· 7 മിനിറ്റ് വായന

23.3.2020 കോവിഡ് 19: Daily review

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

ലോകം ഇന്നലെ….?

?തുടർച്ചയായ നാലാം ദിവസവും വുഹാൻ പ്രവിശ്യയിൽ നിന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജനുവരി 23 ന് ആരംഭിച്ച ലോക്ക് ഡൗൺ പിൻവലിക്കുകയാണ്, അതായത് രണ്ട് മാസം ലോക്ക് ഡൗൺ. ചൈനയിൽ 108 പേർക്ക് പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ നൽകി.

?ഇന്നലെ 1600-ൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആഗോള മരണസംഖ്യ 14,500 കടന്നു. ഇതുവരെ ആകെ 336000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 31000 ൽ കൂടുതൽ കേസുകൾ.

ഇറ്റലിയിൽ നിന്ന് ഇന്നും കേൾക്കുന്നത് മോശം വാർത്തകൾ ആണ്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 651 മരണങ്ങൾ, ഇതുവരെ 5400 ലധികം മരണങ്ങൾ. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 5500 ലധികം കേസുകൾ അടക്കം ആകെ കേസുകൾ 59000 കവിഞ്ഞു.

യൂറോപ്പിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു. സ്പെയിനിൽ ഇന്നലെ മാത്രം 375 മരണങ്ങൾ. ഇതോടെ മരണസംഖ്യ 1750 കടന്നു. സ്പെയിനിൽ ഇന്നലെ റിപ്പോർട്ട ചെയ്യപ്പെട്ട 3100 ലധികം കേസുകളടക്കം ആകെ 28000 ലധികം കേസുകൾ

ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2400 ലധികം കേസുകൾ, മരണങ്ങൾ 10. ഇതുവരെ ആകെ 24500 ലധികം കേസുകളിൽ നിന്ന് 94 മരണങ്ങൾ.

ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1500 ലധികം കേസുകളും 110 ലധികം മരണങ്ങളും. ഇതുവരെ ആകെ 16000 ലധികം കേസുകളും 674 മരണങ്ങളും.

യുകെയിൽ ഇന്നലെ മാത്രം 600 ലധികം കേസുകളും 40 ലധികം മരണങ്ങളും. ഇതുവരെ ആകെ 5600 ലധികം കേസുകളിൽ നിന്നും 281 മരണങ്ങൾ.

സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 600 ലധികം കേസുകൾ, 18 മരണങ്ങൾ. ഇതുവരെ ആകെ 7400 ലധികം കേസുകളിൽ നിന്ന് 98 മരണങ്ങൾ.

നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 500 ലധികം കേസുകളും 43 മരണങ്ങളും. ഇതുവരെ ആകെ 4200 ലധികം കേസുകളിൽ നിന്ന് 179 മരണങ്ങൾ.

ബെൽജിയത്തിൽ ഇന്നലെ മാത്രം 550 ലധികം കേസുകൾ, 8 മരണങ്ങൾ. ഇതുവരെ ആകെ 3400 ലധികം കേസുകളിൽ നിന്ന് 75 മരണങ്ങൾ.

ഓസ്‌ട്രിയയിൽ ഇന്നലെ 500 ലധികം കേസുകൾ, 8 മരണങ്ങൾ. ഇതുവരെയാകെ 3500 ഓളം കേസുകളിൽ നിന്ന് 16 മരണങ്ങൾ.

അമേരിക്കയിൽ ഇന്നലെ മാത്രം 9300 ലധികം കേസുകളും 112 മരണങ്ങളും, ഇതുവരെ ആകെ 33300 ലധികം കേസുകളിൽനിന്ന് 414 മരണങ്ങൾ.

ബ്രസീൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 350 ലധികം കേസുകൾ. ഇതുവരെ 1500 ലധികം കേസുകളിൽ നിന്ന് 25 മരണങ്ങൾ.

ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ ആയിരത്തിലധികം, 129 മരണങ്ങൾ. ആകെ കേസുകൾ 21500 കടന്നു, മരണം 1685.

തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 98 കേസുകൾ, അവിടെ ഇതുവരെ 8900 ഓളം കേസുകളിൽ നിന്ന് 104 മരണങ്ങൾ.

ചൈനയിൽ നിന്നും പുതിയ കേസുകളുടെ റിപ്പോർട്ടുകൾ വളരെ കുറവാണ്. 81000 ലധികം കേസുകളിൽ നിന്ന് 3261 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 72400 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1900 ൽ താഴെയായി.

ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 25, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 79.

?ജപ്പാൻ, ഓസ്ട്രേലിയ, മലേഷ്യ, പോർച്ചുഗൽ, കാനഡ, ഡെന്മാർക്ക്, സ്വീഡൻ, നോർവേ, ഇസ്രയേൽ, തുർക്കി എന്നിവിടങ്ങളിലും ഇതുവരെ 1000 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

?തുർക്കി, പോർച്ചുഗൽ, ഇക്വഡോർ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം 200 ൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ലക്സംബർഗ്, മലേഷ്യ, അയർലണ്ട്, ചെക്ക് റിപ്പബ്ലിക്ക്, സ്വീഡൻ, ഇസ്രയേൽ, കാനഡ, സൗദി അറേബ്യ, തായ്‌ലൻഡ്, ഫിൻലാൻഡ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം നൂറിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ 23.59 CET 21.03.2020 വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.

ℹ️മാസ്ക് നിർമ്മാതാക്കൾ ന്യൂയോർക്കിലേക്ക് 5 ലക്ഷം N95 മാസ്കുകൾ കയറ്റി അയച്ചു.

ℹ️വാക്സിൻ നൽകിയ ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജർമൻ ചാൻസലർ അംഗേല മെർക്കൽ ക്വാറന്റൈൻ സ്വീകരിച്ചു.

ℹ️ ഇറ്റാലിയൻ ഫുട്ബോൾ താരങ്ങൾ പൗലോ മാൽഡീനി, പൗലോ ഡിബാല എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.

ℹ️ റയൽ മാഡ്രിഡ് മുൻ അധ്യക്ഷൻ ലോറെൻസോ സാൻസ് രോഗ ബാധ മൂലം അന്തരിച്ചു.

ℹ️പൊതുസ്ഥലങ്ങളിൽ രണ്ടുപേരിൽ കൂടുതൽ ഉൾപ്പെട്ട കൂടിച്ചേരലുകൾ ജർമ്മനി നിരോധിച്ചു.

ℹ️ഒരാഴ്ചയായി തുടരുന്ന ലോക്ക് ഡൗൺ സ്പെയിൻ രണ്ടാഴ്ചത്തേക്ക് കൂടി ദീർഘിപ്പിച്ചു.

ℹ️റിക്ടർ സ്കെയിലിൽ 5.3 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതോടെ ക്രൊയേഷ്യയിൽ സ്ഥിതി സങ്കീർണമായി.

ℹ️പബ്ബുകളും ജിമ്മുകളും ആരാധനാലയങ്ങളും അടച്ച് ഓസ്ട്രേലിയ.

ℹ️ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ലബനൻ സൈന്യ സഹായം തേടി.

ℹ️പാകിസ്ഥാൻ എല്ലാ അന്തർ ദേശീയ വിമാന സർവീസുകളും നിർത്തലാക്കി. ജനങ്ങളോട് രണ്ടാഴ്ച വീട്ടിൽ തന്നെ കഴിയാൻ നിർദ്ദേശിച്ചു.

ℹ️ഇറാഖ് മാർച്ച് 28 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

ദേശീയ തലത്തിൽ നടന്ന പ്രധാന സംഭവഗതികൾ ..?

?രോഗനിയന്ത്രണത്തിനായി ഏർപ്പെടുത്തിയ നിബന്ധനകൾ / നിയന്ത്രണങ്ങൾ ?

1, 75 ജില്ലകളിൽ ലോക്ക് ഡൗൺ

സന്നിഗ്ദ്ധ ഘട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോവുന്നത്, കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുന്നതിന്റെ സൂചനകളാണ് ഈ നടപടികൾ.

രോഗമുള്ള വ്യക്തികളെ കണ്ടെത്തുകയോ, രോഗത്താൽ മരണം സംഭവിക്കുകയോ ചെയ്ത 75 ജില്ലകളിൽ ലോക്ക് ഡൌൺ ഏർപ്പെടുത്താൻ തീരുമാനം ആയി.

കോവിഡ് പാൻഡെമിക് പശ്ചാത്തലത്തിൽ, ഫുൾ ലോക്ക് ഡൌൺ എന്നാൽ ആ പ്രസ്തുത സമൂഹത്തിലെ അവശ്യ സർവീസുകൾ ഒഴികെ മറ്റെല്ലാ പ്രവർത്തനങ്ങളും ആളുകളുടെ സഞ്ചാരവും നിർത്തി വെച്ച് ആൾക്കാർ വീടുകളിൽ കഴിയുന്ന അവസ്ഥയാണ്.

