09.4.2020 കോവിഡ് 19: Daily review
അസുഖം ബാധിച്ചവരുടെ എണ്ണം 15 ലക്ഷം കടന്നു. മരണസംഖ്യ 88,000 കടന്നു
രോഗമുക്തി നേടിയവരുടെ എണ്ണം മൂന്നേകാൽ ലക്ഷം കടന്നു.
ഇറ്റലിയിൽ ഇന്നലെയും നാലായിരത്തിൽ താഴെ പുതിയ കേസുകൾ, ഇന്നലെ മാത്രം 550 ഓളം മരണങ്ങൾ. ഇതുവരെ ആകെ 1,40,000 ഓളം കേസുകളിൽ നിന്ന് 17,500 ലധികം മരണങ്ങൾ.
സ്പെയിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് അയ്യായിരത്തിൽപ്പരം കേസുകളും 700 ൽപരം മരണങ്ങളും. ഇതുവരെ ആകെ 1,48,000 ഓളം കേസുകൾ, മരണസംഖ്യ 15,000 അടുക്കുന്നു.
ജർമനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് അയ്യായിരത്തിലധികം കേസുകളും മുന്നൂറിൽ പരം മരണങ്ങളും. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1,13,000 കടന്നു, മരണസംഖ്യ 2,300 കടന്നു.
ഇംഗ്ലണ്ടിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 5,400 ലധികം കേസുകൾ, മരണങ്ങൾ 900 ലധികം. ഇതുവരെ ആകെ 55,000 ലധികം കേസുകൾ, മരണസംഖ്യ 7,000 കടന്നു.
ഇറാനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് രണ്ടായിരത്തോളം കേസുകളും നൂറിലധികം മരണങ്ങളും. ഇതുവരെ ആകെ 65,000 ഓളം കേസുകളിൽ നിന്നും 4,000 ഓളം മരണങ്ങളും.
ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4,000 ഓളം പുതിയ കേസുകളും 500 ലധികം മരണങ്ങളും. ഇതുവരെ ആകെ 1,12,000 ഓളം കേസുകൾ, മരണസംഖ്യ 11,000 അടുക്കുന്നു.
അമേരിക്കയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 30,000 ലധികം കേസുകളും രണ്ടായിരത്തിൽ താഴെ മരണങ്ങളും. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4,30,000 ലധികം കേസുകൾ, മരണസംഖ്യ 15,000 അടുക്കുന്നു.
പാക്കിസ്ഥാനിൽ ഇതുവരെ 4,200 ലധികം കേസുകളിൽ നിന്ന് 61 മരണങ്ങൾ.
സൗദി അറേബ്യയിൽ 3,000 ഓളം കേസുകളിൽ നിന്ന് 41 ലധികം മരണങ്ങൾ.
UAE, 2700 ഓളം കേസുകളിൽ നിന്ന് 12 മരണങ്ങൾ.
ഖത്തറിൽ ഇതുവരെ രണ്ടായിരത്തിലധികം കേസുകളിൽ നിന്ന് 6 മരണങ്ങൾ.
ബഹ്റിനിൽ എണ്ണൂറിലധികം കേസുകളിൽനിന്ന് 5 മരണങ്ങൾ.
കുവൈറ്റിൽ 850 ഓളം കേസുകളിൽ നിന്ന് ഒരു മരണം.
മിയാമി ബീച്ച് കൺവെൻഷൻ സെൻറർ 450 ബെഡ്ഡുകളും 50 ഐസിയു ബെഡ്ഡുകളും ഉൾപ്പെട്ട ആശുപത്രിയാക്കി മാറ്റാൻ ആലോചിച്ച് ഫ്ലോറിഡ.
വാഹന നിർമ്മാതാക്കളായ ജനറൽ മോട്ടോഴ്സിൽ നിന്നും മുപ്പതിനായിരം വെൻറിലേറ്ററുകൾ വാങ്ങാൻ അമേരിക്ക. ഒരെണ്ണത്തിന് വില 17,000 ഡോളർ.
