· 8 മിനിറ്റ് വായന

“നിങ്ങളുടെ കുഞ്ഞ് വില്പനച്ചരക്കാകുന്നു” എന്ന മാതൃഭൂമി ലേഖനം വിലയിരുത്തപ്പെടുന്നു (ഒന്നാം ഭാഗം)

GenericPediatricsകിംവദന്തികൾ

ഏപ്രില്‍ 30, 2017 ലക്കം മാതൃഭൂമി ആഴ്ചപതിപ്പ് കവര്‍ സ്റ്റോറിയാണ് ‘നിങ്ങളുടെ കുഞ്ഞ് വില്പനച്ചരക്കാകുന്നു’. ഈ ലേഖനത്തെ രണ്ടു ഭാഗമുള്ള കുറിപ്പായി വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണ്.

ഒന്നാം ഭാഗത്തില്‍ -ഈ ലേഖനത്തെക്കുറിച്ചുള്ള ഇന്‍ഫോ ക്ലിനിക്കിന്റെ വിശകലനം.

രണ്ടാം ഭാഗത്തില്‍ – ലേഖനത്തില്‍ മാതൃഭൂമി പ്രതിപാദിച്ചിരിക്കുന്ന കാതലായ വിഷയത്തെ(സ്വകാര്യ വാക്സിന്‍ വിപണന മേഖലയില്‍ നടക്കുന്ന അധാര്‍മ്മിക പ്രവണതകളെ) കുറിച്ചുള്ള വിശകലനവും, ഡോക്ടര്‍മാരുടെ തൊഴില്‍പരമായ നൈതികതയുടെ വിവിധ വശങ്ങളും അത് സംബന്ധിച്ച നിയന്ത്രണച്ചട്ടങ്ങളും, അധാര്‍മ്മിക പ്രവണതകള്‍ തടയാനുള്ള മാര്‍ഗ്ഗങ്ങളും കൂടാതെ ഈ വിഷയത്തില്‍ ഇന്‍ഫോ ക്ലിനിക്കിന്റെ നിലപാടും നിര്‍ദ്ദേശങ്ങളും.

സ്വകാര്യ വാക്സിന്‍ നിര്‍മ്മാണ കമ്പനികളും സ്വകാര്യ ഡോക്ടര്‍മാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ പിന്നാമ്പുറ കഥകള്‍ വെളിച്ചത്തു കൊണ്ടുവരുന്ന ലേഖനമായിട്ടാണ് മാതൃഭൂമി ഇതവതരിപ്പിക്കുന്നത്. നിര്‍ബന്ധിതമല്ലാത്ത വാക്സിനുകള്‍ വില്‍ക്കുന്നത് വഴി സ്വകാര്യ ചികിത്സാ മേഖല ലാഭം കൊയ്യുന്നു എന്നാണ് പ്രത്യക്ഷത്തില്‍ പറഞ്ഞു വെയ്ക്കുന്നത്. മറ്റൊരു വാരികയില്‍ മുന്‍പ് പ്രസിദ്ധീകൃതമായ ഇംഗ്ലീഷ് ലേഖനത്തിന്റെ തര്‍ജ്ജമയാണിത്.

മെഡിക്കല്‍ രംഗത്ത് നിലനില്‍ക്കുന്ന അധാര്‍മ്മികത പ്രവണതകളെക്കുറിച്ചുള്ള ആരോപണങ്ങള്‍ വിശദമായി അധികാരികള്‍ അന്വേഷിച്ചു നടപടികള്‍ എടുക്കുന്നതിലൂടെ അത്തരം ആരോപണങ്ങള്‍ ഉണ്ടാവാന്‍ തന്നെയുള്ള സാഹചര്യം നാളെ ഇല്ലാതാക്കണം എന്നാണു ഇന്‍ഫോ ക്ലിനിക്കിന്റെ സുചിന്തിതമായ നിലപാട്.

എന്നാല്‍ ഒരു അന്വേഷണവിവരണം പോലെ പ്രതിപാദിക്കുന്ന ഈ ഫീച്ചര്‍ പല കാരണങ്ങളാല്‍ വിമര്‍ശനയോഗ്യം കൂടെ ആവുന്നുണ്ട്‌. ഈ ലേഖനം സൂക്ഷമമായി വിലയിരുത്തി അവതരിപ്പിക്കുകയാണ് ഇന്‍ഫോ ക്ലിനിക്.

വാക്സിന്‍ കണ്ടെത്തിയ കാലത്തോളം പഴക്കമുണ്ട് വാക്സിന്‍ വിരുദ്ധതയ്ക്കും! ആദ്യ വാക്സിനേഷന്‍ പരിപാടിയായ ഗോവസൂരി പ്രയോഗത്തിനെതിരെ സാമൂഹികവും മതപരവുമൊക്കെയായ എതിര്‍പ്പുകള്‍ നിലനിന്നിരുന്നിട്ടു കൂടി, പ്രതിവര്‍ഷം അമ്പതു ലക്ഷം മനുഷ്യരുടെ ജീവനെടുത്തിരുന്ന വസൂരി എന്ന മഹാവ്യാധിയെ അശ്രാന്ത പരിശ്രമത്താല്‍ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യാന്‍ വാക്സിനേഷന് കഴിഞ്ഞു. വാക്സിനേഷന്‍ നിരക്ക് കുറയുന്ന സാഹചര്യങ്ങളിലൊക്കെ അപ്രത്യക്ഷമായെന്നു കരുതിയ രോഗങ്ങളുടെ തിരിച്ചു വരവ് ലോകമെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്.

