· 7 മിനിറ്റ് വായന

അരുമ മൃഗങ്ങൾ നോവിക്കുമ്പോൾ

Current AffairsInfectious DiseasesMedicineആരോഗ്യ പരിപാലനംപൊതുജനാരോഗ്യം

കാലിൽ മുട്ടിയുരുമ്മുന്ന, പതുപതുത്ത പൂച്ചക്കുഞ്ഞുങ്ങളെ ഇഷ്ടപ്പെടാത്തവർ കുറവാണ്. പട്ടിയും പൂച്ചയും, കുടുംബാംഗങ്ങളോളം തന്നെ പ്രിയപ്പെട്ടവരാവുന്ന വീടുകളും ഒട്ടും കുറവല്ല. കഴിഞ്ഞ ദിവസം, വീട്ടിലെ പൂച്ചയിൽ നിന്ന് പേവിഷബാധയേറ്റ പതിനൊന്നു വയസ്സുകാരന്റെ മരണവാർത്ത ഏറെ സങ്കടത്തോടെയാണ് വായിച്ചത്. പൂച്ച മാന്തിയത് കുട്ടി കാര്യമാക്കിയിരുന്നോ എന്നു സംശയമാണ്. വീട്ടിൽ എപ്പോഴും കൂടെയുള്ള പട്ടിയുടെയോ, പൂച്ചയുടെയോ ചെറിയ മാന്തലുകളൊക്കെ, പലപ്പോഴും നിസ്സാരമായി നാം കാണാറുണ്ട്. വീട്ടുകാരും അങ്ങനെയൊരു സംഭവം അറിഞ്ഞിരുന്നില്ല. പേവിഷബാധയുടെ ലക്ഷണങ്ങൾ അവസാന ഘട്ടത്തിൽ കണ്ട്, ഡോക്ട്ടർമാർ സംശയമുന്നയിച്ചപ്പോഴാണ്, ഏതാനും ദിവസങ്ങൾക്ക് മുൻപ്, വീട്ടിൽ ഒരു പൂച്ച ചത്തത് അവർ ഓർമ്മിച്ചെടുത്തത്. പേയിളകിയ ഏതോ മൃഗത്തിൽ നിന്നും കടിയേറ്റ ആ പൂച്ച, കുട്ടിയെ മാന്തുകയോ കടിക്കുകയോ ചെയ്തിരിക്കാം. കുട്ടിയുടെ ദേഹത്ത് മുൻപ് മുറിവുകൾ ഉണ്ടായിരുന്നുവെങ്കിൽ, പൂച്ച നക്കിയാൽ പോലും, ഉമിനീരിലുള്ള റാബീസ് വൈറസ് മുറിവിലൂടെ ശരീരത്തിൽ പ്രവേശിക്കാം.

വന്യജീവികളുടെയും മനുഷ്യന്റെയും അധീന പ്രദേശങ്ങൾ രണ്ടാണ്. രണ്ടു കൂട്ടരും, ഈ അതിർത്തികൾ കഴിവതും ലംഘിക്കാതെ, ജീവിക്കുവാൻ ശീലിച്ചിട്ട് കാലങ്ങളായിരിക്കുന്നു. വന്യജീവികളിൽ നിന്ന് ഏറെ വ്യത്യസ്‌തമായി, മനുഷ്യനെ ഭയക്കാതെ, അവന്റെ അരുമയായി, പട്ടിയും പൂച്ചയുമൊക്കെ അവന്റെ കൂടെ കൂട്ടിയിട്ട് പതിനായിരത്തിലധികം വർഷങ്ങളായിരിക്കുന്നു.
നമ്മുടെ ഇടങ്ങളും, ഭക്ഷണശീലങ്ങളും അവർ അവരുടേതു കൂടിയാക്കി. വന്യവാസനകൾ പലതും മറന്നു പോലും പോയ ഈ മൃഗങ്ങളെ, ഭയക്കണമെന്നല്ല, ഇത്തരം സംഭവങ്ങളിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്. പക്ഷെ എപ്പോൾ വേണമെങ്കിലും, വന്യതയിൽ നിലനിൽക്കുന്ന രോഗങ്ങൾ, അതിർത്തികൾ ലംഘിച്ച് ,
മനുഷ്യനിലേക്ക് എത്താനുള്ള കണ്ണികളായി ഇവർ പ്രവർത്തിക്കാം എന്ന അവബോധം തീർച്ചയായും ഉണ്ടായിരിക്കണം.

