· 6 മിനിറ്റ് വായന

Adult Vaccines: കതിരിലും വയ്ക്കാം വളം

Immunisationപൊതുജനാരോഗ്യം

‘മുതിർന്നവർക്കുമുണ്ട് പ്രതിരോധകുത്തിവെപ്പുകൾ’

ലോകമാകെ, സാംക്രമികരോഗങ്ങൾ അരങ്ങൊഴിയുകയും, ജീവിതശൈലീരോഗങ്ങൾ രംഗം കയ്യടക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. നാല് പതിറ്റാണ്ടുകൾ മുമ്പ് വരെ, ഇവിടെ വസൂരി മരണഭീതി പരത്തിയിരുന്നുവെന്നും, ഏതാനും വർഷങ്ങൾ മുമ്പ് വരെ പോളിയോ തളർത്തിയ കാലുകളുമായി ഒരു പാട് കുട്ടികൾ നമ്മുടെയൊക്കെ കൂടെയുണ്ടായിരുന്നു എന്നതും, പുതുതലമുറയ്ക്ക് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടായിരിക്കും. പ്രതിരോധ കുത്തിവെപ്പുകളുടെ വിജയഗാഥകൾ പലതും നമ്മൾ ആഘോഷിക്കുമ്പോഴും, കുത്തിവെപ്പുകളൊക്കെ കുട്ടികൾക്ക് മാത്രമുള്ളതാണെന്നാണ് ഇപ്പോഴും നമ്മുടെ പൊതുധാരണ. ഈ കാലഘട്ടത്തിലും , പ്രസക്തമായ, നമ്മൾ ശ്രദ്ധിക്കാത്ത മറ്റൊരു കണക്കുണ്ട്. പ്രായമേറിയവരുടെ മരണത്തിൽ ഇരുപത്തഞ്ചു ശതമാനത്തോളം, നേരിട്ടോ അല്ലാതെയോ, ഇപ്പോഴും സാംക്രമിക രോഗങ്ങൾ കൊണ്ട് തന്നെയാണ്.

• എന്ത് കൊണ്ട് മുതിർന്നവർക്കും പ്രതിരോധ കുത്തിവെപ്പുകൾ?

1 കുറഞ്ഞു വരുന്ന പ്രതിരോധം :-
വേണ്ട സമയത്ത് എല്ലാ പ്രതിരോധ കുത്തിവെപ്പുകളും എടുത്ത ആളുകളിലെ പ്രതിരോധം, വർഷങ്ങൾ കഴിയുമ്പോൾ കുറേശ്ശെ ആയി കുറഞ്ഞു വന്നേക്കാം.

“ഇതെന്തു കൊണ്ട്? ഇങ്ങനെ ഒരു സാധ്യതയെ കുറിച്ച് മുൻപ് പറഞ്ഞു കേട്ടിട്ടില്ലലോ?”

കുട്ടിക്കാലത്തു പ്രതിരോധ കുത്തിവെപ്പുകൾ എടുത്തു കഴിഞ്ഞവരിൽ, പ്രതിരോധം കാലങ്ങളോളം നിലനിൽക്കുന്നതിനു കാരണം, ചുറ്റുപാടിലുള്ള ആ രോഗാണുവിന്റെ സാന്നിധ്യമാണ്. നമ്മൾ അറിയാതെ നമ്മുടെ പ്രതിരോധ വ്യവസ്ഥയെ അവ ഉത്തേജിപ്പിച്ചു കൊണ്ടേയിരിക്കും. എൺപതുകളുടെ അവസാനമായപ്പോഴേക്കും, പകർച്ചവ്യാധികളിൽ പലതും ഇവിടെ തീരെ ഇല്ലാത്ത അവസ്ഥയായി. അത് കൊണ്ട് തന്നെ പല രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധശേഷി മുതിർന്നവരിൽ കാലക്രമേണ കുറഞ്ഞു വന്നിരിക്കുന്നു.

