27.03.2020 കൊവിഡ് 19 അവലോകനം – ഇന്ത്യ & കേരള
? ഇന്ത്യ ?
♨️ലോകത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം അതിവേഗം അഞ്ച് ലക്ഷത്തിലേക്ക് കടക്കുമ്പോൾ ഇവിടെ ഇന്ത്യക്കാർ ആശങ്കപ്പെടണോ ആശ്വസിക്കണമ എന്നറിയാത്ത ഒരു അവസ്ഥയിലാണ്. കാരണം ഇന്ത്യയിൽ ഓരോ ദിവസവും പുതുതായി ഉണ്ടാകുന്ന രോഗികളുടെ എണ്ണം പ്രതീക്ഷിച്ച തോതിൽ ഉയരുന്നില്ല എന്നതാണ് ആശ്വാസത്തിൻ്റെ വശം. പക്ഷെ, ആവശ്യത്തിന് ടെസ്റ്റുകൾ നാക്കാത്തതു കാരണം യഥാർത്ഥ രോഗികളെ കണ്ടെത്താത്തതാണോ എന്ന് നമുക്കറിയില്ല. അതാണ് ആശങ്കയുടെ വശം.
♨️ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് 19 രോഗികളുടെ ആകെ എണ്ണം 727 ആണ്.
♨️ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 103
♨️ഇന്ത്യയിലാകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. ഇന്നലെ മാത്രം മരണപ്പെട്ടവർ ഏഴുപേർ. ഒരു ദിവസം ഇത്രയധികം പേർ മരിക്കുന്നതും ആദ്യമാണ്
♨️ഏറ്റവും അധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കേരളത്തിൽ നിന്നാണ്. 137 പേർ.
മഹാരാഷ്ട്രയിൽ 125 രോഗികളും കർണാടകയിൽ 52 രോഗികളുമുണ്ട്.
♨️ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഹാരാഷ്ട്രയിൽ നിന്നാണ്. അഞ്ചുപേർ. ഗുജറാത്തിൽ 3 പേരും മധ്യപ്രദേശിൽ 2 പേരും മരണപ്പെട്ടു.
♨️ഇന്ത്യയിൽ സാമൂഹ്യ വ്യാപനം ഇനിയും സംഭവിച്ചിട്ടില്ല എന്ന് തന്നെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെയും വ്യക്തമാക്കിയിട്ടുള്ളത്.
♨️ലോക് ഡോൺ പ്രഖ്യാപിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടും ഇനിയും ഓരോ ദിവസവും ചെയ്യുന്ന ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാത്തത് ആരോഗ്യമേഖലയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്ത്യയിൽ ഓരോ സംസ്ഥാനത്തും കുറഞ്ഞത് പതിനായിരം ടെസ്റ്റുകൾ എങ്കിലും ദിവസവും നടന്നാൽ മാത്രമേ നമ്മൾ ചെയ്യുന്ന പ്രവർത്തികൾ കൊണ്ട് ഗുണമുണ്ടാകൂ എന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ്. നമ്മളെക്കാളും ജനസംഖ്യയും ജനസാന്ദ്രതയും കുറഞ്ഞ രാജ്യങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന കഷ്ടതകളിൽ നിന്ന് നമ്മൾ പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോണം.
♨️സാധാരണ ജനങ്ങൾക്ക് വേണ്ടി ധനകാര്യ വകുപ്പ് പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ ലോക്ക് ഡൗൺ പാക്കേജ് ആശ്വാസകരമായ ഒരു വാർത്തയാണ്. അടുത്ത ദിവസം ഇനിയെന്ത്, എങ്ങനെ എന്ന ആശങ്കയിൽപെട്ടിരിക്കുന്ന രാജ്യത്തെ ഏറ്റവും സാധാരണക്കാരന് ഇത്തരം കാര്യങ്ങൾ നൽകുന്ന ആശ്വാസം ചെറുതല്ല. ഇവയെല്ലാം എല്ലാം യുദ്ധകാലടിസ്ഥാനത്തിൽ വളരെ സമയോചിതമായി ജനങ്ങളിലേക്ക് എത്തിക്കാൻ ഉള്ള മാർഗങ്ങൾ കൂടി വേഗം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
♨️ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അടുത്ത 3 മാസത്തേക്ക് 50 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് പ്രഖ്യാപിച്ചതും സ്വാഗതാർഹമായ ഒരു വാർത്തയാണ്. അതേസമയം ആരോഗ്യ പ്രവർത്തകർക്ക് ഈ നിമിഷം ഏറ്റവും ആവശ്യം വ്യക്തിഗത സുരക്ഷ സാമഗ്രികൾ ആണെന്ന് കൂടി ഓർമിപ്പിക്കുന്നു.
