· 5 മിനിറ്റ് വായന

പുകവലി നല്ലതല്ല. എന്ത് കൊണ്ട്?

Life StyleMedicineആരോഗ്യ പരിപാലനംപൊതുജനാരോഗ്യം

ഇന്ന് (ജൂൺ – 26) ലോക ലഹരി വിരുദ്ധ ദിനം

പുകവലി നല്ലതല്ല. എന്ത് കൊണ്ട്? എല്ലാവർക്കും അറിയുന്ന ഉത്തരം അല്ലെ?

//സിഗരറ്റ് വലിക്കുന്നതിലൂടെ പുകയിലയിലെ നിക്കോട്ടിൻ ശ്വാസകോശത്തിൽ എത്തുന്നു. നിക്കോട്ടിൻ ലങ് കാൻസറിന് കാരണം ആവുന്നു. അത്കൊണ്ട് പുകവലി ശരിയല്ല.// ശരിയല്ലേ? ശരിയാണോ… നോക്കാം.

ലോകാരോഗ്യസംഘടനയുടെ പഠനങ്ങൾ അനുസരിച്ച് ലോകത്തെ ഒഴിവാക്കാവുന്ന മരണങ്ങളുടെ കാരണങ്ങളിൽ ഒന്നാം സ്ഥാനത്ത് പുകവലിയാണ്. പ്രതിവർഷം 6 ദശലക്ഷം മരണങ്ങൾ ആണ് പുകവലി ആയി ബന്ധപ്പെട്ട രോഗങ്ങൾ കാരണം സംഭവിക്കുന്നത്. മസ്തിഷകാഘാതം, ഹൃദയാഘാതം, ശ്വാസകോശരോഗങ്ങൾ, രക്താതിസമ്മർദ്ദം എന്നിവയിലെ പ്രധാന വില്ലൻ പുകവലിയാണ്. വികസിതരാജ്യങ്ങളിലെ സ്ത്രീകളിൽ ഗര്ഭസംബന്ധിയായ രോഗങ്ങളും, സങ്കീർണതകളും കൂടുന്നതിന് കാരണമായി പുകവലിയെ കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശം, തൊണ്ട, വായ, അന്നനാളം എന്നിവയിലെ ക്യാൻസറിനും പ്രധാനകാരണം പുകവലി തന്നെ. ഇന്ത്യയിൽ ക്ഷയബാധ കൊണ്ടുള്ള ശ്വാസകോശസങ്കീർണതകളും, ന്യുമോണിയ അടക്കം ഉള്ള ശ്വാസകോശരോഗങ്ങൾക്കും പുകവലി കാരണം ആണ്. അത്കൊണ്ട് തന്നെ പുകവലി കൊണ്ടുള്ള ദോഷഫലങ്ങൾ അറിഞ്ഞുവെക്കേണ്ടത് പൊതുജനാരോഗ്യത്തെ സംബന്ധിച്ചു വളരെ പ്രധാനവും അടിയന്തരവും ആണ്.