അവശ്യ സർവീസ് എന്തൊക്കെയാണ് എന്നത് പ്രാദേശിക തലത്തിൽ അതാത് സംസ്ഥാനങ്ങൾ ആയിരിക്കും തീരുമാനിക്കുക. പാൽ, മരുന്ന് കടകൾ, പെട്രോൾ പമ്പ്, ഗ്രോസറികൾ കിട്ടുന്ന കടകൾ, ATM & ബാങ്കുകൾ, ആശുപത്രികൾ, മാധ്യമങ്ങൾ, പ്രധാന ഓഫീസുകൾ എന്നിവയാവും സാധാരണ ഇതിൽ പെടുക.

എന്നാൽ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടില്ലെങ്കിലും പലയിടങ്ങളിലും സംസ്ഥാന സർക്കാരുകൾ വിവിധ തലത്തിൽ, വിവിധ കാലയളവിലേക്ക് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്.

2, ജനതാ കർഫ്യു –

സാമൂഹിക വ്യാപനം തടയാനുള്ള സോഷ്യൽ ഡിസ്റ്റൻസിങ് എന്ന സന്ദേശം നൽകേണ്ട കർഫ്യൂവിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചത് ഖേദകരമാണ്.

അതിലൂടെ കൃത്യമായ സന്ദേശം ജനങ്ങളിൽ എത്താതിരിക്കുകയും, അത് സ്വാശീകരിക്കാതെ കുറെ പേരെങ്കിലും അപകടകരമായ പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്തു.

ഇന്നലെ മുതൽ തുടങ്ങിയ നുണ പ്രചാരണങ്ങൾക്കെതിരെ ബഹു: കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി തന്നെ പ്രതികരിക്കേണ്ട സാഹചര്യവും ഉണ്ടായി.

“ചില സാമൂഹിക ദ്രോഹികൾ നുണപ്രചരണം നടത്തുന്നു ജനതാ കർഫ്യൂ കഴിഞ്ഞാൽ വൈറസുകൾ ചത്തു പോവുമെന്ന്….9 മണി കഴിഞ്ഞു ജനങ്ങളെ തെരുവിലിറക്കാനാണിവർ ശ്രമിക്കുന്നതെന്നും, ഇത് തെറ്റായ പ്രചരണമാണെന്നും” അദ്ദേഹം എഴുതി.

തലേ ദിവസം പലയിടങ്ങളിലും നടന്ന “പാനിക് ഷോപ്പിംഗ്” ആൾക്കൂട്ടങ്ങൾ സൃഷ്ടിച്ചു. കൂടാതെ വൈകുന്നേരം കൈകൊട്ടിയും പാത്രം കൊട്ടിയും ആദരവ് പ്രകടിപ്പിക്കാൻ കുറെ പേരെങ്കിലും ഒത്തു കൂടുകയും തെരുവിൽ ഇറങ്ങുകയും ചെയ്തത് ഈ പ്രതീകാല്മക നടപടിയുടെ ഉദ്ദേശത്തിനു തന്നെ വിപരീതഫലം ഉണ്ടാക്കുകയും ചെയ്തു.

കൈകൊട്ടുമ്പോൾ ഉണ്ടാവുന്ന തരംഗങ്ങളെക്കുറിച്ചു കപടശ്ശാസ്ത്ര “പ്രബന്ധങ്ങൾ” തന്നെ രചിച്ച പ്രമുഖരും, വാട്ട്സ് ആപ്പ് യൂണിവേഴ്സിറ്റി വഴി കിട്ടിയ വിവരം ആധികാരികം പോലെ ചാനലുകളിൽ തട്ടി മൂളിച്ച സെലിബ്രിറ്റികളും ഗുണത്തേക്കാളേറെ ദോഷം ആണ് ചെയ്തത്.

3, രാജ്യത്തെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 396 ആയി, മരണം 7. (മാർച്ച് 22 )

4, മാർച്ച് 31 വരെ ഇന്ത്യയിലുടനീളം എല്ലാ പാസഞ്ചർ ട്രെയിൻ പ്രവർത്തനങ്ങളും മെട്രോ റെയിൽ സർവീസുകളും അന്തർ സംസ്ഥാന ബസ് യാത്രയും നിർത്തി വെച്ചു.

