· 8 മിനിറ്റ് വായന
17.4.2020 കോവിഡ് 19: Daily review
കൊവിഡ് 19: ലോകത്തിന്നലെ (16/4/20)
ലോകത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 5.47 ലക്ഷം കടന്നു.
ആകെ രോഗികളുടെ എണ്ണം 21 ലക്ഷത്തിന് മുകളിലാണ്. മരണസംഖ്യ 1.45 ലക്ഷവും കടന്നു.
ഇന്നലെ മാത്രം പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 95,000 ന് മുകളിൽ. ഇന്നലെ മാത്രം മരണങ്ങൾ 7,000 തിന് അടുത്ത്.
ഒരു ലക്ഷത്തിന് മുകളിൽ രോഗികളുള്ള രാജ്യങ്ങൾ- അമേരിക്ക, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി, യുകെ.
അൻപത്തിനായിരത്തിനു മുകളിൽ രോഗികളുള്ള രാജ്യങ്ങൾ – ചൈന, ഇറാൻ, തുർക്കി.
ഇരുപത്തിനായിരത്തിന് മുകളിൽ രോഗികളുള്ള രാജ്യങ്ങൾ – ബെൽജിയം, ബ്രസിൽ, കാനഡ, നെതർലന്റ്സ്, സ്വിസർലൻഡ്, റഷ്യ
പതിനായിരത്തിനു മുകളിൽ കേസുള്ള രാജ്യങ്ങൾ – പോർട്ടുഗൽ, ആസ്ട്രിയ, അയർലണ്ട്, ഇസ്രായേൽ, ഇന്ത്യ, സ്വീഡൻ, പെറു, സൗത്ത് കൊറിയ.
അമേരിക്കയിൽ മരണസംഖ്യ 34000 കവിഞ്ഞു. യുകെയിൽ 14,000 നോട് അടുത്ത്. സ്പെയിനിൽ 19,000 കഴിഞ്ഞു. ഫ്രാൻസിൽ 18,000-നടുത്ത്. ജർമനിയിൽ 4,000 കടന്നു. മരണസംഖ്യയിൽ നെതർലൻഡ്സ് വൈകാതെ ചൈനയെ മറികടക്കും.
അമേരിക്കയിൽ ഇതുവരെ 6,70,000 ലധികം കേസുകൾ. ഇന്നലെ മാത്രം 30,000 ത്തിനടുത്ത് പുതിയ കേസുകൾ. ഇന്നലെ മാത്രം 2,000 ത്തിന് മുകളിൽ മരണങ്ങൾ. 57000 ൽ പരം ആളുകൾ രോഗമുക്തരായി.
സ്പെയിനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 4,200 ൽ പരം കേസുകളും 500-ന് മുകളിൽ മരണങ്ങളും. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,85,000 നടുക്കലേക്ക്. മരണസംഖ്യ 19,000 ത്തിന് മുകളിൽ. 74,000 ൽ പരം ആളുകൾ രോഗമുക്തി നേടി.
ഇറ്റലിയിൽ ഇന്നലെ മാത്രം 3,700 ൽ പരം കേസുകളും 500-ലധികം മരണങ്ങളും. ആകെ കേസുകളുടെ എണ്ണം 1,68,000 കവിഞ്ഞു. ആകെ മരണസംഖ്യ 22,100 കടന്നു. 40000 ൽ പരം ആളുകൾ രോഗമുക്തി നേടി.
ഫ്രാൻസിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 17,000ൽ പരം കേസുകൾ. കഴിഞ്ഞ ദിവസത്തേതിൽ നിന്നും വളരെ കൂടുതൽ. ഇന്നലെ മാത്രം മരണസംഖ്യ 750 കടന്നു. ഇതുവരെ ആകെ 1,65,000 ലധികം കേസുകളിൽ നിന്ന് 18,000-ത്തിനടുത്ത് മരണങ്ങൾ.
ജർമനിയിൽ ഇതുവരെ ആകെ കേസുകളുടെ എണ്ണം 1,37,000 കടന്നു. ആകെ മരണങ്ങൾ 4,000 കടന്നു. ഇന്നലെ മാത്രം മരണങ്ങൾ 250 തിനടുത്ത്.
