“നിങ്ങളുടെ കുഞ്ഞ് വില്പനച്ചരക്കാകുന്നു” എന്ന മാതൃഭൂമി ലേഖനം വിലയിരുത്തപ്പെടുന്നു (ഭാഗം 2)
ഏപ്രില്‍ 30, 2017 ലക്കം മാതൃഭൂമി ആഴ്ചപതിപ്പ് കവര്‍ സ്റ്റോറിയാണ് ‘നിങ്ങളുടെ കുഞ്ഞ് വില്പനച്ചരക്കാകുന്നു’. സാരമായ തെറ്റിദ്ധാരണകൾക്ക് കാരണമായേക്കാവുന്ന ഈ ലേഖനത്തെക്കുറിച്ച് ഇൻഫോക്ലിനിക്ക് കാഴ്‌ചപ്പാടിന്റെ രണ്ടാം ഭാഗമാണിത്.
ഈ ലേഖനത്തെക്കുറിച്ചുള്ള ആദ്യഭാഗം ഈ പോസ്‌റ്റിന് തൊട്ടു മുൻപായി വായിക്കാവുന്നതാണ്.
https://m.facebook.com/story.php?story_fbid=1264561580328350&substory_index=0&id=1056731331111377
ലേഖനത്തില്‍ മാതൃഭൂമി പ്രതിപാദിച്ചിരിക്കുന്ന വിഷയത്തിന്റെ വിവിധ മാനങ്ങൾ ഇൻഫോക്ലിനിക്ക് വിശകലനം ചെയ്യുകയാണ് ഈ രണ്ടാം ഭാഗത്തിലൂടെ…
ലേഖനത്തിലൂടെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍
- “സ്വകാര്യ വാക്സിന്‍ നിര്‍മ്മാണ കമ്പനികളും സ്വകാര്യ ഡോക്ടര്‍മാരും തമ്മിലുള്ള അവിശുദ്ധ ബാന്ധവം”
വാക്സിൻ നിർമ്മാണ കമ്പിനികളിൽ നിന്നും ഡോക്ടർമാരുടെ സംഘടനകളും ഡോക്ടർമാരും പണം വാങ്ങുന്നതിനെ കുറിച്ചുള്ള ആരോപണങ്ങളാണ് ലേഖനത്തിന്റെ കാതല്‍ ഭാഗം. അത് അഭിസംബോധന ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്.
- നൈതികതയിലൂന്നിയ വൈദ്യവൃത്തി ഉറപ്പാക്കാനായി നിയന്ത്രണങ്ങളും മാർഗ്ഗരേഖകളും തയ്യാറാക്കുന്നതും, അവ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതും, വീഴ്ച വന്നാൽ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും ഇന്ത്യൻ മെഡിക്കൽ കൗൺസിന്റെ കടമയാണ്.
- ഓരോ വർഷങ്ങൾ കഴിയുംതോറും ഇതിനായുള്ള മാര്‍ഗനിര്‍ദ്ദേശകരേഖകള്‍ കൂടുതൽ കൂടുതൽ കുറ്റമറ്റതും ദൃഢവുമാക്കിക്കൊണ്ടിരിക്കുകയുമാണ്.
- 14.12.2009-ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മാർഗ്ഗനിർദേശങ്ങളിൽ ഫാർമ കമ്പനികളിൽ നിന്നും പാരിതോഷികം സ്വീകരിക്കുന്നതിനെ കുറിച്ചുള്ള മാനദണ്ഡനങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. റെഗുലേഷനിലെ നിബന്ധന 6.8-ൽ ഇത് വിശദമാക്കിയിട്ടുണ്ട്.