ചുരുക്കം ചില ഉദാഹരണങ്ങള്‍,

യു.എസ്എസ്.ആറിന്റെ തകര്‍ച്ചയ്ക്ക് ശേഷം വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചപ്പോള്‍ പൊട്ടിപ്പുറപ്പെട്ട ഡിഫ്തീരിയ ഒറ്റയടിക്ക് രണ്ടു ലക്ഷത്തോളം പേരെ ബാധിക്കുകയും 5000-ത്തിലധികം പേരുടെ ജീവനെടുക്കുകയും ചെയ്തു, 2003-ല്‍ യുദ്ധം തകര്‍ത്ത അഫ്ഗാനിലെ അഭയാര്‍ഥി ക്യാമ്പില്‍ 50-ഓളം കുട്ടികളെ ഡിഫ്തീരിയ ബാധിച്ചു; 3 പേരുടെ മരണത്തിനും ഇതിടയാക്കി. മീസില്‍സ് വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി വാക്സിന്‍ കവറേജ് കുറയുകയും മീസില്‍സ് പൊട്ടിപ്പുറപ്പെടുകയും ചെയ്ത സാഹചര്യം അമേരിക്കയിലും,യു.കെ യിലും ഉണ്ടായിട്ടുണ്ട്.

അടുത്തയിടവരെ വാക്സിന്‍ കൊണ്ട് തടയാവുന്ന സാംക്രമിക രോഗങ്ങള്‍ കേരളത്തില്‍ തീരെ ഇല്ലാതായിരുന്നു! സാംക്രമികരോഗബാധകളുടെ തീവ്രതയൊക്കെ നാം മറന്നേ പോയിരുന്നു!! ഉദാ:പോളിയോ ബാധിച്ച് കൈകാലുകള്‍ ശോഷിച്ച് ഏന്തി വലിഞ്ഞു നടന്ന കുഞ്ഞുങ്ങളെ നാം മറന്നിരുന്നു (ഇന്നാ കാഴ്ച ഇല്ലല്ലോ), വസൂരി വന്നു ഒരു നാട്ടിലെ ആളുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയതും രക്ഷപ്പെട്ടവരെ വടുക്കള്‍ നിറഞ്ഞവരും അന്ധരും ആക്കിയതും നാം ഓര്‍ക്കുന്നില്ല (അത് പണ്ടായിരുന്നില്ലേ)!! ടെറ്റനസ് ബാധിച്ചു പേശികള്‍ വലിഞ്ഞു മുറുകി കടുത്ത വേദനയില്‍ കുഞ്ഞുങ്ങള്‍ പിടിഞ്ഞു മരിക്കുന്ന കാഴ്ചകള്‍ നാം കണ്ട ഓര്‍മ്മയില്ല!! വില്ലന്‍ ചുമയാല്‍ വില്ല് പോലെ വളഞ്ഞു നിന്ന് കുഞ്ഞുങ്ങള്‍ ചുമച്ചു വലഞ്ഞതും ഡിഫ്തീരിയ ഗ്രസിച്ചു ശ്വാസംമുട്ടി കുഞ്ഞുങ്ങള്‍ മരിക്കുന്ന കാഴ്ചയുമൊക്കെ എന്നേ അപ്രത്യക്ഷമായിരുന്നു !

“Those who don’t know history are destined to repeat it.” – Edmund Burke

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ പ്രത്യേക മേഖലകള്‍ കേന്ദ്രീകരിച്ചു വാക്സിന്‍ മൂലം തടയാമായിരുന്നു രോഗങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ 8 സംസ്ഥാനങ്ങളിലായി, വാക്സിനേഷന്‍ പ്രവര്‍ത്തനത്തില്‍ ദുര്‍ബലമായ 201 അതീവ ശ്രദ്ധ അര്‍ഹിക്കുന്ന കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആരോഗ്യസൂചികകളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തിലും ഇത്തരത്തില്‍ രണ്ടു ജില്ലകളുണ്ട്, മലപ്പുറവും കാസര്‍കോടും! കേരളത്തില്‍ ഏറ്റവും വാക്സിന്‍ കവറേജ് കുറഞ്ഞ പ്രദേശവും, വാക്സിന്‍ വിരുദ്ധ പ്രചാരകരുടെ കേന്ദ്രവും ആണ് ഈ രോഗങ്ങള്‍ പ്രത്യക്ഷപ്പെട്ട പ്രദേശം എന്നതു യാദൃശ്ചികമല്ല എന്ന് വേണം കരുതാന്‍. 2008-2015 കാലത്ത് 32 കുട്ടികള്‍ വാക്‌സിന്‍കൊണ്ട് തടയാവുന്ന രോഗങ്ങള്‍ (ടെറ്റനസ്, ഡിഫ്തീരിയ, മണ്ണന്‍റെ ഭാഗമായുണ്ടായ ന്യുമോണിയ എന്നിവ) മൂലം മലപ്പുറത്ത് മരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും കഴിഞ്ഞ ആഴ്ചയും നമുക്ക് ഡിഫ്തീരിയ മരണമുണ്ടായി.ഇന്നും (28-04-2017) മലപ്പുറം ജില്ലയില്‍ നിന്നുമുള്ള രണ്ടു ഡിഫ്തീരിയ രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണത്തോട് മല്ലടിക്കുന്നുണ്ട്.

