· 5 മിനിറ്റ് വായന

21.3.2020 കോവിഡ് 19: Daily review

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

ലോകം ഇന്നലെ….?

ഇറ്റലിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 627 മരണങ്ങൾ, ഇതുവരെ 4000 ലധികം മരണങ്ങൾ. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 5900 ലധികം കേസുകൾ അടക്കം ആകെ കേസുകൾ 47000 കവിഞ്ഞു.

ഇന്നലെയും ആയിരത്തിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആഗോള മരണസംഖ്യ 11,000 കടന്നു. ഇതുവരെ ആകെ 275000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 30000 ൽ കൂടുതൽ കേസുകൾ.

യൂറോപ്പിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു. സ്പെയിനിലും മരണസംഖ്യ ആയിരം കടന്നു. സ്പെയിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3400 ലധികം കേസുകളും 262 മരണങ്ങളും. ഇതോടെ സ്പെയിനിൽ ഇതുവരെ ആകെ ഇരുപതിനായിരത്തോളം കേസുകളും 1093 മരണങ്ങളും.

ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4500 ലധികം കേസുകൾ, മരണങ്ങൾ 24. ഇതുവരെ ആകെ 20000 ഓളം കേസുകളിൽ നിന്ന് 68 മരണങ്ങൾ.

ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് ആയിരത്തിഅറുനൂറിലധികം കേസുകളും 78 മരണങ്ങളും. ഇതുവരെ ആകെ 12000 ലധികം കേസുകളും 450 മരണങ്ങളും.

യുകെയിൽ ഇന്നലെ മാത്രം 700 ലധികം കേസുകളും 33 മരണങ്ങളും. ഇതുവരെ ആകെ 4000 ഓളം കേസുകളിൽ നിന്നും 177 മരണങ്ങൾ.

സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1300 ലധികം കേസുകൾ, 13 മരണങ്ങൾ. ഇതുവരെ ആകെ 5400 ലധികം കേസുകളിൽ നിന്ന് 56 മരണങ്ങൾ.

നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് അഞ്ഞൂറിലധികം കേസുകളും 30 മരണങ്ങളും. ഇതുവരെ ആകെ 3000 ഓളം കേസുകളിൽ നിന്ന് 106 മരണങ്ങൾ.

ബെൽജിയത്തിൽ ഇന്നലെ മാത്രം 450 ലധികം കേസുകൾ, 16 മരണങ്ങൾ. ഇതുവരെ ആകെ 2250 ലധികം കേസുകളിൽ നിന്ന് 36 മരണങ്ങൾ.

ഓസ്‌ട്രിയയിൽ ഇന്നലെയും മുന്നൂറിലധികം കേസുകൾ. ഇതുവരെയാകെ 2500 ഓളം കേസുകളിൽ നിന്ന് 6 മരണങ്ങൾ.

തുർക്കിയിൽ ഇന്നലെ മാത്രം മുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കയിൽ ഇന്നലെ മാത്രം 5700 ലധികം കേസുകളും 55 മരണങ്ങളും, ഇതുവരെ ആകെ പതിനെണ്ണായിരത്തിചില്വാനം കേസുകളിൽനിന്ന് 262 മരണങ്ങൾ.

ഇറാനിൽ ഇന്നലെ 1200 ലധികം കേസുകൾ, 149 മരണങ്ങൾ. ആകെ കേസുകൾ 19000 കടന്നു, മരണം 1433.

തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 87 കേസുകൾ, ഇന്നലെ മരണസംഖ്യ 3. അവിടെ 8800 ഓളം കേസുകളിൽ നിന്ന് 102 മരണങ്ങൾ.

ചൈനയിൽ നിന്നും പുതിയ കേസുകളുടെ റിപ്പോർട്ടുകൾ വളരെ കുറവാണ്. തുടർച്ചയായ രണ്ടാം ദിവസവും ചൈനയിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 39 കേസുകളും പുറത്തു നിന്നുള്ളവരായിരുന്നു. എൺപതിനായിരത്തിലധികം കേസുകളിൽ നിന്ന് 3248 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 71000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 2200 ൽ താഴെയായി.

ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 18, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 67.

ലക്സംബർഗ്, മലേഷ്യ, പോർച്ചുഗൽ, ഓസ്ട്രേലിയ, അയർലണ്ട്, ബ്രസീൽ, ചെക്ക് റിപ്പബ്ലിക്ക്, സ്വീഡൻ, നോർവേ, ഡെൻമാർക്ക്, ഇക്വഡോർ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം നൂറിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ പതിനെട്ടാം തീയതി രാത്രി (00.00 CET 19.03.2020) വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.

