കേരളത്തിൽ വീണ്ടും കോളറ മരണങ്ങൾ
കേരളത്തിൽ വീണ്ടും അങ്ങിങ്ങായി കോളറ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് പത്രങ്ങളിലൊക്കെ വായിച്ചിരിക്കുമല്ലോ.
പത്തനം തിട്ടയിൽ, അത് കഴിഞ്ഞു കോഴിക്കോടും. സമാനമായ കേസുകൾ മലപ്പുറത്ത് നിന്നും ഉണ്ടായി. ഏറെ പ്രധാനപ്പെട്ട സംഗതി ഈ മൂന്നു സ്ഥലത്തും ഇതര സംസ്ഥാന തൊഴിലാളികളിലാണ് അസുഖം സ്ഥിരീകരിച്ചിരിക്കുന്നത്. അതിലൊരാൾ മരണപ്പെട്ടു.
പരിസര ശുചിത്വക്കുറവും ശുദ്ധജല സ്രോതസ്സുകളുടെ മലിനീകരണവും പൊതുവെ കൂടി വരുന്നു എന്നതിനോടൊപ്പം ആശങ്ക ഉയർത്തുന്ന മറ്റൊരു കാര്യം ഉണ്ട്. ഇതര-സംസ്ഥാന തൊഴിലാളികളുടെ വർധിച്ച എണ്ണവും, ഇവർക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും അസുഖം പടരാൻ സാധ്യത നൽകുന്നതാണ്. ചേരികൾക്ക് സമാനമായ, അസൗകര്യങ്ങൾ നിറഞ്ഞ ആവാസസ്ഥലങ്ങളിൽ അവരെ ഒതുക്കി അവരുടെ അദ്ധ്വാനശേഷി ചൂഷണം ചെയ്യുന്ന നമ്മൾ ചിലതൊക്കെ ഓർക്കേണ്ടതുണ്ട്.
അതോടൊപ്പം മനസ്സിലാക്കണം, കോളറ എങ്ങനെ തടയാമെന്നും ചികിൽസിക്കാമെന്നും. അതുകൊണ്ടുതന്നെ കോളറയെ കുറിച്ച് അറിഞ്ഞിരിക്കുന്നതും, പ്രതിരോധ മാർഗ്ഗങ്ങൾ പഠിക്കുന്നതും നല്ലതാണെന്നു തോന്നുന്നു.
അൽപം ചരിത്രം:
ലോകം മുഴുവനുമായി കോളറ ബാധിച്ച് കോടിക്കണക്കിന് പേർ മരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലാണ് ഈ രോഗം ഏറ്റവുമധികം നാശം വിതച്ചിട്ടുള്ളത്. വിഷൂചിക എന്നാണ് ഇന്ത്യയിൽ ഈ രോഗം അറിയപ്പെടുന്നത്. എങ്ങിനെയാണ് ഈ രോഗം വരുന്നത് എന്ന് വ്യക്തമായ ധാരണ മുൻകാലങ്ങളിൽ ഇല്ലായിരുന്നു.
1854 ൽ, ഇംഗ്ലണ്ടിലെ ശാസ്ത്രജ്ഞനായിരുന്ന ജോൺ സ്നോ ആണ് കുടിവെള്ളത്തിൽ മനുഷ്യവിസർജ്യം കലരുന്നതാണ് അവിടെ അന്ന് കോളറ പടർന്നു പിടിക്കാനുണ്ടായ കാരണം എന്ന് തെളിയിച്ചത്. കുടിവെള്ളത്തിനുള്ള പൈപ്പിൽ കക്കൂസ് മാലിന്യം കലരുന്ന സ്ഥലം കണ്ടു പിടിക്കാനും, ആ വെള്ളം കുടിച്ചവർക്ക് മാത്രമാണ് കോളറ ബാധിച്ചത് എന്നു സമർത്ഥിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. മാത്രവുമല്ല, ആ പ്രശ്നം പരിഹരിച്ചതു വഴി രോഗപ്പകർച്ച തടയാനും അദ്ദേഹത്തിനു കഴിഞ്ഞു.
