· 8 മിനിറ്റ് വായന
14.4.2020 കോവിഡ് 19: Daily review
കൊവിഡ്-19: ലോകം ഇന്നലെ (13-04-2020)
ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും മരണ സംഖ്യയും കുറഞ്ഞു വരുന്നു. ആദ്യ രണ്ട് രാജ്യങ്ങളിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 3,300 ൽ താഴെയും ഫ്രാൻസിൽ 4,200 ൽ താഴെയും. മൂന്ന് രാജ്യങ്ങളിലും പ്രതിദിന മരണസംഖ്യ 600 ൽ താഴെയെത്തി.
ഇറ്റലിയിൽ ഇതുവരെ ആകെ മരണസംഖ്യ ഇരുപതിനായിരം കടന്നു, സ്പെയിനിൽ 18,000 അടുക്കുന്നു, ഫ്രാൻസിൽ 15,000 അടുക്കുന്നു.
ജർമനിയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 2,200 മാത്രം. ഇതുവരെ ആകെ 1,30,000 ലധികം കേസുകളിൽ നിന്നും 3,200 ഓളം മരണങ്ങൾ.
യുകെയിൽ മരണസംഖ്യ 11,000 കടന്നു. ഇന്നലെയും നാലായിരത്തിലധികം പുതിയ കേസുകൾ, എഴുനൂറിലധികം മരണങ്ങൾ. ആകെ കേസുകളുടെ എണ്ണം 88,000 കടന്നു.
ഇംഗ്ലണ്ടിന് പുറമേ ബെൽജിയവും തുർക്കിയും നെതർലാൻഡ്സും ആണ് യൂറോപ്പിൽ കൂടുതൽ മരണങ്ങളും കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങൾ. തുർക്കിയിൽ കേസുകളുടെ എണ്ണം അറുപതിനായിരം കടന്നു. മരണസംഖ്യ 1,300 ഓളം. ബെൽജിയത്തിൽ മരണനിരക്ക് കൂടുതലാണ്. ആകെ കേസുകളുടെ എണ്ണം 30,000. മരണസംഖ്യ 3,900 കഴിഞ്ഞു. തുർക്കിയിൽ ഇന്നലെയും നാലായിരത്തിലധികം പുതിയ കേസുകൾ. പക്ഷേ, ബെൽജിയത്തിലും നെതർലാൻഡ്സിലും പുതിയ കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്, ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് ആയിരത്തിൽ താഴെ കേസുകൾ. നെതർലൻഡ്സിൽ 27,000 ഓളം കേസുകളിൽ നിന്ന് 2,800 ലധികം മരണങ്ങൾ.
റഷ്യയിലും കേസുകൾ കൂടിവരികയാണ്. ഇന്നലെ മാത്രം പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 2,500 ലധികം കേസുകൾ. 18,000 ലധികം കേസുകളിൽ നിന്ന് 150 ൽ താഴെ മരണങ്ങൾ.
സ്വിറ്റ്സർലൻഡ്, 25,000 ത്തിലധികം കേസുകളിൽ നിന്ന് 1,100 ലധികം മരണങ്ങൾ.
ഇറാൻ, 73,000 ലധികം കേസുകളിൽ നിന്ന് 4,500 ലധികം മരണങ്ങൾ.
ബ്രസീലിൽ കേസുകൾ കൂടി വരികയാണ്. 23,000 ലധികം കേസുകളിൽ നിന്നും 1300 ലധികം മരണങ്ങൾ.
അമേരിക്കയിൽ ഇന്നലെയും 25,000 ലധികം കേസുകളും 1, 500ലധികം മരണങ്ങളും. ആകെ കേസുകളുടെ എണ്ണം അഞ്ചേ മുക്കാൽ ലക്ഷം കടന്നു, മരണസംഖ്യ 23,000 കടന്നു.
ഓസ്ട്രേലിയ, ഓസ്ട്രിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പുതിയ കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പ്രതിദിനം 400 ലധികം കേസുകൾ വന്നിരുന്ന ഓസ്ട്രേലിയയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് അൻപതിൽ താഴെ കേസുകൾ മാത്രം. ഇതുവരെ ആകെ 14,000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഓസ്ട്രിയയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് നൂറിൽ താഴെ കേസുകൾ മാത്രം.