പുകയില(Nicotiana) വർഗ്ഗത്തിൽ പെട്ട ചെടികളുടെ ഇല ഉണക്കി പൊടിച്ചെടുക്കുന്ന ഐറ്റം ആണ് പുകയില എന്ന് എല്ലാവർക്കും അറിയാമല്ലോ. പുകയിലയിൽ അടങ്ങിയ ‘നിക്കോട്ടിൻ’ എന്ന രാസവസ്തുവിന് വേണ്ടി ആണ് പ്രധാനമായി ഇത് ദുരുപയോഗം ചെയ്യുന്നത്. എന്താണ് നിക്കോട്ടിന്റെ പ്രത്യേകത ? മൃഗങ്ങളുടെയും ഷഡ്പദങ്ങളുടെയും നാഡീവ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഒരു ന്യൂറോട്രാൻസ്മിറ്റർ ആണ് വാസ്തവത്തിൽ നിക്കോട്ടിൻ. നാഡീവ്യവസ്ഥയിലെ പല പ്രവർത്തനങ്ങൾക്കും ആവശ്യം ഉള്ള വസ്തു. മൃഗങ്ങളുടെ നാഡീവ്യവസ്ഥയിൽ ആവശ്യം ഉള്ള ഈ വസ്തു പുകയില ചെടി എന്തിനാണ് ഉത്പാദിപ്പിക്കുന്നത്? പുകയിലയുടെ ഇല തിന്നാൻ വരുന്ന കീടങ്ങൾക്കെതിരെ ചെടി ഉപയോഗപ്പെടുത്തുന്ന ഒരു രാസായുധം ആണ് വാസ്തവത്തിൽ പുകയിലയിലെ നിക്കോട്ടിൻ. കൂടിയ അളവിൽ നിക്കോട്ടിൻ ശരീരത്തിൽ കയറിയാൽ നാഡീവ്യവസ്ഥയുടെയും പേശികളുടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും എന്നത് കൊണ്ട് കീടങ്ങൾ പൊതുവെ പുകയിലചെടിയെ വെറുതെ വിടാറാണ് പതിവ്. മനുഷ്യരിലെ നാഡീവ്യവസ്ഥയിലും നിക്കോട്ടിൻ പ്രവർത്തിക്കുന്നുണ്ട്. കൂടുതലും തലച്ചോറിൽ തന്നെ ആണ് പ്രവർത്തനം. അവശ്യമായ പല പ്രവർത്തനങ്ങൾക്കും ശരീരത്തിൽ നിക്കോട്ടിൻ ആവശ്യം ഉണ്ട്. മസ്തിഷ്കത്തിൽ അഡ്രിനാലിൻ, ഡോപ്പമിൻ എന്നീ രാസപദാർത്ഥങ്ങളുടെ അളവ് കൂട്ടുന്ന രീതിയിൽ ആണ് മനുഷ്യരിൽ പുകവലിയിൽ നിന്ന് കിട്ടുന്ന നിക്കോട്ടിന്റെ പ്രവർത്തനം. പുകവലിച്ചു കഴിയുമ്പോൾ കിട്ടുന്ന ഉത്തേജനം, ഉന്മേഷം എല്ലാം – കാരണം ഇതാണ്. അമിതമായി പുകവലിക്കുന്നവരിൽ നിക്കോട്ടിന്റെ അളവ് കൂടിയിരിക്കുന്നത് കൊണ്ട് ശരീരത്തിന്റെ നിക്കോട്ടിൻ സ്വയം നിർമ്മാണം ശരീരം ഏതാണ്ട് പൂർണമായി നിർത്തും. നിരന്തരമായി പുകവലിച്ചിരുന്നവർ പെട്ടെന്ന് പുകവലി നിർത്തിയാൽ നാഡീവ്യവസ്ഥയുടെ പ്രവർത്തനം താളം തെറ്റുന്നതിന്റെ ഒരു കാരണവും ഇതാണ്. ഇത്തരത്തിൽ Physical dependence ഏറ്റവും കൂടുതൽ ഒരു പദാർത്ഥം ആണ് നിക്കോട്ടിൻ. ഉപേക്ഷിക്കാൻ മനസ്സ് കൊണ്ട് ശ്രമിച്ചാലും ശരീരം സമ്മതിക്കാത്ത അവസ്ഥ.

ഓക്കെ. അപ്പൊ അതാണ് നിക്കോട്ടിൻ. അത് കൊണ്ട് ഉത്തേജനം ലഭിക്കുന്നു. അഡിക്ഷൻ ഉണ്ടാവുന്നു. പക്ഷെ, പുകവലി കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ ഇവിടെ? ലങ് കാൻസർ എവിടെ?