ഗാർഡനിംഗ് വസ്ത്രങ്ങൾ നിർമ്മിച്ചു കൊണ്ടിരുന്ന ഫാക്ടറിയിൽ സർജിക്കൽ മാസ്ക് നിർമ്മാണം ആരംഭിച്ച് കെനിയ. ഒരു ദിവസം ഒരു ലക്ഷം മാസ്കുകൾ നിർമ്മിക്കും. മെഡിക്കൽ ഉപകരണങ്ങൾക്കായി മറ്റു രാജ്യങ്ങളെ ആശ്രയിച്ചു വന്നിരുന്ന രാജ്യമായിരുന്നു.
കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 100 കോടി അമേരിക്കൻ ഡോളർ വാഗ്ദാനം ചെയ്ത് ട്വിറ്റർ സിഇഒ ജാക് ഡോഴ്സി.
ഏപ്രിൽ 26 വരെ അടിയന്തരാവസ്ഥ ദീർഘിപ്പിച്ച് പെറു.
ഏപ്രിൽ 15ന് ശേഷവും ലോക്ക് ഡൗൺ തുടരുമെന്ന് ഫ്രാൻസ്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാത്ത വാർത്താവിനിമയ വകുപ്പ് മന്ത്രി സ്റ്റെല്ല അബ്രഹാംസിന് രണ്ടുമാസത്തെ ശമ്പളമില്ലാത്ത നിർബന്ധിത അവധി നൽകി സൗത്ത് ആഫ്രിക്ക.
ഐസൊലേഷൻ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് ജിപിഎസ് ആങ്കിൾ ബ്രേസ് നിർബന്ധമാക്കുന്നതിനെ കുറിച്ച് ആലോചിച്ച് വെസ്റ്റേൺ ആസ്‌ട്രേലിയ.
ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 6000-ന് അടുത്തെത്തി. ഇന്നലെയും അറുന്നൂറോളം പുതിയ രോഗികൾ.
560-ഓളം പേർ ഇതിനകം രോഗമുക്തി നേടി
ഏറ്റവും അധികം രോഗികൾ ഉള്ളത് മഹാരാഷ്ട്രയിൽ. 1100 മുകളിൽ. എഴുപതിലധികം മരണങ്ങളും മഹാരാഷ്ട്രയിൽ.
തമിഴ്നാട്ടിൽ 750 ഓളം രോഗികൾ. ഡൽഹിയിൽ 600-ന് മുകളിൽ. തെലങ്കാനയിൽ 450-ന് മുകളിൽ. മുന്നൂറിലധികം രോഗികൾ ഉള്ള സംസ്ഥാനങ്ങൾ അഞ്ചെണ്ണമാണ്- രാജസ്ഥാൻ, ഉത്തർപ്രദേശ്,ആന്ധ്രപ്രദേശ്, കേരളം, മധ്യപ്രദേശ്.
കേരളത്തിൽ ഇന്നലെ പുതിയ 9 രോഗികൾ കൂടി. ഇതോടെ ആകെ രോഗികളുടെ എണ്ണം 345 ആയി. 84 പേർ ഇതിനകം രോഗമുക്തി നേടി. ഇപ്പോൾ ചികിത്സയിലുള്ളത് 259 പേർ.
ലോക്ക് ഡൗൺ 15 ദിവസം കഴിഞ്ഞ സ്ഥിതിക്ക് ഇനിയുള്ള ദിവസങ്ങൾ ലോക്ക് ഡൗണിൻ്റെ ഗുണങ്ങൾ അറിയാൻ ഉള്ള സമയമാണ്. പരമാവധി ഇൻകുബേഷൻ പിരീഡായ 14 ദിവസം കഴിഞ്ഞ്, 2 ദിവസമായിട്ടും കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവൊന്നും ഇല്ല. ടെസ്റ്റുകളുടെ എണ്ണം അധികം കൂടിയിട്ടില്ലെങ്കിലും കേസുകളുടെ എണ്ണം അങ്ങനെ തന്നെ തുടരുന്നത് നല്ല സൂചനയല്ലാ.
