· 5 മിനിറ്റ് വായന

വയറുവേദനയുടെ നാനാർത്ഥങ്ങൾ

GastroenterologyMedicine

നമ്മുടെ ശരീരത്തിൽ മുറിഞ്ഞാൽ പോലും വേദന അറിയാൻ കഴിയാത്ത അവയവങ്ങളേതൊക്കെയാണെന്നറിയാമോ? അത്തരം ചില സവിശേഷതകളുള്ള രണ്ടു പ്രധാന അവയവങ്ങളാണ് നമ്മുടെ തലച്ചോറും കരളും. ശരീരത്തിലെ മറ്റിടങ്ങളിലെ വേദന തിരിച്ചറിയുന്ന തലച്ചോറിനും വേദനയുടെ കാൽപ്പനിക കാര്യസ്ഥനായ കരളിനും സ്വന്തമായി വേദനിച്ചാലതറിയാനുള്ള കഴിവില്ലത്രേ. വേദനകൾ ചിലപ്പോഴെങ്കിലും അങ്ങനെയാണ്. നിങ്ങൾക്കറിയാമോ, തലവേദന കഴിഞ്ഞാൽ മനുഷ്യനെ ഏറ്റവുമധികം അലട്ടുന്ന ശാരീരികപ്രയാസം വയറുവേദനയാണ്. ചികിത്സിക്കുന്ന ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം പലപ്പോഴും അതുമൊരു തലവേദനയാണ്.

കരളിന്റെ മേൽപ്പറഞ്ഞ സവിശേഷത കാരണം വയറുവേദനയിൽ കാര്യമായ സംഭാവനകൾ നൽകാൻ അതിനാവില്ല. അതുകൊണ്ട് കരളിനെ വിടാം. കരളിനെ വിട്ടാലും വയറിനുള്ളിൽ വേറെ ഒരുപാടു പേരുണ്ടല്ലോ. വയറിനുള്ളിലെ മറ്റവയവങ്ങളെ പറ്റിയും അവയുടെ സ്ഥാനത്തെയും സ്വഭാവത്തെയുമൊക്കെ പറ്റി ശരിയായ അറിവുണ്ടെങ്കിലേ വയറുവേദനയുടെ കാരണത്തെ പറ്റി ഒരേകദേശ ധാരണയെങ്കിലും ഉണ്ടാക്കാൻ നമുക്ക് സാധിക്കൂ.

വയറിനുള്ളിൽ ദഹനവ്യവസ്ഥയുടെ ഭാഗമായ ആമാശയം, ചെറുകുടൽ, വൻകുടൽ, മലാശയം എന്നൊക്കെ പറയുന്ന കുഴൽ രൂപത്തിലുള്ള അവയവങ്ങളും പാൻക്രിയാസ് (ആഗ്നേയഗ്രന്ഥി), പിത്താശയം, പിത്തനാളി തുടങ്ങിയ പ്രധാനസഹായികളും ഉണ്ട്. വയറിനുള്ളിൽ ഇരുവശങ്ങളിലുമായി ഓരോ വൃക്കയും അവയിൽ നിന്നും ഓരോ മൂത്രനാളിയും അതവസാനിക്കുന്നിടത്ത് അടിവയറിൽ മൂത്രസഞ്ചിയുമുണ്ട്. സ്ത്രീകളിലാണെങ്കിൽ അടിവയറിനുള്ളിൽ മധ്യത്തിലായി ഗർഭാശയവും ഇരുവശങ്ങളിലുമായി ഓരോ അണ്ഡാശയവുമുണ്ട്. കൂടാതെ വയറിനുള്ളിലൂടെയാണ് മഹാധമനിയെന്നും മഹാസിരയെന്നും പേരുള്ള ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴലുകൾ കടന്നുപോകുന്നതും. അവയിൽ നിന്നും നിരവധി ശാഖകൾ ഉണ്ടാവുകയും അവയൊക്കെ മേൽപ്പറഞ്ഞ അവയവങ്ങൾക്ക് രക്തമെത്തിക്കുകയും ചെയ്യും. ഈപ്പറഞ്ഞ അവയവങ്ങളിൽ ഏതിന്റെ പ്രശ്നമാണെങ്കിലും രോഗിയുടെ പ്രധാന ബുദ്ധിമുട്ട് വയറുവേദനയായിരിക്കും. ഓരോ അവയവങ്ങളിലും എന്തുമാത്രം രോഗങ്ങൾ ബാധിക്കാമെന്ന് ആലോചിച്ചുനോക്കിയേ. അതുകൊണ്ടുതന്നെ വയറുവേദനയ്ക്കുള്ള കാരണം ചോദിച്ചാൽ നൂറുകണക്കിന് കാര്യങ്ങൾ പറയാനുണ്ടാവും. അവയിൽ വളരെ സാധാരണമായ ചിലതിനെ പറ്റി ചിലകാര്യങ്ങൾ കൂടി പറയാം.

