· 8 മിനിറ്റ് വായന
24.4.2020 കോവിഡ് 19: Daily review
ഇന്ത്യയിൽ ലോക്ക് ഡൗൺ ഒരുമാസം പിന്നിടുകയാണ്. ഏതാണ്ട് 500 കേസുകൾ ഉള്ളപ്പോൾ ആരംഭിച്ച ലോക്ക് ഡൗൺ ഒരു മാസം പിന്നിടുമ്പോൾ ഇന്ത്യയിലെ ആകെ കേസുകൾ 23,000 കടന്നിരിക്കുന്നു.
ഇന്ത്യയിൽ 500 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന ആ കാലത്ത് കേസുകളിൽ ഏറ്റവും മുൻപിൽ ആയിരുന്ന ഇറ്റലി, അമേരിക്ക, സ്പെയിൻ, ജർമനി, ഇറാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഇപ്പോഴും മുന്നിൽ തന്നെ നിൽക്കുന്നു. അന്ന് കേസുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലായിരുന്ന ചൈന ഇപ്പോൾ ഒൻപതാം സ്ഥാനത്താണ്. ആറാം സ്ഥാനത്ത് നിന്നിരുന്ന ഇറാൻ ഇപ്പോൾ എട്ടാം സ്ഥാനത്താണ്. അമേരിക്കയിൽ കേസുകളുടെ എണ്ണം ഒൻപതു ലക്ഷത്തോടടുക്കുന്നു, മരണസംഖ്യ അമ്പതിനായിരം അടുക്കുന്നു. അവിടെ ഇന്നലെയും മുപ്പതിനായിരത്തിലധികം പുതിയ കേസുകളും രണ്ടായിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്പെയിനിൽ കേസുകളുടെ എണ്ണം 2,10,000 ഉം മരണ സംഖ്യ 22,000 ഉം കടന്നു. അവിടെ ഇന്നലെയും 4,600 ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇറ്റലി, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ കേസുകളുടെ എണ്ണം ഒന്നര ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിൽ, ജർമനിയിൽ മരണ സംഖ്യ 5,500 കടന്നു. ഇറ്റലിയിൽ മരണസംഖ്യ 25,500 വും ഫ്രാൻസിൽ 21,500 ഉം കടന്നു. ഈ മൂന്നു രാജ്യങ്ങളിലും ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 2500 ഓളം കേസുകൾ. ഇറാനിൽ ആകെ കേസുകൾ 87,000 ലധികം, മരണസംഖ്യ 5,500 ൽ താഴെ.
ഒൻപതിനായിരത്തോളം കേസുകളും നൂറിലധികം മരണങ്ങളും ആയി എട്ടാം സ്ഥാനത്ത് നിന്നിരുന്ന തെക്കൻ കൊറിയ ഇന്നിപ്പോൾ വളരെ പിന്നിലാണ്. ഇന്ത്യയെക്കാൾ പിന്നിലാണ്. കേസുകളുടെ എണ്ണത്തിൽ അവരിപ്പോൾ 29 ആം സ്ഥാനത്താണ്. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 10,700 ഓളം, മരണസംഖ്യ 240.
അന്ന് കേസുകളുടെ എണ്ണത്തിൽ കൊറിയയുടെ പിന്നിൽ നിന്നിരുന്ന സ്വിറ്റ്സർലണ്ട്, യുകെ, നെതർലൻഡ്സ്, ബെൽജിയം, ബ്രസീൽ, തുർക്കി, കാനഡ എന്നീ രാജ്യങ്ങൾ ഇപ്പോഴും ഇന്ത്യയുടെ മുന്നിൽ തന്നെ. 1,38,000 ലധികം കേസുകളും 19,000 ഓളം മരണങ്ങളും ആയി യുകെ കേസുകളുടെ എണ്ണത്തിൽ ഇപ്പോൾ ആറാം സ്ഥാനത്താണ്. മരണസംഖ്യയിൽ അഞ്ചാം സ്ഥാനത്തും. തുർക്കിയിൽ കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു, ഇതുവരെ 2,500 നടുത്ത് മരണങ്ങൾ. ബെൽജിയത്തിൽ ഇതുവരെ 42,000 ലധികം കേസുകളിൽ നിന്ന് 6,500 ഓളം മരണങ്ങൾ. ബ്രസീലിൽ അമ്പതിനായിരത്തിലധികം കേസുകളിൽനിന്ന് 3,300 ലധികം മരണങ്ങൾ. സ്വിറ്റ്സർലൻഡിൽ 28,000 ലധികം കേസുകളിൽ നിന്ന് 1,500 ലധികം മരണങ്ങൾ. നെതർലൻഡ്സിൽ 36,000 ഓളം കേസുകളിൽ നിന്ന് 4,100 ലധികം മരണങ്ങൾ. കാനഡയിൽ 42,000 ലധികം കേസുകളിൽ നിന്ന് 2,100 ലധികം മരണങ്ങൾ.
