31.3.2020 കോവിഡ് 19: Daily review
ഇന്നലെ (30/03/2020)…
ലോകമാകെ നോക്കിയാൽ കേസുകളുടെ എണ്ണം എട്ട് ലക്ഷം അടുക്കുന്നു. ഇറ്റലിയിൽ നിന്നുള്ള സ്റ്റാറ്റിസ്റ്റിക്സ് ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ഒരോ ദിവസവും അയ്യായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം നാലായിരത്തിലേക്ക് താന്നിട്ടുണ്ട്. പരിശോധനകളുടെ എണ്ണത്തിൽ ഉണ്ടായ കുറവല്ല കാരണമെങ്കിൽ നല്ല ലക്ഷണമാണ്. പക്ഷേ വരും ദിവസങ്ങളിലെ കണക്കുകൾ കൂടി മനസ്സിലായെങ്കിൽ മാത്രമേ കൃത്യമായി വിലയിരുത്താൻ സാധിക്കൂ. എങ്കിലും മരണസംഖ്യയിൽ കാര്യമായ വ്യത്യാസമില്ല. ഇന്നലെയും എണ്ണൂറിലധികം മരണങ്ങൾ സംഭവിച്ചു. കേസുകളിൽ ഉണ്ടാകുന്ന കുറവ് മരണസംഖ്യയിൽ പ്രതിഫലിക്കണം എങ്കിൽ കുറച്ചു ദിവസങ്ങൾ വേണ്ടിവരും.
അമേരിക്കയിൽ ഇന്നലെയും ഇരുപതിനായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വൈകാതെ അമേരിക്ക മരണസംഖ്യയിൽ ചൈനയെ പിന്തള്ളും. അമേരിക്കയിൽ കേസുകളുടെ എണ്ണം 1.6 ലക്ഷം കഴിഞ്ഞു. കേസുകളുടെ എണ്ണത്തിൽ സ്പെയിൻ ചൈനയെ മറികടന്നു.
ആയിരം ബെഡ്ഡുകൾ ഉള്ള അമേരിക്കൻ നേവി ഹോസ്പിറ്റൽ ഷിപ്പ് ലോസ് ഏഞ്ചലസ് തുറമുഖത്ത് അടുപ്പിച്ചു. അവിടെ രോഗികളെ ചികിത്സിച്ചു തുടങ്ങി. നെതർലാൻഡ്സ് യൂറോ വിഷൻ കൺസേർട്ട് ഹാൾ 680 ബെഡ്ഡുകൾ ഉള്ള ആശുപത്രിയാക്കി മാറ്റുന്നു. ബ്രസീലിൽ മാരക്കാന അടക്കമുള്ള ധാരാളം സ്റ്റേഡിയങ്ങൾ ആശുപത്രികൾ ആയി മാറ്റുന്നു. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് ന്യൂയോർക്കിൽ 500 ഡോളർ പിഴ ശിക്ഷ ഏർപ്പെടുത്തി. ഓസ്ട്രിയ സൂപ്പർമാർക്കറ്റുകൾക്കുള്ളിൽ പ്രവേശിക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം എന്ന് നിർദ്ദേശിച്ചു. മാസ്ക്കുകൾ സൂപ്പർമാർക്കറ്റിന് പുറത്ത് വിതരണം ചെയ്യും.
ബ്രസീലിയൻ പ്രസിഡൻറ് ബൊൾസൊണാരോ ട്വിറ്ററിൽ പങ്കുവെച്ച തെറ്റിദ്ധാരണാജനകമായ രണ്ട് പോസ്റ്റുകൾ ട്വിറ്റർ തന്നെ നീക്കം ചെയ്തു. സഹായിക്ക് കോവിഡ് പോസിറ്റീവ് റിസൾട്ട് വന്നതിനെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്വാറന്റൈൻ സ്വീകരിച്ചു. പ്രശസ്ത ജാപ്പനീസ് ഹാസ്യ കലാകാരൻ കെൻ ഷിമുറ കോവിഡ് ബാധ മൂലം അന്തരിച്ചു.
ഇന്ത്യയെ സംബന്ധിച്ച് ആശങ്ക വളരെയധികം കൂട്ടുന്ന ദിവസമായിരുന്നു ഇന്നലെ. ഇരുന്നൂറിലധികം രോഗികളാണ് ഇന്നലെ മാത്രം കൊവിഡ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മാത്രമല്ല ഏറ്റവുമധികം മരണങ്ങൾ നടന്ന ദിവസവുമാണ്. ഇതോടെ രോഗികളുടെ ആകെ എണ്ണം 1347 ഉം ആകെ മരണസംഖ്യ 43 ഉം ആയി.
ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന മത ചടങ്ങിൽ പങ്കെടുത്ത ആറു പേർ തെലങ്കാനയിൽ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ധാരാളം പേർ മൂന്നു ദിവസത്തെ ആ മതചടങ്ങിൽ പങ്കെടുത്തിട്ടുണ്ട് എന്നാണ് അറിവ്. നിസാമുദ്ദീൻ ഇന്ത്യയിലെ കോവിഡിൻ്റെ എപ്പിസെൻറർ ആയി മാറിയിട്ടുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഐ സി എം ആർ ൻ്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ 48,482 ടെസ്റ്റുകൾ മാത്രമാണ് ചെയ്തിട്ടുള്ളത്. പലരാജ്യങ്ങളും രണ്ട്-മൂന്ന് ദിവസങ്ങൾ കൊണ്ട് കണ്ടെത്തുന്ന രോഗികളുടെ എണ്ണം തന്നെ ഇതിലധികം ഉണ്ടെന്നുള്ളത് മറക്കരുത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കൂടുന്നതിൻ്റെ തോത് വളരെ കുറവാണെന്ന സർക്കാർ ഏജൻസികൾ ഉൾപ്പെടെയുള്ളവരുടെ വാദങ്ങളോട് ഒട്ടുംതന്നെ യോജിക്കാനാവുന്നില്ല.
കേരളത്തിൽ ഇന്നലെ 32 പുതിയ രോഗികൾ കൂടി വന്നപ്പോൾ ആകെ രോഗികളുടെ എണ്ണം 234 ആയി. നിലവിൽ ചികിത്സയിൽ ഉള്ളവർ 213. 20 പേർക്ക് ഇതിനകം രോഗം ഭേദമായിട്ടുണ്ട്. അതിൽ 93 ഉം 88 ഉം വയസ്സുള്ള പ്രായമായ രണ്ടു പേർ കൂടി രോഗമുക്തി നേടി എന്നുള്ളതാണ് സന്തോഷകരമായ ഒരു വാർത്ത.
മദ്യലഭ്യത ഇല്ലാതായത് മൂലം കേരളത്തിലെ ആശുപത്രികളിൽ ആൾക്കഹോൾ വിഡ്രോവൽ സിൻഡ്രോം, ഡെലീറിയം എന്നിവ ബാധിച്ചെത്തുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. കൃത്യമായി ഡയഗ്നോസ് ചെയ്ത്, ശാസ്ത്രീയമായ ചികിത്സ നൽകാൻ ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന ഡോക്ടർമാർക്ക് സാധിക്കണം. അതിനാണ് ഡോക്ടർ ആയി പരിശീലിക്കാനുള്ള ലൈസൻസ് ലഭിച്ചിരിക്കുന്നത്. ഡെലീരിയം ഒരു രീതിയിലും മിസ്സ് ആവാൻ പാടില്ല. അതൊരു മെഡിക്കൽ എമർജൻസി ആണ് എന്ന് പറഞ്ഞ് മനസ്സിലാക്കാൻ സാധിക്കണം. കൃത്യമായ ചികിത്സയും നിർദ്ദേശിക്കണം. ചികിത്സാ സൗകര്യമില്ലെങ്കിൽ സ്പെഷലിസ്റ്റ് ഡോക്ടറുടെ സഹായം തേടാൻ മടിക്കരുത്. സർട്ടിഫിക്കറ്റ് മാത്രം ആവശ്യപ്പെട്ട് വരുന്നവർ ഉണ്ടാവാം. അവർക്കും ശരിയായ ചികിത്സ നിർദ്ദേശിക്കുക എന്നത് ഡോക്ടറുടെ കടമയാണ്. അവർക്ക് ശാസ്ത്രീയമായ ചികിത്സ നിർദേശിക്കാതിരുന്നാൽ, അത് മെഡിക്കൽ നെഗ്ലിജൻസ് ആയി വിലയിരുത്തപ്പെടും എന്നത് മറക്കരുത്. ഓരോ ജീവനും രക്ഷപ്പെടുത്താൻ നമുക്ക് പരമാവധി ശ്രമിക്കാം.