· 7 മിനിറ്റ് വായന
16.4.2020 കോവിഡ് 19: Daily review
കൊവിഡ്19: ലോകം ഇന്നലെ (15/4/20)
ലോകത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 5.1 ലക്ഷം കടന്നു. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികൾ രോഗമുക്തി നേടിയത് ജർമനിയിലാണ്.
ലോകത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 20.5 ലക്ഷം കടന്നു. മരണസംഖ്യവും 1.34 ലക്ഷത്തിന് മുകളിൽ. ഇന്നലെ മാത്രം പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 85,000 നടുത്ത്. ഇന്നലെ മാത്രം മരണങ്ങൾ 8000-ത്തോളം.
ഒരു ലക്ഷത്തിന് മുകളിൽ കേസുകളുള്ള രാജ്യങ്ങൾ- അമേരിക്ക, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി.
അൻപത്തിനായിരത്തിനു മുകളിൽ കേസുകളുള്ള രാജ്യങ്ങൾ – യുകെ, ചൈന, ഇറാൻ, തുർക്കി.
ഇരുപതിനായിരത്തിന് മുകളിൽ കേസുകളുള്ള രാജ്യങ്ങൾ – ബെൽജിയം, ബ്രസിൽ, കാനഡ, നെതർലന്റ്സ്, സ്വിസർലൻഡ്, റഷ്യ
പതിനായിരത്തിനു മുകളിൽ കേസുകളുള്ള രാജ്യങ്ങൾ – പോർട്ടുഗൽ, ആസ്ട്രിയ, അയർലണ്ട്, ഇസ്രായേൽ, ഇന്ത്യ, സ്വീഡൻ, പെറു, സൗത്ത് കൊറിയ.
അമേരിക്കയിൽ മരണസംഖ്യ 28,000 കവിഞ്ഞു. യുകെയിൽ 13,000 നോട് അടുത്ത്. സ്പെയിനിൽ 19,000-നടുക്കലേക്ക്. ഫ്രാൻസിൽ 17,000 കടന്നു. ജർമനിയിൽ 3,800 കടന്നു.
അമേരിക്കയിൽ 6,40,000 ലധികം കേസുകളിൽ നിന്ന് മരണസംഖ്യ 28000 കടന്നു. ഇന്നലെ മാത്രം 30000 ൽ പരം പുതിയ കേസുകൾ. ഇന്നലെ മാത്രം 2500 നടുത്ത് മരണങ്ങൾ. ഇതുവരെ 48000 ൽ പരം ആളുകൾ രോഗത്തിൽ നിന്ന് മുക്തരായി.
സ്പെയിനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 6500-ൽ പരം കേസുകളും 550-ന് മുകളിൽ മരണങ്ങളും. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,80,000 കടന്നു. മരണസംഖ്യ 19,000 ത്തിന് അടുത്ത് എത്തുകയും ചെയ്തു. 70000 ൽ പരം ആളുകൾ രോഗമുക്തി നേടി.
ഇറ്റലിയിൽ ഇന്നലെ മാത്രം 2600 ൽ പരം കേസുകളും 575 ൽ പരം മരണങ്ങളും. ആകെ കേസുകളുടെ എണ്ണം 1,65,000 കവിഞ്ഞു. ആകെ മരണസംഖ്യ 21600 കടന്നു. 38000 ൽ പരം ആളുകൾ രോഗമുക്തി നേടി.
ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4500ൽ പരം കേസുകൾ. ഇന്നലത്തേതിൽ നിന്നും അല്പം കുറവുണ്ട്. മരണസംഖ്യ ഇന്നലത്തേതിൽ നിന്നും രണ്ട് മടങ്ങ് കൂടി 1400 കടന്ന് കുതിക്കുകയാണ്. ഇതുവരെ ആകെ 1,47,000 ലധികം കേസുകളിൽ നിന്ന് മരണങ്ങൾ 17,000 കടന്നു.
യു കെയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4600 ലധികം പുതിയ കേസുകളും 760 ൽ പരം മരണങ്ങളും. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 98000 കടന്നു.
ഇറാനിൽ ആകെ കേസുകളുടെ എണ്ണം 76,000 കടന്നു. മരണസംഖ്യ 4700 കടന്നു.
തുർക്കിയിൽ കേസുകളുടെ എണ്ണം 70000 ത്തിന് അടുക്കലേക്ക്. മരണസംഖ്യ 1,500 കടന്നു.
ബെൽജിയത്തിൽ ആകെ 33000 ൽ പരം കേസുകളിൽ നിന്ന് 4400 ന് മുകളിൽ മരണം.