കോളറ രോഗാണുവിനെ കണ്ടു പിടിക്കുന്നതിനും മുമ്പാണ്, “ക്ലിനിക്കൽ എപ്പിഡെമിയോളജി” എന്ന ശാസ്ത്രശാഖയുടെ ഉൽഭവത്തിനു തന്നെ കാരണമായ ഈ കണ്ടുപിടിത്തം/പഠനം നടന്നത്. അതിനു ശേഷമാണ് കോളറ തടയുന്നതിനുള്ള പരിശ്രമങ്ങൾ വിജയിച്ചു തുടങ്ങിയത്. എങ്കിലും, രോഗം ബാധിച്ചതിൽ 50%ൽ അധികം പേർ മരിച്ചു കൊണ്ടിരുന്നു.
കോളറയുടെ ചരിത്രത്തിൽ നമ്മുടെ ഇന്ത്യയുടെ സ്ഥാനം ഒരിക്കലും മറക്കാൻ പറ്റുന്നതല്ല. ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ കോളറ പാൻഡെമിക് (ലോകത്താകമാനം രോഗം പൊട്ടിപ്പുറപ്പെടുന്ന അവസ്ഥ) ആരംഭിച്ചത് നമ്മുടെ സ്വന്തം കൽക്കട്ടയിൽ നിന്നാണ്.
അവിടെ നിന്ന് ഏഷ്യയുടെ പലഭാഗങ്ങളിലേക്കും കോളറ പടർന്നു. ലോകത്തു ഇതുവരെ 7 കോളറ പാൻഡെമിക്കുകൾ ഉണ്ടായിട്ടുണ്ട്. ലോകത്താകമാനം കോടി കണക്കിന് ആളുകളുടെ മരണത്തിനു കോളറ കാരണമായി.
1900 മുതൽ 1920 വരെയുള്ള കാലത്തു ഇന്ത്യയിൽ മാത്രം 8 ദശലക്ഷം ആളുകൾ കോളറ മൂലം മരിച്ചു. ഇന്നും ഓരോ വർഷവും ലോകത്തു ആകമാനം 5 മില്യൺ ആളുകൾക്ക് കോളറ പിടിപെടുന്നുണ്ട്, ഏകദേശം ഒരു ലക്ഷം ആളുകൾ മരിക്കുകയും ചെയ്യുന്നു.
പൊതു ആരോഗ്യരംഗത്തെ ഇത്രയേറെ താറുമാറാക്കിയ കോളറയെ തന്നെ ആധുനിക വൈദ്യശാസ്ത്രം “പൊതുജനാരോഗ്യത്തിന്റെ പിതാവ് “ എന്ന് വിളിച്ചു കോളറയുടെ ചരിത്രം പറഞ്ഞവസാനിപ്പിക്കുന്നതിനു മുൻപ് ഒരുക്കലും മറക്കരുതാത്തൊരു കാര്യം ഉണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടു പിടുത്തം എന്താണെന്നു ചോദിച്ചാൽ ഒരൊറ്റ വാക്കിൽ ഉത്തരം പറയാവുന്ന ഒന്ന്; ORS. ലളിതമായ ചിലവില്ലാത്ത ഒരു കണ്ടുപിടുത്തം കൊണ്ട് കോടിക്കണക്കിനു ജീവനുകൾ ആണ് രക്ഷിക്കാനായത്.
1971-കൽക്കട്ട: ബംഗ്ലാദേശിന്റെ മോചനത്തിലേക്ക് നയിച്ച ഇന്ത്യാ പാകിസ്ഥാൻ യുദ്ധത്തെ തുടർന്നുള്ള അഭയാർത്ഥി പ്രവാഹം. കൽക്കട്ടയിലെ അതിബൃഹത്തായ അഭയാർത്ഥി ക്യാമ്പുകളിൽ കോളറ പൊട്ടിപ്പുറപ്പെട്ടു. ആയിരക്കണക്കിനു പേർക്ക് രോഗം വന്നു.
