· 8 മിനിറ്റ് വായന
11.4.2020 കോവിഡ് 19: Daily review
കോവിഡ് 19, മരണസംഖ്യ 1 ലക്ഷം കവിഞ്ഞു.
ലോകത്തിൽ ആകെ അസുഖം ബാധിച്ചവരുടെ എണ്ണം 17 ലക്ഷത്തിന് അരികിൽ.
ലോകമാകെ വിലയിരുത്തുമ്പോൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയരുകയാണ്. ഇന്നലെ മാത്രം 90,000 ൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
രോഗമുക്തി നേടിയവരുടെ എണ്ണം മൂന്നെമുക്കാൽ ലക്ഷം കഴിഞ്ഞു.
കേസുകളുടെ എണ്ണത്തിൽ ഫ്രാൻസ് ജർമ്മനിയെ മറികടന്നു.
മരണസംഖ്യയിൽ അമേരിക്ക വൈകാതെ ഇറ്റലിയെ മറികടക്കും.
ബെൽജിയത്തിൽ മരണസംഖ്യ 3,000 കടന്നു.
ബ്രസീൽ, തുർക്കി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ മരണസംഖ്യ ആയിരം കടന്നു.
ഇറ്റലിയിൽ വീണ്ടും ഇന്നലെ മാത്രം നാലായിരത്തിനടുത്ത് പുതിയ കേസുകൾ, 570 മരണങ്ങൾ. ഇതുവരെ ആകെ 148000 ത്തിനടുത്ത് കേസുകളിൽ നിന്ന് 19,000 ത്തിനടുത്ത് മരണങ്ങൾ. 30,000 ന് മുകളിൽ ആളുകൾ രോഗമുക്തി നേടി.
സ്പെയിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5,000 ത്തിനടുത്ത് കേസുകളും 500 ൽ പരം മരണങ്ങളും. ഇതുവരെ ആകെ 1,60,000 ത്തിനടുത്ത് കേസുകളിൽ നിന്നും മരണസംഖ്യ 16,000 ത്തിനടുത്ത് എത്തി. 55,000 ന് മുകളിൽ ആളുകൾ രോഗമുക്തി നേടി.
ജർമനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4,000 ത്തിന് അടുത്ത് കേസുകളും 160 മരണങ്ങളും. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 120,000 കടന്നു, മരണസംഖ്യ 2700 കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 54,000 അടുക്കുന്നു.
യൂകെയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 8600 ൽ പരം കേസുകൾ. ഇന്നലെ മാത്രം ആയിരത്തോളം മരണങ്ങൾ. ഇന്നലത്തെ കണക്കിന്റെ ഏകദേശം ഇരട്ടി ആളുകൾക്ക് ഒറ്റ ദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചു. ഇതുവരെ ആകെ 75,000 ത്തിന് അടുത്ത് കേസുകൾ, മരണസംഖ്യ 9,000 നടുത്ത്.
ഇറാനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2,000 നടുത്ത് കേസുകളും 120 ൽ അധികം മരണങ്ങളും. ഇതുവരെ ആകെ 70,000 നടുത്ത് കേസുകളിൽ നിന്നും 4,200 ൽ പരം മരണങ്ങൾ. 35,000 ന് മുകളിൽ ആളുകൾ രോഗമുക്തരായി.
ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 7000 ൽപരം പുതിയ കേസുകൾ, 1000 ൽ താഴെ മരണങ്ങളും. ഇതുവരെ ആകെ 1,25,000 നടുത്ത് കേസുകൾ, മരണസംഖ്യ 13,000 ന് മുകളിൽ. 25,000 നടുത്ത് ആളുകൾ രോഗമുക്തി നേടി.
അമേരിക്കയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 30,000 ലധികം കേസുകളും 2,000 ൽ പരം മരണങ്ങളും. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 5 ലക്ഷം കടന്നു. ഇതുവരെ മരണസംഖ്യ 18,000 ന് മുകളിൽ.
ബെൽജിയത്തിൽ ഇന്നലെ മാത്രം അഞ്ഞൂറോളം മരണങ്ങൾ. ഇതോടെ ആകെ 27,000 ൽ താഴെ കേസുകളിൽ നിന്നും മൂവായിരത്തിലധികം മരണങ്ങൾ.
പാക്കിസ്ഥാനിൽ ഇതുവരെ 4,700 നടുത്ത് കേസുകളിൽ നിന്ന് 66 മരണങ്ങൾ.
സൗദി അറേബ്യയിൽ 3,600ന് മുകളിൽ കേസുകളിൽ നിന്ന് 50-നടുത്ത് മരണങ്ങൾ.
UAE, 3300 ൽ പരം കേസുകളിൽ നിന്ന് 16 മരണങ്ങൾ.