♨️ജയ്പൂരിലെ സവായി മാൻസിംഗ് ഗവൺമെൻറ് ആശുപത്രിയിൽ ഹ്യൂമനോയ്ഡ് റോബോട്ടുകൾ ഐസൊലേഷനിലുള്ള രോഗികൾക്ക് ഭക്ഷണവും മരുന്നും നൽകുന്നതിന് വേണ്ടി ഇന്നലെ ഉപയോഗിച്ചു. ഇന്ത്യയിൽ ഒരു ഗവൺമെൻറ് ആശുപത്രിയിൽ ഇത്തരമൊരു ഒരു സംവിധാനം ഇതാദ്യമാണ്. ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ ഉണ്ടാകുന്നത് പരമാവധി കുറയ്ക്കുന്നതിന് ഇത്തരം പുതിയ സംവിധാനങ്ങൾ സഹായകരമാണ്. പക്ഷേ സാമ്പത്തികമായി ഒരുപാട് ചെലവ് വരുന്ന ഒരു കാര്യം കൂടിയാണ് ഇത്തരം ഹ്യൂമനോയിഡ് റോബോട്ടുകൾ. അതുകൊണ്ടുതന്നെ എല്ലായിടത്തും പ്രാവർത്തികമല്ല.
♨️ബീഹാറിൽ പറ്റ്നയിലെ നളന്ദ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ 83 ജൂനിയർ ഡോക്ടർമാർ രോഗികളുമായി സമ്പർക്കത്തിൽ വന്നത് കാരണം ക്വാറൻ്റയിനിൽ പോകേണ്ട അവസ്ഥ ഉണ്ടായി. ആരോഗ്യ പ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ആവശ്യത്തിന് ലഭ്യമാക്കാത്തതിൻ്റെ ഏറ്റവും ഗുരുതരമായ ഉദാഹരണമാണ് ഇത്രയും ഡോക്ടർമാർ ഒരുമിച്ചു ക്വാറൻ്റയിനിൽ പോകേണ്ടി വന്ന അവസ്ഥ. ഒരു സംസ്ഥാനത്തെ ആരോഗ്യമേഖല ആകെ സ്തംഭിപ്പിക്കാൻ ഇത് തന്നെ മതി.
♨️ഒഡീഷയിൽ സംസ്ഥാന സർക്കാർ രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ആശുപത്രി തുടങ്ങാൻ പോകുന്നു. 1000 കിടക്കകളുള്ള ആശുപത്രിയാണ് പ്ലാനിൽ ഉള്ളത്
♨️ഡൽഹിയിൽ കൊവിഡ്19 രോഗിയായ ഒരു ഡോക്ടറുമായി സമ്പർക്കത്തിൽ വന്ന 1100 പേരെ ക്വാറൻ്റയിൻ ചെയ്യേണ്ടി വന്നതും അസാധാരണമായ സംഭവമാണ്
♨️ലോക്ക് ഡൗൺ പ്രകാരം, നാഗാലാൻഡിൽ പെട്രോൾ പമ്പുകൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം പ്രവർത്തിച്ചാൽ മതിയെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. മാത്രമല്ല അവശ്യസാധനങ്ങളുടെ വിൽപ്പന രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രം (4 മണിക്കൂർ) മതിയെന്നും. ഇതുവരെയും ഒരു രോഗി പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത സംസ്ഥാനമാണ് നാഗാലാൻഡ്
?കേരളം?