ഡോക്ടർമാർ, മരുന്ന് നിർമാണ കമ്പിനികളിൽ നിന്നോ അനുബന്ധ ആരോഗ്യ സേവനദാതാക്കളിൽ നിന്നോ അവരുടെ പ്രതിനിധികളിൽ നിന്നോ a) എന്തെകിലും പാരിതോഷികമോ, b) ഇന്ത്യക്കകത്തോ പുറത്തോ നടക്കുന്ന തുടർ വിദ്യാഭ്യാസ പരിപാടികൾക്കും സെമിനാറുകൾക്കും ഉള്ള യാത്രാ ചെലവോ, c) താമസ സൗകര്യങ്ങളോ, d) മറ്റെന്തെങ്കിലും വ്യക്തിപരമായ ആവശ്യങ്ങൾക്കായുള്ള പണമോ, e) അംഗീകാരമുള്ള സ്ഥാപനങ്ങളുടെ അനുവാദമില്ലാതെ റിസർച്ചിനോ പഠനങ്ങൾക്കോ വേണ്ടി പോലും ധനസഹായം; ഇതൊന്നും സ്വീകരിക്കാൻ പാടില്ല.
- 01-02-2016-ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദേശങ്ങളിൽ നിബന്ധന 6.8.1-ൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷാ നടപടികളും വിശദീകരിച്ചിട്ടുണ്ട്.
1000 – 5000 രൂപ മതിക്കുന്ന പാരിതോഷികമോ, പണമോ, യാത്രക്കോ മറ്റോ ഉള്ള സഹായമോ വാങ്ങിയാൽ മെഡിക്കൽ കൗൺസിൽ അവർക്ക് താക്കീത് നൽകണം.
5,000 – 10,000 മതിക്കുന്ന സൗജന്യമാണെങ്കിൽ മൂന്ന് മാസത്തേക്ക് ഇന്ത്യൻ മെഡിക്കൽ രജിസ്റ്ററിൽ നിന്നോ സ്റ്റേറ്റ് മെഡിക്കൽ രജിസ്റ്ററിൽ നിന്നോ മാറ്റിനിർത്തണം.
10,000 – 50000 ആണെങ്കിൽ ആറ് മാസത്തേക്ക് ഇന്ത്യൻ മെഡിക്കൽ രജിസ്റ്ററിൽ നിന്നോ സ്റ്റേറ്റ് മെഡിക്കൽ രജിസ്റ്ററിൽ നിന്നോ മാറ്റിനിർത്തണം.
50000 – 1 ലക്ഷം ആണെങ്കിൽ ഒരു വർഷത്തേക്ക് ഇന്ത്യൻ മെഡിക്കൽ രജിസ്റ്ററിൽ നിന്നോ സ്റ്റേറ്റ് മെഡിക്കൽ രജിസ്റ്ററിൽ നിന്നോ മാറ്റിനിർത്തണം.
മാറ്റിനിർത്തപ്പെടുന്ന കാലയളവിൽ അവർക്ക് ഭിഷഗ്വരവൃത്തി (ഡോക്ടർ എന്ന ജോലി) ചെയ്യാനാവില്ല.
നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി റിസേർച്ചിനായി പണമോ പാരിതോഷികങ്ങളോ വാങ്ങിയാൽ ആദ്യം ശാസനയും അതിനു ശേഷം കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ചുള്ള ശിക്ഷയും നൽകണം.
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോളും ഇതൊക്കെ തെറ്റിക്കുന്നുവെങ്കിൽ അങ്ങനെയുള്ളവർക്കെതിരെ നടപടികൾ സ്വീകരിക്കണം.
ഉന്നത നൈതിക നിലവാരം പുലർത്തേണ്ട ജോലികളിലൊന്നാണ് ഭിഷഗ്വരവൃത്തി. നൈതിക നിലവാരം കുറയുമ്പോൾ ചികിത്സയിലടക്കമുള്ള വിശ്വാസ്യത നഷ്ടമാവുകയും വാക്സിൻ വിരുദ്ധത പോലുള്ള അബദ്ധധാരണകൾക്ക് സമൂഹം തലവെച്ചുകൊടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്യാം. അതിനെ ബോധപൂർവ്വം പ്രതിരോധിക്കേണ്ടത് ഡോക്ടർമാർ തന്നെയാണ്. ഉന്നത നൈതിക നിലവാരം പുലർത്തുന്ന വൈദ്യവൃത്തി തന്നെയാണാ പ്രതിരോധം.
