29.03.2020 കൊവിഡ് 19 അവലോകനം – ഇന്ത്യ & കേരള
കൊവിഡ് അവലോകനം (29/03/20)
? ഇന്ത്യ?
?ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം ആയിരം കടന്നു. നിലവിലെ കണക്ക് പ്രകാരം 1029 രോഗികൾ
?ആകെ മരണം 24
?ഇന്നലെ മാത്രം 143 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
?ആകെ രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര വീണ്ടും കേരളത്തിന് മുന്നിലായി
?150 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് സംസ്ഥാനങ്ങൾ ഉണ്ട്. മഹാരാഷ്ട്രയും (186) കേരളവും (182)
?അമ്പതിലധികം അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5 സംസ്ഥാനങ്ങളിൽ. കഴിഞ്ഞ ദിവസം ഇത് 3 സംസ്ഥാനങ്ങളായിരുന്നു. കർണാടക (81), തെലുങ്കാന (67), ഉത്തർപ്രദേശ് (65), ഗുജറാത്ത് (55), രാജസ്ഥാൻ (54).
?ഇരുപത്തിയഞ്ചിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങൾ ആറ്. ഡൽഹി (49), തമിഴ്നാട് (42), മധ്യപ്രദേശ് (39), പഞ്ചാബ് (38), ഹരിയാന (35), ജമ്മുകാശ്മീർ (33)
?പത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങൾ നാല്. ആന്ധ്രപ്രദേശ് (19), പശ്ചിമബംഗാൾ (18), ലഡാക്ക് (13), ബീഹാർ (11).
?ആൻഡമാൻ & നിക്കോബാർ ദ്വീപുകളിൽ ഇന്നലെ ഏഴു രോഗികൾ കൂടി പോസിറ്റീവ് ആയി വന്നപ്പോൾ ആകെ രോഗികളുടെ എണ്ണം ഒൻപതായി.
?രാജ്യത്തു ആദ്യമായി അർദ്ധസൈനിക സേനയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ബി എസ് എഫ്, സി ഐ എസ് എഫ് എന്നിവയിലെ ഓരോ ഉദ്യോഗസ്ഥരാണ് രോഗബാധിതർ.
? മുംബൈയിൽ 7 മാസം പ്രായമുള്ള കുഞ്ഞിനും കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കർണാടകയിൽ 10 മാസം പ്രായമുള്ള കുഞ്ഞിനു രോഗബാധ ഉണ്ടായിരുന്നു
? അതേസമയം ശ്രീലങ്ക ചെന്നൈയെ കൊവിഡിൻ്റെ ഹോട്ട്സ്പോട്ട് അഥവാ ഹൈ റിസ്ക് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയിൽ പോയിട്ട് തിരികെ വന്ന നാലു ശ്രീലങ്കക്കാർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു അത്.
? ഇന്ത്യയിൽ ആകെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 90 ആണ്. മഹാരാഷ്ട്രയിൽ 25 പേരും കേരളത്തിൽ 17 പേരും ഇതിൽപ്പെടുന്നു.
?ഒഡീഷയിൽ ജയിലുകളിൽ തിരക്കൊഴിവാക്കാൻ തടവുപുള്ളികൾക്ക് അതിവേഗം പരോൾ നൽകുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 80 പേർക്ക് പരോൾ അനുവദിച്ചു. ആകെ 1727 തടവുപുള്ളികൾക്ക് നൽകാനാണ് സർക്കാർ തീരുമാനം
?സൗത്ത് കൊറിയയിൽ നിന്നും ഒരു ലക്ഷം ടെസ്റ്റിങ് കിറ്റുകൾ വാങ്ങാൻ കർണാടക സർക്കാർ നീക്കങ്ങൾ നടത്തുന്നു എന്ന് വാർത്ത.
