· 8 മിനിറ്റ് വായന

22.3.2020 കോവിഡ് 19: Daily review

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യംസുരക്ഷ

?“നിങ്ങൾ അജയ്യരല്ല” കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് അലംഭാവം കാണിക്കരുതെന്ന് ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച യുവാക്കൾക്ക് മുന്നറിയിപ്പ് നൽകി.

“ഇന്ന്, ചെറുപ്പക്കാർക്കായി എനിക്ക് ഒരു സന്ദേശമുണ്ട്: നിങ്ങൾ അജയ്യരല്ല. ഈ കൊറോണ വൈറസിന് നിങ്ങളെ ആഴ്ചകളോളം ആശുപത്രിയിൽ പ്രവേശിപ്പിക്കാം, അല്ലെങ്കിൽ കൊല്ലാം. നിങ്ങൾക്ക് അസുഖം വന്നില്ലെങ്കിലും, നിങ്ങൾ സഞ്ചരിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലം അനുസരിച്ചാകാം മറ്റൊരാളുടെ ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസം” ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കഴിഞ്ഞ ദിവസം പറഞ്ഞ വാചകമാണിത്.

ലോകം ഇന്നലെ….?

?ആദ്യ ഒരുലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ വേണ്ടി വന്ന സമയം ഏകദേശം മൂന്നു മാസം. പുതുതായി അടുത്ത ഒരു ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ വേണ്ടി വന്ന സമയം 12 ദിവസങ്ങൾ. ഈ രണ്ടു ലക്ഷത്തിൽ നിന്നും മൂന്നു ലക്ഷത്തിലേക്ക് എത്താൻ വേണ്ടി വന്നത് വെറും നാല് ദിവസങ്ങൾ.

?ഇന്നലെ 1600-ൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആഗോള മരണസംഖ്യ 13,000 കടന്നു. ഇതുവരെ ആകെ 310000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 31000 ൽ കൂടുതൽ കേസുകൾ.

ഇറ്റലിയിൽ നിന്നും ഹൃദയഭേദകമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 794 മരണങ്ങൾ, ഇതുവരെ 4825 ലധികം മരണങ്ങൾ. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 6550 ലധികം കേസുകൾ അടക്കം ആകെ കേസുകൾ 53500 കവിഞ്ഞു.

യൂറോപ്പിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു. സ്പെയിനിൽ മരണസംഖ്യ 1300 കടന്നു. സ്പെയിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3800 ലധികം കേസുകളും 285 മരണങ്ങളും. ഇതോടെ സ്പെയിനിൽ ഇതുവരെ ആകെ 23000 ലധികം കേസുകളും 1378 മരണങ്ങളും.

ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2300 ലധികം കേസുകൾ, മരണങ്ങൾ 16. ഇതുവരെ ആകെ 22000 ലധികം കേസുകളിൽ നിന്ന് 84 മരണങ്ങൾ.

ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1800 ലധികം കേസുകളും 100 ലധികം മരണങ്ങളും. ഇതുവരെ ആകെ 14000 ലധികം കേസുകളും 563 മരണങ്ങളും.

യുകെയിൽ ഇന്നലെ മാത്രം 1000 ലധികം കേസുകളും 50 ലധികം മരണങ്ങളും. ഇതുവരെ ആകെ 5000 ലധികം കേസുകളിൽ നിന്നും 233 മരണങ്ങൾ.

സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1200 ലധികം കേസുകൾ, 24 മരണങ്ങൾ. ഇതുവരെ ആകെ 6800 ലധികം കേസുകളിൽ നിന്ന് 80 മരണങ്ങൾ.

നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 600 ലധികം കേസുകളും 30 മരണങ്ങളും. ഇതുവരെ ആകെ 3600 ലധികം കേസുകളിൽ നിന്ന് 136 മരണങ്ങൾ.

ബെൽജിയത്തിൽ ഇന്നലെ മാത്രം 550 ലധികം കേസുകൾ, 30 മരണങ്ങൾ. ഇതുവരെ ആകെ 2800 ലധികം കേസുകളിൽ നിന്ന് 67 മരണങ്ങൾ.

ഓസ്‌ട്രിയയിൽ ഇന്നലെയും മുന്നൂറിലധികം കേസുകൾ. ഇതുവരെയാകെ 3000 ഓളം കേസുകളിൽ നിന്ന് 8 മരണങ്ങൾ.

