· 6 മിനിറ്റ് വായന

അമ്മമാർ എന്തുകൊണ്ടാണ് മരിക്കുന്നത്?

Obstetricsപൊതുജനാരോഗ്യം

❝Why mothers die …

എന്തുകൊണ്ട് അമ്മമാർ മരിയ്ക്കുന്നു?❞

ഇത് ആഗോള പ്രശസ്തനായ ഗൈനക്കോളജിസ്റ്റ് പൈലി സാറിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം വിദഗ്ധ ഡോക്ടർമാരാൽ എഴുതപ്പെട്ട പുസ്തകമാണ്. ഇതിൽ കേരളത്തിലെ “അമ്മ മരണ” ങ്ങളുടെ കാരണങ്ങൾ കണ്ടു പിടിക്കുന്നതിനും അവ പരിഹരിക്കുന്നതിനും വേണ്ടിയുള്ള നിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്നു.

മാതൃഭൂമി വാരാന്ത്യപതിപ്പ് ലേഖനം “പ്രസവാനന്ദം” വായിച്ചതിലുളവായ ഒരു മനംപിരട്ടലും ഓക്കാനവും ഞെട്ടലുമാണ് ഈ കുറിപ്പിനാധാരം.

ദേശീയ ആരോഗ്യദൗത്യവും കേരള ഹെൽത്ത്സർവ്വീസും കെ.എഫ്.ഒ.ജി.( കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി)യും സംയുക്തമായി പൈലി സാറിന്റെ നേതൃത്വത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടന്ന് ഗൈനക്കോളജിസ്റ്റുമാർക്കും നഴ്‌സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഏറെ പണിപ്പെട്ട് ക്ലാസ്സുകൾ എടുത്ത് അവരെ, അമ്മമാരാകാൻ തയ്യാറാകുന്ന സ്ത്രീ ജനങ്ങളെ കൂടുതൽ ശ്രദ്ധയും പരിചരണവും നൽകാൻ പ്രാപ്തരാക്കിക്കൊണ്ടിരിക്കുന്ന കാലത്താണ് ‘മാതൃഭൂമി’യുടെ ഈ ആനന്ദം കണ്ടെത്തൽ എന്നത് തീർച്ചയായും അപലപനീയമായ ഒന്നാണ്.

പ്രസവങ്ങൾ നൂറു ശതമാനവും ആശുപത്രികളിൽ ആയിരിക്കണം എന്ന ലക്ഷ്യം മുന്നോട്ടുവച്ച്അതിനു വേണ്ടി സർക്കാർ കോടികൾ ചെലവഴിക്കുമ്പോൾ, ഇത്തരത്തിലുള്ള അറിവില്ലായ്മകൾ പടച്ചു വിടുന്നവരെയും അല്പജ്ഞാനികളെയും ധാർഷ്ട്യത്തിന്റെ മുലപ്പാലൂട്ടി പരിപോഷിപ്പിക്കുന്ന പത്രമുത്തശ്ശീ, നിങ്ങൾ കേരളത്തിലെ അമ്മമാരെ കുരുതിക്കു കൊടുക്കരുത്.

സാക്ഷര കേരളം ഇപ്പറയുന്ന അഭിനവ വയറ്റാട്ടിമാരെ ആട്ടിയകറ്റുകയാണ് വേണ്ടത്.മേൽപ്പറഞ്ഞ പ്രസവാനന്ദത്തിലെ അഭിനേതാക്കൾക്ക് ആയുസ്സിന്റെ ബലം കൊണ്ട് പിടിച്ചു നിൽക്കാൻ പറ്റുന്നുണ്ടെന്നു വച്ച് അതിജീവനത്തിന്റെയും പ്രകൃതി നിർദ്ധാരണത്തിന്റെയും പേരുപറഞ്ഞ് ഈ ലോകത്തിൽ പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും

അമ്മയായതിന്റെ നിർവൃതിയിൽ മുഴുകുന്ന ഓരോ സ്ത്രീയ്ക്കും ഉള്ള ജീവിയ്ക്കാനുള്ള അവകാശത്തെ ചവിട്ടിമെതിക്കരുത്.