നെതർലാൻഡ്സ്, ആകെ കേസുകൾ 28,000 കഴിഞ്ഞു. മരണസംഖ്യ 3100 കവിഞ്ഞു.
ബ്രസീലിൽ 28000 ൽ പരം കേസുകളിൽ നിന്ന് 1700 ന് മുകളിൽ മരണങ്ങൾ.
സ്വീഡനിൽ ആകെ രോഗികൾ 12000 ന് അടുത്ത്. മരണങ്ങൾ 1200 കടന്നു.
കാനഡയിൽ ആകെ മരണം 1000 കടന്നു. ആകെ കേസുകൾ 28000 ന് മുകളിൽ.
ബെൽജിയം, ബ്രസീൽ, തുർക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കേസുകളുടെ എണ്ണവും മരണസംഖ്യയും വർധിച്ചുവരികയാണ്.
പാക്കിസ്ഥാനിൽ ഇതുവരെ 6300 ൽ പരം കേസുകളിൽ നിന്ന് 110 ൽ പരം മരണങ്ങൾ.
സൗദി അറേബ്യയിൽ 5,800 ന് മുകളിൽ കേസുകളിൽ നിന്ന് 79 മരണങ്ങൾ.
UAE, 5300 ൽ പരം കേസുകളിൽ നിന്ന് 33 മരണങ്ങൾ.
ഖത്തറിൽ ഇതുവരെ 3700 ലധികം കേസുകളിൽ നിന്ന് 7 മരണങ്ങൾ.
ബഹ്റിനിൽ 1600 ലധികം കേസുകളിൽനിന്ന് 7 മരണങ്ങൾ.
കുവൈറ്റിൽ ആകെ കേസുകൾ 1400 കടന്നു. 3 മരണം.
ഒമാനിൽ ആകെ കേസുകൾ 900 ൽ പരം കേസുകളിൽ നിന്ന് 4 മരണങ്ങൾ.
ഇറ്റലിയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെയും മരണങ്ങളുടെയും എണ്ണം ഓരോ ദിവസവും കുറഞ്ഞു വരുന്നത് പ്രത്യാശ പകരുന്നതാണ്.
ചൈന, സ്വിറ്റ്സർലണ്ട്, ഓസ്ട്രിയ, ഓസ്ട്രേലിയ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം താരതമ്യേന കുറവാണ്.
ബ്രിട്ടനിൽ കൊറോണ ബാധിച്ച ഗർഭിണിയായ നഴ്സ് മരിക്കുകയുണ്ടായി. പക്ഷേ അവരുടെ കുഞ്ഞിനെ സിസേറിയനിലൂടെ രക്ഷിക്കാനായത് ആശ്വാസകരമാണ്.
ഇന്ത്യയിൽ സിക്കിം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോൾ കൊവിഡ് രോഗികളുണ്ട്
ആകെ രോഗികളുടെ എണ്ണം 12400-ഓളം. ഇതുവരെ 420 നു മുകളിൽ മരണങ്ങൾ.
ഇന്നലെ മാത്രം തൊള്ളായിരത്തോളം പുതിയ രോഗികൾ
മഹാരാഷ്ട്രയിൽ ആകെ രോഗികളുടെ എണ്ണം 3000-നടുത്തു. ഡൽഹി 1600-ന് മുകളിൽ. തമിഴ്നാട്ടിൽ 1200 കടന്നു. രാജസ്ഥാൻ 1100-ന് അടുത്ത്.
കേരളത്തിൽ ഇന്നലെ ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേർ രോഗമുക്തി നേടി. ആകെ രോഗികളുടെ എണ്ണം 387. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 218. ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ മാത്രം.
ഇന്ത്യയിൽ 170 ജില്ലകളെ കേന്ദ്ര ആരോഗ്യമന്ത്രാലയം കൊവിഡിൻ്റെ ഹോട്ട്സ്പോട്ടുകൾ ആയി തിരിച്ചറിഞ്ഞിട്ടുണ്ട്. അതായത് ഇന്ത്യയിൽ ആകെ ജില്ലകളിൽ അഞ്ചിൽ ഒരു ജില്ലയും ഹോട്ട്സ്പോട്ട് ആണ്.
ഏറ്റവുമധികം ഹോട്ട്സ്പോട്ടുകൾ ഉള്ളത് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ആണ്. 22 ജില്ലകൾ. മഹാരാഷ്ട്രയിൽ 14 എണ്ണം.
