· 7 മിനിറ്റ് വായന
18.4.2020 കോവിഡ് 19: Daily review
ലോകത്ത് ആകെ രോഗികളുടെ എണ്ണം 22.50 ലക്ഷത്തിന് മുകളിൽ. ഇതിനകം രോഗമുക്തി നേടിയവർ 5.71ലക്ഷത്തിലധികം. മരിച്ചവർ 1.54 ലക്ഷം.
ഇന്നലെ മാത്രം പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 86,000 ന് മുകളിൽ. ഇന്നലെ മാത്രം മരണങ്ങൾ 7,300-ലധികം.
ഒരു ലക്ഷത്തിന് മുകളിൽ കേസുള്ള രാജ്യങ്ങൾ- അമേരിക്ക, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി, യുകെ.
അൻപതിനായിരത്തിനു മുകളിൽ കേസുള്ള രാജ്യങ്ങൾ – ചൈന, ഇറാൻ, തുർക്കി.
ഇരുപതിനായിരത്തിന് മുകളിൽ കേസുള്ള രാജ്യങ്ങൾ- ബെൽജിയം, ബ്രസിൽ, കാനഡ, നെതർലന്റ്സ്, സ്വിസർലൻഡ്, റഷ്യ
പതിനായിരത്തിനു മുകളിൽ കേസുള്ള രാജ്യങ്ങൾ – പോർട്ടുഗൽ, ആസ്ട്രിയ, അയർലണ്ട്, ഇസ്രായേൽ, ഇന്ത്യ, സ്വീഡൻ, പെറു, സൗത്ത് കൊറിയ.
ഏറ്റവും കൂടുതൽ ആളുകൾ രോഗമുക്തി നേടിയത് ജർമനിയിൽ നിന്നും.
അമേരിക്കയിൽ ഇതുവരെ 7,00,000 ലധികം കേസുകൾ. ഇന്നലെ മാത്രം 32,000 ത്തിൽ അധികം പുതിയ കേസുകൾ. ഇന്നലെ മാത്രം 2,500-ന് മുകളിൽ മരണങ്ങൾ. 60000-ൽ പരം ആളുകൾ രോഗമുക്തരായി. മരണം, 37000-ലധികം.
സ്പെയിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5800 ൽ പരം കേസുകളും 680-ലധികം മരണങ്ങളും. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,90,000 കടന്നു. മരണസംഖ്യ 20,000 ത്തിന് മുകളിൽ. 75,000 നടുത്ത് ആളുകൾ രോഗമുക്തി നേടി.
ഇറ്റലിയിൽ ഇന്നലെ 3500 നടുത്ത് കേസുകളും 575 മരണങ്ങളും. ആകെ കേസുകളുടെ എണ്ണം 1,72,000 കവിഞ്ഞു. ആകെ മരണസംഖ്യ 22,745. 42,000-ലധികം പേർ രോഗമുക്തി നേടി.
ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2000 നടുത്ത് പുതിയ കേസുകൾ. ഇന്നലെ മാത്രം മരണങ്ങൾ 750-ന് മുകളിൽ. ഇതുവരെ ആകെ 1,48,000 നടുത്ത് കേസുകളിൽ നിന്ന് മരണങ്ങൾ 18,000 ത്തിന് മുകളിൽ.
ജർമനിയിൽ ഇതുവരെ ആകെ കേസുകളുടെ എണ്ണം 1,41,000 കടന്നു. 83000 ലധികം ആളുകൾ രോഗമുക്തി നേടി. ആകെ മരണങ്ങൾ 4,300 കടന്നു. ഇന്നലെ മാത്രം 300 മരണങ്ങൾ.
യു കെയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5500 ലധികം പുതിയ കേസുകളും 850 നടുത്ത് മരണങ്ങളും. ഇതുവരെ ആകെ മരണങ്ങൾ 14,000 ത്തിന് മുകളിൽ.
ഇറാനിൽ ആകെ കേസുകളുടെ എണ്ണം 79,000 ത്തിനടുക്കൽ. മരണസംഖ്യ 5000 ത്തിലേക്ക്.
തുർക്കിയിൽ കേസുകളുടെ എണ്ണം 80000 അടുക്കുന്നു. മരണസംഖ്യ 1,700 ന് മുകളിൽ.
ബെൽജിയത്തിൽ ആകെ 36,000 ൽ പരം കേസുകളിൽ നിന്ന് 5100 ന് മുകളിൽ മരണം. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 അധികം മരണങ്ങൾ.
