23.4.2020 കോവിഡ് 19: Daily review
കൊവിഡ്19: ലോകം ഇന്നലെ (22/4/20)
ക്രൂഡോയിൽ വില താഴ്ന്നത് മൂലം പല രാജ്യങ്ങളിലും ഇന്ധനവിലയിൽ 30 ശതമാനത്തിലധികം കുറവുണ്ടായി. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷമാകും എന്ന സൂചനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ന്യൂയോർക്കിലെ ബ്രോങ്ക്സ് മൃഗശാലയിൽ മൂന്ന് സിംഹങ്ങൾക്കും മൂന്ന് കടുവകൾക്കും കോവിഡ് പോസിറ്റീവ് ആയതായി റിപ്പോർട്ട്. മുൻപ് ഇതേ മൃഗശാലയിൽ ഒരു കടുവയുടെ റിസൾട്ട് പോസിറ്റീവ് ആയിരുന്നു.
ന്യൂയോർക്കിൽ രണ്ട് വളർത്തു പൂച്ചകളിൽ കോവിഡ് പോസിറ്റീവ് ആയതായി റിപ്പോർട്ട്. രണ്ടു പൂച്ചകളും നേരിയ ലക്ഷണങ്ങൾ മാത്രമാണ് കാണിച്ചിരുന്നത്.
യുകെയിലും ജർമ്മനിയിലും മനുഷ്യരിൽ കോവിഡ് വാക്സിൻ ട്രയൽ ആരംഭിക്കാൻ തീരുമാനിച്ചു.
ലോകമാകെ രോഗമുക്തി നേടിയവരുടെ എണ്ണം 7 ലക്ഷം കടന്നു. ഒരു ലക്ഷത്തോളം പേർ രോഗ മുക്തി നേടിയ ജർമനിയാണ് മുന്നിൽ നിൽക്കുന്ന രാജ്യം.
അമേരിക്കയിൽ ഇന്നലെ മുപ്പതിനായിരത്തോളം പുതിയ കേസുകളും രണ്ടായിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം എട്ടരലക്ഷം അടുക്കുന്നു, മരണ സംഖ്യ 47,000 കടന്നു.
കാനഡയിൽ ഇന്നലെ 1,700 ലധികം പുതിയ കേസുകളും 140 മരണങ്ങളും. ഇതോടെ ആകെ 40,000 ത്തിൽ പരം കേസുകളിൽ നിന്ന് രണ്ടായിരത്തോളം മരണങ്ങൾ.
മെക്സിക്കോയിൽ കേസുകളുടെ എണ്ണം പതിനായിരം അടുക്കുന്നു.
ബ്രസീൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 2,500 ലധികം കേസുകളും 165 മരണങ്ങളും. ഇതോടെ ആകെ കേസുകളുടെ എണ്ണം 45,000 കടന്നു, മരണസംഖ്യ 3,000 അടുക്കുന്നു.
സൗത്ത് അമേരിക്കയിൽ ഇക്വഡോർ, ചിലി, പെറു എന്നീ രാജ്യങ്ങളിലും ഇതുവരെ പതിനായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പെറുവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണം താരതമ്യേന കൂടുതലാണ്.
യൂറോപ്പിൽ പുതിയ കേസുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത് റഷ്യയാണ്. ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് അയ്യായിരത്തിലധികം കേസുകൾ. ഇതുവരെ ആകെ അറുപതിനായിരത്തോളം കേസുകളിൽ നിന്ന് 513 മരണങ്ങൾ. നിലവിൽ മരണ നിരക്ക് താരതമ്യേന കുറവാണ്. പക്ഷേ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചാൽ മരണ നിരക്ക് കൂടാനാണ് സാധ്യത.
യൂറോപ്പിൽ കേസുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത് സ്പെയിൻ ആണ്. രണ്ടു ലക്ഷത്തിലധികം കേസുകളിൽ നിന്ന് 21,000 ലധികം മരണങ്ങൾ. എന്നാൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിലും മരണങ്ങളുടെ എണ്ണത്തിലും കുറവ് വരുന്നതായി കാണുന്നു.