പേവിഷബാധയുണ്ടായാൽ മനുഷ്യനെപ്പോലെ, പട്ടിയ്ക്കും പൂച്ചയ്ക്കും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മരണം നിശ്ചയമാണ്. പരമാവധി പത്ത് ദിവസമൊക്കെയാണ് അവ പേയിളകിയതിന് ശേഷം ജീവിക്കുന്നത്.
കുറുക്കന്മാർ, മറ്റ് വന്യമൃഗങ്ങൾ എന്നിവ പേവിഷബാധയുടെ വാഹകരാവാം. ഇവയുടെ കടിയേറ്റാൽ സസ്തനികളായ വളർത്തുമൃഗങ്ങൾക്ക് വിഷബാധയുണ്ടാവും.

• പട്ടികളാണ് മനുഷ്യർക്ക് റാബീസ് പരത്തുന്നതിൽ ഏറ്റവും മുൻപന്തിയിൽ(90%).

• പൂച്ചകളും മനുഷ്യരിലേക്ക് രോഗം പരത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

• പശു, ആട് തുടങ്ങിയ നാൽക്കാലികളിൽ നിന്നും പേവിഷബാധയേൽക്കാനുള്ള സാധ്യതകളുണ്ട്.പേവിഷബാധയേറ്റ പശുവോ, ആടോ , മറ്റ് സസ്തനികളോ കടിച്ചാലോ, മുറിവിൽ നക്കിയാലോ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം. പലപ്പോഴും പേയിളകി ചത്ത വളർത്തുമൃഗങ്ങളുടെ പാൽ കുടിച്ചു പോയതിനാൽ പരിഭ്രാന്തരായി കൂട്ടത്തോടെ ആളുകൾ പ്രതിരോധകുത്തിവെപ്പിനായി എത്താറുണ്ട്. തിളപ്പിച്ച പാൽ കുടിച്ചവർക്ക് യാതൊന്നും ആശങ്കപ്പെടാനില്ല, ആ ചൂടിൽ വൈറസ് പൂർണ്ണമായും നശിച്ചു പോവും. തിളപ്പിക്കാത്ത പാൽ കുടിച്ച് പേവിഷബാധയേറ്റതായി ഇത് വരെ ലോകത്തെവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും വായിലെയോ മറ്റോ, ചെറിയ മുറിവുകളിലൂടെ പാലിലെ വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിക്കാനുള്ള സാങ്കേതിക സാധ്യത നിലനിൽക്കുന്നുണ്ട്. ഇനി ഇല്ലെങ്കിൽ പോലും, തിളപ്പിക്കാത്ത പാൽ കുടിക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്. പാസ്ചറൈസ് ചെയ്ത പാലിലും റാബീസ് വൈറസ് നശിച്ചു പോവും.

• അണ്ണാൻ, മുയൽ, വീടുകളിൽ കാണുന്ന ചെറിയ എലികൾ എന്നിവ റാബീസ് പടർത്തുന്നതായി കണ്ടെത്തിയിട്ടില്ല. അതു കൊണ്ട്, ഇവ കടിച്ചാൽ പ്രതിരോധകുത്തിവെപ്പുകൾ സാധാരണയായി നൽകാറില്ല.

• വലിയ പെരുച്ചാഴി (bandicoot rats) കടിച്ചാലോ , മാന്തിയാലോ പേവിഷബാധയേൽക്കാതിരിക്കാനുള്ള കുത്തിവെപ്പുകൾ എടുക്കേണ്ടതാണ്.