രണ്ടു പതിറ്റാണ്ടായി വിതച്ചു കൊണ്ടിരുന്ന വാക്സിന്‍ വിരുദ്ധതയുടെ വിളവെടുപ്പ് കൂടിയാണ് സാംക്രമിക രോഗങ്ങളുടെ തിരിച്ചു വരവെന്ന് കരുതേണ്ടിയിരിക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വളമിടാന്‍ ചില മാദ്ധ്യമ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും നിദാനമായി.

കണക്കുകള്‍ അനുസരിച്ച് പ്രതിവര്‍ഷം 20 -30 ലക്ഷം ജീവനുകള്‍ വാക്സിന്‍ മൂലം രക്ഷിക്കപ്പെടുന്നുണ്ട് എന്നിരിക്കെ വാക്സിനേഷന് എതിരെ പലവിധ കുപ്രചരണങ്ങള്‍ ഒരു വശത്ത്‌ നിര്‍ബാധം നടക്കുന്നു. ഈ പശ്ചാത്തിലാണ് മാതൃഭൂമി ആഴ്ചപതിപ്പ് അതിവൈകാരിക തലക്കെട്ടില്‍ ഒരു ലേഖനം പൊതു സമൂഹത്തിനു മുന്നിലേക്ക്‌ എത്തിക്കുന്നത്.

ആരോഗ്യ മേഖലയിലെ റിപോർട്ടിങ്ങിനായി ലോക ആരോഗ്യ സംഘടനയും EHCN (European Health Communication Network)യും ആരോഗ്യമേഖലയിലെ വാർത്തകൾ കൈ കാര്യം ചെയ്യുന്ന എല്ലാ പ്രൊഫെഷനലുകൾക്കും(ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ) മാർഗദർശനം നല്കുന്ന ലളിതമായ ചില നിർദേശങ്ങൾ ഇവിടെ പ്രസക്തമാണ്. അവയില്‍ ചിലത് ഇങ്ങനെയാണ്,

ഭീതി പരത്തുന്നവയും, ആസന്നമായ പൊതുജനാരോഗ്യ പ്രശ്നങ്ങളുടെ സ്ഫോടനാത്മകമായ അവതരണവുമൊക്കെ അവധാനതയോടെ മാത്രം കൈകാര്യം ചെയ്യുക. നൈമിഷികമായ സ്വീകാര്യതക്ക് അപ്പുറം സ്റ്റോറിയുടെ അനന്തര ഫലങ്ങൾ എന്തെല്ലാം എന്ന തിരിച്ചറിവുണ്ടാകുക. നിക്ഷിപ്ത താല്പര്യങ്ങളെ കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടായിരിക്കുക, ഈ ന്യൂസ്‌ സ്റ്റോറിക്ക് ഗുണഭോക്താവായി ആരെങ്കിലും ഉണ്ടോ എന്ന് സ്വയം ചോദിക്കുക.

ഇത്രയേറെ സാമൂഹികപ്രാധാന്യമുള്ള വാക്സിനേഷനോട് “അപ്രഖ്യാപിത വിരുദ്ധത” പുലര്‍ത്തുന്നത് സാമൂഹികപ്രതിബദ്ധത ഉള്ളൊരു പ്രസിദ്ധീകരണത്തിന് ചേര്‍ന്നതല്ല എന്നോര്‍മിപ്പിച്ചു കൊണ്ട് ലേഖനത്തിത്തിന്റെ വിശകലനത്തിലേക്ക്.

എന്ത് കൊണ്ട് ലേഖനം വിമര്‍ശനയോഗ്യമാണ് എന്ന് കരുതുന്നു?

 1. സെന്‍സേഷണലിസം

തീവ്ര വൈകാരിക പ്രതികരണമുയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ് “നിങ്ങളുടെ കുഞ്ഞു വില്‍പ്പനച്ചരക്കാവുന്നു” എന്ന തലക്കെട്ട്‌.

പൊതുജനാരോഗ്യത്തെ ബാധിക്കാവുന്ന സെന്‍സിറ്റീവും വിപുലവുമായ വിഷയത്തെ സമീപിക്കുമ്പോള്‍ തെറ്റിദ്ധാരണകള്‍ക്ക് ഇട നല്‍കാത്ത/ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് വഴി നല്‍കാത്ത വസ്തുതാപരമായ വിവരണമാണ് ഉചിതമെന്നിരിക്കെയാണ് ഇവിടെ “ഞെട്ടിപ്പിക്കല്‍” തലക്കെട്ട്‌ നല്‍കപ്പെട്ടിരിക്കുന്നത്‌. ആഴത്തില്‍ ലേഖനം മുഴുവന്‍ വായിക്കുന്നവരെക്കാള്‍ വളരെ കൂടുതലാവും തലക്കെട്ടുകളില്‍ അഭിരമിക്കുന്നവരും, കുപ്രചാരണത്തിനായി ഈ കവര്‍ പേജ് ഉപയോഗിക്കുന്നവരും എന്നിരിക്കെ വാക്സിന്‍ വിരുദ്ധ പ്രചാരകര്‍ക്ക് ഇന്ധനം പകരുന്നതാണ് ഈ രീതി.