ഉദാഹരണത്തിന് ഡിഫ്ത്തീരിയ കേസുകൾ വർഷത്തിൽ നാലോ അഞ്ചോ എണ്ണം മാത്രം ആയിരുന്നു തൊണ്ണൂറ്റി ഒൻപതിന് ശേഷം രണ്ടായിരത്തി പതിനഞ്ചു വരെ. രണ്ടായിരത്തി പതിനഞ്ചിൽ മലപ്പുറത്ത് വീണ്ടും തലപൊക്കിയതിനു ശേഷം ഇങ്ങോട്ടുണ്ടായ ഡിഫ്ത്തീരിയ കേസുകളിൽ നല്ലൊരു ശതമാനവും പതിനെട്ടു വയസ്സിനു മുകളിൽ ഉള്ളവരിൽ ആയിരുന്നുവെന്നതെന്നത് ശ്രദ്ധിക്കണം. അതിൽ പലരും ചെറുപ്പകാലത്തെ കുത്തിവെപ്പ് എടുത്തവരും.

‘എയ്ജ് ഷിഫ്റ്റ്’ (age shift) എന്ന ഈ പ്രതിഭാസം പല രോഗങ്ങളിലും കാണാം. കൗമാരക്കാരിലും യുവാക്കളിലും കൂടിക്കൂടിവരുന്ന അഞ്ചാംപനിയും ചിക്കൻപോക്‌സും വില്ലൻചുമയും ഇത് ശരി വെയ്ക്കുന്നു.

2. വാക്സിനുകളുടെ പ്രത്യേകത മൂലം- പ്രതിരോധ കുത്തിവെപ്പുകളിൽ ചിലതിൽ (ഉദാ:ഡിഫ്ത്തീരിയ, വില്ലൻചുമ ) പ്രതിരോധം ഏതാണ്ട് ആറോ ഏഴോ വർഷം കഴിയുമ്പോൾ കുറഞ്ഞു വരും. ചുറ്റുപാടും ഈ രോഗാണുക്കളുടെ സാന്നിദ്ധ്യം തീരെ ഇല്ലാതെ ആവുമ്പോഴാണിത്. ജീവനില്ലാത്ത രോഗാണുവിനാൽ നിർമ്മിതമായ (Killed vaccines and toxoids) വാക്സിനുകൾ ഉപയോഗിക്കുമ്പോൾ ഇതിനു സാധ്യത കൂടും. എന്നാൽ ദുർബലമാക്കിയ ജീവനുള്ള രോഗാണുവിൽ നിന്നുള്ള (Live attenuated) വാക്സിനുകൾ ഉപയോഗിക്കുമ്പോൾ, പ്രതിരോധം കൂടുതൽ നാളുകൾ നിലനിൽക്കും. ഉദാഹരണത്തിന് അഞ്ചാം പനി, റൂബെല്ല തുടങ്ങിയവ.

3. ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം കൂടുന്നു- അൻപത് വർഷങ്ങൾക്ക് മുൻപ് ശരാശരി ആയുർദൈർഘ്യം അൻപത് വയസ്സായിരുന്നെങ്കിൽ , ഇന്നത് എഴുപത്തി അഞ്ചാണ്. അറുപതുവയസ്സിനു മേൽ പ്രായമുള്ളവരുടെ പ്രാതിനിധ്യം ഇന്ന് പതിനാലു ശതമാനത്തോളമാണ്. പ്രായമായവരിൽ കൂടി വരുന്ന പകർച്ചേതര വ്യാധികളായ പ്രമേഹം, വിവിധ അർബുദങ്ങൾ, കിഡ്‌നി രോഗങ്ങൾ എന്നിവയോടൊപ്പം പകർച്ച വ്യാധികൾ കൂടി ഉണ്ടാവുമ്പോൾ, മരണ നിരക്ക് കൂടുന്നു.

4. തിരക്കുള്ള പുതിയ ജീവിതശൈലി, ആഹാരത്തിലൂടെ പകരുന്ന പല അസുഖങ്ങളുടെയും എണ്ണം പണ്ടത്തേതിനേക്കാൾ ഈ പ്രായത്തിൽ ഉള്ളവരിൽ കൂടാൻ കാരണമാവുന്നു. ഉദാഹരണത്തിന് ഭക്ഷണത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം (Hepatitis A ,Hepatitis E) , ടൈഫോയ്ഡ് എന്നിവ.