അതിനൊക്കെ കാരണം നിക്കോട്ടിന്റെ കൂടെ പുകയിൽ ജന്മം എടുക്കുന്ന വേറെ ചിലരാണ്. ഓർഗാനിക് വസ്തുക്കൾ ഭാഗികമായി കത്തിച്ചാൽ ഉണ്ടാവുന്ന പദാർത്ഥങ്ങൾ പൊതുവെ കാൻസർകാരികൾ ആണ്. പുകയില അടങ്ങിയ സിഗരറ്റ്, ബീഡി, ഹുക്ക, സിഗർ തുടങ്ങിയവ കത്തിക്കുമ്പോൾ ഉണ്ടാവുന്ന Polycyclic aromatic hydrocarbons(PAH), acrolein, benzopyrene തുടങ്ങിയ വസ്തുക്കൾ ആണ് കാൻസറിന്‌ കാരണം. കോശത്തിലെ ഡി.എൻ.എയിൽ mutation ഉണ്ടാക്കാൻ കഴിയുന്നവയാണ് ഇവയിൽ പലതും. രാസപരമായ എഫക്ടിന് പുറമെ ഉള്ളിലേക്ക് എടുക്കുന്ന ചൂട്പുകയാണ് അടുത്ത പ്രശ്നം. വളരെ നനഞ്ഞും നണുത്തും ഇരിക്കുന്ന കോശയവൃതമായ ആവരണം ആണ് മൂക്ക്, വായ, സൈനസുകൾ, ശ്വാസനാളം തൊട്ട് ശ്വാസകോശം വരെ ഉള്ളത്. ഉള്ളിലേക്ക് എടുക്കുന്ന സാധാരണ വായുവിനെ വരെ ഈ ആവരണങ്ങൾ (പ്രധാനമായും സൈനസുകൾ) moisturise ചെയ്താണ് വാസ്തവത്തിൽ ശ്വാസകോശത്തിലേക്ക് എത്തിക്കുന്നത്. ജലാംശം ഇല്ലാത്ത സാധാരണ വായു അകത്തെത്തുന്നത് പോലും വാസ്തവത്തിൽ നല്ലതല്ല. ആ സ്ഥലത്തേക്കാണ് ചൂട് പിടിച്ച വായു പുകവലി വഴി എത്തുന്നത്. ആദ്യം ചുമയും, പിന്നീട് ശ്വാസതടസവും ഒക്കെ ആവാൻ പ്രധാനകാരണം ഇതാണ്. ഈ അപകടകാരികളായ രാസവസ്തുക്കളും ചൂടും ശ്വാസകോശത്തിലെയും ശ്വാസനാളികളെയും നശിപ്പിക്കുന്നതാണ് പുകവലി കൊണ്ടുള്ള അപകടങ്ങളുടെ പ്രധാന വഴികളിൽ ഒന്ന്. ശ്വാസം എടുക്കാനാവാതെ ശ്വാസം വളരെ കഷ്ടപ്പെട്ട് വലിച്ച് വലിച്ച് ജീവിക്കുന്ന പ്രായമായ പുകവലിക്കാരെ കണ്ടിട്ടുണ്ടാവും. ശ്വാസകോശവും, ശ്വാസനാളികളും നശിക്കുന്ന COPD( obstructive pulmonary disease) എന്ന അവസ്ഥ ആണ് അത്. ലോകത്തിലെ ഏറ്റവും ദയനീയമായ രോഗം ആയി എനിക്ക് തോന്നിയിട്ടുള്ള അസുഖം വാസ്തവത്തിൽ ഇതാണ്. രോഗികളെ വർഷങ്ങളോളം – കൊല്ലാതെ, ജീവിതത്തിൽ ഓരോ ശ്വാസവും പീഡനം ആവുന്ന രോഗം. ചികിൽസിക്കാനും ഏറെ ബുദ്ധിമുട്ട്.

