11.05.2020 കോവിഡ് 19: Weekly review
ലോകമാകെ കേസുകളുടെ എണ്ണം 42 ലക്ഷം അടുക്കുന്നു. മരണസംഖ്യ രണ്ടേമുക്കാൽ ലക്ഷം കടന്നു. 15 ലക്ഷത്തോളം പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചകൾ താരതമ്യം ചെയ്താൽ ഓരോ ആഴ്ചയും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിൽ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എങ്കിലും മരണ സംഖ്യയിൽ കുറവ് വന്നിട്ടുണ്ട്.
ഏപ്രിൽ 26 മുതൽ മെയ് രണ്ടാം തീയതി വരെയുള്ള ആഴ്ചയും മെയ് മൂന്നാം തീയതി മുതൽ മെയ് 9 വരെയുള്ള ആഴ്ചയും തമ്മിലുള്ള താരതമ്യം ആണ് വാരാന്ത്യ അവലോകനത്തിൽ ഉൾപ്പെടുത്തുന്നത്. ട്രെൻഡ് കൂടുതൽ വ്യക്തമായി മനസിലാക്കാൻ ഇത് സഹായിക്കും എന്ന് കരുതുന്നു.
ആഗോളവ്യാപകമായി പരിഗണിച്ചാൽ 5,70,000 ലധികം കേസുകളാണ് മെയ് രണ്ടിന് അവസാനിക്കുന്ന ആഴ്ചയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് എങ്കിൽ 6,15,000 ലധികം കേസുകളാണ് മെയ് 9 ന് അവസാനിക്കുന്ന ആഴ്ചയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ മരണ സംഖ്യയിൽ ഉണ്ടായ വ്യത്യാസം നേരെ തിരിച്ചാണ്. ഏതാണ്ട് 38,000 മരണങ്ങളിൽ നിന്നും 35,500 ലേക്ക് താഴ്ന്നു, ഓരോ ആഴ്ചയിലെയും മരണങ്ങൾ. യൂറോപ്പിലെ പ്രതിദിന മരണ സംഖ്യ കുറഞ്ഞു കൊണ്ടിരിക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണം. ഈ കാലയളവിൽ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത റഷ്യ പോലുള്ള രാജ്യങ്ങളിൽ മരണ നിരക്ക് താഴ്ന്ന് നിൽക്കുന്നു എന്നതാണ് മറ്റൊരു കാരണം.
അമേരിക്കയിൽ പ്രതിവാരം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ ഏതാണ്ട് 15,000 കണ്ട് കുറവുണ്ട്, മരണസംഖ്യയിൽ എഴുനൂറോളം കുറവുണ്ട്. അവിടെ ഇതുവരെ ആകെ 13.5 ലക്ഷത്തിലധികം പേരെ ബാധിച്ച് എൺപതിനായിരത്തിലധികം മരണങ്ങൾ.
കാനഡയിൽ പ്രതിവാരം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും വലിയ വ്യത്യാസമില്ല. ഓരോ ആഴ്ചയും ഏതാണ്ട് 11,000 അടുത്ത് കേസുകളും 1,100 അടുത്ത് മരണങ്ങളും. ഇതുവരെ ആകെ 68,000 ലധികം കേസുകളിൽ നിന്നും ഒന്നും 4,700 ലധികം മരണങ്ങൾ.
മെക്സിക്കോയിൽ പ്രതിവാരം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും മരണസംഖ്യയും ഉയർന്നു വരുന്നു. ഏതാണ്ട് 3,000 കേസുകളും നാനൂറിലധികം മരണങ്ങളും ഈ ആഴ്ച കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെ ആകെ 33,000 ലധികം കേസുകളിൽ നിന്ന് 3,300 ലധികം മരണങ്ങൾ.
ബ്രസീലിൽ കേസുകളുടെ എണ്ണവും മരണസംഖ്യയും കുത്തനെ കൂടുകയാണ്. കേസുകളുടെ എണ്ണത്തിൽ ഉണ്ടായ വ്യത്യാസം 22,000 ലധികമാണ്. രണ്ടാഴ്ചകൾ തമ്മിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ വ്യത്യാസം 1200 ൽ കൂടുതൽ. ഇതുവരെ ആകെ പരിശോധിച്ചാൽ 1,60,000 ൽ പരം കേസുകളിൽ നിന്ന് 11,000 ൽ കൂടുതൽ മരണങ്ങൾ.
പെറുവിലും ഓരോ ആഴ്ചയും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും മരണസംഖ്യയും ഉയർന്നുകൊണ്ടിരിക്കുന്നു. കേസുകളുടെ എണ്ണത്തിൽ ഉണ്ടായ വ്യത്യാസം അയ്യായിരത്തിൽ കൂടുതലാണ്, മരണസംഖ്യയിൽ നൂറിലധികം വ്യത്യാസം. ഇതുവരെ ആകെ 67,000 ൽ പരം കേസുകളിൽ നിന്ന് 1,800 ലധികം മരണങ്ങൾ.
