· 5 മിനിറ്റ് വായന

ഒക്ടോബർ 1 – ലോക അർട്ടിക്കേരിയ ദിനം ( World Urticaria Day)

Uncategorized
 
“മെച്ചപ്പെട്ട ജീവിതനിലവാരം (Better quality of life) ” എന്നതാണ് ഈ വർഷത്തെ അർട്ടിക്കേരിയ ദിന ചിന്താവിഷയം. ഇത്തരത്തിൽ ഒരു വിഷയം തിരഞ്ഞെടുത്തത്തിൽ നിന്ന് തന്നെ മനസിലാക്കാം എത്രത്തോളം ഈ അവസ്ഥ രോഗിയുടെ ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന്.
ശരീരത്തിൽ ചൊറിഞ്ഞു തടിക്കുന്ന ഒരിനം അലർജിയാണ് അർട്ടിക്കേരിയ. വളരെ സാധാരണമായി കണ്ടു വരുന്ന ഒരു രോഗാവസ്ഥയാണിത്.
ശരീരവുമായി സമ്പർക്കത്തിൽ വരുന്ന പദാർത്ഥങ്ങളോട് നമ്മുടെ പ്രതിരോധശക്തി അമിതമായി പ്രതികരിക്കുന്നതാണ് കാരണം. സൂര്യനും സൂര്യനു താഴെയുള്ളതെന്തും ഇത്തരം അലർജിയുണ്ടാക്കാം.
ഏതു പ്രായത്തിലും അർട്ടിക്കേരിയ ഉണ്ടാകാം.
ചർമ്മത്തിൽ ചൊറിച്ചിൽ,ചുണ്ടിലും കൺപോളകളിലും നീര് എന്നീ പ്രശ്നങ്ങൾ മുതൽ അപൂർവ്വമായെങ്കിലും ഗുരുതരവും മാരകവുമായ അനാഫൈലക്സിസ് എന്ന അവസ്ഥയും ഇത്തരം അലർജി മൂലം ഉണ്ടാകാം.
അലർജി ഉണ്ടാക്കുന്ന വസ്തുവിനെ അലർജൻ (allergen) എന്നു വിളിക്കുന്നു . ശരീരത്തിന്റെ പ്രതിരോധശക്തിയെ ഉത്തേജിപ്പിച്ചു ആന്റിബോഡി (antibody) ഉല്പാദിപ്പിക്കുവാൻ സഹായിക്കുന്ന അലർജനിൽ അടങ്ങിയിരിക്കുന്ന ഘടകം ആന്റിജൻ(antigen) എന്നറിയപ്പെടുന്നു.
പൂമ്പൊടി, പൊടി, പുക, ഭക്ഷണപദാർത്ഥങ്ങൾ, മരുന്നുകൾ എന്നിവ ഇതിൽ ചിലതു മാത്രം..
അലർജനുമായി സമ്പർക്കത്തിൽ വന്നു നിമിഷങ്ങൾക്കുള്ളിൽ പോലും സംഭവിക്കാവുന്ന ഈ റിയാക്ഷൻ ഇമ്മീഡിയേറ്റ് ഹൈപെർസെൻസിറ്റിവിറ്റി (immediate hypersensitivity) എന്നും അറിയപ്പെടുന്നു.
?അലർജനുകൾ വിവിധ തരത്തിൽ ശരീരവുമായി സമ്പർക്കത്തിൽ വരാം
♦️ ശ്വസനത്തിലൂടെ –
അന്തരീക്ഷത്തിലുള്ള ഇവ aeroallergens എന്നാണ് അറിയപ്പെടുന്നത്. പൊടി, പുക, പൂമ്പൊടി മുതലായവ ഈ ഗണത്തിൽ പെടുന്നു.
♦️ഭക്ഷിക്കുന്നതിലൂടെ –
ഭക്ഷണപദാർത്ഥങ്ങളും (food allergens) മരുന്നുകളും. മുട്ട, പാൽ, ഇറച്ചി, ചില തരം മത്സ്യം, പയർവർഗങ്ങൾ, പ്രിസർവേറ്റീവുകൾ എന്നിവ
♦️ചർമ്മവുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ
♦️കുത്തിവയ്ക്കുന്നതിലൂടെ – കടന്നൽ കുത്ത്, ഇൻജക്ഷനായുള്ള മരുന്നുകൾ
മറ്റു കാരണങ്ങൾ
?അണുബാധ – ടോൺസിലൈറ്റിസ്, വിരശല്യം
?ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ
?Idiopathic – പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാത്ത അർട്ടിക്കേരിയ
?Physical അർട്ടിക്കേരിയ – ചൂട്, തണുപ്പ്, വെയിൽ, മർദ്ദം എന്നിങ്ങനെയുള്ള കാരണങ്ങളാൽ.
