25.03.2020 കൊവിഡ് 19 അവലോകനം – ഇന്ത്യ & കേരള
♨️ഇന്ത്യ
?ചരിത്രത്തിലാദ്യമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ 135 കോടി ജനങ്ങൾ 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക് ഡൗൺ അനുഭവിക്കാൻ പോവുകയാണ്, ഇന്നു മുതൽ. തീരുമാനം വൈദ്യ ശാസ്ത്രത്തിൻ്റെ കണ്ണിൽ ശരിയാണ്. അനിവാര്യമാണ്. നമുക്ക് മറ്റൊരു വഴിയില്ല തന്നെ.
?സാമൂഹിക-സാമ്പത്തിക ശാസ്ത്രങ്ങൾക്കീ രീതി അത്ര സ്വീകാര്യമാവില്ല. ഒരുപക്ഷെ ഇന്ത്യയുടെ ഭാവി തന്നെ നിർണയിക്കുന്നതാവാം അടുത്ത 21 ദിവസങ്ങൾ. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിലും രാഷ്ട്രീയപരമായും നൂറു ശ്രേണികളിലുള്ള 135 കോടി ജനങ്ങൾ ഈ സമ്പൂർണ്ണ ബന്ധിയാക്കലിനെ എങ്ങനെ അഭിമുഖീകരിക്കും എന്നത് കണ്ടു തന്നെ അറിയേണ്ടതാണ്.
?സമ്പൂർണ ലോക്ക് ഡൗണിലെ ചില വിശേഷങ്ങൾ?
⛔ഇന്ത്യൻ റെയിൽവേക്ക് മാർച്ച് 31 വരെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ മാറ്റി ഏപ്രിൽ 14 വരെയും സർവീസുകൾ പൂർണമായി നിർത്തിവെക്കാൻ തീരുമാനിച്ചു
?സമ്പൂർണ്ണ ലോക്ക് ഡൗണിലും അവശ്യ സർവീസുകൾ എല്ലാം തന്നെ ലഭ്യമാകും എന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. മാത്രമല്ല സംസ്ഥാനങ്ങൾക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞതും അൽപ്പമെങ്കിലും ആശ്വാസകരമായ കാര്യമാണ്.
?ആരോഗ്യമേഖലയിൽ നടപ്പാക്കുന്ന 15,000 കോടി രൂപയുടെ കൊവിഡ് പാക്കേജ് ആശ്വാസകരമായ കാര്യമാണ്
⛔ലോക്ക് ഡൗൺ ചെയ്യുന്നത് സാമൂഹിക അകലം കർശനമായി പാലിക്കപ്പെടാൻ വേണ്ടിയാണല്ലോ. അതിനാൽ ആൾക്കൂട്ടങ്ങൾ കർശനമായി ഒഴിവാക്കണം എന്നാണ് കേന്ദ്രനിർദ്ദേശം. മരണാനന്തര ചടങ്ങുകൾക്ക് പോലും പരമാവധി 20 പേരിൽ കൂടുതൽ ഉണ്ടാവാൻ പാടില്ല.
⛔എന്തെങ്കിലും കള്ളം പറഞ്ഞ് ലോക്ക് ഡൗണിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും. രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണത്.
⛔കേന്ദ്രത്തിൽ നിന്നും ആരോഗ്യപാക്കേജിന് പുറമേ സാമൂഹ്യസുരക്ഷക്കായൊരു പാക്കേജോ നിർദേശങ്ങളോ ഉണ്ടായിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. സാധാരണജനത്തിന് ഏറ്റവും പ്രധാനം ഭക്ഷണവും വീടുമാണ്. വീടില്ലാത്തവർ 2 കോടിയിലധികമുള്ള രാജ്യമാണ്. പാവപ്പെട്ട ജനങ്ങളുടെ ഏറ്റവും പ്രാഥമികമായ ഭക്ഷണം, പാർപ്പിടം, വെള്ളം, വസ്ത്രം, വൈദ്യുതി ഒക്കെ എങ്ങനെ അവർക്കു ലഭ്യമാകുമെന്നതിനെപ്പറ്റി വരും ദിവസങ്ങളിലെങ്കിലും തീരുമാനമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷാ.
?അതിനിടയിൽ ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 556 ആയി. ആകെ മരിച്ചവർ പത്ത്.