അന്നത്തെ ചികിൽസാ രീതി ഞരമ്പിലൂടെ ജലവും ലവണങ്ങളും നൽകുക (IV fluid) എന്നതായിരുന്നു. ഇത്രയേറെ പേർക്ക് കൊടുക്കാൻ വേണ്ട IV fluid, കൊടുക്കാൻ വേണ്ടത്ര നഴ്സുമാർ ഒന്നും ഉണ്ടായിരുന്നില്ല.
ദിലീപ് മഹലാനബിസ് എന്ന ശിശുരോഗ വിദഗ്ധന് പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് മനസ്സിലായില്ല. IV fluid കൊടുക്കാൻ പറ്റാത്തവരെയൊക്കെ ക്യാമ്പിൽ വേറൊരു ഭാഗത്തേക്ക് മാറ്റാൻ നിർദ്ദേശിച്ചു. അവർക്ക് ഉപ്പും പഞ്ചസാരയും ചേർത്ത വെള്ളം കൊടുക്കാൻ ആവശ്യപ്പെട്ടു. അത്ഭുതമെന്നു പറയട്ടെ, IV fluid കൊടുത്തവരിലെ മരണനിരക്കിനെക്കാൾ വളരെ കുറവായിരുന്നു, വെള്ളം കുടിച്ചവരുടെ ഇടയിലെ മരണനിരക്ക്. കൃത്യമായ മോണിറ്ററിംഗ് സൗകര്യമില്ലാതെയും, ശുചിയായ ചുറ്റി പാടിലല്ലാതെയും IV fluid കൊടുക്കുന്നത് സുരക്ഷിതവുമല്ല. ORS എന്ന അത്ഭുത മരുന്നിന്റെ ആവിർഭാവം അങ്ങനെ ആയിരുന്നു.
ലോകത്ത് ഏറ്റവുമധികം ജീവനുകൾ രക്ഷിക്കാൻ കാരണമായത് ORS ആണ് എന്ന് വിലയിരുത്തപ്പെടുന്നു.
എന്താണ് കോളറ ?
വിബ്രിയോ കോളറ എന്ന ഒരു ബാക്റ്റീരിയ ഉണ്ടാകുന്ന കുടലുകളിലെ അണുബാധയാണ് കോളറ. കഞ്ഞിവെള്ളം പോലെ മലം പോകുന്ന വയറിളക്കമാണ് കോളറയുടെ പ്രത്യേകത. ഏതെങ്കിലും പ്രത്യേക ഏരിയയിലോ, ഒരു സംസ്ഥാനം മുഴുവനായോ അല്ലങ്കിൽ പല രാജ്യങ്ങളിലോ അണുബാധ ഉണ്ടാവാം. രോഗാണുക്കൾ ഉള്ള വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് അസുഖം പകരുന്നത്. അസുഖമുള്ളവരുടെ മലത്തിലൂടെ പുറത്തുവരുന്ന ബാക്ടീരിയ വീണ്ടും ജലശ്രോതസുകളെ മലിനമാക്കും. ചെറിയ വയറിളക്കം മുതൽ കേവലം മണിക്കൂറുകൾക്കുള്ളിൽ മരണം വരെ സംഭവിക്കാവുന്ന അത്ര ഗുരുതരമായും രോഗം വരാം.
ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും അകത്തെത്തുന്ന ബാക്റ്റീരിയക്ക് പെറ്റുപെരുകാൻ കുറെയധികം തടസങ്ങൾ തരണം ചെയ്യേണ്ടതുണ്ട്. ആമാശയത്തിലെ അമ്ലത്വമാണ് ഇതിൽ പ്രധാനം. ആസിഡ് ബാക്റ്റീരിയയെ നിർജ്ജീവമാക്കും, അതുകൊണ്ടു വളരെയധികം അണുക്കൾ ഉണ്ടെങ്കിൽ മാത്രമേ അണുബാധ ഉണ്ടാക്കാൻ സാധിക്കൂ.
