· 8 മിനിറ്റ് വായന
06.4.2020 കോവിഡ് 19: Daily review
രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് ലക്ഷത്തിഅറുപതിനായിരം കടന്നു.
ന്യൂയോർക്കിലെ മൃഗശാലയിൽ ഒരു കടുവയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വാർത്ത. ഒരു വന്യ ജീവിയിൽ ഇതാദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതിനു മുൻപ് ഒരു വളർത്ത് പൂച്ചയിലും വളർത്ത് നായയിലും റിസൾട്ട് പോസിറ്റീവ് ആയിരുന്നു. ഈ വളർത്തുമൃഗങ്ങളിൽ കാര്യമായ രോഗലക്ഷണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.
കോവിഡ്- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശുപത്രിയിൽ അഡ്മിറ്റ് ആയി.
ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നും ആശ്വാസകരമായ ചില വാർത്തകൾ. ജർമനിയിൽ കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു, മരണ നിരക്ക് താരതമ്യേന വളരെ കുറവാണ്.
ഇറ്റലിയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയിൽ ഏറ്റവും കുറവ് മരണസംഖ്യ രേഖപ്പെടുത്തിയ ദിവസം, ഇന്നലെ 525 മരണങ്ങൾ മാത്രം. തുടർച്ചയായ ഏഴാം ദിവസവും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം അയ്യായിരത്തിൽ താഴെ. ഇതുവരെ ആകെ ഒന്നേകാൽ ലക്ഷത്തിലധികം കേസുകളിൽ നിന്നും 15,800 ലധികം മരണങ്ങൾ.
കുറെ ദിവസങ്ങൾക്കുശേഷം സ്പെയിനിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 5,500 ൽ താഴെയും പ്രതിദിന മരണസംഖ്യ 700 ൽ താഴെയും എത്തി. ഇതുവരെ ആകെ 1,32,000 ഓളം കേസുകളിൽ നിന്ന് 12,500 ലധികം മരണങ്ങൾ.
ഫ്രാൻസിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം മൂവായിരത്തിൽ താഴെ, മരണസംഖ്യ 518. ഇതുവരെ ആകെ 92,000 ലധികം കേസുകളിൽ നിന്ന് 8,000 ലധികം മരണങ്ങൾ.
ജർമ്മനിയിൽ ഇപ്പോഴും കുറഞ്ഞ മരണനിരക്ക് തുടരുന്നു. ഒരുലക്ഷത്തിലധികം കേസുകളിൽ നിന്നും 1,500 ലധികം മരണങ്ങൾ. ഉയർന്ന നിരക്കിലുള്ള പരിശോധന സംവിധാനങ്ങളും, മികച്ച ക്രിട്ടിക്കൽ കെയർ ചികിത്സാ സൗകര്യങ്ങളും, നല്ല രീതിയിൽ പ്രായോഗികമാക്കി റിവേഴ്സ് ക്വാറന്റൈനും ജർമ്മനിയിലെ മികച്ച റിസൾട്ടിന് കാരണമാണ് എന്ന് വിലയിരുത്തപ്പെടുന്നു.
സ്വിറ്റ്സർലാൻഡിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ആയിരത്തിൽ നിന്നും 600 ൽ താഴേക്ക് എത്തി. ഇതുവരെ 21,000 ലധികം കേസുകളിൽ നിന്ന് 715 മരണങ്ങൾ.
ഓസ്ട്രേലിയയിലും പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 കേസുകൾ. ഇതുവരെ 5,750 കേസുകളിൽ നിന്നും 40 ൽ താഴെ മരണങ്ങൾ.
ചൈനയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വളരെ കുറവ്. ഇതുവരെ ആകെ 82,000 ൽ താഴെ കേസുകളിൽ നിന്ന് 3,300 ലധികം മരണങ്ങൾ.
തെക്കൻ കൊറിയയിൽ ഇതുവരെ പതിനായിരത്തിലധികം കേസുകളിൽ നിന്നും ഇരുനൂറിൽ താഴെ മരണങ്ങൾ.
ലോകമാകെ പരിഗണിച്ചാൽ പ്രതിദിനം പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും നേരിയ കുറവുണ്ട്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 71,000 ലധികം കേസുകളും 4,750 ഓളം മരണങ്ങളും. ഇതുവരെ ആകെ 12,73,000 ഓളം കേസുകളിൽ നിന്ന് 69,000 ലധികം മരണങ്ങൾ.