അമേരിക്കയും യൂറോപ്യൻ യൂണിയനും N95 മാസ്ക്കുകളുടെയും PPE കളുടെയും വെന്റിലേറ്ററുകളുടെയും ഉത്പാദനം വർധിപ്പിച്ചു. റഷ്യ കൊറോണാ വൈറസ് വാക്സിൻ മൃഗങ്ങളിൽ പരീക്ഷിച്ചു തുടങ്ങി. അമേരിക്ക മനുഷ്യരിൽ പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ പഠനം തുടങ്ങിയിരുന്നു. യൂറോപ്പിലും ചൈനയിലും ഓസ്ട്രേലിയയിലും ഗവേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

അത്യന്താപേക്ഷിതമല്ലാത്ത കാര്യങ്ങൾക്കായി വീടുവിട്ടു പുറത്തിറങ്ങരുതെന്ന് ഇല്ലിനോയിസ് ഗവർണർ ആവശ്യപ്പെട്ടു. ഫ്ലോറിഡയിൽ റസ്റ്റോറൻറുകളും ജിമ്മുകളും അടച്ചു. ന്യൂജേഴ്സിയിൽ നോൺ എസൻഷ്യൽ സ്ഥാപനങ്ങളെല്ലാം അടച്ചു. യുഎസ് ആർമി റിക്രൂട്ടിംഗ് സ്റ്റേഷനുകൾ അടച്ചു, ഇനി ഓൺലൈൻ പരിശോധനകൾ മാത്രം.

സാഹചര്യങ്ങൾ നിയന്ത്രിക്കാനായി ബൾഗേറിയ സൈന്യത്തിൻറെ സഹായം ഉപയോഗിക്കും.

ജോലിചെയ്യാൻ സാധിക്കാത്തവർക്ക് ശമ്പളത്തിന് 80% നൽകാൻ ബ്രിട്ടീഷ് ഗവൺമെൻറ് തീരുമാനിച്ചു, ഒരാൾക്ക്‌ മാസത്തിൽ 2500 പൗണ്ട് (രണ്ട് ലക്ഷം രൂപക്ക് മുകളിൽ) വരെ ലഭിക്കാം.

ചെക്കിംഗിൽ ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ച 9000 ലധികം പേരെ ഇറ്റാലിയൻ പൊലീസ് കണ്ടെത്തിയതായി വാർത്ത വന്നിട്ടുണ്ട്.

നെറ്റ്ഫ്ലിക്സിനെ പിന്തുടർന്ന് യുട്യൂബും യൂറോപ്പിൽ സ്ട്രീമിംഗ് വേഗത കുറച്ചു. കൂടുതൽപേർ വർക്ക് ഫ്രം ഹോം ആകുമ്പോൾ ഇൻറർനെറ്റ് സ്പീഡ് കുറയാതിരിക്കാൻ വേണ്ടിയാണ്.

ടുണീഷ്യ ജനറൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

ബ്രസീലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സെനറ്റ് തീരുമാനം.

മക്കയിലും മദീനയിലും മോസ്കുകളിൽ വെള്ളിയാഴ്ച അടക്കമുള്ള പ്രാർത്ഥനകൾ നിരോധിച്ച് സൗദി അറേബ്യ.

ശ്രീലങ്കയിൽ വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതൽ രണ്ടര ദിവസം കർഫ്യൂ പ്രഖ്യാപിച്ചു. എഴുപതോളം കേസുകൾ മാത്രമാണ് ശ്രീലങ്കയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ജനങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്ന അഭയാർത്ഥിക്യാമ്പുകളിൽ ശാരീരിക അകലം പാലിക്കാൻ ആവാത്തത് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇന്നലെ റിപ്പോർട്ട് ചെയ്ത അമ്പതോളം കേസുകൾ ഉൾപ്പെടെ പാക്കിസ്ഥാനിൽ ആകെ കേസുകൾ 500 കഴിഞ്ഞു.

ഇന്ത്യയിലെയും കേരളത്തിലെയും സ്ഥിഗതികൾ

?ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 223 ആണെങ്കിലും പല വാർത്താ വെബ്സൈറ്റുകളും റിപ്പോർട്ട് ചെയ്യുന്നത് 249 ആണ്. മാർച്ച് ഇരുപത്തിരണ്ടാം തീയതി മുതൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്ക് അന്താരാഷ്ട്ര വിമാന യാത്രകൾ നിരോധിച്ചു. പല സംസ്ഥാനങ്ങളും ശക്തമായ നടപടികളിലേക്ക് കടന്നുകൊണ്ടിരിക്കുന്നു.