എന്നാൽ അന്ന് നാലായിരത്തിലധികം കേസുകൾ ഉണ്ടായിരുന്ന ഓസ്ട്രിയ, രണ്ടായിരത്തിലധികം കേസുകൾ ഉണ്ടായിരുന്ന രാജ്യങ്ങളായ നോർവേ, പോർച്ചുഗൽ, സ്വീഡൻ, ആയിരത്തിലധികം കേസുകൾ ഉണ്ടായിരുന്ന രാജ്യങ്ങളായിരുന്ന ഓസ്ട്രേലിയ, ഇസ്രയേൽ, മലേഷ്യ, ഡെൻമാർക്ക്, ചെക്ക് റിപ്പബ്ലിക്, ജപ്പാൻ, അയർലണ്ട് തുടങ്ങിയ രാജ്യങ്ങൾ ഇന്ന് ഇന്ത്യയുടെ പിന്നിലാണ്.
ഓസ്ട്രിയയിൽ കേസുകളുടെ എണ്ണം 15,000 കടന്നു, മരണസംഖ്യ 522. നോർവേ- കേസുകളുടെ എണ്ണം 7,500 ഓളം മരണസംഖ്യ 194. ഓസ്ട്രേലിയ- 7,000 ൽ താഴെ കേസുകൾ 75 മരണങ്ങൾ. ഇസ്രയേൽ- 15,000 ഓളം കേസുകളിൽ നിന്ന് ഇരുനൂറിൽ താഴെ മരണങ്ങൾ. മലേഷ്യ- 5,600 കേസുകളിൽ നിന്ന് 95 മരണങ്ങൾ. ഡെന്മാർക്കിൽ 8,000 ൽ കൂടുതൽ കേസുകളിൽനിന്ന് നാനൂറിൽ താഴെ മരണങ്ങൾ. ചെക്ക് റിപ്പബ്ലിക്കിൽ ഏഴായിരത്തിലധികം കേസുകളിൽനിന്ന് 210 മരണങ്ങൾ. ജപ്പാനിൽ 12,000 ലധികം കേസുകളിൽനിന്ന് മുന്നൂറിലധികം മരണങ്ങൾ.
സ്വീഡൻ 17,000 താഴെ കേസുകൾ 2,000-ൽ കൂടുതൽ മരണങ്ങൾ. കേസുകളുടെ എണ്ണത്തിൽ താഴെയാണെങ്കിലും മരണസംഖ്യയിൽ നമ്മളെക്കാൾ വളരെ മുൻപിലാണ് സ്വീഡൻ.
അയർലൻഡിൽ 17,000 ലധികം കേസുകളിൽ നിന്ന് എണ്ണൂറോളം മരണങ്ങൾ. കേസുകളുടെ എണ്ണത്തിൽ നമ്മെക്കാൾ താഴെയാണെങ്കിലും മരണസംഖ്യ നമ്മുടെതിനേകാൾ ലേശം കൂടുതലാണ്.
പോർച്ചുഗൽ കേസുകളുടെ എണ്ണം 22,000 കടന്നു, മരണസംഖ്യ 820. കേസുകളുടെ എണ്ണത്തിൽ നമ്മളെക്കാൾ അല്പം പിന്നിലാണെങ്കിലും മരണസംഖ്യയിൽ നമ്മളെക്കാൾ അല്പം മുന്നിലാണ് പോർച്ചുഗൽ.
അന്ന് ആയിരത്തിൽ താഴെ കേസുകളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും എണ്ണത്തിൽ നമ്മുടെ മുൻപിൽ നിന്നിരുന്ന ഇക്വഡോർ, ലക്സംബർഗ്, പാകിസ്ഥാൻ, പോളണ്ട്, ചിലി, തായ്‌ലൻഡ്, ഫിൻലൻഡ്, ഗ്രീസ്, ഐസ്‌ലാൻഡ്, ഇന്തോനേഷ്യ, റുമേനിയ, സൗദി അറേബ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളും ഇന്നിപ്പോൾ ഇന്ത്യയുടെ പിന്നിലാണ്.