5.പകർച്ച വ്യാധികളുടെ പുതിയ മുഖങ്ങൾ, പഴയവരുടെ രീതി മാറ്റം. വിദ്യാഭ്യാസ സംബന്ധമായും ജോലിസംബന്ധമായും രാജ്യത്തിനകത്തും പുറത്തേക്കുമുള്ള യാത്രകൾ എന്നിവയൊക്കെ, മുതിർന്നവരിലും രോഗസാധ്യത വർദ്ധിപ്പിക്കുന്നു.

6. മുതിർന്നവരും കുട്ടികളെ പോലെതന്നെ ഹെർഡ് ഇമ്മ്യൂണിറ്റിയുടെ ഭാഗമാണ്. നല്ലൊരു ശതമാനം മുതിർന്നവരിലും പ്രതിരോധ ശക്തിയുണ്ടെങ്കിൽ, പകർച്ചവ്യാധികളിൽ നിന്ന്, ഈ കൂട്ടായ പ്രതിരോധം, സമൂഹത്തിനും സംരക്ഷണം നൽകും.

പ്രായമുള്ളവരിൽ പ്രതിരോധ കുത്തിവെപ്പുകൾ എങ്ങനെ ?

കുട്ടികളിൽ പ്രതിരോധ പട്ടിക തയ്യാറാക്കുമ്പോൾ പതിനഞ്ചു വയസ്സിനു താഴെ ഉള്ളവർക്കെല്ലാം പാകമാവുന്ന ഒരൊറ്റ പട്ടിക മാത്രമേ വേണ്ടൂ. എന്നാൽ പ്രായപൂർത്തിയായവർക്കു കൊടുക്കേണ്ട പ്രതിരോധ കുത്തിവെപ്പുകൾ സാഹചര്യമനുസരിച്ചു വ്യത്യസ്തമായിരിക്കും. എല്ലാവർക്കും പാകമാവുന്ന രീതിയിൽ ഒരു പട്ടിക ശരിയാവില്ല.

അവിടെ കണക്കിലെടുക്കേണ്ട പ്രധാന ഘടകങ്ങൾ ഇവയാണ്

1. പ്രായം.
• പതിനഞ്ചു വയസ്സ് മുതൽ അമ്പതോ അറുപതോ വയസ്സ് വരെ

• അറുപതു വയസ്സിനു മേലെ.

2.നേരത്തെ കിട്ടിയ പ്രതിരോധ കുത്തിവെപ്പുകൾ.
നേരത്തെ എടുക്കേണ്ട കുത്തിവെപ്പുകൾ ഏതൊക്കെ എടുത്തു എന്നും, അവസാനം എടുത്ത കുത്തിവെപ്പ് എപ്പോഴെന്നും കണക്കിലെടുത്താണ് മുതിർന്നവരിൽ ചെയ്യേണ്ട കുത്തിവെപ്പുകൾ ഏതു രീതിയിൽ എന്ന് തീരുമാനിക്കുന്നത്.

?ഡിഫ്ത്തീരിയക്കെതിരെ മുഴുവൻ പ്രതിരോധ കുത്തിവെപ്പുകളും എടുത്ത ഒരാൾ അവസാനമായി ഡിഫ്ത്തീരിയക്കെതിരെ കുത്തിവെപ്പ് കിട്ടുന്നത് അഞ്ചു വയസ്സിൽ ആണ്. ഏതാണ്ട് പന്ത്രണ്ടു വയസ്സ് ആവുമ്പോഴേക്കും പ്രതിരോധം കുറഞ്ഞിരിക്കും.
അങ്ങെയുളവർക്ക് ഒരൊറ്റ ഡോസ് Td (റ്റീഡി) വാക്സിൻ മതിയാവും, അത് ഓരോ പത്തു വർഷം കൂടുമ്പോഴും വേണം. Td വാക്സിനിൽ ഡിഫ്തീരിയയോടൊപ്പം, ടെറ്റനസിനെതിരെയുമുള്ള ടോക്‌സോയ്ഡ് കൂടി അടങ്ങിയിട്ടുണ്ട്. Tdap വാക്സിൻ ലഭ്യമാണെങ്കിൽ അതാണ് കൂടുതൽ ഉത്തമം, അതിൽ വില്ലൻചുമയ്ക്ക് (whooping cough) കൂടിയുള്ള സംരക്ഷണം ഉണ്ടാവും.

