· 6 മിനിറ്റ് വായന
22.4.2020 കോവിഡ് 19: Daily review
കൊവിഡ് 19: ലോകം ഇന്നലെ (21/4/20)
ലോകമാകെ സുഖം പ്രാപിച്ചവരുടെ എണ്ണം 7 ലക്ഷം അടുക്കുന്നു. ഏറ്റവും കൂടുതൽ പേർ സുഖം പ്രാപിച്ചത് ജർമനിയിൽ, അവിടെ രോഗമുക്തി നേടിയവരുടെ എണ്ണം 95,000 കടന്നു. അമേരിക്ക, സ്പെയിൻ എന്നിവിടങ്ങളിൽ സുഖം പ്രാപിച്ചവരുടെ എണ്ണം 82,000 കടന്നു.
ലോകമാകെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 25 ലക്ഷം കടന്നു. മരണസംഖ്യ ഒന്നേമുക്കാൽ ലക്ഷം കടന്നു. ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 75,000 ലധികം കേസുകൾ, മരണങ്ങൾ 7,000 ലധികം.
അമേരിക്കയിൽ പ്രതിദിന മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുന്നു. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2,500 ലധികം മരണങ്ങൾ. ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട 25,000 കേസുകൾ ഉൾപ്പെടെ എട്ട് ലക്ഷത്തിൽ പരം കേസുകളിൽ നിന്ന് ഇതുവരെ 45,000 ലധികം മരണങ്ങൾ.
ബ്രസീലിലും പെറുവിലും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം താരതമ്യേന ഉയർന്നുതന്നെ നിൽക്കുന്നു. ബ്രസീൽ ഇതുവരെ 43,000 ലധികം കേസുകളിൽ നിന്ന് 2,750 ഓളം മരണങ്ങൾ.
ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി, യുകെ, ബൽജിയം തുടങ്ങിയ രാജ്യങ്ങളിൽ പ്രതിദിനം പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നു.
എന്നാൽ തുർക്കി, റഷ്യ എന്നിവിടങ്ങളിൽ കേസുകളുടെ എണ്ണം ഉയർന്നുതന്നെ നിൽക്കുന്നു. തുർക്കിയിൽ ഇന്നലെയും 4,600 ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അവിടെ ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 95,000 കടന്നു. മരണസംഖ്യ 2,300 ൽ താഴെ.
റഷ്യയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5,600 ലധികം കേസുകൾ. ഇതുവരെ ആകെ 52,000 ലധികം കേസുകളിൽ നിന്ന് അഞ്ഞൂറിൽ താഴെ മരണങ്ങൾ.
നിലവിലെ അവസ്ഥയിൽ റഷ്യയിലും തുർക്കിയിലും മരണ നിരക്ക് താരതമ്യേന കുറഞ്ഞു നിൽക്കുന്നതായാണ് കാണുന്നത്. എന്നാൽ ആശുപത്രി സൗകര്യങ്ങൾക്ക് താങ്ങാൻ സാധിക്കുന്നതിൽ കൂടുതൽ കേസുകൾ വരുമ്പോൾ ഇതിൽ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്.
സൗദി അറേബ്യ, സിംഗപ്പൂർ, ഖത്തർ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഇന്ത്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വർധിച്ചുവരികയാണ്.
സൗദിയിലും സിംഗപ്പൂരിലും ഇന്നലെയും 1,100 ലധികം പുതിയ കേസുകൾ. സൗദിയിൽ ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 11,600 ലധികം കേസുകളിൽ നിന്ന് 100 ലധികം മരണങ്ങൾ. സിംഗപ്പൂരിൽ ആകെ കേസുകൾ 9,000 കടന്നു, മരണസംഖ്യ 10.
ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ ഇന്നലെ ഏതാണ്ട് അഞ്ഞൂറോളം കേസുകൾ. ഖത്തറിൽ ഇതുവരെ ആകെ 6,500 അധികം കേസുകളിൽ നിന്ന് 9 മരണങ്ങൾ. യുഎഇയിൽ ഇതുവരെ ആകെ 7,700 ലധികം കേസുകളിൽ നിന്ന് 40 ലധികം മരണങ്ങൾ.
ഇറാനിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നു. പക്ഷേ ഇന്നലെയും 1,200 ലധികം പുതിയ കേസുകൾ. ഇതുവരെ ആകെ 85,000 ഓളം കേസുകളിൽ നിന്ന് 5,200 ലധികം മരണങ്ങൾ.
ആഫ്രിക്കയിൽ മൂവായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മൂന്ന് രാജ്യങ്ങളിൽ മാത്രം. സൗത്ത് ആഫ്രിക്ക, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളിൽ.
Hydroxychloroquine വിചാരിച്ചത് പോലുള്ള പ്രയോജനം ചെയ്യുന്നില്ല എന്നും ചികിത്സയ്ക്കായി ഇത് ഉപയോഗിച്ച വയോധികരിൽ മരണനിരക്ക് താരതമ്യേന കൂടുതലാണ് എന്നും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിൽ 368 പേരുടെ ചികിത്സയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അവലോകനമാണ്.
കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തി, കൂടുതൽ വ്യക്തത വരുത്തേണ്ട വിഷയം ആണെന്നാണ് ഇൻഫോക്ലിനിക്കിന്റെ അഭിപ്രായം. ഇന്ത്യയിൽ അത് ഷെഡ്യൂൾ H1 പ്രകാരം ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വിൽക്കാൻ പാടില്ലാത്തതാണ്. സാധാരണ ആൾക്കാർക്ക് തന്നെ ഒരുപാട് ദോഷഫലങ്ങൾ ഉള്ള ഗുളികയാണത്. പല മെഡിക്കൽ സ്റ്റോറുകാർ ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.
ഇന്ത്യയിൽ ഇന്നലെയും 1500-ലധികം പുതിയ രോഗികൾ. ആകെ രോഗികളുടെ എണ്ണം 20,000 കടന്നു
ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4000-നടുത്താണ്. 650-ഓളം പേർ മരിച്ചു.
ഇന്ത്യയിലെ ആകെ രോഗികളുടെ നാലിലൊന്നും മഹാരാഷ്ട്രയിൽ നിന്നാണ്. അതിൽത്തന്നെ 66% -വും മുംബൈയിൽ നിന്ന് മാത്രവും. 60% മരണങ്ങളും. മുംബൈ നഗരത്തെ ഇന്ത്യയുടെ ‘കൊവിഡ് ക്യാപിറ്റൽ’ എന്ന് ഉറപ്പിച്ചു തന്നെ നമുക്ക് പറയാം.
ഡൽഹിയിലും ഗുജറാത്തിലും 2000-ലധികം രോഗികളുണ്ട്. തമിഴ്നാട്ടിലും രാജസ്ഥാനിലും മധ്യപ്രദേശിലും 1500-ലധികം രോഗികൾ വീതമുണ്ട്. ഉത്തർപ്രദേശിൽ 1300-ന് മുകളിൽ രോഗികൾ.
ഇന്ത്യയിൽ ചില സംസ്ഥാനങ്ങൾ അതീവ ഗുരുതരാവസ്ഥയിൽ പോകുമ്പോൾ മറ്റു ചില സംസ്ഥാനങ്ങൾ ഒരു സ്റ്റെബിലൈസ്ഡ് സ്റ്റേറ്റിൽ തന്നെ തുടരുന്നതായാണ് സ്റ്റാറ്റിസ്റ്റിക്സ് കാണിക്കുന്നത്. പക്ഷേ അവിടങ്ങളിലെല്ലാം തന്നെ ഇതുവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം വളരെ കുറവാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ജനസംഖ്യാനുപാതികമായി ടെസ്റ്റുകൾ നടത്താതെ ആശാവഹമാണോ ആശങ്കാജനകമാണോ സ്ഥിതിഗതികൾ എന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ പറ്റില്ല. എല്ലാംകൂടി കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ ആകെയുള്ള ആരോഗ്യസ്ഥിതി ഒട്ടുംതന്നെ ആശാവഹമല്ല എന്ന് തന്നെ പറയാം.
