26.03.2020 കൊവിഡ് 19 അവലോകനം – ഇന്ത്യ & കേരള
?ഇന്ത്യ?
?കൊറോണ വൈറസ് പ്രഭവകേന്ദ്രമായ ചൈന അതിൻറെ പൂർവ്വസ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെങ്കിലും ലോകത്ത് മൊത്തം നിലനിൽക്കുന്ന ആശങ്കകൾ ഇന്ത്യയിലും പ്രതിഫലിക്കുന്നുണ്ട്. ഇറ്റലിക്ക് പുറമേ സ്പെയിനും മരണസംഖ്യയുടെ കാര്യത്തിൽ ചൈനയെ കടന്നുപോയതും മരണനിരക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ ആകുന്നതും ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.
?ലോകത്തെ മിക്ക രാജ്യങ്ങളും ഇപ്പോൾ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലോക് ഡൗൺ മാത്രം കൊണ്ട് കൊറോണയെ തുരത്താനാവില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. ലോക് ഡൗൺ ചെയ്യുകവഴി വഴി രോഗവ്യാപനം തടയുന്നതിനും ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിനുമുള്ള അധിക സമയം തേടുക മാത്രമാണ് നമ്മൾ ചെയ്യുന്നത്. ഇതിനൊപ്പം കൂടുതൽ പേരെ ടെസ്റ്റ് ചെയ്യുക (Test), രോഗികളെ കണ്ടെത്തുക (Find), ഐസൊലേറ്റ് ചെയ്യുക (Isolation), ചികിത്സിക്കുക (Treat), അവരുടെ കോണ്ടാക്ട് കണ്ടെത്തുകയും (Trace) ഒക്കെ ചെയ്താൽ മാത്രമേ നമുക്ക് കൊറോണയെ അതിജീവിക്കാൻ പറ്റുകയുള്ളൂ.
?ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ 22928 സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചിട്ടുള്ളത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള പാഠം ഉൾക്കൊള്ളുകയാണെങ്കിൽ ദിവസം കുറഞ്ഞത് പതിനായിരം സാമ്പിളുകളെങ്കിലും നമ്മൾ പരിശോധിച്ചുവെങ്കിൽ മാത്രമേ ലോക്ക് ഡൗൺ കഴിയുമ്പോൾ സമൂഹത്തിൽ കൊറോണ രോഗികൾ ഒന്നുമില്ല എന്ന് നമുക്ക് ഏകദേശം ഉറപ്പിക്കാനും രോഗത്തെ നിയന്ത്രണവിധേയമാക്കാനും പറ്റുകയുള്ളൂ.
? ഇന്ത്യയിൽ Covid19 ടെസ്റ്റ് ചെയ്യാനുള്ള ലാബുകൾക്ക് അംഗീകാരം പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് പുറമേ 3 കേന്ദ്രങ്ങൾക്ക് കൂടി ICMR നൽകി. പൂനയിലെ നാഷണൽ AIDS റിസൾച്ച് സെൻറർ, കൊൽക്കത്തയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആൻഡ് എൻഡമിക് ഡിസീസസ്, ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പത്തോളജി എന്നിവയാണവ.
?മുൻപ് US FDA അല്ലെങ്കിൽ European CE യുടെ അംഗീകാരമുള്ള പരിശോധന സാമഗ്രികൾ മാത്രമാണ് ഇന്ത്യയിൽ ഉപയോഗിച്ചിരുന്നത്. അതുമാറ്റി ഇന്ത്യയിൽ തന്നെ ഡയഗ്നോസ്റ്റിക് കിറ്റുകൾ നിർമ്മിക്കാനും ഉപയോഗിക്കാനുമുള്ള അനുമതി ICMR നൽകിയിട്ടുണ്ട്. പൂനെയിലെ MyLab നിർമ്മിച്ച കിറ്റിന് തിങ്കളാഴ്ച മുതൽ അനുമതി നൽകിയിട്ടുമുണ്ട്.
♦️ഇന്നലെ രാത്രി വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ ആകെ 624 രോഗികളുണ്ട്. ഇതുവരെ 13 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
♦️ഇന്ത്യയിൽ ഇനിയും സാമൂഹ്യ വ്യാപനം ഒരിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് രാത്രിയിലും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.