അമേരിക്കയിൽ ഇന്നലെ മാത്രം 6700 ലധികം കേസുകളും 68 മരണങ്ങളും, ഇതുവരെ ആകെ 26000 ഓളം കേസുകളിൽനിന്ന് 324 മരണങ്ങൾ.

ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ ആയിരത്തിൽ താഴെ, 123 മരണങ്ങൾ. ആകെ കേസുകൾ 20500 കടന്നു, മരണം 1556.

തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 147 കേസുകൾ, അവിടെ ഇതുവരെ 8800 ഓളം കേസുകളിൽ നിന്ന് 102 മരണങ്ങൾ.

ചൈനയിൽ നിന്നും പുതിയ കേസുകളുടെ റിപ്പോർട്ടുകൾ വളരെ കുറവാണ്. 81000 ലധികം കേസുകളിൽ നിന്ന് 3255 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 71500 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 2000 ൽ താഴെയായി. തുടർച്ചയായ മൂന്നാം ദിവസവും വുഹാൻ പ്രവിശ്യയിൽ നിന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 22, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 71.

ജപ്പാൻ, ഓസ്ട്രേലിയ, മലേഷ്യ, പോർച്ചുഗൽ, കാനഡ, ഡെന്മാർക്ക്, സ്വീഡൻ, നോർവേ എന്നിവിടങ്ങളിലും ഇതുവരെ 1000 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

തുർക്കി, പോർച്ചുഗൽ, പാകിസ്താൻ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം 200 ൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ലക്സംബർഗ്, മലേഷ്യ, ഓസ്ട്രേലിയ, അയർലണ്ട്, ബ്രസീൽ, ചെക്ക് റിപ്പബ്ലിക്ക്, സ്വീഡൻ, നോർവേ, ഡെൻമാർക്ക്, പോളണ്ട്, ചിലി, ഇസ്രയേൽ, കാനഡ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം നൂറിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ 23.59 CET 19.03.2020) വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.

?ആശുപത്രികളുടെ സുഗമമായ നടത്തിപ്പിനായി 100 ബില്യൺ ഡോളർ അടിയന്തരമായി നൽകണമെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷനും അമേരിക്കൻ നഴ്സസ് അസോസിയേഷനും സംയുക്തമായി ആവശ്യപ്പെട്ടു.

?സാമ്പത്തിക അസന്തുലിതാവസ്ഥ ഉണ്ടാവാതിരിക്കാൻ രണ്ട് ട്രില്യൺ ഡോളറിന് മുകളിൽ അടിയന്തര സഹായം ലഭ്യമാക്കുമെന്ന് വൈറ്റ് ഹൗസ് ഒഫീഷ്യൽ അറിയിച്ചതായി വാർത്ത.

?45 മിനിറ്റ് കൊണ്ട് റിസൾട്ട് ലഭിക്കുന്ന ലാബ് പരിശോധനാ സംവിധാനങ്ങൾ (GeneXpert) ഏർപ്പെടുത്തുന്നതിന് എഫ്ഡിഎ അനുമതി നൽകി.

?ഇംഗ്ലണ്ടിൽ സ്വകാര്യ ആശുപത്രികളിലെ ബെഡ്ഡുകളും വെൻറിലേറ്ററുകളും ഉപയോഗപ്പെടുത്താൻ നാഷണൽ ഹെൽത്ത് സർവീസ് ശ്രമിക്കുന്നു.

?കൊറോണ പാൻഡെമിക് സാഹചര്യത്തിൽ ഇരുപതിനായിരത്തോളം ആരോഗ്യ പ്രവർത്തകരെ നാഷണൽ ഹെൽത്ത് സർവീസ് പുതുതായി നിയമിച്ചു.

?വെൻറിലേറ്റർ നിർമ്മിക്കുന്ന സ്മിത്ത് കമ്പനി തങ്ങളുടെ പേറ്റന്റ് മറ്റുള്ളവർക്ക് വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് അറിയിച്ചു.

?യുകെ കാർ നിർമാണ കമ്പനികളോടും മിലിറ്ററി നിർമ്മാണ കമ്പനികളോടും വെൻറിലേറ്റർ നിർമ്മിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. JCB, Tesla തുടങ്ങിയ കമ്പനികൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്.