ഡോക്ടർമാർ മാത്രമല്ല, ഡോക്ടർമാരുടെ സംഘടനകൾക്കും ധാർമ്മികമായ ഉത്തരവാദിത്തമുണ്ടിതിൽ. സംഘടനകളുടെ ഭാഗത്തിനിന്നും ഇത്തരം സൗജന്യങ്ങൾ സ്വീകരിക്കുന്ന പ്രവണതകൾ ഉണ്ടായാൽ, അതും നിയന്ത്രിക്കപ്പെടേണ്ടത് തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ചട്ടങ്ങളില്‍ 2016 ഫെബ്രുവരി വരുത്തിയ ഭേദഗതി പ്രകാരം ഈ പെരുമാറ്റ ചട്ടങ്ങളുടെ പരിധിയില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘടനകളെ ഒഴിവാക്കുകയുണ്ടായി. അതുപാടില്ല എന്ന് മെഡിക്കൽ കൗൺസിൽ സംബന്ധമായ നയങ്ങൾ രൂപീകരിക്കാനാണ് സൃഷ്ടിക്കപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി വ്യക്തമാക്കിയിട്ടുള്ളതാണ്.
നിലവില്‍ ആധുനിക വൈദ്യശാസ്ത്രവും അതിന്റെ പ്രയോക്താക്കളും ഏറ്റവും അധികം പഴി കേള്‍ക്കേണ്ടി വരുന്നതിനു കാരണമാവുന്നത് അതുമായി ബന്ധപ്പെട്ടു വരുന്ന കച്ചവടം താല്‍പ്പര്യങ്ങള്‍ ആണ്. വിപണന മൂല്യവും മെച്ചവുമുള്ള എന്തിനെയും കച്ചവടം ചെയ്യാന്‍ ആളുകള്‍ തുനിയും എന്നത് ലോകക്രമമാണ്. പച്ചവെള്ളം വരെ കുപ്പിയില്‍ അടച്ചു വിപണനം ചെയ്യുന്നുണ്ട്; എന്നുവെച്ച് അതൊക്കെ മോശം ആവുമോ? ഇതിന്റെ പേരില്‍ ശാസ്ത്രത്തില്‍/വാക്സിനില്‍ ഒക്കെ ചിലര്‍ കുറ്റം കണ്ടെത്തുന്നതും നിരാകരിക്കുന്നതും ശാസ്ത്ര വിരുദ്ധത പടര്‍ത്തുന്നതും മൌഡ്യമാണ്.
- ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് എന്ന ശിശുരോഗ വിദഗ്ദ്ധരുടെ സംഘടനയ്ക്ക് എതിരെ രൂക്ഷമായ വിമര്‍ശനമാണ് ലേഖനം ഉന്നയിക്കുന്നത്.
ഈ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് ആ സംഘടനയുടെ വക്താക്കള്‍ തന്നെയാണ്. അവര്‍ക്ക് അതിനുള്ള ബാധ്യതയുണ്ട്. അതവര്‍ നിറവേറ്റും എന്ന് കരുതുന്നു. അടുത്ത ലക്കത്തില്‍ എങ്കിലും മാതൃഭൂമി അത് പൊതു സമക്ഷം അവതരിപ്പിക്കും എന്നും.
ആരോപണങ്ങളെക്കുറിച്ച് പൊതുവായി വിലയിരുത്തിയാല്‍ ,
ഇതൊരു രാഷ്ട്രീയ സാമൂഹിക (Socio-political) വിഷയമാണ്. എന്ത് കൊണ്ട്?
- കമ്പോള താല്പര്യങ്ങള്‍ സാമ്പത്തിക വശങ്ങള്‍ അഴിമതി എന്നിവയൊക്കെ സാമൂഹികമായും രാഷ്ട്രീയമായും കൈകാര്യം ചെയ്യേണ്ടത് അധികാരികളും സര്‍ക്കാരുകളും ആണ്.
ഉദാ: ന്യൂമോകോക്കല്‍ വാക്സിന്റെ ഇറക്കുമതി തുക 1200 ആയിരിക്കേ രോഗിക്ക് കിട്ടുന്നത് 3800 രൂപയ്ക്ക് ആണെന്നും, കൂടുതലായി ചുമത്തുന്ന തുകയ്ക്ക് വിതരണക്കാരനും ഡോക്ടര്‍ക്കും നല്‍കുന്ന “മാര്‍ക്ക് അപ്പ്‌സാണ്” എന്നുമാണ് ആരോപണം.