♦️നിലവിൽ ഏറ്റവും അധികം രോഗികൾ ഉള്ളത് മഹാരാഷ്ട്ര (122), കേരള (118), കർണാടക (51), തെലുങ്കാന (41), ഉത്തർപ്രദേശ് (38) ഗുജറാത്ത് (38) രാജസ്ഥാൻ (38) തുടങ്ങിയ സംസ്ഥാനങ്ങളിലാണ്
♦️ഡൽഹിയിൽ ആരോഗ്യ പ്രവർത്തകരെ വാടക വീടുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും ഇറക്കി വിടുന്ന പ്രവണതയ്ക്കെതിരെ കെജ്‌രിവാൾ ശക്തമായ നടപടിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.
♦️കേന്ദ്ര ഗവൺമെൻറ് പ്രഖ്യാപിച്ച രണ്ട് രൂപയ്ക്ക് ഗോതമ്പും മൂന്നു രൂപയ്ക്ക് അരിയും പ്രാവർത്തികമായാൽ ഇന്ത്യയിലെ ഏറ്റവും സാധാരണക്കാരായ ജനങ്ങൾക്ക് വലിയ ആശ്വാസമാകുന്ന കാര്യമാണ്.
♦️ഗോവയിൽ എല്ലാ അവശ്യവസ്തുക്കളും വീടുകളിൽ എത്തിക്കുന്ന അതിനുവേണ്ടി വളണ്ടിയർമാരെ സർക്കാർ നിയമിച്ചു. ഭക്ഷണപദാർത്ഥങ്ങും പച്ചക്കറികളും മരുന്നുകളും ഉൾപ്പെടെ എല്ലാ വസ്തുക്കളും വീടുകളിൽ എത്തിക്കും. അതിൻ്റെ പേരിലാരും തന്നെ പുറത്തിറങ്ങാതിരിക്കാനാണിത്. കേരളത്തിലും അനുകരിക്കാവുന്ന മാതൃക.
♦️ആരോഗ്യ പ്രവർത്തകർക്കുള്ള വ്യക്തിഗത സുരക്ഷാ ഉപാധികളുടെ ദൗർലഭ്യം ഇന്ത്യയിലൊട്ടാകെ ഒരുപാട് ആശങ്ക ഉണ്ടാക്കുന്നുണ്ട്. സർക്കാർ ഇക്കാര്യത്തിൽ എത്രയും വേഗം നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ഇതു തന്നെ മതി, ആരോഗ്യ മേഖലയെ ആകെ സ്തംഭിപ്പിക്കാൻ.
♦️ടെലി മെഡിസിൻ സാധ്യതകൾ കൂടുതൽ ഉപയോഗപ്രദമാക്കുന്നതിന് വേണ്ടിയുള്ള മാർഗനിർദ്ദേശങ്ങളും കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പകർച്ചവ്യാധികളുടെ സമയത്ത് ആരോഗ്യപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഒരുപാട് ഗുണകരമായ ഒന്നാണിത്. അതിനുള്ള ഭൗതിക സാഹചര്യങ്ങൾ കൂടുതൽ സൃഷ്ടിക്കാൻ എല്ലാ സംസ്ഥാനങ്ങളും മുൻകൈ എടുക്കേണ്ടതാണ്.
?കേരളം?
♨️ഇന്നലെ കേരളത്തിൽ പുതിയ 9 രോഗികളാണ് ഉണ്ടായത്. ആകെ രോഗികളുടെ എണ്ണം ഇപ്പോൾ 118 ആയി. അതിൽ 19 പേർക്ക് രോഗികളുമായി സമ്പർക്കത്തിൽ വന്നതു കാരണം രോഗം വന്നതാണ്. 91 പേരും പുറത്തുനിന്ന് വന്നവരും എട്ടുപേർ വിദേശികളുമാണ്. നിലവിൽ 76542 പേർ നിരീക്ഷണത്തിൽ ആണ്
♨️കേരളത്തിൽ ബിവറേജസ് ഷോപ്പുകൾ കൂടി പൂർണ്ണമായും അടച്ചതാണ് ആരോഗ്യപ്രവർത്തകർക്കിടയിൽ ആശങ്കയുണ്ടാക്കുന്ന മറ്റൊരുകാര്യം. മദ്യപാനാസക്തിയുള്ള ധാരാളം മനുഷ്യരുള്ള ഒരു പ്രദേശമെന്ന നിലയിൽ ആൾക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം പോലുള്ള പ്രശ്നങ്ങളെയും നമ്മൾ മുൻകൂട്ടി കാണണം. അങ്ങനെയുണ്ടെങ്കിൽ അവരെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കേണ്ട അവസ്ഥ വന്നേക്കാം.