?ജർമനി പുതുതായി 10000 വെൻറിലേറ്ററുകൾ വാങ്ങാനുള്ള ഓർഡർ നൽകി. ഇറ്റലി 5000 വെൻറിലേറ്ററുകൾ വാങ്ങാനുള്ള ഓർഡർ നൽകി.

?ഒരു ദിവസം 12000 പേർക്ക് കൊറോണ പരിശോധന നടത്താനുള്ള സൗകര്യം ജർമ്മനി ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം പതിനായിരത്തിൽ കൂടുതൽ പരിശോധനകൾ നടത്താനുള്ള സൗകര്യം തെക്കൻ കൊറിയയും ഒരുക്കിയിട്ടുണ്ട്.

?കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രണ്ട് രാജ്യങ്ങൾ ആണ് ജർമനിയും തെക്കൻ കൊറിയയും.

?കൂടുതൽ പേർക്ക് എക്സ്പോഷർ ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ക്വാറന്റൈനിൽ കഴിയുന്ന ആൾക്കാർ മരിച്ചാൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തേണ്ടതില്ല എന്ന് ജർമനി തീരുമാനിച്ചതായി റിപ്പോർട്ടുകൾ.

?ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതൽ ഐസിയു ബെഡ്ഡുകളും വെന്റിലേറ്ററുകളും ഉള്ള രാജ്യങ്ങളിൽ മുൻപന്തിയിലാണ് ജർമനി.

?പാൻഡെമിക് സാഹചര്യത്തിൽ 160 ബില്യൻ ഡോളർ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് ജർമ്മനി.

?അൽബേനിയ സൈന്യ സഹായത്തോടെ കർഫ്യൂ ഏർപ്പെടുത്തി.

?ജോർജിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

?കൊളംബിയ ദേശ വ്യാപകമായി 19 ദിവസം ക്വാറന്റൈൻ ഏർപ്പെടുത്തി.

?ബൊളീവിയ പ്രസിഡൻഷ്യൽ ഇലക്ഷൻ മാറ്റിവെച്ചു. ദേശവ്യാപകമായി ഞായറാഴ്ച മുതൽ ക്വാറന്റൈൻ ഏർപ്പെടുത്തി.

?ബ്രസീലിൽ സാവോപോളോ 2 ആഴ്ച കാലയളവിലേക്ക് ലോക്ക് ഡൗൺ ചെയ്തു.

?ഗ്വാട്ടിമാല 8 ദിവസം കർഫ്യൂ ഏർപ്പെടുത്തി.

?ക്യൂബ വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി.

?വിയറ്റ്നാം വിദേശികൾക്കുള്ള പ്രവേശനത്തിന് വിലക്കേർപ്പെടുത്തി.

?പാകിസ്ഥാൻ എല്ലാ അന്തർദേശീയ വിമാന സർവീസുകളും ഏപ്രിൽ നാലുവരെ റദ്ദ് ചെയ്തു.

?പാർക്കുകളും സമ്മേളനങ്ങളും ബീച്ചുകളും ഖത്തർ അടച്ചു.

?യുഎഇ ബീച്ചുകളും പാർക്കുകളും സ്വിമ്മിംഗ് പൂളും സിനിമ തീയറ്ററുകളും ജിമ്മുകളും അടച്ചു.

?ലബനനിൽ പട്ടാള ചുമതലയിൽ കർഫ്യൂ ഏർപ്പെടുത്തി.

?ജോർദാൻ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തി.

?ഈജിപ്തിൽ മ്യൂസിയങ്ങളും പള്ളികളും മോസ്കുകളും അടച്ചു. പിരമിഡുകളിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തി.

?നൈജീരിയ പ്രധാനപ്പെട്ട എയർപോർട്ടുകൾ അടച്ചു.

⚠️ബുർകിന ഫാസോയിൽ നാലു മന്ത്രിമാരിൽ രോഗം സ്ഥിരീകരിച്ചു.