ഇറ്റലി, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഒന്നര ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിൽ. ഇറ്റലിയിൽ മരണസംഖ്യ 25,000 കടന്നു. ഫ്രാൻസിൽ മരണസംഖ്യ 21,000 ഉം ജർമനിയിൽ അയ്യായിരവും കടന്നു. പുതിയ കേസുകളുടെ എണ്ണവും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളുടെ എണ്ണവും കുറഞ്ഞുവരുന്നു.
യുകെൽ ഇന്നലെയും 4,500 ലധികം പുതിയ കേസുകളും 750 ഓളം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,33,000 ലധികം കേസുകൾ. മരണസംഖ്യ 18,000 കടന്നു.
യൂറോപ്പിൽ മറ്റെല്ലാ രാജ്യങ്ങളിലും ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ആയിരത്തിൽ താഴെ മാത്രമാണ്. പതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ പോളണ്ട് കൂടി ചേർന്നിട്ടുണ്ട്.
ബെൽജിയത്തിൽ ഇതുവരെ 42,000 ൽ താഴെ കേസുകളിൽ നിന്നും 6,200 ലധികം മരണങ്ങൾ.
നെതർലൻഡ്സിൽ മുപ്പത്തി അയ്യായിരത്തോളം കേസുകളിൽ നിന്ന് നാലായിരത്തിലധികം മരണങ്ങൾ.
സ്വിറ്റ്സർലണ്ടിൽ 28,000 ത്തിലധികം കേസുകളിൽ നിന്ന് 1,500 ലധികം മരണങ്ങൾ.
സ്വീഡനിൽ 16,000 ൽ പരം കേസുകളിൽ നിന്ന് രണ്ടായിരത്തോളം മരണങ്ങൾ.
പോർച്ചുഗലിൽ കേസുകളുടെ എണ്ണം 22,000 ഓളം. അയർലണ്ട്, ഓസ്ട്രിയ, പോളണ്ട് എന്നീ രാജ്യങ്ങളിൽ 10,000 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ രാജ്യങ്ങളിലെല്ലാം മരണസംഖ്യ ആയിരത്തിൽ താഴെ തന്നെ നിൽക്കുന്നു.
ഏഷ്യയിൽ ഏറ്റവും കൂടുതൽ പുതിയ കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് തുർക്കിയിൽ ആണ്. അവിടെ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് മൂവായിരത്തിലധികം കേസുകളും നൂറിലധികം മരണങ്ങളും. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഒരു ലക്ഷം അടുക്കുന്നു. മരണസംഖ്യ 2,300 കടന്നു. മരണ നിരക്ക് താരതമ്യേന താഴ്ന്ന് നിൽക്കുന്നതായി കാണുന്നു. കേസുകൾ ഇനിയും കൂടിയാൽ മരണനിരക്ക് ഉയരാൻ സാധ്യതയുണ്ട്.
ഇന്ത്യ, ഇറാൻ, സൗദി അറേബ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലും ഇന്നലെ ആയിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇറാനിൽ ഇതുവരെ 86,000 ത്തോളം കേസുകളിൽ നിന്ന് 5,400 ഓളം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
സൗദി അറേബ്യയിൽ 13,000 ഓളം കേസുകളിൽ നിന്ന് നൂറ്റി ഇരുപതിൽ താഴെ മരണങ്ങൾ.
പതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനും സിംഗപ്പൂരും കൂടി എത്തിയിട്ടുണ്ട്. പാകിസ്ഥാനിൽ ഇതുവരെ ആകെ മരണങ്ങൾ ഇരുന്നൂറിലധികം, സിംഗപ്പൂരിൽ 12 മരണങ്ങൾ.
ഇസ്രയേലിൽ ആകെ കേസുകളുടെ എണ്ണം പതിനയ്യായിരം അടുക്കുന്നു, മരണ സംഖ്യ ഇരുനൂറിൽ താഴെ.
ജപ്പാനിൽ ഇതുവരെ പന്ത്രണ്ടായിരത്തോളം കേസുകളിൽ നിന്ന് മുന്നൂറോളം മരണങ്ങൾ.