ഇക്വഡോറിൽ ഓരോ ആഴ്ചയും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും മരണസംഖ്യയും കുറഞ്ഞുവരുന്നു. രണ്ടാഴ്ചകൾ തമ്മിലുണ്ടായ വ്യത്യാസം മൂവായിരത്തിലധികം കേസുകളും 450 ഓളം മരണങ്ങളും. ഇതുവരെ ആകെ 29,000 ൽ പരം കേസുകളിൽ നിന്ന് 2,100 ലധികം മരണങ്ങൾ.
ചിലിയിൽ കേസുകളുടെ എണ്ണം കൂടുന്നു എങ്കിലും ആഴ്ച തിരിച്ചുള്ള മരണസംഖ്യയിൽ വലിയ വ്യത്യാസമില്ല. കേസുകളുടെ എണ്ണത്തിൽ മൂവായിരത്തിലധികം ആണ് ഈ രണ്ട് ആഴ്ചകൾ തമ്മിലുള്ള വ്യത്യാസം. ഇതുവരെ ആകെ 29,000 ത്തോളം കേസുകളിൽ നിന്ന് 312 മരണങ്ങൾ.
യൂറോപ്പിലേക്ക് എത്തിയാൽ റഷ്യ ഒഴിച്ചുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും പുതിയ കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. പ്രതിവാര മരണ സംഖ്യയും കുറഞ്ഞുവരുന്നു. സ്പെയിൻ, ഇറ്റലി, ജർമ്മനി, ബെൽജിയം, നെതർലാൻഡ്സ്, അയർലണ്ട് എന്നിവിടങ്ങളിലെല്ലാം എല്ലാം കഴിഞ്ഞ ആഴ്ച റിപ്പോർട്ടു ചെയ്തതിനേക്കാൾ കുറവ് കേസുകളാണ് ഈ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആയിരം മുതൽ 4000 വരെയാണ് ഈ രാജ്യങ്ങളിൽ ഈ ആഴ്ചകൾ തമ്മിലുള്ള പുതിയ കേസുകളുടെ എണ്ണത്തിൽ ഉണ്ടായ വ്യത്യാസം. യുകെ, സ്വീഡൻ, ബലാറസ് എന്നീ രാജ്യങ്ങളിൽ കേസുകളുടെ എണ്ണത്തിൽ വലിയ വ്യത്യാസമില്ല. ഫ്രാൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ ഈ രണ്ട് ആഴ്ചകൾ പരിഗണിച്ചാൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ട്. ഏതാണ്ട് രണ്ടായിരത്തോളം കേസുകളുടെ വ്യത്യാസം. എങ്കിലും ഇതു വരെയുള്ള അസുഖ കാലം ഒന്നാകെ പരിശോധിച്ചാൽ ഫ്രാൻസിൽ കേസുകൾ കുറഞ്ഞുവരിക തന്നെയാണ്. സ്പെയിനിൽ കേസുകളുടെ എണ്ണം 2,65,000 അടുക്കുന്നു, യുകെയിലും ഇറ്റലിയിലും രണ്ടു ലക്ഷത്തി ഇരുപതിനായിരം അടുക്കുന്നു, ഫ്രാൻസ് ജർമനി എന്നിവിടങ്ങളിൽ ഒരു ലക്ഷത്തി എഴുപതിനായിരം കടന്നു, ബെൽജിയത്തിൽ 53,000 ഉം നെതർലൻഡ്സിൽ 42,000 ഉം സ്വിറ്റ്സർലൻഡിൽ 30,000 ഉം പോർച്ചുഗലിൽ 27,500 ഉം സ്വീഡനിൽ 26,000 ഉം, അയർലൻഡ് ബലാറസ് എന്നിവിടങ്ങളിൽ 22,000 ഉം കടന്നു. കേസുകളുടെ എണ്ണത്തിൽ യുകെ ഇറ്റലിയെ മറികടന്നു. ഇനി മുമ്പിലുള്ളത് സ്പെയിനും അമേരിക്കയും മാത്രം.