?അല്പം ചരിത്രവും ചില കണക്കുകളും.

ഇന്നും പ്രതിദിനം 830 സ്ത്രീകള് ഗര്ഭാവസ്ഥയിലും പ്രസവത്തോട് അനുബന്ധമായ സങ്കീർണതകളും കൊണ്ട് ലോകത്തിൽ മരിക്കുന്നുണ്ട്.ഇതിൽ 99 ശതമാനവും വികസ്വര രാജ്യങ്ങളിലാണ്.ഇതിലെ 15% മരണങ്ങൾ നടക്കുന്നത് നമ്മുടെ രാജ്യത്തുമാണ്.

ഈ മരണകാരണങ്ങളില് പ്രധാനപ്പെട്ടവ,

       a) പ്രസവശേഷം ഉള്ള അമിത രക്തസ്രാവം (27.1%)

       b) നിയന്ത്രിതമല്ലാത്ത രക്തസമ്മർദ്ദവും തന്മൂലമുള്ള ഗുരുതരാവസ്ഥകളും(14%) ,

       c) ഇൻഫെക്ഷൻ(രോഗാണുബാധ) (10.7%) എന്നിവയാണ് .

ഈ കാരണങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കു, ഇവയെല്ലാം തന്നെ കൃത്യമായ പരിശോധനകളും ചികിത്സയും കൊണ്ട് തടയാവുന്നവ ആയിരുന്നിട്ടും എന്തേ ഈ മരണങ്ങൾ സംഭവിക്കുന്നത്?

ഇത്തരം അപകടസാധ്യതകള് എല്ലാം തന്നെ ഉയരുന്നത് മതിയായ ശാസ്ത്രീയ ഗര്ഭകാല/പ്രസവ പരിചരണം ഇല്ലാത്ത ഇടങ്ങളിലോ അവസ്ഥകളിലോ ആണ്.കേരളത്തിലെ മാതൃമരണ നിരക്കും,നവജാത ശിശുമരണ നിരക്കും ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിലേതിനേക്കാള് വളരെ കുറഞ്ഞിരിക്കുന്നത് മാത്രം നിരീക്ഷിച്ചാല് ഇത് ആര്ക്കും മനസ്സിലാവുന്ന ലളിത സത്യം ആണ്.

ഉദാഹരണമായി വീടുകളിൽ പ്രസവം നടത്തുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഒരു പഠനം സൂചിപ്പിക്കാം.നേപ്പാൾ മെഡിക്കൽ കോളേജിലെ ഒരു പഠനത്തിൽ 1600 ഓളം പ്രസവങ്ങൾ നിരീക്ഷിക്കപ്പെട്ടു, അതിൽ 88 സ്ത്രീകള് പ്രസവശേഷം ആശുപത്രിയിൽ എത്തിയവരായിരുന്നു.ഇതിൽ 85% ആളുകളും മറുപിള്ള വെളിയില്വരാത്തതിനാൽ ആണ് എത്തിയത്.അതിൽ 61% ആളുകളിലും ഡോക്ടറുടെ സഹായം വേണ്ടിവന്നു മറുപിള്ള നീക്കം ചെയ്യാന്.17% പേരില് അമിത രക്തസ്രാവം ഉണ്ടായി, 11% സ്ത്രീകള് ഷോക്ക് എന്ന ഗുരുതരാവസ്ഥയിൽ എത്തി,71% പേരിലും വിളർച്ചയുണ്ടായിരുന്നു.12% പേരില്ടെ ഹീമോഗ്ലോബിൻ 7ൽ താഴെയാരുന്നു,21% ആളുകൾക്ക് രക്തം നൽകേണ്ടി വന്നു,ഭൂരിഭാഗം സ്ത്രീകളിലും ഗര്ഭാശയമുഖം,യോനി ഭാഗങ്ങളിൽ വലിയ മുറിവുകൾ ഉണ്ടായിരുന്നു.ഇവരിലെ ശിശു മരണനിരക്ക് ആവട്ടെ 66 ആയിരുന്നു.

