽ നിന്നും നീക്കം ചെയ്യുകയും ചെയ്യുന്ന രീതിയാണ് അവിടെയൊക്കെ പിന്തുടരുന്നത്. ഒരു പാട് മനുഷ്യാവകാശ സംബന്ധമായ വിഷയങ്ങൾ ഇത് സംബന്ധിച്ച് ഉയർന്ന് വരുന്നുണ്ട്. ഏതായാലും കുറ്റകൃത്യങ്ങൾ ഉണ്ടാകുമ്പോൾ (തെളിയിക്കപ്പെടാത്ത പഴയ കുറ്റങ്ങളിലും) ശേഖരിക്കുന്ന സാമ്പിളുകളിലെ DNA പ്രൊഫൈൽ ആർക്കൈവ് ചെയ്യപ്പെട്ടവയുമായി ഒത്തു നോക്കാമെന്ന സൗകര്യം ഉണ്ട്.
  2. DNA സങ്കേതങ്ങളുടെ ഉപയോഗം വിവിധ സാഹചര്യങ്ങളിൽ വ്യക്തിയെ തിരിച്ചറിയാൻ മാത്രമല്ല ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ഇന്ത്യയിലെ ആദ്യ എബോള വാഹകനെ കണ്ടെത്തിയത് ഇതിന് സമാനമായ DNA സങ്കേതങ്ങളിലൂടെയാണ്. ലൈബീരിയിൽ നിന്ന് മടങ്ങിയ വ്യക്തിയുടെ ശുക്ലത്തിൽ വൈറസ് ജീൻ തിരിച്ചറിയുക വഴിയാണ് ഇത് സാധിച്ചത്. (പ്രത്യേക രോഗലക്ഷണങ്ങളില്ലെങ്കിലും രോഗം പരത്താൻ കഴിയുന്നവരാണ് വാഹകർ. ഉദാഹരണത്തിന് ഈ വ്യക്തിക്ക് ശാരീരിക ബന്ധത്തിലൂടെ എബോള മറ്റൊരാളിലേക്ക് പകർത്താൻ കഴിയും.)
  3. കൃഷി രംഗത്തു പോലും DNA പ്രൊഫൈലിങ്ങിന് സാധ്യതകളുണ്ട്. വിളകൾ അവകാശപ്പെടുന്ന തരം തന്നെയാണോ എന്നുമൊക്കെ തിരിച്ചറിയാൻ ഉപയോഗിക്കപ്പെടുന്നു. ജനിതക വ്യതിയാനം വരുത്തിയ (ജെനിറ്റിക്കലി മോഡിഫൈഡ്) ആയ വിളകളുടെ വരവോടെ വിളകളുടെ ജീൻ പ്രൊഫൈലിങ്ങ് കൂടുതൽ പ്രാധാന്യം നേടും. പരിമിതമായ അറിവു മാത്രമുള്ള മേഖലയായതിനാൽ അതിലേക്ക് കടക്കുന്നില്ല !

*എന്തൊക്കെ സാമ്പിൾ ? എങ്ങിനെ ശേഖരിക്കണം ?*

  1. രക്തം:

2 – 5 മില്ലിലിറ്റർ രക്തം രോഗാണുവിമുക്തമായ ബോട്ടിലിൽ ശേഖരിക്കുക, കേടു വരാതെ/കട്ടപിടിക്കാതിരിക്കുവാനായി EDTA ചേർക്കുക. EDTA ചേർത്തതിന് ശേഷം സാവകാശം നന്നായി മിക്സ് ചെയ്യുക. ഐസ് നിറച്ച സംഭരണിയിൽ ഇത് കൊണ്ടുപോകുക. പരിശോധനക്കയക്കാൻ താമസമുണ്ടെങ്കിൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക.

ഇതിനു പകരമായി FTA പേപ്പർ ഉപയോഗിക്കാവുന്നതാണ്. DNA-യെ സംരക്ഷിക്കുന്ന ബാക്ടീരിയകളുടെ വളർച്ച തടയുന്ന രാസവസ്തുക്കളുള്ള സെല്ലുലോസ് അഡ്സോർബന്റ്‌ പേപ്പർ ആണിത്. ഇതിൽ ഒരു തുള്ളി രക്തം ശേഖരിച്ചുണക്കിയെടുത്താൽ മതിയാകും.