4, രാജ്യത്തെ പത്തു ലക്ഷം വരുന്ന പാരാ മിലിട്ടറി സേനയോട് യാത്രകൾ ഒഴിവാക്കി അവർ നിലവിലുള്ള കേന്ദ്രങ്ങളിൽ തുടരാൻ നിർദ്ദേശമായി.

ആശ്വാസജനകമായ നടപടികൾ…?

❤️അപേക്ഷ ലഭിച്ചതിൽ നിന്നും അറുപതു പ്രൈവറ്റ് ലാബുകൾക്ക് കോവിഡ് 19 ടെസ്റ്റ് നടത്താനുള്ള അനുമത്രി കേന്ദ്ര സർക്കാർ നൽകി.

❤️ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ചീഫ് ബൽറാം ഭാർഗവ, ആഴ്ചയിൽ 60,000-70,000 ടെസ്റ്റുകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് രാജ്യം എന്ന് പ്രസ്താവിച്ചു. നാളിതു വരെ 15000 ത്തോളം പേർക്ക് കോവിഡ് 19 ടെസ്റ്റ് നടത്തിയിട്ടുണ്ട്.

❤️1200 പുതിയ വെന്റിലേറ്ററുകൾക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും രാജ്യത്തെ ഓരോ സംസ്ഥാനത്തും കൊറോണ വൈറസ് രോഗികളെ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ആശുപത്രി ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

❤️ഐസൊലേഷന് വേണ്ടി പ്രത്യേകമായി ആശുപത്രികൾ രാജ്യത്തു കണ്ടെത്തുന്ന പ്രക്രിയ നടക്കുന്നുണ്ട്. ഉദാ: ഹരിയാനയിലെ 800 ബഡ്ഡുകൾ ഉള്ള ഐഐഎംസ് ആശുപത്രി സംവിധാനം കോവിഡ് രോഗികൾക്ക് ഐസൊലേഷന് വേണ്ടി മാത്രമായി മാറ്റി വെക്കാൻ സജ്ജീകരണമായി.

കേരളം …?

രാജ്യത്താകെ കൊവിഡ് കാരണം കനത്ത നിയന്ത്രണങ്ങൾ വരുമ്പോൾ, മുമ്പുള്ള രണ്ടുദിവസങ്ങളിലും 12 പുതിയ രോഗികൾ വീതമുണ്ടായ കേരളത്തിൽ, ഇന്നലെ 15 പേരാണ് പുതുതായുണ്ടായത്. അതിൽ 2 പേര് എറണകുളം ജില്ലക്കാരും 2 പേര് മലപ്പുറം ജില്ലക്കാരും 2 പേര് കോഴിക്കോട് ജില്ലക്കാരും 4 പേര് കണ്ണൂര് ജില്ലക്കാരും 5 പേര് കാസറഗോഡ് ജില്ലക്കാരുമാണ്.

ഇതോടെ കേരളത്തില് 67 പേര്ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില് 3 പേര് ആദ്യഘട്ടത്തില് രോഗമുക്തി നേടിയിരുന്നു. നിലവില് 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില് ചികിത്സയിലുള്ളത്. 59295 പേർ ആശുപത്രിയിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്.

കേരളത്തിലെ 7 ജില്ലകൾക്ക് കേന്ദ്രസർക്കാർ പെട്ടന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ആദ്യമൊരാശങ്കയുണ്ടാക്കിയെങ്കിലും അവ കർശനനിയന്ത്രണങ്ങളിലൊതുക്കിയത് പൊതുവേ ആശ്വാസം പകർന്നു. പക്ഷെ ഏഴല്ലാ,14 ജില്ലകളും വരും ദിവസങ്ങളിൽ ലോക് ഡൗണിലേക്ക് പോകാമെന്ന ധാരണ നമുക്കുണ്ടാവണം. നിലവിൽ 2 ജില്ലകളിൽ 144 പ്രഖ്യാപിച്ചിട്ടുമുണ്ട്.

കർശനനിയന്ത്രണങ്ങൾക്കിടയിലും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറന്നു പ്രവർത്തിക്കുമെന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാവാതെ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുമാത്രം കടകളിൽ ചെന്ന് ആവശ്യമുള്ള സാധനങ്ങൾ വാങ്ങണം.