• ഇന്ത്യയിൽ സാധാരണ കാണാറുള്ള വവ്വാലുകളിൽ ഇത് വരെ റാബീസ് വൈറസ് കണ്ടെത്താനായിട്ടില്ല. എന്നാൽ പല പാശ്ചാത്യ രാജ്യങ്ങളിലും കാണുന്ന, ചിലയിനം വവ്വാലുകൾ അവിടെ രോഗവാഹകരാണ്.

കടിക്കുമ്പോൾ ഉമിനീരിലൂടെ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്ന റാബീസ് വൈറസ്, നാഡികൾ വഴി, തലച്ചോറിൽ എത്തുന്നു. ഇടയ്ക്കിടെ കാൽപാദങ്ങൾ നക്കിത്തുടച്ചു വൃത്തിയാക്കുന്ന ശീലമുള്ള മൃഗങ്ങൾ, മാന്തിയാലും, ഉമിനീരിലുള്ള വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിക്കാം. തുടർന്ന് തലച്ചോറിൽ ഉണ്ടാക്കുന്ന എൻസെഫലൈറ്റിസ് അഥവാ മസ്തിഷ്കവീക്കം പല വിധ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. പലപ്പോഴും തുടക്കം തലവേദനയോട് കൂടിയ ഒരു പനിയിൽ നിന്നാണ് . ചിലർക്ക് കടിയേറ്റ ഭാഗത്ത് തരിപ്പോ, ചൊറിച്ചിലോ അനുഭവപ്പെടാം.എന്നാൽ വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ തന്നെ, പെരുമാറ്റത്തിലുള്ള വ്യത്യാസങ്ങൾ, ഉറക്കമില്ലായ്‌മ, വിഭ്രാന്തി എന്നിവ പ്രകടിപ്പിക്കുന്നു. വെള്ളം ഇറക്കാനുള്ള ബുദ്ധിമുട്ട് പലപ്പോഴും വെള്ളം കാണുമ്പോഴുള്ള പേടി (hydrophobia) ആയാണ് രോഗി പ്രകടിപ്പിക്കുക. അന്ത്യം പലപ്പോഴും ദാരുണമാണ്. ചെറിയ വെളിച്ചമോ, ഇളം കാറ്റോ പോലും കടുത്ത ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന, ഇടയ്ക്കിടെ അപസ്മാരമുണ്ടാവുന്ന, ബോധത്തിനും അബോധാവസ്‌ഥയ്ക്കുമിടയിൽ മുങ്ങിനിവരുന്ന ദാരുണമായ അവസ്‌ഥ. പേവിഷബാധയുണ്ടായാൽ മരണം നൂറുശതമാനത്തോളം ഉറപ്പാണ്. അപൂർവമായി ചിലർ, ലോകത്ത് പല ഭാഗങ്ങളിലായി രക്ഷപ്പെട്ടതായി രേഖപ്പെടുത്തിയുണ്ടെങ്കിൽ പോലും, അതൊക്കെ വിരലിൽ എണ്ണാവുന്നവ മാത്രമാണ്.

കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് മുറിവ് പത്ത് പതിനഞ്ച് മിനിറ്റോളം, സോപ്പുപയോഗിച്ച് നന്നായി കഴുകുക. മുറിവിന്റെ വായിലുള്ള വൈറസുകളെ നശിപ്പിക്കാനാണിത്. വെറും കൈ കൊണ്ട് കഴിവതും മുറിവിൽ തൊടാതെ നോക്കണം, കൈകളിൽ മറ്റു മുറിവുകൾ ഉണ്ടെങ്കിൽ അതിലൂടെ വൈറസ് പകരാതിരിക്കാനാണിത്. കഴുകിയതിനു ശേഷം മുറിവിൽ ബീറ്റാഡിൻ പോലെയുള്ള അണുനശീകരണ മരുന്നുകൾ ഇടാവുന്നതാണ്. അതേ മൃഗത്തിൽ നിന്ന് വീണ്ടും കടി ഏൽക്കാതെ നോക്കണം. സാധിക്കുമെങ്കിൽ, മൃഗത്തെ എവിടെയെങ്കിലും പൂട്ടിയിടുകയും നിരീക്ഷിക്കുകയും ചെയ്യാം. മുൻപ് പറഞ്ഞ മൃഗങ്ങളിൽ ഏതിന്റെയെങ്കിലും കടിയോ മാന്തലോ ഏറ്റാൽ താമസിയാതെ തന്നെ വൈദ്യസഹായം തേടുക.

