· 10 മിനിറ്റ് വായന
03.05.2020 കോവിഡ് 19: Weekly review
കോവിഡ്19 കേസുകളും മരണങ്ങളും കൂടുകയാണോ? ഇൻഫോ ക്ലിനിക്കിൻ്റെ പ്രതിവാര അവലോകനം (മെയ് 3, ഞായർ).
അതിനുത്തരം കഴിഞ്ഞ രണ്ട് ആഴ്ചകളിലെ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. തുടർച്ചയായ ദിവസങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കാൾ കൃത്യമായ അവലോകനം അവിടെ സാധ്യമാകും.
ഏപ്രിൽ 19 മുതൽ 25 വരെ ലോകത്ത് ആകെ സ്ഥിരീകരിക്കപ്പെട്ട പുതിയ കേസുകൾ 5,90,000 അടുത്ത്. എന്നാൽ ഏപ്രിൽ 26 മുതൽ മെയ് 2 വരെ ഉള്ള ഒരാഴ്ചക്കാലം ലോകത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 5,62,000 തികച്ചില്ല. പുതുതായി സ്ഥിരീകരിക്കപ്പെട്ട കേസുകളുടെ എണ്ണത്തിൽ ഏതാണ്ട് മുപ്പതിനായിരം കുറവ്. മരണസംഖ്യയിലും കുറവുണ്ട്. മരണങ്ങൾ 42,523 ആയിരുന്നത് ഈ ആഴ്ച 41,497 ആയി കുറഞ്ഞിട്ടുണ്ട്. അതായത് പ്രതിവാരം ആയിരത്തിൽ കൂടുതൽ കുറവ് വന്നിട്ടുണ്ട്.
ലോകമാകെ കേസുകളുടെ എണ്ണം 35 ലക്ഷം അടുക്കുന്നു, മരണ സംഖ്യ 2,44,000 കഴിഞ്ഞു.
സുഖം പ്രാപിച്ചവരുടെ എണ്ണം 11 ലക്ഷം കടന്നു.
അമേരിക്കയിൽ ഈ ആഴ്ച സ്ഥിരീകരിക്കപ്പെട്ട കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ് ഇരുപതിനായിരത്തിലധികം ആണ്. ഇതിനു മുൻപുള്ള ആഴ്ച ഏതാണ്ട് 2,23,000 ആയിരുന്നു. അവിടെ നിന്നും ഈ ആഴ്ച സ്ഥിരീകരിക്കപ്പെട്ട കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് താന്നു. മരണസംഖ്യയിൽ രണ്ടായിരത്തിലധികം വ്യത്യാസം. 15,242 ൽ നിന്നും 13,188 ലേക്ക് താന്നു. ഇതോടെ അമേരിക്കയിൽ ആകെ 11.6 ലക്ഷത്തിലധികം കേസുകളിൽ നിന്നും 67,000 ൽ കൂടുതൽ മരണങ്ങൾ. അവിടെ ഇതുവരെ ഒന്നേമുക്കാൽ ലക്ഷത്തോളം പേർ രോഗമുക്തി നേടി. ഇനിയും ഒൻപതു ലക്ഷത്തിലധികം ആക്ടീവ് കേസുകൾ നിലവിലുണ്ട്. അതായത് മരണസംഖ്യ ഇനിയും വളരെയധികം ഉയരാനാണ് സാധ്യത എന്നു ചുരുക്കം.
സ്പെയിനിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടെങ്കിലും മരണസംഖ്യയിൽ കാര്യമായ കുറവില്ല. അവിടെ പ്രതിവാരം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 29,000 ൽ നിന്ന് 22,000 ൽ താഴേക്ക് വന്നു. മരണസംഖ്യ ആഴ്ച ഏതാണ്ട് 2,200 വീതം. എങ്കിലും എണ്ണത്തിൽ ഏതാണ്ട് 250 കുറഞ്ഞിട്ടുണ്ട്. ഇതുവരെ ആകെ 2,45,000 ലധികം കേസുകളിൽനിന്ന് 25,100 മരണങ്ങൾ. ഒന്നര ലക്ഷത്തോളം ആൾക്കാർ സുഖം പ്രാപിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 75,000 ൽ താഴെ.