കേരളത്തിലെ 33,115 അങ്കണവാടികളിലെ 60,000ത്തോളം വരുന്ന അങ്കണവാടി ജീവനക്കാരെ ഉൾപ്പെടുത്തി, ആരോഗ്യവകുപ്പ് പ്ലാൻ ചെയ്യുന്ന ‘കുടുംബങ്ങളിലേക്ക് അങ്കണവാടി’ കാമ്പയിനും മികച്ച പദ്ധതിയാണ്. ജനങ്ങൾ പൂർണ പിന്തുണ നൽകണം. അവർ അങ്കണവാടി പ്രദേശത്തെ മുഴുവന് വീടുകളിലും ഫോണ് മുഖേന ബന്ധപ്പെട്ട് ജനങ്ങളുടെ, പ്രത്യേകിച്ച് ഗര്ഭിണികള്, മുലയൂട്ടുന്ന അമ്മമാര്, കുട്ടികള് തുടങ്ങിയവരുടെ സുഖ വിവരങ്ങള് അന്വേഷിക്കുകയും, പ്രത്യേക ശ്രദ്ധ വേണ്ടതിന്റെ ആവശ്യകത വീട്ടുകാരെ ബോധ്യപ്പെടുത്തുകയും ഇത്തരക്കാരോട് കഴിവതും വീട്ടിനുള്ളില് തന്നെ കഴിയുവാന് ആവശ്യപ്പെടുകയും
വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം വീട്ടുകാരെ ഓര്മ്മിപ്പിക്കുകയും രോഗലക്ഷണങ്ങള് ഉള്ള ആരെങ്കിലും ഉണ്ടെങ്കില് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ / ജെ.പി.എച്ചിനെ അറിയിക്കുകയും വിദേശത്തു നിന്നുവന്ന ആരെങ്കിലും ഉണ്ടെങ്കില് അവരോട് വീട്ടിനുള്ളില് തന്നെ കഴിയുവാന് അറിയിക്കുകയും അവരുടെ വിവരങ്ങള് ആരോഗ്യ വകുപ്പിന് കൈമാറുകയും ചെയ്യും.

ഐസൊലേഷനിൽ നിന്ന് മുങ്ങി നടന്നവർക്കെതിരെയും ആരോഗ്യ പ്രവർത്തകരോട് മോശമായി പെരുമാറിയവർക്കെതിരെയും വ്യാജമരുന്ന് വിൽപ്പന നടത്തിയവർക്കെതിരെയും നിയമനടപടി സ്വീകരിച്ചതും നന്നായി.

അടിയന്തിരമായി ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യ വികസനവും നമുക്കത്യാവശ്യമാണ്. സ്വകാര്യ ആശുപത്രികളെ കൂടി ഉൾപ്പെടുത്തിയുള്ള പ്ലാൻ B (126 hospitals) യും പ്ലാൻ C (122) യും സ്വാഗതാർഹമാണ്.

ഒപ്പം ആരോഗ്യപ്രവർത്തകർക്കാവശ്യമായ വ്യക്തിഗത സുരക്ഷാ സാമഗ്രികളുടെ ദൗർലഭ്യം ഒരിക്കൽ കൂടി സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുകയാണ്. മാത്രമല്ല പലയിടങ്ങളും, സർക്കാർ ആശുപത്രികളിലുൾപ്പെടെ രോഗീപരിചരണത്തിൽ ഏർപ്പെടുന്നവർ അവിടെ തന്നെയുള്ള ഓഫീസ് സ്റ്റാഫുകളിൽ നിന്നും വിവേചനം നേരിടുന്നുമുണ്ട്. ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം കളയുന്ന ഇക്കാര്യങ്ങളൊന്നും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണ്.

ബാർ – ഇങ്ങനെയൊരു അവസ്ഥയിൽ ബാറുകൾ തുറന്നു പ്രവർത്തിക്കുന്നത് ഗുണകരമാവില്ല. മദ്യലഹരിയിൽ നിർദ്ദേശിക്കപ്പെട്ട ശുചിത്വ മാർഗങ്ങൾ പാലിക്കുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്. ബാറുകൾ അടയ്ക്കാനുള്ള നടപടി എത്രയും പെട്ടെന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ബിവറേജസ് അടക്കം മദ്യം പൂർണമായി നിർത്തലാക്കിയാൽ ആൾക്കഹോൾ വിഡ്രോവൽ സിൻഡ്രോം ചിലരിലെങ്കിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഡെലീരിയം പോലുള്ള സങ്കീർണ്ണ അവസ്ഥകൾ എത്താനുള്ള സാധ്യത പോലും ഉണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ അങ്ങനെയുള്ള ആശുപത്രി പ്രവേശനങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. അതിനാൽ ബിവറേജസ് ഓൺലൈൻ വഴി വിൽപ്പന നടത്തുകയാണ് ഉചിതം. വെർച്വൽ ക്യൂ, ടോക്കൺ സമ്പ്രദായം പോലുള്ള നടപടികൾ എത്രമാത്രം പ്രയോജനം ചെയ്യും എന്ന് അറിയില്ല.