ഖത്തറിൽ ഇതുവരെ 2500 ലധികം കേസുകളിൽ നിന്ന് 6 മരണങ്ങൾ.
ബഹ്റിനിൽ 920 ലധികം കേസുകളിൽനിന്ന് 6 മരണങ്ങൾ.
കുവൈറ്റിൽ 1000 നടുത്ത് കേസുകളിൽ നിന്ന് ഒരു മരണം.
ഒമാനിൽ അഞ്ഞൂറിൽ താഴെ കേസുകളിൽ നിന്നും മൂന്ന് മരണങ്ങൾ.
തുർക്കി, ഇക്വഡോർ, റഷ്യ, ബെൽജിയം, ബ്രസീൽ, പോർച്ചുഗൽ, അയർലണ്ട് എന്നീ രാജ്യങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കൂടിവരികയാണ്.
അമേരിക്ക, യുകെ, ഫ്രാൻസ് എന്നിവിടങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഉയർന്നു തന്നെ നിൽക്കുന്നു
യെമനിൽ ആദ്യ കേസ് സ്ഥിരീകരിച്ചു. പലയാവർത്തിയുണ്ടായ യുദ്ധങ്ങളും ബോംബ് സ്ഫോടനങ്ങളും രാജ്യത്തിന്റെ പകുതിയിലധികം ആരോഗ്യസ്ഥാപനങ്ങളെ താറുമാറാക്കിയിട്ടുണ്ട്. ഒപ്പം ദാരിദ്ര്യവും, കുടിവെള്ളത്തിന്റെ ദൗർലഭ്യവും, വൃത്തിഹീനമായ സാഹചര്യവും വച്ച് നോക്കുമ്പോൾ രോഗം പടർന്നുപിടിക്കാൻ വളക്കൂറുള്ള മണ്ണാണ് യെമൻ!.
ചിക്കാഗോയിലെ ഏറ്റവും വലിയ ജയിലിൽ നിന്നും 450 തടവ്പുള്ളികളെയും സ്റ്റാഫിനെയും കൊറോണ പോസിറ്റീവ് ആയി കണ്ടെത്തി.
മെക്സിക്കോയിൽ 2 ഗർഭിണികൾ കൊറോണ കാരണം മരണമടഞ്ഞു. അതിലൊരാൾ മരണപെടുന്നതിന് തൊട്ട് മുൻപ് ഒരാൺ കുഞ്ഞിന് ജന്മം നൽകി.
സൗത്ത് കൊറിയയിലെ കൊറോണ രോഗവിമുക്തരാക്കപ്പെട്ട 91 പേരിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. വൈറസ് റീആക്ടിവേറ്റ് ചെയ്തതാവാം കാരണമെന്ന് KCDC (korean centre for disease control and prevention) ഡയറക്ടർ അഭിപ്രായപ്പെട്ടു.
തെക്കൻ ബ്രസീലിലെ ഏറ്റവും വലിയ ഗോത്രവംശമായ യാണോമാമികളിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത് ആശങ്ക ഉണർത്തുകയാണ്. ഒരാൾ മരിച്ചു.
ന്യൂയോർക്കിൽ പൊതുശ്മാശനത്തിൽ അടക്കുന്ന അജ്ഞാത മൃതദേഹങ്ങളുടെ എണ്ണം കൂടുകയാണ്. ആഴ്ചയിൽ 25 ഓളം എണ്ണം മാത്രം അടക്കിയിരുന്നിടത്തിപ്പോൾ ദിവസവും രണ്ട് ഡസനോളം അടക്കേണ്ടി വരുന്നു.
ഈസ്റ്റ് ലണ്ടനിലെ യൂറോളജിസ്റ്റ് ഡോ.അബ്‌ദുൾ മബൂത് ചൗധരി കൊവിഡ് ബാധിച്ചുമരിച്ചു. കഴിഞ്ഞ മാസം അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒരു കത്ത് അയച്ചിരുന്നു. തങ്ങൾക്കു ആവശ്യത്തിന് പിപിഇ ഇല്ലാ എന്നും, ആരോഗ്യപ്രവർത്തകർ പോസിറ്റീവ് രോഗികളുമായി നേരിൽ സമ്പർക്കം വരുന്നതാണെന്നും, മറ്റുള്ളവരെ പോലെ തന്നെ രോഗമില്ലാത്ത ഒരു ലോകത്തിൽ ഭാര്യയും കുട്ടികളോടുമൊപ്പം സന്തോഷത്തോടെ ജീവിക്കാൻ തങ്ങൾക്കും അവകാശമുണ്ട് എന്നെല്ലാമായിരുന്നു ആ കത്തിൽ. ഡോ. ഫയസ് അയച്ച് എന്ന സിറിയൻ ഡോക്ടറുടെ മരണം കൂടിയാകുമ്പോൾ യുകെ യിലേക്ക് കുടിയേറിയ ഡോക്ടർമാരിൽ മാത്രം മരണം 10 ആയി.