ഈ തടസങ്ങളൊക്കെ മറികടന്നു ചെറുകുടലിൽ എത്തുന്ന ബാക്റ്റീരിയ അവിടെ പെരുകുകയും, ഒരു “വിഷം “ പുറത്തേക്കു വമിപ്പിക്കുകയും ചെയ്യും. ഈ വിഷം കുടലിന്റെ ഭിത്തിയിലെ കോശങ്ങളിൽ പറ്റിപിടിച്ചിരിക്കും. ഇതിന്റെ പ്രവത്തനഫലമായി കുടലിലേക്കു കോശങ്ങളിൽ നിന്ന് ജലാംശം നഷ്ടപ്പെടും. ഇതാണ് വെള്ളം പോലെ മലം പോകാൻ കാരണം.
എങ്ങനെയാണു കോളറ പടരുന്നത് ?
കോളറ അണുക്കൾ ഉള്ള മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് അണുക്കൾ ശരീരത്തിൽ എത്തുന്നത്.
ജല സ്രോതസുകളിൽ എങ്ങനെയൊക്കെ അണുക്കൾ എത്തും ?
കക്കൂസുകളിലല്ലാതെ തുറന്ന സ്ഥലത്തുള്ള മല വിസർജ്ജനം,
ശുദ്ധമല്ലാത്ത ജലസ്രോതസുകൾ
ശുദ്ധമല്ലാത്ത ജലവിതരണ സംവിധാനം
രോഗാണുക്കൾ എങ്ങനെ ശരീരത്തിൽ കിടക്കും ?
- മലിനമായ വെള്ളം ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും ഉപയോഗിക്കുമ്പോൾ (തിളപ്പിച്ചാൽ വെള്ളത്തിന്റെ “ജീവൻ ’’ നഷ്ടപ്പെടുമെന്ന കള്ളത്തരം പറഞ്ഞു പരത്തുന്ന വിദ്വാൻമാരുള്ള നാടാണ് നമ്മുടേത്)
- വൃത്തിയായി പാചകം ചെയ്യാത്ത ഭക്ഷണത്തിലൂടെ
- മൂടി വെക്കാത്ത ഭക്ഷണവും വെള്ളവും
- കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നത് വഴി
- പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകാതെ ഉപയോഗിക്കുമ്പോൾ (നാമുപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളും ഏതൊക്കെ സാഹചര്യങ്ങളിൽ നിന്ന് വരുന്നു എന്ന് നമുക്കൊരു പിടിയുമില്ലല്ലോ) സമൂഹസദ്യകളിൽ ക്ഷണിച്ചു വരുത്തിയവർക്ക് നാം നൽകുന്നത് പച്ച വെള്ളത്തിലുണ്ടാക്കിയ “Welcome drink” ഉം കഴുകാത്ത പഴങ്ങളും പച്ചക്കറികളും മുറിച്ചിട്ട ” Salad” കളും ആണല്ലോ !!!
എന്തൊക്കെയാണ് കോളറയുടെ ലക്ഷണങ്ങൾ ?
- ഒഴിച്ചിൽ /അതിസാരം /ലൂസ് മോഷൻ
രോഗാണുക്കൾ ഉള്ളിൽ കടന്നാൽ 24-48 മണിക്കൂറുകൾക്കകം ലക്ഷണം കണ്ടു തുടങ്ങും. കോളറ ഉള്ളവരിൽ ആദ്യം ഉണ്ടാകുന്ന ലക്ഷണം അതിസാരമാണ്. വേദനയില്ലാത്ത, വെള്ളം പോലെ പോകുന്നതിൽ മലത്തിന്റെ അംശം കുറവെങ്കിലും വെള്ളത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. കഞ്ഞിവെള്ളം പോലെയിരിക്കുന്ന കോളറയിലെ മലത്തിന് rice water stoolsഎന്നാണ് വിളിക്കുന്നത്.