മുംബൈയിൽ സാമൂഹ്യവ്യാപനം ഉണ്ടായിട്ടുണ്ടെന്ന് തന്നെയാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. അവിടെ രോഗികൾ വന്നതുകാരണം രണ്ട് സ്വകാര്യ ആശുപത്രികൾ കൂടി അടക്കേണ്ടി വന്നു ഇന്നലെ. അവിടുള്ള ആരോഗ്യപ്രവർത്തകർ എല്ലാം ക്വാറൻ്റയിനിൽ പോകേണ്ടി വന്നിട്ടുണ്ട്.
നമ്മൾ പടപൊരുതുന്നത് ഒരു വൈറസിനെതിരേ ആണ്. അതും ലോകം മൊത്തം പടർന്നു പിടിച്ച ഭീകരനായ ഒരു വൈറസിനോട്. അതിനെ അറിവു കൊണ്ടും ശാസ്ത്രീയമായ സ്ട്രാറ്റജികൾ കൊണ്ടുമാണ് നേരിടേണ്ടത്. അതിനുവേണ്ട കൃത്യമായ മാർഗനിർദേശങ്ങൾ ലോകാരോഗ്യസംഘടനയും CDC പോലുള്ള ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളും നൽകുന്നുണ്ട്.
അതൊക്കെ പിന്തുടർന്നതുകൊണ്ടാണ് നമുക്കിവിടെ രോഗവ്യാപനം ഇത്രയും തടയാൻ കഴിഞ്ഞത്. അതിൽ നിന്നൊക്കെ വ്യതിചലിച്ചു കൊണ്ട് ശാസ്ത്രീയമല്ലാത്ത വഴികൾ തേടുന്നത് ഒരു വലിയ ദുരന്തത്തിൽ കലാശിക്കാൻ സാധ്യതയുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്ന് നമ്മൾ പഠിക്കേണ്ട വലിയ പാഠം കൃത്യമായ സമയത്ത്, ശരിയായ തീരുമാനങ്ങൾ എടുത്തില്ലെങ്കിൽ അത് ഓരോരുത്തരുടെയും വിധിയെ നിർണയിക്കുമെന്നാണ്. നമ്മൾ ഇപ്പോൾ ചെയ്യേണ്ടത് ശാസ്ത്രീയമായ പ്രതിരോധനടപടികൾ തുടരുകയും, കൂടുതൽ ടെസ്റ്റുകൾ നടത്തുകയും, ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുകയും, ആരോഗ്യ പ്രവർത്തകർക്ക് വേണ്ട വ്യക്തിഗത സുരക്ഷാ സാമഗ്രികൾ കൂടുതലായി ഏർപ്പാടാക്കി കൊടുക്കുകയും ഒക്കെയാണ്. അതിൽ നിന്ന് വ്യതിചലിച്ചു പോകുന്നത് അത് ശരിയായ പ്രവണതയല്ല.
അമേരിക്ക ആവശ്യപ്പെട്ട ഗുളിക എന്നതുകൊണ്ടുമാത്രം ക്ലോറോക്വിന് അമിതമായ ഗുണഫലങ്ങൾ ഉണ്ടാവില്ല. അത് ഡോക്ടർമാരും മനസ്സിലാക്കണം. ഇത് പൂർണ്ണമായും പഠനവിധേയമാക്കിയ ഒരു മരുന്നല്ല. അതിന് വൈറസിനെതിരെ ചില ഗുണങ്ങളുണ്ട് എന്നത് മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. അതുപോലെ തന്നെ ധാരാളം ദോഷഫലങ്ങളും കണ്ടെത്തിയിട്ടുണ്ട്. ടെലിമെഡിസിൻ വഴി ഈ ഗുളിക പ്രിസ്ക്രൈബ് ചെയ്യുന്നതും പ്രിസ്ക്രിപ്ഷൻ ഇല്ലാതെ തന്നെ മെഡിക്കൽ സ്റ്റോറുകാർ വിതരണം ചെയ്യുന്നതും ശരിയായ നടപടി അല്ല. ഈ ഗുളിക പൊതുജനങ്ങൾക്ക് കഴിക്കാനുള്ളതല്ല.