ഇന്ത്യയിലെ 90% ആളുകളും സര്‍ക്കാര്‍തലത്തില്‍ നിന്ന് സൌജന്യമായി ലഭിക്കുന്ന സാര്‍വത്രിക വാക്സിനേഷന്‍ സ്വീകരിക്കുന്നവരാണ്. ലേഖനം പ്രതിപാദിക്കുന്നത് ബാക്കി 10-15% വരെയുള്ളവരെ ആണെങ്കിലും ലേഖനത്തിന്റെ ആഖ്യാന രീതികള്‍ മൂലം ഇത് വായിക്കുന്ന ജനസാമാന്യത്തിനു കിട്ടുന്ന തെറ്റായ സന്ദേശം വാക്സിനേഷന്‍ പ്രക്രിയയെ ആകപ്പാടെ സംശയത്തോടെ വീക്ഷിക്കണം എന്നായിരിക്കും.

 1. ലേഖനത്തില്‍ ഒളിച്ചു കടത്തുന്ന വാക്സിന്‍ വിരുദ്ധത.

“ഔട്ട്‌ ലുക്കില്‍” വന്ന ഈ ലേഖനം പകര്‍ത്തി എഴുതുമ്പോള്‍ സ്വകാര്യ മെഡിക്കല്‍ രംഗത്തെ കച്ചവടപരതയെ തുറന്നു കാട്ടുക എന്നത് മാത്രമാണ് ഉദ്ദേശം എന്ന് ഒറ്റ നോട്ടത്തില്‍ തോന്നിയേക്കാമെങ്കിലും, അതിനുമപ്പുറം വാക്സിന്‍ വിരുദ്ധതയെ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിക്കുന്നതും, സര്‍ക്കാര്‍ മേഖലയില്‍ ഉള്ള വാക്സിനേഷന്‍ പ്രോഗ്രാമിനെ തന്നെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്യുന്ന ഒന്നാണ് ലേഖനം. കച്ചവടത്തെ എതിര്‍ക്കുന്നതിനോടോ തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നതിനോടോ എതിര്‍പ്പില്ല, എന്നാല്‍ പ്രത്യക്ഷത്തില്‍ കച്ചവടത്തെ എതിര്‍ത്തു എന്ന പ്രതീതി ഉണ്ടാക്കി ആവുന്നിടത്തെല്ലാം നിര്‍ബന്ധിത വാക്സിന്‍റെ വിശ്വാസ്യതയ്ക്ക്‌ ക്ഷതമേല്‍പ്പിക്കാന്‍ ലേഖനം ശ്രമിക്കുന്നുണ്ട് എന്നിടത്താണ് എതിര്‍പ്പ്.

 • ഈ വിഷയത്തില്‍ മാതൃഭൂമി വാരികയുടെ സമീപകാല ചരിത്രം കൂടി വിലയിരുത്താതെ നിര്‍വ്വാഹമില്ല. വാക്സിന്‍ വിരുദ്ധത പരസ്യമായി ഉദ്ഘോഷിച്ച ലേഖന പരമ്പരകള്‍ മാതൃഭൂമി വാരികയില്‍ മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു. ഉദാ: ഏകപക്ഷീയമായ വിമര്‍ശനങ്ങളോട് കൂടിയ “ആരോഗ്യ ഉട്ടോപ്യയിലെ വാക്സിന്‍ വ്യാപാരം” പോലുള്ളവ. ഇവ വാക്സിന്‍ വിരുദ്ധരുടെ ഫലപ്രദപ്രചാരണ ഉപാധികളായി ഇന്നും തുടരുന്നു.
 • യൂണിവേഴ്സൽ ഇമ്യൂണൈസേഷനെതിരെയുള്ള ആരോപണങ്ങൾ – സ്വകാര്യ ഡോക്റ്റർമാരെക്കുറിച്ചാണ് ലേഖനമെന്ന് പറയുന്നുണ്ടെങ്കിൽ പോലും ഗവണ്മെന്റ് പ്രോഗ്രാമായ യൂണിവേഴ്സൽ ഇമ്യൂണൈസേഷൻ പ്രോഗ്രാമിനെതിരെയുള്ള (UIP) പരാമർശങ്ങൾ ലേഖനത്തിന്റെ തുടക്കം മുതലേ ഒളിഞ്ഞും തെളിഞ്ഞുമുണ്ട്.
 • “പൊതു ആരോഗ്യ ഏജന്‍സികള്‍ നടത്തുന്ന പ്രതിരോധ കുത്തിവെപ്പ് പരിപാടി കുറെ ഒക്കെ നിയന്ത്രിത മണ്ഡലം ആണെങ്കിലും അതും വാക്സിന്‍ കമ്പനികളുടെ സ്വാധീന വലയത്തിലാണ്, കാരണം ആഗോള താല്പര്യങ്ങള്‍ ഉള്ള കൂട്ടികക്ഷികള്‍ ആണ് വിദൂരസ്ഥമായ സമ്മേളന മുറികളില്‍ നിന്ന് ചരടുകള്‍ വലിക്കുന്നത്. അപ്പോള്‍ സ്വകാര്യ മേഖല എന്ന പോലെ പൊതു മേഖലയും ഇവരുടെ പ്രലോഭനങ്ങളില്‍ വീഴുന്നു” എന്ന വാചകം വായനക്കാരനോട് പറഞ്ഞു വെക്കുന്നത് സ്വകാര്യ മേഖല പോലെ തന്നെ പൊതുമേഖലയില്‍ നല്‍കുന്ന കുത്തിവെപ്പും സംശയിക്കേണ്ട ഒന്നാണ് എന്ന് തന്നെ അല്ലെ?! ഈ ഗൂഡാലോചന സിദ്ധാന്തത്തെ സാധൂകരിക്കുന്ന ഒരു തെളിവും ലേഖനത്തില്‍ നിരത്തിയിട്ടുമില്ല.ആരെഴുതി എന്നതല്ല, നിങ്ങളുടെ പ്രസിദ്ധീകരണത്തില്‍ അച്ചടിച്ച്‌ വന്നു എന്നതിനാല്‍ അതിലെ ഓരോ വാക്കിനും വരിക്കും ഉത്തരവാദി നിങ്ങള്‍ കൂടിയാണ്.
 • വിരോധാഭാസമെന്തെന്നാല്‍ അവശ്യ വാക്സിനുകൾ ലഭിക്കാതെ പ്രതിവർഷം 5ലക്ഷം കുട്ടികൾ മരണമടയുകയും 85 ലക്ഷം കുട്ടികൾ അപകടഭീഷണി നേരിടുകയും ചെയ്യുന്നു എന്ന് അവർ തന്നെ പറയുന്നെന്നതാണ്. പക്ഷെ അത് ലേഖനത്തിന്റെ അനുബന്ധത്തില്‍ ആണെന്ന് മാത്രം.
 1. വാസ്തവവിരുദ്ധതയും അര്‍ദ്ധസത്യങ്ങളും പിശകുകളും നിറയുന്ന വരികളിലൂടെ…