Smokers cough എന്ന ഓമനപ്പേരിൽ വിളിക്കുന്ന ചുമ വരുമ്പോളെങ്കിലും നിർത്തിയില്ലെങ്കിൽ തിരിച്ചുപിടിക്കാൻ ആവാത്ത ശ്വാസകോശനാശത്തിലേക്ക് പുകവലി എത്തും.

ഇതേ രാസവസ്തുക്കൾ നിരന്തരമായി ഉപയോഗിക്കുന്നത് കൊണ്ട് ശ്വാസകോശത്തിലെ കോശങ്ങളുടെ ഡി.എൻ.എയിൽ പ്രശ്നം ഉണ്ടാക്കിയാൽ ആണ് ലങ് ക്യാൻസർ ഉണ്ടാവുന്നത്. ഒരു 10- 15 കൊല്ലം വലിച്ചാൽ ആണ് ഈ സമ്മാനം കിട്ടുക. ശ്വാസകോശത്തിന് പുറമെ, തൊണ്ട, വായ കാന്സറുകൾക്കും പ്രധാന കാരണം പുകവലി തന്നെ.

പുകയിലപ്പുകയിലെ അടുത്ത അവതാരം ആണ് ഫ്രീ റാഡിക്കലുകൾ. കത്തുന്ന ഊർജത്തിൽ ഓർഗാനിക് സംയുക്തങ്ങളിൽ നിന്ന് സൃഷ്ടമാവുന്ന ചാർജുള്ള രാസപദാർഥങ്ങൾ ആണ് ഓക്സിജന്റെ ഫ്രീ റാഡിക്കലുകൾ. എന്തിനോടും രാസപരമായി പ്രവർത്തിക്കാൻ പോന്നവയാണ് ഫ്രീ റാഡിക്കലുകൾ. ശ്വാസകോശം വഴി രക്തത്തിൽ എത്തുന്ന ഇവ ആദ്യം ചെയ്യുക രക്തകുഴലുകളിലെ പ്രൊട്ടീനുകൾ ആയി പ്രതിപ്രവർത്തിക്കുകയാണ്. രക്തസമ്മർദ്ദം, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയിലേക്ക് പുകവലി നയിക്കുന്നത് ഈ രീതിയിൽ ആണ്.

രക്തക്കുഴലുകളെ ബാധിക്കുന്ന കാരണം കൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കേണ്ട ഒരു വിഭാഗം ആണ് ഗർഭിണികൾ. കുഞ്ഞിന് വേണ്ട പോഷണങ്ങൾ എത്തിക്കേണ്ട രക്തക്കുഴലുകളെ ബാധിക്കുന്നത് കുഞ്ഞിന്റെ വളർച്ചക്കുറവിനും, ഗർഭം അലസുന്നതിനും വരെ കാരണമാണ്.

പുകവലി പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു വിഭാഗം കുട്ടികൾ ആണ്. കുട്ടികളിലെ ആസ്മയുടെ ചികിത്സയിലെ ഒരു പ്രധാനഘടകം തന്നെ വീട്ടിൽ ഉള്ളവർ പുകവലി നിർത്തുക എന്നതാണ്.

സ്വയം വലിക്കുന്നത് പോലെ തന്നെ പ്രശ്നമാണ് പാസിവ് സ്മോക്കിങ് വഴി ഇതെല്ലാം അകത്തെത്തുന്നതും എന്നു പ്രത്യേകം പറയേണ്ടല്ലോ. ഇതെല്ലാം അകത്തു കയറൽ ആണ് വിഷയം. ആരുടെ കയ്യിൽ ആണ് സിഗരറ്റ് പിടിച്ചത് എന്നത് അത്ര പ്രസക്തം അല്ല. പല പഠനങ്ങളും പ്രകാരം കുട്ടികളും, ഗർഭിണികളും ആണ് ഇന്ത്യയിൽ പാസിവ് സ്മോക്കിങിന്റെ പ്രധാന ഇരകൾ.