?ദേശീയതലത്തിൽ ഇന്ത്യയിലെ സ്ഥിതിഗതികൾ

പ്രതീക്ഷിച്ചിരുന്നത് പോലെ അടുത്ത ഒരു നിർണ്ണായക ഘട്ടത്തിലേക്ക് നമ്മുടെ രാജ്യം കടക്കുകയാണ്.
മാർച്ച് 22 ൽ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 324 ൽ എത്തി. സാമൂഹിക വ്യാപനം നടന്നതിന് കൃത്യമായ തെളിവ് കിട്ടിയിട്ടില്ലയെങ്കിലും, നിർണ്ണായകമായ കുറെ ദിനങ്ങൾ കഴിഞ്ഞായിരിക്കും ശരിയായ ചിത്രം നമ്മുടെ മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്.

?രോഗവ്യാപനം എവിടെ വരെ ?

?ഇന്ത്യയിൽ ഇതുവരെയുള്ള ആ ട്രെൻഡൊന്ന് നോക്കൂ!
മാർച്ച് 2- 5 (ആകെ രോഗികൾ)
മാർച്ച് 5- 30
മാർച്ച് 8 – 39
മാർച്ച് 11- 71
മാർച്ച് 14 – 95
മാർച്ച് 17 – 141
മാർച്ച് 20- 251
മാർച്ച് 22 – 324

?കൊവിഡ് 19 പുതിയ ഇരകളെ തേടിയെത്തുന്നതിന്റെ വേഗത കൂടുന്നതായി നിരീക്ഷിക്കാം. ഓരോ 3 ദിവസങ്ങളിലെയും പുതിയ രോഗികളുടെ എണ്ണം ഇങ്ങനെയാണ് – 25, 9, 22, 24, 46, 110…. !

?വിദേശ യാത്ര ചെയ്തിട്ടില്ലാത്ത ഒരാൾ പൂനയിലും, മറ്റൊരാൾ കൽക്കട്ടയിലും പോസിറ്റീവായി എന്ന് പത്ര വാർത്തകൾ ഉണ്ട്. എന്നു വെച്ചാൽ നാം ഭയന്നിരുന്ന സാമൂഹിക വ്യാപനം നടന്നു തുടങ്ങി എന്ന് സംശയിക്കേണ്ടി വരും. എന്നാൽ കേന്ദ്ര സർക്കാരിൽ നിന്നുള്ള സ്ഥിരീകരണം വന്നിട്ടില്ല, അതിനായി കാക്കാം.

?ആകെ 64 കേസുകൾ ആയതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ള സംസ്ഥാനം ആയി മഹാരാഷ്ട്ര.

?ഇന്ത്യയിൽ ഇതിനകം 23 സംസ്ഥാനങ്ങളിൽ കൊവിഡ് 19 ബാധിച്ചു കഴിഞ്ഞു. ഇതെഴുതുമ്പോൾ ആസ്സാമിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു, നാലര വയസ്സുള്ള പെൺകുട്ടി.

?കച്ച് ജില്ല മുതൽ തലസ്ഥാനമായ ഗാന്ധിനഗർ വരെ ആകെ 14 കേസുകൾ ഗുജറാത്തിൽ കണ്ടെത്തി.

?രോഗ നിർണ്ണയ പ്രവർത്തനങ്ങൾ

?പുതിയ ഐ സി എം ആർ നിർദ്ദേശം പ്രകാരം കൂടുതൽ പേരെ കോവിഡ് സ്ഥിരീകരണ ടെസ്റ്റുകൾ നടത്താൻ ഗൈഡ്ലൈൻ പുതുക്കി നിശ്ചയിച്ചു.

?ഇന്ന് മുതൽ രാജ്യത്ത് 111 കോവിഡ് -19 പരിശോധനാ ലാബുകൾ പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം.

?സ്വകാര്യ ലാബുകൾക്കു കൂടി അനുമതി നൽകാൻ തീരുമാനമായി. സാമ്പിൾ ശേഖരണ രീതി, ചാർജ്ജ് ചെയ്യേണ്ട തുക എന്നിങ്ങനെ പലതിലും പാലിക്കേണ്ട കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കും. ഏറ്റവും ഒടുവിലെ നിർദ്ദേശ പ്രകാരം ടെസ്റ്റിന് 4500 രൂപയിൽ കൂടാൻ പാടില്ല.

?രോഗനിയന്ത്രണത്തിനായി ഏർപ്പെടുത്തിയ നിബന്ധനകൾ / നിയന്ത്രണങ്ങൾ ?

രാജ്യത്തു പല സംസ്ഥാനങ്ങളിലും നിയമങ്ങൾ കർശനമാക്കി.