ഇതുപോലെ ആയിരക്കണക്കിന് ലോകം എമ്പാടും നടന്നതിന്റെ പരിണിതഫലമാണ് ആശുപത്രിയില് സുരക്ഷിതമായി പ്രസവം നടത്താനും ഗര്ഭകാല പരിരക്ഷയ്ക്ക് പ്രാധാന്യം നല്കാനും ആധുനിക സമൂഹം പ്രത്യേക ശ്രദ്ധ ചെലുത്താന് കാരണം തന്നെ.

?ശരിയായ വസ്തുതകൾ അറിയണമെന്നുള്ളവർക്ക് വേണ്ടി…

1,എന്താണ് ആൻറിനേറ്റൽ കെയർ അഥവാ ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?

മോഡേൺ മെഡിസിനിൽ ഈയൊരു ശ്രദ്ധയ്ക്ക് ഒരു പ്രിവന്റീവ് അഥവാ രോഗം വരാതെ നോക്കുക എന്ന ഉദ്ദേശം കൂടിയുണ്ട്.കൗൺസലിങ്ങ് ആണ് അതിൽ പ്രധാനം.കല്യാണത്തിനും ഗർഭധാരണത്തിനും മുന്നേ തുടങ്ങണം ഈ ശ്രദ്ധ.ആരോഗ്യവതിയായ ഒരമ്മയെയും കുഞ്ഞിനെയും സമൂഹത്തിനു നൽകുക എന്നതാണ് ശരിയായ ഗർഭകാല ശുശ്രൂഷ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഗര്ഭാവസ്ഥയില് ഫോളിക് ആസിഡ്, അയൺ, കാൽസ്യം എന്നിവ ഗുളിക ആയി നല്കുന്നത് എന്തിന്?

?ഫോളിക് ആസിഡ്, അയൺ, കാൽസ്യം മുതലായ പോഷകാംശങ്ങളുടെ അഭാവം നിമിത്തം കുട്ടികളുടെ തലച്ചോറ്, സുഷുമ്ന എന്നിവയുടെ ശരിയായ വളർച്ച, എല്ലുകളുടെയും നാഡീവ്യൂഹത്തിന്റെയും വളർച്ച എന്നിവ നടക്കാതെ പോകുന്നു.നാഡീ സംബന്ധമായ വൈകല്യങ്ങൾ തടയുന്നതിൽ ഫോളിക് ആസിഡ് വഹിക്കുന്ന പങ്ക് ചെറുതല്ല

?കുഞ്ഞെന്ന ഒരു അതിഥി കൂടി അമ്മയുടെ ശരീരത്തിന്റെ ഭാഗമായി മാറുന്നതിനാൽ അമ്മയുടെ ശരീരത്തിലുള്ള അയേണിന്റെ അളവ് മതിയാവാതെ വരും. വേണ്ട അളവില് അയണ് ലഭ്യമാവാതെ ഇരുന്നാല് ഗർഭിണിയ്ക്കും ഗർഭസ്ഥ ശിശുവിനും വിളർച്ചയും തൂക്കക്കുറവും ഉണ്ടാകുന്നു.രണ്ടു പേർക്കും ദോഷകരമായ ഈ ന്യൂനത മറികടക്കുന്നതിനു വേണ്ടിയാണു ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നതിനു പുറമേ അയേൺ ടാബിൾറ്റുകളും നൽകുന്നത്.

?കൂടാതെ ഗർഭപാത്രത്തിൽ നിന്ന് പ്രസവത്തിനു മുൻപേ തന്നെ മറുപിള്ള വിട്ടു പോകുന്ന അവസ്ഥ (placental Abruption ) ഉണ്ടാവാതിരിക്കാനും ഈ പോഷകങ്ങൾ അത്യാവശ്യമാണ്.രക്തക്കുറവുള്ള ഗർഭിണികളിൽ പ്രസവശേഷം അമിത രക്തസ്രാവം ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്.