നെതർലാൻഡ്സ്, ആകെ കേസുകൾ 30,000 കവിഞ്ഞു. മരണസംഖ്യ 3400 കടന്നു.
ബ്രസീലിൽ 33,000-ൽ പരം കേസുകളിൽ നിന്ന് 2,100-ന് മുകളിൽ മരണങ്ങൾ.
കാനഡയിൽ ആകെ മരണം 1300 കടന്നു. ആകെ കേസുകൾ 32,000 അടുക്കുന്നു.
റഷ്യയിൽ 30000-ന് മുകളിൽ കേസുകളിൽ നിന്നായി 41 മരണങ്ങൾ.
പാക്കിസ്ഥാനിൽ ഇതുവരെ 7000-ൽ പരം കേസുകളിൽ നിന്ന് 135 മരണങ്ങൾ.
സൗദി അറേബ്യയിൽ 7100-ന് മുകളിൽ കേസുകളിൽ നിന്ന് 87 മരണങ്ങൾ.
UAE, 6300 ൽ പരം കേസുകളിൽ നിന്ന് 37 മരണങ്ങൾ.
ഖത്തറിൽ ഇതുവരെ 4600-ലധികം കേസുകളിൽ നിന്ന് 7 മരണങ്ങൾ.
ബഹ്റിനിൽ 1700 ലധികം കേസുകളിൽനിന്ന് 7 മരണങ്ങൾ.
കുവൈറ്റിൽ ആകെ കേസുകൾ 1600 കടന്നു. 5 മരണം.
ഒമാനിൽ ആകെ കേസുകൾ 1000 ൽ പരം കേസുകളിൽ നിന്ന് 6 മരണങ്ങൾ.
ഒമാനിൽ കൊവിഡ് ബാധമൂലം 76 കാരനായ മലയാളി ഡോക്ടർ അന്തരിച്ചു.
ഹോളോകാസ്റ്റിനെ കുറിച്ചു വിദ്യാർഥികളെ പഠിപ്പിക്കാൻ ജീവിതം ഉഴിഞ്ഞു വെച്ച മാർജിറ്റ് ബച്ച് ഹാൾട്ടർ ഫെൽഡ്മാൻ കോവിഡ് മൂലം തൊണ്ണൂറാമത്തെ വയസ്സിൽ മരണമടഞ്ഞു.
ലണ്ടനിൽ ഫേസ്മാസ്ക് നിർബന്ധമാക്കി ഗവർണർ.
കോറോണയോടൊപ്പം വ്യാജപ്രചാരണങ്ങളും ലോകത്തെ കീഴടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് 18 മില്യനോളം ഇമെയിൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായി ഗൂഗിൾ
കൊറോണവൈറസ് വ്യാപനത്തെ തുടർന്നുള്ള വിമാനങ്ങളിൽ, സാമൂഹ്യ അകലം ഉറപ്പാക്കാൻ നടുവിലെ സീറ്റ് ഒഴിച്ചിടാൻ ആണ് തിരുമാനമെന്ന് വിമാനകമ്പനി ആയ സ്പേസ്ജെറ്റ്.
ഇന്ത്യയിൽ ഇതിനകം രണ്ടായിരത്തിലധികം രോഗികൾ രോഗമുക്തി നേടി.
ഇന്നലെയും തൊള്ളായിരത്തിലധികം പുതിയ രോഗികളാണ് ഇന്ത്യയിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം മറ്റു പല രാജ്യങ്ങളിലെയും പോലെ അസാധാരണമാം വിധം വർദ്ധിക്കുന്നില്ല എന്നത് ഇന്ത്യയെ സംബന്ധിച്ച് ആശാവഹമായ ഒന്നാണ്.
ഇതുവരെ മൂന്നു ലക്ഷത്തി ഇരുപതിനായിരത്തോളം ടെസ്റ്റുകൾ ഇന്ത്യയിൽ നടത്തിയിട്ടുണ്ട്. അതിലൂടെ കണ്ടെത്തിയ ആകെ രോഗികളുടെ എണ്ണം ഇപ്പോൾ 14300-ന് മുകളിലാണ്.
ഇതിൽ പതിനായിരത്തോളം രോഗികളും ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ മാത്രം 3300-ലധികം രോഗികൾ. ഡൽഹി, തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവയാണ് മറ്റുള്ളവ. ഇവിടെയെല്ലാം ആയിരത്തിലധികം രോഗികളുണ്ട്.
