28.03.2020 കൊവിഡ് 19 അവലോകനം – ഇന്ത്യ & കേരള
? ഇന്ത്യ?
??ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 886 ആയി
??ആകെ മരണം 20
??ഇന്നലെ മാത്രം 159 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരുദിവസം ഇത്രയധികം രോഗികൾ ഉണ്ടാവുന്നത് ഇവിടെ ആദ്യമാണ്.
?150 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് സംസ്ഥാനങ്ങൾ ഉണ്ട്. കേരളവും (176) മഹാരാഷ്ട്രയും (156)
?അമ്പതിലധികം അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 3 സംസ്ഥാനങ്ങൾ – കർണാടക (64), തെലുങ്കാന (59), രാജസ്ഥാൻ (50)
?ഇരുപത്തിയഞ്ചിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങൾ 6. ഉത്തർപ്രദേശ് (49), ഗുജറാത്ത് (47), ഡൽഹി (40), പഞ്ചാബ് (38), തമിഴ്നാട് (38), മധ്യപ്രദേശ് (29).
?പത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങൾ 4. ജമ്മുകാശ്മീർ (20), പശ്ചിമബംഗാൾ (15), ആന്ധ്രപ്രദേശ് (13), ലഡാക്ക് (13)
?ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്നലെ ഒരു രോഗി കൂടി പോസിറ്റീവ് ആയി വന്നപ്പോൾ ആകെ രോഗികളുടെ എണ്ണം രണ്ടായി.
?തമിഴ്നാട്ടിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കും പെട്രോൾ പമ്പുകളും ഉൾപ്പെടെയുള്ളവയ്ക്കും സംസ്ഥാന സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 6 മുതൽ ഉച്ചയ്ക്ക് രണ്ടര വരെ മാത്രമേ കടകളും പമ്പുകളും പ്രവർത്തിക്കാൻ പാടുള്ളൂ
?തമിഴ്നാട്ടിൽ പക്ഷേ രാത്രിയിലും ഭക്ഷണം ഹോം ഡെലിവറി ചെയ്യുന്ന സംവിധാനം നിലവിലുണ്ട്. 3 ഘട്ടമായാണത്. പ്രഭാതഭക്ഷണം രാവിലെ ഏഴിനും ഒമ്പതരയ്ക്കും ഇടയിലും, ഉച്ചഭക്ഷണം 12 നും രണ്ടരയ്ക്കും ഇടയിലും, രാത്രിഭക്ഷണം വൈകുന്നേരം ആറിനും ഒമ്പതിനും ഇടയിലും ഹോം ഡെലിവറി ചെയ്യാൻ സംസ്ഥാന സർക്കാർ അനുമതിയുണ്ട്. ഇത് കേരള സർക്കാരിനും അനുകരിക്കാവുന്ന ഒരു മാതൃകയാണ്. പ്രത്യേകിച്ചും രാത്രികാലങ്ങളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും പോലീസുകാരും ഉൾപ്പെടെയുള്ളവർക്ക് വൈകുന്നേരം 5 മണിക്ക് ശേഷം ഭക്ഷണപദാർത്ഥങ്ങൾ ലഭിക്കാനുള്ള ബുദ്ധിമുട്ട് ഇപ്പോൾ നിലവിലുണ്ട്.
?? ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് നാലുദിവസം കഴിഞ്ഞു. ഇന്ത്യയിൽ ആകെ ടെസ്റ്റ് ചെയ്തവരുടെ എണ്ണം 26798 മാത്രമാണെന്നാണ് ICMR കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇത്രയധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് അവിടെ ഓരോ ദിവസവും ചെയ്യുന്ന ടെസ്റ്റുകളുടെ എണ്ണം അത്രയുമധികം ആയതിനാലാണ്.
??ലോക്ക് ഡൗൺ സമയത്ത് പരമാവധി രോഗികളെ കണ്ടെത്തുകയും ഐസൊലേറ്റ് ചെയ്യുകയും ചികിത്സിക്കുകയും അവരുടെ കോണ്ടാക്ട്സ് ട്രാക്ക് ചെയ്യുകയും ചെയ്യുകയാണ് വേണ്ടതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുള്ളതാണ്. ലോക്ക് ഡൗൺ കൊണ്ടുമാത്രം ഈ രോഗത്തെ തുരത്താനോ ഒഴിവാക്കാനോ കഴിയില്ലെന്നും മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണ്.