2,ഗര്ഭകാലത്ത് ഡോക്ടറെ സമീപിച്ചു ചെക്ക് അപ്പ്‌കള്ക്ക് വിധേയമാവുന്നത് എന്തിനു?

ഗർഭകാല ചെക്കപ്പുകൾ മുഖാന്തിരം പല അപകടസാധ്യതകളും മുന്കൂട്ടി കണ്ടെത്തി വേണ്ട നടപടികളെടുത്തുകൊണ്ട് സങ്കീർണ്ണതകൾ വലിയൊരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും.

ഉദാ:

  1.  ഗർഭകാല ചെക്കപ്പുകളിൽ അമ്മയുടെ തൂക്കം,രക്തസമ്മർദ്ദം,അമ്മയുടെ ഉദരത്തിന്റെ വികസനം, വിളർച്ച, കാലുകളിലെ നീര് എന്നിവ ശ്രദ്ധിക്കുന്നതു മൂലം മാതൃമരണത്തിന്റെ കാരണങ്ങളിലെ രണ്ടാമത്തെ വില്ലനായ അമിത രക്തസമ്മർദ്ദത്തെ കണ്ടെത്താൻ കഴിയുന്നു.
  2. അമിത രക്തസമ്മർദ്ദം മൂലം ഗർഭിണിയ്ക്കുണ്ടായേക്കാവുന്ന ജന്നി(seizure/fits), തലച്ചോറിലെ രക്തസ്രാവം, മറുപിള്ള വിട്ടു പോകൽ (abruption),രക്താണുക്കൾ കുറഞ്ഞ് രക്തം കട്ടപിടിക്കാതെ കരൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതെയിരിക്കുക(HELLP syndrome),MODS അഥവാ മൾട്ടി ഓർഗൻ ഡിസ്ഫങ്ഷൻ എന്ന മാരകാവസ്ഥ എന്നിവ ഉണ്ടായേക്കാം.
  3.  ഉയർന്ന രക്തസമ്മർദ്ദമുള്ള അമ്മമാരിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് പ്ലാസന്റ വഴിയുള്ള പോഷകങ്ങളുടെയും ഓക്സിജന്റെയുമെല്ലാം ഒഴുക്ക് കാര്യമായി തടസ്സപ്പെടുകയും കുഞ്ഞിന്റെ വളർച്ചയെ അത് സാരമായി ബാധിക്കുകയും ചെയ്യുന്നു.
  4.  ഗർഭിണികളിലെ പ്രമേഹം(GDM, gestational Diabetes ) യഥാവിധി കണ്ടു പിടിക്കുന്നതുമൂലം ഗർഭസ്ഥ ശിശുവിനുണ്ടാക്കിയേക്കാവുന്ന അമിതഭാരം (Macrosomia ) അതു മൂലം വരാവുന്ന പ്രസവ സമയത്തുള്ള ബുദ്ധിമുട്ട്, കുട്ടിയ്ക്ക് ജനന ശേഷം ഷുഗർ കുറഞ്ഞു പോകൽ, ഫിറ്റ്സ്, ശ്വാസം മുട്ടൽ എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത എല്ലാം തീർച്ചപ്പെടുത്താൻ പറ്റും.

3,ഗര്ഭാവസ്ഥയില് നടത്തുന്ന പ്രധാന ചില പരിശോധനകളും അവയുടെ പ്രാധാന്യവും!

  1. ബ്ലഡ് ഗ്രൂപ്പിംഗ് & ആർ എച്ച് ടൈപ്പിംഗ്

അമ്മയുടെ ബ്ലഡ് ഗ്രൂപ്പ് ഏതെന്നു അറിയുന്നതിനുള്ള ടെസ്റ്റ്.