പെട്ടന്നുണ്ടാകുന്ന കഠിനമായ വയറുവേദനയാണ് ( Acute abdominal pain) നമ്മളെയൊക്കെ സംബന്ധിച്ച് പ്രാധാന്യമർഹിക്കുന്ന കാര്യം. അതിൽ പ്രധാനികളായ ചിലരെ ആദ്യം പരിചയപ്പെടുത്താം.

1. അപ്പൻഡിസൈറ്റിസ്
വയറിന്റെ വലതുഭാഗത്ത് താഴെയായി വൻകുടൽ തുടങ്ങുന്ന ഭാഗത്തിന് പറയുന്നത് സീക്കമെന്നാണ്. ഒരു കപ്പുപോലുള്ള സീക്കത്തിൽ നിന്നും പുറത്തേക്ക് ഒരു വിരൽപോലെ തള്ളിനിൽക്കുന്ന അവയവമാണ് അപ്പൻഡിക്സ് (Appendix). മനുഷ്യരിൽ അത്ര സുപ്രധാനമായ ധർമ്മമൊന്നും നിറവേറ്റാനില്ലാത്ത ഈ ഇത്തിരിക്കുഞ്ഞന് ഉണ്ടാവുന്ന അണുബാധയാണ് അപ്പൻഡിസൈറ്റിസ്. ഏതു പ്രായത്തിലുള്ളവർക്കും ലിംഗഭേദമന്യേ അപ്പൻഡിസൈറ്റിസ് വരാമെങ്കിലും ഇതേറ്റവും കൂടുതൽ കാണപ്പെടുന്നത് പത്തിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരിലാണ്. പലപ്പോഴും പൊക്കിളിനു ചുറ്റിലും ചെറിയ വേദനയായി തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ വയറിന്റെ താഴെ വലതുവശത്തായി കഠിനമായ വേദനയായി മാറി, ഛർദ്ദിയും ചെറിയ പനിയോടും കൂടിയാണ് അപ്പൻഡിസൈറ്റിസ് അവതരിക്കാറ്. ചിലപ്പോഴൊക്കെ ഈ അവയവം ഇങ്ങനെ വീക്കം വന്ന് പൊട്ടിപ്പോകാറുമുണ്ട്. നല്ല തോതിൽ അണുബാധയുണ്ടെങ്കിലോ പൊട്ടിയിട്ടുണ്ടെങ്കിലോ എത്രയും വേഗം ശസ്ത്രക്രിയ വഴി അത് നീക്കം ചെയ്യുന്നതാണ് ചികിത്സ. ചെറിയ തോതിലുള്ള അണുബാധയാണെങ്കിൽ മരുന്നിലൂടെ ഭേദമാകാറുണ്ട്.