പൊതുജനാരോഗ്യത്തിന് ഭംഗം വരുത്തും തരം നിയമലംഘനങ്ങൾക്കെതിരെ 540 ഓളം കേസുകൾ മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തു.

“ലോക്ക് ഡൌൺ” ലംഘിക്കുക, യാത്ര സംബന്ധിച്ച വിവരങ്ങൾ മറച്ചു വെക്കുക, തെറ്റായി നൽകുക, രോഗബാധയെക്കുറിച്ചുള്ള തെറ്റായ സന്ദേശങ്ങൾ പടർത്തുക, രോഗപകർച്ച തടയാൻ എന്ന പേരിൽ ഉൽപ്പന്നങ്ങൾ കച്ചവടം ചെയ്യുക എന്നീ കുറ്റകൃത്യങ്ങൾ ചെയ്തതിനാണ് ഭൂരിഭാഗം കേസുകളും.

സാമൂഹിക വ്യാപനം കുറയ്ക്കാനുള്ള അവബോധനവും നിർദ്ദേശവും സമൂഹത്തിനു നൽകിക്കൊണ്ടിരുന്നിട്ടും ഏതാനും ആളുകൾ അത് ലംഘിക്കുന്ന സ്ഥിതിയുണ്ട്. ഇത് രോഗ വ്യാപനത്തിന് കാരണമായിത്തീരുന്നു. ഏതാനും ചിലരുടെ അലംഭാവം അനേകരുടെ ജീവൻ പോലും എടുത്തേക്കാം.

അത്തരം മറ്റൊരു സംഭവം ആയിരുന്നു യു. പി യിൽ ഗായിക കനിക കപൂർ ഐസൊലേഷൻ നിർദ്ദേശങ്ങൾ മറികടന്നു പാർട്ടികളിലും മറ്റും പങ്കെടുത്തത്. രോഗ ബാധിത ആണെന്ന് പിന്നീട് കണ്ടെത്തിയ അവർ പങ്കെടുത്ത പാർട്ടികളിലും മറ്റും ഉണ്ടായിരുന്ന ഉന്നതർ നിരീക്ഷണത്തിലാണ്. (ആശ്വാസജനകമായ കാര്യം ഇവർ പങ്കെടുത്ത പാർട്ടിയിൽ ഉണ്ടായിരുന്ന യു.പി ആരോഗ്യ മന്ത്രി ഉൾപ്പെടെ 17 പേരുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.)

വിദേശ യാത്രാ ചരിത്രം മറച്ചുവെച്ചതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരമുള്ള “ജനത കർഫ്യു” വിന്റെ ഭാഗമായി മാർച്ച് 23 നു മെട്രോ ട്രെയിനുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ, നാളെ പുറപ്പെടാൻ ആരംഭിക്കുന്ന 80 ഓളം ട്രെയിനുകൾ എന്നിവയുടെ സർവ്വീസ് ക്യാൻസൽ ചെയ്തു. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ദീർഘ ദൂര ട്രെയിനുകൾ നിർത്തിയിടില്ല.

രാജസ്ഥാനിൽ മാർച്ച് 31 വരെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു.

ആവശ്യമായി വന്നാൽ ലോക്ക് ഡൌൺ ഏർപ്പെടുത്തിയേക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി പ്രസ്താവിച്ചു.

തമിഴ്നാട് അയൽ സംസ്ഥാനങ്ങളായ കേരളം, കർണാടക, ആന്ധ്ര എന്നിവിടങ്ങളുമായുള്ള അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.

ഗോവയും അതിർത്തികൾ അടയ്ക്കുന്നതിന് ഏകദേശം സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഒഡീഷയിലെ അഞ്ചു ജില്ലകളിലും, പ്രമുഖ പട്ടണങ്ങളിലും സമ്പൂർണ്ണ ലോക്ക് ഡൌൺ ആണ് നിർദ്ദേശിച്ചിരിക്കുന്നത്.

മാർച്ച് 22 മുതൽ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളം എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും ഒരാഴ്ചത്തേക്ക് വിലക്കി.

ആശ്വാസജനകമായ നടപടികൾ

?കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം ഇന്ന് ഇന്ത്യയിലെ തിരഞ്ഞെടുത്ത ആയിരം ആശുപത്രികളിൽ മോക്ക് ഡ്രിൽ ഉണ്ടാവും.