- ഛർദ്ദി – ഛർദ്ദി ആദ്യമേ തന്നെ ഉണ്ടാകണമെന്നില്ല. സാധാരണയായി വയറിളക്കം തുടങ്ങിയതിനു ശേഷമാണു ഛർദ്ദി തുടങ്ങുക.
- നിർജ്ജലീകരണം – കോളറയുടെ ഏറ്റവും ഗുരുതരമായ ലക്ഷണമാണ് നിർജ്ജലീകരണം. അതിസാരവും ഛർദ്ദിയും മൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതാണ് നിർജ്ജലീകരണത്തിനു കാരണം. മറ്റു വയറിളക്കങ്ങളുമായി താരതമ്യപ്പെടുത്തി നോക്കിയാൽ മണിക്കൂറുകൾക്കുള്ളിൽ കോളറ ബാധിതരിൽ നിർജ്ജലീകരണം ഉണ്ടാകും.
കുറച്ചു ജലാംശം നഷ്ടപ്പെടുമ്പോൾ തന്നെ, അമിതമായ ദാഹം കണ്ടു തുടങ്ങും. വീണ്ടും ജലാംശം നഷ്ടപെടുന്നതനുസരിച്ചു ക്ഷീണം, തലകറക്കം, നെഞ്ചിടിപ്പ്, നാവും തൊലിയും വരളുക എന്നീ ലക്ഷണങ്ങൾ ഉണ്ടാവും. 10 ശതമാനത്തിൽ കൂടുതൽ ശരീരഭാരത്തിൽ കുറവുണ്ടായാൽ ഏറെ ഗുരുതര അവസ്ഥയായി. ഓർമ്മക്കുറവ്, ബോധക്ഷയം, കണ്ണുകൾ കുഴിയുക, മൂത്രത്തിന്റെ അളവ് കുറയുക എന്നീ ലക്ഷണങ്ങൾ ഉണ്ടാവാം.
കോളറ എങ്ങനെ തിരിച്ചറിയും ?
കോളറ അസുഖത്തിന് സാധ്യതയുള്ള മേഖലയിൽ ഉണ്ടാകുന്ന വെള്ളംപോലെ ഉള്ള അതിസാരത്തെ കോളറയായി കണക്കാക്കി ചികിത്സ ആരംഭിക്കാം. പ്രത്യേക സാഹിചര്യങ്ങളിൽ മാത്രമേ മലത്തിൽ നിന്ന് രോഗാണുവിനെ വേർതിരിച്ചു അസുഖം സ്ഥിരീകരിക്കേണ്ട ആവശ്യമുള്ളൂ.
ചികിത്സ എങ്ങനെ ?
ഏതൊരു വയറിളക്കത്തിന്റെയും ഏറ്റവും പ്രധാന ചികിത്സ ഫ്ലൂയിഡ് തെറാപ്പിയാണ്. ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ജലാംശം തിരിച്ചു കൊടുക്കുന്നതിനാണ് ഫ്ലൂയിഡ് തെറാപ്പി /റീഹൈഡ്രേഷൻ എന്ന് പറയുന്നത്. കോളറയുടെ ഏറ്റവും പ്രധാന ചികിത്സയും ഇത് തന്നെയാണ്.
സാധരണയായി ലോകാരോഗ്യ സംഘടനാ നിർദ്ദേശിച്ചിട്ടുള്ള ORS (oral rehydration salt) ആണ് ഉപയോഗിക്കുക. പ്രത്യേക സാഹിചര്യത്തിൽ iv ഡ്രിപ്പുകളും ഉപയോഗിക്കാം.
ചികിത്സ നിശ്ചയിക്കുന്നതിനായി കോളറ ബാധിച്ചവരെ മൂന്നു ഗ്രൂപ്പുകളായി തിരിക്കാറുണ്ട്.