ആവശ്യകത:നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെങ്കിൽ എറിത്രോ ബ്ലാസ്റ്റോസിസ് ഫീറ്റാലിസ് എന്ന കോമ്പ്ലിക്കേഷനുള്ള സാധ്യത പരിഗണിക്കുവാൻ.

ലേബർ റൂമിൽ കയറുന്നതിനു മുൻപ് ആ ബ്ലഡ് ഗ്രൂപ്പിനനുസൃതമായ രക്തം തയ്യാറായിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുവാൻ.പ്രസവ സമയത്ത് ബ്ലീഡിംഗ് അനിയന്ത്രിതമായാൽ ആ സമയത്ത് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള് ഒഴിവാക്കാന്.

      2. ഹീമോഗ്ലൊബിന്റെ അളവ്

വിളർച്ചയുള്ള് അമ്മമാരിൽ കുഞ്ഞുങ്ങളുടെ ഗർഭാവസ്ഥയിലുള്ള വളർച്ച കുറയുവാനുള്ള സാധ്യത വളരെ കൂടുതലാണു.

      3.ബ്ലഡ് ഷുഗർ

ആദ്യ ചെക്കപ്പിനു വരുമ്പോൾ തന്നെ ഇത് ചെയ്യുന്നത് പ്രീജെസ്റ്റേഷനൽ ഡയബറ്റിസ് മെലിറ്റസ് എന്ന പ്രമേഹരോഗാവസ്ഥ തിരിച്ചറിയുവാൻ ഏറെ സഹായകരമാണു.ഇതുള്ള അമ്മമാരുടെ കുഞ്ഞുങ്ങളുടെ ഗർഭാവസ്ഥയിലുള്ള വളർച്ച പരിമിതപ്പെടുകയും(Intra uterine growth restriction)അവർക്ക് ശാരീരികമായ വൈകല്യങ്ങൾ ഉടലെടുക്കുകയും (congenital anomalies)ചെയ്യുന്നതിനുള്ള സാധ്യത പല മടങ്ങാകുന്നു.ആദ്യ വിസിറ്റിൽ RBS,Gct എന്നിവ ചെയ്യുന്നു.പാരമ്പര്യമായി ഷുഗർ ഉള്ളവരിൽ GTTയും.

       4. 24 ആഴ്ച്ച പ്രായമുള്ളപ്പോൾ ചെയ്യുന്ന glucose challenge test(Gct) & oral glucose tolerance test

ഈ ടെസ്റ്റാണു ഗര്ഭകാല പ്രമേഹം എന്ന അവസ്ഥ കണ്ടെത്തുവാൻ സഹായിക്കുന്നത്.ഇത്തരം അമ്മമാരിൽ എത്രയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ കുഞ്ഞിനു ബുദ്ധിമുട്ടുകളു

ണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണു.

        5. അൾട്രാ സൗണ്ട് സ്കാൻ

ഗർഭകാലയളവിൽ ചെയ്യുന്ന ഈ സ്കാൻ പരിശോധനകള്ക്ക് വ്യക്തമായ ഉപയോഗങ്ങളുണ്ട്.പ്രധാനപ്പെട്ടവ,

a, കുഞ്ഞിന്റെ സ്ഥാനം ഗർഭാശയത്തിനകത്ത് തന്നെയാണെന്ന് ഉറപ്പു വരുത്തൽ.ചിലരിൽ ഭ്രൂണം ഗർഭാശയത്തിനു വെളിയിൽ അണ്ഡവാഹിനിക്കുഴലില് വളരാന് സാധ്യതയുണ്ട്.അത്തരം ഗർഭങ്ങളെ എക്ടോപിക് പ്രഗ്നൻസി എന്ന് വിളിക്കുന്നു.അത്തരം ഗർഭങ്ങൾക്ക് മുന്നോട്ടുള്ള വളരാന് സാധ്യത ഇല്ല.കുഴല് പൊട്ടി മരണം പോലും ഉണ്ടാവാനിടയുള്ള അതീവ സങ്കീർണ്ണതകൾ വരാൻ സാധ്യതയുള്ളതിനാൽ ഇത്തരം ഗർഭങ്ങൾ ആദ്യമേ കണ്ടെത്തുവാൻ അൾട്ര സൗണ്ട് സഹായകരമാണു.