ഇറ്റലിയിൽ പ്രതിവാരം പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും മരണസംഖ്യയും കുറഞ്ഞുവരുന്നു. കേസുകളുടെ എണ്ണം 19,500 നിന്നും 14,000 ലേക്ക് താന്നു. മരണസംഖ്യ ഏതാണ്ട് 3,100 ൽ നിന്നും 2300 ലേക്ക് താന്നിട്ടുണ്ട്. ഇതുവരെ ആകെ 2,10,000 ഓളം കേസുകളിൽ നിന്ന് 28,700 ലധികം മരണങ്ങൾ. എൺപതിനായിരത്തോളം പേർ സുഖം പ്രാപിച്ചു. നിലവിൽ ഒരു ലക്ഷത്തിലധികം ആക്ടീവ് കേസുകൾ.
ഫ്രാൻസിലും പുതുതായി സ്ഥിരീകരിക്കപ്പെടുന്ന കേസുകളുടെ എണ്ണവും മരണ സംഖ്യയും കുറഞ്ഞു വരികയാണ്. മുൻപത്തെ ആഴ്ചയിൽ പതിനായിരത്തോളം പുതിയ റിപ്പോർട്ടുകൾ ഉണ്ടായപ്പോൾ ഈ ആഴ്ച അത് 7,000 ൽ താഴെയായി. മരണസംഖ്യ ആഴ്ചയിൽ 3,300 ൽ നിന്ന് 2,150 ലേക്ക് താഴ്ന്നു. ഫ്രാൻസിൽ ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,68,000 ൽ കൂടുതൽ കേസുകളിൽ നിന്നും 24,760 മരണങ്ങൾ. അമ്പതിനായിരത്തിലധികം പേർ സുഖം പ്രാപിച്ചു. 90,000 ലധികം ആക്ടീവ് കേസുകൾ നിലവിലുണ്ട്.
യുകെയിൽ ഈ രണ്ടാഴ്ചകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിൽ വലിയ വ്യത്യാസമില്ല. രണ്ടാഴ്ചയിൽ ഏതാണ്ട് 34,000 കേസുകൾ വീതം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെ ആകെ 1,82,000 ലധികം കേസുകളിൽ നിന്ന് 28,100 ലധികം മരണങ്ങൾ. മരണസംഖ്യയിൽ വൈകാതെ ഇറ്റലിയെ മറികടക്കും. ഒന്നു രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ അമേരിക്കയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനത്ത് എത്തും.
ജർമനിയിലും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. മുൻപത്തെ ആഴ്ചയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 13000 ഓളം ആയിരുന്നത് ഈ ആഴ്ച 8,500 ലേക്ക് കുറഞ്ഞു. കഴിഞ്ഞ ആഴ്ചത്തെ മരണസംഖ്യ 1,340. ഈ ആഴ്ച അത് 935 ആയി. ഇതുവരെ ആകെ 1,65,000 കേസുകളിൽ നിന്ന് 6,800 മരണങ്ങൾ. 1.3 ലക്ഷത്തിലധികം പേർ സുഖം പ്രാപിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 27,500. അതായത് മരണനിരക്ക് ഉയരാൻ സാധ്യത കുറവാണ് എന്ന് ചുരുക്കം.
തുർക്കിയിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കുറഞ്ഞുവരുന്നു. കഴിഞ്ഞ ആഴ്ച 25,000 ത്തിലധികം പുതിയ കേസുകൾ ഉണ്ടായിരുന്നെങ്കിൽ ഈ ആഴ്ച അത് പതിനാറായിരത്തിലേക്ക് താഴ്ന്നു. ഓരോ ആഴ്ചയും റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളുടെ എണ്ണവും കുറഞ്ഞു വരികയാണ്. ഇതുവരെ ആകെ ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തോളം കേസുകളിൽ നിന്ന് 3,300 ൽ കൂടുതൽ മരണങ്ങൾ. ഏതാണ്ട് അറുപതിനായിരത്തോളം പേർ സുഖം പ്രാപിച്ചു, അറുപതിനായിരത്തിൽ കൂടുതൽ ആക്ടീവ് കേസുകൾ നിലവിലുണ്ട്.