??ഇന്ത്യയിലെ കണക്കുകൾ പ്രകാരം ഒരു ദിവസം ചെയ്യുന്ന ടെസ്റ്റുകളുടെ എണ്ണം രണ്ടായിരത്തിൽ താഴെയാണ്. ഈ നില തുടർന്നാൽ ഏപ്രിൽ 14 കഴിയുമ്പോൾ ന്നമ്മളെന്തിൻ്റെ അടിസ്ഥാനത്തിൽ ലോക്ക് ഡൗൺ പിൻവലിക്കുമെന്ന് മാത്രം മനസ്സിലാകുന്നില്ല. അതോ പിന്നെയും തുടരുമോ?
?അമേരിക്ക ആറു ലക്ഷത്തിലധികവും ഇറ്റലി നാലു ലക്ഷത്തിലധികവും ടെസ്റ്റുകൾ നടത്തിയപ്പോഴാണ് ഒരു ലക്ഷത്തോളം രോഗികൾ ഉണ്ടെന്ന് കണ്ടെത്തിയത്. ഇത്രയും ജനസംഖ്യയും ജനസാന്ദ്രതയും ഉള്ള നമ്മുടെ രാജ്യത്ത് ഇത്രയും ടെസ്റ്റുകൾ നടന്നാൽ പോരാ. രോഗം രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതെയും രോഗം ഉണ്ടാവാം എന്നുള്ളത് നമ്മൾ പലപ്പോഴും മറന്നുപോകുന്നു.
? കേരളം ?
♦️കേരളം വരുംദിവസങ്ങളിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതാണെന്ന് ഓർമപ്പെടുത്തുന്നതായിരുന്നു ഇന്നലത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. ഇന്നലെ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 39 രോഗികളാണ്
♦️അതോടെ കേരളത്തിൽ ആകെ രോഗികളുടെ എണ്ണം 176 ആയി. നിലവിൽ ചികിത്സയിലുള്ളത് 164 പേർ. 12 പേർ ഇതിനകം രോഗമുക്തി നേടി.
♦️ഇന്നലെ റിപ്പോർട്ട് ചെയ്ത 39 രോഗികളിൽ 34 പേരും കാസർഗോഡ് ജില്ലയിൽ നന്നായിരുന്നു. ഇതോടെ കാസർഗോഡ് ആകെ രോഗികളുടെ എണ്ണം 80 ആയി. കാസർഗോഡ് ഇന്ത്യയിലെ തന്നെ കൊവിഡിൻ്റെ ഒരു ഹോട്ട്സ്പോട്ട് ആയി മാറിയിരിക്കുകയാണ്
♦️ലോക്ക് ഡൗൺ കാരണവും രോഗവ്യാപനം കാരണവും സങ്കീർണ്ണമായ പല സാഹചര്യങ്ങളും ആരോഗ്യ മേഖലയിൽ ഉരുത്തിരിഞ്ഞിട്ടുണ്ട്. സർക്കാർ അതൊക്കെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുമെന്ന ശുഭാപ്തി വിശ്വാസം ഉണ്ട്.
♦️മദ്യാസക്തി ഉള്ളവരുടെ പുനരധിവാസവും ചികിത്സയും അല്ലെങ്കിൽ മറ്റു പോംവഴികളും കണ്ടെത്താൻ ഉടനെതന്നെ സർക്കാർ ഗൗരവത്തോടെ ഇടപെടേണ്ടതാണെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണ്. ഇതിനകം രണ്ട് യുവാക്കൾ മദ്യദൗർലഭ്യം കാരണം ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇങ്ങനെ മരിക്കുന്ന രോഗികളുടെ കാര്യം മാത്രമാണ് പത്രമാധ്യമങ്ങളിൽ വരുന്നത്. നിരവധി ആത്മഹത്യാ ശ്രമങ്ങളും ഇതിനിടയിൽ നടക്കുന്നുണ്ട്. ശ്രദ്ധിക്കേണ്ടതും ഗൗരവവുമായ കാര്യം എന്താണെന്ന് വെച്ചാൽ ആത്മഹത്യ പ്രവണത കൂടുതലായി കാണുന്നത് യുവാക്കളിലാണ് എന്നുള്ളതാണ്.
♦️ദീർഘകാല ചികിത്സ/മരുന്നുകൾ ഒക്കെ വേണ്ടി വരുന്ന രോഗികളുടെ കാര്യത്തിൽ കൂടുതൽ കരുതൽ വേണ്ടതുണ്ട്. മനോരോഗ ചികിത്സ തേടുന്ന രോഗികളുടെയും എച്ച് ഐ വി ചികിത്സ തേടുന്ന രോഗികളുടെയും മരുന്നുകൾ കുറിപ്പടി ഇല്ലാതെ കിട്ടുന്നവ അല്ല.