2. കോളിസിസ്റ്റെറ്റിസ് / പിത്താശയവീക്കം

വയറിന്റെ വലതുഭാഗത്ത് കരളിനു താഴെയായി അതിനോട് ഒട്ടിച്ചേർന്നിരിക്കുന്ന അവയവമാണ് പിത്താശയം അഥവാ ഗാൾ ബ്ലാഡർ. കരളിൽ നിന്നുമുണ്ടാകുന്ന പിത്തത്തെ അഥവാ ബൈലിനെ സാന്ദ്രീകരിച്ച് സൂക്ഷിക്കുക എന്നതാണ് പ്രധാനധർമ്മം. ഇതിനകത്ത് കല്ലുകൾ രൂപപ്പെടുകയോ അണുബാധ ഉണ്ടാകുകയോ ചെയ്യുമ്പോൾ വലതുഭാഗത്ത് മുകളിലായി കഠിനമായ വയറുവേദന അനുഭവപ്പെടാറുണ്ട്. ഇതിനെയാണ് കോളിസിസ്റ്റൈറ്റിസ് എന്ന് പറയുന്നത്. ഛർദ്ദിയും പനിയും ചിലപ്പോൾ മഞ്ഞപ്പിത്തവും ഇതിന്റെ ഭാഗമാണ്. ഒപ്പം പിത്തനാളിക്ക് (Bile duct) കൂടി അണുബാധയുണ്ടായാൽ നില കുറച്ചുകൂടി ഗുരുതരമാകും. കഠിനമായ പനിയും വിറയലും കടുത്ത മഞ്ഞപ്പിത്തവും ശക്തമായ വയറുവേദനയും കൊളാഞ്ചൈറ്റിസ് എന്ന ഈ അസുഖത്തിന്റെ ലക്ഷണമാണ്. മധ്യവയസ്കരായ, ശരീരവണ്ണമുള്ള സ്ത്രീകളിലാണ് കോളിസിസ്റ്റൈറ്റിസ് കൂടുതലായി കാണപ്പെടുന്നതെങ്കിലും ആർക്കും ഏതുപ്രായത്തിലും ഇതുവരാം. ഒരൾട്രാസൗണ്ട് സ്കാൻ വഴി എളുപ്പത്തിൽ രോഗമിതാണെന്നുറപ്പിക്കാം. ആന്റിബയോട്ടിക് നൽകി അണുബാധ കുറഞ്ഞ ശേഷം പിത്തസഞ്ചി ശസ്ത്രക്രിയ വഴി നീക്കം ചെയ്യുന്നതാണ് ഈ രോഗത്തിന്റെ ചികിത്സാവിധി. പിത്തനാളിയിലെ കല്ലോ കൊളാഞ്ചൈറ്റിസോ വന്നാൽ എൻഡോസ്കോപ് ഉപയോഗിച്ചുള്ളതും അല്ലാത്തതുമായ പലതരം ചികിത്സാ രീതികളുമുണ്ട്.

3. പാൻക്രിയാറ്റൈറ്റിസ്

മേൽവയറിന്റെ ഭാഗത്ത് ആമാശയത്തിനടിയിലായി കാണപ്പെടുന്ന അവയവമാണ് പാൻക്രിയാസ് അഥവാ ആഗ്നേയഗ്രന്ഥി. വളരെ ശക്തിയേറിയ ദഹനരസങ്ങൾ ഉത്പാദിപ്പിക്കുകയാണ് പ്രധാനധർമ്മം. വീര്യം കൂടിയതുകൊണ്ടുതന്നെ ഈ ദഹനരസങ്ങൾ കുടലിലെത്തിയാൽ മാത്രം പ്രവർത്തനസജ്ജമാകുന്ന വിധത്തിലാണ് അവിടുത്തെ സംവിധാനം. എന്തെങ്കിലും കാരണം കൊണ്ട് ഇത് പാൻക്രിയാസ് ഗ്രന്ഥിയിൽ വച്ചുതന്നെ പ്രവർത്തിച്ചു തുടങ്ങിയാൽ, അത് ഗ്രന്ഥീകോശങ്ങളെയും നശിപ്പിക്കും. ഇങ്ങനെയുണ്ടാവുന്ന അവസ്ഥയാണ് പാൻക്രിയാറ്റൈറ്റിസ്. പിത്താശയത്തിൽ നിന്നും വരുന്ന കല്ലുകളും മദ്യപാനവുമാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രധാനകാരണങ്ങൾ. രക്തത്തിൽ ട്രൈഗ്ലിസറൈഡ് കൂടുന്നതും ഇതിന്റെ കാരണങ്ങളിലൊന്നാണ്. ഒരിക്കൽ വന്നു കഴിഞ്ഞാൽ വീണ്ടും വരാൻ വളരെ സാധ്യതയുള്ള രോഗമായതിനാൽ മദ്യപാനവും പുകവലിയും പൂർണമായി ഒഴിവാക്കുകയും പിത്താശയക്കല്ല് ചികിത്സിച്ചു മാറ്റുകയുമാണ് ചികിത്സാവിധികൾ. വരാതെ നോക്കുക എന്നതാണ് ചികിത്സിക്കാൻ പ്രയാസമേറിയ ഈ രോഗത്തിന്റെ പ്രധാന പ്രതിരോധ പ്രവർത്തനങ്ങൾ.