?നേരത്തെ ഒരു കുത്തിവെപ്പും എടുക്കാത്ത ഒരാളാണെങ്കിൽ, ഒരൊറ്റ ഡോസ് മതിയാവില്ല. ഇടവിട്ട് Td അല്ലെങ്കിൽ Tdap വാക്സിനുകളുടെ മൂന്നു കുത്തിവെപ്പുകൾ വേണ്ടിവരും. രണ്ടാമത്തെ ഡോസ് ആദ്യഡോസിന് ശേഷം ഒരു മാസത്തെയും, മൂന്നാം ഡോസ് 6 മാസത്തെയും ഇടവേളകളിൽ (0,1,6).

?എം.എം.ആർ – മുൻപ് അഞ്ചാം പനിയ്ക്കെതിരെയുള്ള വാക്സിൻ എടുക്കാത്തവർക്ക് ഒരു ഡോസ് MMR വാക്സിൻ എടുക്കാവുന്നതാണ്. ഇതിൽ റൂബെല്ലയ്ക്ക് കൂടിയുള്ള സംരക്ഷണം ഉണ്ടാവും.
?റൂബെല്ല – ജർമൻ മീസിൽസ് എന്നറിയപ്പെടുന്ന ഈ രോഗം, ഒരു സാധാരണ പനിപോലെ വന്നു പോകുന്ന നിരുപദ്രവകാരിയാണ്. പക്ഷേ ഗർഭിണികളിൽ ഇത് വന്നാൽ, ഗർഭസ്ഥ ശിശുവിന് ഗുരുതര അംഗഭംഗങ്ങൾ ഉണ്ടായേക്കാം. ഇതിനെതിരെയുള്ള കുത്തിവെപ്പുകൾ എടുക്കാത്തവർ, പ്രത്യേകിച്ചും സ്ത്രീകളും കൗമാരദശയിലുള്ള പെൺകുട്ടികളും ഇത് എടുക്കേണ്ടതാണ്. ലൈവ് വാക്സിൻ ആയതുകൊണ്ട് തന്നെ, വാക്സിന് എടുത്തതിനു ശേഷമുള്ള മൂന്നു മാസത്തിൽ ഗർഭിണിയാവാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
?ചിക്കൻപോക്സ് വാക്സിൻ – ചിക്കൻ പോക്‌സ് മുൻപ് വന്നിട്ടില്ലാത്തവർക്ക്, ഈ ലൈവ് വാക്സിന് എടുക്കാവുന്നതാണ്. മുതിർന്നവരിൽ, 4 -8 ആഴ്ചകൾ ഇടവിട്ടുള്ള രണ്ടു ഡോസുകൾ ദീർഘകാലത്തേക്ക് സംരക്ഷണം നൽകും. റൂബെല്ലയെ പോലെ തന്നെ, ഗർഭിണികളിലെ ചിക്കൻപോക്‌സ് ഗർഭസ്ഥ ശിശുവിന് സങ്കീർണ്ണതകൾ ഉണ്ടാക്കാം. അതിനാൽ ഈ വാക്സിനും ഏറെ പ്രസക്തിയുണ്ട്.

3.ഓരോരുത്തരുടെ ജീവിത സാഹചര്യങ്ങൾ, തൊഴിൽ, ദേശീയ അന്തർദേശീയ യാത്രകൾ എന്നിവയ്ക്കസരിച്ചുള്ളവ-

A) ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകർന്നു കിട്ടാൻ സാധ്യതയുള്ളവർ :-

?ഹെപ്പറ്റെറ്റിസ് എ – ഇതിനെതിരെ രണ്ട് തരം വാക്സിനുകൾ ലഭ്യമാണ്. ആദ്യ ഡോസും, 6 മാസത്തിനു ശേഷം ഒരു ബൂസ്റ്റർ ഡോസ് കൂടി വേണ്ട വാക്‌സിനാണ് (killed vaccine) സാധാരണ നൽകാറുള്ളത്. ഇത് ദീർഘകാലത്തേക്ക് സംരക്ഷണം ഉറപ്പാക്കുന്നു.