അമേരിക്കയിൽ ഇന്നലെ 25,000 ലധികം കേസുകളും ആയിരത്തിലധികം മരണങ്ങളും. കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്താൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ കുറവുണ്ട്. ഇതുവരെ ആകെ 3,36,000 ലധികം കേസുകളിൽ നിന്ന് 9,600 ലധികം മരണങ്ങൾ.
ഇംഗ്ലണ്ടിൽ പുതിയ കേസുകളും മരണങ്ങളും കൂടുകയാണ്. ഇന്നലെ മാത്രം ആറായിരത്തോളം കേസുകളും അറുനൂറിലധികം മരണങ്ങളും. ഇതുവരെ ആകെ നാൽപ്പത്തെണ്ണായിരത്തോളം കേസുകളിൽനിന്ന് അയ്യായിരത്തോളം മരണങ്ങൾ.
തുർക്കി, കാനഡ, ബെൽജിയം, നെതർലാൻഡ്സ്, ബ്രസീൽ, പോർച്ചുഗൽ, ഇന്ത്യ, റഷ്യ എന്നിവിടങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കൂടി വരികയാണ്.
ഇറാനിൽ ഇന്നലെയും രണ്ടായിരത്തി അഞ്ഞൂറോളം പുതിയ കേസുകളും 150 മരണങ്ങളും. ഇതുവരെ ആകെ 58,000 കേസുകളിൽ നിന്നും 3,600 ലധികം മരണങ്ങൾ.
പാകിസ്ഥാനിൽ ഇതുവരെ 3,200 ഓളം കേസുകളിൽ നിന്ന് അമ്പതിൽ താഴെ മരണങ്ങൾ.
UAE, 1800 ഓളം കേസുകളിൽ നിന്ന് 10 മരണങ്ങൾ.
ബഹ്റിനിൽ ഇതുവരെ 700 കേസുകളിൽനിന്ന് 4 മരണങ്ങൾ.
കുവൈറ്റിൽ 550 ലധികം കേസുകളിൽനിന്ന് ഒരു മരണം
ഒമാനിൽ മുന്നൂറോളം കേസുകളിൽനിന്ന് രണ്ട് മരണങ്ങൾ.
മുൻ ലിബിയൻ റിബൽ ഗവൺമെൻറ് തലവൻ മഹമൂദ് ജിബ്രീൽ കോവിഡ് ബാധ മൂലം അന്തരിച്ചു.
പ്രശസ്ത അമേരിക്കൻ നാഷണൽ ഫുട്ബോൾ ലീഗ് താരമായിരുന്ന ടോം ഡെംപ്സി കോവിഡ് മൂലം അന്തരിച്ചു.
ന്യൂയോർക്ക് സിറ്റിയിൽ വെന്റിലേറ്ററുകൾ പോരാതെ വരുമെന്ന് മേയർ.
ന്യൂയോർക്കിലേക്ക് 26 ലക്ഷം മാസ്കുകളും 2000 വെന്റിലേറ്ററുകളും നൽകാൻ തയ്യാറെടുത്ത് ചൈനീസ് വ്യവസായ പ്രമുഖരായ Jack Ma & Joe Tsai.
കോവിഡ് പ്രതിരോധത്തിനായി ഏഴര കോടിയിലധികം രൂപ സംഭാവന ചെയ്യും എന്ന് പ്രശസ്ത ബാസ്കറ്റ്ബോൾ താരം Joel Embiid.
രാജ്യത്തിൻറെ പല ഭാഗങ്ങളിൽ മെഡിക്കൽ സൗകര്യങ്ങൾ എത്തിക്കാനായി ചെക്ക് റിപ്പബ്ലിക്കിൽ മുന്നൂറോളം പൈലറ്റുകളുടെ കൂട്ടായ്മ രൂപീകരിച്ചു. ഇവരുടെ സ്വകാര്യ വിമാനങ്ങളിൽ ആശുപത്രി ഉപകരണങ്ങൾ വിതരണം ചെയ്യും.
ന്യൂയോർക്കിലും ലോസ് ഏഞ്ചൽസിലും നങ്കൂരമിട്ടിരിക്കുന്ന നേവി ഹോസ്പിറ്റൽ ഷിപ്പുകളിൽ കോവിഡ് രോഗികൾക്ക് കൂടി ചികിത്സ നൽകാൻ ആലോചന.