കാനഡയിൽ ഓരോ ആഴ്ചയും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ വലിയ വ്യത്യാസമില്ല, മരണസംഖ്യ നേരിയ രീതിയിൽ കൂടി വരുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏതാണ്ട് 11,500 കേസുകൾ. പ്രതിവാരം മരണസംഖ്യ ആയിരത്തിൽ നിന്നും 1100 ലേക്ക് എത്തി. ഇതുവരെ ആകെ 57,000 ഓളം കേസുകളിൽ നിന്ന് 3,500 ലധികം മരണങ്ങൾ.
ബെൽജിയത്തിൽ പുതിയ കേസുകളുടെ എണ്ണവും മരണവും കുറഞ്ഞുവരുന്നു. കഴിഞ്ഞ ആഴ്ച എണ്ണായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഈ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത് 4,150 കേസുകൾ മാത്രം. ആയിരത്തി അഞ്ഞൂറോളം മരണങ്ങൾ ആഴ്ചയിൽ ഉണ്ടായിരുന്നത് 850 ലേക്ക് കുറഞ്ഞു. ഇതുവരെ ആകെ അര ലക്ഷത്തോളം കേസുകളിൽ നിന്ന് 7,750 ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
സ്വീഡനിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ വലിയ വ്യത്യാസമില്ല. പക്ഷേ പ്രതിവാര മരണ സംഖ്യ കുറഞ്ഞു വരുന്നു. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 22,000 കഴിഞ്ഞു, മരണസംഖ്യ 2,600 കടന്നു.
റഷ്യയിൽ കേസുകൾ കൂടി വരികയാണ്. കഴിഞ്ഞ ആഴ്ച ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 37,750 കേസുകൾ ആയിരുന്നു എങ്കിൽ ഈ ആഴ്ച പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് അമ്പതിനായിരം അടുക്കുന്നു. റഷ്യയിൽ ഇതുവരെ ആകെ ഒന്നേകാൽ ലക്ഷത്തോളം കേസുകളിൽ നിന്ന് 1200 ലധികം മരണങ്ങൾ. പതിനയ്യായിരത്തിലധികം പേർ സുഖം പ്രാപിച്ചു. ആക്ടീവ് കേസുകൾ ഒരു ലക്ഷത്തിലധികം. അതായത് നിലവിൽ മരണനിരക്ക് താരതമ്യേന കുറവാണെങ്കിലും, മരണ സംഖ്യ ഗണ്യമായി ഉയരാൻ സാധ്യതയുണ്ട് എന്ന് വിലയിരുത്താം.
ബ്രസീലിലും കേസുകൾ കൂടി വരുന്നു, മരണ സംഖ്യയും. കഴിഞ്ഞ ആഴ്ച പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 22,500 കേസുകൾ ആയിരുന്നു എങ്കിൽ ഈ ആഴ്ച 37,500 ആണ്. ഒരോ ആഴ്ചയിലും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിൽ 15,000 വ്യത്യാസം. പ്രതിവാര മരണസംഖ്യയിലും ആയിരത്തിന്റെ വ്യത്യാസമുണ്ട്. ആഴ്ചയിൽ 1,700 ഓളം മരണങ്ങൾ ഉണ്ടായിരുന്നത് 2,700 ഓളമായി. ഇതുവരെ ആകെ 96,000 ലധികം കേസുകളിൽ നിന്ന് 6,750 മരണങ്ങൾ. നാൽപ്പതിനായിരത്തിൽ കൂടുതൽ പേർ സുഖം പ്രാപിച്ചു. അമ്പതിനായിരത്തോളം ആക്ടീവ് കേസുകൾ.
