പത്രത്തിലൂടെ കോവിഡ് 19 പകരുമോ ?
സാധ്യത വളരെ കുറവാണ്.
ഈ വൈറസ് പകരുന്നത് Droplet infection രീതിയിലാണ്,
രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തെത്തുന്ന ചെറു കണങ്ങൾ നേരിട്ട് മൂക്കിലോ കണ്ണിലോ വായിലോ എത്തുമ്പോഴാണ് രോഗം പകരുന്നത്. ഈ ചെറു കണങ്ങൾ വായുവിൽ അധിക സമയം തങ്ങി നിൽക്കില്ല. എന്നാൽ തെറിച്ച് പല പ്രതലങ്ങളിൽ വീണ് പറ്റി കിടക്കാൻ സാധ്യതയുണ്ട്.
രോഗികൾ മുഖേന പ്രതലങ്ങളിൽ എത്തപ്പെടുന്ന കണങ്ങൾ, മറ്റുള്ളവർ സ്പർശിച്ച ശേഷം അവരുടെ കണ്ണ് മൂക്ക്, വായ എന്നിവയിൽ തൊടുമ്പോൾ നേരിട്ടല്ലാത്ത പകർച്ച സാധ്യമാണ്.
ഇങ്ങനെ തെറിച്ചു വീഴുന്ന കണങ്ങളിലടങ്ങിയിട്ടുള്ള കൊറോണ വൈറസുകൾ, ഏതാനും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ പ്രതലങ്ങളിൽ അതിജീവിച്ചേക്കാം.
ഈയടുത്ത് പുറത്തു വന്ന ഒരു പഠനത്തിന്റെ ആദ്യ ഫലങ്ങളിൽ, ചെമ്പ് പ്രതലങ്ങളിൽ നാല് മണിക്കൂറും, കാർഡ് ബോർഡിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്ക് സ്റ്റീൽ പ്രതലങ്ങളിൽ 3 ദിവസത്തോളവും കോവിഡ് 19 വൈറസ് അതിജീവിക്കാൻ സാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടുന്നു.
കൊറോണ വൈറസ് ബാധിതനായ ഒരാൾ ചുമച്ചോ തുമ്മിയോ തെറിക്കുന്ന കണങ്ങൾ പത്രത്തിൽ പറ്റി പിടിച്ചിരുന്നാൽ, അതിൽ സ്പർശിച്ച ശേഷം, ആ കൈ വായിലോ മൂക്കിലോ കണ്ണിലോ സ്പർശിച്ചാൽ തിയററ്റിക്കലി ഈ രോഗം പകരാൻ സാധ്യതയുണ്ട് എന്ന് പറയാം. പ്രായോഗികമായി സാധ്യത കുറവാണ് താനും.
ഇങ്ങനെയുള്ള സാഹചര്യത്തിൽ എന്താണ് നമ്മൾ ചെയ്യേണ്ടത് ?
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും കഴുകുക. സോപ്പിനു പകരം 70% ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാവുന്നതാണ്.
കൈ കൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കുക.
അത്രയും ചെയ്താൽ മതി.
പത്രം വായിക്കാതിരിക്കേണ്ട കാര്യമില്ല.
ഒരു കാര്യം കൂടി. നാക്കിൽ വിരലിൽ കൊണ്ട് തുപ്പൽ തൊട്ട് പത്രം മറിക്കുന്ന ചിലരില്ലേ ? അത് നല്ലതല്ല. നിങ്ങൾക്ക് വൈറസ് ബാധ ഉണ്ടെങ്കിൽ തുപ്പൽ വഴി രോഗം മറ്റൊരാളിൽ എത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് ആ ശീലം ഒഴിവാക്കണം.