പാക്കിസ്ഥാനിൽ ഇതുവരെ 5,500 ഓളം കേസുകളിൽ നിന്ന് 93 മരണങ്ങൾ.
സൗദി അറേബ്യയിൽ 5,000 ഓളം കേസുകളിൽ നിന്ന് 65 മരണങ്ങൾ.
UAE, 4500 ൽ പരം കേസുകളിൽ നിന്ന് 25 മരണങ്ങൾ.
ഖത്തറിൽ ഇതുവരെ 3,200 ലധികം കേസുകളിൽ നിന്ന് 7 മരണങ്ങൾ.
ബഹ്റിനിൽ 1,300 ലധികം കേസുകളിൽനിന്ന് 6 മരണങ്ങൾ.
കുവൈറ്റിൽ ആകെ കേസുകൾ 1,300 കടന്നു. 2 മരണം.
ഒമാനിൽ ആകെ കേസുകൾ 700 കടന്നു. 4 മരണങ്ങൾ.
ലോകമാകെ കേസുകൾ 20 ലക്ഷം അടുക്കുന്നു. മരണസംഖ്യ 1,20,000-ന് അടുത്ത് എത്തി.
പതിനായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും അയർലണ്ടും കൂടി എത്തിയിട്ടുണ്ട്.
ലോകത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം നാലരലക്ഷം അടുക്കുന്നു. ചൈനയിൽ മുക്കാൽ ലക്ഷത്തിലധികം പേർ രോഗമുക്തി നേടി. ജർമനി, സ്പെയിൻ എന്നിവിടങ്ങളിൽ 64,000 ലധികം പേരും, ഇറ്റലി അമേരിക്ക എന്നിവിടങ്ങളിൽ 35,000 ലധികം പേരും ഇറാനിൽ 45,000 ലധികം പേരും സ്വിറ്റ്സർലണ്ടിൽ 13,000 ലധികം പേരും സുഖപ്പെട്ടു.
ഏകദേശം 23000 ആളുകൾക്ക് രാജ്യത്തെ കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതിൽ ഇറ്റാലിയൻ പോലീസ് പിഴ ചുമത്തി. ഇക്കഴിഞ്ഞ വെള്ളി, ശനി എന്നീ ദിവസങ്ങളിലെ മാത്രം കണക്കാണിത്.
സൗത്ത് കൊറിയ 600000 ടെസ്റ്റിംഗ് കിറ്റുകൾ അമേരിക്കയ്ക്ക് കൈമാറുന്നു.
യു കെ യിൽ ക്വാറന്റീനിൽ കഴിയുന്ന ഏകദേശം മൂവായിരത്തോളം അഗ്നിശമന ജീവനക്കാർ സാമ്പിൾ ടെസ്റ്റ് ചെയ്യാനായി വളരെനാളായി കാത്തിരിക്കുന്നു എന്ന് വാർത്ത.
യു എസിൽ നാവികൻ വൈറസ് ബാധയേറ്റ് മരണപ്പെട്ടു.
ബ്രിട്ടണിൽ ജനറൽ പ്രാക്ടീഷണർമാരായ ഡോക്ടർമാരുടെ സംഘടന വ്യക്തിഗത സുരക്ഷാ ഉപാധികളുടെ അഭാവം തുടർന്നാൽ ജോലിയിൽ നിന്ന് വിട്ടു നിൽക്കുമെന്ന് സർക്കാരിനെ അറിയിച്ചു. തങ്ങൾ കാരണം 2 ലക്ഷത്തിൽ പരം മനുഷ്യരെ റിസ്കിലാക്കാൻ പറ്റില്ലാ എന്നുമവർ പറഞ്ഞു.
വിയറ്റ്നാമിൽ ദേശവ്യാപകമായുള്ള ലോക്ക്ഡൗണിൽ ജനങ്ങളുടെ ദുരിതം കുറയ്ക്കാൻ ‘റൈസ് ഡിസ്പെൻസിങ്ങ് മെഷീനുകൾ’ നിർമ്മിച്ചുനൽകി ഹോചിമിൻ സിറ്റിയിലെ ഒരു വ്യവസായി. ഈ വഴി അരി ഫ്രീ ആയി ലഭിക്കും.