?മറ്റു രോഗങ്ങൾ കൂടിയുള്ള, 50 വയസ്സിനു മുകളിലുള്ള ജീവനക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ തന്നെ ആവശ്യമായി വന്നാൽ ക്വാറന്റൈൻ അവധി നൽകാൻ കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കി.

?AIIMS ആശുപത്രിയിൽ എമെർജെൻസി ശസ്ത്രക്രിയകൾ ഒഴികെ മറ്റെല്ലാ ശസ്ത്രക്രിയകളും മാറ്റി വച്ചു .

?പ്രസ് കോൺഫ്രൻസുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ ആക്കുമെന്നു ഡൽഹി മുഖ്യമന്ത്രി പ്രസ്താവിച്ചു.

?വിലനിയന്ത്രണം പ്രഖ്യാപിച്ചു – ഹാൻഡ് സാനിറ്റയ്‌സർ നും (Rs 100 per 200 മില്ലി ബോട്ടിൽ), രണ്ടു ലെയർ സർജിക്കൽ മാസ്ക് നു 8 രൂപയും, 3 ലെയർ മാസ്കിനു 10 രൂപയും.

?മാർച്ച് 21 മുതൽ ജൂൺ 21 വരെയുള്ള കാലയളവിലേക്ക് ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നതിന് റെയിൽവേ വ്യവസ്ഥകൾ ഉദാരമാക്കി.

?ലോകാരോഗ്യ സംഘടനയുടെ മാതൃക പിന്തുടർന്ന് ഇന്ത്യ സർക്കാർ വാട്സ് ആപ്പുമായി സഹകരിച്ചു കൊണ്ട് ചാറ്റ് ബോട്ട് നിർമ്മിച്ചു. കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച ശരിയായ വിവരങ്ങൾ അറിയാൻ 9013151515 എന്ന മുഴുവൻ സമയവും പ്രതികരണം ലഭ്യമാവുന്ന നമ്പറിലേക്കു ചോദ്യങ്ങൾ സന്ദേശം അയച്ചു ഉത്തരങ്ങൾ കണ്ടെത്താവുന്നതാണ്.

? കേരളത്തിലെ സ്ഥിതിഗതികൾ

?കേരളത്തിൽ വീണ്ടും 12 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയേറ്റുന്ന ഒന്നാണ്. വരും ദിവസങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാവുമെന്ന സൂചന തന്നെയാണിത് നൽകുന്നത്. പക്ഷെ നമ്മുടെ നാട്ടിൽ പലർക്കും സാഹചര്യങ്ങളുടെ ഗൗരവം ഇനിയും പിടികിട്ടിയിട്ടില്ല.

?ഇന്നത്തെ കർഫ്യുവിന് മുന്നോടിയായി സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള ജനത്തിരക്ക് തന്നെ അതിനുദാഹരണം. നമ്മളെന്താണോ ഇതൊക്കെക്കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്, അതിനെയെല്ലാം ഒറ്റയടിക്ക് നിരാകരിക്കുന്നതാണീ നടപടികളെല്ലാം. നമുക്കെല്ലാം നിസാരമെന്ന ഭാവം. നമ്മളെയൊന്നും ബാധിക്കില്ലെന്ന ഭാവം.

?ഇപ്പോൾ കേരളത്തിൽ ആകെ രോഗികളുടെ എണ്ണം 52 ആയി. ചികിത്സയിലുള്ളവർ 49 പേർ. 53013 പേർ നിരീക്ഷണത്തിലുമുണ്ട്. പുതിയ 12 പേരിൽ 6 പേർ കാസർഗോട്ടും 3 പേർ കണ്ണൂരും 3 പേർ എറണാകുളത്തുമാണ് ചികിത്സയിലുള്ളത്.

?വരും ദിവസങ്ങളെ നമ്മുടെ ആരോഗ്യരംഗം ആശങ്കകളോടെയാണ് കാത്തിരിക്കുന്നത്. രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത, ആരോഗ്യപ്രവർത്തകരുടെ എണ്ണക്കുറവ്, ആരോഗ്യപ്രവർത്തകരെ രോഗവാഹകർ എന്നരീതിയിൽ വിശ്വാസത്തിലെടുക്കാതെയും സംശയത്തോടെയും നോക്കുന്ന ന്യൂനപക്ഷങ്ങൾ ഒക്കെ ആശങ്കയുടെ ആഴം വർദ്ധിപ്പിക്കുന്നു.