?ടൈഫോയിഡ് വാക്സിൻ- ഒരു ഡോസ് കൊണ്ട് തന്നെ ദീർഘകാലത്തേക്ക് സംരക്ഷണം ലഭിക്കുന്ന കോൺജുഗേറ്റ് വാക്സിനുകൾ ഇപ്പോൾ ലഭ്യമാണ്. അല്ലെങ്കിൽ മൂന്നു വർഷത്തിൽ ഒരിക്കൽ എടുക്കേണ്ടുന്ന തരം വാക്സിനുകളും ഉണ്ട്.

B) പ്രാദേശിക രോഗങ്ങൾ :- ജപ്പാൻ ജ്വരം കൂടുതലായി കാണുന്ന പ്രദേശങ്ങളിൽ ഇതിനെതിരെയുള്ള കുത്തിവെപ്പുകൾ മുതിർന്നവർക്കും എടുക്കാവുന്നതാണ്.

C) വിദേശയാത്രകൾ ചെയ്യുമ്പോൾ ചില പ്രതിരോധകുത്തിവെപ്പുകൾ നിർബന്ധമായി നിഷ്‌കർഷിക്കുന്നുണ്ട്.

?ആഫ്രിക്കൻ രാജ്യങ്ങളിൽ പോവുന്നവർ നിർബന്ധമായും യെല്ലോഫീവർ (പീതജ്വര) വാക്സിൻ എടുത്തിരിക്കണം. യാത്രാനുമതി ലഭിക്കണമെങ്കിൽ ഇതെടുത്തു എന്ന സർട്ടിഫിക്കറ്റ് നൽകേണ്ടി വരും. കേരളത്തിൽ അംഗീകൃതമായി ഇത് നൽകുന്നത് കൊച്ചി വിമാത്താവളത്തിലും, കൊച്ചി പോർട്ട് ആശുപത്രിയിലുമാണ്. പത്ത്‌ വർഷത്തോളമാണ് ഈ സർട്ടിഫിക്കറ്റിന്റെ കാലാവധി.

?പോളിയോ വാക്സിനുകൾ എടുത്തതിന്റെ രേഖകൾ ഗൾഫ്‌ രാജ്യങ്ങൾ പോലുള്ള ചിലയിടങ്ങളിലേക്ക് യാത്ര ചെയ്യാൻ നിർബന്ധമായും ആവശ്യപ്പെടാറുണ്ട്. യാത്രയ്ക്ക് നാല് ആഴ്ചകൾക്ക് മുൻപെങ്കിലും ഇത് എടുക്കേണ്ടതുണ്ട്

?മെനിഞ്ചോകോക്കൽ വാക്സിനും, മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ ബെൽറ്റിലേക്ക് യാത്ര ചെയ്യുന്നവർ എടുക്കുന്നത് നല്ലതാണ്.

?ഇവയ്ക്ക് പുറമെ, മുൻപ് പറഞ്ഞ ജലജന്യരോഗങ്ങൾക്കെതിരെയുള്ള കുത്തിവെപ്പുകളും, ഇൻഫ്ലുവൻസ വാക്സിനുകളും എടുക്കുന്നതാണ് ഉത്തമം.

5. അർബുദങ്ങൾ തടയാൻ സഹായിക്കുന്ന വാക്സിനുകൾ – കാൻസറിലേക്ക് നയിക്കാവുന്ന ചില അണുബാധകൾ തടയാൻ വാക്സിനുകൾ സഹായിക്കും.
?ഹെപ്പറ്റെറ്റിസ് ബി വൈറസ് കരളിന്റെ കാൻസറിന്‌ കാരണമായേക്കാം. ശൈശവത്തിൽ ഈ വാക്സിനുകൾ എടുക്കാത്തവർക്ക്, മൂന്നു ഡോസുകൾ പിന്നീട് എടുക്കാവുന്നതാണ് (0, 1, 6 മാസങ്ങളിൽ). രക്തത്തിലൂടെയും മറ്റ് സ്രവങ്ങളിലൂടെയും പകരുന്ന ഈ മഞ്ഞപ്പിത്തം ഫലപ്രദമായി തടയാൻ ഇത് കൊണ്ട് സാധിക്കും.