ഐറിഷ് പ്രധാന മന്ത്രി ലിയോ വരാദ്കർ തൻറെ പ്രൊഫഷൻ ആയിരുന്ന വൈദ്യവൃത്തിയിലേക്ക് ഭാഗികമായി തിരിച്ചുപോകുന്നു. ഏഴു വർഷം മുൻപ് വരെ പ്രാക്ടീസ് ചെയ്തിരുന്ന ഫിസിഷ്യനായിരുന്നു.
ഇറ്റലിയിൽ ലൊമ്ബാർഡിയിൽ ജനങ്ങളോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട് സർക്കാർ.
ജയിലുകളിൽ കോവിഡ് പകർച്ച ഉണ്ടാകാതിരിക്കാൻ രണ്ടായിരത്തിലധികം പേരെ ജയിൽ വിമോചിതരാക്കി ശ്രീലങ്ക.
ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 4200 ന് മുകളിലായി. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് അറുനൂറിലധികം പുതിയ രോഗികൾ. ഇത്രയും അധികം രോഗികൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യം.
ഇന്നലെ മാത്രം ഇരുപതിലധികം മരണങ്ങൾ. ഇതുവരെ മരിച്ചത് 120 ഓളം പേർ.
മഹാരാഷ്ട്രയിൽ ആകെ രോഗികൾ 750-നടുത്ത്. തമിഴ്നാടും ഡൽഹിയും 500 നു മുകളിൽ. കേരളവും തെലങ്കാനയിലും 300 നു മുകളിൽ. ഇരുന്നൂറിനു മുകളിൽ കേസുകൾ ഉള്ളത് മൂന്ന് സംസ്ഥാനങ്ങളിൽ. നൂറിനു മുകളിലുള്ളത് നാല് സംസ്ഥാനങ്ങളിൽ.
ഇന്ത്യയിൽ ആദ്യത്തെ 500 രോഗികളിലേക്കെത്താൻ നമ്മൾ 55 ദിവസമെടുത്തു. അടുത്ത അഞ്ചു ദിവസം കൊണ്ടത് ആയിരമായി. തുടർന്നുള്ള നാല് ദിവസം കൊണ്ട് 2000 കടന്നു. 2000 ൽ നിന്ന് 4000 എത്താൻ പിന്നെ മൂന്നു ദിവസം മാത്രമാണ് എടുത്തത്.
ചില സംസ്ഥാനങ്ങളിൽ, നിസാമുദ്ദീൻ സംഭവത്തിനു ശേഷമുണ്ടായ കേസുകളുടെ വർദ്ധനവ് ആശങ്കാജനകമാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, തെലങ്കാന, രാജസ്ഥാൻ, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽ ടെസ്റ്റുകളുടെ എണ്ണം അധികം കൂട്ടാതെ തന്നെ രോഗികളുടെ എണ്ണം കൂടുന്ന സ്ഥിതിവിശേഷമാണുള്ളത്. ഈ സംസ്ഥാനങ്ങളിൽ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
നിലവിൽ വ്യാപകമായി ടെസ്റ്റുകൾ നടത്താതെ സാമൂഹ്യ വ്യാപനം ഇല്ല എന്ന് ആവർത്തിക്കുന്നതിൽ വലിയ കഴമ്പില്ല എന്നാണ് തോന്നുന്നത്. അതേ സമയം കേരളത്തിൽ സമൂഹവും അധികാരികളും കാണിച്ച സംയമനവും പ്രയത്നവും രോഗ വ്യാപനം കുറയ്ക്കുന്നതിൽ നമ്മെ സഹായിച്ചു എന്ന് അനുമാനിക്കാവുന്ന നിലയ്ക്കാണ് സൂചനകൾ. ഇവിടെ മറ്റുള്ള ഇടങ്ങളേക്കാൾ കൂടുതൽ ടെസ്റ്റുകൾ നടന്നിട്ടുണ്ടെന്നതെങ്കിലും ആശാവഹമായ കാര്യമാണ്.
ഒഡീഷയിലെ ഗഞ്ചാം ജില്ലയിൽ മാസ്കോ മുഖം മൂടുന്ന കർച്ചീഫോ ഇല്ലാതെ പുറത്തിറങ്ങുന്നവർക്ക് പിഴ ഏർപ്പെടുത്തി. വൈറസിനെ കാര്യക്ഷമമായി ചെറുക്കാൻ N95 മാസ്കോ 3 layer സർജിക്കൽ മാസ്കോ വേണമെന്നിരിക്കെ തുണി മാസ്കുകളുടെ ഉപയോഗം നിയമംമൂലം നിർബന്ധമാക്കുന്നത് ശരിയായതോ ശാസ്ത്രീയമായതോ ആയ കാര്യമാണെന്ന് തോന്നുന്നില്ല. ഇത്തരം കാര്യങ്ങളിൽ രാജ്യത്തിനു മൊത്തമായി ശാസ്ത്രീയമായ ഒരു പ്രോട്ടോക്കോൾ ഉണ്ടായിരിക്കുന്നത് നല്ലതാണ്.