സാമ്പിൾ അയക്കുമ്പോൾ ആരിൽ നിന്നും ശേഖരിച്ചു, എപ്പോൾ എന്ന് ശേഖരിച്ചു, ശേഖരിച്ച ഡോക്ടറുടെ പേര്, ആ വ്യക്തിക്ക് എന്തെങ്കിലും ജനിതക വൈകല്യങ്ങളോ അസുഖങ്ങളോ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം.

  1. റേപ്പ് കേസുകൾ/ശുക്ലം:

യോനിയിൽ നിന്നോ ശരീരത്തിൽ നിന്നോ അണുവിമുക്തമായ സ്വാബിൽ ശേഖരിക്കുക. സ്വാബ് ഉണക്കുക, അണുവിമുക്തമായ ബോക്സിൽ സൂക്ഷിക്കുക. 4 ഡിഗ്രി താപനിലയിൽ സൂക്ഷിക്കുന്നതാണ് ഉചിതം. കൂട്ട ബലാത്സഗം ആണെങ്കിൽ രണ്ടിൽ കൂടുതൽ സാമ്പിൾ ശേഖരിക്കേണ്ടതുണ്ട്. റേപ്പ് കേസുകളിൽ കാലതാമസം ഉണ്ടാവാതെ സാമ്പിൾ ശേഖരിക്കേണ്ടതുണ്ട്. ശരീരത്തിൽ നിന്നും സാംപിൾ ശേഖരിക്കുമ്പോൾ ചെറുതായി നനച്ച (Sterile water) സ്വാബ് ഉപയോഗിക്കുക. സ്വാബ് തയ്യാറാക്കിയതില്ലെങ്കിൽ അണുവിമുക്തമായ Ear buds ഉപയോഗിക്കാവുന്നതാണ്.

  1. ക്രൈം സീൻ:

കുറ്റകൃത്യം നടന്ന സ്ഥലത്ത് പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ നനവുള്ള സ്വാബിൽ ശേഖരിക്കുക. ഉണക്കുക, അണുവിമുക്തമായ ബോക്സിൽ സൂക്ഷിക്കുക.

  1. വികൃതമാക്കപ്പെട്ട ശരീരം:

രക്തം ലഭ്യമല്ലെങ്കിൽ 100 ഗ്രാം മാസം അണുവിമുക്തമായ ഗ്ലാസ് ബോക്സിൽ ശേഖരിക്കുക. കേടുവരാതിരിക്കാനായി 20% DMSO (Dimethyl Sulfoxide) in saturated NaCl ഉപയോഗിക്കുക. കരൾ, പ്ലീഹ എന്നിവയിൽ നിന്നും സാംപിൾ പരമാവധി ഒഴിവാക്കുക കാരണം വളരെ നേരത്തെ ജീർണ്ണിക്കുന്ന അവയവങ്ങളാണവ.

  1. ഭ്രൂണം/ഗര്‍ഭസ്ഥശിശു:

ഗര്‍ഭസ്ഥശിശുവിനെ ഐസ് നിറച്ച ഒരു ജാറിൽ ശേഖരിക്കുക. ഇത് തെർമോക്കോൾ ബോക്സിൽ സൂക്ഷിച്ചയാക്കുക. കേടുവരാതിരിക്കാനായി 20% DMSO (Dimethyl Sulfoxide) / saturated NaCl ഉപയോഗിക്കാം.

  1. എല്ലുകൾ:

നീളമുള്ള എല്ലുകളാണ് (തുടയെല്ലോ ഹ്യൂമെറസോ) ഉചിതം. പ്രിസർവേറ്റിവുകൾ ആവശ്യമില്ല. വൃത്തിയാക്കി പൊതിഞ്ഞയക്കുക

  1. പല്ലുകൾ:

അണപ്പല്ലാണ് ഏറ്റവും ഉചിതം. പ്രിസർവേറ്റിവുകൾ ആവശ്യമില്ല.

  1. തലമുടി:

വേരടക്കം ലഭിക്കുന്നെങ്കിൽ നല്ലത്. വൃത്തിയുള്ള പേപ്പറിൽ പൊതിഞ്ഞയക്കുക. പ്രിസർവേറ്റിവുകൾ ആവശ്യമില്ല.