♦️കേരളത്തിൽ രണ്ടു ദിവസത്തെ ആശ്വാസത്തിൽ നിന്ന് വീണ്ടും ആശങ്കയിലേക്ക് ഉയരുന്ന നമ്പർ ആയിരുന്നു ഇന്നലെ വീണ്ടും കണ്ടത്. കഴിഞ്ഞ രണ്ടു ദിവസവും രോഗികളുടെ എണ്ണം കുറയുന്ന ഒരു ട്രെൻഡ് ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷേ ഇന്നലെ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 19 പുതിയ രോഗികളാണ്.
♦️അതോടെ കേരളത്തിൽ ആകെ രോഗികളുടെ എണ്ണം 137 ആയി. 11 പേർ ഇതിനകം രോഗം മാറി ആശുപത്രി വിടുകയും ചെയ്തു. ഇപ്പോൾ നിലവിൽ ചികിത്സയിലുള്ളത് 126 രോഗികളാണ്.
♦️നിലവിൽ 1,02,003 പേർ നിരീക്ഷണത്തിലുമുണ്ട്.
♦️വയനാട് പോലൊരു മേഖലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചു എന്ന കാര്യം ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇടുക്കിയിൽ ഒരു പൊതുപ്രവർത്തകന് രോഗം സ്ഥിരീകരിച്ചതും കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹം മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ളവരുമായി സമ്പർക്കം പുലർത്തിയെന്നതും ആശങ്കയുടെ തോത് ഇരട്ടിയാക്കുന്നു.
♦️സാധാരണ ജനങ്ങൾക്ക് വേണ്ടി ഈ സമയം കേരള സർക്കാർ എടുക്കുന്ന ഓരോ തീരുമാനങ്ങളും ലോകത്തിനുതന്നെ മാതൃകയാക്കാവുന്ന കാര്യങ്ങളാണ്. സമൂഹ അടുക്കളയും സന്നദ്ധസേനയും ട്രാൻസ്ജെൻഡർ-അതിഥി തൊഴിലാളി സൗഹൃദപരമായ തീരുമാനങ്ങളും ഒക്കെ മറ്റു സംസ്ഥാനങ്ങൾക്കും ലോക രാജ്യങ്ങൾക്കും മാതൃകയാക്കാവുന്ന തീരുമാനങ്ങളാണ്.
♦️അതേസമയം സർക്കാർ അടിയന്തരമായി ഇടപെടേണ്ട ഒരു വിഷയം മദ്യത്തിൻ്റെ ലഭ്യത തന്നെയാണ്. ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ച് മണിക്കൂറുകൾക്കകം വ്യാജവാറ്റ് തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. സംസ്ഥാനം ഒരു വ്യാജമദ്യ ദുരന്തത്തിലേക്ക് പോകാത്ത അവസ്ഥ ജാഗരൂകമായി നിരീക്ഷിക്കേണ്ടതുണ്ട്
♦️മദ്യാസക്തി ഒരു രോഗമാണ്. അത് ചികിത്സിക്കേണ്ടതാണ്. കണ്ടില്ലെന്ന് നടിച്ചു കഴിഞ്ഞാൽ കൊറോണ കാരണമായിരിക്കില്ല ഈ സമയം കേരളത്തിൽ മരണങ്ങൾ ഉണ്ടാകാൻ പോകുന്നത്. മദ്യം കിട്ടാത്തത് കാരണം ഉണ്ടാവുന്ന രോഗാവസ്ഥകൾ കാരണമോ അല്ലെങ്കിൽ ആത്മഹത്യ കാരണമോ ആയിരിക്കാനാണ് സാധ്യത.