?അതിനിടയിൽ ആശ്വാസമായത് വീട്ടിൽ പോകാനാവാതെ രോഗികളെ നോക്കുന്ന ഒരു വിഭാഗം ആരോഗ്യപ്രവർത്തകർക്ക് താമസസൗകര്യം തയ്യാറാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ്.

?പക്ഷെ, ജോലി സ്ഥലങ്ങളിൽ ആവശ്യത്തിനുള്ള വ്യക്തിഗത സുരക്ഷാ സാമഗ്രി (PPE) കൾ, 3 ലെയർ സർജിക്കൽ മാസ്ക് എന്നിവയുടെ ക്ഷാമം ഉണ്ടായാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ അപകടകരമായ സ്ഥിതിവിശേഷം സംജാതമായേക്കും.

?രോഗീപരിചരണത്തിലേർപ്പെടുന്നവരുടെ സുരക്ഷ അതീവ പ്രാധാന്യമുള്ളതാണെന്ന് ഇറ്റലിയിലെയും ഇറാനിലെയും സംഭവങ്ങൾ നമ്മളെ പഠിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിലും സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നാണ് നമ്മുടെ ആഗ്രഹം.

?RCC യിൽ ചികിത്സയിൽ കഴിയുന്ന രോഗികൾ ശ്രദ്ധിക്കേണ്ട ഒരു കാര്യവുമുണ്ട്. കീമോതെറാപ്പി, റേഡിയോതെറാപ്പി ചികിത്സകൾ രോഗപ്രതിരോധ സംവിധാനത്തെ ക്ഷീണിപ്പിക്കുന്നതായതിനാൽ, അടിയന്തിരസ്വഭാവമില്ലാത്ത ചികിത്സകൾ മാറ്റി വച്ചിട്ടുണ്ട്. മാർച്ച് 23 മുതൽ 28 വരെ ചികിത്സയ്‌ക്കെത്തേണ്ടവർ ഫോണിൽ വിളിച്ച് പുതിയ തീയതി വാങ്ങണം (RCC യുടെ സർക്കുലർ ആദ്യ കമൻ്റിൽ). തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ഒപി സമയങ്ങളിൽ താൽക്കാലികമായി മാറ്റം വന്നിട്ടുണ്ട്. രാവിലെ 9 മുതൽ 12 വരെയാണ് ഓ പി. 8 മുതൽ 11 വരെയേ ഓപി ടിക്കറ്റ് ലഭിക്കൂ.

ഇന്ന് രാജ്യം മുഴുവൻ കർഫ്യു ആചരിക്കുകയാണ്. കഴിഞ്ഞ ദിവസം എഴുതിയതാണെങ്കിലും ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ്, ഒരു കർഫ്യു കൊണ്ട് ഈ വൈറസെങ്ങും പോകില്ല. കർഫ്യൂ സോഷ്യൽ ഡിസ്റ്റൻസിംഗിനുള്ള കർശനമായ ഒരു മാർഗം മാത്രമാണ്. വരും ദിവസങ്ങളിൽ, ചിലപ്പോൾ ആഴ്ചകളോളം തന്നെ പല രീതിയിലുള്ള നിയന്ത്രണങ്ങൾക്ക് നമ്മൾ ഇനിയും വിധേയരാകേണ്ടി വരും. അതിനായി മാനസികമായി തയ്യാറെടുക്കുകയും വേണം.

‘ശാരീരിക അകലം, സാമൂഹിക ഒരുമ’ എന്ന നമ്മുടെ മുദ്രാവാക്യം ഒരിക്കലും മറക്കരുത്. ഇതൊക്കെയും നല്ലൊരു നാളേക്കുവേണ്ടിയാണെന്ന ഉത്തമബോധ്യത്തോടെ, നമ്മൾ മാത്രമല്ല, ലോകം മുഴുവനിപ്പോൾ ഈ കൊവിഡിൻ്റെ പിറകേയാണെന്നും അത്രയ്ക്കും ഭീതിദമാണ് അന്തരീക്ഷമെന്നും തിരിച്ചറിഞ്ഞുകൊണ്ട് സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നത് അനുസരിക്കണമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