ഇന്നലെ പ്രധാനമന്ത്രിയുടെ ആഹ്വാനം മൂലം നടത്തിയ പ്രതീകാത്മകമായ പ്രകാശം തെളിയിക്കൽ പ്രക്രിയയുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കാതെ വീണ്ടും ചിലയിടങ്ങളിലെങ്കിലും ജനങ്ങൾ ഒരുമിച്ചുകൂടി പന്തം തെളിച്ചു പുറത്തിറങ്ങി നടക്കുന്ന ദൃശ്യങ്ങൾ കണ്ടു. ജയ്പൂരിൽ തീപിടുത്തം ഉണ്ടായതായും വാർത്ത കണ്ടു. ഉദ്ദേശലക്ഷ്യങ്ങൾ മനസ്സിലാക്കാതെയുള്ള ഇത്തരം സംഭവങ്ങൾ ആശങ്കാജനകമാണ്. കൃത്യമായ സന്ദേശങ്ങൾ ലളിതമായി ജനങ്ങളിൽ എത്തിത്തുകയാണ് ഉചിതം.
കേരളത്തിൽ ഇന്നലെ 8 പുതിയ രോഗികളാണ് ഉണ്ടായത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 314 ആയി. 56 പേർ ഇതിനകം രോഗമുക്തി നേടി. ഇപ്പോൾ ചികിത്സയിലുള്ളത് 256 പേർ.
നിലവിൽ കേരളത്തിലെ ട്രെൻഡ് ആശാവഹമാണ്. പക്ഷെ ലോക്ക് ഡൗൺ പിൻവലിക്കുമ്പോൾ അത്യധികം ശ്രദ്ധ നാം ചെലുത്തിയില്ലെങ്കിൽ അല്പം സമയം കൊണ്ട് നാം നേടിയ മുൻതൂക്കം കൈവിട്ടു പോയേക്കാം. കർശന നിയന്ത്രണങ്ങളോടെ ഘട്ടം ഘട്ടമായി മാത്രം ലോക്ക് ഡൗൺ പിൻവലിക്കുന്നതാവും ഉചിതം.
അതിനിടയിൽ കേരളത്തിൽ വേനൽ മഴയും എത്തി. കൊറോണ പുതുതായി വന്ന വില്ലൻ ആയതു കൊണ്ട് നാം കൂടുതൽ ചർച്ച ചെയ്യുന്നു, എന്നാൽ മഴക്കാലത്ത് പൊന്തി വരുന്ന പഴയ വില്ലന്മാരൊക്കെ ഇവിടൊക്കെ തന്നെ പതുങ്ങി ഇരിപ്പുണ്ടെന്നത് ഓർമ്മ വേണം, ജാഗ്രത വേണം.
കൊതുകിന്റെ പ്രജനനം കൂടിയാൽ ഡെങ്കി, ചിക്കൻ ഗുനിയ തുടങ്ങിയവ ഭീഷണി ആയി ഉയരും. ഡെങ്കി കൊതുകിന് വളരാൻ ഒരു സ്പൂണിൽ കൊള്ളുന്ന വെള്ളം തന്നെ ധാരാളമാണ്. അതിനാൽ വീടിനും പരിസരത്തും വെള്ളം കെട്ടിക്കിടന്നു കൊതുകു പെരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ എല്ലാം ഇല്ലാതാക്കണം. റബർ വിളയിലെ ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, ടയറുകൾ, ചെരുപ്പുകൾ, സൺഷെയ്ഡിൽ കെട്ടിനിൽക്കാൻ സാധ്യതയുളള വെള്ളം, ഫ്രിഡ്ജിന് താഴെയുള്ള ട്രെയിലെ വെള്ളം, പൂച്ചട്ടിയിൽ കെട്ടിനിൽക്കുന്ന വെള്ളം ഒക്കെ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കൊതുകുകടി കൊള്ളാതിരിക്കാനുള്ള വ്യക്തിഗത സുരക്ഷാ മാർഗങ്ങളും സ്വീകരിക്കണം.