?ഡൽഹി സർക്കാരിന് പുറമെ മഹാരാഷ്ട്രയും അവശ്യ കാര്യങ്ങൾക്കു പുറത്തിറങ്ങുന്നവർക്കു ഇന്റർനെറ്റ് മുഖേന ഇ-പാസ് എടുക്കാൻ സൗകര്യം ഒരുക്കി. ഡൽഹിയിൽ വാട്ട്സ് ആപ്പ് വഴിയും ഇത് ലഭ്യമാണ്. കേരള സർക്കാർ തീർച്ചയായും പരിഗണിക്കേണ്ട കാര്യമാണിത്.
?ലോകം മുഴുവനും ഒരു ആരോഗ്യ അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് കോവിഡ് ദുരിതാശ്വാസത്തിനായി പൗരന്മാരുടെ സഹായം പ്രധാനമന്ത്രി തേടി. ഇതിനായി പ്രത്യേക ബാങ്ക് അക്കൗണ്ടും തുറന്നു എന്നതും, പല പ്രമുഖരും തുക കൈമാറിയ വാർത്തകളും ആശ്വാസജനകമാണ്.
?ബി സി സി ഐ – 51 കോടി പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് കൈമാറി.
?രാജ്യത്തെ വ്യവസായ പ്രമുഖർ സഹായഹസ്തവുമായി മുന്നോട്ട് വന്നത് പ്രത്യാശ പകരുന്ന ഒന്നാണ്.
?ടാറ്റാ ഗ്രൂപ്പ് വെൻ്റിലേറ്ററുകൾ ഉൾപ്പെടെ 1500 കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ ഉണ്ടാക്കി നൽകും.
?പ്രമുഖ മൊബൈൽ കമ്പനിയായ ഷവോമി N95 മാസ്കുകൾ എത്തിക്കുമെന്നു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
?കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന വെന്റിലേറ്റര്(ശ്വസന സഹായി) വികസിപ്പിക്കാന് വാഹന നിര്മാതാക്കളായ മഹീന്ദ്ര ധാരണയായി. ക്ലബ് മഹീന്ദ്ര റിസോർട്ടുകൾ താൽക്കാലിക കെയർ ഹോമുകൾ ആക്കാനുമുള്ള സന്നദ്ധത മഹീന്ദ്ര പ്രകടിപ്പിച്ചിട്ടുണ്ട്.
?മാരുതി കമ്പനിയും, ബജാജ് കമ്പനിയും വെന്റിലേറ്റർ നിർമ്മാണത്തിൽ സർക്കാരിനെ സഹായിക്കാം എന്ന് അറിയിച്ചു മുന്നോട്ടു വന്നിട്ടുണ്ട്.
?ദക്ഷിണ കൊറിയയിൽ നിന്നും 25000 ത്തോളം ടെസ്റ്റ് കിറ്റുകൾ ഇന്ത്യയിലെത്തിക്കുമെന്നാണ് ഹ്യുണ്ടായി കാർ കമ്പനി പ്രസ്താവിച്ചിരിക്കുന്നത്.
?ഹിന്ദുസ്ഥാന് യൂണിലിവര് സോപ്പ് അടക്കമുള്ള പേഴ്‌സണല് കെയര് ഉല്പ്പന്നങ്ങളുടെയും വില 15 ശതമാനം കുറച്ചു. ഹാന്ഡ് സാനിറ്റൈസര്, ഹാന്ഡ് വാഷ്, ഫ്‌ളോര് ക്ലീനര് എന്നിവയെല്ലാം ഇതില്പ്പെടുന്നു. ഉല്പ്പാദനം വര്ധിപ്പിച്ചിരിക്കുകയുമാണ്. മാത്രമല്ല, രണ്ടു കോടി സോപ്പ് സൗജന്യമായി നല്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
?എന്നാൽ കരളലിയിപ്പിച്ച കാഴ്ച ഡൽഹിയിലെ അതിഥി തൊഴിലാളികളുടെ കൂട്ട പലായനത്തിൻ്റെ ദൃശ്യമായിരുന്നു. സാമൂഹിക വ്യാപനത്തിന് കാരണമായേക്കാവുന്ന രീതിയിൽ വൻ ജനക്കൂട്ടങ്ങളാണ് രൂപപ്പെട്ടത്. എത്രയും പെട്ടന്ന് അധികാരികൾ അവരുടെ പരിരക്ഷ ഉറപ്പ് വരുത്തിയില്ലെങ്കിൽ ലോക്ക് ഡൗൺ എന്ന തന്ത്രം തന്നെ പാളിപ്പോകും.
