· 6 മിനിറ്റ് വായന

ലോകമാനസികാരോഗ്യദിനം

First AidHistoryParentingPsychiatry

ഒൻപതിലാണവൾ പഠിക്കുന്നത്. പഠനത്തിൽ ഒട്ടും മോശമല്ലായിരുന്നു. എന്നാൽ ഒൻപതാം ക്ലാസ്സുമുതൽ അത്ര താത്‌പര്യമില്ല പഠനത്തോട്. അമ്മയോടും ചേച്ചിയോടും മിണ്ടാട്ടവും കുറഞ്ഞു, വീട്ടിലുള്ളപ്പോഴൊക്കെ മുകളിലത്തെ മുറിയിൽ ഒറ്റക്കിരിക്കും. ഭക്‌ഷണം കഴിക്കാനും താത്പര്യമില്ലായിരുന്നു. എപ്പോഴും പഠിക്കാൻ പറയുന്നതിലുള്ള ദേഷ്യമാണെന്നാണ് അമ്മ ആദ്യമൊക്കെ കരുതിയത്. ആദ്യം ചാച്ചനെ കൊണ്ട് ഒന്നുപദേശിപ്പിച്ചു നോക്കി, അതിനു ശേഷം പള്ളിയിൽ കൊണ്ടുപോയി ഒന്ന് പ്രാർത്ഥിപ്പിച്ചു. ഏതാണ്ട് ഒരു വർഷം അങ്ങനെ പോയി, പരീക്ഷ എഴുതിയില്ല. അതിന് ശേഷമാണ് ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണുന്നത്. ബാക്കി എന്ത് സംഭവിച്ചു എന്ന് നിങ്ങൾക്കൂഹിക്കാം, വിഷാദമായിരുന്നു രോഗം. ചികിത്സ ആരംഭിച്ചു, അളിപ്പോൾ മിടുക്കിയായി.

ഒരു പാമ്പ് കടിയേറ്റാൽ എന്ത് ചെയ്യണം എന്ന് നമുക്കെല്ലാം അറിയാം, അല്ലേ ? ഹൃദയസ്തംഭനം ഉണ്ടായാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയും എല്ലാവർക്കും അറിയാം, അല്ലേ ? എന്നാൽ മാനസിക പ്രശ്നങ്ങളിൽ എന്താണ് പ്രഥമ ശുശ്രൂഷ എന്നറിയുമോ ?

എല്ലാ വർഷവും ഒക്ടോബർ 10 ആണ് ലോക മാനസികാരോഗ്യദിനമായി ആചരിക്കുന്നത്. 1992 മുതൽ ഇതാചരിച്ചുവരുന്നു. മാനസിക രോഗസംബന്ധമായ വിഷയങ്ങളെ കുറിച്ച് ലോകത്തെല്ലായിടത്തും വളരെയധികം അബദ്ധധാരണകൾ പടർന്നുപിടിച്ചിട്ടുണ്ട്. അതിൽനിന്നും മുക്തി നേടാൻ, അറിവുകൾ എല്ലാവരിലും എത്തിക്കാൻ ഓരോ ദിനാചരണത്തിലും ഒരു പ്രത്യേക “പ്രമേയം (തീം) “തിരഞ്ഞെടുക്കാറുണ്ട്. ഈ വർഷത്തെ പ്രമേയമാണ് “DIGNITY IN MENTAL HEALTH -PSYCHOLOGICAL & MENTAL HEALTH FIRST AID FOR ALL” അതായത് “അന്തസ്സോടെ മാനസിക ആരോഗ്യത്തെ സമീപിക്കാം- മാനസിക പ്രഥമ ശുശ്രൂഷയും മാനസികരോഗ പ്രഥമ ശുശ്രൂഷയും”. തീം നിറം എന്തെന്നറിയുമോ ? ധൂമ്രവര്‍ണ്ണം (പർപ്പിൾ) ആണത്. അതെങ്ങനെ വന്നു എന്ന് അവസാനം എഴുതാം. ലോക മാനസികാരോഗ്യദിനത്തിൽ ആത്മഹത്യ ചെയ്ത അമാൻഡാ ടോഡിന്റെ കഥയാണത്.