ഓരോ ആഴ്ചയും റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് യൂറോപ്പിലാകെ സംഭവിച്ചിട്ടുണ്ട്. വളരെ ആശ്വാസകരമായ ഒരു വിവരം ആണിത്. യു കെയിൽ മാത്രം ആയിരത്തിലധികം ആണ് ഈ കഴിഞ്ഞ രണ്ടാഴ്ചകൾ തമ്മിലുണ്ടായ വ്യത്യാസം. മുൻ ആഴ്ച 4500 ഓളം മരണങ്ങൾ സംഭവിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത് 3,500 ൽ താഴെ മരണങ്ങൾ മാത്രം. സ്പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ 600 മുതൽ 900 വരെ വ്യത്യാസമുണ്ടായി. ജർമനി, ബെൽജിയം, നെതർലാൻഡ്സ്, സ്വിറ്റ്സർലൻഡ്, പോർച്ചുഗൽ, അയർലൻഡ് എന്നീ രാജ്യങ്ങളിലും നേരിയ തോതിലാണെങ്കിലും പ്രതിവാര മരണസംഖ്യയിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയിൽ മരണം 32,000 അടുക്കുന്നു, ഇറ്റലിയിൽ 30,500 കടന്നു, ഫ്രാൻസിലും സ്പെയിനിലും മരണസംഖ്യ 26,000 കടന്നു, ബെൽജിയത്തിൽ 8,500 ഉം ജർമ്മനിയിൽ 7,500 ഉം കടന്നു, നെതർലൻഡ്സിൽ 5,500 അടുക്കുന്നു, സ്വീഡനിൽ മൂവായിരം കടന്നു, സ്വിറ്റ്സർലൻഡ് അയർലൻഡ് പോർച്ചുഗൽ എന്നിവിടങ്ങളിൽ രണ്ടായിരത്തിൽ താഴെ.
റഷ്യയിൽ കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ കഴിഞ്ഞ ആഴ്ച മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 75,000 ഓളം കേസുകൾ. അതിനു മുൻപുണ്ടായിരുന്ന ആഴ്ചയിൽ അമ്പതിനായിരത്തോളം കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത സ്ഥാനത്താണിത്. എന്നാൽ മരണ സംഖ്യയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. ഇതുവരെ ആകെ കേസുകളുടെ എണ്ണം 2,10,000 അടുക്കുന്നു. മരണസംഖ്യ 1915. നിലവിൽ അവലോകനം ചെയ്താൽ താരതമ്യേന വളരെ കുറഞ്ഞ മരണനിരക്ക് ആണ്. പക്ഷേ കേസുകൾ ഗണ്യമായി വർധിച്ചു വരുമ്പോൾ ആശുപത്രി സൗകര്യങ്ങൾ കറങ്ങാൻ സാധിക്കുന്നതിൽ കൂടുതൽ കേസുകൾ എത്തിയാൽ മരണനിരക്ക് കൂടാനാണ് സാധ്യത. നിലവിലെ അവസ്ഥയിൽ കേസുകൾ കൂടി വരികയാണെങ്കിൽ റഷ്യ അമേരിക്ക ഒഴിച്ചുള്ള മറ്റു രാജ്യങ്ങളേക്കാൾ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യം ആയി മാറും.
ഏഷ്യയിൽ പല രാജ്യങ്ങളിലും പ്രതിവാരം താരതമ്യം ചെയ്താൽ കേസുകളുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ തുർക്കിയിൽ കേസുകൾ കുറയുകയാണ്. കഴിഞ്ഞ രണ്ടാഴ്ചകളിൽ തമ്മിൽ നോക്കിയാൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിൽ നാലായിരത്തിലധികം കേസുകളുടെ വ്യത്യാസം ഉണ്ടായിട്ടുണ്ട് തുർക്കിയിൽ. ഈ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത് 400 മരണങ്ങൾ, തൊട്ട് മുൻപുള്ള ആഴ്ച 630 ആയിരുന്നു. ഇതുവരെ ആകെ 1,38,000 ലധികം കേസുകളിൽ നിന്നും 3,800 ഓളം മരണങ്ങൾ. മരണ നിരക്ക് താരതമ്യേന കുറവാണ്.
ഇറാനിൽ ഈ ആഴ്ചകൾ തമ്മിൽ താരതമ്യം ചെയ്താൽ 2000 കേസുകൾ കണ്ട് വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ ആഴ്ചകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണത്തിൽ ആണെങ്കിൽ കുറവാണ് വന്നത്. ഒരു ലക്ഷത്തി ഏഴായിരത്തോളം കേസുകളിൽ നിന്ന് 6640 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടു.
സൗദി അറേബ്യയിൽ ഈ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത് പന്ത്രണ്ടായിരത്തോളം കേസുകൾ, തൊട്ടുമുൻപുള്ള ആഴ്ചയിൽ റിപ്പോർട്ട് ചെയ്തത് 9000 ലധികം കേസുകൾ. അവിടെ ഇതുവരെ ആകെ 39,000 കേസുകളിൽ നിന്ന് 246 മരണങ്ങൾ.
പാകിസ്ഥാനിൽ ഈ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത് പതിനായിരത്തോളം കേസുകൾ, അതിനു മുൻപുള്ള ആഴ്ച 6300 കേസുകൾ. ഇതുവരെ ആകെ മുപ്പതിനായിരത്തിൽ പരം കേസുകളിൽ നിന്ന് അറുനൂറിലധികം മരണങ്ങൾ.
