08.4.2020 കോവിഡ് 19: Daily review
വുഹാനിൽ 11 ആഴ്ച നീണ്ടുനിന്ന ലോക്ക് ഡൗൺ പിൻവലിച്ചു. ജനുവരി മുതൽ കോവിഡ് 19 മൂലം ചൈനയിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ആദ്യ ദിവസം.
ലോകമാകെ രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.
ഇറ്റലിയിൽ മരണസംഖ്യ 17,000 കടന്നു. സ്പെയിനിൽ മരണസംഖ്യ 14,000 കടന്നു. അമേരിക്കയിൽ മരണസംഖ്യ 12,000 കടന്നു. ഫ്രാൻസിൽ മരണസംഖ്യ 10,000 കടന്നു. ബ്രിട്ടനിൽ മരണസംഖ്യ 6,000 കടന്നു. ജർമ്മനി, ബെൽജിയം, നെതർലൻഡ്സ് എന്നിവിടങ്ങളിൽ മരണസംഖ്യ 2,000 കടന്നു.
ഇറ്റലിയിൽ പുതിയ കേസുകളുടെ എണ്ണം തുടർച്ചയായ ദിവസങ്ങളിൽ കുറഞ്ഞുവരികയാണ്. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3,000 കേസുകൾ മാത്രം, മരണസംഖ്യ 600 ലധികം. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 1,35,000 കടന്നു.
സ്പെയിനിലും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നു. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് അയ്യായിരത്തിൽപ്പരം കേസുകളും 700 ൽപരം മരണങ്ങളും. ഇതുവരെ ആകെ 1,42,000 ഓളം കേസുകൾ.
ജർമനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് നാലായിരത്തിലധികം കേസുകളും ഇരുന്നൂറിൽ പരം മരണങ്ങളും. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1,07,000 കടന്നു.
ഇംഗ്ലണ്ടിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം താരതമ്യേന കുറവാണ്. ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 3,600 ലധികം കേസുകൾ, മരണങ്ങൾ 800 ഓളം. ഇതുവരെ ആകെ 55,000 ലധികം കേസുകൾ.
ഇറാനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് രണ്ടായിരത്തിലധികം കേസുകളും നൂറിലധികം മരണങ്ങളും. ഇതുവരെ ആകെ 62,000 ലധികം കേസുകളിൽ നിന്നും 3,900 ഓളം മരണങ്ങളും.
ഫ്രാൻസിൽ ആകെ കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കൂടുതൽ ആണ്. ഫ്രാൻസിൽ ഇന്നലെ മാത്രം പതിനായിരത്തിൽ കൂടുതൽ പുതിയ കേസുകളും ആയിരത്തിലധികം മരണങ്ങളും.
അമേരിക്കയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 30,000 ലധികം കേസുകളും രണ്ടായിരത്തിൽ താഴെ മരണങ്ങളും. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4 ലക്ഷത്തോളം കേസുകൾ.
ബ്രസീൽ, തുർക്കി, റഷ്യ, കാനഡ, ബെൽജിയം എന്നീ രാജ്യങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഗണ്യമായി കൂടിവരികയാണ്.
ലോകമാകെ ഇതുവരെ പതിനാലേകാൽ ലക്ഷത്തിൽ പരം കേസുകളിൽ നിന്നും 82,000 ഓളം മരണങ്ങൾ.
പാക്കിസ്ഥാനിൽ ഇതുവരെ നാലായിരത്തിലധികം കേസുകളിൽ നിന്ന് അറുപതിൽ താഴെ മരണങ്ങൾ.
സൗദി അറേബ്യയിൽ 2,800 ഓളം കേസുകളിൽ നിന്ന് 40 ലധികം മരണങ്ങൾ.
UAE, 2300 ലധികം കേസുകളിൽ നിന്ന് 12 മരണങ്ങൾ.
ഖത്തറിൽ ഇതുവരെ രണ്ടായിരത്തിലധികം കേസുകളിൽ നിന്ന് 6 മരണങ്ങൾ.
ബഹ്റിനിൽ എണ്ണൂറിലധികം കേസുകളിൽനിന്ന് 5 മരണങ്ങൾ.
കുവൈറ്റിൽ 750 ഓളം കേസുകളിൽ നിന്ന് ഒരു മരണം.