ലോകത്തിൽ എല്ലാ അഞ്ചിലൊരാൾക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നു എന്നതാണ് പഠനങ്ങളിൽ നിന്നും മനസിലാകുന്നത്. മാനസിക രോഗങ്ങൾക്കുള്ള പ്രഥമ ശുശ്രൂഷയെക്കുറിച്ചാകാം ഈ പോസ്റ്റ്. സൈക്കോളജിക്കൽ പ്രഥമ ശുശ്രൂഷ അടുത്ത പോസ്റ്റാക്കാം.

മാനസികാരോഗ്യ പ്രാഥമിക ചികിത്സ: 2001ൽ ഓസ്‌ട്രേലിയയിൽ ആണ് ആരംഭിച്ചത്. ആരോഗ്യ പ്രവർത്തകർക്കായി 12 മണിക്കൂർ നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി ആണ് ഇത്.

പ്രധാനപ്പെട്ട മാനസികാരോഗ്യ പ്രശ്നങ്ങൾ:

  1. വിഷാദം – Depression
  2. ഉത്കണ്ഠാരോഗങ്ങൾ – Anxiety disorders
  3. ചിത്തഭ്രമം – Psychotic disorders
  4. ലഹരി ഉപയോഗം – Addiction

പ്രഥമ ശുശ്രൂഷയുടെ പ്രധാന തത്വങ്ങൾ:

  1. അപകടങ്ങൾക്കോ ആത്മഹത്യക്കോ സാധ്യത ഉണ്ടോ? എന്ന് നോക്കുക (അടിയന്തിര ഘട്ടം)
  2. മുൻവിധികൾ ഇല്ലാതെ സമീപിക്കുക
  3. ധൈര്യംകൊടുക്കുക, പരിഹാര മാർഗങ്ങൾ നിർദേശിക്കുക
  4. വിദഗ്ദ്ധ പരിചരണം കിട്ടാൻ സഹായിക്കുക
  5. സ്വയം സഹായം പ്രോത്സാഹിപ്പിക്കുക

എല്ലാ മാനസികരോഗങ്ങളും ഉണ്ടാവുന്ന പൊതുവായ പ്രശനമാണ് ഉറക്കം, വിശപ്പ് എന്നിവയിലുണ്ടാവുന്ന വ്യതിയാനം. ഉറക്കക്കുറവോ കൂടുതലോ ഉണ്ടാവാം, വിശപ്പും രുചിയും കുറയുകയാണ് പതിവ്. വൃത്തിക്കുറവ് ഒരു പ്രധാന പ്രശ്നമാണ്, കുളിക്കാനും വസ്ത്രം മാറാനും താത്പര്യമുണ്ടാവില്ല.

വിഷാദ രോഗം: സങ്കടം എന്ന അവസ്ഥയല്ല വിഷാദം. എന്താണ് വിഷാദമെന്ന് എല്ലാവർക്കും അറിയാം എന്ന് തന്നെ കരുതുന്നു. കാവ്യാത്മകമായി പറഞ്ഞാൽ “ജീവിതത്തിൽ നിറങ്ങൾ ഇല്ലാത്ത” അവസ്ഥയാണത്. എപ്പോഴും ഒന്നിനും വയ്യ എന്നതാണ് ഈ അവസ്ഥയുടെ പ്രത്യേകത. പൊതുവേ എപ്പോഴുമുള്ള ക്ഷീണം, വിശദീകരിക്കാനാവാത്ത ശാരീരിക അസ്വസ്ഥത, താത്പര്യക്കുറവും പ്രസരിപ്പില്ലായ്മായും ഒക്കെയുണ്ടാവും.