സിംഗപ്പൂരിൽ കഴിഞ്ഞ രണ്ടാഴ്ചകളിൽ തമ്മിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിൽ വലിയ അന്തരമില്ല, ഓരോ ആഴ്ചയും ഏതാണ്ട് 4,900 കേസുകൾ. ഇതുവരെ ആകെ 23,000 ൽ പരം കേസുകളിൽനിന്ന് 20 മരണങ്ങൾ. ഏറ്റവും കുറഞ്ഞ മരണനിരക്ക് ഉള്ള രാജ്യങ്ങളുടെ പട്ടികയിലാണ് സിംഗപ്പൂർ.
ഖത്തറിൽ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത് 6,500 ഓളം കേസുകൾ, തൊട്ട് മുൻപ് ഉള്ള ആഴ്ചയിൽ 5,500. ഇതുവരെ ആകെ 22,500 ലധികം കേസുകളിൽ നിന്ന് 14 മരണങ്ങൾ. കണക്കുകൾ നോക്കിയാൽ മരണനിരക്കിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തറും.
യുഎഇ, കഴിഞ്ഞ രണ്ടാഴ്ചകളിലും റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏതാണ്ട് 3800 കേസുകൾ വീതം. ഇതുവരെ ആകെ 18,000 ലധികം കേസുകളിൽ നിന്ന് ഇരുനൂറോളം മരണങ്ങൾ.
ജപ്പാനിൽ ഈ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തത് 1,100 ഓളം കേസുകൾ, തൊട്ടു മുൻപ് ഇത് 1340 ആയിരുന്നു. ഇതുവരെ ആകെ 16,000 ഓളം കേസുകളിൽ നിന്ന് 600 ലധികം മരണങ്ങൾ.
ബംഗ്ലാദേശിൽ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തത് അയ്യായിരത്തോളം കേസുകൾ, തൊട്ടു മുൻപ് ഇത് 3800 ആയിരുന്നു. അവിടെ ഇതുവരെ ആകെ പതിനയ്യായിരത്തോളം കേസുകളിൽ നിന്ന് 228 മരണങ്ങൾ.
താരതമ്യം ചെയ്താൽ കേസുകൾ നന്നായി വർധിച്ചുവരുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈറ്റും. അവിടെ ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഒമ്പതിനായിരത്തിൽ താഴെ കേസുകളും അമ്പതിലധികം മരണങ്ങളും. കഴിഞ്ഞ ഒരാഴ്ച മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം മൂവായിരത്തിലധികം.
ആഫ്രിക്കയിൽ ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 65,000 ത്തോളം കേസുകളും 2,300 മരണങ്ങളും. പതിനായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് സൗത്താഫ്രിക്കയിൽ മാത്രമാണ്. പക്ഷേ പൊതുവേ അവലോകനം ചെയ്താൽ ആഫ്രിക്കയിലും കേസുകൾ കൂടി വരികയാണ് എന്ന് വിലയിരുത്താം.
പല രാജ്യങ്ങളിൽ നിന്നും പുറത്തു വരുന്ന കണക്കുകളുടെ കൃത്യത സംബന്ധിച്ച് പല ആരോപണങ്ങളും പല കോണുകളിൽ നിന്നും വരുന്നുണ്ട്. എങ്കിലും ലോകത്ത് പൊതുവായി നടന്നുകൊണ്ടിരിക്കുന്ന ഒരു ട്രെൻഡ് മനസിലാക്കാൻ ഇത് സഹായിക്കും എന്ന് കരുതിയാണ് ഇങ്ങനെ ഒരു പ്രതിവാര അവലോകനം തുടരുന്നത്.
രോഗവ്യാപനം കുറഞ്ഞുവരുന്ന രാജ്യങ്ങളിലൊക്കെ നിയന്ത്രണങ്ങൾ കുറച്ചു തുടങ്ങി. എങ്കിലും എവിടെയും ജനജീവിതം സാധാരണഗതിയിൽ എത്തിയിട്ടില്ല. തെക്കൻ കൊറിയയിൽ രണ്ടാം തരംഗ സാധ്യതയെത്തുടർന്ന് ക്ലബ്ബുകളും ബാറുകളും അടച്ചുപൂട്ടാൻ ശനിയാഴ്ച (മെയ് 9) ഉത്തരവിട്ടു.
മഹാമാരി വകവയ്ക്കാതെ രണ്ടാം ലോക മഹായുദ്ധത്തിലെ മുതിർന്ന സൈനികർ ഉൾപ്പെടെ ആയിരക്കണക്കിന് പേർ ബെലാറസിന്റെ വിജയദിന സൈനിക പരേഡിനായി അണിനിരന്നു. മുൻ സോവിയറ്റ് യൂണിയനിൽ നാസി ജർമ്മനിയുടെ പരാജയത്തിന്റെ അടയാളമായിട്ടാണ് ഈ ആചരണം. റഷ്യയും മറ്റ് രാജ്യങ്ങളും ഇതേ ആചരണം റദ്ദാക്കുകയും ആഘോഷങ്ങൾ പലതും ഓൺലൈനാക്കുകയും ചെയ്തിരുന്നു.