പ്രതിരോധചികിത്സാരീതി നിർണ്ണയിക്കുന്നത് പലവിധ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ്. ആന്റിറാബീസ് വാക്സിൻ, ഇമ്മ്യൂണോഗ്ളോബുലിൻ എന്നീ രണ്ട് മരുന്നുകളാണ് പ്രധാനമായി പ്രതിരോധചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. വിഷബാധയുണ്ടാവാനുള്ള സാധ്യത അളക്കാൻ ചില മാനദണ്ഡങ്ങൾ നിലവിലുണ്ട്.

• മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക, എന്നിവ വഴി വിഷബാധയേൽക്കാനുള്ള സാധ്യത ഇല്ലാത്തതിനാൽ (കാറ്റഗറി 1), കുത്തിവെപ്പുകൾ നൽകേണ്ടതില്ല. ആ ഭാഗം നന്നായി ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ സോപ്പുപയോഗിച്ചു പത്തു പതിഞ്ചു മിനിറ്റു കഴുകിയാൽ മാത്രം മതിയാവും.

• തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയ്ക്ക് (കാറ്റഗറി 2) പ്രതിരോധ കുത്തിവെയ്പ്പ് വേണം.

• രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക, വന്യമൃഗങ്ങളുടെ കടി എന്നിവയുടെ അപകടസാധ്യത ( കാറ്റഗറി 3 )വളരെ കൂടുതൽ ആയത് കൊണ്ട് തന്നെ, സാധാരണ നല്കാറുള്ള ആന്റിറാബീസ് കുത്തിവെപ്പിനോടൊപ്പം, ആന്റി റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ കൂടി നൽകാറുണ്ട്.
മുറിവിന് ചുറ്റുമായി എടുക്കുന്ന ഈ ഇമ്മ്യൂണോഗ്ലോബിനുകൾ, പെട്ടെന്ന് തന്നെ പ്രതിരോധം പ്രദാനം ചെയ്യുന്നവയാണ്. ആന്റിറാബീസ് വാക്‌സിൻ ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കി വരാനെടുക്കുന്ന കാലയളവിൽ, ഇമ്മ്യുണോഗ്ലോബലിൻ സുരക്ഷ ഉറപ്പാക്കും.
മുറിവുകൾ കഴിവതും തുന്നാറില്ല. തുന്നുമ്പോൾ, മുറിവിന് ചുറ്റുമുള്ള നാഡികളിലൂടെ വൈറസ് മസ്തിഷ്‌കത്തിലെത്താനുള്ള സാധ്യത കൂടിയേക്കാം എന്നത് കൊണ്ടാണിത്. എന്നാൽ തുന്നിടേണ്ടി വരുന്ന ചില സാഹചര്യങ്ങളിൽ, ഇമ്മ്യൂണോഗ്ലോബുലിൻ നൽകിയാണ് തുന്നിടാറുള്ളത്.

പൊക്കിളിനു ചുറ്റും, ഒരുമിച്ചെടുക്കുന്ന വേദനാജനകമായ പഴയ കുത്തിവെപ്പുകളൊന്നും ഇപ്പോഴില്ല. തോളിന് താഴെ, തൊലിപ്പുറത്ത് പല ദിവസങ്ങളിലായി എടുക്കുന്ന നാലു ഡോസുകൾ (0,3,7,28 ദിവസങ്ങളിൽ) ആണ് ഇപ്പോഴത്തെ രീതി. പേശികളിൽ പല ദിവസങ്ങളിലായി എടുക്കുന്ന അഞ്ചു ഡോസുകളുള്ള രീതിയും സ്വീകാര്യമാണ്, ചില സ്വകാര്യആശുപത്രികളിൽ ഇങ്ങനെയാണ് നൽകുന്നത്.