പ്രഥമ ശുശ്രൂഷ:

  1. അപകടങ്ങൾക്കോ ആത്മഹത്യക്കോ സാധ്യത ഉണ്ടോ? എന്ന് നോക്കുക – ആളുമായി കുറച്ചുനേരം സംഭാഷണത്തിൽ ഏർപ്പെടുക, അവരുടെ മനസ്സിലെ ചിന്തകൾക്ക് ചെവി കൊടുക്കുക, ആത്മഹത്യാ സാധ്യത പരിശോധിക്കുക (എന്താണ് തോന്നുന്നത് എന്ന് ചോദിക്കാം, മരിക്കാൻ തോന്നാൻ മാത്രം പ്രശ്നം ഉണ്ടോ എന്നാരായാം.), ഒറ്റയ്ക്ക് ആക്കരുത് എന്ന് നിർദേശിക്കുക, കീട നാശിനികൾ, കയർ, ആയുധങ്ങൾ ഇവ മാറ്റി വയ്ക്കാൻ നിർദേശിക്കുക
  2. മുൻവിധികൾ ഇല്ലാതെ സമീപിക്കുക – കുറ്റപ്പെടുത്താതിരിക്കുക, ദേഷ്യപ്പെടാതെ ഇരിക്കുക (ആത്മഹത്യ ചെയ്‌താൽ പിള്ളേരൊക്കെ പോലീസ് സ്റ്റേഷൻ കയറിയിറങ്ങും, അമ്മക്കിതെന്തിന്റെ കേടാണ് തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കുക). ഇത് ഒക്കെ സ്വയം മാറ്റാവുന്നതേ ഉള്ളൂ, എനിക്കറിയാവുന്ന ഒരാൾക്കിങ്ങനെ വന്നിട്ട് പ്രാത്ഥിച്ചപ്പോൾ ശരിയായി, കല്യാണം കഴിച്ചാൽ ശരിയാവും – തുടങ്ങിയ സംസാരങ്ങൾ ഒഴിവാക്കുക. വസ്ത്രധാരണരീതിയോ, മതമോ ജാതിയോ കണക്കിലെടുത്ത് ഒരു മുൻവിധി പാടില്ല.
  3. ധൈര്യംകൊടുക്കുക, പരിഹാര മാർഗങ്ങൾ നിർദേശിക്കുക – വിഷാദം യഥാർത്ഥത്തിൽ ഉള്ള ഒരു തകരാർ ആണ്, അത് ആലോചിച്ചു ഉണ്ടാകുന്ന അസുഖം അല്ല, ജനങ്ങൾക്ക് ഇടയിൽ സർവ സാധാരണം ആയി കാണുന്ന ഒരു അവസ്ഥ ആണ്, അത് മടി അല്ല, സ്വഭാവ പ്രശനം അല്ല, അതിനു ഫലപ്രദം ആയ ചികിത്സ ഉണ്ട്.
  4. വിദഗ്ദ്ധ പരിചരണം കിട്ടാൻ സഹായിക്കുക – ഇതുമടിയല്ല, വേഷം കെട്ടുന്നതല്ല, ഇതൊരസുഖമാണ് എന്ന് അവരെയോ സാധിച്ചില്ലെങ്കിൽ ബന്ധുക്കളെയും ബോധ്യപ്പെടുത്തുക.

ഫാമിലി ഡോക്ടർ, സൈക്യാട്രിസ്റ്, സൈക്കോളജിസ്റ്റ് എന്നിവരെ ആരെയെങ്കിലും നിർദ്ദേശിക്കുക. ഏറ്റവും അടുത്ത് ഉള്ള യോഗ്യതയുള്ള ആളെ കാണിക്കുന്നതാണ് ഏറ്റവും നല്ലത്. മരുന്നുകൾ, കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി എന്നിവയിൽ എന്താണ് വേണ്ടതെന്ന് അവർ തീരുമാനിക്കും. പ്രാർത്ഥനയിലോ കപട വൈദ്യത്തിലോ അഭയം തേടരുത്.

