ലോക മാനസികാരോഗ്യ ദിനം
ഇന്ന് ലോക മാനസികാരോഗ്യ ദിനമാണ്, ഒക്ടോബർ പത്താം തിയ്യതി. ഈ വർഷത്തെ വിഷയം “psychological first aid”. എന്നതാണ്.
എന്തോ പന്തികേടുണ്ടെന്ന് തോന്നിയാലും ഡോക്ടറെ കാണാൻ രോഗികളും ബന്ധുക്കളും മടിക്കുന്ന ചില രോഗങ്ങളുണ്ട്. അത്തരം രോഗങ്ങളോട് ഉള്ള ഇത്തരം മനോഭാവങ്ങൾക്കെല്ലാം കൂടി പൊതുവിൽ പറയുന്ന പേരു ” സ്റ്റിഗ്മ ” എന്നാണ്. സോഷ്യൽ സ്റ്റിഗ്മ, സമൂഹത്തിന്റെ ഈ മനോഭാവം രോഗങ്ങളോട് മാത്രമാകണമെന്ന് യാതൊരു നിർബന്ധവുമില്ല. ഒരു പ്രത്യേകവിഭാഗത്തോടോ ചില രീതികളോടോ ഒക്കെ ആകാം.
” പേടി കിട്ടിയതാണ്. “…അല്ല, പേടി കിട്ടിയതല്ല. എന്തോ കണ്ട് പേടിച്ചെന്ന് പറയുന്നവരും എന്താണ് കണ്ടതെന്ന് പറഞ്ഞിട്ടുണ്ടാവില്ല.കാരണം അങ്ങനെ ഒന്നുണ്ടായിരിക്കില്ലെന്നത് തന്നെ. ആരും കാണാത്തത് കാണുന്ന , അല്ലെങ്കിൽ ഇല്ലാത്തതിനെ കാണുന്ന ഈ അവസ്ഥയാണ് ഹാലൂസിനേഷൻ. കേൾവിയാകാം, അല്ലെങ്കിൽ കാഴ്ചയാകാം. സ്പർശനമോ മറ്റെന്തെങ്കിലുമോ ആകാം.രോഗത്തിന്റെ ആദ്യത്തെ വരവിനെ അങ്ങനെ തെറ്റിദ്ധരിക്കുന്നതാണ് മിക്കപ്പൊഴും…” ഒരു പെണ്ണൊക്കെ കെട്ടുമ്പോൾ മാറിക്കൊള്ളും “. അല്ല, ഇതും തെറ്റായ ധാരണയാണ്. മാനസികാരോഗ്യം വീണ്ടെടുക്കാൻ കൃത്യമായ രോഗനിർണയവും ചിട്ടയായ ചികിൽസയുമാണ് വേണ്ടത്. ” ബാധ കൂടിയതാണ് ” ” പിശാച് ബാധിച്ചതാണ് ” അല്ല. അല്ലേയല്ല. തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകൾ എന്നറിയപ്പെടുന്ന രാസവസ്തുക്കളിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ മാത്രമാണ് ബാധയും പിശാചുമൊക്കെ…
തൈറോയ്ഡ് ഹോർമോൺ വ്യതിയാനമുണ്ടാകുമ്പോൾ തൊണ്ടമുഴ വരുന്നതുപോലെ , ഇൻസുലിന്റെ പ്രവർത്തനം തകരാറിലായാൽ പ്രമേഹം വരുന്നതുപോലെ തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് മാത്രം വരുന്നവയാണ് ഇവയുമെന്ന് തിരിച്ചറിയുന്നിടത്തേ രോഗത്തോടുള്ള മനോഭാവത്തിൽ മാറ്റം വന്ന് തുടങ്ങുന്നുള്ളൂ.
തെറ്റിദ്ധാരണകൾ സൃഷ്ടിച്ചെടുക്കാൻ സിനിമകളും മറ്റ് മാദ്ധ്യമങ്ങളും ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. മാനസികരോഗമുള്ളവരും മാനസികരോഗാശുപത്രികളുമൊക്കെ എന്നും കോമഡിക്കുള്ള തുരുത്തുകളാണ് സിനിമക്കാർക്ക്. ഇതുതന്നെ ചികിൽസ തേടുന്നതിൽ നിന്ന് സമൂഹത്തെ പിന്തിരിപ്പിക്കുന്ന കാരണങ്ങളിൽ ഒന്നാണ്. താൻ പരിഹാസപാത്രമാകുമോ എന്ന ചിന്ത. ചികിൽസയെക്കുറിച്ചും തെറ്റിദ്ധാരണകൾ നിരവധിയുണ്ടെങ്കിലും ഏറ്റവും പ്രചാരത്തിലുള്ളത് ഇലക്ട്രോ കണ്വൾസീവ് തെറാപ്പി (ഷോക്ക് ചികിൽസ) എന്ന ഇ.സി.റ്റി എന്ന് ചുരുക്കപ്പേരിൽ വിളിക്കുന്ന ചികിൽസയെക്കുറിച്ചുള്ളത് തന്നെ.മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിൽസക്കായി മകനെ കൊണ്ടുപോയപ്പോൾ ” എന്റെ മോനെ ഷോക്കടിപ്പിച്ച് കൊല്ലാൻ കൊണ്ടുപോണേ ” എന്ന് നിലവിളിച്ച അമ്മയുടെ മനസിൽ തലയിൽ ഹെഡ്സെറ്റ് വച്ച് വായിൽ തടിക്കഷണവും വച്ച് ബലമായി ഷോക്കടിപ്പിക്കുന്ന ചിത്രമായിരിക്കാം. അത് പല ചികിൽസാരീതികളിൽ ഒന്ന് മാത്രമാണെന്നും ഒരു ശസ്ത്രക്രിയ ചെയ്യുന്ന സൂക്ഷ്മതയോടെയാണ് അതും ചെയ്യുന്നതെന്ന് മനസിലാക്കാൻ നമുക്ക് അവസരങ്ങളില്ലാത്തതാണ്/ഉള്ള അവസരങ്ങൾക്ക് ആവശ്യത്തിനു റീച്ച് കിട്ടാത്തതാണ് പ്രശ്നം.