6 ആഴ്ച്ചയ്ക്ക് ശേഷം ചൈനയിൽ പുതിയതായി 108 കേസുകൾ റിപ്പോർട്ട് ചെയ്തവയിൽ 98 ഉം വിദേശത്ത് നിന്ന് വന്നവരായിരുന്നു. ഇതിൽ പകുതിയോളം റഷ്യയിൽ നിന്നായിരുന്നു. അതിനാൽ റഷ്യയുമായുള്ള അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തി ചൈനീസ് അധികാരികൾ.
ആരോഗ്യ പ്രവർത്തകരോടുള്ള ആദരസൂചകമായായി ബ്രസീലിലെ റിയോ ഡി ജനീറോയിൽ, ഏറ്റവും വലിയ ക്രിസ്തു പ്രതിമ, വെളള കോട്ടും സ്റ്റെതസ്കോപ്പും ധരിച്ച് ഈസ്റ്റർ ലൈറ്റിൽ തിളങ്ങിയത് ഒരു കൗതുക കാഴ്ചയായിരുന്നു.
ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും രോഗപ്രതിരോധം സംബന്ധിച്ച നിയന്ത്രണങ്ങൾക്ക് അയവു വരുത്തണ്ടായെന്ന് ഓസ്ട്രേലിയയും ന്യൂസിലൻഡും തീരുമാനിച്ചു.
ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക് ഡൗണിൻ്റെ 20-ആം ദിവസമായ ഇന്നലെ തന്നെയാണ് ഏറ്റവും അധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും. 1200 ലധികം പുതിയ കേസുകൾ ഒറ്റദിവസം.
മഹാരാഷ്ട്രയിലും ഡൽഹിയിലും 350 ലധികം പുതിയ രോഗികൾ വീതം, ഇന്നലെ മാത്രം.
ഇന്നലെ മാത്രം അമ്പതിലധികം പുതിയ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 8 സംസ്ഥാനങ്ങളിലാണ്.
ഇന്ത്യയുടെ ‘കോവിഡ് ക്യാപിറ്റൽ’ ആയി മുംബൈ നഗരം മാറിക്കഴിഞ്ഞു. ഇതിനകം 1500ലധികം രോഗികളും നൂറിലധികം മരണങ്ങളും ഉണ്ടായി മുംബൈയിൽ മാത്രം. പുതുതായി 242 രോഗികളാണ് ആ നഗരത്തിൽ മാത്രം ഇന്നലെ ഉണ്ടായത്.
ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഏറ്റവുമധികം രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 20 നുള്ളിൽ ഇപ്പോൾ ഇന്ത്യ ഉണ്ട്
ഇതിനകം 1200 ഓളം പേർ രോഗമുക്തി നേടിയപ്പോൾ 350 ലധികം പേർ മരണപ്പെട്ടു.
മഹാരാഷ്ട്രയിൽ ആകെ രോഗികളുടെ എണ്ണം 2300-ന് മുകളിൽ. ഡൽഹിയിൽ 1500-ലധികം രോഗികൾ. തമിഴ്നാട് 1200 -നടുത്ത്.
ഇന്ത്യയിൽ ഇതിനകം രണ്ട് ലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തിയതായി ICMR അറിയിക്കുന്നുണ്ട്. ഇന്ത്യയുടെ ജനസംഖ്യക്കാനുപാതികമായി ഇതൊരു വലിയ സംഖ്യയേ അല്ല. പക്ഷേ നമ്മൾ ഒന്നോ രണ്ടോ ആഴ്ചകൾക്ക് മുമ്പ് നിന്നിരുന്ന സ്ഥാനം വച്ച് താരതമ്യം ചെയ്യുമ്പോൾ ഒരുപാട് മുന്നോട്ടു പോയി എന്ന് തന്നെയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുന്നതും പോലീസുകാർ രോഗബാധിതരാകുന്നതും തടയാൻ പലയിടങ്ങളിലും കഴിയാതിരിക്കുന്നത് ഇപ്പോഴും വലിയൊരു പതർച്ച തന്നെയാണ്.