അതീവ ഗൗരവമുള്ള ആരോപണം ഉന്നയിക്കുന്ന ലേഖനത്തിൽ തെറ്റുകൾ അല്പം പോലും ഉണ്ടാവാൻ പാടുള്ളതല്ല.ഒരു പക്ഷേ അശ്രദ്ധയോ,”പഞ്ച് ” കിട്ടാൻ വേണ്ടി ചിലത് വളച്ചൊടിച്ചതോ ഒക്കെ മൂലം ഈ ലേഖനത്തിനു ഒരു “പുകമറ സൃഷ്ടിക്കല്‍” തലം കൂടി കൈവന്നു.

“ഇന്ത്യയിൽ കാണപ്പെടാത്ത രോഗങ്ങൾക്കുള്ള വാക്‌സിനുകൾ പോലും ഇവിടെ ധാരാളം വിറ്റഴിയപ്പെടുന്നു”!

യെല്ലോ ഫീവര്‍ വാക്സിനേഷനെ കുറിച്ചാണ് ആരോപണം. മഞ്ഞപ്പനി വാക്സിന്‍ പ്രതിമാസം 2000 ഡോസ് വിറ്റഴിക്കപ്പെടുന്നെന്ന് ലേഖനത്തില്‍ ഹൈലൈറ്റ് ചെയ്യുന്നു. കേള്‍ക്കുന്ന ആര്‍ക്കും തോന്നുക ഇല്ലാത്ത രോഗത്തിന് പോലും കാശിനോട് ദുര മൂത്ത് ഡോക്ടര്‍മാര്‍ വാക്സിന്‍ എടുപ്പിക്കുന്നു എന്നാവും. എന്താണ് വസ്തുത?

 • യെല്ലോ ഫീവർ ഉള്ള ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്ക് പോകുന്നവർ ഈ വാക്സിന്‍ എടുക്കണം എന്നത് കേന്ദ്ര നിയമം മൂലം നിര്‍ബന്ധിതമാണ്. ഇത്തരമൊരു സാഹചര്യമൊഴികെ മാറ്റാര്‍ക്കും ഡോക്ടര്‍മാര്‍ ഈ വാക്സിന്‍ എടുപ്പിക്കുന്നത് കേട്ടുകേഴ്വി പോലുമില്ല. ഇവ എടുക്കാന്‍ ആവട്ടെ സര്‍ക്കാര്‍ അംഗീകൃതമായ 17 കേന്ദ്രങ്ങള്‍ മാത്രമാണ് ഇന്ത്യയിലുള്ളത് (കേരളത്തില്‍ 2 കൊച്ചിൻ പോർട്ട് & എയർപോർട്ട് ഹെൽത്ത് അതോറിറ്റികളില്‍).
 • വാക്സിന്‍ എടുക്കേണ്ടത് നിര്‍ബന്ധിതമാക്കാന്‍ കാരണം അങ്ങോട്ട് പോകുന്നവർക്ക് യെല്ലോ ഫീവർ കിട്ടാതിരിക്കാൻ മാത്രമല്ല, ഇന്ത്യയില്‍ ഇല്ലാത്ത ഈ രോഗം ഇങ്ങോട്ട് എത്തപ്പെടാതിരിക്കാന്‍ കൂടിയാണ്. യെല്ലോ ഫീവര്‍ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുക് ഇന്ത്യയിലുണ്ട്, അനുകൂല സാഹചര്യമുണ്ട്, രോഗാണു ഇവിടെ എത്തിപ്പെട്ടാല്‍ ഈയൊരു രോഗം ഇവിടെ പടര്‍ന്നു പിടിക്കാം.
 • ലേഖനം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് പോലെ സ്വകാര്യ ലോബി ഇടപെടുന ഒരു സാഹചര്യം ഇതില്‍ ഇല്ലയെന്നത്‌ സമാന്യയുക്തിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
 1. അതിശയോക്തികള്‍

വാക്സിനെടുക്കാൻ 12 വയസ് വരെ മാസത്തിൽ ഒരു തവണ എങ്കിലും ഡോക്ടറെ സന്ദർശിക്കേണ്ടതായി വരുന്നു അത്രേ! അപ്പോള്‍ മൊത്തം 144 തവണ കുത്തിവെപ്പ് എടുക്കേണ്ടി വരുമെന്നോ?! അതിശയോക്‌തിക്കും ഒരു പരിധിയില്ലേ? ദേശീയ പ്രതിരോധമരുന്ന്‌ പട്ടികയോ ഐ.എ.പി പട്ടികയോ പരിശോധിച്ചാൽ ഈ വാദം എത്ര കഴമ്പില്ലാത്തതാണെന്ന്‌ മനസ്സിലാക്കാം.