?വൈറസിന് ഞങ്ങൾ നിങ്ങൾ ഉന്നതർ,ദരിദ്രർ എന്നൊന്നുമില്ല. ലോകത്തിലെ ഏറ്റവും മുന്തിയ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള പ്രമുഖർ വരെ രോഗബാധിതരുടെ പട്ടികയിലുണ്ട്.
?അവർക്കു പാർപ്പിടം, വസ്ത്രം, ഭക്ഷണം, ആരോഗ്യ സുരക്ഷാ എന്നിവയൊക്കെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് ഉറപ്പു വരുത്തണം.
?വിശപ്പിനേക്കാൾ, ജീവഭയത്തേക്കാൾ, വലുതല്ല സാധാരണ മനുഷ്യനെ സംബന്ധിച്ച് നിയമങ്ങൾ. അവർക്ക് സ്വയം സുരക്ഷിതരാണെന്ന് തോന്നാത്തിടത്തോളം ഒരു സർക്കാരിനും അവരെ നിയന്ത്രിക്കാനാവില്ല. അവരുടെ അരക്ഷിതബോധത്തിന് പരിഹാരം കാണുകയാണ് ആദ്യം വേണ്ടത്.
?രാജ്യത്തിൻ്റെ ഏതുഭാഗത്താണെങ്കിലും അവർ സുരക്ഷിതരാണെന്ന് അവരെ ബോധ്യപ്പെടുത്തണം. ഉദാഹരണം കേരളം തന്നെ.
?രാജ്യത്തിൻ്റെ ഏതുഭാഗത്താണെങ്കിലും പ്രധാനമന്ത്രി പ്രഖ്യാപിച്ച സഹായങ്ങൾ അവർക്ക് ലഭ്യമാക്കുമെന്ന് ഉറപ്പുകൊടുക്കണം.
?ഒന്നിച്ച് പ്രതിരോധിക്കുക എന്നതേയുള്ളൂ ഏക പോംവഴി. അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ നമ്മുടെ ഓരോരുത്തരുടെയും പ്രശ്നം തന്നെയായി കാണണം.
? കേരളം ?
♦️ കേരളത്തിൽ പുതുതായി 6 കോവിഡ് രോഗികൾ
♦️അതോടെ കേരളത്തിൽ ആകെ രോഗികളുടെ എണ്ണം 182 ആയി. നിലവിൽ ചികിത്സയിലുള്ളത് 165 പേർ. 17 പേർ ഇതിനകം രോഗമുക്തി നേടി.
♦️ 1,34,370 പേർ നിലവിൽ നിരീക്ഷണത്തിൽ ഉണ്ട്.
♦️റാന്നിക്കാരായ രോഗികളുടെ ഫലം നെഗറ്റിവ് ആയതും, അവരുടെ ബന്ധുക്കളായ ചെങ്ങളത്തുകാരായ രോഗികൾക്കു രോഗം ഭേദമായി വീട്ടിലെത്തിയെന്നതും ആശ്വാസജനകമാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചത് ലോകോത്തര ചികിത്സ ആയിരുന്നു എന്ന രോഗം ഭേദമായവരുടെ അഭിപ്രായം അനേകർക്ക് പ്രത്യാശ പകരുന്നതാണ്.