ബ്രസീലിന്റെ കൊറോണ വൈറസ് മഹമാരിയെ നേരിടാനുള്ള യജ്ഞത്തിന് പ്രസിഡന്റ് ജയർ ബോൾസോനാരോ ആണ് “ഒരു പക്ഷേ ഏറ്റവും വലിയ ഭീഷണി” എന്ന് പ്രമുഖ മെഡിക്കൽ ജേണൽ ആയ ലാൻസെറ്റ്. പ്രതിരോധോ നടപടികളായ നിയന്ത്രണങ്ങൾ അവഗണിക്കുന്നതും ലോക്ക് ഡൌൺ നടപടികളെ എതിർക്കുന്നതും പ്രതിസന്ധികൾ സൃഷ്ടിക്കുന്നു എന്ന് എഡിറ്റോറിയലിൽ ലാൻസെറ്റ് എഴുതുന്നു. ബ്രസീലിൽ പ്രതിദിനം കേസുകൾ കുതിച്ചു ഉയരുമ്പോഴും പ്രസിഡന്റ് കൂസലില്ലാതെ തൻ്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ്.
ചൈനീസ് മാധ്യമപ്രവർത്തകർക്കായി വിസ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമാക്കുന്ന ഒരു പുതിയ നിയമം അമേരിക്ക പുറപ്പെടുവിച്ചു. ചൈനയിലെ യുഎസ് മാധ്യമപ്രവർത്തകരുടെ മേൽ എടുത്ത നടപടികൾക്ക് മറുപടിയായാണ് ഇത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലാണ് ഇത് സംഭവിക്കുന്നത്. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം, ചൈനീസ് റിപ്പോർട്ടർമാർക്കുള്ള വിസകൾ 90 ദിവസമായി പരിമിതപ്പെടുത്തും.
കേസുകളുടെ എണ്ണത്തിൽ ഇന്ത്യ പതിനാലാം സ്ഥാനത്ത് നിൽക്കുന്നു. മരണസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം 16. കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം മാത്രം പരിഗണിച്ചാൽ ഇന്ത്യയുടെ സ്ഥാനം 5, കഴിഞ്ഞ ആഴ്ച ഇന്ത്യയേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ അമേരിക്ക, റഷ്യ, ബ്രസീൽ, യുകെ എന്നിവ മാത്രം. തൊട്ടുപിന്നാലെ പെറുവും ഉണ്ട്.
ഇന്ത്യ (4/5/20 മുതൽ 10/5/20 വരെ):
ഇന്ത്യയെ സംബന്ധിച്ച് വളരെ വേദനാജനകമായ ഒരാഴ്ചയാണ് കടന്നു പോയത്. കൊവിഡ് പോലുള്ള പകർച്ചവ്യാധികളുണ്ടാവുമ്പോൾ ഉണ്ടാവാൻ സാധ്യതയുള്ള സമാന്തരനാശങ്ങൾ (Collateral damage) തടയാൻ വേണ്ടിയാണ് ശരിക്കുമൊരു സർക്കാരുണ്ടാവേണ്ടതും ഉണർന്നു പ്രവർത്തിക്കേണ്ടതും. ആരോഗ്യമേഖലയിലുണ്ടായ വളർച്ച കൊണ്ട് രോഗം കാരണമുള്ള ദുരന്തങ്ങൾ മാത്രമേ കുറയ്ക്കാൻ കഴിയൂ. ജീവിച്ചിരിക്കുന്നവന് അവർ സുരക്ഷിതരാണെന്ന ബോധ്യം നൽകേണ്ട ചുമതല സർക്കാരിനാണ്. അതിൻ്റെ പരാജയത്തിൻ്റെ ഏറ്റവും ദാരുണമായ ഉദാഹരണങ്ങളാണ് ഇപ്പോഴും തുടരുന്ന അതിഥിത്തൊഴിലാളികളുടെ പലായനവും അതിനിടയിൽ ട്രെയിൻ തട്ടിയും വിശന്നും കുഴഞ്ഞുവീണുമൊക്കെ മരിക്കുന്നതും. വിശപ്പിനേക്കാൾ, ജീവഭയത്തേക്കാൾ, വലുതല്ല സാധാരണ മനുഷ്യനെ സംബന്ധിച്ച് നിയമങ്ങൾ. അവർക്ക് സ്വയം സുരക്ഷിതരാണെന്ന് തോന്നാത്തിടത്തോളം ഒരു സർക്കാരിനും അവരെ നിയന്ത്രിക്കാനാവില്ല. അവരുടെ അരക്ഷിതബോധത്തിന് പരിഹാരം കാണുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രഥമ പരിഗണന വേണ്ട വിഷയം.
ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 67000 ന് മുകളിലാണിപ്പോൾ. ഒരാഴ്ചകൊണ്ട് 25000-ഓളം പുതിയ രോഗികൾ. ഈയൊരാഴ്ച കൊണ്ടുണ്ടായ വർദ്ധനവ് 60% ആണ്. മരണനിരക്കിലും സമാനമായ വർദ്ധനവ് കാണാം, 59%. കഴിഞ്ഞാഴ്ചയിൽ മരിച്ചവർ 821 പേർ. ആകെ മരണങ്ങൾ 2212 ആണ്.
ഇപ്പോഴും ഏറ്റവുമധികം രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ആകെ രോഗികളുടെ മൂന്നിലൊന്നും അവിടുന്ന് തന്നെ. 22000-ന് മുകളിലാണാ സംഖ്യ. ഇന്ത്യയിലാകെ മരിച്ചവരുടെ 37.6% വും മഹാരാഷ്ട്രയിൽ നിന്നു തന്നെ. 832 മരണങ്ങൾ.
കഴിഞ്ഞാഴ്ച രോഗികളുടെ വർദ്ധനവിൽ ഇന്ത്യയെ ഞെട്ടിച്ചത് തമിഴ്നാടാണ്. മെയ് 4 രാവിലെ വരെ 3024 രോഗികളാണവിടെയുണ്ടായിരുന്നത്. ഇന്നത് 7204 ആണ്. 4200-ഓളം പുതിയ രോഗികൾ. 138% വർദ്ധനവ്. ആകെ രോഗികളുടെ എണ്ണത്തിൽ ഗുജറാത്തിന് താഴെ 3 -ആം സ്ഥാനത്താണിപ്പൊ തമിഴ്നാട്.
മഹാരാഷ്ട്രയും തമിഴ്നാടും മാത്രമല്ലാ, രോഗികളുടെ എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിലും കഴിഞ്ഞാഴ്ചയിൽ കാര്യമായ വർദ്ധനവുണ്ടായി. 55% ത്തിന് മുകളിൽ. 900 നടുത്ത് രോഗികളുണ്ടായിരുന്ന പശ്ചിമബംഗാളിൽ ഇപ്പോൾ രോഗികളുടെ എണ്ണം 2000-നടുത്താണ്. 100% ത്തിലധികം വർദ്ധനവ്.
രാജസ്ഥാനിൽ 1000-ഓളവും, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ 700-ഓളവും ആന്ധ്രാപ്രദേശിൽ 400-ലധികവും പുതിയ രോഗികൾ കഴിഞ്ഞാഴ്ചയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹരിയാനയിൽ 250-ഓളം രോഗികൾ പുതുതായുണ്ടായപ്പോൾ തെലുങ്കാന, ജമ്മുകശ്മീർ, കർണാടക, ബീഹാർ, ഒഡീഷ എന്നിവിടങ്ങളിൽ 100-ലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.
ഗോവ, ആൻഡമാൻ നിക്കോബാർ, ലഡാക്ക്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ പുതുതായി ഒരു രോഗി പോലും കഴിഞ്ഞാഴ്ചയുണ്ടായില്ല.
ഇന്ത്യയിലേറ്റവുമധികം മരണങ്ങൾ മഹാരാഷ്ട്രയിലാണെങ്കിലും മരണനിരക്ക് കൂടുതൽ പശ്ചിമബംഗാളിലാണ്. 9.5%. രണ്ടാമത് മധ്യപ്രദേശ് 6.1%. മഹാരാഷ്ട്രയിലത് 3.7% ആണ്. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും മരണനിരക്ക് കുറഞ്ഞ് നിൽക്കുന്നത് (0.65%) ആശ്വാസകരമാണ്. ഡൽഹിയിലത് 1% വും രാജസ്ഥാനിൽ 2.9%വും ആണ്.
മറ്റൊന്ന്, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളെയാണ് കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ളതെന്നാണ്. ആകെ രോഗികളുടെ 40% ത്തിലധികവും മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നീ 3 നഗരങ്ങളിലാണ്. 20%ത്തോളം രോഗികൾ ചെന്നൈ, പൂനെ, താനെ, ഇൻഡോർ, ജയ്പ്പൂർ തുടങ്ങിയ നഗരങ്ങളിലും. ബാക്കി 40% മാത്രമാണ് ഇന്ത്യയിലെ മറ്റുപ്രദേശങ്ങളിലുള്ളത്.