അയർലണ്ട് ലോക്ക്ഡൗൺ കാലാവധി മെയ് 5 ലേക്ക് നീട്ടി.
സൗത്ത് ആഫ്രിക്ക രണ്ട് ആഴ്ചത്തേക്ക് കൂടി ലോക്ക് ഡൌൺ നീട്ടി.
10 ലക്ഷത്തിലധികം മാസ്‌കുകൾ നിർമ്മിച്ചുനൽകി വിയറ്റ്‌നാം മാതൃകയായി. 1950 കളിൽ ആയിരക്കണക്കിന് വിയറ്റ്നാം പൗരന്മാരെ കൊന്നൊടുക്കിയ ഫ്രാൻസിനുൾപ്പെടെ 5 യൂറോപ്യൻ രാജ്യങ്ങൾക്കായി അഞ്ചര ലക്ഷം മാസ്കുകളാണ് വിയറ്റ്നാം കൊടുത്തയച്ചത്. നാലര ലക്ഷം സുരക്ഷാ സ്യൂട്ടുകൾ അമേരിക്കയിലേക്കും നൽകി. ഫ്രാൻസ്, ഇറ്റലി, ജർമനി, സ്‌പെയ്‌ൻ, ബ്രിട്ടൺ എന്നീ രാജ്യങ്ങൾക്ക് നാല് ലക്ഷത്തിനടുത്ത് മാസ്‌കുകളും, മറ്റ് അയൽരാജ്യങ്ങളായ കമ്പോഡിയ, ലാവോസ് എന്നിവയ്‌ക്ക് മൂന്നര ലക്ഷത്തോളം മാസ്‌കുകളും വിയറ്റ്‌നാം നിർമ്മിച്ചുനൽകി
കെനിയൻ അതിർത്തിയിൽ നിന്നും ഉഗാണ്ടൻ കൃഷിഭൂമിയിലേക്കുള്ള വ്യാപകമായ വെട്ടുകിളി ആക്രമണം കൊറോണ ഭീതിക്കിടയിലും ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കുമെന്ന് സൂചന.
ലോക്ക്ഡൗൺ കാലത്തെ, ഓൺലൈൻ പഠനാവശ്യങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന Zoom എന്ന ആപ്പിന്റെ ഉപയോഗം, ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്ന് സിംഗപ്പൂരിൽ അത് നിർത്തലാക്കി.
ലോക്ക്ഡൗൺ സംബന്ധമായ പ്രശ്നങ്ങൾ ചിത്രീകരിച്ച ന്യൂസ്ചാനൽ ഉടമകളെ ജോർദാൻ സൈന്യഭരണം അറസ്റ്റ് ചെയ്തു.
30,000 ത്തോളം സൗജന്യഭക്ഷണവും,
നിത്യോപയോഗവസ്തുക്കളും വിതരണം ചെയ്യുമെന്ന് ആർസനൽ അറിയിച്ചു.
സ്വകാര്യ കമ്പനികളിലെ ജീവനക്കാരെ നിലനിർത്താനായി ജീവനക്കാർ ഓരോരുത്തർക്കും രണ്ടാഴ്ച കൂടുമ്പോൾ 1,500 ഡോളർ (ഏകദേശം എഴുപതിനായിരം രൂപ) സർക്കാർ നൽകുമെന്ന് ഓസ്ട്രേലിയ.
കൊവിഡ് സംബന്ധമായ നിയമങ്ങൾ പാലിക്കാത്തത് കൊണ്ട് ഓസ്‌ട്രേലിയൻ ന്യൂ സൗത്ത് വെയിൽസ് ആർട്ട് മിനിസ്റ്റർ ഡോൺ ഹാർവിന് $1000 രൂപ പിഴ ചുമത്തി
ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 7600 ആയി. ഇന്നലെയും 870-ന് മുകളിൽ പുതിയ രോഗികൾ.
ഇതിനകം 750-ലധികം രോഗികൾ രോഗമുക്തി നേടി. അതായത് ആകെ രോഗികളുടെ 10 ശതമാനം രോഗം മുക്തരായി.
ആകെ മരണം 250 ആയി. ശരാശരി മരണ നിരക്ക് 3 ശതമാനമാണ്, ഇന്ത്യയിൽ. പക്ഷേ ഓരോ സംസ്ഥാനത്തെയും മരണനിരക്കിൽ ഗണ്യമായ വ്യത്യാസങ്ങളുണ്ട്. ഏറ്റവും കൂടുതൽ മരണനിരക്ക് ഉള്ളത് പഞ്ചാബിലാണ് – 7.7 ശതമാനം. ഏറ്റവും കുറവുള്ളത് കേരളത്തിലാണ് 0.5%
ഏറ്റവും അധികം രോഗികൾ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 1500-ന് മുകളിൽ. ഡൽഹിയിലും തമിഴ്നാട്ടിലും 900- ലധികം രോഗികളുണ്ട്. രാജസ്ഥാനിൽ 550 മുകളിൽ. 400-ന് മുകളിൽ രോഗികളുള്ളത് മൂന്നു സംസ്ഥാനങ്ങളിൽ – തെലുങ്കാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്.