  1. സ്വയം സഹായം പ്രോത്സാഹിപ്പിക്കുക – ഞാൻ മെച്ചപ്പെടാൻ എനിക്കും ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് അവർക്ക് ബോധ്യപ്പെടണം. ജീവിതത്തിൽ അവർക്കു നിയന്ത്രണം ഉണ്ടെന്നു തോന്നാൻ സഹായിക്കും. വ്യായാമം, യോഗ, ധ്യാനം എന്നിവ നല്ലതാണ്. മദ്യപാനം ഒഴിവാക്കുന്നതും നല്ലതാണ്.

ഉത്കണ്ഠാരോഗങ്ങൾ: പരീക്ഷക്ക് പോകുമ്പോഴോ, കല്യാണ ദിവസമോ എല്ലാവർക്കും ഉത്കണ്ഠയുണ്ട്, അത് ഒരു രോഗമല്ല. ഉത്കണ്ഠ മൂലം പരീക്ഷ എഴുതാൻ സാധിക്കാതെ വരുമ്പോളോ, കല്യാണം മാറ്റിവെക്കുകയോ ഒക്കെ ചെയ്യുമ്പോളാണ് ഇതൊരു രോഗമാകുന്നത്. അതുപോലെ ഈ ഉത്കണ്ഠയെ കുറിച്ച് എപ്പോഴും ചിന്തിക്കുക അതുമൂലം മറ്റുകാര്യങ്ങൾ ചെയ്യാൻ പറ്റാതിരിക്കുക തുടങ്ങിയ അവസ്ഥകളിൽ ഇതൊരു രോഗമാണ്. ഹൃദയമിടിപ്പ് കൂടുക, ശരീരം വിറക്കുക, വയറ്റിൽ എരിഞ്ഞുകയറുക, ശ്വാസം മുട്ടുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

  1. അപകടങ്ങൾക്കോ ആത്മഹത്യക്കോ സാധ്യത ഉണ്ടോ? എന്ന് നോക്കുക – ഉത്കണ്ഠകളിൽ ഏറ്റവും പ്രശ്നം ഉള്ളത് പാനിക് അറ്റാക്കിനാണ്, അതായത് ഒരു തരം കടുത്ത ഉത്കണ്ഠ. പെട്ടെന്ന് ഹൃദയമിടിപ്പ് കൂടുക, വയറ്റിൽ നിന്നും പോകാൻ തോന്നുക, ശ്വാസം മുട്ടുക, മരിച്ചുപോകും എന്ന് തോന്നുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഒരു 10 മിനിറ്റ് കഴിയുമ്പോൾ ഇതൊക്കെ മാറും. എന്നാൽ പാനിക് അറ്റാക്കാണ് എന്നുറപ്പില്ലെങ്കിൽ ആംബുലൻസ് വിളിക്കുക, പാനിക് അറ്റാക്ക് ആണെന്ന് ഉറപ്പു ഉണ്ടെങ്കിൽ ശാന്തമായ സ്ഥലത്തേക്ക് മാറ്റുക. സാവധാനത്തിൽ ശ്വാസം എടുക്കാൻ പ്രോത്സാഹിപ്പിക്കുക. പാനിക് അറ്റാക്കുകൾ ജീവഹാനി ഉണ്ടാക്കുന്നവ അല്ലെന്നും മാറും എന്നും ഉറപ്പു കൊടുക്കുക. അറ്റാക്ക് അവസാനിക്കുന്നവരെ ആരെങ്കിലും അടുത്ത് ഉണ്ടെന്നു ഉറപ്പു വരുത്തുക.
  2. മുൻവിധികൾ ഇല്ലാതെ സമീപിക്കുക – കുറ്റപ്പെടുത്താതിരിക്കുക, ദേഷ്യപ്പെടാതെ ഇരിക്കുക. ഭർത്താവ് കള്ളുകുടിയനായതുകൊണ്ടാണ് ഇങ്ങനെ, മിശ്രവിവാഹം കാരണമാണ് എന്നൊക്കെ പറയാതിരിക്കുക.
  3. ധൈര്യംകൊടുക്കുക, പരിഹാര മാർഗങ്ങൾ നിർദേശിക്കുക – ഉത്കണ്ഠ യഥാർത്ഥത്തിൽ ഉള്ള ഒരു തകരാർ ആണ്, അത് ആലോചിച്ചു ഉണ്ടാകുന്ന അസുഖം അല്ല, ജനങ്ങൾക്ക് ഇടയിൽ സർവ സാധാരണം ആയി കാണുന്ന ഒരു അവസ്ഥ ആണ്.