?കേരളം
?കേരളത്തിൽ 15 പുതിയ രോഗികൾ കൂടിയായി. ആകെ ചികിത്സയിലുള്ളവർ 106 ആയി. 4 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 73,460 പേർ നിരീക്ഷണത്തിലുമുണ്ട്.
?സംസ്ഥാനത്തിന്നലെ സമ്പൂർണ ലോക് ഡൗണിൻ്റെ ആദ്യ ദിവസമായിരുന്നു. ഒരു വിഭാഗം മലയാളികൾക്കിനിയും നേരം വെളുത്തിട്ടില്ലാന്ന് തെളിയിക്കുന്നതായിരുന്നു പലയിടത്തെയും തിരക്കുകൾ. പ്രിയ സുഹൃത്തുക്കളെ, ഏതു ഭാഷയിൽ ഇനിയെന്തു പറഞ്ഞാലാണ് നിങ്ങൾക്ക് കാര്യങ്ങൾ മനസിലാവുന്നത്?
?അഞ്ചുമണി വരെയേ നിലവിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കുന്നുള്ളൂ. ഹോട്ടൽ ഭക്ഷണം ഹോം ഡെലിവറി ചെയ്യുന്നവരും അങ്ങനെ തന്നെ. ഈ സമയപരിമിതി മൂലം പ്രയാസം ഉണ്ടാവുന്നവരിൽ അവശ്യ സർവ്വീസ് ജീവനക്കാരും ഉണ്ടാവും. എട്ടുമണി വരെ ഷിഫ്റ്റ് ഉള്ള ആരോഗ്യപ്രവർത്തകരുടെയും പോലീസുകാരുടെയും കാര്യം സർക്കാർ പരിഗണിക്കണം. രാത്രി ഭക്ഷണത്തിനും മറ്റും അവർ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കാൻ കൂടുതൽ സൗകര്യം ഉണ്ടാവുന്നത് നന്നാവും. ഓൺലൈൻ ഡെലിവറി എങ്കിലും രാത്രിയിൽ, 8 മണി വരെയെങ്കിലും ഉണ്ടാവുന്നത് നന്നാവും.
?ജീവനക്കാർക്ക്, കഴിയുന്നതും അവരുടെ വീടുകൾക്ക് അടുത്തു ജോലി ചെയ്യാൻ സൗകര്യം ഒരുക്കാൻ സാധ്യമെങ്കിൽ അത് പ്രയോജനപ്രദമായിരിക്കും.
?സംസ്ഥാനത്തു ഇന്നലെ ആദ്യമായി ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതായി അറിയുന്നു. സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. എവിടെയാണ് പിഴവു പറ്റിയതെന്ന് കണ്ടെത്തി പരിഹരിച്ചില്ലെങ്കിൽ കൂടുതൽ ആരോഗ്യപ്രവർത്തകരും രോഗികളാവും.
?ആരോഗ്യ പ്രവർത്തകരോട് ‘അയിത്ത മനോഭാവം’ കാണിക്കുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നത് ഖേദകരം ആണ്. ഇതവരുടെ മനോവീര്യത്തെ കാര്യമായി തന്നെ ബാധിക്കും. ഇത്തരുണത്തിൽ ഇത്തരം അവഗണന അവർക്കു നേരെ ഉണ്ടാവാതെ ഒരു കരുതൽ അധികാരികളും പൊതു സമൂഹവും നൽകണം. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ മോശം പ്രവണത കാണിക്കുന്നവർക്കെതിരെ നടപടികൾ എടുത്താൽ ഉചിതമാവും.
?ഐസൊലേറ്റ് ചെയ്യപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് അവരുടെ സ്ഥാപനങ്ങൾക്ക് സമീപം തന്നെ താമസിക്കാൻ സൗകര്യം ഒരുക്കുന്നത് ഗുണകരമാവും. ഭൂരിഭാഗം പേർക്കും സാരമായ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവുകയില്ല എന്നതിനാൽ, അവരിൽ സന്നദ്ധ സേവനം നൽകാൻ തയ്യാറാവുന്നവർക്ക്, ഫോൺ വഴി ആരോഗ്യ നിർദ്ദേശങ്ങൾ നൽകാനും, ഡോക്ടർമാർക്ക് ടെലി മെഡിസിൻ സംവിധാനം വഴി ഉപദേശം നൽകാനും മറ്റും സാങ്കേതിക സൗകര്യം ഒരുക്കിയാൽ, മാനവ വിഭവശേഷിയും വൈദഗ്ധ്യവും ആ വഴിക്കു ഉപയോഗപ്പെടുത്താം. അത്തരക്കാർക്ക് ഏകാന്തത ഒഴിവാക്കാനും കഴിയും.