കൊവിഡ് യുദ്ധത്തിൻ്റെ മുന്നണിയിൽ നിൽക്കുന്നവർക്ക് രോഗം വരുന്നതും അതാത് സർക്കാരുകളുടെ മറ്റൊരു പരാജയമാണ്. കഴിഞ്ഞ ദിവസം മുംബൈയിൽ ഒരു പോലീസുകാരൻ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മഹാരാഷ്ട്രയിൽ മാത്രം 774 പോലീസുകാർക്ക് രോഗം ബാധിച്ചുവെന്നാണ് കണക്കുകൾ. കൊൽക്കത്തയിൽ CISF ജവാൻ മരിച്ചതും കഴിഞ്ഞാഴ്ചയാണ്. ആഗ്രയിൽ മാധ്യമപ്രവർത്തകനും കൊവിഡ്. BSF-ലും രോഗം പടരുന്നുവത്രെ. ഇന്ത്യയിലാകെ ഇതുവരെ 550-ഓളം ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. പലയിടങ്ങളിലും ആരോഗ്യപ്രവർത്തകർക്ക് ടെസ്റ്റിംഗ് നടത്തുന്നതിന് വിമുഖതയുണ്ട്. ഒരുപക്ഷെ, യഥാർത്ഥ്യത്തിൻ്റെ ഒരഗ്രം മാത്രമായിരിക്കാം ഈ 550.
ഇന്ത്യയിൽ കൊവിഡ് വന്നിട്ട് 100 ദിവസങ്ങൾ കഴിയുമ്പോൾ, ആദ്യമായി രോഗം കണ്ടെത്തിയ കേരളം ഇപ്പോഴും ആശ്വാസത്തിൻ്റെ ഒരു പച്ചത്തുരുത്തായി തുടരുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയിൽ പുതുതായി ഉണ്ടായത് 13 രോഗികൾ മാത്രം. അതിൽ പുതിയ രോഗികളില്ലാത്ത ദിവസങ്ങളും ഉണ്ടായിരുന്നു. ആകെ രോഗികൾ 512. ഇപ്പോൾ ചികിത്സയിലുള്ളത് 20 പേർ.
കേരളത്തിൻ്റെ ഇതുവരെയുള്ള പ്രവർത്തന പാത ചില അശാസ്ത്രീയ പ്രചാരണങ്ങളൊഴിച്ചാൽ വളരെ കൃത്യമാണ്. തിരികെയെത്തുന്ന അന്തർസംസ്ഥാന- അന്തർദേശീയ പ്രവാസികളെ ശാസ്ത്രീയമായി തന്നെ ക്വാറൻ്റയിനും ടെസ്റ്റിംഗും ഐസൊലേഷനും നടത്തിയാൽ പുതിയ രോഗികളുണ്ടാവുന്നതിനെ നമുക്ക് ഫലപ്രദമായി തന്നെ നിയന്ത്രിക്കാൻ സാധിക്കും. ഇപ്പോൾ നമ്മളാ പാതയിൽ തന്നെയാണെങ്കിലും, അതിൽ പാളിച്ച സംഭവിക്കാതിരിക്കാനുള്ള അതീവ ജാഗ്രത പുലർത്തണം.
പ്രവാസികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും തിരികെയെത്തുമ്പോൾ കേസുകൾ കൂടുന്നത് ആശങ്കയോടെ നോക്കിക്കാണുന്ന ചിലരുണ്ട്. അതിൽ അമിതമായ ആശങ്ക വേണ്ട. അവർ വരുന്ന സ്ഥലങ്ങളിൽ എത്രയൊക്കെ പരിശോധനകൾ നടത്തിയശേഷം ഇവിടെ എത്തിയാലും വന്നശേഷം കേസുകൾ ഉണ്ടാവും എന്നു തന്നെ മനസ്സിലാക്കണം. ക്വാറന്റൈൻ നിർദ്ദേശങ്ങൾ വന്നവർ പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അങ്ങനെ ഇവിടെ രോഗപ്പകർച്ച തടയാൻ സാധിക്കും. അത് ഉത്തരവാദിത്തമായി തന്നെ വരുന്ന ഓരോരുത്തരും കാണണം. ഈ വരുന്നവരോട് അകൽച്ചയും ഭയവും വിദ്വേഷവും ഒന്നും വേണ്ട. ഈ വരുന്നവരും നമ്മൾ തന്നെയാണ്.
പോസിറ്റീവാവുന്ന എല്ലാ രോഗികളെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന രീതി മാറ്റുന്ന കാര്യവും ആലോചിക്കേണ്ട കാര്യമാണ്. മറ്റൊന്ന്, പ്രധാന മെഡിക്കൽ കോളേജുകളും അതിനടുത്തുള്ള ജില്ലാ ആശുപത്രികളെയും ജനറൽ ആശുപത്രികളെയും എല്ലാം കൊവിഡ് രോഗികളെ നോക്കുന്ന ആശുപത്രികളാക്കി മാറ്റുന്ന രീതി മാറ്റേണ്ടതല്ലേ എന്നുകൂടി ചിന്തിക്കണം. ഉദാഹരണത്തിന്, തിരുവനന്തപുരത്ത് മെഡിക്കൽ കോളേജും ജനറൽ ആശുപത്രിയും കൊവിഡ് സംശയിക്കുന്നവരെ പരിശോധിക്കുകയും രോഗികളെ ഐസൊലേറ്റ് ചെയ്യുകയും ചെയ്യുന്ന സ്ഥലങ്ങളാണ്. രണ്ടും അടുത്തടുത്ത ആശുപത്രികൾ. ഇതിൽ മെഡിക്കൽ കോളേജിനെ മറ്റുള്ള രോഗങ്ങൾക്ക് മാത്രമായി മാറ്റിവയ്ക്കുകയും GH-നെ കൊവിഡ് ആശുപത്രി ആക്കുകയും ചെയ്താൽ മറ്റു രോഗികൾക്കത് സൗകര്യപ്രദമായിരിക്കും. കൊവിഡ് +ve ആവുന്ന കാര്യമായ ലക്ഷണങ്ങളുള്ളവരെ മാത്രം അഡ്മിറ്റ് ചെയ്യുന്ന രീതി കൂടിയായാൽ ഇതെളുപ്പം കൈകാര്യം ചെയ്യാവുന്നതുമാണ്.