കൊവിഡിൻ്റെ പശ്ചാത്തലത്തിൽ നമ്മൾ ഒരുപാട് പുതിയ പാഠങ്ങൾ പഠിക്കുന്നുണ്ട്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകത, മുഖത്ത് അനാവശ്യമായി തൊട്ടു കൊണ്ടിരിക്കരുതെന്ന പാഠം, സാമൂഹികമായി ഒരുമിച്ച് നിൽക്കേണ്ടതിൻ്റെ ആവശ്യകത, ലോക്ക് ഡൗൺ പോലുള്ള അസാധാരണമായ സംഭവങ്ങളെ അതിജീവിക്കാനുള്ള പാഠം, ജീവിതശൈലി രോഗങ്ങളെ ചെറുത്തു നിൽക്കേണ്ടതിൻ്റെ ആവശ്യകത അങ്ങനെ പലതും.
അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശാസ്ത്രീയമായ ചിന്താരീതികളുടെ പ്രാധാന്യവും പ്രായോഗികതയും. കൊറോണയെ നമ്മൾ പ്രതിരോധിച്ചു കൊണ്ടിരിക്കുന്നത് ഊഹങ്ങൾ വെച്ചല്ല. ശരിയായ അറിവിൻ്റെ പിൻബലത്തോടെയാണ്. അതിൻ്റെ പ്രാധാന്യം ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തുന്ന ഒരു സുപ്രീംകോടതിവിധി ഇന്നലെ വന്നിരുന്നു.
കൊവിഡിന് ഇതര ചികിത്സാരീതികൾ പരീക്ഷിച്ചു നോക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഹർജി ഇന്നലെ സുപ്രീം കോടതി തള്ളുകയുണ്ടായി. ഇതൊരു പുതിയ വൈറസ് ആണെന്നും നിലവിലതിന് മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല എന്നും, തൽക്കാലം വിദഗ്ദ്ധർ വാക്സിൻ കണ്ടുപിടിക്കട്ടെ എന്നും, അതല്ലാതെ മറ്റു ചികിത്സാ രീതികൾ പരീക്ഷിക്കാനുള്ള സമയമല്ലാ ഇതെന്നുമൊക്കെയായിരുന്നു സുപ്രീം കോടതി പറഞ്ഞത്. തികച്ചും സ്വാഗതാർഹമായ പരാമർശങ്ങളും വിധിയും.
ഓരോ പാൻഡമിക്കുകളിൽ നിന്നും വിവിധ രോഗാണുക്കളിൽ നിന്നും ഒരുപാട് പാഠങ്ങൾ പഠിച്ചാണ് ഇന്നിപ്പോൾ ഇത്തരം രോഗങ്ങളെ ഇത്രയെങ്കിലും വരുതിയിലാക്കാൻ നമുക്ക് കഴിയുന്നത്. നമ്മൾ വസൂരിയെ തുടച്ചുനീക്കിയതും പോളിയോയുടെ നിർമാർജനത്തിൻ്റെ വക്കോളമെത്തിയതും ഒക്കെ ആ അറിവിൻ്റെ പിൻബലത്തിലാണ്.
പൊതുവേ ശാസ്ത്രാവബോധം കുറഞ്ഞ ഇന്ത്യൻ സമൂഹത്തിന് കൊവിഡ് വന്നു പോകുമ്പോൾ ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്. അതിനുപകരം അശാസ്ത്രീയമായ ചികിത്സാമാർഗങ്ങൾ തിരുകിക്കയറ്റുന്ന പ്രവണത ഇപ്പോഴേ തടഞ്ഞില്ലെങ്കിൽ ഭാവിയിൽ കൊറോണയേക്കാൾ ഭീകരനായ ഒരു രോഗാണു വരുമ്പോൾ നമ്മളവിടെ തോറ്റു പോകും.
മനുഷ്യൻ്റെ നിലനിൽപ്പിൻ്റെയും വളർച്ചയുടെയും ആധാരശിലകളിൽ ഒന്ന് ശാസ്ത്രം തന്നെയാണ്. ശാസ്ത്രത്തിൻ്റെ സഹായമില്ലാതെ നമുക്ക് മുന്നോട്ടു പോകാൻ പറ്റുകയില്ല. അതിനെ തള്ളിപ്പറയുന്നത് നമ്മുടെ തന്നെ അസ്ഥിവാരം തോണ്ടുന്നതിന് തുല്യമാണ്. കൊവിഡിൻ്റെ ഈ വരവ് നമ്മെ ശാസ്ത്രാവബോധമുള്ള ഒരു സമൂഹമായി കൂടി മാറ്റട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.