 1. വിവർത്തന അപാകതകളും ആശയക്കുഴപ്പങ്ങളും –

ലേഖനത്തില്‍ കടന്നു കൂടിയ അക്ഷരപ്പിശകുകള്‍ അവഗണിക്കാം എന്നാല്‍ ചില രോഗങ്ങൾ വിവർത്തനം ചെയ്തതിലെ അപാകതകള്‍ തികഞ്ഞ തെറ്റിധാരണ പടര്‍ത്തുന്ന വിധമാണ്. മതൃഭൂമി പോലൊരു വിശ്രുത വാരികയിലെ ശാസ്ത്രലേഖനം തയ്യാറാക്കുന്നതിലെ ജാഗ്രതക്കുറവു നിരാശാജനകമാണ്.

ഉദാഹരണം: (a) മീസിൽസ് = വസൂരി – അഞ്ചാം പനിയാണ് മീസിൽസ്. സ്മോള്‍ പോക്സ് അഥവാ വസൂരി വാക്സിനേഷൻ മൂലം ലോകത്തുനിന്നേ തുടച്ചുനീക്കപ്പെട്ട രോഗമാണ്.1977 നു ശേഷം വസൂരിക്ക് വാക്സിന്‍ കൊടുക്കേണ്ടി വന്നിട്ടില്ല.

(b) പോളിയോ = തളർവാതം – പിള്ളവാതമെന്നാണ് മലയാളം.

 1. തെറ്റിദ്ധാരണ സൃഷ്ടിക്കൽ / ഗൂഡാലോചന സിദ്ധാന്തങ്ങള്‍ പ്രച്ചരിപ്പിക്കല്‍
 • “ആവശ്യമല്ലാത്ത, എന്നാൽ സ്വകാര്യ ചികിൽസകർ പ്രേരിപ്പിച്ച് നൽകുന്ന 15 വാക്സിനുകൾ ” എന്ന തലക്കെട്ടിൽ ” പ്രത്യേക സാഹചര്യത്തിൽ നൽകുന്നത് ” എന്ന സബ് ഹെഡിങ്ങിൽ അവയിൽ ആദ്യത്തെ പേരു പറയുന്നത് “റാബീസ് ” എന്നാണ്. റാബീസ്‌ വാക്‌സിൻ സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ലഭ്യമാണ്‌. പട്ടിയോ അല്ലെങ്കിൽ പേവിഷബാധയേൽക്കാനിടയുള്ള മറ്റെന്തെങ്കിലുമോ കടിക്കുന്നു/അവയുമായി അടുത്തിടപഴകുന്നു എന്ന അവശ്യ സാഹചര്യമല്ലാതെ ഏതെങ്കിലും “പ്രത്യേക” സാഹചര്യത്തില്‍ സാമ്പത്തിക താല്‍പര്യാര്‍ത്ഥം ഈ വാക്സിന്‍ കുത്തിവെക്കാന്‍ ഒരു ഡോക്ടറും നിർബന്ധിച്ചതായി അറിവില്ല. ഈ വാക്സിന്‍ ആവശ്യമായി വരുമ്പോള്‍ എടുക്കാന്‍ വൈകിയാൽ എന്തു സംഭവിക്കുമെന്നത് പൊതുവില്‍ ഏവര്‍ക്കും അറിവുള്ളതും ആണല്ലോ.
 • ഡ്യൂപ്ലിക്കേഷൻ വാക്‌സിനുകൾ – ഈ വാക്കിന് മെഡിക്കൽ സയൻസിന് വല്ല വിശദീകരണവും ഉണ്ടോ എന്ന അന്വേഷണത്തിലാണ്. ഇനി ബൂസ്‌റ്റർ ഡോസാണോ ഉദ്ദേശ്യം? അതോ ഒരേ രോഗങ്ങളെ പ്രതിരോധിക്കുന്ന പല വാക്‌സിൻ എന്നാണോ ഉദ്ദേശ്യം? അങ്ങനെയെങ്കിൽ, ഇവയോരോന്നും വ്യത്യസ്തമാണ്.

ലേഖനത്തിലെ ഉദാഹരണം എടുത്താൽ DPT എടുക്കുന്നത് ഡിഫ്തീരിയ, വില്ലൻ ചുമ, ടെറ്റനസ് എന്നീ രോഗങ്ങൾക്ക് അഞ്ച് വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കും Td എടുക്കുന്നത് മുതിർന്നവർക്ക് ഡിഫ്തീരിയ / ടെറ്റനസ് വാക്സിനേഷനായുമാണ്. അവർക്ക് വില്ലൻ ചുമയുടെ (പെർട്ടൂസിസ് – പി) ഡോസ് ആവശ്യമില്ല. ഇതിൽ ഏത്‌ ആർക്കെഴുതണമെന്നുള്ള വിവരം ഡോക്‌ടർക്കുണ്ട്‌.