കുറച്ചു ദിവസത്തെ ആശ്വാസകരമായ ഒറ്റ നമ്പരുകളിൽ നിന്ന് ട്രെൻഡ് മാറി ഇന്നലെ വീണ്ടും കേരളത്തിൽ 19 പുതിയ രോഗികൾ. ഇതോടെ ആകെ രോഗികളുടെ എണ്ണം 426 ആയി. നിലവിൽ ചികിത്സയിലുള്ളത് 117 പേർ. 307 പേർ ഇതിനകം രോഗമുക്തി നേടി.
കേരളത്തിൽ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും എന്തിന് രാഷ്ട്രീയ കക്ഷികളുടെയും മുൻഗണനകൾ അതിനിടയിൽ മാറിമറിഞ്ഞു എന്നത് ആശങ്കാജനകമായ കാര്യമാണ്. ആരോഗ്യപ്രവർത്തകർ ആദ്യമേ ആവർത്തിച്ച് പറയുന്ന ഒരു കാര്യമാണ്, നമുക്ക് മാത്രമായി സുരക്ഷിതരായി കഴിയില്ലെന്നും നമുക്കുചുറ്റും വൈറസ് ഉള്ളപ്പോൾ നമ്മൾ എപ്പോഴും ജാഗ്രതയോടെ ഇരിക്കണമെന്നും അതിനു ശാസ്ത്രീയമായ പ്രതിരോധ നടപടികൾ ആദ്യം മുതലുള്ള അതേ കാര്യക്ഷമതയോടെ തുടരണമെന്നും ഒക്കെ.
നമ്മുടെ ചർച്ചാവിഷയങ്ങൾ മാറി. പ്രതിരോധനടപടികളിൽ ഇളവുകളും ഒഴിവുകഴിവുകളും വന്നുതുടങ്ങി. ചെറിയ ഇളവുകളിൽ പോലും ജനം പൊതുനിരത്തിൽ പരക്കം പായാൻ തുടങ്ങി. അതുകൊണ്ട്, എല്ലാവർക്കുമുള്ള ഒരു ചെറിയ സൂചനയാണ് ഇന്നലത്തെ ഈ 19 എന്ന സംഖ്യ.
ഇത്തരം സമയങ്ങളിൽ രാഷ്ട്രീയ ആർജ്ജവത്തോടെ ഒരു സർക്കാർ എടുക്കുന്ന തീരുമാനങ്ങൾക്ക് വലിയ സ്വാധീനമാണ് രോഗപ്രതിരോധത്തിൻ്റെ കാര്യത്തിൽ ഉള്ളത്. സമയോചിതമായ അത്തരം തീരുമാനങ്ങളുടെ അഭാവമാണ് ലോകരാജ്യങ്ങളിന്ന് അഭിമുഖീകരിക്കുന്നത് എന്ന പാഠം നമ്മുടെ മുന്നിലുണ്ട്. കേരളം മാതൃക കാണിച്ച് ലോകത്തിൻ്റെ കയ്യടി നേടിയതും ഇതേ കാര്യത്തിന് തന്നെയായിരുന്നു.
കൃത്യമായ ശാസ്ത്രീയ നിലപാടുകൾ കൊണ്ട് തന്നെയാണ് നമ്മൾ രോഗത്തെ വരുതിയിലാക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. അതിനിടയിൽ ചില അശാസ്ത്രീയ പ്രവണതകൾ ഉണ്ടായപ്പോൾ ഒക്കെ പലരും ചൂണ്ടിക്കാണിച്ചിരുന്നു, സർക്കാർ അത് അംഗീകരിക്കുകയും പിൻവലിക്കുകയും ചെയ്തിരുന്നു. ജില്ലാ ആസ്ഥാനങ്ങളും മറ്റും നിർമ്മിച്ച സാനിറ്റേഷൻ ടണലുകൾ അതിനൊരുദാഹരണമാണ്.