പെറുവിൽ പ്രതിവാരം പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കൂടി വരുന്നു. പ്രതിവാരം പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം 11,000 ൽ നിന്നും 17,000 ലെത്തി. ആഴ്ച 350 മരണങ്ങൾ സംഭവിച്ചു കൊണ്ടിരുന്നത് 500 എത്തി. ഇതുവരെ ആകെ 42,500 കേസുകളിൽ നിന്ന് 1,200 മരണങ്ങൾ.
മെക്സിക്കോയിലും പുതിയ റിപ്പോർട്ടുകൾ കൂടി വരുന്നു. മുൻ ആഴ്ച പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 6,000 കേസുകൾ ആയിരുന്നെങ്കിൽ ഇപ്പോൾ അത് 9,000 എത്താറായി. ഇതുവരെ ആകെ ഇരുപതിനായിരത്തിലധികം കേസുകളിൽനിന്ന് രണ്ടായിരത്തോളം മരണങ്ങൾ.
ചിലിയിലും കേസുകൾ കൂടി വരുന്നു. മുൻ ആഴ്ചയി ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3,200 ലധികം ആയിരുന്നുവെങ്കിൽ, ഈ ആഴ്ച അത് 5500 കഴിഞ്ഞു. ഇതുവരെ ആകെ 18,500 കേസുകളിൽ നിന്ന് 247 മരണങ്ങൾ.
സൗദി അറേബ്യയിലും കേസുകൾ കൂടി വരികയാണ്. പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം പ്രതിവാരം 8000 എന്നത് ഈ ആഴ്ച 9100 കഴിഞ്ഞിരിക്കുന്നു. ഇതുവരെ ആകെ 25,000 ലധികം കേസുകളിൽനിന്ന് 200 ൽ താഴെ മരണങ്ങൾ.
പ്രതിവാരം പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ കൂടി വരുന്ന മറ്റൊരു രാജ്യമാണ് ബെലാറസ്. കഴിഞ്ഞ ആഴ്ച പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 4,800 കേസുകൾ, ഈ ആഴ്ച അത് 6,250 ആവുന്നു. ഇതുവരെ ആകെ പതിനാറായിരത്തോളം കേസുകളിൽനിന്ന് നൂറിൽ താഴെ മരണങ്ങൾ.
പാകിസ്താനിലും കേസുകൾ കൂടി വരുന്നു. അവിടെ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത് അയ്യായിരം കേസുകൾ ആയിരുന്നു എങ്കിൽ ഈ ആഴ്ച 6,300 ആയി. ഇതുവരെ 19,000 ലധികം കേസുകളിൽ നിന്ന് 437 മരണങ്ങൾ.
ഇടയ്ക്കൊന്ന് കൂടിയെങ്കിലും സിംഗപ്പൂരിൽ വീണ്ടും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നു. പ്രതിവാരം കേസുകൾ 6,700 നിന്നും 4,850 ലേക്ക് കുറഞ്ഞു. ഇതുവരെ ആകെ 17,500 കേസുകളിൽ നിന്ന് 17 മരണങ്ങൾ.
എല്ലാ രാജ്യങ്ങളുടെയും കണക്കുകൾ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല. എങ്കിലും വലിയ വ്യത്യാസം ഉണ്ടായിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ വിവരങ്ങൾ ചേർക്കാൻ സാധിച്ചു എന്ന് കരുതുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ പൊതുവെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളും മരണങ്ങളും കുറഞ്ഞുവരികയാണ്. റഷ്യയിലും, ചില മധ്യ-തെക്കനമേരിക്കൻ രാജ്യങ്ങളിലും, ചില ഏഷ്യൻ രാജ്യങ്ങളിലും പുതിയ കേസുകളുടെ എണ്ണം കൂടി വരുന്നു. ആഫ്രിക്കയിലെ പല രാജ്യങ്ങളിലും കേസുകളുടെ എണ്ണം കൂടിവരികയാണ്, പക്ഷേ പുതിയ കേസുകളുടെ എണ്ണത്തിൽ താരതമ്യേന ചെറിയ വർദ്ധനവ് മാത്രമാണ് പ്രതിവാരം ഉണ്ടാവുന്നത്.