അന്ന് ഇന്ത്യയുടെ പിന്നിൽ നിന്നിരുന്ന റഷ്യ ഇപ്പോൾ 62,000 കേസുകളുമായി വളരെ മുന്നിലാണ്. കേസുകളുടെ എണ്ണത്തിൽ പത്താം സ്ഥാനം. അവലോകനം ചെയ്താൽ ഇപ്പോൾ അമേരിക്ക കഴിഞ്ഞാൽ പ്രതിദിനം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന രാജ്യമാണ്. മരണസംഖ്യ ഇതുവരെ 555.
കേസുകളുടെ എണ്ണത്തിൽ നൂറുകോടിയിലധികം ജനസംഖ്യയുള്ള ഒരു രാജ്യവുമായി മറ്റു രാജ്യങ്ങളെ താരതമ്യം ചെയ്യുന്നതിൽ പൊരുത്തക്കേടുകൾ ഉണ്ട് എന്നറിയാം. എങ്കിലും ഇന്ത്യയിലെ ലോക്ക് ഡൗൺ കാലത്ത് ലോകത്തുണ്ടായ മാറ്റം എങ്ങനെ എന്നറിയാൻ ഇതു സഹായിക്കും എന്ന് കരുതുന്നു.
പതിനായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് മെക്സിക്കോ, റുമാനിയ എന്നീ രാജ്യങ്ങൾ കൂടി ചേർന്നിട്ടുണ്ട്. റഷ്യ, കാനഡ, ഇന്ത്യ, പെറു, സൗദി അറേബ്യ, മെക്സിക്കോ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ പ്രതിദിനം പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കൂടിവരികയാണ്. ബ്രസീലിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളുടെ എണ്ണം കൂടി വരുന്നുണ്ട്, ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് നാനൂറിലധികം മരണങ്ങൾ.
ലോകമാകെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 27 ലക്ഷത്തിലധികം കേസുകൾ, മരണസംഖ്യ രണ്ട് ലക്ഷത്തിലേക്ക് അടുത്തുക്കൊണ്ടിരിക്കുന്നു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 85,000 ലധികം കേസുകളും 6,500 ലധികം മരണങ്ങളും.
യഥാർത്ഥത്തിൽ ഇന്ത്യയുടെ സ്ഥിതി എന്താണ്? നമ്മൾ ആശങ്കയോടെ കഴിയണോ അതോ ആശയോടെ കഴിയണോ എന്ന് ചോദിച്ചാൽ തന്നെ ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. ഇവിടെ രോഗികളുടെ എണ്ണം യൂറോപ്യൻ രാജ്യങ്ങളെ പോലെയോ അമേരിക്കയിലെ പോലെയോ അതിഭീകരമായി, അതിവേഗത്തിൽ ഉയരുന്ന കാഴ്ചയില്ല. എന്നാൽ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ കുറവുമില്ല.
കഴിഞ്ഞ ഒരാഴ്ചത്തെ ട്രെൻഡ് നോക്കൂ. 922, 1371,1580, 1239, 1537, 1292 എന്നിങ്ങനെയാണ് ഓരോ ദിവസവും പുതിയ രോഗികൾ കണ്ടുപിടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇന്നലെ മാത്രം 1700-ഓളം പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെയുള്ളതിൽ ഒരു ദിവസത്തെ ഏറ്റവും വലിയ നമ്പർ. അതുകൊണ്ടുതന്നെ ആശങ്ക വേണ്ട, നമുക്ക് വളരെ എളുപ്പത്തിൽ കൊവിഡിനെ തുരത്തി ഓടിക്കാമെന്ന ധാരണ ഒട്ടും തന്നെ വേണ്ട. നമ്മൾ തീർച്ചയായും ജയിക്കും, പക്ഷേ അതത്ര എളുപ്പമായിരിക്കില്ല എന്ന് സൂചിപ്പിച്ചതാണ്.
ഇന്ത്യയിലാകെ രോഗികളുടെ എണ്ണം 23,000-ന് മുകളിലാണിപ്പോൾ. ആകെ മരണം 720 കടന്നു. ഇതിനകം രോഗമുക്തി നേടിയത് അയ്യായിരത്തിലധികം പേർ.