4. മൂത്രത്തിലെ കല്ല്.
വളരെ സാധാരണമായതും ഒരിക്കൽ വന്നാൽ മറക്കാൻ പറ്റാത്തതുമായ ഒരസുഖമാണിത്. വയറിന്റെ ഒരു വശത്ത് അത്രയ്ക്കും കഠിനമായ വേദനയായിട്ടായിരിക്കും ഇതു വരുന്നത്. മൂത്രത്തിലെ കല്ലെന്ന് പറയുമ്പോൾ അത് മൂത്രം കടന്നുപോകുന്ന വഴിയിലെവിടെ വേണമെങ്കിലും വരാം. വൃക്കയിലോ യൂറീറ്ററിലോ മൂത്രസഞ്ചിയിലോ മൂത്രനാളിയിലോ ആകാമത്. കല്ലിരിക്കുന്ന സ്ഥാനത്തിനനുസരിച്ച് വേദന അനുഭവപ്പെടുന്ന സ്ഥലങ്ങളും മാറും. അൾട്രാസൗണ്ടോ സിറ്റി സ്കാനോ വഴി കല്ലിന്റെ സ്ഥാനവും വലിപ്പവും കണ്ടെത്താം. 5 മില്ലിമീറ്ററിൽ താഴെയുള്ള കല്ലുകൾ ധാരാളം വെള്ളം കുടിച്ചാൽ തന്നെ മൂത്രത്തിലൂടെ പുറത്തുപോകും. വലിയ കല്ലുകൾക്ക് ചികിത്സ വേണ്ടി വരും. വെള്ളം ധാരാളം കുടിക്കുകയാണ്, പ്രത്യേകിച്ചും വരണ്ട കാലാവസ്ഥയിൽ ജീവിക്കുന്നവർ, പ്രധാന പ്രതിരോധമാർഗം.

5. പെപ്റ്റിക് അൾസർ ഡിസീസ്
ഗ്യാസ്ട്രബിൾ, അൾസറിന്റെ അസുഖം എന്നൊക്കെ നമ്മൾ സാധാരണയായി പറയുന്ന ചെറിയ വേദനയോ എരിച്ചിലോ ആയി അനുഭവപ്പെടാറുള്ള ഈ രോഗം ചിലപ്പോഴൊക്കെ പെട്ടന്നുള്ള കഠിനമായ വേദനയായി നമ്മളെ കുഴപ്പത്തിലാക്കാറുണ്ട്. ഇങ്ങനെയുള്ളവരിൽ അൾസറുള്ള ഭാഗത്ത് ദ്വാരം വീഴാനും രോഗം ഗുരുതരമാകാനുമുള്ള സാധ്യത വിരളമല്ല. കൃത്യമായി ഭക്ഷണം കഴിക്കാതിരിക്കുക, മദ്യപാനം, പുകവലി ഒക്കെ ഉണ്ടായിരിക്കുക, വേദനസംഹാരികൾ സ്ഥിരമായി കഴിക്കുക ഒക്കെ ഉണ്ടെങ്കിൽ പ്രത്യേകിച്ചും. ഹെലിക്കോബാക്റ്റർ പൈലോറി എന്ന രോഗാണുവും ഈ അസുഖത്തിന്റെ പ്രധാനകാരണക്കാരിൽ ഒരാളാണ്. എരിവും മസാലയും കുറയ്ക്കുകയും കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കുകയും മദ്യപാനവും പുകവലിയും ഒഴിവാക്കുകയും ചെയ്യുന്നതാണ് വരാതെ തടയാനുള്ള മാർഗങ്ങൾ.