• ആർക്ക് കടിയേറ്റാലും പ്രതിരോധ കുത്തിവെപ്പ് എടുക്കണം, അതിനി ഗർഭിണിയാവട്ടെ, മുലയൂട്ടുന്ന അമ്മയാവട്ടെ, നവജാതശിശുവാവട്ടെ. നൂറു ശതമാനത്തോളം മരണസാധ്യതയുള്ള ഈ രോഗത്തിന്, ആകെയുള്ള ഈ പ്രതിരോധമാർഗ്ഗം, ഒരു കാരണവശാലും നല്കാതിരിക്കേണ്ടതില്ല.

• ഒരിക്കൽ കടിയേറ്റ്, മുഴുവൻ കുത്തിവെപ്പുകളും എടുത്തവർക്ക്, മൂന്നു മാസത്തിനുള്ളിൽ വീണ്ടും കടിയേറ്റാൽ, ഒരിക്കൽ കൂടി കുത്തിവെപ്പുകൾ എടുക്കേണ്ടതില്ല.

• പ്രതിരോധ കുത്തിവെപ്പുകൾ മുഴുവൻ ഡോസുകളും ഒരിക്കൽ എടുത്താൽ, വർഷങ്ങളോളം പ്രതിരോധശേഷി നിലനിൽക്കുമെന്ന് തന്നെയാണ് പഠനങ്ങൾ കാണിക്കുന്നത്. എന്നാലും, മൂന്നു മാസത്തിനു ശേഷം, വീണ്ടുമുണ്ടാവുന്ന കടികൾക്ക്, രണ്ട് ഡോസുകൾ കൂടി (0,3 ദിവസങ്ങളിൽ), ഒരു തോളിൽ തന്നെ കൊടുക്കാറുണ്ട്. മുൻപ് ഉണ്ടാക്കിയ ആന്റിബോഡികളെ ഒന്നുകൂടി ഉണർത്തി, പ്രതിരോധം ശക്തിപ്പെടുത്താനാണിത്. എന്നാൽ ഇവർക്കും ഇമ്മ്യൂണോഗ്ലോബുലിനുകൾ ആവശ്യമില്ല.

• ലോകാരോഗ്യസംഘടനയുടെ ഏറ്റവും പുതിയ പേവിഷബാധാ പ്രതിരോധ നിർദ്ദേശങ്ങളിൽ ഏറെ വ്യതാസങ്ങൾ വന്നിട്ടുണ്ട്. വാക്സിൻ ഡോസുകളുടെ എണ്ണത്തിലും, ഇമ്മ്യൂണോഗ്ലോബുലിൻ നൽകേണ്ടുന്ന രീതിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വിലകൂടിയ ഇമ്മ്യൂണോഗ്ലോബുലിൻ മരുന്നുകളുടെ വിനിയോഗം അളവിൽ കുറയ്ക്കാൻ സാധിക്കുന്ന ഈ നിർദ്ദേശങ്ങൾ, വൈകാതെ ഇന്ത്യയിലും നടപ്പിൽ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സർക്കാർതലത്തിൽ സൗജന്യമായി ആന്റിറാബീസ് വാക്സിനുകൾ ലഭ്യമാണ്. മിക്ക സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും, എല്ലാ താലൂക്, ജില്ലാ ആശുപത്രികളിലും ഇവ ലഭ്യമാണ്. ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവെപ്പുകൾ മിക്ക ജില്ലാ ആശുപത്രികളിലും, മെഡിക്കൽ കോളേജുകളിലും ഉണ്ടാവാറുണ്ട്. ചില സ്വകാര്യ ആശുപത്രികളിൽ ഇവ രണ്ടും ലഭ്യമാണ്. ശരീര ഭാരത്തിനനുസൃതമായാണ് ആന്റി റാബീസ് ഇമ്യൂണോഗ്ലോബുലിൻ നൽകുന്നത്.