യു കെയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4,600 ലധികം പുതിയ കേസുകളും 850 ൽ പരം മരണങ്ങളും. ഇതുവരെ ആകെ മരണങ്ങൾ 14,000 അടുക്കുന്നു
ഇറാനിൽ ആകെ കേസുകളുടെ എണ്ണം 78,000 ത്തിനടുക്കൽ. മരണസംഖ്യ 4,800 കടന്നു.
തുർക്കിയിൽ കേസുകളുടെ എണ്ണം 74000 കടന്നു. മരണസംഖ്യ 1,600 ന് മുകളിൽ.
ബെൽജിയത്തിൽ ആകെ 34,000 ൽ പരം കേസുകളിൽ നിന്ന് 4,800 ന് മുകളിൽ മരണം. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് നാനൂറിലധികം മരണങ്ങൾ.
നെതർലാൻഡ്സ്, ആകെ കേസുകൾ 29,000 കഴിഞ്ഞു. മരണസംഖ്യ 3300 കവിഞ്ഞു.
ബ്രസീലിൽ 30,000 ൽ പരം കേസുകളിൽ നിന്ന് 2,000 നടുത്ത് മരണങ്ങൾ.
പാക്കിസ്ഥാനിൽ ഇതുവരെ 7000 ത്തിനടുത്ത് കേസുകളിൽ നിന്ന് 128ൽ പരം മരണങ്ങൾ.
സൗദി അറേബ്യയിൽ 6300 ന് മുകളിൽ കേസുകളിൽ നിന്ന് 83 മരണങ്ങൾ.
UAE, 5800 ൽ പരം കേസുകളിൽ നിന്ന് 35 മരണങ്ങൾ.
ഖത്തറിൽ ഇതുവരെ 4100 ലധികം കേസുകളിൽ നിന്ന് 7 മരണങ്ങൾ.
ബഹ്റിനിൽ 1700 ലധികം കേസുകളിൽ നിന്ന് 7 മരണങ്ങൾ.
കുവൈറ്റിൽ ആകെ കേസുകൾ 1500 കടന്നു. 3 മരണം.
ഒമാനിൽ ആകെ കേസുകൾ 1000 ൽ പരം കേസുകളിൽ നിന്ന് 4 മരണങ്ങൾ.
കൊറോണ വൈറസ് ബാധിതയായ ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ രോഗി ബിർമിംഗ്ഹാം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി. അവർക്ക് 106 വയസ്സുണ്ടായിരുന്നു.
ജനസംഖ്യയിൽ പകുതിയിലേറെ പേരും കൊറോണ ബാധിതരായതിനെ തുടർന്ന്, ‘കൊറോണ ദ്വീപെ’ന്ന് എസ്റ്റോണിയയിലെ തീരത്തിന് പേരിട്ട് പ്രദേശവാസികൾ.
കൊറോണ വൈറസ് വ്യാപനം ചൈനയിൽ
കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ ദേശീയതയും
വിദേശവിദ്വേഷവും കൂടുന്നു. കോറോണയുടെ സെക്കൻഡ് വേവ് വിദേശികളിൽ നിന്നാണെന്ന അഭ്യൂഹം കനത്തതോടെ താമസസ്ഥലത്തു നിന്ന് വരെ ഇറക്കി വിടുന്ന അവസ്ഥയാണുണ്ടാവുന്നത്.
കൊളംബിയയുടെ തലസ്ഥാനമായ ബോഗോട്ടയിൽ ജനസമ്പർക്കം കുറക്കാൻ ഒറ്റ ദിവസങ്ങളിൽ പുരുഷന്മാർ മാത്രവും ഇരട്ട ദിവസങ്ങളിൽ സ്ത്രീകൾ മാത്രവും പുറത്തിറങ്ങാം എന്ന വ്യത്യസ്തമായ ഒരു നിയന്ത്രണരീതി നടപ്പിലാക്കുകയാണ്.
അമേരിക്കയിൽ, മരണത്തിലേക്ക് നയിക്കുന്ന അസുഖങ്ങളുടെ പട്ടികയിൽ, കാൻസറിനെയും പിറകിലാക്കി രണ്ടാം സ്ഥാനത്താണ് ഇപ്പോൾ കൊവിഡ്. ഹൃദ്രോഗം ആണ് ഒന്നാം സ്ഥാനത്ത്.
ബ്രിട്ടൻ 3 ആഴ്ച കൂടി ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചു.