ശരീരത്തിൽ ഉരസിയാൽ, ഉരസുന്ന രേഖയിൽ ചുവന്ന പാടുകൾ വരുന്ന ഡെർമോഗ്രാഫിസം (Dermographism), ഇറുകിയ വസ്ത്രങ്ങൾ, ബെൽറ്റ്‌ തുടങ്ങിയ ഉപയോഗിക്കുമ്പോൾ, ഇറുകി കിടന്ന ഭാഗത്തുണ്ടാകുന്ന Pressure urticaria ഒക്കെ Physical അർട്ടിക്കേരിയയുടെ വകഭേദങ്ങളാണ്.
മാനസിക സമ്മർദ്ദം, ആർത്തവം, മർദം, ചൂട് മുതലായ സാഹചര്യങ്ങൾ അർട്ടിക്കേരിയ ഉള്ള ഒരാൾക്ക് രോഗം വരാനുള്ള സാധ്യത കൂട്ടിയേക്കാം.
ഒരു ആന്റിജൻ ആദ്യമായി ശരീരവുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ ഈ ആന്റിജന് എതിരെയുള്ള നിശ്ചിത (specific) ആന്റിബോഡി ഉല്പാദിപ്പിക്കപ്പെടുന്നു. വീണ്ടും ഇതേ ആന്റിജൻ ശരീരവുമായി സമ്പർക്കത്തിൽ വന്നാൽ മുൻപ് ഉല്പാദിപ്പിക്കപ്പെട്ട നിശ്ചിത ആന്റിബോഡി വലിയ തോതിൽ ഉണ്ടാകുകയും അവ ആന്റിജനുമായി കൂടി ചേരുകയും ചെയ്യുന്നു.
ഇമ്മ്യൂണോഗ്ലോബുലിൻ ഇ (IgE) എന്ന ആന്റിബോഡിയാണ് ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്നത്. ഈ ആന്റിജൻ ആന്റിബോഡി സംയുക്തം ത്വക്കിലുള്ള mast cells എന്ന കോശങ്ങളെ ഉത്തേജിപ്പിച്ചു അവയിൽ അടങ്ങിയിരിക്കുന്ന ഹിസ്റ്റമിൻ ഉൾപ്പെടെയുള്ള ഘടകങ്ങളെ പുറത്തേയ്ക്ക് തള്ളുന്നു.
ഹിസ്റ്റമിൻ മൂലം രക്തക്കുഴലുകൾ വികസിക്കാനും ശ്വാസകോശത്തിലെ കുഴലുകൾ ചുരുങ്ങാനും കാരണമാകുന്നു. തന്മൂലം ത്വക്കിലും ശ്ലേഷ്മ സ്തരത്തിലും, ചിലപ്പോൾ ശ്വാസനാളത്തിലും നീർവീക്കം ഉണ്ടാകുന്നു.
?ലക്ഷണങ്ങൾ
??ചർമ്മത്തിൽ ചൊറിച്ചിലോടു കൂടിയ ചുവന്ന അൽപ്പായുസുള്ള തടിപ്പുകൾ കണ്ടു വരുന്നു. മിനിറ്റുകൾ മുതൽ മണിക്കൂറുകൾക്കുള്ളിൽ ഇവ യാതൊരു പാടും ശേഷിപ്പിക്കാതെ അപ്രത്യക്ഷമാകുന്നു. ഇതിനെ അർട്ടിക്കേരിയ (urticaria) അല്ലെങ്കിൽ ഹൈവ്സ് (hives) എന്നു പറയുന്നു.
??ചുണ്ടിലും കൺപോളകളിലും ഇത്തരം തടിപ്പുകൾ ചൊറിച്ചിലിനേക്കാൾ കൂടുതൽ വേദനയുള്ളവയായും ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതായും കണ്ടു വരുന്നു . ഇതാണ് ആഞ്ജിയോഎഡീമ (angioedema).
??ഇത്തരം അലർജിയുടെ ഭാഗമായി രക്തക്കുഴലുകൾ വികസിക്കുകയും ശ്വാസകോശത്തിലെ കുഴലുകൾ ചുരുങ്ങുകയും ചെയ്യുന്നതു മൂലം രക്തസമ്മർദം താഴുക, ചുമ , ശ്വാസതടസ്സം, ഹൃദയസ്‌തംഭനം, അബോധാവസ്ഥ തുടങ്ങി മരണം വരെ സംഭവിക്കാവുന്ന സങ്കീർണമായ അവസ്ഥയാണ് അനാഫൈലാക്സിസ് (anaphylaxis). ചില മരുന്നുകൾ കുത്തിവയ്ച്ച ശേഷം പെട്ടെന്ന് മരണം സംഭവിക്കുന്നത് ഈ അനാഫൈലാക്സിസ് മൂലമാണ്.