കോളറയിൽ നഷ്ടപ്പെടുന്ന ജലാംശത്തോടൊപ്പം പതിവിലും കൂടുതൽ സോഡിയവും, പൊട്ടാസിയവും ബൈക്കാർബണേറ്റ് ലവണവും നഷ്ട്ടപ്പെടുന്നുണ്ട് എന്നത് ഓർക്കണം. ORS കണ്ടു പിടിച്ച നാളുകളിൽ ഇന്ന് ഉപയോഗിക്കുന്ന ഓ ആർ എസ്സിൽ ഉള്ളതിനേക്കാൾ ഇത്തിരി കൂടുതൽ സോഡിയവും ഗ്ലൂക്കോസും അടങ്ങിയിരുന്നു. കാരണം അന്ന് കോളറ ആയിരുന്നു സാധാരണ വയറിളക്കത്തേക്കാൾ നമ്മൾ അഭിമുഖീകരിച്ചിരുന്ന വലിയ വിപത്ത്.
- നോ ഡീഹൈഡ്രേഷൻ /നിർജ്ജലീകരണം ഇല്ലാത്തവർ എന്നാൽ കോളറ സംശയിക്കുന്നു:
എങ്കിൽ ,നിർജ്ജലീകരണത്തിന്റെ ലക്ഷണം ഇല്ലാത്തവർ ആണെങ്കിൽ പോലും ആശുപത്രിയിൽ ഡോക്ടറുടെ നിരീക്ഷണത്തിൽ ഇരിക്കുന്നതാവും നല്ലത്. (സാധാരണ വയറിളക്കം ആണെങ്കിൽ ഇത്തരം അവസരങ്ങളിൽ admit ചെയ്യാറില്ല. ഓ ആർ എസ് കൊടുത്തു ഉപദേശം നൽകി വീട്ടിലേക്കു വിടുകയാണ് ചെയ്യാറ്). കൂടെ മുലപ്പാൽ നൽകുന്ന കുട്ടിയാണെങ്കിൽ മുലപ്പാൽ കൃത്യമായും നൽകണം. വീട്ടിൽ ലഭ്യമായ മറ്റു പാനീയങ്ങൾ (കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം) ഒക്കെ നൽകാം. ഛർദ്ദി കുറഞ്ഞാൽ സാധരണ ഭക്ഷണങ്ങൾ ഒക്കെ നൽകാം. ഭക്ഷണവും മുലപ്പാലും നൽകാതെ ഇരിക്കരുത്.
മറ്റു പാനീയങ്ങൾ എന്ന് പറയുമ്പോ ഒരു കാര്യം കൊക്കക്കോളയും കട്ടൻചായയും ഫ്രൂട്ട് ജ്യൂസുകളും ഗ്ലൂക്കോസ് മാത്രം കലക്കിയ വെള്ളവും അരുത്.
- മോഡറേറ്റ് ഡീഹൈഡ്രേഷൻ / കുറച്ചു നിർജലീകരണം ഉള്ളവർ:
അസ്വസ്ഥതയും കരച്ചിലും, കുഴിഞ്ഞ കണ്ണുകൾ, വരണ്ട സ്കിൻ, അമിത ദാഹം എന്നിവയാണ് ലക്ഷണങ്ങൾ. സാധാരണ വയറിളക്കമാണെങ്കിൽ ഇവർക്കും ഡോക്ടർമാർ നിർദ്ദേശിക്കുന്നവെങ്കിൽ മാത്രം കിടത്തി ചികിത്സ മതിയാകും. എന്നാൽ കോളറയാണെങ്കിൽ നിർബന്ധമായും admit ആകേണ്ടി വരും.
ORS തന്നെയാണ് പ്രധാന ചികിത്സ. ഒപ്പം മുകളിൽ പറഞ്ഞപോലെ ഭക്ഷണവും മറ്റും കഴിക്കാം. ഗുരുതരമായ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടാവുന്നുണ്ടോ എന്ന് നിരീക്ഷിക്കണം.