b,ഒന്നില് കൂടുതല് കുട്ടികള് ഉണ്ടോ എന്നറിയാന്

ഇരട്ടക്കുട്ടികള് പോലുള്ളവ ആദ്യമേ കണ്ടെത്താൻ അൾട്രാ സൗണ്ട് സഹായിക്കുന്നു.ഇത് അറിയാത്തപക്ഷം ഡെലിവറി കൂടുതൽ സങ്കീർണ്ണമാകുന്നു

c, ജനിതകപരമായ അസുഖങ്ങൾ തിരിച്ചറിയാന്

ഡൗൺസ് സിൻഡ്രോം പോലുള്ളവ നേരത്തെ തിരിച്ചറിയുവാൻ 11-14 ആഴ്ച്ച വരെ പ്രായമുള്ളപ്പോൾ ചെയ്യുന്ന സ്കാൻ ഉപകാരപ്രദമാണു

d,മറ്റു ശാരീരിക വ്യതിയാനങ്ങള് തിരിച്ചറിയാന്

വളരുന്ന കുഞ്ഞിൽ ഉടലെടുക്കുന്ന ശാരീരിക വൈകല്യങ്ങളെ ഏറ്റവും നേരത്തെ തിരിച്ചറിയുവാൻ 18-20 ആഴ്ച്ച വരെ പ്രായമുള്ളപ്പോൾ ചെയ്യുന്ന അനോമലി സ്കാൻ സഹായിക്കുന്നു

e,മറുപിള്ളയുടെ സ്ഥാനം തിരിച്ചറിയാന്-ഇതിലെ വ്യതിയാനങ്ങളുള്ള പ്ലാസന്റ പ്രീവിയ പോലുള്ള അവസ്ഥയും അത് കാരണം സംഭവിക്കുന്ന അതീവ ഗുരുതരമായ ബ്ലീഡിങ്ങും മുൻ കൂട്ടി അറിയുവാനും ജാഗരൂഗരായിരിക്കുവാനും സഹായകമാവും.

f,കുഞ്ഞിന്റെ കിടപ്പ് അറിയാന്

കിടപ്പ് നേരെയാണോ,വിലങ്ങനെയാണോ എന്നെല്ലാം തിരിച്ചറിയാൻ.നേരെയല്ലെങ്കില്മാത്രമേ യോനിയിലൂടെയുള്ള പ്രസവം(വജൈനൽ ഡെലിവറി) സങ്കീര്ണ്ണമായി മാറുന്നു,ഡോക്ടറുടെ തീരുമാനം അനുസരിച്ച് സിസേറിയന് പോലുള്ളവ ചെയ്യേണ്ടി വന്നേക്കാം.

g,കുഞ്ഞിന്റെ വളർച്ച – ഗര്ഭകാലത്തിനു ഒത്ത വളര്ച്ച കുഞ്ഞിനു ഉണ്ടോ എന്ന് അറിയാന്.

6. മൂത്ര പരിശോധന

ഓരോ ആശുപത്രി സന്ദര്ശനത്തിനും മൂത്രം പരിശോധിച്ച് പഴുപ്പോ ,ആൽബുമിനോ ഉണ്ടോയെന്ന് ഉറപ്പ് വരുത്തണം. പഴുപ്പ് ഉണ്ടായാൽ താമസം കൂടാതെ ചികിത്സിക്കുന്നതും പ്രധാനമാണ്.മൂത്രത്തിലെ രോഗാണുബാധ ശ്രദ്ധിക്കപ്പെടാതെ പോയാല് വൃക്കയെ ബാധിക്കുന്ന അവസ്ഥയില് എത്താനും സാധ്യതകള് ഉണ്ട്. മൂത്രത്തിൽ ആൽബുമിന്റെ അളവ് കൂടുതലായി കാണുന്നത് ഗർഭകാല രക്താധിസമ്മർദ്ദത്തിന്റെ സൂചനയാവാം.

