10.4.2020 കോവിഡ് 19: Daily review
ലോകത്തിൽ ആകെ അസുഖം ബാധിച്ചവരുടെ എണ്ണം 16 ലക്ഷം കടന്നു. മരണസംഖ്യ 95000 എത്തി.
രോഗമുക്തി നേടിയവരുടെ എണ്ണം മൂന്നര ലക്ഷം കഴിഞ്ഞു.
മരണസംഖ്യയിൽ അമേരിക്ക സ്പെയിനെ മറികടന്നു. അമേരിക്കയിൽ മരണസംഖ്യ 16,000 കടന്നു. സ്പെയിനിൽ മരണസംഖ്യ 15,000 കടന്നു. ഇറ്റലിയിൽ മരണസംഖ്യ 18,000 കടന്നു. ഫ്രാൻസിൽ മരണസംഖ്യ 12,000 കടന്നു. ഇറാനിൽ മരണസംഖ്യ 4,000 കടന്നു
ഇറ്റലിയിൽ രണ്ട് ദിവസമായി നാലായിരത്തിൽ താഴെ ആയിരുന്നു പുതിയ കേസുകൾ. ഇന്നലെ അത് വീണ്ടും നാലായിരം കടന്നു, 600 ലധികം മരണങ്ങൾ. ഇതുവരെ ആകെ 1,43,000 ഓളം കേസുകളിൽ നിന്ന് 18200 ലധികം മരണങ്ങൾ. 28470 ഓളം പേർ രോഗവിമുക്തി നേടി.
സ്പെയിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5,000 ത്തിൽ അധികം കേസുകളും 600 ലധികം മരണങ്ങളും. ഇതുവരെ ആകെ 1,50,000 ൽപരം കേസുകളിൽ നിന്നും മരണസംഖ്യ 15,000 ൽ കൂടുതൽ. രോഗമുക്തി നേടിയവരുടെ എണ്ണം 50,000 കടന്നു
ജർമനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2200 ൽ പരം കേസുകളും 100 ൽപരം മരണങ്ങളും. അതിന് മുൻപുള്ള ദിവസങ്ങളിലെ കണക്ക് അപേക്ഷിച്ച് കുറവുണ്ട്. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1,15,000 കടന്നു, മരണസംഖ്യ 2,450 കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 50,000 കടന്നു
യൂകെയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 4300 ൽ പരം കേസുകൾ. ഇന്നലെ മാത്രം മരണങ്ങൾ 880 തിലധികം. ഇതുവരെ ആകെ 65,000 ലധികം കേസുകൾ, മരണസംഖ്യ 8,000 നടുത്ത് മരണം.
ഇറാനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1600 ൽ പരം കേസുകളും നൂറിലധികം മരണങ്ങളും. ഇതുവരെ ആകെ 66,220 കേസുകളിൽ നിന്നും 4,110 മരണങ്ങൾ. രോഗമുക്തി നേടിയവരുടെ എണ്ണം 30,000 കടന്നു
ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4,700 ൽപരം പുതിയ കേസുകളും 1300 ലധികം മരണങ്ങളും. ഇതുവരെ ആകെ 1,17,000 ഓളം കേസുകൾ, മരണസംഖ്യ 12,000 ന് മുകളിൽ.
അമേരിക്കയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 30, 000 ലധികം കേസുകളും 1900 ഓളം മരണങ്ങളും. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4,60,000 ലധികം കേസുകൾ.
പാക്കിസ്ഥാനിൽ ഇതുവരെ 4,400 ലധികം കേസുകളിൽ നിന്ന് 65 മരണങ്ങൾ.
സൗദി അറേബ്യയിൽ 3,200 ലധികം കേസുകളിൽ നിന്ന് 44 മരണങ്ങൾ.
UAE, 3000 ഓളം കേസുകളിൽ നിന്ന് 14 മരണങ്ങൾ.
ഖത്തറിൽ ഇതുവരെ 2300 ലധികം കേസുകളിൽ നിന്ന് 6 മരണങ്ങൾ.
ബഹ്റിനിൽ 880 ലധികം. കേസുകളിൽനിന്ന് 5 മരണങ്ങൾ.
കുവൈറ്റിൽ 900 ലധികം കേസുകളിൽ നിന്ന് ഒരു മരണം.