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 6400 ന് മുകളിലാണ്. അവിടെ മാത്രം 280-ന് മുകളിൽ മരണങ്ങൾ. ഗുജറാത്തിൽ 2400-ലധികം രോഗികളിൽ നിന്ന് 110-ലധികം മരണങ്ങൾ. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും 1500-ലധികം രോഗികളുണ്ട്.
കേരളത്തിൽ ഇന്നലെയും 10 പുതിയ രോഗികൾ. ആകെ രോഗികളുടെ എണ്ണം 447 ആണ്.
വളരെ അസാധാരണമായ സംഭവവികാസങ്ങളിലൂടെ അധികം കിടന്നു പോയിട്ടില്ലാത്ത ഒരു ജനസമൂഹമാണ് ഇന്ത്യയിലെയും, പ്രത്യേകിച്ച് കേരളത്തിലെയും. ലോകത്ത് എവിടെയെങ്കിലും യുദ്ധം നടക്കുമ്പോൾ നമ്മൾ വിചാരിക്കുന്നത് അതൊന്നും ഒരിക്കലും ഇവിടെ സംഭവിക്കില്ല എന്നാണ്. കൊവിഡ് വന്നപ്പോഴും നമ്മുടെ ഒരു ധാരണ അതുതന്നെയായിരുന്നു, ഇവിടെ അതൊന്നും അങ്ങനെ ബാധിക്കാനൊന്നും പോകുന്നില്ല എന്ന്. അതൊരു വലിയ പ്രശ്നമല്ല. പക്ഷെ, അത്തരം ധാരണകൾ ഇപ്പോഴും വച്ചു പുലർത്തുന്നവർ നമ്മുടെ ഇടയിലുണ്ട് എന്നുള്ളതാണ് ഏറ്റവും ദുഃഖകരമായ വസ്തുത.
കൊവിഡ് മാത്രമല്ല ശരിക്കും നമ്മുടെ മുന്നിലുള്ള വെല്ലുവിളി. അശാസ്ത്രീയതകൾ പ്രചരിപ്പിച്ച് നേട്ടം കൊയ്യുന്നവർ, രാഷ്ട്രീയമായും അല്ലാതെയും മുതലെടുക്കാൻ ശ്രമിക്കുന്നവർ, വ്യാജസന്ദേശങ്ങൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നവർ അങ്ങനെ കൊവിഡിനൊപ്പം നമ്മൾ നേരിടുന്ന വെല്ലുവിളികൾ തന്നെ ധാരാളമാണ്.
എന്നാൽ ആശകളും പ്രതീക്ഷകളും ഇപ്പോഴും അസ്തമിച്ചിട്ടില്ല. പക്ഷേ ആശങ്കപ്പെടേണ്ട ഒരുപാട് സംഗതികൾ നമുക്കിടയിൽ തന്നെയുണ്ടെന്ന് മറക്കരുത്. അതീവ ജാഗ്രതയോടെ നിന്നില്ലെങ്കിൽ കാര്യങ്ങൾ നമ്മുടെ കൈവിട്ടു പോകുന്ന ഒരു സ്ഥിതിവിശേഷം സംജാതമാവാം എന്നുതന്നെയാണ് ലോക്ക് ഡൗൺ ഒരു മാസം പിന്നിടുന്ന ഈ സമയത്തും നമ്മൾ മനസ്സിലാക്കേണ്ടത്.
ഒരുപാട് പേർക്ക് കൊവിഡ് വരുമ്പോൾ, അതിലൊരു ചെറിയ ശതമാനം പേർ മരിക്കുമ്പോൾ, അതേ പശ്ചാത്തലത്തിൽ മറ്റു പല രോഗങ്ങൾ കാരണവും രോഗികൾ ശരിയായ ചികിത്സ കിട്ടാതെ മരിക്കാൻ സാധ്യതയുണ്ട് എന്നതും കാണാതെ പോകരുത്. അതൊന്നും ചിലപ്പോൾ വാർത്തകളിലോ കണക്കുകളിലോ ഒന്നും വരണമെന്നില്ല. അങ്ങനെ മരിക്കുന്നവരിൽ കുഞ്ഞു കുട്ടികളും ചെറുപ്പക്കാരും ഒക്കെ ധാരാളമായി ഉണ്ടാവും. ഈ മരണങ്ങൾ ഒന്നും കോവിഡിൻ്റെ ശതമാനക്കണക്കിൽ ഉൾപ്പെടില്ല എന്നുകൂടി ഓർക്കണം.