അവസാന മാസങ്ങളിലെ മൂത്രത്തിൽ പഴുപ്പ് കുഞ്ഞിന്റെ ബൗദ്ധിക,ശാരീരിക വളർച്ചയിൽ മോശം സ്വാധീനം ചെലുത്തുവാനുള്ള സാധ്യത വളരെ കൂടുതലാണു.

?ഒരു റുട്ടീൻ ചെക്കപ്പിൽ തന്നെ ഇത്രയും അല്ലെങ്കിൽ ഇതിൽ കൂടുതൽ പ്രശ്നങ്ങൾ തിരിച്ചറിയുവാനും അവയിൽ ബഹുഭൂരിപക്ഷത്തെയും പ്രതിരോധിക്കുവാനും സാധിക്കുന്നു എന്നിരിക്കെ അമ്മയ്ക്കും കുഞ്ഞിനും അത്‌ നിരസിക്കുന്നതുലുള്ള ധാർമ്മികത ഗൗരവത്തോടെ കാണേണ്ട ഒരു വിഷയമാണു.

4,പ്രസവാനന്തരം മറുപിള്ള നീക്കം ചെയ്യുന്നതിന്റെ പ്രാധാന്യം എന്ത്?

മാതൃമരണ ത്തിന് ഏറ്റവും പ്രധാന കാരണമായി കണ്ടെത്തപ്പെട്ട ഈ പ്രസവാനന്തര അമിത രക്തസ്രാവം (PPH – Postpartum Hemorrhage) തടയുന്നതിനു വേണ്ടി ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച AMT SL അഥവാ Active Management of third stage of labour ന്റെ മുഖ്യമായ ഒരു മാർഗ്ഗമാണ് പ്രസവശേഷം എത്രയും പെട്ടെന്ന് മറുപിള്ളയെ ഗർഭപാത്രത്തിൽ നിന്ന് നീക്കം ചെയ്യുക എന്നുള്ളത്.ഇതു വഴി ഗർഭപാത്രം പെട്ടെന്നു തന്നെ ചുരുങ്ങി അമിത രക്തസ്രാവം തടയപ്പെടുകയും അമ്മയുടെ ജീവൻ രക്ഷപ്പെടുകയും ചെയ്യുന്നു.

മാത്രവുമല്ല മറുപിള്ള ഗർഭപാത്രത്തിനകത്തു പ്രസവശേഷം അധിക സമയം കിടന്നാൽ അണുബാധ (Sepsis ) ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. പ്രസവശേഷം അമ്മ മരണങ്ങളിലെ മറ്റൊരു പ്രധാന വില്ലനാണ് ഇപ്പറഞ്ഞ സെപ്സിസ്.

പ്രസവത്തോട് അടുക്കുമ്പോള് ഗര്ഭപാത്രത്തിലേക്ക് ഉള്ള രക്തചംക്രമണ നിരക്ക് 600-700 മില്ലി/പ്രതിമിനിറ്റ് ആണ്,ശരീരത്തില് ആകെ ഉള്ള 6 ലിറ്റർ രക്തം വാര്ന്നു പോവാന് എത്ര തുച്ഛം സമയമായിരിക്കും വേണ്ടി വരുക എന്ന് സങ്കല്പ്പിച്ചു നോക്കൂ.

5,വൃത്തിയുള്ള അണുവിമുക്തമാക്കിയ സാഹചര്യങ്ങളില് പ്രസവം എടുക്കെണ്ടതിന്റെയും,മറുപിള്ള മുറിക്കാന് അണുവിമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങള് ഉപയോഗിക്കെണ്ടതിന്റെയും ആവശ്യകത എന്ത്?