?ഒരു അടിയന്തിര സ്ഥിതി രാജ്യത്തുണ്ടായാൽ നാം കൂടുതൽ കരുതലോടെ നീങ്ങേണ്ടി വരും. നമ്മുടെ ആരോഗ്യമേഖല പരിമിതികൾ നിറഞ്ഞതാണ് എന്നത് ഓർക്കണം.

?കേരളത്തിലെ കാര്യങ്ങൾ കുറച്ചധികം സങ്കീർണമായിട്ടുണ്ട്. ഒരാളുടെ നിരുത്തരവാദപരമായ പെരുമാറ്റങ്ങളിലൂടെ ഒരു ജില്ല തന്നെ പൂർണമായ നിശ്ചലാവസ്ഥയിലേക്ക് പോയി. ഇത്തരം പ്രവർത്തികൾ ജനങ്ങളിൽ ചിലർ തുടർന്നാൽ സംസ്ഥാനമാകെ ആ അവസ്ഥയിലെത്താൻ അധികം സമയം വേണ്ടി വരില്ല.

?കേരളത്തിൽ പുതിയ രോഗികൾ 12 ആണ്. അതിലഞ്ചും UK യിൽ നിന്നും വന്ന വിനോദസഞ്ചാരികൾ. 7 പേർ മലയാളികൾ തന്നെ. ആകെ രോഗികളുടെ എണ്ണം 40 ആയി. 44,190 പേർ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലും ഉണ്ട്.

?വരും ദിവസങ്ങൾ നമ്മളെ സംബന്ധിച്ച് നിർണായകമാണ്. ആശങ്ക വേണ്ടാ, കരുതൽ മാത്രം മതിയെന്നൊക്കെ ആശ്വസിപ്പിക്കുന്നത് ചിലരെങ്കിലും കൂസലില്ലായ്മയോടെ പെരുമാറാൻ കാരണമാവുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . ആശങ്കയോടെയും കരുതലോടെയും വേണ്ടി വന്നാൽ കർശന നടപടികളിലൂടെയും കടന്നുപോകേണ്ടുന്ന അവസ്ഥയാണ്.

?സർക്കാരിൻ്റെ കാര്യക്ഷമമായ ഇടപെടലുകളും, കണക്കുകളിലെ സുതാര്യതയും, പൊതുജനസമ്പർക്കവും, ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

?സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലുകൾ ക്വാറൻ്റയിൻ ആവശ്യങ്ങൾക്കായി ഏറ്റെടുക്കുന്നതും പരീക്ഷകൾ മാറ്റിയതും ഒക്കെ നല്ല തീരുമാനങ്ങളാണ്.

?ഒപ്പം, സർക്കാർ ഉദ്യോഗസ്ഥർക്ക് 50% അവധി അനുവദിച്ചത് സ്വാഗതാർഹമാണ്. കാരണം, ഏത് തൊഴിൽ ചെയ്യുന്നവരാണെങ്കിലും ഓരോ മനുഷ്യൻ്റെയും ജീവൻ വിലപ്പെട്ടതാണ്. ഏത് ദുർഘടവേളയിലും ആ തൊഴിൽ ചെയ്യാൻ ആളുണ്ടാവുകയും വേണം. പക്ഷെ ഒരാരോഗ്യദുരന്തം പ്രതീക്ഷിക്കുമ്പോൾ അതു നേരിടാനേറ്റവും കൂടുതൽ വേണ്ടത് ആരോഗ്യപ്രവർത്തകരെയാണ്. പക്ഷെ നമ്മളിപ്പോൾ തുടരുന്ന നയം ആ ഒരു കാഴ്ചപ്പാടോടെയാണോ എന്നത് സംശയമാണ്.

?രോഗബാധ സംശയിക്കുന്നവർക്ക് 14 ദിവസം സ്‌പെഷ്യൽ കാഷ്വൽ ലീവ് നൽകാൻ ഉള്ള തീരുമാനം ശ്‌ളാഘനീയമാണ്.