മറ്റു രോഗങ്ങളുള്ള ധാരാളം രോഗികൾ ആശുപത്രിയിൽ പോകാനുള്ള ഭയം കാരണം രോഗം മൂർച്ഛിക്കുന്നതുവരെ വീട്ടിൽ തുടരുന്നതും പിന്നീട് ഗുരുതര പ്രശ്നങ്ങളിലേക്ക് പോകുന്നതും ഇപ്പോൾ ഒരു പ്രധാന പ്രശ്നമാണ്. അതിനൊക്കെ ഇതൊരു പരിഹാരമാകാൻ സാധ്യതയുണ്ട്. (ഒരുദാഹരണമായി മാത്രം പറഞ്ഞതാണ്, തിരുവനന്തപുരത്തെ).
നമ്മളോർക്കണം, ഈ കാലയളവിൽ പതിനായിരക്കണക്കിന് രോഗികൾക്ക് ആശ്വാസമാവേണ്ട മെഡിക്കൽ കോളേജുകൾ 500 കൊവിഡ് രോഗികൾക്കുവേണ്ടി മന്ദീഭവിച്ചു പ്രവർത്തിക്കേണ്ടി വരുന്നതിൻ്റെ ദൂഷ്യവശങ്ങൾ. അവരിൽ 450 ലധികം പേർക്ക് പാരസെറ്റമോൾ കഴിച്ച് വിശ്രമിക്കേണ്ടതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഭാവിയിൽ നമ്മുടെ സ്ട്രാറ്റജികൾ പുനർനിർണയിക്കേണ്ടതാണെന്നാണ് ഇൻഫോ ക്ലിനിക്കിൻ്റെ അഭിപ്രായം.
കേരളത്തിൽ പൊതുഗതാഗതം ഇല്ലെങ്കിലും മിക്കവാറും കാര്യങ്ങളിൽ ഇപ്പോൾ കാര്യമായ ഇളവ് അനുവദിക്കപ്പെട്ടിട്ടുണ്ട്. ഒന്നു പുറത്തേക്കിറങ്ങി നോക്കിയാൽ തന്നെ അറിയാം, നാട്ടിൽ കൊറോണ വന്നതിൻ്റെ യാതൊരു ഗൗരവവും ഇല്ലാത്തവരെയും കാണാം. 90% പേരും മാസ്ക് വെച്ചിട്ടുണ്ടെങ്കിലും ശാരീരിക അകലം പാലിക്കുകയോ കൈകളുടെ ശുചിത്വം ശ്രദ്ധിക്കുകയോ ചെയ്യുന്നവർ വളരെ വളരെ വിരളമാണ്. മാസ്കിനേക്കാൾ പ്രാധാന്യമുള്ളതാണ് ഇതുരണ്ടും എന്ന് മറക്കരുത്. അതുപോലെ മാസ്ക് ശരിയായ രീതിയിൽ ധരിച്ചില്ലെങ്കിൽ പ്രയോജനം ലഭിക്കില്ല എന്നു കൂടി അറിയണം.
നമ്മൾ അതീവജാഗ്രത തുടരണം. മാസ്ക് ഉണ്ടെന്നുകരുതി അമിത ആത്മവിശ്വാസത്തോടെ ഒന്നിനെയും സമീപിക്കരുത്. പുറത്തിറങ്ങുമ്പോൾ പ്രത്യേകിച്ചും സൂക്ഷിക്കണം, നമ്മളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന ഏതൊരു വ്യക്തിയും കോവിഡ് വാഹകർ ആയിരിക്കാം എന്ന് കരുതി തന്നെ ഇടപഴകുക. ഈ ജാഗ്രത നാളെയോ മറ്റന്നാളോ അവസാനിക്കില്ല എന്നും ഓർക്കണം. നമുക്കിനി ഒരുപാട് ദൂരം ഇതേപോലെ മുന്നോട്ട് പോകാനുള്ളതാണ്. മാറിയ സാഹചര്യത്തിന് അനുസരിച്ച് ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തന്നെ നമുക്ക് മുന്നോട്ട് പോകണം.