?ആറു ആഴ്ചയിൽ കൂടുതൽ ഒട്ടു മിക്ക ദിവസങ്ങളിലും തുടർച്ചയായി നീണ്ടു നിൽക്കുന്ന രോഗത്തെ ക്രോണിക് അർട്ടിക്കേരിയ (Chronic urticaria) എന്ന് വിളിക്കുന്നു, ആറു ആഴ്ച്ചക്കുള്ളിൽ രോഗശമനം ഉണ്ടായാൽ അക്യൂട്ട് അർട്ടിക്കേരിയ (Acute urticaria) എന്നും.
?ചികിത്സ
??അലർജിക്കു കാരണമായ ഘടകങ്ങൾ പൂർണമായും ഒഴിവാക്കുക എന്നതാണ് ചികിത്സയുടെ അടിസ്ഥാനശില.
മരുന്നുകൾ, പൊടി, പുക, തണുപ്പ്, വെയിൽ തുടങ്ങി എന്താണോ അലർജി ഉണ്ടാക്കുന്നത്, അതുമായി സമ്പർക്കം ഒഴിവാക്കുക.
??മരുന്നിനോട് ഒരിക്കൽ അലർജി വന്നിട്ടുള്ളവർ കാരണമായ മരുന്നുകളുടെ പേരുകൾ ഓർത്തു വയ്ക്കുകയും പേഴ്സിലോ മറ്റോ എഴുതി സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. അടുത്ത ബന്ധുക്കളും ഇതേ പറ്റി ബോധവാന്മാർ ആയിരിക്കണം . ഏതു രോഗത്തിന്റെ ചികിത്സക്കായി ആശുപത്രിയിൽ പോകേണ്ടി വന്നാലും മരുന്നിന്റെ വിവരങ്ങൾ ഡോക്ടറെ ധരിപ്പിക്കണം.
??ചൊറിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ നിന്ന് ഉടൻ തന്നെ മാറാൻ ശ്രമിക്കുക.
??കലാമിൻ ലോഷൻ പുരട്ടുന്നത് ചൊറിച്ചിൽ കുറയ്ക്കും.
??മഞ്ഞൾ, തുളസിയില,വേപ്പില, ഭസ്മം തുടങ്ങിയവ പുരട്ടാതെയിരിക്കുക.
??അലർജിക്ക് കാരണമാവുന്ന ഇൻറർലൂക്കിൻ, ലൂക്കോട്രെയീൻ, ഹിസ്റ്റമീൻ തുടങ്ങിയ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന രാസഘടകങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ആന്റിഹിസ്റ്റമിൻ പോലെയുള്ള മരുന്നുകളാണ് അലർജിയുടെ ചികിത്സക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. ചില അവശ്യ ഘട്ടങ്ങളിൽ സ്റ്റിറോയ്ഡ്, അഡ്രിനാലിൻ തുടങ്ങിയവ വേണ്ടി വന്നേക്കാം.
??ആന്റിഹിസ്റ്റമിൻ മരുന്നുകൾ ഉറക്കക്ഷീണം ഉണ്ടാക്കാം എന്നത് കൊണ്ട് ഈ മരുന്നു കഴിക്കുന്നവർ വാഹനമോടിക്കുകയോ, മെഷീനുകൾ പ്രവർത്തിപ്പിക്കുകയോ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
?? ആഞ്ജിയോ എഡിമ, അനാഫൈലക്സിസ്, മരുന്നുകളോടുള്ള അലർജി,ശരീരമാസകലം ഉള്ള അർട്ടിക്കേരിയ,തുടങ്ങിയവ ഉടനടി ആശുപത്രികളിൽ പോയി ചികിത്സ തേടേണ്ട മാരകമായേക്കാവുന്ന രോഗാവസ്ഥകളാണ്.
??കാരണം കണ്ടെത്തി ശരിയായ ചികിത്സ സ്വീകരിച്ചാൽ ഭേദമാക്കാവുന്ന രോഗമാണ് അർട്ടിക്കേരിയ.
ലേഖകർ
Assistant Professor at Department of Dermatology, Government medical college, Kottayam. Completed MBBS from Government medical college, Alappuzha in 2010, and MD in Dermatology, venerology and leprosy from Government medical college, Thiruvananthapuram in 2015. Interested in teaching, public health and wishes to spread scientific temper. Psoriasis, Leprosy, drug reactions and autoimmune disorders are areas of special interest.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