?ആരോഗ്യപ്രവർത്തകർക്ക് ഇപ്പോൾ മിനിമം ജോലി നൽകുകയും അവരെ അടിയന്തിരഘട്ടം നേരിടാനുള്ള വർക് ഫോഴ്സായി കരുതി വയ്ക്കുകയുമാണ് പല രാജ്യങ്ങളും അനുവർത്തിക്കുന്ന നയം. നമ്മുടെ കേരളത്തിലെ തന്നെ സ്വകാര്യ മേഖലയിലെ പല ആശുപത്രികളും പെയ്ഡ് ലീവ് നൽകി ഒരു റിസേർവ് പൂൾ പോലെ ജീവനക്കാരെ റൊട്ടേഷൻ സമ്പ്രദായത്തിൽ ഉപയോഗയുക്തമാക്കാൻ തയാറെടുത്തു കഴിഞ്ഞു.

?ഈ അവസരത്തിൽ സർക്കാർ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്ക് ലീവുകൾ അനുവദിക്കാതെയും ഓപി സമയം കൂട്ടിയും പരമാവധി ജോലി ചെയ്യിക്കുന്ന നിലവിലത്തെ രീതി, അവശ്യഘട്ടത്തിൽ ആരോഗ്യമേഖലയെ ഏറ്റവും പരിക്ഷീണമാക്കുമോയെന്ന ഭയം നമുക്കുണ്ട്.

?മാത്രമല്ലാ, ആരോഗ്യരംഗത്തെ മനുഷ്യവിഭവശേഷിയും ഭൗതികസാഹചര്യങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ ശക്തിപ്പെടുത്തേണ്ട നേരവും കൂടിയാണിത്. അത്തരം കാര്യങ്ങളിൽ കൂടി ഏറ്റവും യുക്തിസഹമായ തീരുമാനം സർക്കാർ കൈക്കൊണ്ടെങ്കിലെന്ന് ആഗ്രഹിക്കുന്നു.

?പൊതുജനങ്ങളോട് പറയാനുള്ളത്, അസാധരണമായ സാഹചര്യങ്ങളാണ് വരാൻ പോകുന്നത്. അതുകൊണ്ടു തന്നെ അസാധാരണമായ സാമൂഹിക മാറ്റങ്ങൾ പ്രതീക്ഷിക്കണം. ലോക്ക് ഡൌൺ പോലുള്ള കടുത്ത തീരുമാനങ്ങളോ, പുറത്തിറങ്ങുന്നതിന് തന്നെ നിയന്ത്രണങ്ങളോ പൊതുജന നന്മയെ കരുതി നടപ്പാക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാൻ സാധ്യത ഉണ്ട്. പക്ഷെ പരിഭ്രാന്തി വേണ്ടാ, ഒന്നാമത് അത്തരം നടപടികൾ ഈ പോരാട്ടത്തിൽ നമ്മളെ സഹായിക്കും എന്നതിനാലാണ് ഏർപ്പെടുത്തേണ്ടി വരിക. അനാവശ്യ പരിഭ്രാന്തി അന്തരീക്ഷത്തെ കൂടുതൽ വഷളാക്കും. ആവശ്യം വേണ്ട കരുതൽ നടപടികളും സർക്കാർ കൈക്കൊള്ളുന്നുണ്ട്, ഇനിയും ഉണ്ടാവും എന്ന് തീർച്ചയായും ഉറപ്പിക്കാം.

?ഇതൊരു നൂറു മീറ്റർ റെയ്‌സ് അല്ല, ഒരു മാരത്തോൺ ഓട്ടമാണ്. അത് കൊണ്ട് കരുതലോടെ ഉള്ള പരിമിത വിഭവങ്ങൾ പരമാവധി ജാഗ്രതയോടെ വിനിയോഗിക്കാനും, ഓട്ടത്തിൽ തളരാതെ മുന്നേറാനും ഉള്ള മനോനിലയോടെ വേണം നാം മുന്നേറാൻ.

?അതുകൊണ്ട് കാര്യഗൗരവത്തോടെ, സമചിത്തതയോടെ ഏതു സാഹചര്യത്തിലും ഇടപെടാൻ മാനസികമായി നമ്മൾ തയ്യാറായിരിക്കണമെന്ന് മാത്രം. മറ്റു പലയിടങ്ങളിലെയും, എന്തിന് നമ്മുടെ തന്നെ പിഴവുകൾ നമുക്ക് പാഠമാവണം. അതുകൊണ്ട് നമുക്കൊരുമിച്ച് നിക്കാം. ഒരുമിച്ച് നേരിടാം.. ഒന്നിച്ച് നിന്ന് തോൽപ്പിക്കാം ഈ മഹാമാരിയെ..

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