മാദ്ധ്യമധർമം ഉയർത്തിപ്പിടിക്കുന്നതുകൊണ്ടാണ് ലേഖനം പ്രസിദ്ധീകരിക്കുന്നതെന്ന് വിവർത്തകൻ അവകാശപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ ഒരുകൂട്ടം ചോദ്യങ്ങളുണ്ട്..

 • അന്താരാഷ്ട്ര ഗൂഢാലോചന, ബഹുരാഷ്‌ട്ര കുത്തക, വാക്‌സിൻ നിലവാരത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തല്‍, പൊതുജനത്തെ ഉദ്‌ബോധിപ്പിക്കൽ തുടങ്ങിയവയുമായി ലേഖനം പുരോഗമിക്കുന്നു. നിര്‍ബന്ധിതമല്ലാത്ത (ഓപ്ഷണല്‍) വാക്സിനുകളെക്കുറിച്ച് ആണ് എന്നിരിക്കേ, ഇത്തരം വാക്സിനുകളുടെ ലഭ്യതയെക്കുറിച്ചോ അത് കൊണ്ടുള്ള അധിക ഗുണങ്ങളെക്കുറിച്ചോ ഇനിയൊരു ഡോക്ടര്‍ രോഗിയോട് സജസ്റ്റ് ചെയ്‌താല്‍ ഈ ലേഖനം വായിച്ച ഒരാളുടെ മനസ്സിലേക്ക് വരുക മെഡിക്കൽ മാഫിയയും കച്ചവടവും ഒക്കെ ആയിരക്കും. ഉദാ:ഹെപ്പട്ടൈറ്റിസ്-ബി പോലെ മരണവും ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാവുന്ന രോഗത്തിന് എതിരെയുള്ള വാക്സിനൊക്കെ അനേകര്‍ക്ക്‌ പ്രയോജനപ്രദമാണ്.
 • ചില രോഗങ്ങളെ എളുപ്പം ചികിൽസിച്ച് ഭേദമാക്കാവുന്നതെന്ന് വേര്‍തിരിച്ചിട്ടുണ്ട്!! എന്തടിസ്ഥാനത്തിലാണ് അത്തരമൊരു തരം തിരിക്കൽ? അത്തരമൊന്നു ശാസ്ത്രീയമാണ് എന്നും കരുതുന്നില്ല. ഏതൊക്കെ രോഗത്തിനെന്തൊക്കെ സങ്കീര്‍ണത ഉണ്ടാകുമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് പോലും പലപ്പോഴും മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കാറില്ല. ഉദാ:ചിക്കെന്‍ പോക്സ് & റുബെല്ല പോലൊരു രോഗം ഗര്‍ഭാവസ്ഥയില്‍ ഉണ്ടായാല്‍ ഗര്‍ഭസ്ഥശിശുവിനെ മോശമായി ബാധിക്കാനിടയുണ്ട്, ഇത് കണക്കിലെടുത്ത് പ്രെഗ്നന്സി പ്ലാന്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ഈ വാക്സിന്‍ നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍മാരൊക്കെ ഇനി കച്ചവട താല്‍പ്പര്യക്കാര്‍ ആയി ചിത്രീകരിക്കുന്നത് ആശാസ്യമാണോ?
 • സര്‍ക്കാര്‍ മേഖലയിലെ വാക്‌സിനുനെഷനെക്കുറിച്ച് “പരിമിത വിഭവങ്ങളെ അമിതമായി വലിച്ചു നീട്ടുന്നതും രാജ്യത്തെ നവജാതശിശുക്കളെ മുഴുവനായി ഉൾക്കൊള്ളാതിരിക്കുന്നതും മാത്രമല്ല ഈ പരിപാടിക്കെതിരെയുള്ള വിമർശനം” എന്നൊരു വാചകമുണ്ട്‌. വാക്‌സിനേഷനിൽ നിന്നും ചിലര്‍ അകന്ന്‌ നിൽക്കുന്നതിൽ ആരോഗ്യപ്രവര്‍ത്തകര്‍ ആണോ കുറ്റക്കാര്‍? തെറ്റിദ്ധാരണകള്‍ പരത്തുന്ന മാധ്യമങ്ങളുടെ പങ്ക്‌ വിസ്‌മരിക്കാമാകുമോ ?
 • എന്ത് കാരണം കൊണ്ടെന്ന്‌ വ്യക്തമാക്കിയില്ലെങ്കിലും IMF, WHO, GAVI തുടങ്ങി സർവ്വരും ഗൂഢാലോചനക്കാരാണെന്ന പ്രസ്‌താവന പതിവ്‌ പോലെയുണ്ട്. സാര്‍വത്രിക വാക്‌സിൻ ഷെഡ്യൂളിൽ ഏതൊക്കെയോ അനാവശ്യമെന്ന്‌ പ്രസ്താവിക്കുന്നുണ്ട്. പക്ഷെ ഏതാണെന്ന്‌ ഇത്‌ ലേഖനത്തില്‍ വ്യക്തമല്ല. സർക്കാർ കൊടുക്കുന്ന വാക്‌സിനുകളിൽ ഏതിനൊക്കെയോ കുഴപ്പമുണ്ടെന്ന അവ്യക്‌തത സൃഷ്‌ടിക്കാൻ ലേഖനം ഉതകും എന്ന് മാത്രം വ്യക്തം.
 • “ഒരു രോഗം മറ്റേതെങ്കിലും രാജ്യത്ത്‌ വ്യാപകമാണെങ്കിൽ ഇന്ത്യയും ആ രോഗത്താൽ കഷ്‌ടപ്പെട്ടേക്കാമെന്ന്‌ വെറുതേയങ്ങ്‌ സങ്കൽപ്പിക്കുകയാണ്‌” എന്ന വാചകം ഉദാഹരിക്കുന്നത്‌ പെന്റാവാലന്റ്‌ വാക്‌സിൻ ഉപയോഗിച്ചാണ്‌. ഈ വാക്സിന്‍ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന എല്ലാ രോഗങ്ങളും(ഡിഫ്‌തീരിയ, പെർട്ടുസിസ്‌ , ടെറ്റനസ്‌ ഹീമോഫിലസ്‌ ഇൻഫ്ലുവൻസ& ഹെപറ്ററ്റിസ്‌ ബി) നമ്മുടെ നാട്ടില്‍ ഉണ്ടെന്നതിനു വ്യക്തമായ തെളിവും രേഖകളും ഉണ്ട്.പിന്നെ എന്ത് അടിസ്ഥാനത്തില്‍ ആണ് ഇങ്ങനെ വിധിയെഴുതിയത് എന്നറിയില്ല! പെന്റാവാലന്റിനും പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതിക്കും എതിരെ മെഡിക്കല്‍ പരിജ്ഞാനം ആധികാരികമായി ഇല്ലാത്ത ജീവന്‍ ജോബിനെ കൊണ്ട് കുറെ ആന്റി വാക്സിന്‍ പ്രചാരണങ്ങള്‍ തര്‍ജ്ജിമ ചെയ്തു അച്ചു നിരത്തിയ മാതൃഭൂമി പൊതു ജനത്തോടു ചെയ്ത ദ്രോഹം ഇനി എങ്കിലും തിരിച്ചു അറിഞ്ഞു അംഗീകരിച്ചാല്‍ കൊള്ളാം. ഈ ആരോപണങ്ങളില്‍ ഏതെങ്കിലും തെളിയിക്കാൻ ഇത്‌ വരെയും സാധിച്ചോ എന്ന് നിങ്ങള്‍ ആത്മപരിശോധന നടത്തൂ.
 • ഇതേ ആശയക്കുഴപ്പം റുബെല്ല വാക്‌സിന്‌ എതിരെയും നിങ്ങളുൾപ്പെടെയുള്ള മാധ്യമങ്ങൾ ഉണ്ടാക്കി.2017 ഇതുവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മാത്രം 10 congenital rubella syndrome കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. ആ അമ്മമാർക്ക്‌ നല്ല പ്രായത്തിൽ റുബെല്ല വാക്‌സിൻ കിട്ടിയിരുന്നെങ്കിൽ കണ്ണിനും കാതിനും ഹൃദയത്തിനും തകരാറുമായി ആ പത്ത്‌ കുട്ടികൾ ജനിക്കേണ്ടി വരില്ലായിരുന്നു. അകാരണമായ ഭീതിയും അശാസ്‌ത്രീയ പ്രചരണങ്ങളും ചേർന്ന്‌ നമുക്കുണ്ടാക്കിത്തരുന്ന നഷ്‌ടമെത്രയാണ്‌, ഇതാണോ മാദ്ധ്യമ ധര്‍മ്മം?!
 1. ഏകപക്ഷീയമായ അവതരണം