മെഡിക്കൽ സൗകര്യങ്ങൾ വേണമെന്ന ആവശ്യവുമായി പ്രതിഷേധം ഉയർത്തിയ ഡോക്ടർമാരെ പാക്കിസ്ഥാനിൽ അറസ്റ്റ് ചെയ്തു എന്ന് വാഷിംഗ്ടൺ പോസ്റ്റ് വാർത്ത.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ യാത്ര ചെയ്തതിനാൽ ന്യൂസിലൻഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാർക്കിനെ ക്യാബിനറ്റ് റാങ്കിൽ നിന്ന് തരം താഴ്ത്തി.
ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 5300 ന് മുകളിലാണ്. ഇന്നലെ മാത്രം അറുന്നൂറോളം പുതിയ രോഗികൾ.
ഇതിനകം 450-ലധികം ആൾക്കാർക്ക് രോഗം പൂർണമായും ഭേദമായി
മരണ സംഖ്യ 160 കടന്നു.
ഏറ്റവുമധികം കേസുകൾ ഉള്ളത് മഹാരാഷ്ട്രയിലാണ്. ആയിരത്തിനു മുകളിൽ. അറുപതിലധികം മരണങ്ങളും.
കേരളത്തിൽ പുതുതായി 9 രോഗികൾ കൂടി. നിലവിൽ ചികിത്സയിലുള്ളത് 261 പേർ. ഇതിനകം 71 പേർ രോഗമുക്തി നേടി.
തമിഴ്നാട്ടിൽ 700-നടുത്ത് രോഗികളുണ്ട്. ഡൽഹിയിൽ അറുന്നൂറോളവും. തെലുങ്കാന 400 കടന്നു. മുന്നൂറിലധികം രോഗികൾ ഉള്ള സംസ്ഥാനങ്ങൾ നാലെണ്ണമാണ്- രാജസ്ഥാൻ, കേരളം, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്.
ഇന്ത്യയിൽ മുംബൈയിൽ അമ്പതിലധികം നഴ്സുമാരും കുറച്ചധികം ഡോക്ടർമാരും രോഗബാധിതരായത് നമ്മളറിഞ്ഞു. അതുപോലെ തന്നെ ഭോപ്പാലിൽ 15-ഓളം ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചു. അവിടെ 170 രോഗികളിൽ 15 ലധികം ആരോഗ്യ പ്രവർത്തകരാണ്. അതായത് ആകെ രോഗികളുടെ 10 ശതമാനം. വിദേശരാജ്യങ്ങളിലൊക്കെ ആരോഗ്യപ്രവർത്തകർ രോഗബാധിതരാവുന്നത് സാമൂഹ്യവ്യാപനത്തിൻ്റെ ഘട്ടം കടന്നതിനു ശേഷമാണ്.
നമുക്കിവിടെ അങ്ങനെ ഒരു ഘട്ടം ഉണ്ടായിട്ടില്ല എന്ന് ഗവൺമെൻറ് ഉറപ്പിച്ചുപറയുന്നു, അതറിയാനുള്ള ടെസ്റ്റുകൾ പോലും നമ്മൾ ചെയ്തിട്ടില്ല എന്നത് മറന്നുകൊണ്ടു തന്നെ. ഒരു പ്രദേശത്ത് 10 ശതമാനത്തിലധികം രോഗികളും ആരോഗ്യ പ്രവർത്തകർ തന്നെ ആകുന്നത് ആരോഗ്യമേഖല എത്രത്തോളം ദുർബലമാണ്, അല്ലെങ്കിൽ എത്ര ലാഘവത്തോടെയാണ് ആരോഗ്യ പ്രവർത്തകരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നത് എന്നതിൻ്റെയൊക്കെ ഉത്തമ സൂചികയാണ്
ഇന്ത്യയിൽ കൊവിഡ് കാരണം മരിക്കുന്നവരുടെ ശരാശരി പ്രായം 60 വയസ്സ് ആണെന്നാണ് നിലവിലുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഇറ്റലിയിൽ ഒക്കെ ഇത് ശരാശരി 80 വയസ്സ് ആണ്.
പക്ഷേ 40 വയസ്സിൽ താഴെയുള്ളവരുടെ മരണങ്ങൾ 0.4% മാത്രമാണ്. മാത്രമല്ല ആകെ കേസ് ഫേറ്റാലിറ്റി റേറ്റ് 3% വും ആണ്. ഇതൊക്കെ ലോകത്തോട് താരതമ്യം ചെയ്യുമ്പോൾ (CFR >5% globally) അല്പം താഴെയാണ് എന്നുള്ളത് ആശാവഹമാണ്. പക്ഷേ കൂടുതൽ രോഗികൾ ഉണ്ടാകുമ്പോൾ ഇപ്പോഴുള്ള ട്രെൻഡ് മാറാനുള്ള സാധ്യത മറക്കരുത്.