പറഞ്ഞു വന്നത്… പുകവലി കൊണ്ടുള്ള പ്രശ്നങ്ങൾ സാങ്കല്പികം അല്ല. ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യമായ ഈ സ്വഭാവം ഏതെങ്കിലും രീതിയിൽ എന്നെങ്കിലും നിങ്ങൾക്ക് പണി തരും എന്ന് ഉറപ്പാണ്. നിങ്ങൾ ഇനി അഥവാ വല്ല വിധേനയും രക്ഷപെട്ടാലും നിങ്ങളുടെ പ്രിയപ്പെട്ട ഒരാളെ എങ്കിലും ഇത് ബാധിക്കും.

പുകവലിയുടെ ഏറ്റവും വലിയ ഒരു സവിശേഷത ഇത് പ്രതികൂലപ്രവർത്തങ്ങൾ നടത്താൻ എടുക്കുന്ന കാലമാണ്. വർഷങ്ങളോളം വലിച്ചു കഴിഞ്ഞാൽ ആണ് മാരകമായ പല പ്രശ്നങ്ങളും ഉണ്ടാവുന്നത്. പ്രശ്നങ്ങൾ ഉണ്ടാവുന്നതിന് മുന്നേ തന്നെ പക്ഷെ അഡിക്ഷൻ ഉണ്ടായെന്ന് വരാം. സമയത്തു നിർത്തിയാൽ ശ്വാസകോശത്തെയും, രക്തക്കുഴലുകളെയും സാരമായി ബാധിക്കുന്നത് തടയാം. പൂർവാവസ്ഥയിലേക്ക് തിരിച് എത്താൻ ഒരുപാട് സമയം തരുന്ന ഒരു ദുശീലം ആണ് പുകവലി. അത് കൊണ്ട് വലിക്കുന്നവർ എത്രയും പെട്ടെന്ന് നിർത്തിയാൽ അത്രയും നല്ലതാണ്. മറ്റെല്ലാ അഡിക്ഷനും പോലെ തന്നെ വൈദ്യസഹായത്തോടെ നിർത്തുന്നതാണ് ഏറ്റവും ഫലപ്രദവും നല്ലതും. Withdrawal effects മറികടക്കാൻ പലപ്പോഴും അത് പലപ്പോഴും ആവശ്യം ആയി വരും. പക്ഷേ ആദ്യം വേണ്ടത് ഇതൊരു വലിയ പ്രശ്നം ആണെന്ന് ശാസ്ത്രീയമായി തിരിച്ചറിയേണ്ടത് തന്നെയാണ്.

പുകവലിയുടെ ദോഷഫലങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട്…
# പൊതുസ്ഥലങ്ങളിൽ പുകവലിക്കാതിരിക്കുക.
# വീട്ടിൽ പുകവലിക്കാതെ ഇരിക്കുക.
# അപകടങ്ങൾ തിരിച്ചറിഞ്ഞു സ്വയം നിർത്താൻ ശ്രമിക്കുക.
# പുകവലിയെ ഗ്ലോറിഫൈ ചെയ്യാതിരിക്കുക
# മറ്റുള്ളവർക്ക് ഓഫർ ചെയ്യാതെ ഇരിക്കുക.

ഇന്ന് ജൂണ് 26- ലോക ലഹരി വിരുദ്ധദിനം. ലോകചരിത്രത്തിൽ ഏറ്റവും അധികം മരണങ്ങൾക്കും, ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായ ലഹരി പദാർത്ഥം നിസംശയം പുകവലി തന്നെ.
എല്ലാ വർഷവും മെയ് 31 ആണ് ലോകാരോഗ്യസംഘടന പുകയിലവിരുദ്ധ ദിനം ആയി ആചരിക്കുന്നത്. ഈ വർഷത്തെ പുകവലിവിരുദ്ധ മുദ്രാവാക്യം – “എല്ലാ ദിവസവും ലോകപുകയില വിരുദ്ധ ദിവസം ആവട്ടെ”

ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