ഗർഭകാലത്തെടുക്കേണ്ട രണ്ട് ടെറ്റനസ് ടോക്സോയ്ഡ് (TT) കുത്തിവെയ്പ്പ് ജനന ശേഷം കുഞ്ഞിനു വന്നേക്കാവുന്ന നിയോനേറ്റൽ ടെറ്റനസിനെ തടയുന്നു. വൃത്തിഹീനമായ ചുറ്റുപാടുകളിൽ പ്രസവം നടന്നാൽ നവജാത ശിശുവിനെ ടെറ്റനസ് ബാധിക്കുന്നതിൽ നിന്നും അമ്മയ്ക്ക് നൽകുന്ന ഈ കുത്തിവയ്പ് രക്ഷപ്പെടുത്തുന്നു.

പ്രസവസമയത്തെ വൃത്തി എങ്ങനെ?

Clean hands – അണുവിമുക്തമായ കൈകൾ,

Clean delivery surface – വൃത്തിയുള്ള പ്രസവസ്ഥലം,

Clean cord care – പൊക്കിൾക്കൊടിയുടെ പരിചരണം,

Clean blade for cutting cord – അണുവിമുക്തമായ പൊക്കിൾക്കൊടി മുറിക്കാനുള്ള ഉപകരണം,

Clean cord tie and no application on cord stump – പൊക്കിൾക്കൊടിയുടെ പുറത്ത് മറ്റൊന്നും ഇടാൻ പാടില്ല എന്നീ ലളിതമായ നടപടികളിലൂടെ ടെറ്റനസ് പോലുള്ള അണുബാധകള് ഏതാണ്ട് പൂര്ണ്ണമായും നമ്മുടെ കേരളത്തില്ഒഴിവാക്കപ്പെട്ടിരിക്കുകയായിരുന്നു എന്നാല് ഇത്തരം സാഹചര്യങ്ങളില് അല്ലാത്ത പ്രസവം നടക്കുന്ന നമ്മുടെ അയാള് സംസ്ഥാനങ്ങളില് ചെന്നാല് ഈ ഗുരുതരാവസ്ഥകള് ഉടലെടുക്കുന്നത് നിരീക്ഷിക്കാം.

“പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്ക്” സംവിധാനങ്ങള് ,കറിക്കത്തി ഉപയോഗിച്ച് പുക്കിള്ക്കൊടി മുറിക്കല് പോലുള്ള പ്രകൃതിയുടെ തന്നെ അവകാശികള് ആയ ടെറ്റനസ് രോഗാണുക്കള് ഉള്പ്പെടെയുള്ള രോഗാണുക്കള്ക്ക് കൂടുതല്പ്രയോജനപ്രദമാവും എന്ന് പറയേണ്ടതില്ലല്ലോ.

സങ്കീര്ണ്ണതകള് കണ്ടറിഞ്ഞു പരിഹരിച്ചു പ്രസവം സാധാരണ പ്രക്രിയ ആക്കി മാറ്റാനും,മാതൃശിശു മരണങ്ങള് ഒഴിവാക്കാനും,രോഗാതുരത ഒഴിവാക്കാനും ഇന്ന് ആധുനിക ശാസ്ത്രം പ്രാപ്തമാണ്,അജ്ഞാനത്തിന്റെ വകതിരിവില്ലായ്മകൾ കൂട്ടിക്കുഴയ്ക്കുമ്പോൾ നാം വളരെ കഷ്ടപ്പെട്ട് കുറച്ചു കൊണ്ടുവന്ന മാതൃ ശിശുമരണനിരക്കുകൾ വെള്ളത്തിൽ വരച്ച വരപോലെയാവാൻ ഏതാനും സാമൂഹ്യവിരുദ്ധരെ നാം അനുവദിക്കരുത്.

ഒരൊറ്റ അമ്മയും കുഞ്ഞും പോലും നമ്മുടെ അറിവില്ലായ്മയും ധാർഷ്ട്യവും കൊണ്ട് കൺമറഞ്ഞു പോകരുതേ…

ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