ചിലർ കടിയേറ്റ് രണ്ടു മാസമൊക്കെ കഴിഞ്ഞ് വരാറുണ്ട്, പ്രതിരോധ കുത്തിവെപ്പ് ഇനി എടുക്കേണ്ടതില്ലല്ലോ എന്ന് ചോദിച്ച് കൊണ്ട്. കടിച്ചതോ, മാന്തിയതോ ആയ, പട്ടിയോ പൂച്ചയോ പത്തു ദിവസത്തിനു ശേഷവും ജീവനോടെയുണ്ടെങ്കിൽ കുത്തിവെപ്പിനു പ്രസക്തിയില്ല. പട്ടിയോ പൂച്ചയോ അല്ലാത്ത, മറ്റേത് മൃഗങ്ങൾ ആണെങ്കിലും, പത്തുദിവസം എന്ന കണക്ക് നോക്കാൻ പാടുള്ളതല്ല. തെരുവ് നായ കടിക്കുകയോ, കടിച്ച മൃഗത്തെ പിന്നെ കാണാതാവുകയോ, അത് മരണപ്പെടുകയോ ചെയ്താൽ, വർഷങ്ങൾ കഴിഞ്ഞാൽ പോലും, തീർച്ചയായും കുത്തിവെപ്പുകൾ എടുക്കണം. കടിയേറ്റ് ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ പേവിഷബാധയേറ്റ കേസുകൾ ഉണ്ടെങ്കിലും, ആദ്യ ലക്ഷണങ്ങൾ കാണാൻ ശരാശരി ഒന്നു മുതൽ മൂന്നു മാസങ്ങൾ വരെ സാധാരണ എടുക്കാറുണ്ട് ( ഇൻക്യൂബേഷൻ കാലയളവ്) . മുഖത്തോ, വിരലുകളിലോ കടിയേറ്റാൽ വിഷബാധ പെട്ടെന്നുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. വിരലുകൾ നാഡീനിബിഡമായത് കൊണ്ടും, മസ്തിഷ്കത്തിൽ പെട്ടെന്ന് വൈറസ് എത്തിയേക്കാം എന്നുള്ളത് കൊണ്ടുമാണ് അപകടസാധ്യത കൂടുന്നത്.

കടിയേറ്റ് ആറേഴ് വർഷങ്ങൾക്ക് ശേഷവും, അപൂർവമായി, പതിനഞ്ചു വർഷങ്ങൾക്ക് ശേഷമൊക്കെ ചിലരിൽ പേവിഷബാധ കാണാറുണ്ട്. കടിയേറ്റ്, ഇരുപത്തഞ്ചു വർഷങ്ങൾക്ക് ശേഷം പേവിഷബാധയുടെ ലക്ഷണങ്ങളുമായി എത്തി മരണപ്പെട്ട ആളുടെ കേസ് ഗോവയിൽ രേഖപ്പെടുത്തിയിട്ടുണ്ട്!

മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പേവിഷബാധ പകരുമോ എന്നത് സ്വാഭാവിക സംശയമാണ്. പേവിഷബാധയേറ്റ വ്യക്തിയുടെ അവയവങ്ങൾ സ്വീകരിച്ച മറ്റൊരാൾക്ക് വരുന്നതായി പറയുന്നുണ്ടെങ്കിലും, ലോകത്തെവിടെയും, മനുഷ്യൻ കടിച്ചതോ, മാന്തിയതോ വഴി രോഗം പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അവസാന ഘട്ടത്തിൽ രോഗിയുടെ ഉമിനീരിൽ റാബീസ് വൈറസ് ഉണ്ടായിരിക്കാം എന്നിരിക്കെ, കടിയ്ക്കുന്നതിലൂടെ പകരാനുള്ള സാങ്കേതിക സാധ്യത നിലനിൽക്കുന്നുണ്ടെന്നു മാത്രം. മൃഗങ്ങളിൽ കാര്യമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനു, അഞ്ചാറു ദിവസം മുൻപ് മുതൽ, മരിക്കുന്നത് വരെ ഉമിനീരിൽ റാബീസ് വൈറസ് ഉണ്ടായിരിക്കും.

നിങ്ങളുടെ വീടുകളിൽ, അരുമമൃഗങ്ങളുമായി അടുത്ത സമ്പർക്കം ഉണ്ടാവുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?