♦️ക്ലോറോക്വിൻ എന്ന മരുന്ന് പൂർണമായ ശാസ്ത്രീയമായി തെളിവുകളില്ലാതെ ഒരു പ്രതിരോധം എന്ന നിലയിൽ, നിലവിൽ ഹൈ റിസ്ക് ആൾക്കാർക്ക് മാത്രം കൊടുക്കാൻ ഒരു നിർദ്ദേശം ഉണ്ടായിരുന്നത്. പക്ഷേ അത് സാധാരണക്കാർ പോലും മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങി കഴിക്കുകയും സ്റ്റോക്ക് ചെയ്യുകയും ചെയ്യുന്ന ഒരു ദുരവസ്ഥ എന്ന കേരളത്തിൽ ഉണ്ട്. അത് കർശനമായി നിയന്ത്രിക്കേണ്ട ഒരു കാര്യമാണ്. സൈഡ് ഇഫക്റ്റുകൾ ധാരാളം ഉള്ള ഒരു മരുന്നാണത്. പലരാജ്യങ്ങളിലും ഈ മരുന്നധികം കഴിച്ചതുകൊണ്ടു മാത്രം പലരും മരണപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സർക്കാർ വളരെ കർശനമായി അതിൽ ഇടപെടേണ്ടതുണ്ട്.
♦️ആരോഗ്യ പ്രവർത്തകർക്കുള്ള വ്യക്തിഗത സുരക്ഷാ സാമഗ്രികളുടെ ദൗർലഭ്യം പരിഹരിക്കാൻ എത്രയും വേഗം ഇടപെടേണ്ട ആവശ്യമുണ്ട്. കേരളത്തിലെ മറ്റേതെങ്കിലും വ്യാവസായിക മേഖലയുടെ സ്രോതസ്സുകളെ, ഉദാഹരണത്തിന് കുട നിർമ്മാണക്കാർ, PPE കിറ്റ് നിർമ്മിക്കുന്നതിനു വേണ്ടി താൽക്കാലികമായെങ്കിലും ഉപയോഗപ്പെടുത്തുന്ന സംവിധാനം സർക്കാർ ആലോചിക്കേണ്ടതാണ്, അടിയന്തരമായി.
♦️ഒരു രോഗത്തിന് ചികിത്സയുമായി ബന്ധപ്പെട്ട് പൊലീസിന് ഇടപെടേണ്ടി വരുന്നത് അസാധാരണമാണ്. ആ രോഗം ഒരു ആരോഗ്യപ്രശ്നം എന്നതിനപ്പുറത്തേക്ക് സാമൂഹിക വിപത്തായി മാറുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. പക്ഷേ ന്യൂനപക്ഷം വരുന്ന പോലീസുകാർ ഇക്കാര്യത്തിൽ വേണ്ടത്ര അവബോധത്തോടെയല്ല പ്രവർത്തിക്കുന്നത്.
♦️ആരോഗ്യ പ്രവർത്തകർക്ക് പോലും അവരവരുടെ ജോലി സ്ഥലങ്ങളിലേക്കും തിരിച്ച് വീടുകളിലേക്കും പോകാൻ പറ്റാത്തവിധം പോലീസുകാർ വളരെ മോശമായി പെരുമാറുന്ന ഒരവസ്ഥ പലയിടങ്ങളിലും ഇന്നലെ ഉണ്ടായി. എല്ലാവരും വീട്ടിൽ വിശ്രമിക്കുമ്പോൾ റോഡിലിറങ്ങി ജോലി ചെയ്യുന്ന പോലീസുകാരുടെ മാനസികാവസ്ഥ ഉൾക്കൊള്ളുന്നു. അതുകൊണ്ടുതന്നെ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു, ഇതൊരു മത്സരമല്ല. പരസ്പരം വാശിയോടെ കളിച്ചു ആർക്കും ജയിക്കാനാവില്ല. ഒരുമിച്ച് നിന്ന് ജയിക്കേണ്ട ഒരു യുദ്ധമാണ്.
?ഇവിടെ നമുക്ക് ഒരുമിച്ചു നിൽക്കാം. ഒരുമിച്ചു നേരിടാം. ലോകം ലോക്ക് ഡൗണിൽ തുടരുന്ന ഈ സമയത്ത് കൊവിഡിനെതിരെയുള്ള യുദ്ധത്തിൽ മുന്നിൽ നിൽക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും മാദ്ധ്യമങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും എല്ലാ മനുഷ്യസ്നേഹികൾക്കും ഇൻഫോ ക്ലിനിക്കിൻ്റെ ബിഗ് സല്യൂട്ട്. We will win. ?