?ആരോഗ്യ പ്രവർത്തകർക്ക് രോഗ ബാധ ഉണ്ടാവാതിരിക്കാൻ കരുതൽ നടപടികളായി വ്യക്തിഗത സുരക്ഷാ ഉപാധികൾക്കും (PPE) മറ്റും ക്ഷാമം ഉണ്ടാവാത്ത ഒരു സാഹചര്യം സൃഷ്ടിക്കപ്പെടണം. ആരോഗ്യപ്രവർത്തകർ അപകടത്തിലായാൽ അത് സംവിധാനത്തെ ആകെ ദുർബലപ്പെടുത്തും.
?നിപയുടെയും പ്രളയത്തിൻ്റെയും സമയത്ത് തങ്ങളുടെ ശേഷിക്കനുസരിച്ചു കേരളത്തെ സഹായിച്ച അനേകം സുമനസ്സുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. അതുപോലെ കഴിവുള്ളവരുടെ സഹായം ഇക്കാര്യത്തിൽ സർക്കാരിന് ആവശ്യപ്പെടാം. PPE കിറ്റുകളും മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളും അങ്ങനെ ലഭ്യമാക്കാൻ ശ്രമിക്കണം.
?⚕️കേരളത്തിലെ മെഡിക്കൽ വിദ്യാർത്ഥി സമൂഹത്തോടും രണ്ട് അഭ്യർത്ഥനകളുണ്ട്.
1.കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഹൗസ് സർജൻസി കഴിഞ്ഞു ഒരു പറ്റം യുവ ഡോക്ടർമാർ സമൂഹത്തിലേക്ക് ഇറങ്ങുകയാണ്. നിങ്ങളിൽ കഴിയുന്നതും ആൾക്കാർ ഈ പ്രതിസന്ധി ഘട്ടത്തിൽ സേവനം ചെയ്യാൻ സന്നദ്ധരാവണം. നിങ്ങളുടെ ചെറുപ്പവും ഊർജ്ജവും കേരളത്തിന് താങ്ങും കരുത്തും ആവും.
2.ബിരുദദാന ചടങ്ങുകൾ ലളിതമായി നടത്തി, അതിനായി സമാഹരിച്ചിരിക്കുന്ന തുകയുടെ ഒരു ഭാഗം നിങ്ങളുടെ മെഡിക്കൽ കോളേജിന് വെന്റിലേറ്റർ പോലുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ വാങ്ങാൻ ഉപയോഗിച്ചാൽ വലിയൊരു സാമൂഹിക സേവനം ആയിരിക്കും അത്.
?ലോക്ക് ഡൗൺ പോലുള്ളവ നടപ്പാക്കുമ്പോൾ,
ഏറെ വിയർപ്പൊഴുക്കാൻ പോവുന്ന മറ്റൊരു വിഭാഗം പോലീസ് സേനയാണ്.
?️പോലീസ് സേനയിൽ ഉള്ളവർക്ക് രോഗ വ്യാപനം തടയുന്നതെങ്ങനെ ആണെന്നുള്ളതിനെ കുറിച്ച് പ്രാദേശിക തലത്തിൽ കൃത്യമായ അവബോധനം നൽകണം. ആൾക്കാർ കൂടുന്ന യോഗങ്ങൾ ഉചിതം അല്ലാത്തതിനാൽ ടെലി കോൺഫെറെൻസ് മുഖേനയോ, പ്രിന്റഡ് സന്ദേശങ്ങൾ ആയോ മെഡിക്കൽ രംഗത്തെ വിദഗ്ധരുടെ ക്‌ളാസ്സുകൾ അവർക്കു നൽകണം.
?️രോഗബാധിതർ ആയേക്കാവുന്ന പൊതുജനങ്ങൾ ഉൾപ്പെടെ ഉള്ളവരുമായി ശാരീരികമായി ഇടപഴകേണ്ടി വന്നേക്കാം. അത്തരുണത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് കൃത്യമായ അറിവ് ഉണ്ടായില്ലെങ്കിൽ അവരും രോഗബാധിതർ ആവും.