- സിവിയർ ഡീഹൈഡ്രേഷൻ /ഗുരുതര നിർജ്ജലീകരണം:
ഓർമ്മക്കുറവ്, കടുത്ത തളർച്ച, ബോധക്ഷയം, വെള്ളം കുടിക്കാൻപോലും സാധിക്കാത്ത അവസ്ഥ എന്നിവയുണ്ടാകാം. തീവ്രപരിചരണം ആവശ്യമുള്ള അവസ്ഥയാണിത്. ജീവൻ തന്നെ നഷ്ടപ്പെടാൻ സാധ്യതയുള്ള അവസ്ഥ. കടുത്ത നിർജ്ജലീകരണം ഉള്ളതുകൊണ്ട് ഇവർക്ക് ആദ്യ മണിക്കൂറുകളിൽ iv drip ആവശ്യമാണ്. മെച്ചപ്പെടുന്ന മുറക്ക് ORS കൊടുത്തു തുടങ്ങാം.
കോളറയിൽ ആന്റിബിയോട്ടിക്‌സ് വേണോ ?
രണ്ടു വയസിൽ കൂടുതലുള്ള,.ഗുരുതരമായ നിർജ്ജലീകരണം ഉള്ളവർക്ക് ആന്റിബിയോട്ടിക്‌സ് നൽകണം. ഇത് അതിസാരം കുറക്കുന്നതിനും റിക്കവറി വേഗത്തിലാക്കാനും സഹായിക്കും. നിർജ്ജലീകരണം ചികിൽസിച്ചതിനു ശേഷം വേണം ആന്റിബിയോട്ടിക് തുടങ്ങാൻ.
കോളറ ഉള്ളവർക്ക് എന്ത് ഭക്ഷണം നൽകും ?
വയറിളക്കമുള്ളവരെ പട്ടിണിക്കിടുക നമ്മുടെ നാട്ടിലെ ഒരു രീതിയാണ്. അതുമല്ലെങ്കിൽ കട്ടൻചായയും റസ്കും കൊടുക്കും. ഛർദ്ദി ഇല്ലെങ്കിൽ തീർച്ചയായും സാധരണ രീതിയിലുള്ള ഭക്ഷണം നൽകണം. കുട്ടികൾക്ക് ഒരിക്കലും മുലപ്പാൽ കൊടുക്കാതെ ഇരിക്കരുത്.
പ്രതിരോധം എങ്ങനെ ?
രോഗം ബാധിച്ചവരെ വേഗത്തിൽ കണ്ടെത്തുകയും കൃത്യമായ ചികിത്സ നൽകുന്നതും വഴി രോഗം പടരുന്നത് തടയാം.
രോഗം എവിടെ നിന്നാണ് ആളുകൾക്ക് കിട്ടിയത് എന്ന് കണ്ടുപിടിക്കണം. ഇത് ആ സ്രോതസിനെ ശുദ്ധീകരിക്കാനും അതുവഴി രോഗം പടരുന്നത് തടയാനും പറ്റും.
കുടിക്കാനുള്ള വെള്ളം ശുദ്ധമായതാരിക്കണം.
തിളപ്പിച്ച് ആറ്റിയ വെളളം കുടിക്കാനായി ഉപയോഗിക്കുക.
ഭക്ഷണ സാധനങ്ങൾ വൃത്തിയായി ഉണ്ടാക്കുകയും അടച്ചു സൂക്ഷിക്കുകയും വേണം.
ജലസ്രോതസുകൾ ശുദ്ധമാക്കാനായി ക്ലോറിനേഷൻ ഉപയോഗിക്കാം.
വെളിമ്പ്രദേശത്തെ മലമൂത്ര വിസർജ്ജനം തടയണം.
വൃത്തിയായ ജീവിത സാഹിചര്യങ്ങളും, കുടിവെള്ളവും എല്ലവർക്കും ഉറപ്പാക്കണം – ഇതര സംസ്ഥാന തൊഴിലാളികളാണെങ്കിൽ പോലും. അവരെ അവഗണിക്കരുത്. ആരോഗ്യം അവരുടെ കൂടി അവകാശമാണ്.