?എച്ച്.പി.വി (HPV) വാക്സിനുകൾ – ഗർഭാശയമുഖ അർബുദത്തിന്റെ കാരണങ്ങളിലൊന്നായ ഹ്യൂമൻ പാപിലോമ വൈറസുകൾക്കെതിരെയാണ് ഈ വാക്‌സിൻ സംരക്ഷണം നൽകുന്നത്. ലൈംഗികമായി ആക്റ്റീവ് ആയ എൺപതു ശതമാനത്തോളം പുരുഷന്മാരിലും സ്ത്രീകളിലും ഈ വൈറസ് അണുബാധയുണ്ടെന്നാണ് ചില പഠനങ്ങൾ കാണിക്കുന്നത്. ലൈംഗികമായി ആക്ടിവാവുന്നതിനു മുൻപ് നൽകുന്നതാണ് ഉത്തമം.

6.മറ്റസുഖങ്ങൾ, പ്രമേഹം ,കരൾ രോഗങ്ങൾ ,കിഡ്നിയുടെ തകരാറുകൾ, വിവിധതരം കാൻസറുകൾ എന്നിവയിലെല്ലാം പകർച്ച വ്യാധികൾ ഗൗരവം കൂടിയ രീതിയിൽ ആവാനിടയുണ്ട്. ഇവർക്ക്
• ചിക്കൻപോക്സ്
• ന്യൂമോകോക്കൽ വാക്സിൻ ,
• എച്ച് ഇൻഫ്ലുൻസ ,
• മെനിഞ്ചോകോക്കൽ വാക്സിൻ എന്നിവ എടുത്തിരിക്കുന്നത് നല്ലതാണ്.

?മുതിർന്ന പൗരൻമാർ കരുതിയിരിക്കുക, അൻപതാവുന്നതിനു തൊട്ടു മുൻപേ തന്നെ എടുക്കാവുന്നവ:-

1.ഇൻഫ്ലുൻസ വാക്സിൻ.
നമ്മൾ ഫ്ലൂ എന്ന് പറയുന്ന ഈ വൈറസ്, പ്രായമുള്ളവരിൽ പലപ്പോഴും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഓരോ കൊല്ലവും ഇതിന്റെ രോഗാണു മാറിക്കൊണ്ടേ ഇരിക്കും. ഓരോ വർഷവും ഓരോ വേഷത്തിൽ ആവും ഈ വൈറസ് എത്തുന്നത്. അത് കൊണ്ട് തന്നെ ഇതിനെതിരെ ഉള്ള വാക്സിൻ ഓരോ വർഷവും വേണം

2 ന്യുമോകോക്കൽ വാക്സിൻ.
പ്രായമുള്ളവരിൽ ഏറെ മരണകാരണം ആയ ന്യുമോണിയ പലപ്പോഴും ‘ന്യുമോകോക്കസ്’ എന്ന രോഗാണു ബാധ കൊണ്ടാണ്. അത് തടയാൻ രണ്ടു തരം വാക്സിനുകൾ ഉണ്ട്. അറുപത്തി അഞ്ചു വയസ്സിനു താഴെ ഉള്ളവർക്ക് ഈ വാക്സിനുകളിൽ ഒരു തരം മാത്രം എടുത്താൽ മതിയാവും (പോളിസാക്കറൈഡ് വാക്സിൻ). അറുപത്തി അഞ്ചിന് മേലെ ഉള്ളവർ ഈ വാക്സിനും ഒപ്പം ‘കോൻജുഗേറ്റ് വാക്സിൻ’ എന്ന രണ്ടാമത്തെ വാക്സിനും കൂടി എടുക്കണം. ഇപ്രായക്കാർക്കു രണ്ടു വാക്സിനും ഓരോ ഡോസ് എങ്കിലും എടുത്തിരിക്കണം.

3 ഹെർപിസ് സോസ്റ്റർ വാക്സിൻ
ഞരമ്പുപൊട്ടി എന്നു ചിലയിടങ്ങളിൽ അറിയപ്പെടുന്ന ഹെർപിസ് സോസ്റ്റർ, പ്രായമവരിൽ മാസങ്ങളോളം നീണ്ടു നിൽക്കുന്ന വേദനാജനകമായ അവസ്‌ഥയാണ്‌. ഇതിനെതിരെ ‘റീകോമ്പിനന്റ്’ എന്നതരം വാക്സിനാണ് കൂടുതൽ നല്ലത്. അമ്പതു വയസ്സിനു മേലെ ഉള്ളവർക്ക് രണ്ട് ഡോസ് എടുക്കാം .ലൈവ് വാക്സിൻ ഒരു ഡോസ് മതി എന്നുള്ളിടത്തു ഇത് രണ്ട് ഡോസ് വേണ്ടി വരും.