കേസുകളുടെ എണ്ണത്തിൽ കാനഡ 20,000 കടന്നു. റഷ്യ 10,000 കടന്നു. തുർക്കി, ബെൽജിയം, ബ്രസീൽ, റഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ കേസുകൾ വർധിച്ചുവരികയാണ്.
സ്വിറ്റ്സർലൻഡ്, ആസ്‌ട്രിയ, ആസ്ട്രേലിയ, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നു.
11 ഇന്ത്യക്കാർ അമേരിക്കയിൽ കൊവിഡ് മൂലം മരണമടഞ്ഞു.
ഇറ്റലിയിൽ മരണമടഞ്ഞ ഡോക്ടർമാരുടെ മാത്രം എണ്ണം 100 ആയി.
സൗദി രാജകുടുംബത്തിലെ 150 ന് മുകളിൽ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൗദി രാജകുമാരൻ ഫൈസൽ ബന്ദർ ബിൻ അബ്‌ദുൾ അസീസ് അൽ സൗദ് ഐസിയുവിൽ അഡ്മിറ്റ് ആണ്.
ആശ്വാസകരമായ ഒരു വാർത്ത കൂടി, ഇറ്റലിയിൽ 2 മാസം പ്രായമുള്ള കുഞ്ഞും 107 വയസ്സ് പ്രായമുള്ള ഡച്ച് വൃദ്ധയും രോഗവിമുക്തമായി എന്നതാണ്.
യൂകെ പ്രധാനമന്ത്രി ബോറിസ് ജോൺസണിനെ ഐസിയുവിൽ നിന്നും മാറ്റി. ശ്വാസംമുട്ട് മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു ഐസിയുവിൽ അഡ്മിറ്റ് ചെയ്തിരുന്നത്.
രാജ്യം മുഴുവൻ അനിശ്ചിത കാലത്തേക്ക് ലോക്ക് ഡൌൺ പ്രഖ്യാപിച്ച് ഹംഗറി. ഇതുവരെ അവിടെ 980 കേസുകളും 66 മരണങ്ങളും ഉണ്ടായി.
ചൈന മുൻപ് രോഗമുക്തി നേടിയ ആളുകളുടെ സാമ്പിൾ ശേഖരിച്ചു വീണ്ടും ടെസ്റ്റ് ചെയ്തു തുടങ്ങി. രാജ്യത്ത് കൊവിഡ്ന്റെ സെക്കന്റ് വേവ് ഉണ്ടായിട്ടുണ്ടോ എന്ന് അറിയാനാണ് അത് ചെയ്യുന്നത്.
ചിക്കാഗോ ജയിലിൽ ഉദ്യോഗസ്ഥർക്കും തടവുകാർക്കും അടക്കം 450 പേർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്.
ഇന്ത്യയിൽ ഏറ്റവുമധികം പുതിയ രോഗികൾ ഉണ്ടായതും ഏറ്റവുമധികം മരണങ്ങൾ ഉണ്ടായതുമായ ദിവസമായിരുന്നു ഇന്നലെ. എണ്ണൂറിലധികം പുതിയ രോഗികളും 45-ന് മുകളിൽ മരണങ്ങളും ഒരു ദിവസത്തിൽ!
ആകെ രോഗികളുടെ എണ്ണം 6700 മുകളിലായി.
ഏറ്റവും അധികം രോഗികൾ ഉള്ളത് മഹാരാഷ്ട്രയിൽ. 1400-നടുത്ത്. ഏറ്റവുമധികം മരണങ്ങളും, നൂറിനടുത്ത്.
ആകെ മരണം 220 നു മുകളിൽ. ഇതുവരെ രോഗമുക്തി നേടിയത് 635 പേർ.
ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളുടെയും സ്ഥിതി വളരെ ഗുരുതരമാണ്. പ്രത്യേകിച്ചും ലോക്ക് ഡൗൺ 15 ദിവസം പിന്നിട്ട പശ്ചാത്തലത്തിൽ ഇത്രയധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് സാമൂഹ്യ വ്യാപനത്തിലേക്ക് നമ്മൾ പോയി കഴിഞ്ഞുവെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. ലോക്ക് ഡൗണിൽ എടുത്തതിനേക്കാൾ കൂടുതൽ കർശനമായ രീതിയിൽ നിയന്ത്രണങ്ങൾ വേണ്ടിവരും നമുക്കീ രോഗത്തെ പിടിച്ചു കെട്ടാൻ.