ഇത്തരം സാമ്പത്തിക വ്യവസ്ഥകള്‍ ഒക്കെ വ്യക്തിഗതമായി ഒരു സ്വകാര്യ ഡോക്ടറും നിയന്ത്രിക്കുന്നതായി അറിവില്ല. മരുന്നുകളുടെ കാര്യത്തില്‍ മാത്രമല്ല മറ്റു അവശ്യ വസ്തുക്കളുടെ കാര്യത്തിലും സമാന സാമ്പത്തിക വ്യവസ്ഥകള്‍ നില നില്‍ക്കുന്നുണ്ട് എന്നതല്ലേ സത്യം! സാധാരണ കര്‍ഷകന്‍ 5-10 രൂപയ്ക്ക് വില്‍ക്കേണ്ടി വരുന്ന പച്ചക്കറികള്‍ ഉപഭോക്താവ് 50-100 രൂപ കൊടുത്തല്ലേ വാങ്ങേണ്ടി വരുന്നത്?
ഇത്തരുണത്തില്‍ വാക്സിന്‍ പോലുള്ളവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു ഇവയുടെ വില നിയന്ത്രണം സാധ്യമാക്കുകയും, ഇതിലെ കച്ചവട പ്രവണതകള്‍ക്ക് തടയിടുകയും ചെയ്യേണ്ടത് സര്‍ക്കാരുകള്‍ അല്ലേ?
- വ്യക്തിഗത നൈതികത
വ്യക്തിഗത നൈതികതയില്‍ നിന്നും മാത്രം ഉടലെടുത്ത പ്രശ്നവും അല്ല ഇത്.
സര്‍ക്കാര്‍ മേഖലയില്‍ വിജയകരമായി ഗുണനിലവാരമുള്ള, വാക്സിന്‍ ഉല്‍പ്പാദിപ്പിച്ചു ന്യായ വിലയില്‍ വിപണനം ചെയ്തിരുന്ന നാടാണ് നമ്മുടേത്.
1900 ന്റെ ആദ്യ ദശകം ഈ നാട്ടിൽ പ്ളേഗ് വാക്സിനും കോളറ വാക്സിനും ഉണ്ടാക്കി കയറ്റി അയച്ചിരുന്നു. അതിനു ശേഷം ബി സി ജിയും, പോളിയെയും ട്രിപ്പിൾ വാക്സിനും പൊതു മേഖല സ്ഥാപനങ്ങളിൽ നിന്നുമാണ് ഉണ്ടാക്കിയത്. നൂറു കൊല്ലത്തിനു മേൽ അനുഭവ പാരമ്പര്യം ഉണ്ടായിരുന്ന ഈ മികച്ച കേന്ദ്രങ്ങള്‍ അടുത്തകാലത്ത് ഇല്ലാതാക്കിയത് ഇവിടത്തെ ഡോക്ടര്‍മാരോ അവരുടെ സംഘടനകളോ അല്ല, ഭരണ നേതൃത്വമാണ്. സ്വകാര്യ മേഖലക്ക് അനുഗുണമായതും ഈ നീക്കമാണ് എന്നാല്‍ അത്തരുണത്തില്‍ മാധ്യമങ്ങള്‍ ഈ വിഷയങ്ങള്‍ വേണ്ട രീതിയില്‍ ഉയര്‍ത്തിക്കാട്ടുകയോ പൊതു സമൂഹത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടാവുകയോ ചെയ്തില്ല എന്നത് നിരാശാജനകമായിരുന്നു.
ഇന്‍ഫോ ക്ലിനിക്കിന്റെ നിലപാട്.