ഇന്ത്യയിലെ ആകെ മരണസംഖ്യ 500-നോട് അടുക്കുന്നു. മഹാരാഷ്ട്രയിൽ മാത്രം ഇരുന്നൂറിലധികം മരണങ്ങളുണ്ടായി.
കേരളത്തിൽ ഇന്നലെ ഒരാൾ കൂടി മാത്രമാണ് കൊവിഡ് പോസിറ്റീവായത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 395 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 255.
പുതുതായി അധികം രോഗികളില്ലാത്തതിൻ്റെ ആശ്വാസത്തിൽ 20-ന് ശേഷം കേരളത്തിൽ പല ജില്ലകളിലും കാര്യമായ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഇളവുകൾ ഉത്തരവാദിത്വത്തോടെയും ജാഗ്രതയോടെയും ഉപയോഗിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.
ഈ ദുരന്തത്തിൻ്റെ യഥാർത്ഥ ചിത്രം നമുക്ക് നേരിട്ട് അനുഭവം ഇല്ലാത്തതിനാൽ തന്നെ വളരെ ലാഘവത്തോടെ കാര്യങ്ങളെ സമീപിക്കാനുള്ള ഒരു പ്രവണത നമുക്കിടയിൽ ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലുമുണ്ടായ ആൾക്കൂട്ടങ്ങൾ അതിൻറെ ഒരു സൂചനയാണ്.
നമ്മൾ മനസ്സിലാക്കേണ്ടത് ഈ പകർച്ചവ്യാധികൾ എല്ലാം തന്നെ പകരുന്നത് മനുഷ്യൻ്റെ ചലനത്തിൻ്റെ വേഗതയിലാണ്. ലോക്ക് ഡൗണിലൂടെ ആ ചലനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നതിനാലാണ് രോഗവ്യാപനത്തെയും നമ്മൾ കുറെയൊക്കെ നിയന്ത്രിച്ചതും. എന്നുകരുതി നമ്മൾ പൂർണമായി അതിനെ വരുതിയിലാക്കി എന്നല്ല അർത്ഥം. മനുഷ്യൻ വീണ്ടും ചലിച്ചു തുടങ്ങുമ്പോൾ സമൂഹത്തിൽ എവിടെയെങ്കിലും നമ്മളറിയാതെ ഒരു സ്രോതസുണ്ടെങ്കിൽ അതൊരു സെക്കൻഡ് വേവിന് തിരി കൊളുത്തുകയും നമ്മൾ വീണ്ടും പഴയ അവസ്ഥയിലേക്ക് പോവുകയും ചെയ്യാം.
മനുഷ്യൻ്റെ ചലനം പരമാവധി കുറയ്ക്കുക എന്നുള്ളത് കുറച്ചുനാളത്തേക്ക് കൂടി അതീവ പ്രാധാന്യമുള്ളതാണ്. അത്യാവശ്യത്തിനല്ലാതെ ഒരു കാര്യത്തിനും വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകം ശ്രദ്ധിക്കേണ്ടത്, രോഗലക്ഷണങ്ങൾ ഉള്ളവർ വൈദ്യസഹായത്തിനല്ലാതെ ഒരു കാരണവശാലും പുറത്തിറങ്ങരുത്.
വാഹനങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും ആശുപത്രികളിലും സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
സ്ഥിരമായി പുറത്തു പോകേണ്ടി വരുന്നവർ വീട്ടിലെ വയോജനങ്ങളുമായും കുട്ടികളുമായും ഗർഭിണികളുമായും ഇടപഴകുന്നത് പരമാവധി കുറയ്ക്കണം. തിരിച്ചെത്തിയാലുടൻ കൈകൾ സോപ്പിട്ട് കഴുകണം.
പൊതുജനങ്ങൾക്ക് ഇളവുകൾ അനുവദിക്കുമ്പോൾ ജോലിഭാരം ഇരട്ടിയാകാൻ പോകുന്നത് നമ്മുടെ പോലീസുകാർക്കാണ്. അവരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. സാധിക്കുമെങ്കിൽ അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാനും ശ്രദ്ധിക്കുക.
ഓർക്കണം, ഈ ഇളവുകളിൽ നമ്മൾ എത്രത്തോളം ജാഗ്രതയോടെ ഇരിക്കുന്നു എന്നതനുസരിച്ചായിരിക്കും, നമ്മുടെ ഭാവിയും നിർണയിക്കപ്പെടുന്നത്..