· 6 മിനിറ്റ് വായന
05.4.2020 കോവിഡ് 19: Daily review
ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം രണ്ടരലക്ഷം അടുക്കുന്നു.
ലോകമാകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 12 ലക്ഷം കടന്നു. മരണസംഖ്യ 65,000 അടുക്കുന്നു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് എൺപതിനായിരത്തിൽ പരം കേസുകൾ. ഇന്നലെ മാത്രം മരണസംഖ്യ 5,500 കടന്നു.
അമേരിക്കയിൽ മരണസംഖ്യ 8,000 കടന്നു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് ആയിരത്തിൽ കൂടുതൽ മരണങ്ങൾ. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട മുപ്പത്തയ്യായിരത്തോളം കേസുകൾ ഉൾപ്പെടെ ആകെ കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.
രോഗികളുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് സ്പെയിൻ. സ്പെയിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏഴായിരത്തോളം കേസുകളും 750 ഓളം മരണങ്ങളും. ഇതുവരെ ആകെ ഒന്നേകാൽ ലക്ഷത്തിലധികം കേസുകളിൽ നിന്നും പന്ത്രണ്ടായിരത്തോളം മരണങ്ങൾ. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും നേരിയ കുറവ് കണ്ടുവരുന്നുണ്ട്.
ഇറ്റലിയിൽ മരണസംഖ്യ 15,000 കടന്നു. തുടർച്ചയായ ആറാം ദിവസവും പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം അയ്യായിരത്തിൽ താഴെ നിൽക്കുന്നു. പ്രതിദിന മരണസംഖ്യയിലും കാര്യമായ കുറവുകൾ കണ്ടുവരുന്നു. ഇന്നലെ മരണസംഖ്യ 700 – ൽ താഴെ വന്നു. ഇതുവരെ ആകെ ഒന്നേകാൽ ലക്ഷത്തോളം കേസുകളിൽ നിന്ന് 15,300 ലധികം മരണങ്ങൾ.
ഫ്രാൻസിൽ ഇന്നലെയും മരണസംഖ്യ ആയിരത്തിന് മുകളിൽ. ഇതുവരെ 90,000 ത്തോളം കേസുകളിൽ നിന്ന് 7500 ലധികം മരണങ്ങൾ.
ജർമ്മനിയിൽ കേസുകളുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു. മരണ നിരക്ക് താരതമ്യേന കുറവാണ്. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 160 ലധികം മരണങ്ങൾ ഉൾപ്പെടെ ആകെ 96,000 ലധികം കേസുകളിൽ നിന്ന് 1500 ൽ താഴെ മരണങ്ങൾ.
ഇംഗ്ലണ്ടിൽ മരണസംഖ്യ നാലായിരത്തിന് മുകളിലെത്തി. ഇന്നലെ സംഭവിച്ച എഴുനൂറിലധികം മരണങ്ങൾ ഉൾപ്പെടെ ഇതുവരെ ആകെ 42,000 ത്തോളം കേസുകളിൽ നിന്ന് 4,300 ലധികം മരണങ്ങൾ.
മരണസംഖ്യയിൽ ചൈനയെ മറികടന്ന് ഇറാൻ. ഇതുവരെ ആകെ മരണസംഖ്യ 3,400 കടന്നു. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 55,000 കടന്നു.
തുർക്കി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഇരുപതിനായിരം കടന്നു. തുർക്കിയിൽ ഇതുവരെ 500 മരണങ്ങൾ. സ്വിറ്റ്സർലണ്ടിൽ 650 ലധികം.
പതിനായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലേക്ക് ബ്രസീലും പോർച്ചുഗലും കൂടി. ബെൽജിയം, നെതർലാൻഡ്സ്, തെക്കൻ കൊറിയ, ഓസ്ട്രിയ, കാനഡ എന്നീ രാജ്യങ്ങളിൽ പതിനായിരത്തിൽ കൂടുതൽ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ ബെൽജിയം, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ 1250 ൽ കൂടുതൽ മരണങ്ങൾ. ചൈനയിൽ പുതിയ കേസുകളുടേയും മരണങ്ങളുടെയും എണ്ണം വളരെ കുറവാണ്.