?മാത്രമല്ല വ്യാജ മദ്യവില്പനയിലും വ്യാജമദ്യ ദുരന്തങ്ങളും ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയും ഇത്തരുണത്തിൽ ആവശ്യമാണ്
?ഓൺലൈൻ വഴിയോ വോളണ്ടിയർമാർ വഴിയോ അവശ്യക്കാർക്ക് മദ്യലഭ്യത ഉറപ്പു വരുത്താനുള്ള സംവിധാനം സർക്കാർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ തൊഴിൽ ലഭ്യത കുറഞ്ഞിരിക്കുന്ന ഓട്ടോ തൊഴിലാളികളെ ഔദ്യോഗിക സംവിധാനങ്ങളുടെ കർശന മേൽനോട്ടത്തിൽ ഈ പ്രവർത്തികൾക്ക് നിയോഗിച്ചാൽ ജനങ്ങൾക്കും ഓട്ടോ ടാക്സി തൊഴിലാളികൾക്കും ആശ്വാസം ആയേക്കും അത്.
♨️കേരളത്തിൽ രോഗി പരിചരണത്തിൽ ഏർപ്പെട്ട ആരോഗ്യപ്രവർത്തകക്കും രോഗം സ്ഥിരീകരിച്ചിരുന്നതിന് ശേഷവും വ്യക്തിഗത സുരക്ഷാ സാമഗ്രികളുടെ ദൗർലഭ്യം രൂക്ഷമാണ്. അവ പരിഹരിക്കുന്നതിനുള്ള നടപടികൾ കൂടുതൽ കർശനമായി ചെയ്യണമെന്ന് സർക്കാരിനോട് അപേക്ഷിക്കുകയാണ്. ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം ഉയർത്തുന്ന കൂടുതൽ നടപടികളും പ്രതീക്ഷിക്കുന്നു.
♨️ഇനിയും നേരം വെളുക്കാത്ത നിരവധിപേർ നിയമങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് പുറത്തിറങ്ങുന്നത് ആരോഗ്യ പ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും ആശങ്ക പടർത്തുകയും പോലീസുകാർക്ക് ജോലിഭാരം കൂട്ടുകയും ചെയ്യുന്നുണ്ട്.
?നമ്മൾ ഏറ്റവും ഉത്തരവാദിത്വത്തോട് കൂടി സമചിത്തതയോടുകൂടി പെരുമാറേണ്ട സമയമാണ്. അതല്ലെങ്കിൽ ഈ ചെയ്യുന്ന ഒന്നിനും ഒരു പ്രയോജനവും ഇല്ലാതായി പോകാൻ സാധ്യതയുണ്ട്. ചെറിയൊരു ശതമാനം ജനങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളുടെ പരിണതഫലം അനുഭവിക്കാൻ പോകുന്നത് ചിലപ്പോൾ 130 കോടിയിലധികം വരുന്ന ഇന്ത്യൻ ജനസമൂഹം മൊത്തത്തിൽ ആയിരിക്കും.
♨️പൊതുജനങ്ങളോടും പോലീസുകാരോടും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ്, രോഗലക്ഷണങ്ങൾ ഉള്ളവരും രോഗികളെ പരിചരിക്കുന്നവരും മാത്രമാണ് മാസ്ക് ധരിക്കാൻ നിഷ്കർഷിച്ചിട്ടുള്ളത്. അല്ലാത്ത അവസരങ്ങളിൽ ധരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടാവില്ല. പൊതുജനങ്ങളെ കൊണ്ട് നിർബന്ധിച്ച് മാസ്ക് ധരിപ്പിക്കേണ്ടതില്ല. മാത്രമല്ല തുണി കൊണ്ട് നിർമ്മിച്ച മാസ്ക് ധരിച്ചതിന് ശേഷം അവ കൃത്യമായി ബ്ലീച്ച് സൊലൂഷനിൽ കഴുകി ചെയ്തു ഉപയോഗിച്ചില്ലെങ്കിൽ മറ്റു പല രോഗങ്ങളും അതിലൂടെ പകരുന്നതിനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.
?കൊറോണയുടെ പ്രതിരോധത്തിന് ഏറ്റവും ആവശ്യം വേണ്ടത് സോഷ്യൽ ഡിസ്റ്റൻസ് ആണ്. അതിനു വേണ്ടിയാണ് നമ്മൾ ഈ സമ്പൂർണ ലോക്ക് ഡൗൺ പോലുള്ള അസാധാരണ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. എല്ലാവരും തീർച്ചയായും അതിനോടൊപ്പം സഹകരിക്കണമെന്ന് ഇൻഫോ ക്ലിനിക്ക് അഭ്യർത്ഥിക്കുന്നു.