• അവയെ കൃത്യമായി മൃഗഡോക്ട്ടറുടെ അടുത്ത് കൊണ്ട് പോയി, കുത്തിവെപ്പുകൾ എടുപ്പിക്കുക.
മൂന്നാം മാസത്തിലുള്ള പ്രതിരോധ കുത്തിവെപ്പിന് ശേഷം ഓരോ വർഷവും ബൂസ്റ്റർ ഡോസുകളും എടുക്കേണ്ടതുണ്ട്. കുത്തിവെപ്പ് എടുത്തതിന്റെ രേഖകൾ കൃത്യമായി സൂക്ഷിക്കണം. മൃഗങ്ങൾക്ക് കുത്തിവെപ്പെടുത്തു എന്നുണ്ടെങ്കിലും, അവയിൽ നിന്ന് മാന്തലോ, കടിയോ ഏറ്റാൽ, പേവിഷബാധ കുത്തിവെപ്പുകൾ നമ്മളും എടുത്തിരിക്കണം. നമ്മുടെ നാട്ടിലെ കുത്തിവെപ്പുകളുടെ നിലവാരമോ, അതു മൃഗങ്ങളിൽ ഉണ്ടാക്കുന്ന പ്രതിരോധശേഷിയുടെ അളവോ, നിരീക്ഷിക്കാനുള്ള കൃത്യമായ സംവിധാനങ്ങൾ ഇല്ലാത്തത് കൊണ്ടാണ്‌ ഈ മുൻകരുതൽ.

• മറ്റു തെരുവ്/വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുവാനായി, വളർത്തുമൃഗങ്ങളെ, രാത്രി സമയങ്ങളിലെങ്കിലും, അടച്ചുറപ്പുള്ള കൂടുകളിലാക്കുക. പകൽ സമയങ്ങളിൽ പുറത്തിറക്കുന്നുണ്ടെങ്കിൽ തന്നെ, ഉയർന്ന ചുറ്റുമതിലോ, ചാടി കടക്കാൻ സാധിക്കാത്ത രീതിയിലുള്ള വേലിക്കെട്ടുകളോ വീടിനു ചുറ്റും സ്ഥാപിക്കുക. പുറത്തു നടക്കാൻ കൊണ്ട് പോവുന്നത് നേരിട്ടുള്ള നിരീക്ഷണത്തിലാക്കുക.
മേൽപറഞ്ഞ കാര്യങ്ങളൊക്കെ പൂച്ചകളുടെ കാര്യത്തിൽ ഒരല്പം ബുദ്ധിമുട്ടാണ്. പതുങ്ങിനീങ്ങുന്ന പൂച്ചകൾ പലപ്പോഴും മതിൽകെട്ടുകൾ നിഷ്പ്രയാസം ചാടിക്കടന്ന്, ഉലകം ചുറ്റി, കണ്ണടച്ചു തുറക്കുമ്പോഴേക്കും തിരിച്ചെത്തും. ഒരു പക്ഷെ ഈ പ്രത്യേകതയുള്ളതിനാൽ, പൂച്ചകളെ വളർത്തു പട്ടികളെപ്പോലെ തന്നെ ശ്രദ്ധിക്കണം. അവയ്ക്ക്, തെരുവ്നായ്ക്കളുടെയോ, കുറുക്കന്മാരുടെയോ, പേവിഷബാധയുള്ള മറ്റു തെരുവ്പൂച്ചകളുടെയോ തന്നെ ദംശനമേൽക്കാനുള്ള സാധ്യത എപ്പോഴുമുണ്ട്.