ഇന്ത്യയിൽ ഇതിനകം മൂന്നു ലക്ഷത്തിൽ അധികം ടെസ്റ്റുകൾ നടത്തിയതായി ICMR. ജനസംഖ്യാനുപാതികമായി അത് വലിയൊരു സംഖ്യ അല്ലെങ്കിലും ആശ്വാസകരമായ ആയ നമ്പർ തന്നെയാണ്
ഇന്ത്യയിൽ ഇതുവരെ 1700 ലധികം പേർ രോഗമുക്തി നേടി. അതായത് ആകെ രോഗികളുടെ 12.5%.
ഇന്നലെയും ആയിരത്തിലധികം പുതിയ രോഗികൾ. മധ്യപ്രദേശും മഹാരാഷ്ട്രയിലും കൂടി മാത്രം അഞ്ഞൂറിലധികം പുതിയ രോഗികളാണ് ഇന്നലെ പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ആകെ രോഗികളുടെ എണ്ണം 13,400 മുകളിൽ. ആകെ മരണം 450 കടന്നു. ഇന്ത്യയിൽ ഇതുവരെയുള്ള കണക്കുപ്രകാരം മരണനിരക്ക് 3.3% ആണ്
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 3200 കടന്നു. ഡൽഹിയിൽ 1600-ന് മുകളിൽ. തമിഴ്നാട് 1200-ന് മുകളിൽ. രാജസ്ഥാനിലും മധ്യപ്രദേശിലും 1100-ലധികം. ഗുജറാത്ത് 1000 ഓട് അടുക്കുന്നു.
കേരളത്തിൽ ഇന്നലെ പുതുതായി 7 രോഗികൾ കൂടി. ഇതോടെ ആകെ രോഗികളുടെ എണ്ണം 394 ആയി. ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 245.
കേരളത്തിൽ ലോക്ക് ഡൗൺ കാരണം നിർത്തിവച്ചിരുന്ന കുഞ്ഞുങ്ങളുടെ റെഗുലർ വാക്സിനേഷൻ അടുത്ത ആഴ്ച മുതൽ വീണ്ടും തുടങ്ങുകയാണ്. സാമൂഹിക അകലത്തിൻ്റെയും വ്യക്തിശുചിത്വത്തിൻ്റെയും എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് വേണം ഇതിൽ പങ്കാളിയാകാനെന്ന് മാതാപിതാക്കളെയും ആരോഗ്യ പ്രവർത്തകരെയും ഓർമിപ്പിക്കുന്നു. ഇത് സംബന്ധിച്ച വിശദമായ ഒരു ലേഖനം ഇൻഫോ ക്ലിനിക് പ്രസിദ്ധീകരിക്കുന്നുണ്ട്.
കേരളത്തിൽ ബാർബർ ഷോപ്പുകൾക്കു ആഴ്ചയിൽ രണ്ടുദിവസം പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ നൽകിയിട്ടുണ്ട്. രണ്ടു വ്യക്തികൾ തമ്മിൽ ശാരീരികമായി ഏറ്റവും അടുത്ത് സമ്പർക്കത്തിൽ വരുന്ന സ്ഥലങ്ങളിൽ ഒന്നാണ് ബാർബർ ഷോപ്പുകൾ. അതുകൊണ്ടുതന്നെ പ്രത്യേക ശ്രദ്ധ വേണ്ട സ്ഥലമാണ്. രണ്ടുപേരും മാസ്കുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. രോഗലക്ഷണങ്ങൾ എന്തെങ്കിലും ഉള്ളവർ അത് മാറിയതിനു ശേഷം മാത്രം മുടി വെട്ടിക്കാൻ പോകാൻ ശ്രമിക്കുക. രോഗലക്ഷണങ്ങളുള്ള തൊഴിലാളികളോടും മാറിനിൽക്കാൻ കടയുടമകൾ ആവശ്യപ്പെടണം. സർക്കാർ നിർദ്ദേശങ്ങളെല്ലാം കൃത്യമായി പാലിക്കണം.
ഇന്ത്യയിൽ കൊവിഡ് ഏറ്റവും അധികം ബാധിച്ച പ്രദേശമാണ് മുംബൈ. ഇറ്റലിയിലെ പോലെയോ അമേരിക്കയിലെ പോലെയോ ആയി ഈ നഗരവും. ഇവിടെ കൊവിഡ് കേസുകൾ കൂടുന്നതും അതുകാരണമുള്ള മരണങ്ങളും മാത്രമാണ് വാർത്തകളിലൂടെ നമ്മൾ കേൾക്കുന്നത്.