പാകിസ്ഥാനിൽ ഇതുവരെ 2,800 ലധികം കേസുകളിൽ നിന്ന് അമ്പതിൽ താഴെ മരണങ്ങൾ.
UAE- ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1,500 കഴിഞ്ഞു. റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾ 10.
ഖത്തർ- റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1,300 കടന്നു. മരണസംഖ്യ 3.
ബഹറിൻ- 700 ൽ താഴെ കേസുകളിൽ നിന്നും നാല് മരണങ്ങൾ.
കുവൈറ്റിൽ ആദ്യമരണം. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ അഞ്ഞൂറിൽ താഴെ.
ഒമാനിൽ രണ്ടാമത്തെ മരണം. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ മുന്നൂറിൽ താഴെ.
സൗദി അറേബ്യ- 2,200 ൽ താഴെ കേസുകളിൽ നിന്നും മുപ്പതോളം മരണങ്ങൾ.
3500ലധികം മരണങ്ങൾ നടന്ന ന്യൂയോർക്കിന് വെൻറിലേറ്റർ നൽകാമെന്ന സഹായ വാഗ്ദാനവുമായി ഓറിഗോണും ചൈനയും.
ഏപ്രിൽ 26 വരെ ലോക് ഡൗൺ നീട്ടാൻ സ്പെയിൻ.
ആരോഗ്യമുള്ളവർ മാസ്ക് ഉപയോഗിക്കേണ്ട കാര്യമില്ല എന്ന് വീണ്ടും അറിയിപ്പ് നൽകി ഓസ്ട്രേലിയൻ ഹെൽത്ത് അതോറിറ്റി.
രോഗമുക്തി നേടിയ ഗായിക പിങ്ക് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏഴരക്കോടിയിലധികം രൂപ നൽകുമെന്ന വാഗ്ദാനം.
ഡോക്ടർമാരും നഴ്സുമാരും അടങ്ങിയ 20 അംഗ മെഡിക്കൽ സംഘത്തെ ഇറ്റലിയിലേക്ക് സഹായത്തിന് അയച്ച് ഉക്രൈൻ.
ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 3600 കടന്നു. ഇന്നലെയും അറുന്നൂറോളം പുതിയ രോഗികളാണ് പോസിറ്റീവായി വന്നത്.
അവസാനത്തെ രണ്ട് ദിവസങ്ങളിൽ മാത്രം 1100 ലധികം പുതിയ രോഗികൾ
ഏറ്റവും അധികം രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. അവിടെയത് 600 കടന്നു. മരണം മുപ്പതിലധികവും.
ഡൽഹിയിലും തമിഴ്നാട്ടിലും 400 ന് മുകളിലാണ് രോഗികൾ. കേരളത്തിൽ 300 കടന്നു. 200 മുകളിൽ രോഗികൾ ഉള്ള സംസ്ഥാനങ്ങൾ മൂന്നാണ്. 100-ന് മുകളിൽ നാല് സംസ്ഥാനങ്ങളിലും.
ഇനിയും രോഗം റിപ്പോർട്ട് ചെയ്യപ്പെടാത്തത് 4 സംസ്ഥാനങ്ങളിൽ- നാഗാലാൻഡ്, മേഘാലയ, സിക്കിം, ത്രിപുര
ഇന്ത്യയിലാകെ മരണസംഖ്യ നൂറിനു തൊട്ടടുത്ത്.
കേരളത്തിൽ ഇന്നലെ 11 പുതിയ രോഗികൾ കൂടി. ഇതോടെ ആകെ രോഗികളുടെ എണ്ണം 306 ആയി. ഇതുവരെ 50 പേർക്ക് രോഗം മുക്തി നേടാനായി. ഇപ്പോൾ ചികിത്സയിലുള്ളത് 254 പേർ.