ഇന്ത്യയിലെ ലോക്ക് ഡൗൺ സീരീസ് 40 എപിസോഡുകളോടെ 2 സീസൺ പിന്നിട്ടു കഴിഞ്ഞു. 14 എപിസോഡുള്ള സീസൺ 3-ലേക്ക് നമ്മൾ കടക്കുകയാണ്. ആ നാൽപത് ദിവസത്തെ ലോക്ക് ഡൗണിൻ്റെ അവസാനത്തെ പത്ത് ദിവസങ്ങളിൽ ഇന്ത്യയിലെ കൊറോണ കേസുകൾക്ക് എന്ത് മാറ്റം സംഭവിച്ചു എന്നാണ് ഇന്ന് പരിശോധിക്കുന്നത്. രാജ്യത്താകമാനം പുഷ്പവൃഷ്ടി നടത്തി ആഘോഷിക്കാൻ മാത്രം നമ്മൾ എന്തെങ്കിലും നേടിയോ എന്നൊക്കെ ഈ കണക്കുകളിലൂടെ സഞ്ചരിക്കുമ്പോൾ വെറുതേ ചിന്തിക്കണം.
10 ദിവസം മുമ്പുവരെ ഇന്ത്യയിലാകെ രോഗികളുടെ എണ്ണം 21,000 ആയിരുന്നു. ഇന്നത് നാൽപതിനായിരം കടന്നു. എന്നുവച്ചാൽ ആദ്യത്തെ 20000-ൽ എത്താൻ നമ്മൾ 45 ദിവസത്തോളം എടുത്തപ്പോൾ അടുത്ത 20000-ലേക്ക് വെറും പത്തു ദിവസങ്ങൾ മാത്രമാണ് എടുത്തത്.
രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മരണസംഖ്യയും കൂടിക്കൊണ്ട് തന്നെ ഇരിക്കും. 10 ദിവസം മുമ്പ് വരെ ആകെ മരിച്ചവരുടെ എണ്ണം 650 -നടുത്ത് ആയിരുന്നു. ഇന്നത് 1300-ലധികം. നോക്കണം, ആദ്യ 45 ദിവസത്തിനുള്ളിലുണ്ടായ മരണത്തിന് തുല്യമാണ് അവസാനത്തെ പത്ത് ദിവസത്തെ മരണസംഖ്യ.
ഇന്ത്യയിൽ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടുള്ളത്. ഒരാഴ്ച മുമ്പ് ദിവസം ഒരുദിവസം 1600 രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥാനത്ത്, ഇന്നലെ മാത്രം 2600-ഓളം പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണസംഖ്യയും അതുപോലെതന്നെ. ഒരാഴ്ച മുമ്പ് ദിവസത്തിൽ അറുപതിൽ താഴെ ആൾക്കാർ മരിച്ചുകൊണ്ടിരുന്നത്, ഇന്നലെ മാത്രം 92 ആയി ഉയർന്നു.
ഇന്ത്യയിലാകെ ഇതുവരെ റിപ്പോർട്ട് ചെയ്ത രോഗികളുടെ പകുതിയിലധികവും മൂന്നു സംസ്ഥാനങ്ങളിൽ നിന്നാണ് – മഹാരാഷ്ട്ര (12,296), ഗുജറാത്ത് (5054), ഡൽഹി (4122). മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്നും മാത്രം 8400-ഓളം രോഗികളും 320 ലധികം മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതുപോലെ ഗുജറാത്തിലെ അഹമ്മദാബാദിൽ മാത്രം 3500-ലധികം രോഗികളും 185 ലധികം മരണങ്ങളും ഉണ്ടായി.
മാത്രമല്ല കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ പകുതിയിലധികവും (~57%) ഈ മൂന്നു സംസ്ഥാനങ്ങളിൽ നിന്ന് തന്നെയാണ്. മഹാരാഷ്ട്രയിൽ മാത്രം 7000-ഓളം പുതിയ രോഗികളാണ് കഴിഞ്ഞ 10 ദിവസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഗുജറാത്തിൽ 2600-ലധികവും ഡൽഹിയിൽ രണ്ടായിരത്തോളവും.