രോഗങ്ങൾ പല വിധമുണ്ട്. അവയിൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്നത് വിഷാദരോഗമായതുകൊണ്ട് അതിനെക്കുറിച്ചുകൂടി രണ്ട് വാക്ക് പറയേണ്ടതുണ്ട്. വിഷാദം ആരെ വേണമെങ്കിലും ബാധിക്കാം. നേരത്തെ പറഞ്ഞ ന്യൂറോ ട്രാൻസ്മിറ്ററുകൾ കൂടാതെ പ്രതികൾ സാമൂഹ്യപരവും ജൈവികവുമായ കാരണങ്ങളും ഇതിനു പിന്നിലുണ്ടാകാം. ഒരേ സാഹചര്യത്തോട് രണ്ട് വ്യക്തികൾ ഒരേ രീതിയിൽ പ്രതികരിക്കണമെന്നീല്ലാത്തതുകൊണ്ട് ജനിതകപരമായ കാരണങ്ങളും ഇതിനുണ്ടാകാം.
സ്ഥിരമായ ദുഖാവസ്ഥ, അമിതക്ഷീണം, ആത്മാഭിമാനം നഷ്ടപ്പെടൽ – എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, ഇനി എനിക്ക് രക്ഷയില്ല – സുഖങ്ങൾ അനുഭവിക്കാൻ കഴിയാത്ത അവസ്ഥ – പ്രത്യേകിച്ച് നേരത്തെ എഞ്ജോയബിൾ ആയിരുന്ന ഒരു പ്രവൃത്തി ഇപ്പോൾ സുഖദായകമാകാതിരിക്കുക, അമിത കുറ്റബോധം, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ അങ്ങനെ ഒരുപിടി ലക്ഷണങ്ങളുണ്ട്. ഇതൊക്കെ നമുക്കുണ്ടെന്ന് ചിലപ്പോൾ തോന്നിയേക്കാം. ഇവ നമ്മുടെ ദൈനം ദിന ജീവിത പ്രവൃത്തികളെ ബാധിക്കുന്നുണ്ടെങ്കിൽ ചികിൽസ തേറ്റുന്നത് ഉചിതമാണ്.
അക്കൂട്ടത്തിൽ പറയാതിരുന്ന, എന്നാൽ ഏറ്റവും പ്രധാനമായ ഒന്ന് ആത്മഹത്യാ പ്രവണതയാണ്. മരിക്കണമെന്നുള്ള ചിന്ത. ആത്മഹത്യയെക്കുറിച്ചും ആത്മഹത്യ ചെയ്യാൻ പോകുന്നവരെക്കുറിച്ചും പല തെറ്റിദ്ധാരണകളും നമുക്കുണ്ട്.അതിൽ ചിലത് മാത്രം പറഞ്ഞുകൊണ്ട് ഉപസംഹരിക്കട്ടെ.
1,”ആത്മഹത്യ ചെയ്യാന്‍ പോവുന്നവര്‍ അതിനെ കുറിച്ച് പറയില്ല,എന്നാല്‍ മുന്‍പ് പറയാതെ ഇരിക്കുന്നവര്‍ ആയിരിക്കും പെട്ടെന്നായിരിക്കും അത് ചെയ്യുക” – തെറ്റാണ്. ആത്മഹത്യയെക്കുറിച്ച് ഒരാൾ എപ്പൊഴും സംസാരിക്കുന്നത് കണ്ടാൽ അത് നിസാരമായി തള്ളിക്കളയാതെ വേണ്ട സഹായം ചെയ്യുന്നതാണുചിതം.
2. ” മരിക്കാൻ തീരുമാനിച്ചവനെ തടയാൻ കഴിയില്ല – ഇതും ശരിയല്ല. ആത്മഹത്യ മിക്കപ്പൊഴും ഒരു നിമിഷത്തെ തീരുമാനത്തിന്റെ ഫലമാണ്.
3. ” ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചവരോട് ആത്മഹത്യയെക്കുറിച്ച് സംസാരിക്കാൻ പാടില്ല ” – സത്യത്തിൽ ഇത് അവർക്ക് നന്മയേ ചെയ്യൂ എന്നതാണ് വാസ്തവം.
വാൽ : മെഡിക്കൽ സ്റ്റുഡന്റായ ബന്ധുവിന് നാണക്കേടുണ്ടാകണ്ട എന്ന് കരുതി രോഗിയെ മറ്റൊരു ഹോസ്പിറ്റലിൽ ചികിൽസയ്ക്കായി കൊണ്ടുപോയവരെ തിരികെ വിളിച്ച് താൻ പഠിച്ച കോളേജിൽ തന്നെ ചികിൽസിപ്പിച്ച് സ്റ്റിഗ്മയുടെ കടയ്ക്കൽ എങ്ങനെയാണ് ആഞ്ഞു വെട്ടേണ്ടതെന്ന് കാണിച്ച് തന്ന കൂട്ടുകാരനോട് പുച്ഛമല്ല ബഹുമാനമാണ് തോന്നിയത്..