മന സമാധാനം ഇല്ലാതാക്കുമെങ്കിലും ജീവഹാനി വരുത്തില്ല,

അതിനു ഫലപ്രദം ആയ ചികിത്സ ഉണ്ട്.

  1. വിദഗ്ധ പരിചരണം കിട്ടാൻ സഹായിക്കുക – ഫാമിലി ഡോക്ടർ, സൈക്യാട്രിസ്റ്, സൈക്കോളജിസ്റ് …

മരുന്നുകൾ, കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി …

  1. സ്വയം സഹായം പ്രോത്സാഹിപ്പിക്കുക – സന്ദർഭങ്ങൾ നേരിടുന്നതിലൂടെ മാത്രമേ ഭയം മാറുകയുള്ളൂ, കൃത്യമായ വ്യായാമം, ഒഴിവു സമയം ആവശ്യമാണ്, റീലാക്സിഷൻ.

കാപ്പി ഒഴിവാക്കുക.

ചിത്തഭ്രമം: നമ്മൾ സാധാരണ പറയുന്ന ഭ്രാന്ത് ആണിത്. ഒറ്റയ്ക്ക് സംസാരിക്കുക, അനാവശ്യമായി സംശയിക്കുക (മറ്റൊരാൾ തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു എന്നും മറ്റും), റേഡിയോ തരംഗങ്ങൾ വഴി നമ്മുടെ ചിന്തകൾ പിടിച്ചെടുക്കുന്നു എന്നൊക്കെ പറയുന്നതൊക്കെയാണ് ലക്ഷണങ്ങൾ. ആത്മഹത്യാ സാധ്യതയെ ആക്രമണ സാധ്യതയോ ഉണ്ടാവാം.

  1. അപകടങ്ങൾക്കോ ആത്മഹത്യക്കോ സാധ്യത ഉണ്ടോ? എന്ന് നോക്കുക – ആക്രമണ സാധ്യതയുണ്ടെന്ന് ഓർക്കുക, ശാരീരികമായി കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക, സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുക, രോഗിയെ ഇരുത്താൻ ശ്രമിക്കുക, തർക്കിക്കുന്നത് ഒഴിവാക്കുക, ന്യായമായ അപേക്ഷകൾ സ്വീകരിക്കുക.
  2. മുൻവിധികൾ ഇല്ലാതെ സമീപിക്കുക – കുറ്റപ്പെടുത്താതിരിക്കുക,

ചെറിയ വാചകത്തിൽ സംസാരിക്കുക, പേടിച്ചിട്ടാണ് എന്നും മറ്റും പറയാതിരിക്കുക.