♦️ഇവ വാങ്ങാൻ പുറത്തേക്കു ഇറങ്ങുന്നവർ അവരുടെ ചികിത്സാ വിവരങ്ങൾ പരസ്യപ്പെടുത്തേണ്ടി വരുന്നത് സങ്കടകരമാണ്. പ്രൈവസി എന്നത് അവരുടെ അവകാശമാണ്. പ്രത്യേകിച്ചും ഇത്രയും സാമൂഹിക അവജ്ഞ രോഗങ്ങളെ കുറിച്ച് നിലനിൽക്കുന്ന സമൂഹത്തിൽ. അവർ ഈ പേടിയിൽ മരുന്ന് വാങ്ങി കഴിക്കാതെ ഇരുന്നാൽ അതിലേറെ ഗുരുതര പ്രത്യാഘാതങ്ങൾ ആവും ഉണ്ടാവുന്നത്.
♦️ഇത്തരം സംഭവങ്ങളെ ഏറ്റവും കരുതലോടെ കണ്ടിട്ടുള്ള സർക്കാരിന് ഇതിലും ഒരു പരിഹാരം ഉണ്ടാക്കാൻ കഴിയും എന്ന് കരുതുന്നു. കൂടുതൽ കാലത്തേക്ക് മരുന്നുകൾ ഇവർക്ക് കൈമാറാൻ ഉള്ള സംവിധാനങ്ങൾ ഒരുക്കാൻ കഴിഞ്ഞേക്കും. രോഗികളുടെ പ്രൈവസിയും അവകാശങ്ങളും കവർന്നെടുക്കാതെ അവരെ താങ്ങും കരുതലും കൊടുത്ത് സംരക്ഷിക്കാൻ നമ്മൾക്ക് കഴിയും എന്ന് പ്രത്യാശിക്കുന്നു.
♦️ഡൽഹി സർക്കാർ പൊതുജനങ്ങൾക്ക് വാട്ട് സാപ്പ് മുഖേന ഇ-പാസ്സ് നൽകാൻ ഒരു പദ്ധതി തയ്യാറാക്കി എന്നു കണ്ടു. അത് മാതൃകയാക്കി പദ്ധതികൾ തയ്യാറാക്കുന്നത് നന്നാവും. ഫോണിൽ പാസ്സ് കാണിച്ച് കൊടുത്താൽ മതിയെങ്കിൽ ദിവസേന പ്രിൻ്റ് എടുക്കാൻ മെനക്കെടുന്നത് ഒഴിവാക്കുകയും ചെയ്യാം.
♦️ക്ലോറോക്വിൻ എന്ന് പറയുന്നത് ഇന്ത്യയിൽ ഷെഡ്യൂൾ H1-ൽ പെടുന്ന ഗുളികയാണ്. അത് ഒരു ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഒരു മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങാനോ വിൽക്കാനോ പാടില്ലാത്തതാണ്. നിലവിൽ കേരളത്തിൽ നടക്കുന്നത് കൊറോണയുടെ പ്രതിരോധ മരുന്ന് എന്ന പേരിൽ മെഡിക്കൽ സ്റ്റോറുകൾ വഴി വ്യാപകമായി ഇത് വിറ്റഴിക്കപ്പെടുന്നതാണ്. വളരെയധികം പാർശ്വഫലങ്ങൾ ഉള്ള ഒരു ഗുളികയാണ് chloroquine. ലോകത്ത് പലയിടങ്ങളിലും കൊറോണ പ്രതിരോധമെന്ന പേരിൽ ഇതു വാങ്ങിക്കഴിച്ചു മാത്രം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഇക്കാര്യം വളരെ ഗൗരവത്തിൽ എടുക്കണം എന്ന് കൂടി അഭ്യർത്ഥിക്കുന്നു
♦️ജനപ്രതിനിധികളുടെയും വിദേശത്തുനിന്ന് വന്ന ചിലരുടെയും വളരെ നിരുത്തരവാദപരമായ പെരുമാറ്റങ്ങളുടെ അനന്തരഫലം വരും ദിവസങ്ങളിൽ നമ്മൾ പ്രതീക്ഷിക്കണം. നിയമത്തെയോ സർക്കാർ സംവിധാനങ്ങളെയോ വെല്ലുവിളിച്ചുകൊണ്ട് നമ്മളാരും ഇവിടെ ജയിക്കാൻ പോകുന്നില്ല. ഇല്തൊരു യുദ്ധമാണ്. യുദ്ധത്തിൽ ഒരുമിച്ചു നിന്ന് പോരാടിയാൽ എല്ലാവർക്കും ജയിക്കാം. ഇല്ലെങ്കിൽ എല്ലാവരും തോൽക്കും.
കേരളത്തിലെ ഓരോ മനുഷ്യനും വളരെ ഉത്തരവാദിത്തത്തോടെ കൂടി തന്നെ ഈ ലോക്ക് ഡൗൺ കാലം വിനിയോഗിക്കണം എന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണ്. We will win ?