6. കുടലിലെ തടസം / ഒട്ടൽ
പ്രത്യേകിച്ചും പ്രായമായവരിൽ വയറുവേദനയും വയർ പെരുക്കവും മലം പോകാൻ തടസവുമുണ്ടെങ്കിൽ അത് കുടലിലെ തടസമാകാനാണ് സാധ്യത. പല കാരണങ്ങൾ കൊണ്ടും ഇതുവരാമെങ്കിലും പ്രധാനകാരണങ്ങൾ കുടലിലെ മുഴകൾ, കുടലിനെ ബാധിക്കുന്ന ക്ഷയരോഗം, ഹെർണിയ ഒക്കെയാണ്. മുമ്പ് വയറ്റിൽ ഏതെങ്കിലും ശസ്ത്രക്രിയ ചെയ്തിട്ടുള്ളവരിൽ കുടലുകൾ പരസ്പരം ഒട്ടിപ്പിടിക്കുന്നതും ഇതുപോലെ കുടലിൽ തടസമുണ്ടാക്കാറുണ്ട്. എത്രയും പെട്ടെന്ന് രോഗനിർണയം നടത്തുകയും ചികിത്സിക്കുകയും ചെയ്യേണ്ടതിക്കാര്യത്തിൽ വളരെ അത്യാവശ്യവുമാണ്.

സ്ത്രീകളിൽ മാത്രം
മേൽപ്പറഞ്ഞവയെല്ലാം തന്നെ സ്ത്രീകളിലും സർവ്വസാധാരണമാണെങ്കിലും സ്ത്രീകളിൽ മാത്രം പെട്ടന്നുള്ള കഠിനമായ വയറുവേദനയുണ്ടാക്കുന്ന കാരണങ്ങളിൽ ചിലതുകൂടി പറയാം. ആർത്തവസമയത്തുള്ള വേദന (Dysmenorrhea) സാധാരണമാണെന്ന് നമുക്കറിയാം. അണ്ഡാശയത്തിലുണ്ടാകുന്ന മുഴകൾ സ്വയം പിണഞ്ഞുപോകുകയോ (Twisted ovarian cyst), പൊട്ടുകയോ (Rupture), അതിലേക്ക് രക്തസ്രാവമുണ്ടാവുകയോ (Haemorrhage) ചെയ്യുന്നതും ഒട്ടും വിരളമല്ല. അണ്ഡവാഹിനിക്കുഴലിലെ ഗർഭധാരണവും (Ectopic pregnancy) അതിന്റെ പൊട്ടലും വളരെ ഗുരുതരമായ അവസ്ഥയാണ്. ഇവയെല്ലാം തന്നെ അസഹ്യമായ വേദനയായിരിക്കും രോഗിക്ക് സമ്മാനിക്കുക.
* *
മേൽപ്പറഞ്ഞവയെല്ലാം പെട്ടന്നുണ്ടാകുന്ന കഠിനമായ വേദനയുടെ കാരണങ്ങളിൽ ചിലതാണ്. അതുപോലെ പെപ്റ്റിക് അൾസർ, ഹയാറ്റസ് ഹെർണിയ, ക്രോണിക് പാൻക്രിയാറ്റൈറ്റിസ്, അൾസറേറ്റീവ് കൊളൈറ്റിസ്, ക്രോൺസ് ഡിസീസ്, വയറിനുളളിലെ ക്ഷയം, ചില കാൻസറുകൾ തുടങ്ങിയവയൊക്കെ ദീർഘനാളായി ഉള്ളതും എന്നാൽ അത്ര കഠിനമല്ലാത്തതുമായ വയറുവേദനയുടെ കാരണമാകാം. ഒപ്പം വയറിനുള്ളിലെ മഹാധമനിയുടെ ഭാഗത്ത് വീക്കമോ പെട്ടലോ (Aneurysm/Rupture) ഉണ്ടെങ്കിലും മൂത്രത്തിലെ അണുബാധയും ഇങ്ങനെ വയറുവേദനയായി വരാറുണ്ട്. കുടലിലേക്കുള്ള രക്തക്കുഴലിനുണ്ടാവുന്ന അടവുകളും (Mesenteric ischemia) ഇതേ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. വേദനയ്ക്കൊപ്പമുള്ള മറ്റു ലക്ഷണങ്ങളിൽ നിന്നും പലപ്പോഴും ഡോക്ടർക്ക് എളുപ്പത്തിൽ രോഗനിർണയം നടത്താവുന്നതുമാണ്.