മദ്യം ആരോഗ്യത്തിന് ഹാനികരമല്ല എന്നല്ല പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരും ഒരുമിച്ച് നിർത്തിയാൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു മെഡിക്കൽ അവസ്ഥ മാത്രമാണ് പറയുന്നത്. യാതൊരു കാരണവശാലും മദ്യപിച്ച് വാഹനം ഓടിക്കരുത്. ഒരു അപകടം പറ്റി ആശുപത്രിയിലെത്താൻ പറ്റിയ സമയമല്ലിത്.

ഇനി…?

സാമൂഹിക വ്യാപനം തടയാൻ സോഷ്യൽ ഡിസ്റ്റൻസിങ്ങ് ഒരു പ്രധാന ഉപാധി ആണെങ്കിലും,
ലോകാരോഗ്യ സംഘടന പലവുരു ആവർത്തിച്ച് പറയുന്ന ഒരു കാര്യം ഒരൊറ്റ തന്ത്രം കൊണ്ട് രോഗ വ്യാപനം തടയാനാവില്ല.

ഇന്ത്യ പോലെ ജനസംഖ്യ കൂടിയ, വൈവിധ്യമാർന്ന തയുള്ള, പരിമിതികളുള്ള സമൂഹത്തിൽ ലോക്ക് ഡൗൺ എങ്ങനെ എത്ര നാൾ പാലിക്കാനാവും, മറ്റു പല വിധ സാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് അത് നയിക്കുമോ എന്നതൊക്കെ കാത്തിരുന്ന് ഉത്തരം കാണേണ്ട ചോദ്യങ്ങളാണ്.

പക്ഷേ ലോകാരോഗ്യ സംഘടന നിർദ്ദേശിക്കും പോലെ
കൂടുതൽ പേരെ ടെസ്റ്റ് ചെയ്ത് നേരത്തെ കണ്ടെത്തുക,
ഗുരുതരാവസ്ഥയിലേക്ക് പോവും മുൻപേ അവരെ ഐസൊലേറ്റ് ചെയ്ത് ചികിത്സിക്കുക. സമ്പർക്കത്തിലുള്ളവരെ ടെസ്റ്റ് ചെയ്യുക എന്നിങ്ങനെയുള്ള നടപടികൾക്കും തുല്യ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ഓരോ സംസ്ഥാനങ്ങളിലും ദിവസം പതിനായിരക്കണക്കിന് പരിശോധനകൾ നടത്താൻ ഉള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് അഭികാമ്യം.

കൂടാതെ, സാമൂഹിക വ്യാപനം നടന്നാൽ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയേക്കും എന്നതിനാൽ ചികിത്സാ സംവിധാനങ്ങൾ, മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പു വരുത്തൽ, കൂടുതൽ യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിക്കൽ, ഗവേഷണങ്ങൾ എന്നിവയൊക്കെ ഇപ്പോഴേ സർക്കാർ ദ്രുതഗതിയിൽ നടപ്പാക്കുമെന്നാണ് പ്രത്യാശ.

?ലോക്ക് ഡൌൺ പോലുള്ള കടുത്ത നടപടികളിലേക്ക് നാട് നീങ്ങുന്ന സ്ഥിതിക്ക് ഇനിയെങ്കിലും ലോകാരോഗ്യ സംഘടന, ആധികാരിക അറിവ് നൽകുന്ന വിദഗ്ധർ, ആധുനിക വൈദ്യ ശാസ്ത്രം നിർദ്ദേശിക്കുന്ന അറിവുകൾ തുടങ്ങിയ ഉറവിടങ്ങളിൽ നിന്നും മാത്രം അറിവ് ശേഖരിക്കണം എന്ന് അപേക്ഷ. ഇപ്പോൾ തടഞ്ഞില്ല എങ്കിൽ ഇനിയൊരു അവസരം കിട്ടിയേക്കില്ല.

❤️ ഒരുമിച്ച് നേരിടാം ഈ മഹാമാരിയെ, ശാസ്ത്രത്തെ കൂട്ടുപിടിച്ചുകൊണ്ട് കരകയറാം.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