- ലേഖനത്തെ സൂക്ഷ്മമായി വിശകലനം ചെയ്തതിനു പിന്നില്‍ ആരെയും ചോദ്യം ചെയ്യരുതെന്നോ കമ്പനികളെയോ സംഘടനകളെയോ നിയന്ത്രിക്കരുതെന്നോ ഉള്ള ചിന്തയല്ല. സംഘടനകൾക്കും വ്യക്തികൾക്കും സ്ഥാപിത താല്പര്യമോ, കച്ചവടലക്ഷ്യങ്ങളോ ഉണ്ടങ്കിൽ അത് സമൂഹമദ്ധ്യത്തിൽ തുറന്ന് കാണിക്കുക തന്നെ വേണം എന്നാല്‍ അത്തരമൊരു ലേഖനം കൃത്യമായ വിവരങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാകണം. വീണ്ടും ആശയക്കുഴപ്പമോ ഭീതിയോ സൃഷ്ടിക്കുന്ന രീതിയില്‍ നിറം പിടിപ്പിച്ചതോ വക്രീകരിച്ചതോ ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് വളം വെച്ച് കൊടുക്കന്നതോ ആവരുത് എന്ന് താല്‍പ്പര്യപ്പെടുന്നു.
- വിഷയത്തിൽ അന്വേഷണം നടത്തുവാനും നൈതിക വിരുദ്ധ നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ ശിക്ഷാ നടപടികൾ സ്വീകരിക്കുവാനും അധികാരികള്‍ തയ്യാറാവണമെന്നു അഭ്യര്‍ത്ഥിക്കുന്നു.
- പാരിതോഷികം സംബന്ധമായ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിബന്ധനകളിൽ ഡോക്ടർമാരുടെ സംഘടനകളെ വീണ്ടും ഉൾപ്പെടുത്തുകയും അസ്സോസിയേഷനുകൾക്ക് ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചചെയ്യണം. തെറ്റായ പ്രവണതകൾ ഉണ്ടായാൽ ആവർത്തിക്കാതിരിക്കാൻ മാത്രം ശക്തമായ നടപടികൾ സ്വീകരിക്കണം.
- കേവല ആരോപണങ്ങള്‍ക്ക് അപ്പുറം അതിനു നിദാനമായ വ്യക്തമായ രേഖകള്‍/ തെളിവുകള്‍ എന്നിവ മാദ്ധ്യമ സമക്ഷം ഉണ്ടെങ്കില്‍ അത് അധികാരികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയോ കുറഞ്ഞ പക്ഷം പൊതുജന സമക്ഷം എങ്കിലും അവതരിപ്പിക്കണം.
- ഐ.എ.പി ക്ക് എതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി ആ സംഘടന നല്‍കും എന്ന് പ്രത്യാശിക്കുന്നു. അഥവാ ആരോപണങ്ങള്‍ വ്യാജം ആണെങ്കില്‍ നിയമപരമായ നടപടികള്‍ ഐ എ പി സ്വീകരിക്കും എന്നും കരുതുന്നു.
- വാക്സിന്‍ വിപണിയിലെ അധാര്‍മ്മിക പ്രവണതകള്‍ തടയത്തക്ക രീതിയില്‍ നിയമ നിര്‍മ്മാണം നടത്തുക/വില നിയന്ത്രണം സാധ്യമാക്കുക.
- അടച്ചു പൂട്ടിയ പൊതു മേഖലാ വാക്സിന്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ മികച്ച രീതിയില്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചു സര്‍ക്കാര്‍ മേഖലയില്‍ ഗുണനിലവാരം ഉള്ള വാക്സിനുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുക. പുതിയ വാക്സിന്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ കൊണ്ട് വരിക.
“അസൗകര്യങ്ങളോ അന്ധവിശ്വാസങ്ങളോ വ്യാജപ്രചാരണങ്ങളോ കൊണ്ട് ചിലർ സ്വന്തം കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധ കുത്തിവെയ്പുകൾ നൽകാതിരിക്കുന്നത് കേരളത്തിന്റെ പൊതുജനാരോഗ്യത്തെയും ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങളെയും വെല്ലുവിളിക്കുന്ന പ്രവണതയാണ്. വിപത്തിലേക്കു വഴിതെളിക്കുന്ന ഈ വൈമനസ്യം ഒഴിവാക്കിയില്ലെങ്കിൽ കേരളം ഒരു നൂറ്റാണ്ടെങ്കിലും പിന്നോട്ടുപോകും.”
എഡിറ്റോറിയല്‍:- മാതൃഭൂമി ദിനപത്രം 20.04.2017