ഖത്തർ, യു എ ഇ എന്നീ രാജ്യങ്ങളിലും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം താരതമ്യേന വർധിച്ചുവരികയാണ്.
ഖത്തറിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് അറുനൂറിലധികം കേസുകൾ. ഇതുവരെ ആകെ ഏഴായിരത്തിലധികം കേസുകളിൽ നിന്ന് 10 മരണങ്ങൾ.
യുഎഇയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് അഞ്ഞൂറോളം കേസുകൾ. ഇതുവരെ ആകെ എണ്ണായിരത്തിലധികം കേസുകളിൽ നിന്ന് അൻപതിലധികം മരണങ്ങൾ.
ലോകമാകെ കേസുകളുടെ എണ്ണം 26 ലക്ഷം കടന്നു. ഇന്നലെ എൺപതിനായിരത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ആകെ മരണ സംഖ്യ 1,85,000 അടുക്കുന്നു.
ഇന്ത്യയിലാകെ രോഗം മാറിയവരുടെ എണ്ണം 4,400 ഓളം ആണ്. ആകെ രോഗികളുടെ 20 ശതമാനം.
ഇന്നലെയും 1300-ഓളം പുതിയ രോഗികൾ. ആകെ രോഗികളുടെ എണ്ണം 21,000 കടന്നു.
ഇന്ത്യയിലെ മൊത്തം രോഗികളുടെ 80 ശതമാനത്തോളവും മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ 7 സംസ്ഥാനങ്ങളിൽ നിന്നാണ്. സിക്കിമിലും നാഗാലാൻഡിലും ഇനിയും ഒരു രോഗിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
കേരളത്തിൽ ഇന്നലെയും 11 പുതിയ രോഗികൾ കൂടി. ആകെ രോഗികളുടെ എണ്ണം 437. ഇതുവരെ രോഗമുക്തി നേടിയത് 308 പേർ.
കേരളത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ ഒരാൾ നാലുമാസം പ്രായമുള്ള കുഞ്ഞാണ്. കുഞ്ഞിന് എവിടെനിന്നാണ് രോഗം ലഭിച്ചത് എന്നതിന് വ്യക്തമായ ധാരണകൾ ഇനിയും ഉണ്ടായിട്ടില്ല. നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരത്തെയുള്ള കുട്ടി, രണ്ടിലധികം ആശുപത്രികളിൽ കഴിഞ്ഞ മാസങ്ങളിൽ ചികിത്സയിലായിരുന്നു. ഓസ്ട്രേലിയയിൽനിന്നും ഡൽഹി വഴി, ക്വാറൻ്റൈൻ ലംഘിച്ച് നിയമവിരുദ്ധമായി കേരളത്തിലെത്തിയ ആൾക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ രണ്ടു സംഭവങ്ങളും ഇവിടെയുള്ളവർ എത്ര ജാഗ്രതയോടെ ജീവിക്കണമെന്നും പുറത്തു നിന്ന് വരുന്നവർ എത്ര ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നതാണ്.
ഒരുപാട് നാളുകളായി ഇന്ത്യയിലെ ആരോഗ്യപ്രവർത്തകർ ഒന്നടങ്കം ആവശ്യപ്പെടുന്നതാണ് ആരോഗ്യരംഗത്തുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും, ആശുപത്രികളിൽ ആക്രമണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാവണമെന്നും അതിനായി നിയമങ്ങൾ നിർമ്മിക്കണമെന്നുമൊക്കെ. കോവിഡിൻ്റെ പശ്ചാത്തലത്തിൽ രാജ്യമാകെ നിരവധി ആരോഗ്യ പ്രവർത്തകരാണ് ആക്രമിക്കപ്പെട്ടത്.