ചെന്നൈയിൽ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാൻ സമീപവാസികൾ സമ്മതിക്കാതിരുന്നത് ദൗർഭാഗ്യകരമായ സംഭവമാണ്.
കേരളത്തിൽ ഇന്നലെ 3 പുതിയ രോഗികൾ മാത്രമാണ് ഉണ്ടായത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 378 ആയി.
ഇതിനകം 198 പേർ രോഗമുക്തി നേടി. എന്നുവച്ചാൽ ആകെ രോഗികളുടെ പകുതിയിലധികവും രോഗമുക്തരായി എന്നാണ്.
നമ്മൾ കേരളത്തിൻ്റെയീ നേട്ടത്തിൽ പോലീസുകാർക്കും ഡോക്ടർമാർക്കും നഴ്സുമാർക്കും ആശാവർക്കർമാർക്കുമൊക്കെ കയ്യടിക്കുമ്പോൾ പറയാൻ വിട്ടു പോകുന്ന ഒരു വിഭാഗമുണ്ട്. കേരളത്തിലെ വിവിധ മൈക്രോബയോളജി ലാബുകളിൽ കൊവിഡ്19-ൻ്റെ ടെസ്റ്റുകൾ നടത്തുന്ന ലാബ് ടെക്നീഷ്യന്മാർ. അവർ മുൻനിരയിലേക്ക് വരുന്നില്ല, വാർത്തകളിലും വരുന്നില്ല, പക്ഷേ അവർ നടത്തുന്ന ടെസ്റ്റുകളുടെ റിസൾട്ടാണ് നമ്മൾ ഓരോ ദിവസവും ഈ അറിയുന്നത്.
ഐസൊലേഷൻ വാർഡുകളിൽ ഉപയോഗിക്കുന്നത് പോലെയുള്ള PPE-കൾക്കുള്ളിൽ 12 മണിക്കൂറോളം ജോലിചെയ്യുന്ന അവരും കൂടിച്ചേർന്നതാണ് നമ്മുടെ ആരോഗ്യരംഗം. അവരെല്ലാവരും വളരെ വലിയൊരു കൈയ്യടി അർഹിക്കുന്നവർ തന്നെയാണ്.
രോഗത്തെ പ്രതിരോധിച്ചു നിർത്തുന്നതിൽ കേരളത്തിൻ്റെ നേട്ടത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാമെന്നും കണ്ണാടിയിൽ സ്വന്തം പ്രതിബിംബം നോക്കി ഒരു ‘വെൽ ഡൺ’ പറയുന്നതിൽ തെറ്റില്ലാന്നും ഇന്നലെ ഞങ്ങൾ പറഞ്ഞിരുന്നു. പക്ഷേ ഇന്നലത്തെ കേരളത്തിലങ്ങോളമിങ്ങോളമുള്ള പൊതുനിരത്തിലെ തിരക്കുകൾ കാണുമ്പോൾ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് തന്നെയാണ് ഇപ്പോൾ തോന്നുന്നത്.
നമുക്ക് അല്പം ആശ്വസിക്കാം എന്നേയുള്ളൂ, പക്ഷെ ജാഗ്രത കൈവിടാറായിട്ടില്ല എന്ന് എത്രയോ വട്ടമായി പറയുന്നുണ്ട്. അതു തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. കുറച്ചുപേർ വിഷുവും ഈസ്റ്ററും റംസാനും ഒക്കെ ആഘോഷിക്കാൻ വേണ്ടി പൊതുനിരത്തിൽ ഇറങ്ങുമ്പോൾ പാഴാകുന്നത് കേരളസമൂഹം മൊത്തം കഴിഞ്ഞ കുറച്ചുനാളായി എടുത്ത എല്ലാ അധ്വാനത്തിൻ്റെയും ഫലമാണ്.
ഇങ്ങനെ ആണെങ്കിൽ നമ്മൾ വീണ്ടും പഴയ അവസ്ഥയിലേക്ക് പോകാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. പിന്നെ എളുപ്പത്തിലൊന്നും കരകയറുകയുമില്ല. ആ ഒരു തോന്നൽ എല്ലാവരുടെയും മനസ്സിൽ ഉണ്ടാവട്ടെ.