• വളർത്തുമൃഗങ്ങളിൽ ഉണ്ടാവുന്ന പെരുമാറ്റമാറ്റം തിരിച്ചറിയാൻ ശ്രമിക്കണം. പെട്ടെന്ന് ഭക്ഷണം കഴിക്കാതാവുക, വായിൽ നിന്ന് നുരയും പതയും വരിക, കുരയ്ക്കുമ്പോഴുള്ള ശബ്ദമാറ്റം, പിൻകാലുകൾ തളരുന്നത് മൂലം നടക്കുമ്പോൾ വീഴാൻ പോവുക, ആക്രമണോത്സുകരാവുക, പ്രകോപനമില്ലാതെ ഉപദ്രവിക്കുക എന്നിവയൊക്കെ ലക്ഷണങ്ങളാവാം. ചില മൃഗങ്ങളിൽ ആക്രമണോത്സുകതയ്ക്ക് പകരം, മിണ്ടാതെ ഒതുങ്ങിക്കൂടാനുള്ള പ്രവണതയും കാണാറുണ്ട്.

• വളർത്തു മൃഗങ്ങളുടെ കടിയോ, മുൻപ് പറഞ്ഞ മറ്റേത് രീതിയിലുള്ള എക്സ്പോഷറോ ഉണ്ടായാൽ ഒരു ഡോക്ട്ടറുടെ നിർദ്ദേശപ്രകാരം പ്രതിരോധചികിത്സ എടുക്കുക.

• ഇത്തരം ലക്ഷണങ്ങളോട് കൂടി വളർത്തുമൃഗങ്ങൾ ചത്താൽ, മൃഗഡോക്ട്ടറെ അറിയിക്കുകയും, ആവശ്യമെങ്കിൽ അവയുടെ മസ്തിഷ്‌കപരിശോധന നടത്തി, പേവിഷബാധ മൂലമാണോ എന്ന് ഉറപ്പിക്കാനും സാധിക്കും.

• സ്ഥിരമായി മൃഗങ്ങളുടെ കടിയോ മാന്തലോ കിട്ടാൻ സാധ്യതയുള്ള ജോലിയോ, സാഹചര്യമോ ഉണ്ടെങ്കിൽ, മുൻകൂർ സംരക്ഷണത്തിനായി മൂന്നു ദിവസങ്ങളിലായുള്ള (0, 7 ,28 ദിവസങ്ങളിൽ) പ്രതിരോധ കുത്തിവെപ്പ് എടുത്തു വെയ്ക്കാം. ഈ കുത്തിവെപ്പ് എടുത്തവരെ വീണ്ടും മൃഗങ്ങൾ കടിച്ചാൽ, പിന്നീട് രണ്ടു കുത്തിവെപ്പുകൾ , ( 0, 3 ദിവസങ്ങളിൽ) മതിയാകും. മുൻകൂർ കുത്തിവെപ്പ് എടുത്തത് കൊണ്ട് ലഭിച്ച പ്രതിരോധത്തെ, ഒന്നു കൂടി ശക്തിപ്പെടുത്താൻ വേണ്ടിയാണ് ഇത്. ഇവർക്ക് ഇമ്മ്യൂണോഗ്ലോബുലിൻ പിന്നീട് എടുക്കേണ്ടതുമില്ല.

മരണവിധി ഉറപ്പായുള്ള ഒരു രോഗമായത് കൊണ്ട് തന്നെ, പേവിഷബാധ തടയാനുള്ള എല്ലാ വിധ പ്രതിരോധ മാർഗ്ഗങ്ങളും വലിയ പ്രാധാന്യമർഹിക്കുന്നു.

‘ഏക ആരോഗ്യം’ അഥവാ ‘one health’ എന്നത് ആരോഗ്യത്തെക്കുറിച്ചുള്ള നൂതനമായ കാഴ്ച്ചപ്പാടാണ്. ഇത്‌ പ്രകാരം, മനുഷ്യരുടേ ആരോഗ്യം അവന്റെ ചുറ്റുമുള്ള മൃഗങ്ങളുടെയും, പരിസ്ഥിയുടെയും ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നു. അത് നിലനിർത്തുന്നതിന് വേണ്ടത് നിതാന്തമായ ജാഗ്രതയാണ്. അരുമ മൃഗങ്ങളുടെ ആരോഗ്യത്തിൽ, നിങ്ങളുടേതെന്ന പോലെ ജാഗ്രത പാലിക്കുക, അവർ എന്നും നിങ്ങളുടെ അരുമകളായി തന്നേ തുടരട്ടെ…

ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