ഓരോ സംസ്ഥാനത്തെയും കണക്കുകളിലേക്ക് അധികം ആഴത്തിൽ പോകുന്നില്ല. പക്ഷെ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാടിൻ്റെ കണക്കുകൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഓരോ ദിവസത്തെയും രോഗികളുടെ എണ്ണം തമിഴ്നാട്ടിൽ ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ച മുമ്പ് 52 രോഗികൾ ആയിരുന്നു ഒരു ദിവസം അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പതിയെ അത് 121, 104, 161, 203 എന്നിങ്ങനെ ഉയർന്ന് ഇന്നലെ മാത്രം 231 രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കേരളത്തെ സംബന്ധിച്ച് തമിഴ്നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ വളരെയധികം ആശങ്കാജനകം തന്നെയാണ്. നമ്മൾ അതീവ ജാഗ്രത പുലർത്തേണ്ടതിൻ്റെ ആവശ്യകത ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.
കേരളത്തിൽ സ്ഥിതിഗതികൾ പൊതുവേ ശാന്തമാണ് എന്ന് വേണമെങ്കിൽ പറയാം. പക്ഷേയീ ശാന്തത എത്രനാൾ നിൽക്കും എന്നുള്ളത് നമ്മുടെ പൊതുവിലുള്ള പെരുമാറ്റവും ഇനി നമ്മൾ സ്വീകരിക്കാൻ പോകുന്ന പ്രതിരോധ നടപടികളെയും കൂടി ആശ്രയിച്ചിരിക്കും.
കേരളത്തിലേക്ക് അന്തർസംസ്ഥാന പ്രവാസികളും അന്തർദേശീയ പ്രവാസികളും ഉടനെ തന്നെ എത്തും എന്നാണ് നമ്മുടെ കണക്കുകൂട്ടലുകൾ. അതിലൂടെ രോഗവ്യാപനവും ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കാണണം. അവരെ കൃത്യമായി ക്വാറൻ്റൈൻ ചെയ്യുകയും പരമാവധി ആൾക്കാരെ അതിവേഗം പരിശോധനകൾക്ക് വിധേയരാക്കുകയും (രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയും) അതിൽ രോഗം കണ്ടെത്തുന്നവരെ ഐസൊലേറ്റ് ചെയ്യുകയും ചെയ്യുന്ന സ്ട്രാറ്റജി സ്വീകരിക്കുന്നതാവും ഇനി നമുക്ക് നല്ലതെന്നാണ് തോന്നുന്നത്. അല്ലെങ്കിൽ ഇവിടെയും മറ്റു സംസ്ഥാനങ്ങളുടെ ഒരു അവസ്ഥ സംജാതമാകാൻ സാധ്യതയുണ്ട്. കൂടുതൽ മനുഷ്യർ ഇങ്ങോട്ട് എത്തുമ്പോഴെങ്കിലും നമ്മൾ ടെസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് വരുത്തിയാലേ, അതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിച്ചാലേ ഇതൊക്കെ സാധ്യമാകൂ.
ഈ സമയത്ത് നമ്മൾ ചിന്തിക്കേണ്ട മറ്റൊരു വിഷയം പോസിറ്റീവ് ആകുന്ന എല്ലാ രോഗികളെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന രീതി തുടരേണ്ടതുണ്ടോ എന്നുള്ളതാണ്. രോഗം വരുന്നവരിൽ 80 ശതമാനവും വളരെ ചെറിയ ലക്ഷണങ്ങൾ മാത്രം കാണിക്കുന്ന രോഗമായതിനാൽ അവരെ വീട്ടിൽ തന്നെ ഐസൊലേറ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കാവുന്നതാണ്. കൊവിഡുമായി ബന്ധപ്പെട്ട് നമുക്കുണ്ടാവുന്ന ചെലവിൻ്റെ വലിയൊരു പങ്കും, ഇത്തരം നിസാര രോഗ ലക്ഷണമുള്ളവരെ ഐസൊലേറ്റ് ചെയ്യുന്നതിനാണ് ഉപയോഗിക്കുന്നതെന്ന് നമ്മൾ ഓർക്കണം. മാത്രമല്ല അവരെ പരിചരിക്കാൻ വേണ്ട ആരോഗ്യപ്രവർത്തകരുടെ എണ്ണം, അവർക്ക് വേണ്ട വ്യക്തിഗത സുരക്ഷ സാമഗ്രികൾ, രോഗം പകരുന്നതിനുള്ള റിസ്ക്, അവർക്കുണ്ടാവുന്ന മാനസിക സംഘർഷങ്ങൾ ഒക്കെ കുറയ്ക്കാൻ ഈ രീതി സഹായകമാവും. ലോകത്ത് മിക്ക രാജ്യങ്ങളിലും ഈ സ്ട്രാറ്റജിയാണ് ആദ്യം മുതലേ പിൻതുടരുന്നത്.