  1. വിരൽ നഖങ്ങളിലെ വസ്തുക്കൾ:

അക്രമിയുടെ ത്വക്കോ, രക്തമോ ലഭിക്കാൻ സാധ്യതയുണ്ട്. അതിനാൽ ശ്രദ്ധാപൂർവ്വം അണുവിമുക്തമായ ഒരു നീഡിൽ ഉപയോഗിച്ച് നഖത്തിനടിയിലെ വസ്തുക്കൾ ഒരു പേപ്പറിൽ ശേഖരിക്കുക. പരിശോധനക്കയക്കുക. അല്ലെങ്കിൽ നഖം വെട്ടിയെടുക്കുക.

  1. ഉമിനീർ സാമ്പിൾ:

സ്വാബിൽ ശേഖരിക്കുക.

ഇവയെല്ലാം ശേഖരിക്കുമ്പോൾ വളരെയധികം ശ്രദ്ധയുണ്ടാവണം, കാരണം വളരെ സെൻസിറ്റിവായ പരിശോധനയാണിത്. അതിനാൽ ശേഖരിക്കുന്ന ആളുടെ അശ്രദ്ധകൊണ്ട് പരിശോധനക്കായി ശേഖരിക്കുന്ന വസ്തുക്കളിൽ മറ്റൊന്നും കലരാൻ പാടില്ല.

കേരളത്തിൽ സാധാരണ പരിശോധനനകൾ നടത്തുന്നത് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള ഫോറൻസിക് സയൻസ് ലാബിലാണ്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലും ആവശ്യമായ സൗകര്യങ്ങളുണ്ട്.

*പരിശോധന നടത്താൻ ആർക്കൊക്കെ ആവശ്യപ്പെടാം ? *

Judicial first class magistrate/Subordinate judge, or district & sessions judge; Station house officer of a Police Station, or any police officer above rank of S.I.; Medical officer of Asst. Civil surgeon rank or above, of a Govt. hospital; Officers of Collectorate holding executive powers – ഇവർക്കൊക്കെ പരിശോധനക്കയക്കാനുള്ള അധികാരമുണ്ടെങ്കിലും കോടതി മുഖാന്തിരമാണ് പരിശോധനക്കയക്കാറ്.

ഐഡന്റിക്കൽ ട്വിൻസ് ഒഴികെ മറ്റെല്ലാവരിലും 100 % ഐഡന്റിറ്റി കണ്ടെത്താം, വളരെ കുറവ് അളവ് ശരീര ഭാഗങ്ങളിൽ നിന്ന് തന്നെ ഐഡന്റിറ്റി കണ്ടെത്താം, വളരെ ജീർണ്ണിച്ച അവശിഷ്ടങ്ങളിൽ നിന്നും ഐഡന്റിറ്റി കണ്ടെത്താം എന്നിവ ഒക്കെ പ്രയോജനങ്ങളാണെങ്കിലും ചെലവ് വളരെ കൂടുതലാണെന്നതും അപഗ്രഥനത്തിന് വൈദഗ്‌ദ്ധ്യമുള്ളവരുടെ കുറവുണ്ട് എന്നതും ന്യൂനതകളാണ്.

രക്തം, ശുക്ലം, ഉമിനീർ എന്നിവയിൽ നിന്നും മാത്രമല്ല ഏതെങ്കിലും വസ്തുവിലും മറ്റും സ്പർശിക്കുമ്പോൾ പറ്റിപ്പിടിക്കുന്ന ചർമ്മ കോശങ്ങളിൽ നിന്നും വരെ DNA കണ്ടുപിടിക്കാൻ സാധിക്കും. കുറ്റകൃത്യത്തിന് മുൻപും, അതിന് ശേഷം സാംപിൾ ശേഖരിക്കുന്നതിന് മുൻപും അവിടെ വീഴുന്ന DNA പോലും ചിലപ്പോൾ ലഭിച്ചെന്നിരിക്കും. ചിലപ്പോഴെങ്കിലും പരിശോധനയിൽ പലരുടെ DNA കൂടിക്കലർന്ന് ലഭിച്ചിട്ടുണ്ട്.

സാമ്പിൾ ശേഖരിക്കുന്നതിലും പരിശോധനക്കയക്കുന്നതിലും കാലതാമസം കൂടാതെ പരിശോധന നടത്തുന്നതിലും ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഏതെങ്കിലും കണ്ണിയിൽ ഒരു പാളിച്ച വന്നാൽ, ഫലം ലഭിക്കണമെന്നില്ല.

എന്തൊക്കെ പറഞ്ഞാലും കുറ്റാന്വേഷണ രംഗത്തെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങളിൽ ഒന്നാണ് DNA പരിശോധന.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