ഏകപക്ഷീയമായി വിമര്‍ശനങ്ങളെ ക്രോഡീകരിച്ച് അവതരിപ്പിക്കുന്ന പ്രതീതിയാണ് ലേഖനത്തില്‍ ഉടനീളം. NTAGI വക്താവിനോട് ചില ലീഡിംഗ് ചോദ്യങ്ങള്‍ അങ്ങോട്ട്‌ ചോദിച്ചുത്തരം കണ്ടെത്തിയത് മാത്രമാണ് അപവാദം.

നിഷ്പക്ഷത പുലര്‍ത്തുന്ന ശാസ്ത്രഗവേഷകരുടെ അഭിപ്രായമോ വിഷയത്തില്‍ വൈദഗ്ധ്യം ഉള്ളവരുടെ അഭിപ്രായമോ ആരോപണ വിധേയരായ ഐ.എ.പി യുടെ വിശദീകരണമോ ലേഖനത്തില്‍ കാണുന്നില്ല. വിമര്‍ശനങ്ങള്‍ക്കും മറുപടികള്‍ക്കും തുല്യ പ്രാധാന്യം അല്ലേ നല്‍കേണ്ടിയിരുന്നത്?!

ലേഖകർ
Dr.Shimna Azeez. General practitioner. Graduate in BA.Communicative English from CMS College, Kottayam. Completed MBBS from KMCT Medical College, Mukkom, Kozhikode. Currently works as Tutor in Community Medicine at Government Medical College, Manjeri. Her first book 'Pirannavarkum Parannavarkumidayil' was recently published by DC books.
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
ആരോഗ്യ അവബോധം

79 ലേഖനങ്ങൾ

പൊതുജനാരോഗ്യം

48 ലേഖനങ്ങൾ

കിംവദന്തികൾ

40 ലേഖനങ്ങൾ

Hoax

39 ലേഖനങ്ങൾ

ശിശുപരിപാലനം

34 ലേഖനങ്ങൾ

Infectious Diseases

33 ലേഖനങ്ങൾ

Medicine

32 ലേഖനങ്ങൾ

Pediatrics

31 ലേഖനങ്ങൾ

Preventive Medicine

25 ലേഖനങ്ങൾ