?️ഇന്നലെ മാസ്കുകൾ ധരിച്ചു റൂട്ട് മാർച്ച് നടത്തുന്ന സേന അംഗങ്ങളെയും, പൊതു ജനങ്ങളെ നിർബന്ധിച്ച് മാസ്ക് ധരിപ്പിക്കാൻ ശ്രമിക്കുന്നവരെയും കണ്ടു. അതിൻ്റെയൊന്നും ആവശ്യമില്ലല്ലോ. രോഗബാധ സംശയിക്കുന്നവർ, രോഗികൾ, ഇവരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർ എന്നിവരാണ് ത്രീ ലെയർ ഫേസ് മാസ്ക് ധരിക്കേണ്ടത്. പൊതുജനങ്ങൾ, ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർ എന്നിവർ മാസ്ക് ധരിക്കേണ്ടതില്ല എന്നാണു ആരോഗ്യ സംബന്ധമായ മാർഗ്ഗ നിർദ്ദേശങ്ങൾ. സാധാരണ മാസ്‌ക്കുകൾ പ്രത്യേക സംരക്ഷണം നൽകുന്നില്ല എന്ന് മാത്രമല്ല അത് രോഗബാധയ്ക്കു കൂടുതൽ കാരണമായേക്കും. ഇത്തരം സന്ദേശങ്ങൾ പോലീസ് സേനയിൽ ഉള്ളവർക്ക് കൃത്യമായി എത്തുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
??ലോക്ക് ഡൗൺ കാലത്തും കർമ്മനിരതരാവുന്ന മറ്റൊരു വിഭാഗം, മാദ്ധ്യമ പ്രവർത്തകരാണ്.
??അവരുടെ സുരക്ഷയിൽ സർക്കാർ ശ്രദ്ധാലുവാണ് എന്ന് മുഖ്യമന്ത്രിയുടെ വാക്കുകൾ സൂചിപ്പിക്കുന്നു. ഡൽഹിയിലെ പോലെ പത്ര സമ്മേളനങ്ങൾ ടെലി കോൺഫെറെൻസിങ് മുഖേന ആവുന്നത് രോഗവ്യാപന സാധ്യത കുറയ്ക്കും.
??ഉപകരണങ്ങളുമായി രോഗബാധിത പ്രദേശങ്ങളിൽ പോവുന്ന മാധ്യമ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകരുടെ മുൻകരുതൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. സാഹസികതകൾക്കു മുതിരരുത്, സ്വന്തം സുരക്ഷ പ്രാഥമികമായി ഉറപ്പു വരുത്തണം.
??വ്യക്തികളിൽ നിന്നും അകലം പാലിച്ചു കൊണ്ട് അഭിമുഖം പോലുള്ളവ നടത്താൻ ശ്രദ്ധിക്കണം. കയ്യിൽ കൊണ്ട് നടക്കുന്ന ഉപകരണമായ മൈക്ക് രോഗവാഹക സ്രവങ്ങൾ പറ്റാൻ ഏറെ സാധ്യത ഉള്ളതായതിനാൽ അത് സാനിറ്റൈസർ പോലുള്ളവ കൊണ്ട് ഇടയ്ക്കു വൃത്തിയാക്കുന്നതും കൈകളുടെ ശുചിത്വം പ്രത്യേകം ശ്രദ്ധിക്കുന്നതും നന്നാവും.
??വലിയൊരു മഹാമാരിയെ നേരിടുന്ന സന്നിഗ്ദ്ധഘട്ടം ആയതു കൊണ്ട് തന്നെ വാർത്തകളുടെ അവതരണത്തിൽ സെൻസേഷണലിസവും ധൃതിയും മാറ്റി വെച്ച്, കൃത്യതയുള്ളതും വസ്തുതാപരവുമായിരിക്കണം വാർത്തകൾ എന്ന നിഷ്കർഷ പുലർത്തണം എന്ന് ഒരപേക്ഷയുണ്ട്. ഓൺലൈൻ പോർട്ടലുകൾ വ്യാജവാർത്തകളുടെ വിളനിലമാക്കരുതെന്നും. നേരിയ പിഴവുകൾ പോലും സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഇത്തരുണത്തിൽ ഉണ്ടാക്കിയേക്കാം.
പൊതുജനങ്ങൾ, ആരോഗ്യപ്രവർത്തകർ, മാദ്ധ്യമങ്ങൾ, പോലീസുകാർ, സർക്കാർ… നമ്യക്കല്ലാവർക്കും ഒന്നിച്ചു നിന്നീ വിപത്തിനെ നേരിടാം.