വയറിന്റേതല്ലാത്ത കാരണങ്ങളാലും ചിലപ്പോഴൊക്കെ വയറുവേദന വരാറുണ്ട്. അതിൽ പ്രധാനിയാണ് ഹൃദയാഘാതം. ഹൃദയത്തിന്റെ താഴ്ഭിത്തിയിൽ വരുന്ന ഹൃദയാഘാതം ചിലപ്പോൾ വയറുവേദനയായി മാത്രം അനുഭവപ്പെടാറുണ്ട്. അതുകൊണ്ടു തന്നെ പ്രായമുള്ളവരിൽ വരുന്ന വയറുവേദനയുടെ ചികിത്സയുടെ ഭാഗമായി ഈ.സി. ജി ടെസ്റ്റ് കൂടി ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. അതുപോലെ വയറിനു പുറത്തെ മസിലുകൾക്കുണ്ടാകുന്ന ക്ഷതവും പൊക്കിളിലും തൊലിപ്പുറത്തുമുണ്ടാവുന്ന അണുബാധയുമൊക്കെ വയറുവേദനയായി അനുഭവപ്പെടാറുണ്ട്. പുരുഷന്മാരിൽ വൃഷണത്തിന്റെ തിരിച്ചിലും (Torsion testes ) ചിലപ്പോഴൊക്കെ വയറുവേദനയായി വരാറുണ്ട്. മാനസികമായ അസ്വസ്ഥതകളും ചിലരിൽ വയറുവേദനയുടെ രൂപത്തിൽ വരാറുണ്ട്. അമിതമായ ഉത്കണ്ഠയും വിഷാദവുമൊക്കെയാണ് ചില കാരണങ്ങൾ.

ശ്രദ്ധിക്കേണ്ടത്:
വയറുവേദനയോടൊപ്പം ഛര്‍ദ്ദി, വിയര്‍പ്പ്, അമിതക്ഷീണം, തലകറക്കം, മലബന്ധം, പനി, രക്തസ്രാവം മുതലായവയിലെന്തെങ്കിലും ഉണ്ടെങ്കില്‍ അത് അതീവ പ്രാധാന്യമര്‍ഹിക്കുന്നു. സ്ഥിരമായ തൂക്കക്കുറവ്, ശരീരശോഷണം, വിശപ്പില്ലായ്മ ഇവയൊക്കെയുണ്ടെങ്കിലും വയറുവേദനയ്ക്ക് പ്രാധാന്യം കൊടുക്കണം. വേദന ചെറിയതോതിലേ ഉള്ളെങ്കിൽ പോലും എത്രയും വേഗം കാരണം കണ്ടെത്തി ചികിത്സിക്കണം. ആദ്യമേ പറഞ്ഞല്ലോ, നൂറോളം കാരണങ്ങൾ കൊണ്ട് വയറുവേദന വരാം. അതുകൊണ്ട് സ്വയം ചികിത്സിക്കാൻ നിൽക്കാതെ ഡോക്ടറെ കണ്ട് പരിശോധിപ്പിച്ച്, രോഗനിർണയം നടത്തി വേണം ചികിത്സിക്കാൻ.

ലേഖകർ
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