കണക്കുകൾ കണ്ടല്ലോ. ഇന്ത്യയിലെ ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒഴികെ, സ്ഥിതിഗതികൾ വഷളായി കൊണ്ടിരിക്കുന്ന വേളയിൽ ആരോഗ്യ പ്രവർത്തകർക്ക് വേണ്ട അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിന് പകരം ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി നടത്തി, അവരെ മൂഢസ്വർഗത്തിലാക്കി സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത് ഒരു പ്രഹസനമാണോ എന്ന് ചോദിച്ചാൽ, നിങ്ങളെന്ത് ഉത്തരം പറയും?
പല രാജ്യങ്ങളിലും സൈന്യം കോവിഡ് പ്രതിരോധത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ, കർഫ്യൂ എന്നിവ മാത്രമല്ല ആശുപത്രി സജ്ജീകരണങ്ങൾ ഒരുക്കാൻ വരെ സൈന്യം സഹായിച്ച രാജ്യങ്ങൾ ഉണ്ട്. സൈനിക ആശുപത്രി കപ്പലുകളിൽ ജനങ്ങളെ ചികിത്സിക്കുന്ന രാജ്യങ്ങൾ പോലും ഉണ്ട്. ആരോഗ്യ മേഖലയെക്കാൾ പ്രാധാന്യം പ്രതിരോധത്തിന് നൽകുന്ന രാജ്യങ്ങളുടെ മുന്നിലൊരു ചോദ്യചിഹ്നമാണ് ഇത്തരം മഹാമാരികൾ. അവിടെ ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. പുഷ്പവൃഷ്ടിയും ഷോകളും നടത്തുന്നതിനപ്പുറം ക്രിയാത്മകമായ ഇടപെടലുകളാണ് സൈന്യത്തിൽ നിന്നും മനുഷ്യൻ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഡെമോക്ലീസിൻ്റെ വാളുപോലെ നമ്മുടെ തലയ്ക്കുമീതെ തൂങ്ങുമ്പോഴെങ്കിലും, യുക്തിപരമായ രീതിയിൽ പണം ചെലവാക്കാൻ നമ്മൾ ചിന്തിക്കേണ്ടതല്ലേ..?
ഇന്ത്യയെ സംബന്ധിച്ച് കൊവിഡെന്ന സമുദ്രത്തിൻ്റെ നടുമധ്യത്തിലാണ് നമ്മളിപ്പോൾ. ഏതുവിധേനയും നീന്തിക്കടക്കുക മാത്രമേയുള്ളൂ നമ്മുടെ മുന്നിലുള്ള ഏകവഴി. അതെത്രത്തോളം പ്രായോഗിക ബുദ്ധിയോടെ നമ്മൾ ചെയ്യുന്നു എന്നതനുസരിച്ചിരിക്കും എത്രവേഗം കടൽ നീന്തി കടക്കാനാകും എന്നത്. നമ്മൾ തോൽക്കില്ല, അതുറപ്പാണ്. പക്ഷെ ജയിക്കാനെത്ര നാളെടുക്കും..?
(പ്രതിവാര അവലോകനത്തിൻ്റെ ആദ്യഭാഗമാണിത്. ഇതേപറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൂടി രേഖപ്പെടുത്തുമല്ലോ. )