കേരളത്തിൽ ഇന്നലെ 12 പുതിയ രോഗികൾ കൂടി വന്നപ്പോൾ ആകെ രോഗികളുടെ എണ്ണം 357 ആയി. ഇതുവരെ 97 പേർക്ക് രോഗം മുക്തി നേടാനായി. നിലവിൽ 258 പേർ ചികിത്സയിലുണ്ട്.
ICMR-ൻ്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ 1,36,792 പേരെ ടെസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചകളിലായി ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ട് എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്
ജനസംഖ്യാനുപാതികമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടത്തിയ സംസ്ഥാനം ഡൽഹി യാണ്. 10 ലക്ഷം ജനത്തിന് 458.7 എന്നതാണ് നിലവിലെ കണക്ക്.
അതേസമയം ചെയ്ത ടെസ്റ്റുകളുടെ എണ്ണത്തിന് അനുസരിച്ച് ഏറ്റവും കുറവ് രോഗികളുണ്ടെന്ന് കണ്ടെത്തിയ സംസ്ഥാനം കേരളമാണ്.
ഇവിടെ പത്തുലക്ഷത്തിന് 358.4 ടെസ്റ്റുകളാണ് ചെയ്തത്. ആകെ രോഗികൾ 357 ആണ്. ഡൽഹിയിലത് 720 രോഗികളാണ്. നമ്മൾ ആദ്യമേ സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങൾ എത്രത്തോളം ഫലപ്രദമായിരുന്നു എന്നതിൻ്റെ സൂചനയാണിത്.
ഇന്ത്യയിൽ ഏറ്റവും കുറവ് ടെസ്റ്റുകൾ ചെയ്യുന്ന സംസ്ഥാനം പശ്ചിമബംഗാൾ ആണ്. 19.1 tests/million population.
അതേസമയം വളരെ കുറച്ചുമാത്രം ടെസ്റ്റുകൾ ചെയ്യുകയും (94.2 tests/million) ഏറ്റവുമധികം രോഗികളെ കണ്ടെത്തുകയും (834 രോഗികൾ) ചെയ്തത് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട് ആണ്.
അവിടുത്തെയെല്ലാം യഥാർത്ഥ സ്ഥിതി തികച്ചും ആശങ്കപ്പെടുത്തുന്നതാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. തമിഴ്നാടും ഉത്തരേന്ത്യയും സാമൂഹ്യ വ്യാപനത്തിലേക്ക് പോയിട്ടുണ്ടാകും എന്നുതന്നെയാണ് കണക്കുകൾ നൽകുന്ന സൂചനകൾ.
പലയിടങ്ങളിലും മനുഷ്യരെ ഡിസ് ഇൻഫെക്റ്റ് ചെയ്യുന്ന hypochlorite സൊല്യൂഷൻ സ്പ്രേ ചെയ്യുന്ന ഡിസ് ഇൻഫെക്ഷൻ ടണലുകൾ നിർമ്മിച്ചിട്ടുണ്ട്. ഈ hypochlorite സൊല്യൂഷൻ ജീവനില്ലാത്ത വസ്തുക്കളെ അണുവിമുക്തമാക്കാനുള്ള ഒരു രീതിയാണ്. വെറുതെ പോകുന്ന ഒരാളുടെ വസ്ത്രത്തിലേക്ക് disinfectant സ്പ്രേ ചെയ്യുന്നത് വൈറസ് വ്യാപനത്തെ തടയാൻ കഴിയുന്ന ഒന്നാണെന്ന് തോന്നുന്നില്ല. ഇതൊരു അയഥാർത്ഥമായ രക്ഷാബോധം (false sense of safety) പ്രധാനം ചെയ്യാൻ മാത്രമേ ഉപകരിക്കൂ.
മാത്രമല്ല ഈ സൊല്യൂഷന് ആൻറി വൈറൽ സ്വഭാവം ഉണ്ടാകുന്ന അത്രയും സാന്ദ്രത, മനുഷ്യശരീരത്തിന് പല രീതിയിലും ദോഷം ഉണ്ടാക്കുന്നതാണ്. (ഇതിനെ പറ്റി വിശദമായ ലേഖനം ഇന്നലെ ഇൻഫോ ക്ലിനിക് പ്രസിദ്ധീകരിച്ചിരുന്നു.) നമ്മൾ മുമ്പ് തുടർന്നുവന്ന ശാസ്ത്രീയമായ രീതികൾ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടരുന്നത് തന്നെയാണ് അഭികാമ്യം.