ആദ്യമായി കേന്ദ്ര ആരോഗ്യവകുപ്പ് രോഗബാധിതരുടെ പ്രായം അനുസരിച്ചുള്ള കണക്കുകൾ പുറത്തുവിട്ടു. രോഗബാധിതരുടെ 42 ശതമാനവും 21 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്. 17 ശതമാനം ആൾക്കാർ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ. 32% 41-നും 59- നും ഇടയിലും 9% 20 വയസ്സിൽ താഴെ പ്രായമുള്ളവരുമാണ്.
ഇന്ത്യയിൽ വാഹന നിർമാതാക്കളായ മാരുതി, മഹീന്ദ്ര, റ്റാറ്റ, ഭാരത് ഫോർജ് എന്നിവരോട് വെൻറിലേറ്ററുകളും അനുബന്ധ ഉപകരണങ്ങളും നിർമിക്കുന്നതിന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ ഗോകുൽദാസ്, shahi exports, അരവിന്ദ് വസ്ത്രനിർമാതാക്കളോട് ഗ്ലൗസും മറ്റ് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും നിർമ്മിക്കുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ പൊതുവേയുള്ള ആരോഗ്യമേഖലയിലെ പരിമിതികൾ കണക്കിലെടുത്ത് ലോക്ക് ഡൗൺ അവസാനിക്കുന്ന വേളയിൽ റിവേഴ്സ് ക്വാറൻ്റൈൻ പ്രാവർത്തികമാക്കുന്നതിനെ പറ്റി ഇപ്പൊഴേ ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. മുൻകൂട്ടി പ്ലാൻ ചെയ്തില്ലെങ്കിൽ പാളി പോകാൻ സാധ്യതയുള്ള ഒന്നാണെന്ന് തിരിച്ചറിഞ്ഞ് നേരത്തെ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് ഇക്കാര്യത്തിൽ അത്യാവശ്യമാണ്.
പ്രതിരോധമരുന്ന് എന്ന പേരിൽ ക്ലോറോക്വിൻ ഗുളികകൾ പ്രിസ്ക്രൈബ് ചെയ്യുന്ന ഡോക്ടർമാരും പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ചോദിക്കുന്നവർക്ക് എല്ലാം കൊടുക്കുന്ന മെഡിക്കൽ സ്റ്റോറുകളും ഓർക്കേണ്ടത് കൊറോണയേക്കാൾ ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു മരുന്നാണത് എന്നാണ്. അത് പൂർണമായും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു പ്രതിരോധമരുന്നല്ല. സർക്കാർ നിർദ്ദേശം പോലും ഹൈ റിസ്ക് സമ്പർക്കത്തിൽ വരുന്നവർക്ക് അവരുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം മാത്രം കൊടുക്കാനുള്ളതാണെന്നാണ്. വെറുതേ കഴിച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണമില്ലാ.
മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത അവസ്ഥയിൽ നല്ല ഭക്ഷണം കഴിക്കുകയും, പഴവർഗങ്ങളും പച്ചക്കറികളും ആവശ്യത്തിനതിൽ ഉൾപ്പെടുത്തുകയും ധാരാളം വെള്ളം കുടിക്കുകയും, ദുശ്ശീലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും, വ്യായാമം ചെയ്യുകയും ഒക്കെ ചെയ്താൽ തന്നെ സ്വാഭാവികമായ രോഗപ്രതിരോധശേഷി അതുപോലെ തന്നെ നിലനിൽക്കും. അതിനു പ്രത്യേകിച്ച് എന്തെങ്കിലും ഉത്തേജകമരുന്നിൻ്റെ ആവശ്യം തന്നെയില്ല.
പിന്നെ കൊവിഡിനെ പ്രതിരോധിക്കാൻ നമുക്കുള്ള ശാസ്ത്രീയമായ ഏക പ്രതിവിധി സാമൂഹിക അകലം പാലിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും മാത്രമാണ്. അത് കൃത്യമായി ചെയ്യുക.