  1. ധൈര്യംകൊടുക്കുക, പരിഹാര മാർഗങ്ങൾ നിർദേശിക്കുക – വിവരങ്ങൾ ഉൾക്കൊള്ളാൻ അവർക്കു സാധിക്കണം എന്നില്ല. എങ്കിലും രോഗ വിവരങ്ങൾ പങ്കു വയ്ക്കാൻ ഉള്ള അവസ്ഥരോഗിക്ക് വരുമ്പോൾ രോഗത്തെ പറ്റി സംസാരിക്കുക.
  2. വിദഗ്ധ പരിചരണം കിട്ടാൻ സഹായിക്കുക – സൈക്യാട്രിസ്റ്റ് അത്യാവശ്യമാണ്. ഫാമിലി ഡോക്ടർക്കോ സൈക്കോളജിസ്റ്റിനോ റോളില്ല. മരുന്നുകൾ ആരംഭിക്കുക.
  3. സ്വയം സഹായം പ്രോത്സാഹിപ്പിക്കുക – ഫലപ്രദമല്ല, അനുബന്ധമായി ഉണ്ടാകുന്ന വിഷാദത്തിനോ ഉത്കണ്ഠയ്ക്കോ അനുസരിച്ചു സ്വയം സഹായിക്കാം.

ലഹരി ഉപയോഗം: മദ്യം, കഞ്ചാവ് എന്തുമാകാം. ജീവിതത്തിന്റെ മറ്റു കാര്യങ്ങൾ വിട്ടു ലഹരിയിലേക്കു പോകുക, കുടുംബ ബന്ധങ്ങൾ മറന്ന് ലഹരിയിലേക്കു പോകുക തുടങ്ങിയ അവസ്ഥ രോഗം തന്നെയാണ്. ലഹരി ഉപയോഗിച്ചില്ലെങ്കിൽ വിറയൽ മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവുക ഇതൊക്കെ ലഹരിക്ക്‌ അടിമപ്പെടുന്നതിന്റെ ലക്ഷണങ്ങളാണ്.

  1. അപകടങ്ങൾക്കോ ആത്മഹത്യക്കോ സാധ്യത ഉണ്ടോ? എന്ന് നോക്കുക – അമിത അളവ് ആണെങ്കിൽ വെള്ളമോ ഭക്ഷണമോ കൊടുക്കരുത്. ആളെ ചെരിച്ചു കിടത്തുക, ശ്വാസകോശത്തിൽ ശർദ്ദിലും മറ്റും പോകാതിരിക്കാനാണിത്. ആശുപത്രിയിൽ എത്തിക്കുക.
  2. മുൻവിധികൾ ഇല്ലാതെ സമീപിക്കുക – കുറ്റപ്പെടുത്താതിരിക്കുക,

ദേഷ്യപ്പെടാതെ ഇരിക്കുക,ഇത് ഒക്കെ സ്വയം മാറ്റാവുന്നതേ ഉള്ളൂ – ഇങ്ങനെ ഉള്ള സംസാരങ്ങൾ ഒഴിവാക്കുക.

  1. ധൈര്യംകൊടുക്കുക, പരിഹാര മാർഗങ്ങൾ നിർദേശിക്കുക – ലഹരി അടിമത്വം ഒരു അസുഖം ആണ്, ജനങ്ങൾക്ക് ഇടയിൽ സർവ സാധാരണം ആയി കാണുന്ന ഒരു അവസ്ഥ ആണ്. അതിനു ഫലപ്രദം ആയ ചികിത്സ ഉണ്ട്.
  2. വിദഗ്ധ പരിചരണം കിട്ടാൻ സഹായിക്കുക – സൈക്യാട്രിസ്റ്, ലഹരി വിമുക്ത കേന്ദ്രങ്ങൾ; മരുന്നുകൾ, തെറാപ്പി.
  3. സ്വയം സഹായം പ്രോത്സാഹിപ്പിക്കുക – അനുബന്ധമായി ഉണ്ടാകുന്ന വിഷാദത്തിനോ ഉത്കണ്ഠയ്ക്കോ അനുസരിച്ചു സ്വയം സഹായിക്കാം.