രോഗവ്യാപനത്തിൻ്റെ കാര്യത്തിൽ, നിലവിൽ കേരളം എന്തുകൊണ്ട് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നു എന്ന് ചോദിച്ചാൽ സമയോചിതമായി ശാസ്ത്രീയമായ ഇടപെടലുകൾ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായതുകൊണ്ടാണെന്ന് പറയാം. പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നമ്മുടെ നിലപാടുകളിൽ അയവ് വന്നിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായതും അശാസ്ത്രീയമായതുമായ പല സംഗതികളും ഇവിടെ കടന്നു വന്നിട്ടുണ്ട്.
മേൽസൂചിപ്പിച്ച ഡിസ് ഇൻഫെക്ഷൻ ടണൽ പോലുള്ള കാശ് നഷ്ടപ്പെടുത്തുന്നതും എന്നാൽ ഉപയോഗമില്ലാത്തതുമായ പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കുക, തെളിവുകളുടെ പിൻബലമില്ലാതെ പ്രതിരോധഗുളികകൾ വിതരണം ചെയ്യുക തുടങ്ങി പലതും കഴിഞ്ഞ ആഴ്ചകളിൽ കടന്നുവന്നവയാണ്. ഇവയൊക്കെ നൽകുന്ന കപടമായ സുരക്ഷാബോധം കാരണം നമ്മൾ യഥാർത്ഥ പ്രതിരോധ പ്രവർത്തനങ്ങളിൽ അയവു വരുത്തിയാൽ, അതിൻ്റെ പരിണതഫലങ്ങൾ ചിലപ്പോൾ ഗുരുതരമാകും. അവ പ്രകടമാവുന്നത് ചിലപ്പോൾ മൂന്നോ നാലോ ആഴ്ചകൾക്ക് ശേഷമായിരിക്കും.
വൈറസിനെ സോഷ്യൽ സയൻസ് കൊണ്ട് നേരിടാൻ ആവില്ല. അതിന് കൃത്യമായ അറിവും ആ അറിവിൽ നിന്നും നേടുന്ന ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെയും മാത്രമേ നേരിടാനാവൂ. അതാണ് നമ്മൾ ചെയ്തുവന്നിരുന്നത്. അതുതന്നെ തുടരണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.
കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ രോഗികൾ കുറയുന്നതു കൊണ്ട് നമ്മൾ സുരക്ഷിതരാണെന്ന തോന്നലിൽ ജനങ്ങൾ പുറത്തിറങ്ങി നടക്കാനുള്ള സാധ്യത മുൻകൂട്ടി കാണണം. നമ്മൾ മാത്രം സുരക്ഷിതരായിരുന്നാൽ പോരാ. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലുള്ള അവസ്ഥ ഗുരുതരമാണെന്ന് മനസിലാക്കുകയും എല്ലാവരും സുരക്ഷിതരാകുമ്പോൾ മാത്രമേ നമ്മളും സുരക്ഷിതരാവൂ എന്ന ചിന്തയും നമുക്ക് വേണം.
ഒപ്പം സന്തോഷകരമായ ഒരു കണക്കു കൂടി സൂചിപ്പിച്ച് അവസാനിപ്പിക്കാം. കേരളത്തിൽ ഇന്നലെ 12 പുതിയ രോഗികൾ ഉണ്ടായപ്പോൾ 13 പേർക്ക് രോഗവിമുക്തി നേടാനായി. പുതിയ രോഗികളുടെ എണ്ണത്തേക്കാൾ രോഗ മുക്തി നേടുന്നവരുടെ എണ്ണം കൂടുന്നത് തികച്ചും സന്തോഷകരമായ ഒരു വാർത്ത തന്നെയാണ്.
ഇതൊരു മാരത്തോൺ ആണെന്ന് വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ട്, ആ ഓട്ടം നമ്മൾ തുടങ്ങിയിട്ടേയുള്ളൂ എന്നും, എന്നാൽ നമ്മൾ തളരില്ലെന്നും തളരാൻ പാടില്ലെന്നും ഓർമ്മിപ്പിച്ചുകൊണ്ട്, അതിനു വേണ്ടി നമുക്ക് ഒരുമിച്ചു നിൽക്കാം ഒരുമിച്ച് പോരാടാമെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ട്… ടീം ഇൻഫോ ക്ലിനിക് ..