ഇതുവരെയും ഒരു രോഗിയും റിപ്പോർട്ട് ചെയ്യപ്പെടാത്ത സംസ്ഥാനങ്ങൾ മൂന്നാണ് -മേഘാലയ, നാഗാലാൻഡ്, സിക്കിം.
പരമാവധി ഇൻകുബേഷൻ പീരീഡ് 14 ദിവസമുള്ള ഒരു രോഗമാണ് കൊവിഡ്. ലോക്ക് ഡൗൺ തുടങ്ങി 17 ദിവസമായിട്ടും ദിവസേനയുള്ള പുതിയ രോഗികളുടെ എണ്ണം കൂടുതലാണെങ്കിൽ സാമൂഹ്യ വ്യാപനം നടന്നു എന്ന് തന്നെയാണ് ചിന്തിക്കേണ്ടത്. ICMR-ൻ്റെ കണക്കുകളും അതു തന്നെയാണ് സൂചിപ്പിക്കുന്നത്. പക്ഷേ ഇന്നലെയും കേന്ദ്ര ആരോഗ്യ മന്ത്രാലയം സാമൂഹ്യ വ്യാപനത്തിനുള്ള സാധ്യതകൾ തള്ളിക്കളയുകയാണ് ചെയ്തത്.
മാത്രമല്ല മുംബൈയിൽ കൂടുതൽ നഴ്സുമാർ രോഗികൾ ആവുന്നതും നഴ്സുമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ടെസ്റ്റുകളുടെ റിസൾട്ട് വൈകിപ്പിക്കുന്നതും തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. അവർക്ക് ഐസൊലേഷനിൽ ചികിത്സ നൽകുന്നില്ലെന്ന വാർത്തകളും വരുന്നുണ്ട്. ആരോഗ്യപ്രവർത്തകരോട് ഈ നിമിഷവും ഈ രീതിയിൽ പെരുമാറുന്നത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്.
കേരളത്തിൽ സ്ഥിതി ആശാവഹമാണ്
ഇന്നലെ പുതുതായി 7 രോഗികൾ മാത്രം, അതേസമയം 27 രോഗികൾ രോഗവിമുക്തനായി. രോഗം നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നു എന്നതിൻ്റെ സൂചനയാണിത്
ആകെ രോഗികൾ 364 ആണ്. 124 പേർ ഇതിനകം രോഗമുക്തരായി. നിലവിൽ ചികിത്സയിലുള്ളത് 238 പേർ.
ഭരണനേതൃത്വത്തിൻ്റെയും ബ്യൂറോക്രസിയുടെയും പോലീസിൻ്റെയും ആരോഗ്യപ്രവർത്തകരും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് നമുക്കീ നേട്ടം കൈവരിക്കാനായത്. ചുരുക്കം ചിലർ നിർദ്ദേശങ്ങൾ പാലിക്കാതെ രോഗവ്യാപനത്തിനുള്ള സാധ്യത കൂട്ടി ആശങ്കയുണ്ടാക്കിയെങ്കിലും പൊതുവേ പൊതുജനങ്ങളിൽ നിന്നുള്ള സഹകരണവും ശ്ലാഘനീയമായിരുന്നു. അതുകൊണ്ടുതന്നെ കേരളം ഇപ്പോൾ നിൽക്കുന്ന ആശാവഹമായ സ്ഥിതിയ്ക്ക് അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ള ഓരോ മനുഷ്യർക്കും ഗണ്യമായ പങ്കുണ്ട്. അതിൽ നമുക്ക് അഭിമാനിക്കാം. എല്ലാവർക്കും അഭിനന്ദനങ്ങൾ.
നമ്മൾ തുടർന്നുപോന്ന ശാസ്ത്രീയമായ പ്രതിരോധ നടപടികളും ടെസ്റ്റുകളുമെല്ലാം ഇനിയും തുടരേണ്ടതുണ്ട്. ഒപ്പം ഒരുകാര്യമോർമ്മിപ്പിക്കാനുള്ളത് എല്ലാവരും സുരക്ഷിതരാകുമ്പോൾ മാത്രമേ, കേരളവും സുരക്ഷിതർ ആവുകയുള്ളൂ എന്നതാണ്. അതിനാൽ ഇപ്പോൾ ആശ്വസിക്കാമെങ്കിലും, ജാഗ്രത ഒരു തരി പോലും കൈവിടരുത്.