അതേസമയം യാതൊരുവിധ തെളിവുകളോ എന്തെങ്കിലും ഒരു ശാസ്ത്രീയപഠനത്തിൻ്റെ പിൻബലമോ ഇല്ലാതെ പൊതുജനങ്ങളെക്കൊണ്ട് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിരോധമരുന്നുകൾ കഴിപ്പിക്കുന്ന രീതി തികച്ചും അശാസ്ത്രീയമായ കാര്യമാണ്. നമ്മൾ പിന്തുടരേണ്ടത് ലോകാരോഗ്യസംഘടനയുടെ നിർദ്ദേശങ്ങൾ തന്നെയാണ്. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യസംഘടന ഓരോ കാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കുന്നത്. നമ്മൾ നേരിടുന്നത് ലോകത്താകെ പടർന്നിരിക്കുന്ന ഒരു ‘വൈറസി’നെ ആണ്. അതിനെ നേരിടേണ്ടത് അറിവ് കൊണ്ടാണ്. ഇന്നത്തെ കാലത്തും ഊഹാപോഹങ്ങളുടെ പുറകെ പോകുന്നത്, ആയിരം വർഷം മുമ്പ് ജീവിക്കുന്നതിനു തുല്യമാണ്.
ഒരു മരുന്നിൻ്റെ ഗുണത്തെ പറ്റയോ ദോഷത്തെ പറ്റിയോ യാതൊരു അറിവുമില്ലാതെ അത് കഴിക്കുന്നത് കൂടുതൽ ദോഷമാണ്. പൊതുജനങ്ങൾക്കിത് ഒരു കപട സുരക്ഷിതത്വബോധം ഉണ്ടാക്കുകയും അവർ യഥാർത്ഥ പ്രതിരോധമാർഗങ്ങളിൽ അയവു വരുത്തുകയും ചെയ്താൽ സ്ഥിതിഗതികൾ ഗുരുതരമാകും.
ഇന്ത്യയിലെ ഇപ്പോഴത്തെ രോഗവ്യാപനത്തിൻ്റെ ട്രെൻഡ് അനുസരിച്ചാണെങ്കിൽ മെയ് പകുതി കഴിയുമ്പോഴേക്കും ഇന്ത്യയിൽ ഒരു ലക്ഷത്തിനടുത്ത് രോഗികൾ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യം മൊത്തം അതീവഗുരുതരമായ രോഗവ്യാപനം നടക്കുമ്പോൾ കേരളത്തിന് മാത്രമായി, ഒരൊറ്റപ്പെട്ട തുരുത്തായി, നിലനിൽക്കാനാവില്ല എന്ന തിരിച്ചറിവ് നമുക്ക് ഓരോരുത്തർക്കും ഉണ്ടാവണം. ദിവസവും നീല ജട്ടിയിട്ടാൽ കൊറോണ വരില്ല എന്ന് പറയുന്നതിൻ്റെ അത്രയും ശാസ്ത്രീയതയേ ഈ പറയുന്ന പ്രതിരോധഗുളികകൾക്കും ഉള്ളൂ എന്ന് ഈ 2020-ൽ, ഒരു ഭീകരനായ വൈറസ് ഡെമോക്ലിസിൻ്റെ വാളുപോലെ തലയ്ക്കു മുകളിൽ തൂങ്ങുമ്പോൾ എങ്കിലും നമ്മൾ തിരിച്ചറിയണം.
കൊറോണ വൈറസിനെ പറ്റി നമുക്ക് അത്യാവശ്യം നല്ല അറിവുണ്ട്. ആ അറിവിനെ നിരാകരിക്കുന്നത് മണ്ടത്തരമാണ്. അതുകൊണ്ട് ഓർക്കുക, നമ്മുടെ വിധി, നമ്മുടെ തീരുമാനങ്ങളിലായിരിക്കും..