4 ഹീമോഫിലസ് ഇൻഫ്ലുൻസ വാക്സിൻ, മെനിഞ്ചോകോക്കൽ വാക്സിൻ എന്നിവയും എടുക്കുന്നത് നന്നാവും.

?ആരോഗ്യപ്രവർത്തകർ മറന്നുപോവുന്നവ:-

ആരോഗ്യപ്രവർത്തകർ, രോഗം പകർന്നു കിട്ടാൻ സാധ്യത കൂടുതൽ ഉള്ളവരായത്‌ കൊണ്ടുതന്നെ, താഴെ പറയുന്ന വാക്സിനുകൾ എടുത്തിട്ടില്ലെങ്കിൽ എടുക്കേണ്ടതാണ്.
1. ഹെപ്പറ്റെറ്റിസ് B
2. ചിക്കൻ പോക്‌സ് (വാരിസെല്ല)
3. എം.എം.ആർ (MMR)
4. TdaP /Td
5. ഇൻഫ്ലുവൻസ

പടിഞ്ഞാറൻ രാജ്യങ്ങളിൽ, പ്രായമുള്ളവരിലെ പ്രതിരോധരീതികളെ കുറിച്ചുള്ള മാർഗരേഖകൾ നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയിൽ രണ്ടായിരത്തി എട്ടിൽ തന്നെ, ഈ വിഷയത്തിലെ വിദഗ്ധസംഘം മാർഗരേഖകൾ തയ്യാറാക്കിയിട്ടുണ്ടെങ്കിലും, അത് ഇതുവരെ നടപ്പിലായിട്ടില്ല.

സുരക്ഷിതമായ കുടിവെള്ളവും ഭക്ഷണവും, പൊതു ശുചിത്വവും, ശരിയായ മാലിന്യസംസ്കരണവും നടപ്പിലാക്കാതെ പ്രതിരോധ കുത്തിവെപ്പുകൾ മാത്രം നൽകി രോഗങ്ങളെ നേരിടാം എന്ന് വിചാരിക്കുന്നത് പൂർണ്ണമായും ശരിയല്ലെങ്കിൽ കൂടി, ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ പൊതു സംവിധാനങ്ങൾ ഉയർന്ന നിലവാരത്തിലെത്താൻ സമയമെടുക്കുമെന്നത് ഒരു യാഥാർഥ്യമാണ്. മുതിർന്നവരിലെ പ്രതിരോധ കുത്തിവെപ്പുകൾ, രോഗങ്ങളിൽനിന്നും വ്യക്തിഗത സുരക്ഷ നൽകുന്നതോടൊപ്പം, ഹെർഡ് ഇമ്മ്യുണിറ്റി വഴി സമൂഹത്തിനും സുരക്ഷ നൽകുന്നു. രോഗങ്ങൾ ഏതു തന്നെയായാലും, ജീവഹാനിയുണ്ടാവാൻ സാധ്യത കുറവുള്ള രോഗങ്ങളാണെങ്കിൽ പോലും, പ്രതിരോധിക്കാൻ സാധിച്ചാൽ, അനാവശ്യ ചികിത്സാ ചിലവ്, തൊഴിൽ/പഠനദിന നഷ്ടങ്ങൾ എന്നിവ ഒഴിവാക്കുവാനും, ആത്യന്തികമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും പൊതു ജീവിതനിലവാരത്തെയും ഗണ്യമായി ഉയർത്താനുമാവും.

This article is shared under CC-BY-SA 4.0 license.

ലേഖകർ
Purushothaman is now working as Professor of pediatrics government medical college Thrissur, Kerala. He was born in Kannur, did MBBS in Kozhikkode Medical college and Post graduation in Kozhikkode and Thiruvanathapuram Medical Colleges. His areas of interest are teaching and treating kids.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