♦️ നിലവിലെ സാഹചര്യത്തിൽ ഏറ്റവും അടിയന്തിരമായി ചെയ്യേണ്ട കാര്യം കൂടുതൽ ടെസ്റ്റുകൾ നടത്തുക എന്നുള്ളതാണ്. കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന റാപ്പിഡ് ടെസ്റ്റ് അഥവാ ആൻറിബോഡി ടെസ്റ്റുകൾ ഇക്കാര്യം കൂടുതൽ കാര്യക്ഷമമാക്കും എന്ന് തന്നെയാണ് പ്രതീക്ഷ. 45 മിനിറ്റ് മുതൽ 2 മണിക്കൂറുകൾക്കകം നമുക്ക് റിസൾട്ട് തരാൻ ഈ റാപ്പിഡ് ആൻ്റിബോഡി ടെസ്റ്റുകൾക്ക് കഴിയും.
♦️ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം മദ്യത്തിന് അടിമപ്പെട്ടവർക്കു വേണ്ടിവന്നാൽ മദ്യം നൽകാനുള്ള തീരുമാനത്തെ ഇന്ത്യൻ സൈക്ക്യാട്രിക് സൊസൈറ്റി കേരളം ഘടകം പോലുള്ള സംഘടനകൾ അശാസ്ത്രീയമാണ് എന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗവൺമെന്റിലും പ്രൈവറ്റ് മേഖലയിലുമായി സേവനം ചെയ്യുന്ന 600 ഓളം മനോരോഗവിദഗ്ധർ അംഗങ്ങൾ ആയ സംഘടന പറയുന്നത് കേരളം സമൂഹവും, അധികാരികളും ഗൗരവമായി പരിഗണിക്കണം എന്നാണ് ഞങ്ങളുടെയും അപേക്ഷ. ഈ വിഷയത്തിൽ IMA, KGMOA, KGMCTA പോലുള്ള സംഘടനകൾ തങ്ങളുടെ സാങ്കേതിക നിർദ്ദേശങ്ങൾ സർക്കാരിന് മുന്നിൽ വെയ്ക്കണം എന്നും പരിഹാരം കാണണം എന്നും ആഗ്രഹിക്കുന്നു.
♦️ആൽക്കഹോൾ വിത്‌ഡ്രോവൽ പ്രശ്നങ്ങൾക്ക് ചികിത്സയാണു വേണ്ടത്. നിലവിൽ സാമൂഹിക വ്യാപനം നടന്നിട്ടില്ല, രോഗികളുടെ എണ്ണം ആശുപത്രികളിൽ ക്രമാതീതമായി കൂടുന്നതും ഇല്ല. ആയതിനാൽ തന്നെ, മദ്യം കിട്ടാതായി ആദ്യ കുറച്ചു ദിവസങ്ങൾക്കുള്ളിൽ വരുന്ന ഈ പ്രശ്നങ്ങളെ നേരിടാൻ ആരോഗ്യ മേഖലയിലെ മനോരോഗ വിദഗ്ദ്ധർക്ക് സൗകര്യം കിട്ടാനാണ് സാധ്യത. അവരുടെ അഭിപ്രായം സർക്കാർ മുഖവിലയ്ക്ക് എടുക്കും എന്നാണു പ്രതീക്ഷ.
♦️അശ്രാന്ത പരിശ്രമം നടത്തിയ ആരോഗ്യപ്രവർത്തകരും പോലീസുകാരും സന്നദ്ധ സേനാ പ്രവർത്തകരും വലിയ കയ്യടി അർഹിക്കുന്നു. പക്ഷെ നമുക്കിനിയും കാതങ്ങൾ താണ്ടാനുണ്ട്. ഇതൊരു മാരത്തോണാണെന്നും ഒരുപാട് ദൂരം നിൽക്കാതെ ഓടാനുള്ളതാണെന്നും അതിനാൽ തളരാൻ പാടില്ലാന്നുമുള്ള ചിന്ത മനസിലുണ്ടാവണം. അതിനുവേണ്ട പിന്തുണ പൊതു സമൂഹത്തിൽ നിന്നും ഉണ്ടാവണം.
നമുക്കൊരുമിച്ച് നിൽക്കാം. ഒരുമിച്ച് പോരാടാം. We will win ?