ഇതിലും വലിയ പാൻഡെമിക്കുകൾ വന്നിട്ടും മനുഷ്യരാശി തോറ്റിട്ടില്ല. ഭാവിയിലും അതങ്ങനെ തന്നെയായിരിക്കും. പക്ഷേ നമ്മൾ ഓരോ മനുഷ്യനെയും എടുക്കുമ്പോൾ, സ്ഥിതി അങ്ങനെയാവണമെന്നില്ല. നമുക്കോ നമുക്ക് വേണ്ടപ്പെട്ട ഒരാൾക്കോ രോഗബാധ ഉണ്ടാവുകയും അപകടം പറ്റുകയും ചെയ്യുന്നത് വ്യക്തിപരമായി ഒരാൾക്ക് സഹിക്കാൻ പറ്റുന്നതാവണമെന്നില്ല. മനുഷ്യൻ അവിടെ നിസഹായനായി പോവും. അത്തരം സംഗതികൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും നമ്മളോരോരുത്തരും ആണ്.
ഒട്ടും തന്നെ ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു സ്ഥിതിഗതിയല്ലാ നമ്മുടെ നാട്ടിൽ ഇപ്പോളുള്ളത് എന്ന് സൂചിപ്പിക്കാൻ വേണ്ടിയാണ് ഇത്രയും പറഞ്ഞത്. ആശങ്കകളെക്കാൾ പ്രതീക്ഷകൾ തന്നെയാണ്, അതിജീവനത്തിൻ്റെ ആദ്യപടി. പക്ഷെ, ലാഘവബുദ്ധിയോടെ കാര്യങ്ങളെ കണ്ടുതുടങ്ങിയാൽ, യഥാർത്ഥ്യ ബോധത്തോടെ പ്രശ്നങ്ങളെ തിരിച്ചറിയാതിരുന്നാൽ, അതിജീവനം അത്ര പെട്ടന്ന് യാഥാർത്ഥ്യമാവില്ലാ.
പക്ഷെ നമുക്ക് ജയിച്ചല്ലേ പറ്റൂ. അതിനെന്താണ് പോംവഴി? അതീവ ജാഗ്രതയോടെ, ശാസ്ത്രീയമായ പ്രതിരോധ മാർഗ്ഗങ്ങളിലൂടെ തന്നെ നമുക്ക് ഒരുമിച്ചു നിൽക്കാം. ഒരുമിച്ച് നിന്ന് പോരാടാം. നമുക്ക് വിജയിച്ചേ പറ്റൂ.
എഴുതിയത്: Dr. Manoj Vellanad & Dr. Jinesh P S
(മാർച്ച് 12-ന് ലോകാരോഗ്യ സംഘടന കോവിഡ് 19 ഒരു പാൻഡെമിക് ആയി പ്രഖ്യാപിച്ചത് മുതൽ എല്ലാദിവസവും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഈ പ്രതിദിന അവലോകന പംക്തി ഇന്ന് അവസാനിപ്പിക്കുകയാണ്. ഇതുവരെ പിന്തുണച്ച എല്ലാവർക്കും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി അറിയിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും വിമർശനങ്ങളും ആയിരുന്നു ഈ പംക്തിയെ ഇത്രയും നാളും മുൻപോട്ട് ഓടിച്ചു കൊണ്ടിരുന്ന ചാലകശക്തി. ഓരോ ദിവസവും ഭിഷഗ്വരവൃത്തി എന്ന തൊഴിൽ തുടങ്ങുന്നതിനു മുൻപ് മൂന്നു-നാലു മണിക്കൂർ ചിലവഴിച്ച്, തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്ന പംക്തിയായിരുന്നു. അതുകൊണ്ടുതന്നെ പോസ്റ്റിൽ വന്നിരുന്ന ചോദ്യങ്ങൾക്ക് പലപ്പോഴും മറുപടി പറയാൻ സാധിച്ചിരുന്നില്ല. ചോദ്യങ്ങൾ ഉന്നയിച്ച ആർക്കെങ്കിലും മറുപടി കിട്ടാതിരുന്നിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഇനിമുതൽ പ്രതിവാരം ഒരവലോകന പംക്തി ആരംഭിച്ചാലോ എന്നൊരു ആലോചനയുണ്ട്. പിന്തുണച്ച എല്ലാവർക്കും ഒരിക്കൽകൂടി അകൈതവമായ നന്ദി അറിയിക്കുന്നു.
Team Info Clinic)