ശക്തമായ പ്രതിഷേധങ്ങളുടെ ഫലമായി കേന്ദ്രസർക്കാർ ഇന്ത്യൻ എപ്പിഡമിക് ആക്ട് ഭേദഗതി വരുത്തി, പകർച്ചവ്യാധികൾ ഉണ്ടാവുന്ന സമയത്ത് ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ വേണ്ട ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനുള്ള വകഭേദങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്രയെങ്കിലും ചെയ്തല്ലോ എന്ന് ആശ്വസിക്കുമ്പോഴും ആരോഗ്യ പ്രവർത്തകരുടെ പ്രശ്നങ്ങളെ എത്ര ഉദാസീനതയോടെയാണ് ഗവൺമെൻ്റ് കൈകാര്യം ചെയ്യുന്നതെന്നതിൻ്റെ തെളിവാണിതും.
എന്താണിതിൻ്റെ അർത്ഥം? കൊവിഡ് പോലുള്ള പകർച്ചവ്യാധികളുടെ കാലത്ത് സർക്കാർ തങ്ങളെ നിയമത്തിലൂടെ സംരക്ഷിക്കും. കൈകൊട്ടിയും വിളക്കുകൊളുത്തിയും പ്രോത്സാഹിപ്പിക്കും. പക്ഷേ പകർച്ചവ്യാധികൾ ഇത്ര പ്രശ്നമില്ലാത്ത സമയത്ത്, അല്ലെങ്കിൽ പകർച്ചവ്യാധിയല്ലാത്ത രോഗങ്ങളുടെ കാര്യത്തിൽ, ആ കൊട്ടുന്ന കൈകൾക്കിടയിൽ ആരോഗ്യപ്രവർത്തകർ പെട്ടുപോയാലും അതവരുടെ വിധി എന്നാണ് സർക്കാർ ഭാഷ്യം. എന്താല്ലേ..
ഏതുസമയത്തും, ഏതുകാലത്തും ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടാതിരിക്കാൻ വേണ്ടിയുള്ള നിയമമാണ് ഇവിടെ ഉണ്ടാവേണ്ടത്. ആരോഗ്യ പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കേണ്ടത് ഗവൺമെൻറിൻ്റെ തന്നെ ഉത്തരവാദിത്വമാണ്. ആരോഗ്യപ്രവർത്തകർ സ്വന്തം ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്ന ഈ സമയത്ത് പോലും, ഇത്തരമൊരു തീരുമാനമെടുക്കാൻ ഗവൺമെൻറിന് കഴിയുന്നില്ലെങ്കിൽ കൈകൊട്ടിയും പാത്രംകൊട്ടിയും നൽകിയ പ്രോത്സാഹനങ്ങൾ എത്ര പ്രഹസനമായിരുന്നെന്ന് മനസ്സിലാക്കാൻ വലിയ പ്രയാസമുണ്ടാവില്ല.
ഇന്ത്യയിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം വലിയതോതിൽ വർദ്ധിക്കുന്നുണ്ട്. കഴിഞ്ഞ 5 ദിവസങ്ങളിൽ മാത്രം 7,000 ഓളം പുതിയ രോഗികളാണ് ഉണ്ടായത്. രണ്ടാഴ്ച മുമ്പ് മുപ്പതാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇന്ന് ആകെ രോഗികളുടെ എണ്ണത്തിൽ ലോകത്ത് പതിനേഴാം സ്ഥാനത്താണ്.
നിലവിൽ നമ്മുടെ സ്ഥിതി വളരെ ആശങ്കാജനകമാണ്. ആരോഗ്യപ്രവർത്തകർ മാത്രമല്ല, രാഷ്ട്രീയകക്ഷികളും ഒന്നിച്ചു നിന്ന്, ഒരേ ആർജ്ജവത്തോടെ പ്രവർത്തിച്ചാൽ മാത്രമേ ഈ മഹാവിപത്തിനെ നേരിടാൻ നമുക്കാവുകയുള്ളൂ. കേരളത്തിൽ ഇത്തിരി ആശ്വാസം ഉണ്ടായപ്പോൾ തന്നെ നമ്മുടെ മുൻഗണനകളും ചർച്ചകളും വഴിമാറിപ്പോയ കാഴ്ച നമ്മൾ കണ്ടതാണ്. ഇനിയെങ്കിലും നമ്മൾ മാറി ചിന്തിക്കണമെന്ന് മാത്രം അഭ്യർത്ഥിക്കുന്നു..