എന്താണ് ഈ പർപ്പിൾ നിറത്തിന്റെ പ്രത്യേകത എന്നറിയണ്ടേ ? അതറിയണമെങ്കിൽ അമാൻഡായെ അറിയണം, 2013 ലോക മാനസികാരോഗ്യ ദിനത്തിൽ ആത്മഹത്യ ചെയ്ത പെൺകുട്ടി. 1996 നവംബർ 27 നു കാനഡയിൽ ജനിച്ച അമാൻഡ. സുന്ദരിയും മിടുക്കിയുമായ അമാൻഡ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഒരു ചാറ്റിനിടയിൽ ആളുടെ ഒരു അർദ്ധനഗ്ന ചിത്രം സുഹൃത്തുക്കളുമായി പങ്കുവച്ചു. ആ തെറ്റിന് അതിലൊരാൾ അമാൻഡയെ ക്രൂരമായി പീഢിപ്പിച്ചു, മാനസിക പീഡനം. ആ ചിത്രം ഇട്ടയാൾ ഒരു വെബ്സൈറ്റ് ആരംഭിച്ചു. അധ്യാപകർക്കും സുഹൃത്തുക്കൾക്കും എല്ലാം ആ ചിത്രം അയച്ചുകൊടുത്തു. സ്കൂളും വീടും മാറിയിട്ടും പിന്തുടർന്ന് അയാൾ ഇതെല്ലാം ആവർത്തിച്ചു. അവസാനം തന്റെ ജീവിതം കുറെ കാർഡുകളിലെഴുതി വീഡിയോ ഷൂട്ട്‌ ചെയ്തതിനു ശേഷം അമാൻഡ ഈ ലോകം വിട്ടുപോയി. അതെ ഈ സൈബർ ലോകമാണവളെ കൊന്നത്, ഒരിക്കൽ പറ്റിയ തെറ്റിന്. ഇനിയും ഇത്തരം സൈബർ ക്രൂരകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ അമാൻഡയുടെ അമ്മ ആരംഭിച്ച പ്രസ്ഥാനമാണ് അമാൻഡാ ടോഡ് ലീഗസി. ഈ ലോകത്തിനാവശ്യം അനുഭാവപൂർവ്വമായ പെരുമാറ്റമാണ്, സഹകരണമാണ്. ഒരു കുട്ടിയെ വളർത്താൻ ഒരു ഗ്രാമം യത്നിക്കണം, ആ ഗ്രാമത്തിലാണ് നമ്മൾ ഓരോരുത്തരും. ഓരോ കുട്ടികളും മഞ്ഞുത്തുള്ളികൾ പോലെ വ്യത്യസ്തമാണ് എന്നാണ് ആ അമ്മ പറയുന്നത്. അമാൻഡാ ടോഡ് ലീഗസി തിരഞ്ഞെടുത്ത നിറമാണ് ഈ നിറം.

നമ്മുടെ രാജ്യത്തിലേതു പോലെയല്ല, ഒരാഴ്ച നീളുന്ന ബോധവൽക്കരണ പരിപാടികളാണ് കാനഡയിലും മറ്റും ഈ മാനസികാരോഗ്യ സന്ദേശവ്യാപനം. അവർ ആ സമയത്ത് നയാഗ്ര വെള്ളചാട്ടമടക്കം ഈ നിറത്താലലങ്കരിക്കും , വീടുകൾ, വലിയ കെട്ടിടങ്ങൾ എല്ലാം ഈ നിറത്താൽ മുങ്ങി നിൽക്കും, അങ്ങിനെ ഈ സന്ദേശം എല്ലാവരിലുമെത്തിക്കാൻ അവർ ശ്രമിക്കുന്നു, ഇവിടെ ഞങ്ങളും ഈ ചെറിയ എഴുത്തിലൂടെ…

അമാൻഡ ടോഡ് വീഡിയോ: https://www.youtube.com/watch?v=IyHX7wMJBY0

കൂടുതൽ വിവരങ്ങൾക്ക്:

http://wfmh.com/

http://wfmh.com/world-mental-health-day/

http://lightuppurple.com/supporters-2016/

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