മുംബൈ ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് കൊവിഡ് അല്ലാത്ത രോഗികൾക്കും വേണ്ട ചികിത്സ കൊടുക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടെന്നുള്ളതാണ്. ചില പകർച്ചവ്യാധികൾ കുറഞ്ഞിട്ടുണ്ടെങ്കിലും ബാക്കിയുള്ള രോഗങ്ങളെല്ലാം നേരത്തെപോലെ തന്നെ ഉണ്ടല്ലോ. ഗുരുതരമായ ഒരുപാട് രോഗികൾക്ക് ആംബുലൻസ് കിട്ടാത്ത അവസ്ഥ ഉണ്ട്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ പറ്റാത്ത സ്ഥിതിഗതികൾ ഉണ്ട്. അഡ്മിറ്റ് ചെയ്താലും ഐസിയു ബെഡോ വെൻറിലേറ്ററോ കിട്ടാത്ത അവസ്ഥയുണ്ട്. ഇക്കാരണങ്ങൾ കൊണ്ടു മാത്രം ധാരാളം രോഗികൾ മരിക്കുന്നുണ്ടവിടെ.
മാത്രമല്ല, ഒരു കൊവിഡ് രോഗിക്ക് വെൻറിലേറ്റർ ആവശ്യമായി വന്നു കഴിഞ്ഞാൽ, മിക്കപ്പോഴും ഒന്നു മുതൽ രണ്ടാഴ്ച വരെ അയാളതിൻ്റെ സഹായത്തോടെ ആയിരിക്കും ജീവിക്കുന്നത് എന്നാണ് പലയിടങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ. എന്നുവച്ചാൽ അത്രയും നാൾ ഒരു വെൻ്റിലേറ്റർ ഒരു വ്യക്തിക്കു വേണ്ടി മാത്രം ഉപയോഗിക്കേണ്ടിവരുന്നു എന്ന്. ഇതുമൂലം ഗുരുതരമായ രോഗികളുടെ എണ്ണം അൽപമൊന്ന് കൂടുമ്പോൾ പോലും വെൻറിലേറ്ററുകളുടെ ദൗർലഭ്യം അതീവ ഗുരുതരമാകാൻ കാരണമാകും. ഈ സമയം മറ്റെന്തെങ്കിലും രോഗങ്ങൾ വന്ന് വെൻറിലേറ്റർ സഹായം ആവശ്യമായി വരുന്നത് ചിലപ്പോൾ യുവാക്കൾക്കോ കുട്ടികൾക്കൊ ഒക്കെ ആയിരിക്കാം.
ധാരാളം കൊവിഡ് രോഗികൾ വന്നുകഴിഞ്ഞാൽ ഏതൊരു പ്രദേശത്തിൻ്റെയും അവസ്ഥ ഇതുതന്നെയാണ്. ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് പരമാവധി ഈ രോഗത്തെ പ്രതിരോധിച്ചു നിർത്തിയേ പറ്റൂ എന്ന് വീണ്ടും വീണ്ടും പറയുന്നത്.
കാരണം കൊവിഡ് കാരണമായിരിക്കില്ല കൂടുതൽ മരണങ്ങൾ സംഭവിക്കാൻ സാധ്യത. കൃത്യസമയത്ത് ചികിത്സ കിട്ടിയാൽ ജീവൻ രക്ഷിക്കാൻ പറ്റുമായിരുന്ന മറ്റ് രോഗങ്ങൾ കാരണം ഏതു പ്രായക്കാരും അപകടത്തിലാകുന്ന ഒരു അവസ്ഥ ഉണ്ടാവാം.
നിലവിൽ കേരളത്തിൻ്റെ അവസ്ഥ ആശ്വാസകരമാണെങ്കിലും ഏതെങ്കിലും ഒരാളുടെ പിഴവു മതി, ഇവിടുത്തെ മുഴുവൻ താളവും തെറ്റിക്കാനെന്ന് നമുക്ക് അറിവുള്ളതാണ്. അതുകൊണ്ട്, നമ്മുടെ അയൽ സംസ്ഥാനങ്ങളിലൊക്കെ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ നമ്മൾ തുടർന്നു പോന്ന ജാഗ്രതയിൽ ഒട്ടുംതന്നെ അയവുവരുത്താൻ പാടുള്ളതല്ല എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.